(രചന: ശിവപദ്മ)
” അമ്മേ ദേ ഈ ആലോചന എങ്കിലും നടന്നില്ലെങ്കിൽ ഞാനൊരു തീരുമാനമെടുക്കും… കാലം കുറെയായി ഈ ഒരു കാരണം പറഞ്ഞു വരുന്ന ആലോചനയെല്ലാം മുടങ്ങുന്നു… ” മഹേഷ് അമർഷത്തോടെ പറഞ്ഞു… അച്ഛനും അമ്മയും അവനെ നോക്കി ഇരിപ്പുണ്ട്.
” മുൻപ് പറഞ്ഞതിൽ നിന്നും അഞ്ചോ പത്തോ കൂടുതൽ കൊടുക്കാം എന്ന് പറയാം, അങ്ങനെയെങ്കിലും ഇതൊന്ന് നടന്നാൽ മതി… ” അച്ഛനാണ്…
” എന്ത് കൊടുത്താലും വേണ്ടില്ല ഇത് നടക്കണം… എനിക്ക് ഒരു ജീവിതം ഉണ്ട്… തടിച്ചിയായ ഒരു പെങ്ങളുണ്ട്, അവളുടെ വിവാഹം നടക്കാത്തതിൻ്റെ പേരും പറഞ്ഞു ഇനിയും എൻ്റെ ജീവിതം ഇങ്ങനെ ഇട്ട് ഇഴയ്ക്കാൻ എനിക്ക് വയ്യ… ” മഹേഷിൻ്റെ വാക്കുകൾ കടുത്തു.
മയൂരിയുടെ കണ്ണുകൾ നിറഞ്ഞു… “എൻ്റെ തെറ്റെന്താണ്.. ഇങ്ങനെ ജനിച്ചത് എൻ്റെ തെറ്റാണോ… ആദ്യമാദ്യം പുറത്ത് ഉള്ളവരായിരുന്നു ഇപ്പൊ വീട്ടിലുള്ളവരും തുടങ്ങി… ” അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല.
” നീ വിഷമിക്കണ്ട മോനേ ഇത് നടക്കും… അമ്മ കുറേ വഴിപാട് നേർന്നിട്ടുണ്ട്… നീ സമാധാനമായി ആഹാരം കഴിക്ക്.”” അമ്മയുടെ വാക്കുകൾ കൂടി കേട്ടപ്പോൾ സങ്കടം സഹിക്കാൻ കഴിയാതെ വായപൊത്തി കരഞ്ഞ് പോയവൾ..
നാളുകളായി താൻ അവരാരും ടെയും മുന്നിൽ പോകാറില്ല.. തന്നെയും ആരും അന്വേഷിക്കാറില്ല… അച്ഛനും അമ്മയും മഹിയും മാത്രം ഒന്നിച്ചാണ് അത്താഴം… ഞാനെന്നൊരാളെ കുറിച്ച് അവരാരും ഓർക്കാറുകൂടിയില്ല… താനായി തന്നെ അവസാനിപ്പിച്ചതാണ് അത്…
ഒരിക്കൽ എല്ലാവരും ഒന്നിച്ചു ആഹാരം കഴിക്കാൻ ഇരിക്കുമ്പോഴാണ് മഹി എൻ്റെ പാത്രവും അതിലിരുന്ന ആഹാരവും തട്ടിയെറിഞ്ഞത്… ഇരുപത്തിനാല് മണിക്കൂറും മൂക്ക് മുട്ടെ തിന്നിട്ടിണാത്രേ ഞാനിങ്ങനെ ചീർത്ത് വരുന്നതെന്ന്… ഒരു സഹോദരിയോട് പറയാൻ പാടില്ലാത്ത പലതും എന്നവൻ പറഞ്ഞു… അച്ഛനോ അമ്മയോ അവനെ എതിർത്തില്ല. ഞാൻ കാരണമാണത്രേ അവൻ്റെ വിവാഹം നടക്കാത്തത് എന്ന്…
