വേരറ്റ ബന്ധങ്ങൾ
(രചന: ശാലിനി)
ബസ്റ്റോപ്പിലേക്ക് തിരക്കിട്ട് നടക്കുമ്പോൾ പതിവ് പോലെ ഇന്നും ബസ്സ് പോയിക്കാണുമോയെന്ന വേവലാതിയിലായിരുന്നു മനസ്സ്.
മകനെ സ്കൂളിലാക്കിയിട്ട് വേണം ഓഫീസിലേക്ക് പോകാൻ. അതുകൊണ്ട് തന്നെ പലപ്പോഴും ബസ്സ് കിട്ടാനും വൈകും.
വൈകിച്ചെല്ലുമ്പോൾ പ്യൂണിന്റെ വരെ മുഷിഞ്ഞ
മുഖം വരെ കാണണം.ഒന്ന് ജീവിക്കാൻ എന്തെല്ലാം സഹിക്കണം !
ഓരോരോ ഓർമകളിൽ കുടുങ്ങി ധൃതിയിൽ നടക്കുമ്പോഴാണ് പുറകിൽ നിന്ന് ഒരു വിളിയൊച്ച.
തിരിഞ്ഞു നോക്കിയതും വല്ലാതെ ഷോക്കടിച്ചതു പോലെയായി !ജയേട്ടൻ !!”നിന്നെ ഞാനെത്ര തവണയായി വിളിക്കുന്നു..
നീയെന്താ ഫോൺ എടുക്കാത്തത്? “മറുപടി പറയാനൊന്നുമില്ലായിരുന്നു.. അല്ലെങ്കിൽ തന്നെ അത് അയാൾ അർഹിക്കുന്നുണ്ടെന്നു തോന്നിയുമില്ല..
“എനിക്ക് രണ്ടിലൊന്ന് അറിഞ്ഞേ പറ്റൂ..വല്യ ആളാണെന്ന തോന്നലുണ്ടെങ്കിൽ
അതങ്ങ് മനസ്സിൽ വെച്ചാൽ മതി. നീ മാത്രമല്ല പെണ്ണൊരുത്തിയായി ഭൂമിയിലുള്ളത്.”
ഉയരുന്ന ഒച്ചയിൽ പരിസരത്തു നിന്ന് പലരും തിരിഞ്ഞുനോക്കാൻ തുടങ്ങി..
ദൈവമേ ! ഇതെന്തൊരു നാണക്കേടാണ്..ഇയാൾ ഇതെവിടുന്നാണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടത് ..
നടത്തത്തിന്റെ വേഗത കൂട്ടി.”ഞാൻ ഫോൺ വാങ്ങിത്തന്നത് ഓഫ് ചെയ്തു വെക്കാൻ അല്ല.. മര്യാദയ്ക്കല്ലെങ്കിൽ എന്റെ വിധം മാറും.. പറഞ്ഞേക്കാം…”
പെട്ടന്ന് അരികിലൂടെ പോയ ഒരോട്ടോ കൈ കാട്ടി വിളിച്ചു. ജീവൻ തട്ടിപ്പറിച്ചെടുക്കുമ്പോലെ അതിലേക്ക് ചാടിക്കയറി. ഓട്ടോയിലിരുന്ന് വിറയലോടെ മെല്ലെ തിരിഞ്ഞു നോക്കുമ്പോൾ
അയാൾ ഒരു പ്രതിമ പോലെ അവിടെത്തന്നെ നിൽപ്പുണ്ട്..!
നല്ലയൊരു ദിവസത്തിന്റെ ഭംഗിയെല്ലാം നിമിഷനേരം കൊണ്ടില്ലാതായിരിക്കുന്നു !
അന്ന് മുഴുവനും യാന്ത്രികമായി എന്തൊക്കെയോ ചെയ്തുതീർത്തു.
കഷ്ടപ്പെട്ട് കിട്ടിയ ഒരു ജോലിയാണ്.ഇതുംകൂടി നഷ്ടപ്പെട്ടാൽ പിന്നെയെങ്ങനെ ജീവിക്കും ?
വൈകുന്നേരം സ്കൂളിൽ നിന്ന് മകനെയും കൂട്ടി വീട്ടിലേക്ക് കയറുമ്പോൾ അച്ഛന്റെ കണ്ണുകളിലെ ചോദ്യഭാവം കണ്ടില്ലെന്ന് നടിച്ചു..
