പുറത്ത് എവിടെയോ രണ്ട് കഴുകൻ കണ്ണുകൾ തങ്ങളെ വട്ടമിടുന്നുണ്ടെന്നു തോന്നി. അവളുടെ

(രചന: ശാലിനി മുരളി)

 

പുലർച്ചെ നാലു മണിയുടെ അലാറം കേട്ടാണ് അഖില കണ്ണ് തുറഞ്ഞത്. പതിവില്ലാത്ത ഉത്സാഹത്തോടെ അവൾ പിടഞ്ഞെഴുന്നേറ്റു.

 

പുറത്തെ മഞ്ഞിന്റെ കുളിരൊച്ചകൾ മുറിക്കുള്ളിലും പതുങ്ങി നിൽക്കുന്നു!

തണുപ്പിന്റെ കുളിരും മടിയും അവളെ എന്നത്തേയും പോലെ അന്ന് പക്ഷെ പിടികൂടിയില്ല.

 

ഇന്നത്തെ ദിവസത്തിന് ഒരു പ്രത്യേകത ഉണ്ട്. ഇന്നാണ് തന്റെ വിവാഹ വാർഷിക ദിനം.

 

വെറും വാർഷികമല്ല,പത്താം വിവാഹ വാർഷികമാണ്. എഴുന്നേറ്റു കുളിച്ച്, നിലവിളക്ക് കൊളുത്തി മനമുരുകി ഏറെ നേരം ദൈവങ്ങളുടെ നിരത്തി വെച്ച ഫോട്ടോയ്ക്ക് മുന്നിൽ കൈ കൂപ്പി നിന്ന് കണ്ണുകളടച്ച് പ്രാർത്ഥിച്ചു.

 

പതിവിലും അധികം തിരക്കിലായിരുന്നു അന്ന് അഖില. മക്കൾക്ക് ഇന്ന് അവധി ദിവസം ആയത് കാര്യമായി. സ്കൂൾ ഉള്ള ദിവസമാണെങ്കിൽ ഉണ്ടാക്കുന്ന വിഭവങ്ങളൊന്നും ചൂടോടെ അവർക്ക് കഴിക്കാനും പറ്റില്ല.

 

അജയേട്ടന് കടയിൽ നിന്ന് സമയത്ത് വന്നു കഴിക്കാനും പറ്റാറില്ല. എങ്കിലും ഒരു ചടങ്ങ് പോലെ അവൾ എല്ലാം ഒരുക്കി വെയ്ക്കും. മക്കൾ അഭിയും അനുവും ഓരോ ആഘോഷങ്ങൾ വരുമ്പോഴും നിർബന്ധം പിടിക്കാറുണ്ട്.

 

പുറത്ത് പോകാം. സിനിമ കാണാം എന്നൊക്കെ! പക്ഷെ, കട പൂട്ടിയിട്ടുള്ള ഒരു പരിപാടിക്കും താനില്ല. വേണമെങ്കിൽ നീ പിള്ളേരെയും വിളിച്ചോണ്ട് പൊയ്ക്കോ എന്ന് പറയുന്ന ആളിനോട് അരിശമാണ് തോന്നാറുള്ളത്.

 

ഇതാണോ കുടുംബ ജീവിതത്തിലെ സന്തോഷങ്ങൾ ? എത്ര തിരക്കായാലും എല്ലാത്തിനും ഒരല്പം സമയം മാറ്റിവെച്ചാൽ എന്തും മറക്കാൻ പറ്റാത്ത അനുഭവങ്ങൾ ആയിത്തീരുമെന്ന് ആരോട് പറയാൻ. ജീവിതത്തിൽ ഓർത്തു വെയ്ക്കാൻ ഇതൊക്കെയല്ലേ ഉളളൂ.

 

നെടുവീർപ്പോടെ അഖില കറിയിലെ ഉപ്പ് പാകമാണോയെന്ന് നോക്കി. ഉപ്പും എരിയും എല്ലാം നല്ല പാകം!

 

പക്ഷെ, എങ്ങനെ ഒക്കെ ഉണ്ടാക്കി വെച്ചാലും എന്തെങ്കിലും ഒരു ചെറിയ കുറ്റമെങ്കിലും അജയേട്ടൻ കണ്ട് പിടിക്കും.

