(രചന: നിഹാരിക നീനു)
കാവിൽ ഉത്സവമാണ് ഇന്ന്… തിറയും പൂതനും.. രാവിലെ മുതൽ വീടുകളിൽ, വേഷം കെട്ടി കയറി ഇറങ്ങുന്നുണ്ട്…
തിറയുടേത് പ്രത്യേക രീതിയിൽ ഉള്ള ഒരു തരം കൊട്ടാണ്…. അത് കേട്ടതും അറിയാതെ ആക്ടിവയുടെ ബ്രേക്ക് പിടിച്ചു അനിരുദ്ധൻ…
ചുവട് വച്ചു കളിക്കുന്ന കലാകാരൻമാരിലേക്ക് മിഴികൾ നീണ്ടു…
കളിച്ചു കഴിഞ്ഞതും ആ വീട്ടിലെ സ്ത്രീ ഒരു മുറത്തിൽ നെല്ലും അരിയും അവർക്ക് ഭക്തി പൂർവ്വം സമർപ്പിച്ചു..
അതിൽ നിന്നും ഇത്തിരി എടുത്ത് എറിഞ്ഞ് അവർ നടന്നു നീങ്ങി……
പെട്ടെന്നാണ് അവൾ അയാളുടെ ദൃഷ്ടിയിൽ പെട്ടത്… വില കുറഞ്ഞ ഒരു സാരി ഉടുത്ത്.. പ്രകാശം വറ്റിയ മുഖവും ആയി അവൾ…..
“”‘മാളവിക”””
അനിരുദ്ധൻ വേഗത്തിൽ വണ്ടി സ്റ്റാർട്ട് ചെയ്തു…..
മുന്നോട്ട് നീങ്ങുന്നതിനും മുമ്പ് ഒന്ന് കൂടി അങ്ങോട്ട് നോക്കി… സാരിയുടെ തലപ്പു പുതച്ചു നിൽക്കുന്നവൾ, പഴയ മാളവികയേ അല്ല എന്നയാൾക്ക് തോന്നിപ്പോയി…
വണ്ടിയിൽ മുന്നോട്ട് നീങ്ങുമ്പോൾ ഓർമ്മയിൽ പഴയൊരു പാവാടക്കാരി ഓടി കളിച്ചു.. അവളുടെ നീണ്ട മുടിയിഴകളും അതിലെ സൗരഭ്യം നിറഞ്ഞ തുളസിക്കതിരും മുന്നിൽ മിന്നി മാഞ്ഞു…
കുപ്പിവള കിലുക്കം പോലെ നേർത്ത അവളുടെ ശബ്ദം കാതിൽ നിറഞ്ഞു…
മനസ്സിന്റെ ഉള്ളിലെ ചിന്തകൾ അയാളുടെ മിഴികൾ നിറച്ചു….. കാഴ്ചകൾ മങ്ങി തുടങ്ങിയപ്പോൾ വണ്ടി ഓരത്ത് നിർത്തി, അയാൾ ഇറങ്ങി…
കാവിലെ കുളത്തിനരികിൽ എത്തിയിരിക്കുന്നു… അതിന്റെ കരയിൽ നിൽക്കുന്ന, ആലിനു ചുവട്ടിൽ വന്ന് കിടന്നു….
പുറകിലേക്ക് വലിക്കുന്ന ഓർമ്മകളെ പണി പെട്ടു പിടിച്ചു നിർത്തി…
ഒരിക്കൽ സകലതും നഷ്ടമായി ഇറങ്ങിയതാണ്.. ആകെ തകർന്ന്….
ഇനിയും തോൽക്കാൻ വയ്യ…. മിഴികൾക്ക് മീതെ കൈകൾ വച്ച് അയാൾ മലർന്നു കിടന്നു…
“”””അനിക്കുട്ടാ”””
പരിചിതമായ സ്വരം കേട്ടതും ഏതോ ഒരു ലോകത്ത് നിന്നും ഇറങ്ങി വന്നു അനിരുദ്ധൻ…..
