ആൺകുട്ടികളുടെ മുഖത്ത് പോലും നോക്കില്ല എന്ന് ശപഥം എടുത്ത് നടക്കുന്നതു പോലെ ആയിരുന്നല്ലോ തന്റെ എക്സ്പ്രഷൻ.”

(രചന: ആവണി)

 

ആരോടും മിണ്ടാൻ കഴിയാതെ, എല്ലാവരാലും തെറ്റിദ്ധരിക്കപ്പെട്ടു ഒറ്റപ്പെട്ട ജീവിതം.. ഇത് വല്ലാത്തൊരു മടുപ്പ് തന്നെ…

 

പുറത്ത് നിന്ന് പൂട്ടിയിരിക്കുന്ന വാതിലിലേക്ക് നോക്കി ഹിമ നെടുവീർപ്പിട്ടു. അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു തുളുമ്പി.

 

വിശ്വാസം.. ആ വാക്കിനു ഓരോ ജീവിതത്തിലും പ്രാധാന്യമുണ്ട്. പക്ഷെ.. തന്റെ ജീവിതത്തിൽ അതൊന്നിനു ഒരു വിലയും ഇല്ലെന്ന് മാത്രം..!

 

സ്വയം പരിഹസിച്ചു കൊണ്ട് അവൾ ഒന്ന് ചിരിച്ചു.

 

അവളുടെ ചിന്തകൾ കഴിഞ്ഞ ദിവസം നടന്ന ചില സംഭവങ്ങളിലേക്ക് എത്തിനോക്കുകയായിരുന്നു.

 

അമ്മാവന്റെ മകളായ ഹേമയോടൊപ്പം പാർക്കിലേക്ക് പോയതായിരുന്നു ഹിമ. ഹേമയ്ക്ക് കോളേജിൽ പഠിക്കുമ്പോൾ മുതൽ തന്നെ സീനിയറായി പഠിച്ച ഒരു ചേട്ടനുമായി അടുപ്പമുണ്ട്. അത് ആദ്യം തന്നെ തനിക്ക് അറിയാവുന്നതുമാണ്.

 

പറഞ്ഞപ്പോൾ അവളെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ തന്നെ കൊണ്ട് ആവുന്നത് പോലെ ഹിമ ശ്രമിച്ചിരുന്നു. അത് ഒരിക്കലും അവൾ പ്രേമ വിരോധി ആയതു കൊണ്ടായിരുന്നില്ല. മറിച്ച് തങ്ങളുടെ കുടുംബക്കാരെ ഭയന്നിട്ട് തന്നെയായിരുന്നു.

 

പ്ലസ് ടു കഴിഞ്ഞ് കോളേജിലേക്ക് പഠിക്കാൻ പോകാൻ അഡ്മിഷൻ എടുക്കുന്നതിനു മുൻപ് തന്നെ വീട്ടിൽ നിന്ന് അവർ രണ്ടുപേരോടും കർശനമായി പറഞ്ഞത് ഒരേ വാചകങ്ങൾ ആയിരുന്നു.

 

” പഠിക്കാനായി പോകുന്നതൊക്കെ കൊള്ളാം. പഠിക്കാൻ പോയാൽ പഠിച്ചിട്ട് തിരിച്ചു വരണം. അല്ലാതെ അവിടെ കാണുന്ന ഏതെങ്കിലും അവന്മാർ നോക്കി ചിരിച്ചാലോ ഇഷ്ടം പറഞ്ഞു വന്നാലോ അതിനെ പ്രോത്സാഹിപ്പിച്ചു കൊടുത്തിട്ട് പിന്നീട് ഇങ്ങോട്ടേക്ക് കയറണ്ട.

 

നിങ്ങൾക്ക് ഒരു തുണ വേണമെന്ന് ഞങ്ങൾക്ക് തോന്നുന്ന കാലത്ത് ഞങ്ങൾ തന്നെ അതിനുള്ള ആളിനെ കണ്ടുപിടിച്ചു തരും.അല്ലാതെ സ്വന്തമായി കണ്ടുപിടിക്കാം എന്നുള്ള വിചാരം ഒന്നും ആർക്കും വേണ്ട.”