മുൻപും അവൻ ഇത് പോലെ പറഞ്ഞു കളിയാക്കിയിട്ടുണ്ട്. പക്ഷേ അപ്പൊഴൊക്കെ വെറുതെ ചിരിച്ച് വിട്ടു… പിന്നീട് ഒരിക്കലും അവർക്ക് ഒപ്പം ഇരുന്നിട്ടില്ല…
വിവാഹകമ്പോളത്തിൽ തടിയുള്ള പെൺകുട്ടികൾക്ക് തിരെ മാർക്കറ്റ് ഇല്ലന്നെ… അത് കൊണ്ട് തന്നെ എത്രയെത്ര വിവാഹാലോചനകളാണെന്നോ മുടങ്ങിയത്… അൻപതോ അറുപതോ പവനോളം സ്ത്രിധനം കൊടുക്കാം എന്ന ഓഫറ് വരെ കൊടുത്തു… എന്ത് ചെയ്യാം ആർക്കും ഈ തടിച്ചിയെ വേണ്ടന്നെ…
നാളെ ആരൊ വരുന്നുണ്ട്, ഈ വരുന്നവർ എങ്കിലും ഇതിന് സമ്മതിച്ചിരുന്നെങ്കിൽ… വിവാഹം കഴിച്ച് പോകാനുള്ള കൊതി കൊണ്ടല്ല… ഈ അവഗണന സഹിച്ച് മടുത്തു… ഇതിൽ നിന്നും ഒരു രക്ഷപ്പെടൽ അങ്ങനെയേ വിവാഹത്തിനെ കാണുന്നുള്ളു…
രാവിലെ ഒന്ന് ക്ഷേത്രത്തിൽ പോയി.. ഉണ്ണികണ്ണനോടാണ് പരാതിയും പരിഭവവും എല്ലാം… കുറച്ചധികം ദൂരമുണ്ട് അമ്പലത്തിലേക്ക് സ്വന്തമായി സ്കൂട്ടർ ഉണ്ട്… എങ്കിലും ഉപയോഗിക്കുന്നത് വളരെ കുറവാണ്.. കഴിയുന്നത്ര ദൂരം നടക്കാനാണ് വീട്ടിൽ നിന്നും ഉള്ള ഉത്തരവ് . വണ്ണം കുറയ്ക്കാൻ ആണത്രേ…
പുറത്തേക്ക് ഇറങ്ങിയാ അന്നേരം നാട്ടുകാർ തുടങ്ങും.. കാര്യം കുശലാന്വേഷണം എന്നപേരിൽ കുത്തി നോവിക്കുകയാണ് മെയിൻ അജണ്ട…
എൻ്റെ ശരീരം കൊണ്ട് എനിക്ക് ഇല്ലാത്ത പ്രശ്നങ്ങളാണ് കാണുന്നവർക്ക്… തമാശയെന്ന് മട്ടിൽ പറയുന്ന ഓരോന്നും അടുത്ത് നിൽക്കുന്ന ആളുടെ നെഞ്ച് കീറിമുറിക്കുന്നവയാണ് എന്ന് ഇവരൊക്കെ എന്നാണാവോ തിരിച്ചറിയുന്നത്… ഹ്മ്… അങ്ങനെ മറ്റുള്ളവരുടെ മനസ് മനസിലാക്കി സംസാരിക്കാൻ ശീലിച്ചിരുന്നെങ്കിൽ മനുഷ്യകുലം എന്നേ നന്നായേനെ…
തിരികെ വീട്ടിൽ എത്തുമ്പോഴേക്കും നന്നായി വിയർത്തു കുളിച്ചു… ദാഹം തീർക്കാനായി ഫ്രിഡ്ജിൽ നിന്നും കുറച്ചു തണുത്ത വെള്ളം എടുത്തു കുടിച്ചു.. സ്പീഡിൽ നടന്ന് വന്നത് കൊണ്ടാവും കിതപ്പ് ഇനിയും അടങ്ങിയിട്ടില്ല..