മുന്നിൽ ദേവേട്ടൻ”””””
“””ദേവേട്ടാ “”” ആ വിളിയിൽ ഏറെ സ്നേഹം കലർന്നിരുന്നു.. അത് കേട്ടൊന്നു ചിരിച്ച് ദേവൻ അയാളുടെ അരികെ ചെന്നിരുന്നു….
“”വന്നു എന്നറിഞ്ഞു…. രണ്ടീസം ആയല്ലേ??””
രണ്ടു കയ്യും ഇരിക്കുന്നതിനു അപ്പുറവും ഇപ്പുറവും കുത്തി എങ്ങോ നോക്കി അയാൾ ചോദിച്ചു…
“””മ്മ് “”” മറുപടിയായി അലസമായി ഒന്നു മൂളി….
“”‘ലീവ് ഇശ്ശി ണ്ടോ??”” എന്ന് ചോദിച്ചപ്പോൾ,
“””ഒരു മാസം “””‘ എന്ന് പറഞ്ഞു…
“””മ്മ്മ് “”” എന്ന് മൂളി,
“””നടക്കട്ടെ “”” എന്നും പറഞ്ഞ് എണീറ്റ ദേവേട്ടനോട്,
“””വൈകീട്ട് വീട്ടിലേക്ക് ഇറങ്ങണം “”” എന്ന് പറഞ്ഞു….
ശരി”” എന്ന് തലയാട്ടി ആള് നടന്നു നീങ്ങി…
മെല്ലെ നടന്നുള്ള ആ പോക്ക് നോക്കി ഇരുന്നു ഇത്തിരി നേരം…
എന്ത് മാറ്റമാണ് എല്ലാർക്കും…. അഞ്ചു വർഷത്തിനിപ്പുറം വന്ന് കണ്ടപ്പോഴാണ് അത് മനസ്സിലായത്…
ഉള്ളിലെ ഓർമ്മകൾക്ക് മാത്രം വയസ്സാകുന്നില്ല… അവ മാത്രം ഭൂതകാലത്തിൽ ചങ്ങലയാൽ തളക്കപ്പെട്ടു കിടക്കുന്നു..
ഇനിയൊരു മോചനമില്ലാത്ത വിധം… അവ ഉണ്ടാക്കിയ വ്രണങ്ങളും പേറി… വേദന തിന്ന്…. ഒടുങ്ങുന്ന ചിലരുണ്ട്…..
എന്നെ പോലെ…. എന്ന് ചിന്തിച്ചു അനിരുദ്ധൻ…
വീണ്ടും ബൈക്കിൽ കയറി… വീട്ടിലേക്ക് തിരിച്ചു… മുറ്റത്ത് ഉണങ്ങാൻ ഇട്ട മുളക് വെയിലുള്ളിടത്തേക്ക് നീക്കി വക്കുകയായിരുന്നു അനിത… അപ്പോഴാണ് വണ്ടിയുടെ സ്വരം കേട്ടത്..
മെല്ലെ നിവർന്നു വഴിയിലേക്ക് മിഴികൾ നീട്ടി… മുഖം കുറച്ചു കേറ്റി പിടിച്ച് അങ്ങനെ നിന്നു…
“””വന്നോ??? എങ്ങട് പോയതാ അനിക്കുട്ടാ നീയ്യ്….?? ഉച്ചക്ക് ഉണ്ണാൻ കൂടെ വരാണ്ടെ???”””
ആദിത്യം തലക്ക് പിടിച്ച ചേച്ചിയെ ഒന്നു നോക്കി ചെറുതായൊന്നു ചിരിച്ച് വണ്ടിയുടെ ചാവിയും എടുത്ത് വീട്ടിലേക്ക് കയറുമ്പോൾ അനിതേച്ചിയുടെ പരിഭവം പറച്ചിൽ പുറകിൽ നിന്നും കേൾക്കാമായിരുന്നു…
മെല്ലെ മുറിയിൽ ചെന്ന് ഷർട്ട് അഴിച്ചു മാറ്റി ഒരു ടീഷർട് ഇടുമ്പോഴേക്ക് ചായയും ആയി ചേച്ചി എത്തി.. വീർപ്പിച്ച മുഖത്തോടെ ഗ്ലാസ് നീട്ടി..