 

അന്ന് കർശനമായി അച്ഛൻ പറഞ്ഞ വാചകങ്ങൾ ഇപ്പോഴും ഹിമയുടെ ചെവിയിൽ മുഴങ്ങുന്നുണ്ടായിരുന്നു.

 

അച്ഛനെ അവൾക്ക് ചെറുപ്പം മുതൽ തന്നെ ഭയമാണ്.അച്ഛൻ പറയുന്ന എന്തെങ്കിലും കാര്യങ്ങൾ അനുസരിക്കാതിരുന്നാൽ അതിന് കിട്ടുന്ന ശിക്ഷ പലപ്പോഴും കഠിനമായിരിക്കും.

 

ആ ഭയം ഉള്ളിലുള്ളത് കൊണ്ട് തന്നെ കോളേജിൽ ആൺകുട്ടികൾ സൗഹൃദത്തിന് വരുമ്പോൾ തന്നെ അവൾക്ക് പേടിയായിരുന്നു.

 

എല്ലാവരെയും ഒരു അകലത്തിൽ നിർത്താനാണ് അവൾ ശ്രമിച്ചത്. അത് ഒരു പരിധി വരെ വിജയിക്കുകയും ചെയ്തു.

 

അങ്ങനെ സമാധാനപൂർവ്വം അവളുടെ ജീവിതം മുന്നോട്ടു പോകുമ്പോഴാണ് ഹേമയ്ക്ക് സീനിയറായി പഠിക്കുന്ന ഒരു പയ്യനുമായി അടുപ്പമുണ്ട് എന്ന് ഹിമ അറിയുന്നത്.

 

“നീ എന്തു ഉദ്ദേശിച്ചിട്ടാണ് ഇങ്ങനെയൊക്കെ.. ഇതൊക്കെ വീട്ടിൽ അറിഞ്ഞാൽ ഉള്ള അവസ്ഥ ഞാൻ പറയാതെ തന്നെ നിനക്ക് അറിയാമല്ലോ.. വെറുതെ ആവശ്യമില്ലാത്ത പണിക്ക് നിൽക്കരുത്.”

 

അറിഞ്ഞപ്പോൾ തന്നെ ഹിമ അവളെ ശാസിച്ചതാണ്.

 

“ഇതൊന്നും വീട്ടിൽ ആരും അറിയാൻ പോകുന്നില്ല. ഇനി അഥവാ അറിയണമെങ്കിൽ നീ പോയി പറയണം. അങ്ങനെ നീ ഒരിക്കലും ചെയ്യില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. പിന്നെ നീ കരുതുന്നതു പോലെ ഇത് ഒരു ടൈം പാസ് ഒന്നുമല്ല.

 

എനിക്ക് അനൂപേട്ടനെ അല്ലാതെ മറ്റാരെയും എന്റെ ഭർത്താവായി സങ്കൽപ്പിക്കാൻ പോലും പറ്റില്ല. അത്രത്തോളം ഞങ്ങൾ തമ്മിൽ അടുത്തു കഴിഞ്ഞു. അനൂപേട്ടൻ പാസ് ഔട്ട് ആയിക്കഴിഞ്ഞ് എത്രയും പെട്ടെന്ന് നല്ലൊരു ജോലി കണ്ടുപിടിക്കും.

 

അതിനു ശേഷം വീട്ടിൽ ഒരു പ്രൊപ്പോസൽ ആയിട്ട് വരാം എന്ന് പറഞ്ഞിട്ടുണ്ട്. ഒരിക്കലും ഇതൊരു ലൗ മാരേജ് ആണെന്ന് വീട്ടിൽ ആരും അറിയാൻ പോകുന്നില്ല.”

 

ഭാവിയിലെ കാര്യങ്ങൾ വരെ ഇത്രത്തോളം ആത്മവിശ്വാസത്തോടെ അവൾ പറയുമ്പോൾ പിന്നീട് കൂടുതലൊന്നും എതിർത്തു പറയാൻ ഹിമയ്ക്ക് കഴിഞ്ഞില്ല.

 

അവൾ പറഞ്ഞതു പോലെ തന്നെ അനൂപേട്ടൻ പാസ് ഔട്ട് ആയിക്കഴിഞ്ഞ് വളരെ പെട്ടെന്ന് തന്നെ ഒരു ജോലി സമ്പാദിച്ചു.

