(രചന: J. K)
സ്നേഹ തണൽ എന്ന് എഴുതിയ ആ സ്ഥാപനത്തിന് മുന്നിലേക്ക് ഒരു മിനി കൂപ്പർ ഇരച്ചു കയറി…
അതിൽനിന്ന് ലളിതമായ വസ്ത്രധാരണം ചെയ്ത ഒരു യുവതി പുറത്തേക്ക് ഇറങ്ങി. അവർ നേരെ റിസപ്ഷനിലേക്ക് ആണ് പോയത് അവിടെ ചെന്ന് അവർ അന്വേഷിച്ചു,
“”അംബുജമ്മ??””
എന്ന്… ഇരിക്കൂ എന്ന് പറഞ്ഞ് അവരെ വിസിറ്റേഴ്സ് റൂമിലേക്ക് ഇരുത്തി റിസപ്ഷനിസ്റ്റ്…
അവർ ആരെയോ കാത്തെന്ന പോലെ അവിടെയിരുന്നു അക്ഷമയായി… കുറച്ചു കഴിഞ്ഞപ്പോൾ ഒരു വൃദ്ധ അങ്ങോട്ടേക്ക് വന്നിരുന്നു തലമുടി എല്ലാം പാറിപ്പറന്ന് കണ്ടാൽ തന്നെ അറിയാം കട്ട് എന്തൊക്കെയോ കഷ്ടതകൾ അനുഭവിച്ച ആളാണെന്ന്…
അവിടെ വിസിറ്റ് റൂമിൽ വന്നിരുന്ന യുവതിയെ അവർക്ക് ആദ്യം മനസ്സിലായില്ല ഒന്നുകൂടി തെളിച്ചു നോക്കിയപ്പോഴാണ് അവർക്ക് ആളെ മനസ്സിലായത്…
“””വരുണ!!””
ആ സ്ത്രീയുടെ ചുണ്ടുകൾ മന്ത്രിച്ചു.. ഒപ്പം പൊട്ടി വന്ന കരച്ചിൽ അടക്കാൻ അവർ പാടുപെടുകയായിരുന്നു..
വരുണയും അവരെ കണ്ട് ഒന്ന് അമ്പരന്നിട്ടുണ്ട് ഇത്രമേൽ പ്രാകൃതമായ ഒരു വേഷത്തിൽ അവൾ ഒരിക്കലും അമ്മയെ പ്രതീക്ഷിച്ചിരുന്നില്ല..
“”” ഞാൻ അമ്മയെ കൂട്ടിക്കൊണ്ടു പോകാൻ ആണ് വന്നത്!!””
അവൾ അങ്ങനെ പറഞ്ഞപ്പോഴേക്ക് കൈകൾ കൂപ്പി അവർ പറഞ്ഞിരുന്നു മാപ്പ്”””എന്ന്…
“”‘ ഞാൻ വരുന്നില്ല മോളെ ഇത് ഞാൻ ചെയ്ത തെറ്റിന്റെ ശിക്ഷ എന്നതുപോലെ കിട്ടിയതാണ്… ഞാൻ അത് അനുഭവിച്ചോളാം!!””
എന്ന് പറഞ്ഞപ്പോൾ സമ്മതിക്കാതെ അവൾ അവരെ കൂട്ടിക്കൊണ്ടുപോയി..
അവളുടെ കാറിന്റെ ശീതളിമയിലും അവർക്ക് വിയർക്കുന്നത് പോലെ തോന്നി..ഓർമ്മകൾ ഒരുപാട് വർഷം പുറകിലേക്ക് സഞ്ചരിച്ചു..
തന്റെ മകന്റെ ഭാര്യയായി വലതുകാൽ വച്ച് കയറി വന്നതായിരുന്നു അവൾ തന്റെ വീട്ടിലേക്ക്.. ഒട്ടും ഇഷ്ടമല്ലായിരുന്നു ഈ ബന്ധത്തിന്.. അത്യാവശ്യം പണമുള്ള മറ്റൊരു കുടുംബത്തിൽ നിന്ന് അവന് ഒരു കല്യാണാലോചന വന്നിട്ടുള്ളത് തന്നെ കാരണം..