“””ന്നെ വെല ഇല്ല്യാലോ പണ്ടേ “”” എന്ന് പറഞ്ഞു തുടങ്ങിയപ്പോഴേക്ക്
“””ചേച്ചി പ്ലീസ് “””” എന്ന് പറഞ്ഞു തടഞ്ഞു… പിന്നെ എന്തോ ആള് ഒന്നും മിണ്ടാതെ പോയി….
മെല്ലെ കട്ടിലിൽ ചെന്ന് കിടന്നപ്പോൾ അലമാരയുടെ മുകളിലെ തകര പെട്ടി കണ്ടു…
അസ്വസ്ഥമായ മനസ്സിൽ വീണ്ടും ഒരു വെളിയേറ്റം അത് സൃഷ്ടിച്ചു.. പാറുക്കുട്ടി ഉണർന്നു കരയുന്നത് കേട്ടു.. മെല്ലെ അവളുടെ അടുത്തേക്ക് നടന്നു…
അനിതേച്ചി ചെന്ന് എടുത്തിട്ടുണ്ട് തൊട്ടിലിൽ നിന്ന് കുറുമ്പിയെ,.. തള്ളവിരൽ നുണഞ്ഞു പെണ്ണ് ചേച്ചിയുടെ തോളത്ത് സുഖിച്ചു കിടക്കുന്നും ഉണ്ട്…
മെല്ലെ ചെന്ന് അവളെ വാരി എടുത്തു…
അമ്മയുടെ കയ്യിൽ നിന്ന് വാങ്ങിയത് ഇഷ്ടാവാഞ്ഞിട്ടാവാം ചുണ്ട് പിളർത്തി വീണ്ടും കരഞ്ഞത്…
“””മാമേടെ കുട്ടി ടാറ്റാ പോവാൻ ണ്ടോ “”” എന്ന് ചോദിച്ച് അവളേം കൊണ്ട് തൊടിയിലേക്ക് ഇറങ്ങി….
മെല്ലെ അവളുടെ കരച്ചിൽ മാറി… അപ്പോഴേക്കും ബാലേട്ടൻ ജോലി കഴിഞ്ഞ് എത്തിയിരുന്നു….
ആളെ കണ്ടതും പാറുക്കുട്ടി അത്താ”””””
എന്നും വിളിച്ച് അങ്ങോട്ട് ചാടി….
“”നീ ഉച്ചക്ക് എവിടെ ആയിരുന്നു അനീ… അവൾ എന്തൊക്കെയോ നിനക്ക് വച്ചുണ്ടാക്കി കാത്തിരിക്കാരുന്നു.. ഞാനും വന്നിരുന്നു നിന്റെ കൂടെ ഉണ്ണാൻ”””
മെല്ലെ തല താഴ്ത്തി നിന്നു മറുപടി ഒന്നും പറയാതെ..
“”അത് സാരല്ല്യ പോട്ടെ… ചായ കുടിച്ചോ നീയ്യ്??”” എന്ന് ചോദിച്ചപ്പോ..
“””ഉവ്വ് “”” എന്ന് പറഞ്ഞു… കുറുമ്പിയെയും കൊണ്ട് അകത്തേക്ക് നടന്നു ബാലേട്ടൻ… പെണ്ണ് ഇറുക്കെ പിടിച്ചു ഒക്കത്തും ഇരുന്നു…
അത് നോക്കി നിന്നു…. കല്യാണം കഴിഞ്ഞ് ഒരു കുഞ്ഞി കാലു കാണാൻ ഏറെ വഴിപാട് നടത്തി ഉണ്ടായതാണ് പാറുക്കുട്ടി… ഇപ്പോ ഇവിടെത്തെ സ്വർഗം അതാണ് അവൾ…
ഇരുട്ടും വരെയും അവിടെയും ഇവിടെയും ഒക്കെ നടന്നു.. പിന്നെ മുറിയിൽ തന്നെ ചെന്നിരുന്നു…
എല്ലായിടത്തും ഓർമ്മകൾ വേട്ടയാടുന്നു..