ചായയുമായി അമ്മയുടെ മുറിയിലേയ്ക്കു ചെല്ലുമ്പോൾ അച്ഛനും മുറിയിലുണ്ട്..
” ഇന്ന് അവൻ വന്നിരുന്നു അല്ലേ.. “”ഉം.. “നിർവികാരതയായിരുന്നു സ്വരത്തിൽ !
പതിയെ കട്ടിലിലേക്ക് അമ്മയെ ചാരിയിരുത്തി അമ്മയുടെ ചുണ്ടിലേക്ക് ചെറു ചൂടുള്ള ചായ പകർന്നു കൊടുക്കുമ്പോൾ വീണ്ടും അച്ഛൻ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു..
“ഇനിയീ പരിസരത്തെങ്ങാനും അവൻവന്നെന്ന് അറിഞ്ഞാലാ..കുത്തി മലത്തും ഞാൻ ”
അച്ഛന്റെ മുഖം കാൺകെ അവൾക്ക്വല്ലാത്ത ഭയം തോന്നി.അച്ഛനും എത്ര നാളായി ഈ അപമാനം സഹിക്കുന്നു.
ആകെയുള്ള ഒരാശ്വാസംമകന്റെ കളിയും ചിരിയും മാത്രമാണ്..ജീവിക്കുവാൻ എന്തെല്ലാം ദുരിതങ്ങൾ താണ്ടണം എന്ന് തിരിച്ചറിഞ്ഞ നാളുകളാണ് തന്നെ കടന്നു പോകുന്നത് .
ഒറ്റയ്ക്ക് ഒരു തീരുമാനം എടുക്കാൻ പോലും അവകാശമില്ലാത്ത ജന്മം ആയിരിക്കുന്നു തന്റേത് ! മകൻ ഉറക്കെ വായിക്കുന്ന പാഠങ്ങൾ കേട്ടിരിക്കുമ്പോൾ മനസ്സ് പിടിവിട്ടെങ്ങോട്ടോ പറന്നു പോയി..
പഠിത്തം കഴിഞ്ഞു വെറുതെ നിൽക്കുമ്പോൾ തനിക്ക് വന്ന ആലോചനകളൊന്നും അച്ഛനിഷ്ടപ്പെട്ടിരുന്നില്ല..
വയ്യാത്ത അമ്മയെ നോക്കാൻ വേറെയാരും വീട്ടിലുണ്ടായിരുന്നുമില്ല. പലർക്കും ഓരോ കുറ്റങ്ങൾ അച്ഛൻ തന്നെ കണ്ടെത്തുകയായിരുന്നു. വലിയ സ്ത്രീധനം കൊടുക്കാൻ ഒട്ടും നിവർത്തിയുമില്ല. വരുന്നവരെല്ലാം പെണ്ണിനെ ഇഷ്ട്ടപ്പെട്ടു പോകുമ്പോൾ അമ്മയുടെ മുഖത്ത് മാത്രം ഒരു തെളിച്ചം വീശും.
പക്ഷേ, ഒന്നും കൊടുക്കാനില്ലാതെ ആരെങ്കിലും വിവാഹം കഴിച്ചു കൊണ്ട് പോകാൻ തയ്യാറാകുമോ.? പ്രായം തികഞ്ഞിട്ടും വിവാഹം കഴിയാത്ത ഒരു പെണ്ണിന്റെതായ സ്വപ്നങ്ങളും ആഗ്രഹങ്ങളുമെല്ലാം കെട്ടിപ്പൂട്ടി വെച്ചു .
ഒരിക്കൽ, ഒരു ബന്ധുവിന്റെ കല്യാണത്തിനാണ് ജയേട്ടന്റെ ആലോചനയുമായി ഒരാൾ അച്ഛനെ സമീപിച്ചത്.. നല്ല ഒരു പെൺകുട്ടിയെ മാത്രം മതി. വേറൊരു ഡിമാൻഡും അവർക്കില്ലെന്ന് പറയുമ്പോൾ അച്ഛന്റെ മുഖത്തേക്കൊന്നു പാളിനോക്കി..
ഒന്നും തിരിച്ചറിയാനാകാത്ത ഭാവം !ഇതിലും അച്ഛൻ എന്തെങ്കിലും കുറ്റം കണ്ട് പിടിക്കുമോ?