പക്ഷേ അവൻ ഒറ്റക്കാലിൽ നിന്നു അവൾ മതി എന്ന് അതുകൊണ്ട് സമ്മതിച്ചു കൊടുക്കേണ്ടി വന്നു.. ആ ദേഷ്യം അവളോട് എന്നും ഉണ്ടായിരുന്നു പക്ഷേ അവൾ കയറി വന്നപ്പോൾ സ്വന്തം അമ്മയെ പോലെ തന്നെയാണ് കരുതിയത്..
പക്ഷേ അവൾ വീട്ടിൽ വലത് കാൽ വച്ചു കയറിയതു മുതൽ ഞാൻ അവളോട് ദുർമുഖമാണ് കാട്ടിയിരുന്നത്,
അവൾ ഒരിക്കലും പരാതി പറഞ്ഞിരുന്നില്ല..
അവരുടെ കല്യാണം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാല് കാണാൻ ആവാത്തതിൽ അവൾക്കേറേ വിഷമം കൊണ്ടാകും എന്ന് അറിഞ്ഞിട്ട് കൂടി അവളെ കുറ്റപ്പെടുത്തിയത് ഞാനായിരുന്നു!!
എന്റെ മകൻ പലപ്പോഴും പറഞ്ഞിട്ടുണ്ട് അവളെ ഇങ്ങനെ കുത്തി നോവിക്കരുത് എന്ന് അതൊക്കെ തലയിണ മന്ത്രം ആണെന്ന് പറഞ്ഞ് ഞാൻ ഒരുപാട് അവരെ രണ്ടുപേരെയും ദ്രോഹിച്ചിട്ടുണ്ട്..
കുഞ്ഞുണ്ടാവാത്തതിൽ അവൾക്ക് ഏറെ വിഷമം ഉണ്ട് എന്നറിഞ്ഞതും ആ പേര് പറഞ്ഞ് ഞാൻ അവളെ ഒരുപാട് കുത്തി നോവിച്ചു വീട്ടിലുള്ളപ്പോൾ മാത്രമല്ല നാലാള് കൂടുന്നിടത്ത് പോലും അതിന്റെ പേരിൽ ഞാൻ അവളെ അപമാനിച്ചു ഒന്നും മിണ്ടാതെ നിന്നതല്ലാതെ അവൾ ഒന്നും പ്രതികരിച്ചില്ല…
ഞാൻ എന്തൊക്കെ പറഞ്ഞാലും അവൾക്ക് കൂട്ടായിഎന്റെ മകൻ ഉണ്ട് എന്നറിയാമായിരുന്നു കറകളഞ്ഞ സ്നേഹമായിരുന്നു അവർ തമ്മിൽ അതുപോലും എനിക്ക് ആസൂയ ഉണ്ടാക്കി എന്നെക്കാൾ അവൾക്ക് കൂടുതൽ അവൻ പ്രാധാന്യം കൊടുക്കുന്നത് എനിക്ക് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല
അവന്റെ അച്ഛന്റെ മരണശേഷം ഞാൻ അവനെ പൊന്നുപോലെയാണ് നോക്കിയത് പെട്ടെന്ന് ഒരാൾ വന്ന് അവന്റെ കാര്യത്തിൽ അധികാരം കാണിക്കുന്നത് എനിക്ക് സഹിക്കാൻ കഴിയുന്നതിനും അപ്പുറത്ത് ആയിരുന്നു..
അതുകൊണ്ടാണ് പലപ്പോഴും പല കാരണങ്ങളും പറഞ്ഞ് അവളെ ഞാൻ കുറ്റപ്പെടുത്തി കൊണ്ടിരുന്നത് പക്ഷേ എന്തൊക്കെ പറഞ്ഞാലും അവന് അവളെ അറിയാമായിരുന്നു..