എല്ലാരും പണ്ടത്തതെല്ലാം ഓർമ്മിപ്പിച്ചു പക പോക്കും പോലെ.. എന്നിട്ടും കിണഞ്ഞു പരിശ്രമിച്ചു മനസ്സ് കൈവിടാതിരിക്കാൻ…
ദേവേട്ടൻ വന്നിട്ടുണ്ട് എന്ന് ചേച്ചി വന്ന് പറഞ്ഞപ്പോൾ മെല്ലെ കൊണ്ട് വന്ന ബാഗ് തപ്പി… അതിലെ ഒരു ലിറ്ററിന്റെ റെഡ് ലേബലിന്റെ കുപ്പിയും എടുത്ത് താഴെക്കിറങ്ങി..
“””വല്ലാത്ത കഷ്ടാ ആ കുട്ടീടെ.. മനക്കലെ മാളവിക കുട്ടീടെ “””
എന്ന് ദേവേട്ടൻ ബാലേട്ടനോട് പറഞ്ഞു തുടങ്ങിയത് കെട്ടിട്ടാണ് അങ്ങോട്ട് ചെന്നത്… പെട്ടെന്ന് അവർ അത് നിർത്തി… എങ്കിലും കേട്ട അത്രയും ഉള്ളിൽ അമ്പ് എന്ന പോലെ തറച്ചു കയറിയിരുന്നു….
പറയാനുള്ളത്, പറഞ്ഞു മടുത്ത കഥ തന്നെയായിരുന്നു… വലിയ വീട്ടിലെ പെൺകുട്ടിയെ പ്രണയിച്ച അനിരുദ്ധൻ…
പകുത്തു കൊടുക്കാൻ ഈ പ്രാണൻ മാത്രം കൈമുതലായുണ്ടായിരുന്നവൻ…
അവനെ തോൽപ്പിക്കാൻ അവന്റെ മാളവികയെ മറ്റൊരു കൈകളിൽ ഏൽപ്പിച്ച പറഞ്ഞു മടുത്ത കഥ…
അല്ലെങ്കിലും കയ്യിൽ ഒന്നുമില്ലാത്തവന് പ്രണയിക്കാൻ അവകാശമില്ലായിരുന്നു…
അവൻ മാത്രം നഷ്ടങ്ങൾ സഹിച്ചു ജീവിക്കണമായിരുന്നു… ഒന്നുമില്ലായ്മയിൽ നിന്നൊരു മാറ്റത്തിനു പോലും ആരും സമയം കൊടുക്കാറില്ല..
കയ്യിലെ ഗ്ലാസ്സിലെ ചൂട് പടർത്തുന്ന ലഹരി യോടൊപ്പം ഓർമ്മകളുടെ കെട്ടും പൊട്ടി വീണു…
അവസാനമായി അവൾ,,
‘””” മാളവിക “””” പറഞ്ഞത് ഓർമയിൽ തെളിഞ്ഞു
“”” ഞാൻ എന്നേ മരിച്ചു കഴിഞ്ഞില്ലേ അനിയേട്ടാ… ഇപ്പോ വെറും ശരീരം മാത്രേ ഉള്ളൂ “”” എന്ന്…
എനിക്കായി അവൾ കൊണ്ട അടിയുടെ പാടുകളിലേക്ക് നെഞ്ചുപൊട്ടി ഞാനൊന്ന് നോക്കി…
“” പൊയ്ക്കോടി നീ…. അവര് പറഞ്ഞ പോലെ ആർക്കാണെന്ന് വെച്ച് തലനീട്ടി കൊടുക്ക്… അല്ലാണ്ട് ഇങ്ങനെ അവർ നിന്നെ ഇഞ്ചിഞ്ചായി കൊല്ലുന്നത് കാണാൻ എനിക്ക് ആവില്ലല്ലോ പെണ്ണെ”””
അന്ന് അവളെ വിളിച്ചിറക്കി കൊണ്ടു വരാൻ എനിക്ക് പേടിയായിരുന്നു…
മൂന്നുനേരം അന്നം തിന്നുന്നവളെ പട്ടിണിയിലേക്ക് കൂട്ടാനുള്ള ഭയം…
അവൾ പോയതും ആാാ ഭയം മാറി..