എങ്കിലും മക്കൾ തനിക്ക് നല്ല സപ്പോർട്ട് ആണ്. അതാണ് ആകെയൊരു ആശ്വാസം.

 

സദ്യ വട്ടങ്ങൾ ഒരുക്കുന്ന ബഹളത്തിൽ പുറത്ത് ആരോ കാളിങ് ബെൽ അടിച്ചത് പോലും അഖില ശ്രദ്ധിച്ചില്ല.,

 

“അമ്മേ…ദേ ആരോ വന്നിരിക്കുന്നു..”

ഡോർ ബെല്ലടിക്കുന്നത് കേട്ട് മോളാണ് വാതിൽ തുറന്നത് . അവൾക്ക് അറിയാത്ത ആരോ ആണെന്ന് മനസ്സിലായി. അതാണ് ഈ നീട്ടിയുള്ള വിളി.

 

വേഗം നനഞ്ഞ കൈകൾ ടർക്കിയിൽ ഒന്നൊപ്പി ചുരിദാറിന്റെ ടോപ്പ് നേരെ പിടിച്ചിട്ട് വാതിൽക്കലേയ്ക്ക് നടക്കുമ്പോൾ കതകിനപ്പുറം നിന്നിരുന്ന ഉയരം കൂടിയ ഒരു നീല ഷർട്ട്കാരനെ കണ്ട് ഒന്നമ്പരന്നു!

ആകാശ് !

 

“ആഹാ ഇതാരാണ്? വിശ്വസിക്കാൻ പറ്റുന്നില്ലല്ലോ. എത്ര വർഷങ്ങളായി കണ്ടിട്ട്!

വരൂ പുറത്ത് നിൽക്കാതെ അകത്തിരിക്കാമല്ലോ..”

 

“ഇയാൾ ഇവിടെയാണ് താമസം എന്നറിഞ്ഞത് നമ്മുടെ സജിനി പറഞ്ഞാണ്.ഞാൻ എന്നും ഇതുവഴി അല്ലെ ജോലിക്ക് പോകുന്നത്.”

 

മൂന്ന് വർഷവും തൊട്ടടുത്ത് ഇരുന്ന സജിനിയോട് ഇന്നും ആ പഴയ സ്നേഹവും സൗഹൃദവും തുടരുന്നുണ്ട്. അഭിയും അനുവും മുറിക്കുളിൽ നിന്നെത്തി നോക്കുന്നുണ്ടായിരുന്നു. മക്കളെ അടുത്തേയ്ക്ക് വിളിപ്പിച്ച് ആകാശിന് പരിചയപ്പെടുത്തിക്കൊടു ത്തു .

 

“അമ്മയുടെ ഒപ്പം കോളേജിൽ പഠിച്ചയാളാണ്. പേര് ആകാശ്.”

 

അഖില തന്നെ പരിചയപ്പെടുത്തുന്നത് കണ്ട് അയാൾക്ക് ചിരി വന്നു. ഇവൾക്ക് ഇപ്പോഴും വലിയ മാറ്റമൊന്നും വന്നിട്ടില്ല!

 

“മോൾ അഖിലയുടെ തനിപകർപ്പ് ആണ് കേട്ടോ..മോൻ അച്ഛന്റെ കൂട്ടാവും അല്ലെ?ആളിനെ ഞാൻ കണ്ടിട്ടില്ല. എവിടെ ആണ് ഹസ്ബൻഡിന് ജോലി?”

 

“ഏട്ടന് മൊബൈൽ ഫോണിന്റെ ഷോപ്പുണ്ട് ടൗണിൽ. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വരും. ആകാശ് ഇരിക്ക് ഞാൻ കുടിക്കാൻ എടുക്കാം.”

 

സ്വന്തം കുടുംബത്തെ കുറിച്ച് ആകാശ് വാചാലനായി. ബാങ്ക് ഉദ്യോഗസ്ഥ ആയ ഭാര്യയും, രണ്ടു പെണ്മക്കളും അടങ്ങിയ സ്വച്ഛവും, സുന്ദരവുമായ ഒരു കൊച്ചു കുടുംബത്തെ അവൾ അവന്റെ വാക്കുകളിലൂടെ വരച്ചെടുത്തു..