 

ജോലി കിട്ടി കഴിഞ്ഞെങ്കിലും വീട്ടിൽ പ്രൊപ്പോസൽ കൊണ്ടുവരേണ്ട എന്ന് അവൾ തന്നെയാണ് പറഞ്ഞത്.കാരണം അവൾക്ക് കല്യാണം നോക്കി തുടങ്ങിയിട്ടുണ്ടായിരുന്നില്ല.

 

അങ്ങനെ എന്തെങ്കിലും സൂചന കിട്ടുമ്പോൾ മാത്രം വീട്ടിലേക്ക് വന്നാൽ മതി എന്ന് അവൾ അനൂപിനോട് പറഞ്ഞിരുന്നു. ഇടയ്ക്കൊക്കെ അവർ പുറത്തു വച്ച് കാണാറുണ്ട്. അങ്ങനെ ഒന്ന് കാണാനാണ് ഹേമ ഹിമയെയും കൂട്ടി പാർക്കിലേക്ക് വന്നത്.

 

ഞാനിവിടെ ഒറ്റയ്ക്കിരുന്ന് പോസ്റ്റ് ആവേണ്ടി വരും എന്ന് ഹിമ പറഞ്ഞപ്പോൾ അതിന്റെ ഒന്നും ആവശ്യം വരില്ല തനിക്ക് കൂട്ടിന് ഒരാൾ ഉടനെ വരും എന്ന് ഹേമ പറഞ്ഞു. അതാരാണ് എന്നോർത്ത് അമ്പരപ്പോടെയാണ് ഹിമ അവിടെ ഇരുന്നത്.

 

ഹേമ അനുവിന്റെ അടുത്തേക്ക് പോയി കഴിഞ്ഞപ്പോൾ ഒരു ചെറുപ്പക്കാരൻ അവളുടെ അടുത്തേക്ക് വന്നു. ആളെ മനസ്സിലാവാതെ നിന്നപ്പോൾ അവൻ സ്വയം പരിചയപ്പെടുത്തി.

 

” ഞാൻ നിഷാന്ത്. അനൂപിന്റെ ഫ്രണ്ടാണ്.. ”

 

അവൻ പരിചയപ്പെടുത്തിയപ്പോൾ അവൾ ചിരിച്ചു.

 

” പക്ഷേ ചേട്ടൻ ഞങ്ങളുടെ കോളേജിൽ അല്ലല്ലോ പഠിച്ചത്. ചേട്ടനെ കണ്ടതായിട്ട് എനിക്ക് ഓർമ്മയില്ല.”

 

ഹിമ ഓർമ്മകൾ ചികഞ്ഞു കൊണ്ട് പറഞ്ഞു.

 

” അതിന് തനിക്ക് ആ കോളേജിൽ ഒപ്പം പഠിച്ച ആരെയെങ്കിലും ഓർമ്മയുണ്ടോ.. ആൺകുട്ടികളുടെ മുഖത്ത് പോലും നോക്കില്ല എന്ന് ശപഥം എടുത്ത് നടക്കുന്നതു പോലെ ആയിരുന്നല്ലോ തന്റെ എക്സ്പ്രഷൻ.”

 

അവൻ അവളെ കളിയാക്കിയപ്പോൾ അവൾക്ക് നാണക്കേട് തോന്നി. പക്ഷേ ആ ഒരു സംസാരത്തോടെ അവർ തമ്മിൽ നല്ലൊരു സൗഹൃദം ഉടലെടുത്തു തുടങ്ങിയിരുന്നു.

 

അവർ ഇരുവരും സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയ്ക്കാണ് പെട്ടെന്ന് ആരോ ഒരാൾ വന്ന് ഹിമയുടെ തോളിൽ പിടിച്ചു വലിക്കുന്നത്. അതാരാണെന്ന് അവൾ തിരിഞ്ഞു നോക്കുന്നതിനു മുൻപ് തന്നെ അവളുടെ ചെകിടടച്ച് അടി കിട്ടി കഴിഞ്ഞിരുന്നു.