വീണ്ടും വീണ്ടും ആലോചന മുറുകി വന്നപ്പോൾ അച്ഛനൊഴിഞ്ഞു മാറാൻ പറ്റാതായി.. അല്ലെങ്കിൽ തന്നെ നാട്ടുകാർ പലതും പറഞ്ഞു തുടങ്ങിയിരുന്നു.
ഒരു പെൺകൊച്ചുള്ളതിനെ കെട്ടിച്ചു വിടാതെ വീട്ടിൽ നിർത്തി പണിചെയ്യിപ്പിക്കുന്നു എന്നൊക്കെ കേൾക്കെയും കേൾക്കാതെയും പറഞ്ഞു. അപ്പോഴൊന്നും അച്ഛൻ അത് ഗൗനിക്കാത്ത മട്ടിലിരുന്നു.
ഒടുവിൽ എങ്ങനെയൊക്കെയോ
ആ വിവാഹം മംഗളമായി നടന്നു..
അമ്മയുടെ കാലിൽ തൊട്ടനുഗ്രഹം വാങ്ങുമ്പോൾ ആ കണ്ണുകളിൽ നിന്ന്
ഒരനുഗ്രഹം പോലെ കണ്ണുനീർ ഒഴുകിയിറങ്ങി..
അച്ഛനും അമ്മയും ഇല്ലാത്ത ആ പുതിയ
വീട്ടിൽ സഹോദരങ്ങളും അവരുടെ കുടുംബങ്ങളുമായിട്ട് ഒരുപാടുപേർ ഉണ്ടായിരുന്നു. ആദ്യമൊക്കെ
എല്ലാവർക്കും വലിയ സ്നേഹമായിരുന്നു.
പുതുപെണ്ണ് പഴകിത്തുടങ്ങിയതോടെ ഓരോ ദിനങ്ങളുടെ നിറവും ഭംഗിയും മങ്ങുവാനും തുടങ്ങി..
ജയേട്ടൻ മിക്കവാറും വരിക മദ്യപിച്ചു ബോധമില്ലാതെയായിരിക്കും ! എത്ര സ്നേഹത്തോടെ ഉപദേശിച്ചാലും, അത് മാത്രം നിർത്താൻ പറ്റില്ല മറ്റെന്തു വേണമെങ്കിലും പറഞ്ഞോ എന്ന് എങ്ങും തൊടാത്ത മട്ടിൽ പിറുപിറുക്കും!
അതിന്റെ കൂടെ മൂത്ത ചേട്ടത്തിയുടെ
ഭരണവും ശാസനയും..
ഒന്നും കണ്ടില്ലെന്നുള്ള ഭർത്താവിന്റെ പെരുമാറ്റം മനസ്സ് മടുപ്പിച്ചിരുന്നു.
വെറും കയ്യോടെ കയറിവന്നവളെന്ന പേരുദോഷം എല്ലാവരുടെയും വാക്കുകളിലും പെരുമാറ്റത്തിലും നിഴലിക്കാൻ തുടങ്ങി..
വല്ലപ്പോഴും മകളുടെ ക്ഷേമം അന്വേഷിക്കാൻ കയറി വരുന്ന അച്ഛനോട് നിന്ദയോടെ സംസാരിക്കാൻ ഒരു മടിയുമില്ലാത്തവരുടെ കൂടെയുള്ള ജീവിതം അസഹ്യമായിരുന്നു..
വയറ്റിലൊരു കുഞ്ഞു വളരാൻ തുടങ്ങിയപ്പോഴും മാറ്റങ്ങൾ ഒന്നും
ജയേട്ടനിൽ കണ്ടില്ല.
കിട്ടുന്ന കാശ് മുഴുവനും ധൂർത്തടിച്ചും, ലോട്ടറിയെടുത്തും, കള്ളുകുടിച്ചും അയാൾ തീർത്തു..
പ്രസവത്തിനു വിളിച്ചു കൊണ്ട് പോകാൻ വന്ന ബന്ധക്കാരോട് വീട്ടുകാരും കൂടി മോശമായി പെരുമാറിയത് അച്ഛനെ വല്ലാതെ ചൊടിപ്പിച്ചു.
ഇടയ്ക്ക് ഗർഭിണിയായ ഭാര്യയെ കാണാൻ വെറും കയ്യോടെ അയാൾ വരുമ്പോഴും അച്ഛൻ മുറുമുറുത്തു.