ഒരിക്കലും എന്റെ മകൻ എന്നോട് ഒരു തുറന്ന യുദ്ധത്തിന് മെനക്കെട്ടില്ല പകരം അവൾക്ക് കൂടുതൽ സപ്പോർട്ട് കൊടുത്തു.. എന്നോട് അവളെ ഇങ്ങനെ സങ്കടപ്പെടുത്തരുത് എന്ന് അപേക്ഷിക്കുക മാത്രം ചെയ്തു…. ഞാനത് ചെവി കൊണ്ടതെ ഇല്ല…
അങ്ങനെയാണ് ഒരു ആക്സിഡന്റിൽ അവനെ ഞങ്ങൾക്ക് നഷ്ടപ്പെടുന്നത് എന്റെ പ്രിയപ്പെട്ട മകന്റെ വിയോഗം എനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറത്തായിരുന്നു… അവൻ മരിച്ചതിന്റെ കുറ്റം പോലും ഞാൻ അവളുടെ തലയിൽ ചാർത്തിക്കൊടുത്തു അവളുടെ ജാതക ദോഷം കൊണ്ടാണ് എന്ന് പറഞ്ഞു…
അവൾക്ക് വെറും ഇരുപത്തി മൂന്ന് വയസ്സാണ് അവൻ മരിക്കുമ്പോൾ ഉണ്ടായിരുന്നത്.. ഒരു ജന്മം മുഴുവൻ അവളുടെ മുന്നിൽ ഇങ്ങനെ നീണ്ട കിടക്കുകയാണ്. എന്നിട്ട് പോലും ഞാൻ അത് മനസ്സിലാക്കിയില്ല അവന്റെ മരണശേഷം വെറും നാല് മാസത്തിനു ശേഷം ഉള്ള ഒരു കല്യാണത്തിന് അവൾ പട്ടുസാരി ഉടുത്തതും പൊട്ടുതൊട്ടതും ഞാൻ വലിയ പ്രശ്നമാക്കി…
ആയിടക്കാണ് ഗവൺമെന്റിൽ നിന്ന് സ്ത്രീകളുടെ ഓരോ സംരംഭങ്ങൾക്കും പണം നൽകി സഹായിക്കുന്നുണ്ട് എന്ന് കേട്ടത് അവൾക്ക് നന്നായി തയ്ക്കാനുള്ള കഴിവുണ്ടായിരുന്നു ഓരോ വസ്ത്രങ്ങളും അവൾ തയ്ക്കുന്നത് കാണുമ്പോൾ ശരിക്കും റെഡിമേഡ് പോലെ ഉണ്ടായിരുന്നു പലപ്പോഴും പലരും ഓരോ മോഡൽ കാണിച്ചുകൊടുത്ത അവളോട് അതുപോലെ തയ്ച്ചു കൊടുക്കാൻ പറയുന്നത് കാണാം..
അവൾ അതൊരു ജോലി ആയിട്ടൊന്നും ഏറ്റെടുത്തിട്ടുണ്ടായിരുന്നില്ല.. കാരണം എന്റെ മകനുള്ളപ്പോഴേ അവൾക്കത് കൂടുതലായി ചെയ്യണം എന്നുണ്ടായിരുന്നു വീടിന് തൊട്ടടുത്തുള്ള ഗാർമെന്റ്സിൽ നിന്ന് ഒരിക്കൽ അവളെ വിളിച്ചതും ആണ്
പക്ഷേ പെണ്ണുങ്ങൾ ജോലി ചെയ്ത് ഇവിടെ കൊണ്ടുവരേണ്ട എന്ന് പറഞ്ഞ് അത് മുടക്കിയത് ഞാൻ തന്നെയാണ് അതിൽ പിന്നെ അവൾ അതിനു പോണം എന്നും പറഞ്ഞിട്ടില്ല അവൻ വിട്ടിട്ടുമില്ല…
മോൻ മരിച്ചപ്പോൾ ആകെയുണ്ടായിരുന്ന വരുമാനമാണ് നിന്നത് എന്റെ പെൻഷൻ തുകകൊണ്ട് മാസം അങ്ങോട്ടും ഇങ്ങോട്ടും എത്തുന്നില്ല ആയിരുന്നു അതുകൊണ്ടാണ് അവൾ പറഞ്ഞത് അവൾ ജോലിക്ക് പോയിക്കോളാം എന്ന് എനിക്ക് എന്തോ അത് അംഗീകരിക്കാൻ കഴിഞ്ഞില്ല ഞാൻ അവളെ തടഞ്ഞു അന്ന് ആദ്യമായി അവൾ എന്നെ എതിർത്ത് ജോലിക്ക് പോയി ഞാൻ അവളെ വീട്ടിൽ നിന്ന് ഇറക്കി വിട്ടു..