” ഹോ. അഞ്ചോ പത്തൊ മിനിറ്റ് നടന്നതിനാണ് ഇങ്ങനെ പട്ടിയെ പോലെ നിന്ന് കിതയ്ക്കുന്നെ… തീറ്റി കുറേക്കൂടി കുറയ്ക്ക്… ” മഹേഷ് അത് പറഞ്ഞ് തീരുമ്പോഴേക്കും എൻ്റെ കൈ അവൻ്റെ കവിളിൽ പതിഞ്ഞിരുന്നു…
അവനും അച്ചനും അമ്മയും പകച്ച് നോക്കുന്നുണ്ട്…
“എടീ നീ… ” അവൻ കൈ മുറുക്കി വരുന്നുണ്ട്
” എൻ്റെ ദേഹത്തെങ്ങാനും തൊട്ടാൽ… നീ എപ്പോഴും കളിയാക്കേം കുറ്റം പറയേ ചെയ്യുന്നത് എല്ലാം കേട്ട് നിൽക്കുമ്പോലെ ചുമ്മാ നിൽക്കില്ല ഞാൻ… അടിച്ച് കരണം പൊളിക്കും… ” സഹിക്കുന്നതിനും അപ്പുറമായപ്പോൾ പ്രതികരിച്ചു പോയി…
” നിനക്ക് എന്ത് അഹമ്മതിയും കാണിക്കാമെന്നായൊ… “‘അച്ഛനാണ്.
” അഛൻ്റെ വായിൽ നാവുണ്ടായിരുന്നല്ലേ ഞാൻ കരുതി എന്നേ കുറ്റപ്പെടുത്താൻ മാത്രമേ അത് ഉയരു എന്ന്… ”
” നീ ആരോടാണ് സംസാരിക്കുന്നത് ഓർമയുണ്ടോ മയൂരി… ”
” എനിക്ക് എല്ലാം നല്ല ഓർമയുണ്ടമ്മ… നിങ്ങളൊക്കെ ഇങ്ങനെ എന്നെ കുറ്റപ്പെടുത്താനും അവഗണീക്കാനും ഞാൻ എന്ത് തെറ്റാണു ചെയ്തത്. ഇങ്ങനെ ആയത് ഞാൻ കാരണമാണൊ. ഓരോ മനുഷ്യനും ഓരോ രീതിയിലാണ് ഉണ്ടാവുക, ഞാൻ ഇങ്ങനെയാണ്, നിങ്ങളിനി എങ്ങനെയൊക്കെ ശ്രമിച്ചാലും അത് മാറാൻ പോകുന്നില്ല. ആയുസ്സിന്റെ കഷ്ടപ്പാടുകൾ എല്ലാം ചേർത്ത് ഞാനെന്ന ബാധ്യതയെ ഒഴിപ്പിച്ചു വിടാൻ വെമ്പി നീൽകുവല്ലേ… നിങ്ങളൊക്കെ ഓരോന്ന് പറയുമ്പോൾ അതൊക്കെ കേട്ട് നിൽക്കുന്ന എനിക്ക് ഒരു മനസുണ്ടെന്ന് നിങ്ങളാരും ഓർക്കാത്തത് എന്താ… ഞാനും ഒരു മനുഷ്യജീവിതന്നെയാണ്.. എല്ലാത്തിനും ഒരു പരിധിയുണ്ട്.. പുറത്തേക്ക് ഇറങ്ങിയാ നാട്ടുകാർ വീട്ടിനകത്ത് നിങ്ങളും… ഞാനെന്താ വേണ്ടത് ചത്ത് കളയണൊ. ഏഹ്… പറയ് ചത്ത് കളയണൊന്ന്… ” ഇത്രകാലം മനസിൽ കൂട്ടി വച്ചതൊക്കെ അണപൊട്ടി ഒഴുകിയ നിമിഷം..
” നിങ്ങളെ പോലെ ഓരോ കാരണങ്ങൾ കൊണ്ട് നാട്ടുകാരുടെ മുന്നിൽ നന്നായി തലയുയർത്തി ജീവിക്കാൻ വേണ്ടി പെൺമക്കളെ ഒരു ബാധ്യതയായി കാണുന്ന അച്ഛനമ്മമാർ ഉള്ളിടത്തോളം കാലം വിസ്മയയും ഉത്തരയും ഒക്കെ ഇനിയും ഉണ്ടാവും…” ഉതിർന്നു വീണ കണ്ണീർ തുള്ളികൾ പുറം കൈ കൊണ്ട് തുടച്ച് മഹിയുടെ അടുത്തേക്ക് ചെന്നു.