ജീവിക്കാൻ മോഹം ഉള്ളവനെ ഭയം ഉണ്ടാകൂ എന്ന വലിയ പാഠം അവിടെ പഠിച്ചു… എല്ലാം കഴിഞ്ഞപ്പോൾ ദേവേട്ടനെ മാറ്റി നിർത്തി അവളെപ്പറ്റി ചോദിച്ചു…
കാരണം അവൾ മറ്റൊരാളുടേത് ആകാൻ പോണത് കാണാൻ ശക്തിയില്ലാതെ അന്നേ ഞാൻ ഈ നാട് വിട്ടിരുന്നു..
അപ്പോഴാണ് ദേവേട്ടൻ അവൾ സഹിച്ച യാതനകളുടെ കണക്ക് നിരത്തിയത്…
കല്യാണം കഴിച്ചവൻ ഈ ബന്ധം അറിഞ്ഞിരുന്നത്രേ ..
അതിന്റെ പേരിൽ അവളെ ഇഞ്ചിഞ്ജായി കൊന്നിരുന്നത്രേ… ഒടുവിൽ വയറ്റിൽ കുരുത്ത ജീവനെ മർദനം കൊണ്ട് ചാ പിള്ളയായി പ്രസവിക്കേണ്ടി വന്നവൾ അയാളുടെ വീട് വിട്ട് തിരിച്ചുപോന്നത്രേ….
വന്നിട്ട് രണ്ടു നാൾ തികഞ്ഞെന്ന്..
ആ മനസ്സിന്റെയും ശരീരത്തിന്റെയും വേദന ഇപ്പോഴും ആറി കാണില്ല…
എന്റെ പേരിൽ ഇനീം ഒരു വേദന വേണ്ട എന്റെ പെണ്ണിനെന്ന് തീരുമാനിച്ചു…
നാളെ…. നാളെ ചെന്നു ഇറക്കി കൊണ്ടു പോരും…
അങ്ങനെ ഓർത്തു കിടന്നപ്പോൾ അനിരുദ്ധന്റെ ചെവിയിൽ ഒരു പെണ്ണ് കുസൃതിയോടെ അനിയേട്ടാ എന്ന് വിളിച്ചു…
രാവിലെ ചേച്ചിയോട് നിലവിളക്ക് ഒരുക്കാൻ പറഞ്ഞണ് ഇറങ്ങിയത്… ദൂരേന്നെ കണ്ടു അവളുടെ മുറ്റത്ത് ആൾക്കൂട്ടം..
അവൾ വീണ്ടും എന്നെ തോൽപിച്ചത്രേ… തൊടിയിലെ മാവിൽ കൊമ്പിൽ തൂങ്ങി നിൽക്കുന്നുണ്ടത്രേ ഇപ്പോ അവൾ.. എന്റെ മാളവിക…
കാണാൻ പോയില്ല… ശക്തി ഇല്ലായിരുന്നു…
അവളോട് തെറ്റ് ചെയ്തു.. പട്ടിണി ആണേലും എന്റെ കൂരയിൽ ജീവനോടെ ഇരിക്കുമായിരുന്നു…. പ്രായശ്ചിതം ചെയ്യണം…
അമ്പലക്കുളത്തിൽ ആഴത്തിലേക്ക് മുങ്ങി താഴുമ്പോൾ എല്ലാം പൊറുത്തു അവൾ വന്നിരുന്നു എന്നെ കൂടെ കൊണ്ടു പോകാൻ…..