അവളുടെ ഭർത്താവ് താമസിച്ചിരുന്ന.. അവന്റെ ഓർമ്മകൾ തങ്ങി നിൽക്കുന്ന വീട്ടിൽ നിന്ന് ഇറങ്ങാൻ അവൾക്ക് വയ്യ അമ്മേ എന്ന് പറഞ്ഞു ഒരുപാട് എന്റെ മുന്നിൽ നിന്നു കരഞ്ഞു പക്ഷേ അപ്പോഴൊന്നും എന്റേ മനസ്സ് അലിഞ്ഞില്ല…
അവൾ അവിടെ നിന്നിറങ്ങി അവളുടെ വീട്ടിലേക്ക് പോയി തന്നിഷ്ടപ്രകാരം കാര്യങ്ങൾ തീരുമാനിക്കുന്നവളാണ് എന്ന് എല്ലാവരോടും ഞാൻ പറഞ്ഞു അവൾ പോയതിനുശേഷം ഞാൻ അവളെപ്പറ്റി അന്വേഷിക്കുക പോലും ചെയ്തില്ല പക്ഷേ ആളുകൾ വഴി അറിയുന്നുണ്ടായിരുന്നു അവൾ സ്വന്തമായി ഗാർമെന്റസ് തുടങ്ങിയ കാര്യം..
അത് പിന്നെ പുതിയ ടെക്സ്റ്റൈൽസിലേക്കും വലിയ ബിസിനസ്സിലേക്കും വഴിവച്ചു..
എന്റെ കാര്യം നേരെ തിരിച്ചായിരുന്നു പണ്ടൊരു ലോൺ എടുത്തത് ബാങ്കിൽ അതിന്റെ പലിശ കൂടിക്കൂടി വന്നു ബാങ്കിൽ നിന്നും വീട് ജപ്തി ചെയ്യാൻ വന്നു. അവിടെനിന്ന് ഇറങ്ങി കൊടുക്കേണ്ടി വന്നു. എങ്ങോട്ടും പോകാൻ ഇടമില്ലാത്തതുകൊണ്ട് ഒരു ഓൾഡേജ് ഹോമിൽ ആക്കി എന്നെ ആളുകൾ..
അവിടെ ഒരു പ്രതീക്ഷയും ഇല്ലാതെ കഴിയുകയായിരുന്നു ചെയ്യാൻ കഴിയുന്ന സഹായങ്ങളും ജോലികളും ചെയ്തുകൊണ്ട് അന്നേരമാണ് അവൾ വന്നത് ഒരിക്കലും അവളെന്നേ കാണാൻ വരും എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല കാരണം ഞാൻ അവളോട് ചെയ്തത് അത്രയ്ക്ക് വലിയ ക്രൂരതകൾ ആയിരുന്നു…
വന്നത് മാത്രമല്ല അവളെ കൂടെ കൂട്ടി എനിക്കറിയാമായിരുന്നു അവൾ എത്രത്തോളം അവളുടെ ഭർത്താവിനെ സ്നേഹിച്ചിരുന്നു എന്ന് അതിൽ ഒരു അംശമാണ് ഇപ്പോൾ എന്നോട് കാണിക്കുന്നത് അല്ലെങ്കിലും ഞാൻ ചെയ്തതുപോലെ ഒരിക്കലും അവൾ എന്നോട് തിരിച്ചു ചെയ്തിട്ടില്ല അതാണ് ഞങ്ങൾ തമ്മിലുള്ള വ്യത്യാസവും..
ഇന്ന് അവളുടെ തണൽ പറ്റി യാതൊരു കുറവും ഇല്ലാതെ ഞാൻ അവളുടെ വീട്ടിൽ താമസിക്കുന്നുണ്ട്… ഒരു അംശം പോലും അർഹത ഇല്ലാത്തതാണ് എന്ന് പൂർണ്ണ അറിവോടെ തന്നെ..
ഒരുപക്ഷേ ഇതായിരിക്കും ഈ ജന്മത്തിൽ ദൈവം എനിക്ക് വിദിച്ച ശിക്ഷ..