 

എല്ലാവർക്കും സ്വസ്ഥമായ കുടുംബജീവിതം ഉണ്ടായിരിക്കുന്നു. എങ്ങനെ ഒക്കെ ഉഴപ്പി നടന്ന ചെക്കന്മ്മാരായിരുന്നു. അല്ലെങ്കിലും ആൺകുട്ടികൾ അങ്ങനെ ആണ്.

 

ജീവിതം പെട്ടന്ന് തിരിച്ചു പിടിക്കാൻ മിടുക്കുള്ളവരാണ് അവർ. പെണ്ണാകട്ടെ ഉറക്കം കളഞ്ഞും, ഊണ് ഉപേക്ഷിച്ചും പഠിത്തം മാത്രമായി കഴിഞ്ഞിട്ട് ഒടുവിൽ വല്ലവന്റെയും അടുക്കളയിൽ വെറും ഒരു പാചകക്കാരിയായി ജീവിച്ചു തീർക്കാനാണ് യോഗം !

 

അവൾ ഫ്രിഡ്ജിൽ നിന്നെടുത്ത തണുത്ത വെള്ളത്തിൽ ഒരു നാരങ്ങ പിഴിഞ്ഞെടുത്തു പാകത്തിന് മധുരം ചേർത്തു. പായസം വേവാകാൻ ഇനിയും സമയമെടുക്കും.

 

മനസ്സ്, പെട്ടന്ന് ഗുൽമോഹർ പൂത്തു നിറഞ്ഞ ആ പഴയ ക്യാമ്പസിന്റെ വീഥികളിലേയ്ക്ക് ഓടിക്കയറി.

 

ഡിഗ്രി ക്ലാസ്സിൽ ഒന്നിച്ചു പഠിച്ച ആകാശിനെ, അവൾക്ക് മാത്രമല്ല ഒപ്പം പഠിച്ച ആർക്കും തന്നെ മറക്കുവാൻ കഴിയുമായിരുന്നില്ല.

 

കോളേജിലെ ആർട്സ് ക്ലബ് സെക്രട്ടറിയും, ഗായകനും, എല്ലാവരോടും വളരെ നല്ല സുഹൃത്ത് ബന്ധവുമുള്ള ആൾക്ക് ആകെയുള്ള ഒരു കുറവ് വലത്തേക്കാലിലെ മുടന്ത് മാത്രമായിരുന്നു.

 

എന്നിട്ടും പെൺകുട്ടികൾ അയാൾക്ക് ചുറ്റുമായിരുന്നു എപ്പോഴും. അവർ ആവശ്യപ്പെടുന്ന സിനിമ ഗാനങ്ങൾ പാടിക്കൊടുക്കുന്നത് അവനും വലിയ ഹരമായിരുന്നു.

 

കോളേജ് വിട്ടതിൽ പിന്നെ കൂടെ പഠിച്ചവരുമായി അധികം ചങ്ങാത്തം തുടർന്ന് കൊണ്ട് പോകാനുള്ള അവസ്ഥ ആയിരുന്നില്ല അവൾക്ക്. ഒന്നോ രണ്ടോ ഇൻറ്റിമേറ്റ് ആയ കൂട്ടുകാരികളുടെ ഒഴിച്ച് ഫോണിൽ മാറ്റാരുടെയും നമ്പറും അഖില സൂക്ഷിച്ചിരുന്നില്ല.

 

പോരെങ്കിൽ വിവാഹം കഴിഞ്ഞതോടെ, അവൾ ശരിക്കും കൂട്ടിലടച്ച കിളിയുടെ ഉൾച്ചൂടിൽ ആയിരുന്നു.

 

ആരോടും അധികം ഇടപെടുന്നതിൽ തീരെ താല്പ്പര്യം ഇല്ലാത്ത ആളിന്റെ സ്വഭാവം അറിയാവുന്നതിനാൽ സുഹൃത്ത് ബന്ധങ്ങളെ മനഃപൂർവം ഒഴിവാക്കി. സ്വന്തം ഫോൺ നമ്പർ പരിചയക്കാർക്ക് പോലും കൊടുക്കാൻ പേടിച്ചു.

