(രചന: J.K)
എനിക്കിനി ജീവിക്കണ്ട ഉമ്മാ “””” നസീബ് അത് പറയുമ്പോൾ ഉമ്മ അവനെ തന്നെ നോക്കിഞാൻ വല്ലോം ചെയ്യും… “””
“”” നസി നീ എന്താ ഈ പറയണത്… എടാ ഓൾ പോയെങ്കിൽ പോട്ടെ അനക്ക് ഞങ്ങൾ ഇല്ലേ?? “”
റാബിയ മകനെ സമാധാനിപ്പിച്ചു… അവരുടെ വാക്കുകൾക്കൊന്നും മകന്റെ ഉള്ളിലെ വികാരവിക്ഷോഭത്തെ തണുപ്പിക്കാൻ ആയില്ല…
അവൻ വീണ്ടും കിടന്നു അലറിവിളിച്ചു ഇനി തനിക്ക് ജീവിക്കേണ്ട എന്നും എന്തെങ്കിലും ചെയ്യാൻ പോവുകയാണ് എന്നും… ഇത്തവണ റാബിയക്കും ഇത്തിരി ദേഷ്യം വന്നു…
അന്നെ പത്തിരുപത് കൊല്ലം പോറ്റാൻ വേണ്ടി മരുഭൂമിയിൽ കഷ്ടപ്പെടുന്ന ആ മനുഷ്യനെകാട്ടിലും, അന്റെ കാര്യം മാത്രം ഓർത്ത് ഉരുകണ എന്നെ കാട്ടിലും വലുത് നിനക്ക് ഓള് ആണെങ്കിൽ ഇയ്യ് പോയി എന്താന്ന് വെച്ചാൽ ചെയ്തോ….
അതും പറഞ്ഞ് കണ്ണുതുടച്ച് റാബിയ അകത്തേക്ക് നടന്നു…പതിനെട്ടാം വയസ്സിൽ വിവാഹം കഴിഞ്ഞ് ഇക്കാക്കയുടെ കൂടെ വന്ന് കയറിയതാണ് ഈ വീടിന്റെ പടി… അന്നുമുതൽ ജീവിക്കുന്നതാണ് ഇവർക്കുവേണ്ടി…
മൂന്നുമാസം തന്റെ കൂടെ ഇക്ക ഇവിടെ ഉണ്ടായിരുന്നു… അത് കഴിഞ്ഞ് വീണ്ടും പ്രവാസത്തിലേക്ക്.. ഇഷ്ടം ഉണ്ടായിട്ട് പോയതല്ല…. പ്രാരാബ്ദം ചെയ്യിക്കുന്നതാണ്…
ഒരു കൊല്ലം കഴിഞ്ഞപ്പോൾ നസീബ് ജനിച്ചു….പിന്നെ അങ്ങോട്ട് എനിക്ക് മാത്രം ഒറ്റപ്പെടലുകൾ ഉണ്ടായിരുന്നില്ല… അവന്റെ കളിയിലും ചിരിയിലും, ഇക്കയുടെ വേർപാട് മറന്നു..
രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ നാട്ടിൽ വരും..അങ്ങനെ വരുമ്പോഴായിരുന്നു ഞങ്ങളുടെ സ്വർഗ്ഗം… ആ വീണുകിട്ടുന്ന നിമിഷത്തിലെ ഓരോ പൊന്നും പൊടി ഓർത്തെടുത്തു പിന്നീടങ്ങോട്ട് ജീവിക്കും….
ഇക്കായുടെ അടുത്ത വരവ് വരെ… നസീബിനു താഴെ വീണ്ടും രണ്ടുപേരുംകൂടി…
ആർക്കും ഒന്നിനും ഒരു കുറവും ഇക്ക വരുത്തിയിരുന്നില്ല.. ഞാൻ എന്തു ചെയ്താലും അത് ഇക്കാക്ക് സ്വീകാര്യമായിരുന്നു… എന്റെ കയ്യിൽ നിന്നും യാതൊരുവിധ പാകപ്പിഴകളും വരില്ല എന്നുള്ള ആ മനസ്സിന്റെ വിശ്വാസം…
നസീബിനോടും മറ്റു കുട്ടികളോടും എല്ലാം ഒരു കൂട്ടുകാരിയെ പോലെ ഞാൻ പെരുമാറി …
അതുകൊണ്ടുതന്നെ അവരുടെ എല്ലാ പ്രശ്നങ്ങളും എന്നോട് ചർച്ച ചെയ്യുക പതിവായിരുന്നു…
അതിനിടയ്ക്കാണ് നസീബ് വന്ന് പറഞ്ഞത് ഉമ്മ എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ടമാണ് എന്ന്…. കേട്ടപ്പോൾ ഉള്ളിലൊരു ഭയം തോന്നിയെങ്കിലും, സമചിത്തതയോടെ ചോദിച്ചു ആരാണ് എന്താണ് എന്നെല്ലാം…
ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടിയാണ്…കാണാനും കൊള്ളാം. അവന്റെ ഫോണിൽ അവൻ ഫോട്ടോ കാണിച്ചു തന്നു..