 

അമ്പരപ്പോടെ നോക്കിയപ്പോൾ ദേഷ്യം കൊണ്ട് വിറച്ചു നിൽക്കുന്ന ഏട്ടനെയാണ് അവൾ കണ്ടത്. കാര്യം മനസ്സിലാവാതെ നിന്ന് അവളോട് നിഷാന്തിനെയും അവളെയും രൂക്ഷമായി നോക്കിക്കൊണ്ട് അവൻ സംസാരിച്ചു തുടങ്ങി.

 

” നീ കോളേജിലേക്ക് പഠിക്കാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ നിന്നെ ഞാൻ കൃത്യമായി വാൺ ചെയ്തതാണ് ഇങ്ങനെ ഒരിക്കലും ഒരു ബന്ധം നിനക്ക് ഉണ്ടാവാൻ പാടില്ല എന്ന്.

 

എന്നിട്ട് ഞങ്ങളുടെ വാക്കിന് പുല്ലുവില തന്നുകൊണ്ട് നീ ഇതൊക്കെ തുടർന്നു പോവുകയാണ്. ഇനി നിന്നെ എന്ത് ചെയ്യണം എന്ന് എനിക്ക് വ്യക്തമായി അറിയാം.”

 

അവളുടെ കൈപിടിച്ച് വലിച്ചു കൊണ്ട് ഏട്ടൻ പറയുമ്പോൾ അവനെ പറഞ്ഞ് മനസ്സിലാക്കാൻ തന്റെ പരമാവധി അവൾ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ അവളുടെ വാക്കുകൾ ചെവിക്കൊള്ളാൻ അവൻ തയ്യാറായിരുന്നില്ല.

 

അവരോട് സംസാരിക്കാൻ നിഷാന്തും ശ്രമിക്കുന്നുണ്ടെങ്കിലും അവനെ പിടിച്ചു തള്ളിക്കൊണ്ട് ഹിമയെയും പിടിച്ചു വലിച്ച് പുറത്തേക്ക് പോവുകയാണ് അവളുടെ ഏട്ടൻ ചെയ്തത്.

 

അപ്പോഴൊക്കെയും ഒരു സഹായത്തിനു വേണ്ടി ഹിമ ഹേമയെ അന്വേഷിച്ചു.

 

പക്ഷേ ഈ സംഭവം നടക്കുന്നതിനു മുൻപ് തന്നെ ഹേമ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു എന്ന് അവൾ അറിഞ്ഞിരുന്നില്ല.

 

ഹിമയെയും കൊണ്ട് വീട്ടിലേക്ക് വന്നു അവളെ മുറിക്കുള്ളിൽ പൂട്ടിയിടുകയാണ് അവളുടെ ഏട്ടൻ ചെയ്തത്. ആരോടും സംസാരിക്കാൻ പോലും കഴിയാതെ അവളുടെ മൊബൈൽ ഫോൺ ഉൾപ്പെടെ അയാൾ പിടിച്ചു വെച്ചു.

 

ആവശ്യത്തിനുള്ള ആഹാരം മാത്രം മുറിയിലേക്ക് എത്തിക്കുന്നു എന്നല്ലാതെ മറ്റാരുമായും ഒരു സംസാരം പോലും അവൾക്ക് അനുവദിച്ചിരുന്നില്ല.

 

പക്ഷേ മൂന്നാം ദിവസം പതിവില്ലാതെ ഒരു നേരത്ത് വാതിൽ തുറക്കപ്പെട്ടു. വാതിൽക്കൽ നിന്നുകൊണ്ട് അവളെ പുറത്തേക്ക് വരാൻ ഏട്ടൻ വിളിക്കുകയും ചെയ്തു. കാര്യമറിയാതെ അവൾ ചെന്നപ്പോൾ ഉമ്മറത്ത് ഹേമയും വീട്ടുകാരും ഒക്കെ ഉണ്ടായിരുന്നു.

 

അതിൽ നിന്ന് തന്നെ ഏകദേശം കാര്യങ്ങളൊക്കെ അവൾക്ക് മനസ്സിലായിരുന്നു.

 

” മോളെ നീ ഞങ്ങളോട് ക്ഷമിക്കണം. ഹേമ കാര്യങ്ങളൊക്കെ പറഞ്ഞപ്പോഴാണ് ഞങ്ങൾ അറിയുന്നത്. ”

 

ക്ഷമാപണം പോലെ അച്ഛൻ പറഞ്ഞപ്പോൾ പുച്ഛമാണ് തോന്നിയത്.