” ഈ തടിച്ചിയായ പെങ്ങൾ കാരണം ഇനിയും എൻ്റെ അനിയൻ്റെ ജീവിതം വഴിമുട്ടി നിൽക്കില്ല.. ഇന്ന് വരുന്നത് ആരാണെങ്കിലും അവർക്ക് ഇഷ്ടമായാൽ ഈ വിവാഹം നടക്കും… ഇനി അഥവാ ഇല്ലെങ്കിലും ഞാൻ നിങ്ങൾക്ക് ഒരു ബാധ്യതയായി ഇവിടെ തുടരില്ല… ” അവരോട് പറഞ്ഞു കൊണ്ട് മുറിയിലേക്ക് വരുമ്പോൾ മനസിൽ ആ തീരുമാനം ഞാൻ ഉറപ്പിച്ചിരുന്നു.
പുറത്ത് വണ്ടിയുടെ ശബ്ദം കേൾക്കാം അവർ വന്നിട്ടുണ്ടെന്ന് തോന്നുന്നു… അമ്മ എൻ്റെ മുന്നിൽ നിന്ന് പരുങ്ങുന്നുണ്ട് രാവിലെ പറഞ്ഞതിൻ്റെയാണ്… ഞാൻ അധികം നോക്കാൻ പോയില്ല. ചായയുമായി ഹാളിലേക്ക് നടന്നു.
അച്ഛനും മഹിയും നോക്കി നിൽപ്പുണ്ട്. ആരെയും നോക്കാതെ ചായ ടീപ്പൊയിൽ കൊണ്ട് വച്ച് തിരിച്ചു റൂമിൽ വന്നിരുന്നു…
കൊടുക്കൽ വാങ്ങലുകളെ ചർച്ച ചെയ്തു കച്ചവടം ഉറപ്പിക്കയാവും.. പുറകിൽ ഒരാളനക്കം അറിഞ്ഞാണ് തിരിഞ്ഞ് നോക്കിയത്.
പെണ്ണ് കാണാൻ വന്ന ആളാണ്… അത്യാവശ്യം നല്ല പൊക്കവും വണ്ണവും നിറവും എല്ലാം ഉണ്ട്… ഇയാൾക്ക് എന്നെ ഇഷ്ടപ്പെടുമോ… ഞാൻ ആൾടെ നെഞ്ചൊപ്പമേ വരൂ. ഇതിൻ്റെ കാര്യത്തിലും ഒരു തീരുമാനമായി.
” എൻ്റെ പേരറിയാമോ… ” അയാളാണ്..
” ഇല്ല.. ”
” ഞാൻ വിശാൽ… ചെറിയ ഒരു ബിസിനസ് നടത്തുന്നുണ്ട്… കൂടെ വന്നത് അച്ഛനും അമ്മയും ആണ്… മയൂരീ എന്ത് വരെ പഠിച്ചു… ” പുള്ളി അത് ചോദിച്ചപ്പോഴാണ് ഞാനും ഓർത്തത് ഈ വണ്ണം കാരണം കല്ല്യാണം നീണ്ട് പോയപ്പോൾ ആൾക്കാരുടെ ചോദ്യം ഒഴിവാക്കാനാണ് പഠിക്കാൻ വിട്ടത് അത്കൊണ്ട് പിജി വരെ പോകാൻ പറ്റി.. നാട്ടുകാരുടെ ചോദ്യം കൊണ്ട് ആകെ ഉണ്ടായ ഉപകാരം..
“ഹലോ എവിടെ ആണ് ഞാൻ ചോദിച്ചത് കേട്ടോ..