 

സേവ് ചെയ്യാത്ത നമ്പറിൽ നിന്നുള്ള വിളികൾ ഡിസ്പ്ലേയിൽ തെളിയുമ്പോൾ സംശയം കൊണ്ട് പലരുടെയും പേരുകൾ വിളിച്ചു പറയുന്ന ഭർത്താവിന്റെ സ്വഭാവം അവളും വെറുത്തുപോയിരുന്നു.

 

തന്റെ ജീവിതം മുഴുവനും ഭർത്താവിന്റെയും മക്കളുടെയും വിഴുപ്പലക്കിയും, ഊട്ടിയും ഉറക്കിയും, ഉണർത്തിയും തേഞ്ഞു തീരുമ്പോഴും സ്വന്തം താൽപ്പര്യങ്ങളും അവളുടേതായ കൊച്ചു കൊച്ചിഷ്ടങ്ങളും പൊടിപിടിച്ചും, ക്ലാവ് പിടിച്ചും, പൊടിഞ്ഞും നുറുങ്ങിയും അവൾ പോലുമറിയാതെ ഇല്ലാതായികൊണ്ടേയിരുന്നു.

 

വല്ലപ്പോഴും ടൗണിലുള്ള തിയറ്ററിൽ ഒരു സിനിമ, അതും മക്കളുടെ നിർബന്ധം കൊണ്ട് മാത്രം!

 

പിന്നെ, മക്കളോടൊത്ത് ഓണത്തിനും വിഷുവിനും സ്വന്തം വീട്ടിലേയ്ക്കുള്ള യാത്ര, മക്കളുടെയും, ഭർത്താവിന്റെയും ജന്മദിനങ്ങൾക്ക് അമ്പലത്തിൽ പോയൊരു പുഷ്പാഞ്ജലിയും പായസവും!

 

ഇതൊക്കെയാണ് ഓരോ വർഷങ്ങളിൽ അവൾ കടന്നു പോകുന്ന വിരസ ദിനങ്ങളിലെ പകലുകൾ നൽകിയ തെളിച്ചങ്ങൾ !

 

സ്വന്തം പിറന്നാൾ ആരും ഓർക്കാത്തത് കൊണ്ട് അത് അവൾ വീട്ടിലെ കൃഷ്ണ വിഗ്രഹത്തിന് മുന്നിൽ പ്രാർത്ഥിച്ചു തീർത്തു.

പെണ്ണുങ്ങൾക്ക് ഇത്രയൊക്കെയേ പറഞ്ഞിട്ടുള്ളൂ..

ആരുടെയോ നെടുവീർപ്പുകൾ..

 

അല്ലല്ല ഏട്ടന്റെ അമ്മയുടെ സാന്ത്വനം ആണ്.

പഠിപ്പുള്ള പെൺകുട്ടികൾ ആയാലും കല്യാണം കഴിഞ്ഞാൽ കെട്ടിയവന്റെ കാര്യങ്ങൾ നോക്കി അടങ്ങി ഒതുങ്ങി കഴിയണം. അതിലൊരു നാണക്കേടും വേണ്ടത്രെ !!

 

അല്ലെങ്കിലും നാണക്കേട് തോന്നുന്നത്, ജോലി ചെയ്‌തു നടുവൊടിയുന്നതിലോ, ആട്ടും തുപ്പും കേൾക്കേണ്ടി വരുന്നതിലോ അല്ലല്ലോ, മറ്റുള്ളവരുടെ മുന്നിലിട്ട് തരം താഴ്ന്ന വാക്കുകൾ കൊണ്ട് അപമാനിക്കുന്നതിൽ മാത്രമല്ലെ!

 

മറ്റുള്ളവരുടെ മുന്നിൽ ഭാര്യയോട് സ്നേഹം പ്രകടിപ്പിക്കുന്നത് കുറച്ചിലാണെന്ന് കരുതുന്ന ആളിനെ തിരുത്താൻ നിന്നാൽ അസാദ്ധ്യമാണെന്നും അവൾക്ക് മനസ്സിലായി.

 

പാവം! ആ കൊച്ചിന്റെ ഒരു വിധി എന്ന് മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുക കൂടി ചെയ്യുമ്പോൾ ഒരു മണൽത്തരിയെക്കാൾ താൻ തീർത്തും ചെറുതായി ചുരുങ്ങി പോകും.