ആൺകുഞ്ഞു പിറന്നപ്പോൾ അവന്
ചെയ്യേണ്ട കാര്യങ്ങളിലൊന്നും ഭർത്താവിന്റെ വീട്ടിൽ ആർക്കും
ഒരു താൽപ്പര്യവും ഉണ്ടായിരുന്നില്ല.
ജയേട്ടനുൾപ്പെടെയുള്ള എല്ലാവരുടെയും വരവും അന്വേഷണവും പതിയെ പതിയെ കുറഞ്ഞപ്പോൾ അച്ഛനും ഭയങ്കര വാശിയായി..
ഇനിയങ്ങോട്ട് പോകണ്ട എന്ന് കർശനമായി തന്നെ അച്ഛൻ അവളോട് പറഞ്ഞു..
അല്ലെങ്കിൽ അവൻ ഒരു വീട് വാടകയ്ക്ക് എടുക്കട്ടെ.നിന്നെയും കുഞ്ഞിനേയും കൊണ്ട് അന്തസ്സായി കഴിയട്ടെ..
അതിന് ഒരിക്കലും അയാൾ തയാറാവുകയില്ലെന്ന് അച്ഛനും നല്ല ഉറപ്പുണ്ടായിരുന്നു.
അങ്ങനെ കാലങ്ങൾ രണ്ട് കുഞ്ഞിക്കാലുകളിലായി പിച്ചവെച്ചു മുറ്റത്തും തൊടിയിലും ഓടിനടന്നു.. ചിലവിനു തരാൻ പോലും ജയേട്ടൻ വീട്ടിലേക്കു വരാതായി.. ജോലിക്ക് പോകാൻ ആവതില്ലാത്ത അച്ഛനെയും രോഗിയായ അമ്മയെയും വളർന്നു വരുന്ന കുഞ്ഞിനെയും സംരക്ഷിക്കാൻ അവൾ ഒരുപാട് ഇടത്ത് ഒരു ജോലിക്കായി അലഞ്ഞു..
ഒടുവിൽ ഒരു വക്കീലിന്റെ ഗുമസ്തയായി ജോലി കിട്ടുമ്പോൾ വല്ലാതെ സന്തോഷിച്ചു.മോശമല്ലാത്ത ശമ്പളം കൊണ്ട് വീടിന്റെ അവസ്ഥയ്ക്ക് പതിയെ മാറ്റം വന്നു.
വീട്ട് കാര്യങ്ങൾ മുടക്കമില്ലാതെ നടക്കാൻ തുടങ്ങി.കുഞ്ഞിനെ നേഴ്സറിയിൽ ചേർത്തു.
ജോലി കിട്ടയതറിഞ്ഞു ജയേട്ടൻ വീട്ടിൽ വരാൻ തുടങ്ങി. പക്ഷേ അച്ഛൻ
ഒട്ടും അയഞ്ഞില്ല.. ഇതുവരെ അന്വേഷിക്കാൻ വരാത്തവൻ ഇനിയൊട്ടും ഈ പടി ചവിട്ടാൻ വരണ്ട എന്നായിരുന്നു തീരുമാനം.
എന്നാൽ, ഒരൊഴിവ് ദിവസം കുറെ ആൾക്കാരെയും കൂട്ടി അയാൾ വീട്ടിൽ വന്നു. ഭാര്യയെയും കുഞ്ഞിനേയും വിട്ട് കൊടുക്കണം എന്ന് എല്ലാവർക്കും മുന്നിൽ അയാൾ ഉറക്കെ പറഞ്ഞു. പക്ഷെ, എന്നിട്ടും ചർച്ചകളും
ഒത്തു തീർപ്പുകളുമൊന്നും ഫലിച്ചില്ല.
വലിയൊരു തുക വാടകയും കൊടുത്ത് ബുദ്ധിമുട്ടി കഴിയുന്ന ചേട്ടന്റെയും ചേട്ടത്തിയുടെയും ഒപ്പം ആ വീട്ടിലേയ്ക്കു കുഞ്ഞുമായി വരാൻ പറ്റില്ലെന്ന് അവൾ തീർത്തു
തന്നെ പറഞ്ഞു.. സ്വന്തം ഭർത്താവിന്റെ ചിലവിൽ കഴിയാൻ ഏത് ഭാര്യക്കാണ് ആഗ്രഹം ഇല്ലാത്തത്. മറ്റുള്ളവരുടെ നിന്ദ ചോറുണ്ണുവാൻ ഇനിയും വയ്യാ. പട്ടിണി കിടന്നോളാം. പക്ഷേ അപമാനം സഹിക്കാൻ വയ്യാ..