കൊള്ളാം നിന്റെ യുക്തി പോലെ ചെയ്യ് ഇപ്പോൾ പഠിക്കാനുള്ളതാ അത് വിട്ട് കളിക്കരുത് എന്നുമാത്രം അവനോട് പറഞ്ഞു….
എല്ലാം ഒറ്റയ്ക്ക് ചെയ്ത ശീലം ഉണ്ടെങ്കിലും ചെറിയ ഭയമുണ്ടായിരുന്നു… ഇത്രയും വിശ്വസിച്ച് എല്ലാം എന്നെ ഏൽപ്പിച്ചു പോയ ഇക്ക, നാളെ ഒരു കുറ്റം പറയാൻ ഇടവരരുത് എന്ന് ആത്മാർത്ഥമായി തന്നെ ഞാൻ ആഗ്രഹിച്ചിരുന്നു…
അതുകൊണ്ടുതന്നെ ഒന്നും ഇക്കയെ അറിയിച്ചില്ല.. അവിടുന്ന് എങ്ങനെ പെരുമാറും എന്ന് എനിക്ക് അറിയില്ലായിരുന്നു…
പക്ഷേ അവനോട് അവൻ ചെയ്യുന്നതിന്റെ വരുംവരായ്കകളെ പറ്റി ഒരു ഉമ്മ എന്ന നിലയിൽ ഞാൻ പറഞ്ഞു മനസ്സിലാക്കാൻ പലപ്പോഴും ശ്രമിച്ചിരുന്നു….
ഈ പ്രായത്തിൽ പ്രണയത്തേക്കാൾ പഠനമാണ് കൂടുതൽ പ്രാധാന്യം ഇന്ന് ഞാൻ പലപ്പോഴായി അവന് പറഞ്ഞു കൊടുത്തു…
ചില പ്രായത്തിൽ ആരെന്തുപറഞ്ഞാലും തലയ്ക്ക് അകത്തേക്ക് കയറില്ലല്ലോ….ഇവിടെയും അതുതന്നെ സംഭവിച്ചു…അവൻ സീരിയസ് ആയിരുന്നുഅവളുടെ കാര്യത്തിൽ..
പിന്നീട് എന്തോ ഒരു ചെറിയ കാര്യം പറഞ്ഞ് ആ ബന്ധം ബ്രേക്ക് അപ്പ് ആയി…. അവൻ ആ പെൺകുട്ടിയോട് താണുകേണു പറഞ്ഞെങ്കിലും അവൾ അവനെ വീണ്ടും വിശ്വസിക്കാനോ കൂടെ കൂട്ടാനോ തയ്യാറായില്ല…
അവനോട് അവൾ എന്തൊക്കെയോ അറുത്തുമുറിച്ചു തന്നെ പറഞ്ഞു…നസീബിനു അത് സഹിക്കാൻ കഴിയുന്നതിലും അപ്പുറത്തായിരുന്നു… താങ്ങാൻ കഴിയുന്നതിലും അപ്പുറത്തുള്ള ടെൻഷൻ അവനെ മറ്റൊരാൾ ആക്കി മാറ്റി… അവൻ ആകെ ഭ്രാന്ത് പിടിച്ചത് പോലെ പെരുമാറി….
കളിയില്ല ചിരിയില്ല എപ്പോഴും ആ ത്മഹത്യയെക്കുറിച്ച് മാത്രം ചിന്ത….അത് കാണേ എന്റെ ഉള്ള് നീറി…
ഇതെല്ലാം ഭയപ്പെട്ടാണ് ആദ്യമേ ഞാൻ അവനെ ഇതിൽനിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചത്…പക്ഷേ… അവൻ അന്ന് അതൊന്നും ചെവിക്കൊണ്ടില്ല…
പലപ്പോഴും എന്നെ കെട്ടി പിടിച്ച് ഉറക്കെ കരയും…. ഇനി എന്തിനാ ഉമ്മ ഞാൻ ജീവിക്കുന്നത് എന്നൊക്കെ ചോദിച്ച് …സ്വന്തം മകന്റെ സങ്കടം എത്രത്തോളം കണ്ടു നിൽക്കാനാവും..
അവന് മാക്സിമം സപ്പോർട്ട് നൽകും…പക്ഷേ എന്റെ വാക്കുകളൊന്നും അവന്റെ തലയിൽ കയറുന്നില്ല എന്നോർക്കുമ്പോൾ ഭയങ്കര വിഷമവും തോന്നും….
എപ്പോഴും ചിന്തയാണ് അവന്…എല്ലാം പറഞ്ഞ് അവനെ മനസ്സിലാക്കി ഒരുവിധം എല്ലാം ഒതുങ്ങി എന്ന് കരുതി ഞാൻ ആശ്വസിച്ചു ഇരിക്കുമ്പോഴാണ് അന്ന്,
എന്തോ കുടിച്ച് അവൻ കയറി വന്നത്….താങ്ങാവുന്നതിലും അപ്പുറമായിരുന്നു അത്…ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന ഇക്കായുടെ മുഖമാണ് പെട്ടെന്ന് മനസ്സിലേക്ക് ഓടി വന്നത്….