” ഹാ.. ഞാൻ പിജി കഴിഞ്ഞു…” ആള് ്് മുറിയൊക്കെ നോക്കുന്നുണ്ട്… ഒടുവിൽ എൻ്റെ ബുക്ക് ഷെൽഫിനരികിലേക്ക് നടന്നു. എൻ്റെ ഇഷ്ടപ്പെട്ട ബുക്ക് ആള് കൈയിൽ എടുത്തു… പി കേശവദേവിന്റെ ദീനാമ്മ… എത്രയെത്ര വായിച്ചാലും മതിവരാത്ത ഒരു രചന… പലപ്പോഴും തോന്നിയിട്ടുണ്ട് താനും അത് പോലെ ഒരു ദീനാമ്മയാണെന്ന്… എനിക്ക് വേണ്ടി എഴുതിയതാണ് ആ കഥയെന്ന് പോലും തോന്നിയിരുന്നു… ആ കഥ എന്നെ പഠിപ്പിച്ച ഒരു പാഠം സൗന്ദര്യം അത് കാണുന്നവൻ്റെ കണ്ണിലാണ് എന്നത്…
” ഇയാള് ബുക്ക് ധാരാളം വായിക്കുമല്ലേ.. നല്ലത്… ” ഞാനൊന്നും മിണ്ടിയില്ല. ആള് ബുക്ക് വച്ചിട്ട് എൻ്റടുത്ത് വരുന്നുണ്ട്…
” മയൂരിയെ ഇഷ്ടപ്പെട്ടു… മയൂരിയ്ക്ക് എന്നെ ഇഷ്ടമായൊ… ” എനിക്ക് അത്ഭുതമാണ് തോന്നിയത് എന്നെ ഇഷ്ടപ്പെട്ടൂന്ന്… എനിക്ക് ഇഷ്ടമായോ എന്ന്… ആദ്യമായി കളിയാക്കൽ ഇല്ലാതെ കേട്ടൊരു വാക്ക്…
” ആലോചിക്കാൻ സമയം വേണോ… ”
” ഇല്ല.. ഞാൻ അതല്ല… എനിക്ക്… എന്നോട് ആരും ഇങ്ങനെ… ”
” മനസിലാവും അവഗണിക്കപ്പെട്ടതിൻ്റെ വേദന.. സാരല്ല മയൂന് സമ്മതമാണെന്ന് ഞാൻ പറഞ്ഞോളാം… ” ആൾ പറയുമ്പോൾ ആൾക്ക് എങ്ങനെ ഇതൊക്കെ എന്ന സംശയം ഉണ്ടായിരുന്നു എനിക്ക്.
” എനിക്ക് അറിയാം എല്ലാം… എങനെയാണെന്ന് ചോദിച്ചാൽ എനിക്ക് അറിയാം അത്രമാത്രം അറിഞ്ഞാൽ മതി.. എന്നാൽ ഞാൻ പോട്ടെ.. വേഗം വരാം ഇയാളെ കൊണ്ട് പോകാൻ…
ആള് അത് പറഞ്ഞ് കൊണ്ട് കണ്ണ് ചിമ്മി കാണിച്ചു പുറത്തേക്ക് ഇറങ്ങി പോയി..
ആള് പോയ് കഴിഞ്ഞും എനിക്ക് ഒട്ടും വിശ്വാസം വന്നില്ല… പുറത്ത് അച്ഛൻ്റെയും അമ്മയുടെയും മഹിയുടെയും ഒക്കെ സന്തോഷം നിറഞ്ഞ സംസാരം കേൾക്കാം അപ്പോൾ സത്യാമാണ്…
ദിവസങ്ങൾ എത്ര പെട്ടെന്നാണ് കടന്നു പോയത് ഇന്ന് ഞങ്ങളുടെ വിവാഹമായിരുന്നു… എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ കരഞ്ഞില്ല.. ഒരായുസിൻ്റെ പകുതിയും അവരുടെ വാക്കുകൾക്ക് വേണ്ടി കരഞ്ഞ് തീർത്തതാണ് ഇനിയില്ല…
വിശാലിന്റെ വീട് ഞങളുടെ വീടിനേക്കാളും വലുതായിരുന്നു. അച്ഛനും അമ്മയും വളരെ സ്നേഹമുള്ളവരാണ്. അധികം ആളുകൾ ഒന്നും ഉണ്ടായിരുന്നില്ല… ആരുടെയും മുന്നിൽ ഒരു കാഴ്ച വസ്തുവായി അവർക്ക് കുറ്റം പറയാനായി നിൽക്കണ്ട എന്ന് വിശാലിന്റെ തീരുമാനം ആയിരുന്നു. അത് കൊണ്ട് റിസെപ്ഷനൊന്നും ഉണ്ടായില്ല… ഒരു തരത്തിൽ എനിക്കും അതായിരുന്നു ആശ്വാസം കല്ല്യാണത്തിന് തന്നെ വന്നവരുടെ ഭാവം കാണണമായിരുന്നു. ഇവൾക്കും കല്ല്യാണമൊ എന്ന രീതിയിലാണ്…
വീട്ടിൽ അച്ഛനും അമ്മയും വിശാലും ഞാനും. മറ്റൊരു വീട്ടിലാണ് എന്ന ഒരു തോന്നലും എനിക്ക് അവിടെ ഉണ്ടായിരുന്നില്ല അഛനും അമ്മയും ഒക്കെ ഫ്രണ്ട്ലി ടൈപ്പാണ് അവരോട് വളരെ വേഗത്തിൽ അടുക്കാനുള്ള കാരണവും അവരുടെ ആ വൈബായിരുന്നു.