വീട് എടുക്കാം, നിങ്ങളെ രണ്ടു പേരെയും കൂട്ടിക്കൊണ്ട് പോകാം എന്നൊക്കെ പറഞ്ഞു
പോയിട്ട് പിന്നെ കുറേനാളുകൾ അയാളുടെ ഒരു വിവരവും ഇല്ലായിരുന്നു. പിന്നെ ഒരു ദിവസം കൂട്ടുകാരിയുടെ ഫോണിൽ തന്നെ കുറിച്ചുള്ള വിവരങ്ങൾ തിരക്കാൻ തുടങ്ങി..
ആരെങ്കിലും ആയിട്ട് അടുപ്പമുണ്ടോ, ജോലി കഴിഞ്ഞ് വരുന്ന സമയം എപ്പോഴാണ്, ജോലിചെയ്യുന്നിടത്തു എത്ര പുരുഷന്മാർ ഉണ്ട് എന്നൊക്കെയുള്ള വൃത്തികെട്ട അന്വേഷണങ്ങൾ കൂടി ആയപ്പോൾ അവൾക്ക് അയാളോട് ഉള്ള വെറുപ്പ് കൂടിയതേയുള്ളൂ..
വീണ്ടും ഒരോണത്തിന് അയാൾ വീടിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. റോഡിൽ ഓട്ടോയുമായി കാത്തുനിന്ന് അവളെയും മോനെയും നിർബന്ധിച്ചു കയറ്റി തുണിക്കടയിൽ കൊണ്ട് പോയി എന്തൊക്കെയോ വാങ്ങിച്ചു കൂട്ടി..!
വില കൂടിയ ഒരു ഫോണും അവൾക്കായി വാങ്ങിക്കൊടുത്തു. പക്ഷേ, അച്ഛന് അതുകൊണ്ടൊന്നും മുഖം തെളിഞ്ഞില്ല..
“എല്ലാം അവന്റെ അടവാ..
നിന്നെയും കുഞ്ഞിനേയും മയക്കിയെടുക്കാനുള്ള അടവ്. കാര്യം കണ്ടു കഴിയുമ്പോൾ പിന്നെയും പഴയ പടി ആകാനാണ്.. വിശ്വസിക്കാൻ കൊള്ളാത്ത ഇനമാ.”
അതുംപറഞ്ഞു അച്ഛൻ പുറത്തേയ്ക്കു നീട്ടിയൊന്നു തുപ്പി !!
എല്ലാത്തിന്റെയും ഇടയിൽ എന്ത് വേണമെന്ന ചിന്തകൾ കൊണ്ട്
തലയാകെ മരവിച്ചു കൊണ്ടിരുന്നു.
ഒരിക്കലും കൂടെ പോകണ്ടായെന്നു തീരുമാനിച്ചിരുന്നില്ല. ജീവിതത്തിൽ പല വിട്ട് വീഴ്ചകൾക്കും അവൾ തയ്യാറായിരുന്നു. അച്ഛന്റെയും അമ്മയുടെയും കാലം കഴിഞ്ഞാൽ പിന്നെ തന്റെയും കുഞ്ഞിന്റെയും ഗതി ഓർക്കുമ്പോൾ പലതും സഹിക്കാൻ അവൾ തീരുമാനിച്ചതുമാണ്.
അയാൾ അവളെ വിളിക്കുമ്പോഴും, കാണുമ്പോഴുമൊക്കെ പറഞ്ഞു നോക്കി.,
വാടകയ്ക്ക് ഒരു വീട് എടുക്കാൻ.. ഏട്ടനേയും ഏട്ടത്തിയെയും ബുദ്ദിമുട്ടിച്ചുകൊണ്ടു അവരോടൊപ്പം കഴിയുന്നതിലെ പ്രയാസങ്ങൾ മനസ്സിലാക്കാൻ നോക്കി.
എന്നിട്ടും, ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള അയാളുടെ താൽപ്പര്യമില്ലായ്മ കൊണ്ട് അയാൾ വിളിച്ചാൽ അവൾ ഫോൺ പോലും എടുക്കാതെയായി. ഒരിക്കലും ശരിയാകാത്ത ഒരു ബന്ധം അങ്ങനെയാണ് അവൾക്ക് തോന്നിയത്.