പക്ഷെ, അതൊന്നും ആളിനൊരു പ്രശ്നവുമായിരുന്നില്ല!

 

ഇന്നത്തെ ആഘോഷം തന്നെ മക്കളുടെ നിർബന്ധം കൊണ്ടാണ്. അവർക്ക് അച്ഛൻ വൈകിട്ട് കേക്ക് മുറിച്ച് അമ്മയുടെ വായിൽ വെച്ച് കൊടുക്കുന്ന ഫോട്ടോ എടുക്കണം.

ഫേസ്ബുക്കിൽ ഇടാനാണത്രെ.

 

കേക്കും ആഘോഷവും ഒന്നും ഇല്ലെങ്കിലും ഒന്നാം വർഷം മുതൽ ചെറിയൊരു സദ്യയും,പായസവും തനിക്ക്

നിർബന്ധം ആണ്. അത് പത്താം വർഷത്തിലെത്തി നിൽക്കുമ്പോഴും തുടരുന്നു. അത്രതന്നെ!പലപ്പോഴും ഉച്ചയ്ക്ക് സദ്യ ഉണ്ണാൻ ഇരിക്കുമ്പോഴായിരിക്കും അന്വേഷണം!

 

“ഇന്നെന്താ വിശേഷം?”

ഒന്നും പറയണ്ട എന്ന് കണ്ണടച്ച് കാട്ടിയാലും അനുമോൾക്ക് ഒന്ന് വിളിച്ചു പറയണം.

 

” അച്ഛാ ഹാപ്പി ആനിവേഴ്സറി ”

 

വിളറിയ മുഖത്തോടെ അമ്മയുടെ നേരെ ഒന്നൊളിഞ്ഞു നോക്കിയിട്ട്, ഒന്നും സംഭവിക്കാത്തത് പോലെ ഇരുന്ന് കഴിക്കുന്ന അച്ഛനെ നോക്കി അഭിമോൻ പിറുപിറുക്കും.

 

” ഈ അച്ഛനിത്തിരി ജാഡ കൂടുതലാ.. ”

 

“അത് നിങ്ങൾ ഇപ്പോഴാണോ മനസ്സിലാക്കുന്നത്?” എന്നല്പം പരിഹാസത്തോടെ കൊള്ളിച്ചു പറയുമ്പോൾ

 

” പിന്നെ തൊഴിലൊന്നുമില്ലാത്ത പെണ്ണുങ്ങളെപ്പോലെ ഇതുമാത്രം ഓർത്തിരിക്കുവല്ല എന്റെ പണി.. ” എന്ന് അതിലും കത്തിമുന കൊണ്ടൊന്നു തിരിഞ്ഞു കോർക്കും.

 

പക്ഷേ,വൈകിട്ടു വന്നു കേറുന്ന ആളിന്റെ കയ്യിൽ മക്കൾ അറിയാതെ ഒരു പൊതി മറഞ്ഞിരിപ്പുണ്ടാവും.

 

എല്ലാ ജോലിയും തീർത്തു മുറിയിൽ എത്തുമ്പോൾ അവളെ എതിരേൽക്കാൻ മുല്ലപ്പൂവിന്റെ നറുമണത്തോടൊപ്പം ഒരു പട്ടു സാരിയും കാത്തിരിപ്പുണ്ടാവും എന്ന് ചുരുക്കം !

പക്ഷെ, ഭാര്യയോടുള്ള സ്നേഹം ആരും തിരിച്ചറിയുന്നത് മാത്രം അയാൾ ഇഷ്ടപ്പെട്ടിരുന്നില്ല.

 

എന്നാൽ അത്തരം സ്നേഹത്തെക്കാൾ അഖില ആഗ്രഹിച്ചിരുന്നത് എല്ലാവരുടെയും മുന്നിൽ അവളെ സ്നേഹവായ്‌പ്പോടെ ചേർത്തു പിടിക്കുന്നൊരു ഭർത്താവിനെ ആയിരുന്നു.