വീടിന്റെ ഓരോ ഭാഗവും കാണവേ ആയിരുന്നു മുകളിലെ നിലയിൽ ഹാളിലായി ഒരു പെൺകുട്ടിയുടെ വലിയ ഫോട്ടോ മാലയിട്ട് വച്ചിരിക്കുന്നത് കണ്ടത്… കാണാൻ എന്നെ പോലെ തോന്നി എനിക്ക് നല്ല വെളുത്ത തുടുത്ത ഒരു സുന്ദരി കുട്ടി…
” ഇതാരാമ്മേ… ” അമ്മയുടെ മുഖം അൽപം വാടി
” അത് ഞങ്ങളുടെ വിച്ചൂട്ടി… വിശാലിന്റെ കുഞ്ഞനിയത്തിയാണ്… മോളേ പോലെയായിരുന്നു അവളും… ഞങ്ങളുടെ ബബ്ലൂസ്… ഞങളുടെ കൂടെ ഉണ്ടായിരുന്ന സമയം എല്ലാം അവള് ഭയങ്കര ഹാപ്പിയായിരുന്നു… ഞങ്ങൾക്ക് ഉള്ളതെല്ലാം കൊടുത്തു വളരെ സന്തോഷത്തിലാണ് അവളെ വിവാഹം കഴിപ്പിച്ചു വിട്ടത്. ആദ്യമൊക്കെ സന്തോഷകരമായ ജീവിതം ആയിരുന്നു… പതിയെ പതിയെ താളം തെറ്റി തുടങ്ങി… ഒരു വർഷം തികഞ്ഞപ്പോൾ മുതൽ വിശേഷം ഒന്നുമായില്ല എന്ന് പേരും പറഞ്ഞു എൻ്റെ കുഞ്ഞിനെ കുറ്റപ്പെടുത്താനും ഉപദ്രവിക്കാനും ഒക്കെ തുടങ്ങി.. ഞങ്ങളേ വിഷമിപ്പിക്കണ്ട എന്നോർത്ത് അവളത് ഞങ്ങളെ അറിയിച്ചില്ല… വിളിക്കുമ്പോഴൊക്കെ അവൾ സന്തോഷമായിരിക്കുന്നു എന്നവൾ വരുത്തി തീർത്തു… എൻ്റെ കുഞ്ഞിന്റെ വണ്ണം മൂലമാണ് അവർക്ക് കുഞ്ഞുങ്ങൾ ഉണ്ടാകാത്തത് എന്ന് പറഞ്ഞു അവൾ മര്യാദയ്ക്ക് ഭക്ഷണം പോലും കഴിക്കാൻ കൊടുക്കില്ലായിരുന്നു… അവൾക്ക് പണ്ടേ വിശപ്പ് അങ്ങനെ സഹിക്കാൻ പറ്റില്ലാരുന്നു. ഞങ്ങള് മൂവരും അത്രയ്ക്ക് ലാളിച്ചാ അവളെ വളർത്തിയത്…
ഒരു ദിവസം എൻ്റെ കുഞ്ഞ്… അവൾക്ക് അത്ര വിശപ്പ് സഹിക്കാഞ്ഞിട്ട് ആവും ഭക്ഷണം എടുത്തു കഴിച്ചു. അതിന് പൊതിരെ തല്ലി അവൻ കൂട്ടിന് ആ വീട്ടുകാരും. അപ്രതീക്ഷിതമായാ ഞങൾ ആ സമയത്ത് അവിടെ ചെന്നത്… അവളെ തല്ലുന്നത് കണ്ടതും വിശാല് അവനെ ഒരുപാട് തല്ലി… വിച്ചൂട്ടിയെ വീട്ടിലേക്ക് കൊണ്ട് വന്നു… എല്ലാം അറിഞ്ഞപ്പോൾ അവനെയും വീട്ടുകാരേയും വെറുതെ വിടില്ല എന്നത് വിശാലിന്റെ വാശിയായി.. ഡൈവോഴ്സിന് കൊടുത്തു… ഞങ്ങളുടെ മോളെ തകർന്നു പോവാതെ ഞങ്ങൾ ചേർത്ത് പിടിച്ചതാ പക്ഷേ…” ബാക്കി പറയാതെ അമ്മ വിങ്ങി കരഞ്ഞു.