മകൻ കുലുക്കി വിളിച്ചപ്പോഴാണ് ചിന്തകൾ വിട്ട് മനസ്സ് ഒന്നുണർന്നത്.. പാഠങ്ങൾ എല്ലാം വായിച്ചു കഴിഞ്ഞു തന്റെ മുഖത്തേക്ക്
തന്നെ സൂക്ഷിച്ചു നോക്കിയിരിക്കുന്നു മോൻ !
അന്നും ഒരു തീരുമാനം എടുക്കാൻ കഴിയാതെ നേരം വെളുപ്പിച്ചു.
അച്ഛൻ മുറ്റത്ത് ഉലാത്തുന്നുണ്ട്..
“ഇന്ന് അവനെങ്ങാനും നിന്നെ കാണാൻ വന്നാൽ നീയെന്ത് പറയാനാ തീരുമാനിച്ചിരിക്കുന്നത് ”
അച്ഛന്റെ കുഴിഞ്ഞ കണ്ണുകൾ തന്നിലേക്ക് ആഴ്ന്നിറങ്ങുന്നത് പോലെ.. കുറച്ചു വിഷം വാങ്ങിത്തരാൻ.. കടുപ്പിച്ചു, മനസ്സിനോട് തന്നെ അച്ഛന്റെ ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞു.
അല്ലാതെ ഞാൻ എന്ത് വേണം.. എന്നെയിനി ശല്യപ്പെടുത്തരുത്.. എന്റെ പുറകെ വരരുത്.. എന്നൊക്കെ ഒരുപാട് പറഞ്ഞിട്ടുള്ളതല്ലേ..
നിശബ്ദത മുറ്റിനിന്ന നിമിഷങ്ങളിലൊടുവിൽ അച്ഛന്റെ ശബ്ദം ഉയർന്നു..
“നിനക്ക് കൂടെ പോകണമെന്നുണ്ടെങ്കിൽ പോകാം..
പക്ഷേ പിന്നീട് കരഞ്ഞു വിളിച്ചു ഇങ്ങോട്ട് തന്നെ കേറി വന്നേക്കരുത്.. ”
ഒരച്ഛന്റെ ഉത്തരവാദിത്തം ഇവിടെ തീർന്നോ !!
ഒരു കൂടപ്പിറപ്പു പോലും ഇല്ലാത്ത താൻ വേറെയാരുടെ സഹായമാണിനി പ്രതീക്ഷിക്കേണ്ടത് ! ജോലിക്കായി ഇറങ്ങുമ്പോൾ മകന്റെ കയ്യിൽ മുറുകെ പിടിച്ചു.. നിന്നെയെങ്കിലും എനിക്ക് സ്വന്തമായി വേണം.. മറ്റാരും കൂടെയില്ലെങ്കിലും…
ഒരു വീട് വാടകക്ക് എടുത്തു അയാൾക്ക് കൂടി ചിലവിനു കൊടുക്കേണ്ട ഗതികേട് വരുത്തി വെയ്ക്കാനോ, ഒരു ഉപകാരവുമില്ലാത്ത ആ ബന്ധം തുടർന്നും മുന്നോട്ട് കൊണ്ട് പോകാനോ ഇനിയും അവൾക്ക് താല്പര്യം ഇല്ലായിരുന്നു.
അന്ന് അവൾ മകനെ സ്കൂളിൽ വിട്ടത് ഒട്ടും ധൃതി ഇല്ലാതെയാണ്.സ്കൂൾഗേറ്റിനു മുന്നിൽ നിന്ന് തന്നെ നോക്കി കയ്യും വീശി നടന്നു നീങ്ങുന്ന മകനെ ഏറെ നേരം നോക്കി നിന്നു.
പിന്നെ കടന്നു പോയ ഒരു ഓട്ടോയ്ക്ക് കയ്യ് കാണിച്ചു നിർത്തി അവൾ ഉറച്ച സ്വരത്തിലാണ് ടൗണിൽ ഉള്ള വക്കീൽ ഓഫീസിന്റെ പേര് പറഞ്ഞത്. സീറ്റിലേയ്ക്ക് മെല്ലെ ചാരിയിരിക്കുമ്പോൾ പിന്നോട്ട് മറയുന്ന കാഴ്ചകളെക്കാൾ വേഗത്തിൽ മനസ്സ് മുന്നോട്ട് കുതിച്ചു കൊണ്ടിരുന്നു.