 

ദേ ഇതാണ് എന്റെ ഭാര്യ. ഞാൻ ജീവനെക്കാളേറെ സ്നേഹിക്കുന്നവൾ .. അങ്ങനെ ഒരു നിമിഷം ഏത് പെണ്ണാണ് കൊതിക്കാത്തത്.

 

പക്ഷെ, അയാളുടെ സ്വാർത്ഥത നിറഞ്ഞ സ്നേഹം കൊണ്ട് ഉരുക്കിയെടുത്ത തടവറക്കുള്ളിൽ ആയിരുന്നു അഖില എപ്പോഴും. പുറത്തുള്ള കാഴ്ചകളും, സന്തോഷങ്ങളും നിരോധിച്ച ഒരു സ്വർണ്ണ തടവറയിൽ!!

 

അതിൽ നിന്നൊരു മോചനം അവൾ പലപ്പോഴും വെറുതെയെങ്കിലും ഭാവനയിൽ കണ്ടെങ്കിലും അതൊരിക്കലും അവൾക്ക് സാധ്യമായിരുന്നില്ലല്ലോ. അത് തന്നെ ആയിരുന്നു അഖില എന്ന മുപ്പത്തിയാറുകാരിയുടെ പരാജയവും!

 

നീളൻ കോപ്പയിലേയ്ക്ക് പകർന്നെടുത്ത നാരങ്ങാ വെള്ളം ആകാശിന്റ കയ്യിൽ കൊടുക്കുമ്പോൾ അവൾ വെറുതെ ക്ലോക്കിലേയ്ക്ക് ഒന്ന് നോക്കി. ഉച്ചയ്ക്ക് ഊണ് കഴിക്കാൻ വരുന്ന നേരം കഴിഞ്ഞല്ലോ!

 

“എന്തായാലും ആകാശ് ആദ്യമായി ഇവിടെയ്ക്ക് വന്നത് ഒരു നല്ല ദിവസം തന്നെയാണ് കേട്ടോ.. ഇന്ന് ഞങ്ങളുടെ വെഡിങ് ഡേ കൂടിയാണ്. സദ്യ ഉണ്ടിട്ട് പോയാൽ മതി. നല്ല അടപ്രഥമൻ ഉണ്ട് കുറച്ചു കൂടി കാത്തിരുന്നാൽ അതും കൂടി റെഡിയാകും.”

 

നാരങ്ങാ വെള്ളം ഒറ്റവലിക്ക് കുടിച്ചിട്ട്, ഗ്ലാസ്സ് തിരികെ ഏൽപ്പിച്ചു കൊണ്ട് ആകാശ് തെളിഞ്ഞ ചിരിയോടെ ആശംസകൾ അറിയിച്ചു.

 

പിന്നെ മൊബൈൽ എടുത്തു സമയം നോക്കി.

 

“ഏയ്‌,അതൊന്നും വേണ്ട. ഇപ്പോൾ തന്നെ സമയം ഒരുപാട് ആയി. എനിക്ക് വേറൊരിടത്ത് കൂടെ കയറാനുണ്ട്. അഖിലയുടെ ആളിനെ കൂടെ പറ്റുമെങ്കിൽ കണ്ടിട്ട് പോകാമെന്നു വിചാരിച്ചിരുന്നതാണ്.”

 

“അത് സാരമില്ല. ആദ്യമായി വന്നതല്ലേ

ആകാശ് ഇവിടെ. ഏട്ടൻ ഇപ്പൊ എത്തും.

എല്ലാം റെഡിയാണ്.എല്ലാവരോടും ഒപ്പമിരുന്നു

ഊണ് കഴിച്ചിട്ട് പോയാൽ മതി.. ”

 

അഖില ഉത്സാഹത്തിലായിരുന്നു. പ്രതീക്ഷിക്കാതെ നല്ല ദിവസത്തിൽ വന്ന അതിഥി ആണ്. പറഞ്ഞു തീരുന്നതിനു മുൻപ് മോൾ അകത്തു നിന്ന് നീട്ടി വിളിച്ചു.

 

“അമ്മേ.. ദേ അച്ഛൻ വിളിക്കുന്നു..”

 

മൊബൈൽ നീട്ടിക്കൊണ്ട് നിൽക്കുന്ന മോളെ സംശയത്തോടെ ഒന്ന് നോക്കി. ഈ നേരത്ത് ഫോൺ പതിവില്ലല്ലോ. ഇപ്പൊ വീട്ടിൽ എത്തേണ്ട സമയമല്ലേ..