” കരയല്ലേ അമ്മേ…” അമ്മയെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു ഞാൻ
” അന്ന് അവൻ കോടതി മുറിയിൽ എല്ലാവരുടെയും മുന്നിൽ വച്ച്… എൻ്റെ കുഞ്ഞിനെ കഴിവ് കെട്ടവൾ എന്ന് പറഞ്ഞു… അവൾക്ക് ഒരിക്കലും അവന് ഒരു കുഞ്ഞിനെ കൊടുക്കാൻ കഴിയില്ലെന്ന് പറഞ്ഞു… എല്ലാം കേട്ട് മറ്റുള്ളവരുടെ നാണം കെട്ടപ്പോൾ അവിടെ നിന്നും ഇറങ്ങി ഓടിയതാ അവൾ ഒരു വണ്ടീടെ മുന്നിലേക്ക്…” അമ്മ പറയുമ്പോൾ ഞാനും കരഞ്ഞ് പോയിരുന്നു.
” പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ എൻ്റെ മോള് രണ്ട് മാസം ഗർഭിണിയായിരുന്നു… വാക്കുകൾ കൊണ്ട് നോവിക്കാതെ ഇരുന്നിരുന്നെങ്കിൽ എൻ്റെ മോളും കുഞ്ഞും ഇപ്പോഴും ഞങ്ങളോടൊപ്പം ഉണ്ടായേനെ… അവനെ വെറുതെ വിട്ടില്ല വിശാൽ അവനും വീട്ടുകാരും ഇന്നും ജയിലിലാണ്… ” അമ്മ കണ്ണ് തുടച്ചു കൊണ്ട് എന്നെ നോക്കി.
” ആദ്യദിവസം തന്നെ അമ്മ മോളെ ഓരോന്ന് പറഞ്ഞു വിഷമിപ്പിച്ചു അല്ലേ.. ” അല്ലെന്ന് തലയാട്ടി അമ്മയെ കെട്ടിപ്പിടിച്ചു കരഞ്ഞു.
” ആഹാ അമ്മയും മോളും ഇവിടിരിക്കുവാണൊ… ” അച്ഛനും വിശാലുമാണ് ഞങ്ങളെ കണ്ടപ്പോൾ അവർക്ക് എല്ലാം മനസിലായി.
അവരും ഞങ്ങളെ ആശ്വസിപ്പിച്ചു കൊണ്ട് അവരും ഞങ്ങളുടെ കൂടെ ഇരുന്നു..
ജീവിതത്തിലേ സന്തോഷമായ ദിനങ്ങളായിരുന്നു പിന്നീട് അങ്ങോട്ട്… വിശാലിന് എല്ലാം എൻ്റെ ഇഷ്ടങ്ങൾ ആയിരുന്നു… മുൻപ് വണ്ണം കൂടും എന്ന് പറഞ്ഞു ഇഷ്ടപെട്ട ഭക്ഷണങ്ങൾ പോലും മാറ്റി വച്ചിരിന്ന എന്നെ എനിക്ക് ഇഷ്ടമുള്ളത് കഴിക്കാനും ഇഷ്ടമുള്ള വേഷം ധരിക്കാനും എല്ലാം വിശാലും അഛനും അമ്മയും ഒന്നിനൊന്ന് മത്സരമായിരുന്നു… അവരുടെ ആ സന്തോഷത്തിൽ ഞാൻ മനസിലാക്കുകയായിരുന്നു. വിച്ചൂട്ടിയെ അവർ കാണുന്നത് എന്നിലൂടെയാണെന്ന്…