മക്കളെയും മറ്റെല്ലാം എന്നെ ഏൽപ്പിച്ചു പോയ ഇക്കായുടെ മുഖം…സഹിക്കാൻ കഴിഞ്ഞില്ല…. അവനെ പൊതിരെ തല്ലി…. ആദ്യമായായിരുന്നു ഞാൻ അവനെ അടിക്കുന്നത്….
അവനും അത് താങ്ങാൻ പറ്റിയില്ല അവൻ ഇറങ്ങിപ്പോയി…. പോകുമ്പോൾ പറഞ്ഞിരുന്നു എല്ലാവരെയും ഞാൻ കാട്ടി തരാമെന്ന്….
“””” ഈ എന്നെ കാട്ടിലും നിന്റെ ഉപ്പയെ കാട്ടിലും വലുത് അവളാണെങ്കിൽ നീ എന്ത് ചെയ്താലും എനിക്ക് ഒരു വിഷമവുമില്ല… ഇത് എന്റെ വിധിയാണെന്നു കരുതി ഞാൻ സമാധാനിച്ചു കൊള്ളാം””””
എന്ന് ഞാനും മറുപടി പറഞ്ഞു…എങ്കിലും ഉള്ളിൽ വല്ലാത്തൊരു ഭയം… രാത്രി മുഴുവൻ പ്രാർഥിച്ചിരുന്നു… അവന് ആപത്തൊന്നും വരുത്തല്ലേ എന്ന്… ഒടുവിൽ അവന്റെ കൂട്ടുകാരൻ വിളിച്ചിട്ട് പറഞ്ഞു അവനവന്റെ വീട്ടിലുണ്ടെന്ന്..
അത് കേട്ടപ്പോൾ ഇത്തിരി ആശ്വാസം തോന്നി… പിറ്റേദിവസം അവൻ വീട്ടിലേക്ക് വന്ന് എന്നോട് മാപ്പ് പറഞ്ഞു….
ഇനി ഉമ്മയെ വിഷമിപ്പിക്കുക ഇല്ല എന്ന്…പക്ഷേ ആ കോളേജിൽ ഇനി പോകാൻ പറ്റില്ല എന്നെ മറ്റൊരു കോളേജിലേക്ക് മാറ്റി തരണമെന്ന്….
മനസ്സു മാറി വന്ന അവനു വേണ്ടി എന്തും ചെയ്യാൻ തയ്യാറായിരുന്നു ഞാൻ… അവനെ മറ്റൊരു കോളേജിലേക്ക് ആക്കി എല്ലാം മറന്ന് അവൻ നന്നായി പഠിക്കാൻ തുടങ്ങി…
ഒന്നും ഞാൻ ഇക്കായി അറിയിച്ചിട്ടുണ്ടായിരുന്നില്ല വെറുതെ ആ മനസ്സ് കൂടി വിഷമിപ്പിക്കരുത് എന്ന് കരുതി…..
എല്ലാം ഒന്ന് കേട്ടടങ്ങിയപ്പോഴാണ് ഇക്കയോട് ഞാൻ എല്ലാം തുറന്നു പറയുന്നത്… ഞാൻ ചെയ്തത് ശരിയാണോ തെറ്റാണോ എന്ന് ഞാൻ ഇക്കയോട് ചോദിച്ചു….
അപ്പോഴും അവിടെനിന്ന് ഒരു ചിരിയാണ് കേട്ടത്…””” നീ ചെയ്യുന്നത് ശരിയാണല്ലോ ടി പെണ്ണേ…. കാരണം നിന്റെ ഭാഷ സ്നേഹത്തിന്റെതാണ്….
പ്രവർത്തികളും, സ്നേഹത്തിന്റെ ഭാഷയ്ക്ക് ഒരിക്കലും തെറ്റു പറ്റുകയില്ല….അതാണ് എന്റെ വിശ്വാസവും… ഇത്രയും കൊല്ലം ഞാനിവിടെ സമാധാനത്തോടെ നിന്നത് നിന്റെ കയ്യിൽ എന്റെ കുട്ടികളും വീടും ഭദ്രമാണ് എന്ന് ഉറപ്പ് ഉള്ളതുകൊണ്ടല്ലേ….
നീ എന്ത് ചെയ്താലും അതാണ് ശരി ഞാൻ അതിനൊപ്പം ഉണ്ടാവുകയും ചെയ്യും…. വെറുതെ നീ വിഷമിക്കാതെ… “”””
ഇക്കയുടെ ആ മറുപടി കേട്ട് എന്തോ മിഴിനിറഞ്ഞു തൂവിയിരുന്നു…. മനസ്സുനിറഞ്ഞതുകൊണ്ടാവണം വാക്കുകൾ ഒന്നും പുറത്തേക്ക് വരുന്നില്ലായിരുന്നു….
ഒടുവിൽ ഫോൺ കട്ട് ചെയ്യുമ്പോൾ ഞാൻ നന്ദി പറയുകയായിരുന്നു പടച്ചവനോട് ഇത്രയും മനോഹരമായ ഒരു കുടുംബം നീ എനിക്കായി കരുതി വെച്ച്ചതിൽ…..