 

അഖില ഫോണുമായി മുറിയിലേയ്ക്ക് പോയി. ആകാശ്, അപ്പോഴും ഹാളിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന വലിയ ടിവിയിലേയ്ക്ക് നോട്ടം മാറ്റി.

 

“ഹലോ ”

“ആരാടീ അവിടെ കേറിയിരിക്കുന്നത്..?”

 

ചോദ്യത്തിലെ അമർഷത്തെക്കാൾ അവളെ പ്രകോപിപ്പിച്ചത് അതിൽ മുഴച്ചു നിന്ന സംശയമായിരുന്നു.. സ്വരം ഒന്ന് നിയന്ത്രിച്ച് അവൾ പതിയെ പറഞ്ഞു.

 

“ഏട്ടാ അത് എന്റെ കൂടെ കോളേജിൽ പഠിച്ച ആകാശ് ആണ് . ഇത് വഴി പോയപ്പോൾ ഇവിടെ വരെ ഒന്ന് കേറിയതാണ്.ഏട്ടനെക്കൂടി കണ്ടിട്ട് പോകാനിരിക്കുവായിരുന്നു.

ഇപ്പൊ എത്തില്ലേ?”

 

“നീയാദ്യം അവനെ അവിടുന്ന് പെട്ടന്ന് പറഞ്ഞു വിടാൻ നോക്ക് അഖിലേ. ഇല്ലേൽ എന്റെ വായിലിരിക്കുന്നത് അവൻ കൂടി കേൾക്കേണ്ടി വരും..”

 

ശരീരം ഒന്ന് വിയർത്തു. ദൈവമേ! എന്തൊരു മനുഷ്യനാണ് ഇത്. വീട്ടിൽ വന്നിരിക്കുന്നത്

ഒരു ശത്രുവായാൽ പോലും മര്യാദയോടെ വേണ്ടേ പെരുമാറാൻ?

 

ഇത് പോരെങ്കിൽ ആദ്യമായി വീട്ടിൽ വന്ന ഒരു സഹപാഠിയും! ഹൃദയ ശൂന്യതയാൽ തീർത്ത ഒരു വലിയ മുൾക്കിരീടം ഭർത്താവ് തന്റെ തലയിൽ എടുത്തു വെച്ചത് പോലെ തോന്നി അവൾക്ക്.

 

പിടിച്ചു പറിക്കാരനോ കൊലപാതകിയോ ഒന്നുമല്ലല്ലോ അപമര്യാദയോടെ പെരുമാറാൻ!

 

തന്റെ രക്തം വാർന്ന മുഖവും, വിയർത്ത നെറ്റിത്തടവും കണ്ട് മക്കൾ ആകെ വിഷണ്ണരായി. അവരും പന്തികേട് മണത്തു.

ഒരുവേള അവൾക്ക് സ്വയം തോന്നി..

 

താൻ ഫോണിലൂടെ സംസാരിച്ചത് എന്തെങ്കിലും ആകാശ് കേട്ടു കാണുമോ ? ഏയ്‌ വഴിയില്ല. സ്വയം സമാധാനിപ്പിക്കാൻ വെറുതെ ഒന്നു ശ്രമിച്ചു. അല്ലെങ്കിലും സ്വന്തം മനസ്സിന് താൻ മാത്രമല്ലേയുള്ളൂ ഒരു കൂട്ട്!

 

മനസ്സ് ആകെ മങ്ങിപ്പോയിരുന്നു. ഇതുവരെയും ഒരാഘോഷത്തിന്റെ മൂഡിൽ ആയിരുന്നു. പെട്ടന്ന് മുനിഞ്ഞു കത്തി നിന്ന നിലവിളക്കിന്റെ തിരിനാളം ആരോ തല്ലിക്കെടുത്തി കളഞ്ഞിരിക്കുന്നു. തന്റെ നിസ്സഹായാവസ്ഥയെക്കുറിച്ച് ഓർത്ത് അന്ന് ആദ്യമായി അവൾക്ക് വല്ലാത്ത വെറുപ്പ് തോന്നി.

 

കണ്ണാടിയിൽ നോക്കി മുഖം ഒന്നമർത്തി തുടച്ചു. എന്നിട്ടും ഉള്ളിലെ വല്ലായ്‌മകളുടെ ഞരമ്പുകൾ മുഖത്ത് എഴുന്നു നിൽക്കുന്നത് പോലെ !!

 

ആകാശ് അവളെ കണ്ടതും തിടുക്കത്തിൽ എഴുന്നേറ്റു.

 

” അഖിലേ, ഞാൻ ഇറങ്ങുവാ കേട്ടോ. ആള് വരുമ്പോൾ പറഞ്ഞാൽ മതി. ഇനി കക്ഷിയുള്ളപ്പോൾ ഒരു ദിവസം ഇവിടെ കേറാം.. ഒരല്പം തിരക്കുണ്ട് ”

 

“അയ്യോ.. ഒരല്പനേരം കൂടി ഇരിക്കാമായിരുന്നു. ഏട്ടൻ ഇങ്ങോട്ട് ഇറങ്ങിയിട്ടുണ്ട്. ഉച്ച സമയത്ത് വന്നിട്ട് ആഹാരം പോലും കൊടുക്കാതെ വിട്ടെന്ന് അറിഞ്ഞാൽ എന്നെ വഴക്ക് പറയും..”

 

അല്ലെങ്കിലും ഉത്തമയായ ഒരു ഭാര്യ അങ്ങനെ തന്നെയല്ലേ പറയേണ്ടത്! ആകാശ് സെറ്റിയിൽ വെച്ചിരുന്ന മൊബൈൽ ഫോണും, ബൈക്കിന്റെ കീയും, ഹെൽമറ്റും കയ്യിൽ എടുത്തു.

 

“അത് സാരമില്ലന്നെ..ഇതുവഴിയല്ലേ എന്നും ഞാൻ പോകുന്നത്.ഇനിയൊരിക്കൽ ഊണും കഴിച്ചിട്ടേ ഞാൻ പോകുന്നുള്ളൂ..

എന്താ?”

 

വിളറിയ ഒരു ചിരി പുറത്തേയ്ക്ക് വന്നുവോ,അതോ മടുത്തു പിൻവാങ്ങിയോ എന്ന് നിശ്ചയമില്ലായിരുന്നു.

 

പുറത്ത് എവിടെയോ രണ്ട് കഴുകൻ കണ്ണുകൾ തങ്ങളെ വട്ടമിടുന്നുണ്ടെന്നു തോന്നി.

അവളുടെ പിന്നിലായി എത്തിനോക്കിയ മക്കളോടായി അയാൾ കൈ ഉയർത്തി യാത്ര ചോദിച്ചു. അവർക്കായി ഒന്നും കൊണ്ട് വരാഞ്ഞതിൽ ക്ഷമയും!

 

ബൈക്കിൽ അകന്ന് പോകുന്ന അപ്രതീക്ഷിതമായി വന്നു കയറിയ അതിഥിയെ ഓർത്ത് വ്യാകുലമായ മനസ്സോടെ അകത്തേയ്ക്ക് നടക്കുമ്പോൾ അടുത്ത കലാശക്കൊട്ടിനുള്ള രംഗങ്ങൾ അവൾ മനസ്സിൽ കണ്ടു.

 

ചോദ്യങ്ങൾ, പറച്ചിലുകൾ, അടക്കിയിട്ടും പുറത്ത് ചാടുന്ന കരച്ചിൽ ചീളുകൾ..

 

എല്ലാം പഴയത് തന്നെ. വ്യത്യസ്തമായി ഉണ്ടായിരുന്നത് മുഷിഞ്ഞുപോയ വാർഷികവും തണുത്തുറഞ്ഞ സദ്യവട്ടങ്ങളും മാത്രമായിരുന്നു!!

പിന്നെ എല്ലാത്തിന്റെയും ഒടുവിൽ തന്നോട് തന്നെ ഒരു ചോദ്യവും!

 

“എന്തിന് വേണ്ടി ഇങ്ങനെ ഒരു ജീവിതം ജീവിച്ചു തീർക്കണം..?”

Leave a Reply

Your email address will not be published. Required fields are marked *