 

” ഇങ്ങനെ പറയാൻ അച്ഛനു നാണം തോന്നുന്നില്ലേ..?നിങ്ങളോടൊക്കെ കാലു പിടിക്കും പോലെ ഞാൻ പറഞ്ഞതല്ലേ ഞാൻ പറയുന്നത് ഒന്ന് ശ്രദ്ധിച്ചു കേൾക്കണമെന്ന്..

 

എന്റെ വാക്കിന് യാതൊരു വിലയും തരാതെ ഞാൻ പറയുന്നത് എന്താണെന്ന് ശ്രദ്ധിക്കാൻ പോലും മെനക്കെടാതെ കഴിഞ്ഞ മൂന്ന് ദിവസം എന്നെ ഒരു മുറിക്കുള്ളിൽ നിങ്ങൾ പൂട്ടിയിട്ടു.

 

അതിൽ നിന്ന് എനിക്ക് ഒരു കാര്യം വ്യക്തമായി. എന്നെ നിങ്ങളിൽ ഒരാൾ പോലും വിശ്വസിച്ചിട്ടില്ല.

 

എന്നെ വിശ്വാസം ഉണ്ടായിരുന്നെങ്കിൽ അങ്ങനെ ഒരു കാഴ്ച കാണുമ്പോൾ എന്റെ കൂടെയുള്ള പയ്യൻ ആരാണെന്നായിരുന്നു നിങ്ങൾ അന്വേഷിക്കേണ്ടിയിരുന്നത്.

 

അല്ലാതെ മുൻധാരണ വച്ച് ഇങ്ങനെയൊന്നും പെരുമാറാൻ പാടില്ലായിരുന്നു. എന്തായാലും ഈയൊരു സംഭവത്തോടെ എന്റെ വീട്ടുകാരുടെ ഉള്ളിൽ എന്റെ ഇമേജ് എന്താണെന്ന് എനിക്ക് വ്യക്തമായി മനസ്സിലായി.

 

ഇപ്പോൾതന്നെ ഹേമ കാര്യങ്ങളൊക്കെ തുറന്നു പറഞ്ഞതു കൊണ്ട് മാത്രമാണ് നിങ്ങൾക്ക് ഞാൻ തെറ്റുകാരി അല്ല എന്ന് മനസ്സിലായത്. അവൾ ഒരിക്കലും ഇത് പറഞ്ഞില്ലായിരുന്നെങ്കിൽ നിങ്ങൾക്ക് മുന്നിൽ ഞാൻ ഇപ്പോഴും തെറ്റുകാരി തന്നെ ആയിരുന്നേനെ.”

 

സങ്കടത്തോടെ പറഞ്ഞപ്പോൾ എല്ലാവരും പരസ്പരം നോക്കുന്നുണ്ടായിരുന്നു. ആർക്കും അവളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നുപോലും അറിയാൻ കഴിയുന്നുണ്ടായിരുന്നില്ല.

 

ഓരോരുത്തരായി അവളോട് ക്ഷമ പറഞ്ഞു തുടങ്ങിയപ്പോൾ അവരോടൊക്കെയും പറയാൻ അവൾക്ക് ഒരു മറുപടി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

 

” ഇപ്പോൾ എന്റെ മനസ്സ് ആകെ കലങ്ങി ചുവന്നിരിക്കുകയാണ്. ഒരുപക്ഷേ പെട്ടെന്ന് തന്നെ ഇതിൽ ഒരു മാറ്റം വരുമായിരിക്കും.

 

അങ്ങനെ മാറ്റം വരുന്ന കാലത്ത് നിങ്ങളോട് ക്ഷമിക്കാൻ എനിക്ക് കഴിയുമായിരിക്കും. അങ്ങനെ ഒരു കാലം പെട്ടെന്നുണ്ടാവട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു.”

 

അത്രയും പറഞ്ഞുകൊണ്ട് അവൾ അകത്തേക്ക് കയറി പോകുമ്പോൾ തങ്ങളുടെ എടുത്തുചാട്ടത്തിന്റെ ഫലമാണ് ഇതൊക്കെ എന്ന് വീട്ടുകാർക്ക് പൂർണ്ണമായ ബോധ്യമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *