(രചന: J. K)
ഒരു ജോലി അന്വേഷിച്ചു വന്നതാണ് ഇവിടെ. തീർത്തും ഒരു ഗ്രാമപ്രദേശം തന്നെയായിരുന്നു വലിയൊരു കരിങ്കൽ ക്വറി ഉണ്ട് ഇവിടെ.. അവിടെയാണ് ഇവിടുത്തെ മിക്കവാറും ആളുകൾക്കെല്ലാം പണി…
അടുത്തുള്ള ഒരു കടയിൽ അന്വേഷിച്ചപ്പോൾ പറഞ്ഞത് ക്വാറിയിൽ ചെന്നാൽ ജോലി കിട്ടാൻ വലിയ വിഷമം ഒന്നും ഉണ്ടാവില്ല എന്നാണ് അതുകൊണ്ടാണ് അങ്ങോട്ട് പോയത്..
അവിടുത്തെ കോൺട്രാക്ടറെ കണ്ടപ്പോൾ പറഞ്ഞു അറിയുമെങ്കിൽ പണിക്ക് കയറിക്കോളാൻ അങ്ങനെയാണ് പണിക്ക് കയറാൻ തുടങ്ങിയത് അവിടെ കോറിക്ക് തൊട്ടടുത്ത് തന്നെ ഒരു ചായക്കടയുണ്ടായിരുന്നു..
കരിങ്കല്ല് കേറ്റി പോകുന്ന ലോറി ഡ്രൈവർമാരും അവിടെ ജോലി എടുക്കുന്നവരും എല്ലാവരും അവനെ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത് അതുകൊണ്ടുതന്നെ അങ്ങോട്ടേക്ക് ചെന്നു…
ഒരു പത്തു മുപ്പത്തി രണ്ടു വയസ്സുള്ള പെണ്ണാണ് അവിടുത്തെ കാര്യങ്ങളെല്ലാം നോക്കുന്നത് അവിടെ വേറെ ജോലിക്കാർ ഒന്നുമില്ല അവൾക്ക് ഭയങ്കര സ്പീഡ് എല്ലായിടത്തും അവൾ എത്തുന്നുണ്ട്..
പുതുതായി വരുന്നവർക്ക് വിളമ്പി കൊടുക്കാനും കഴിച്ചുകഴിഞ്ഞവരുടെ ഇലയെടുക്കാനും അവിടെ തുടക്കാനും പോകുന്നവരുടെ കയ്യിൽ നിന്ന് കാശ് വാങ്ങാനും പിന്നെയും ഭക്ഷണം വേണ്ടവർക്ക് അത് നൽകാനും എല്ലാം..
ഞാൻ അവളെ നോക്കി ഒരു ആന ചന്തം ഒക്കെ ഉണ്ട്… പക്ഷേ അവളെ ആരും നോക്കിനിൽക്കുകയോ ഒന്നും ചെയ്യുന്നില്ല എല്ലാവരും വളരെ ഡീസന്റ് ആണ് അവിടെ…
ക്വാറിയിൽ ജോലി ചെയ്യുന്ന പെണ്ണുങ്ങളോട് അപമര്യാതയായി പെരുമാറുന്ന ആളുകൾ വരെ ആ ചായക്കടയിൽ നല്ല കുട്ടികൾ ആയിട്ട് ഇരിക്കുന്നത് എനിക്ക് അത്ഭുതം തോന്നി..
അന്നത്തെ ജോലിയിൽ എനിക്ക് കിട്ടിയ ഒരു കൂട്ടായിരുന്നു രാഘവേട്ടൻ രാഘവേട്ടനും എന്റെ കൂടെ അങ്ങോട്ടേക്ക് ഭക്ഷണം കഴിക്കാൻ വന്നിരുന്നു ഞങ്ങൾ രണ്ടുപേരും ചോറു ഓർഡർ ചെയ്തു….
“”‘ മീൻ വറുത്തത് ഉണ്ടാവില്ല അത് കഴിഞ്ഞു!!””എന്നവൾ വന്നു പറഞ്ഞപ്പോൾ രാഘവേട്ടൻ പറഞ്ഞിരുന്നു…അയ്യോ ഉള്ളതു മതി മോളെ”‘ എന്ന്..
നേരത്തെ ക്വാറിയിൽ ജോലി ചെയ്യുന്ന ഏതോ പെണ്ണ് എന്തോ ചോദിച്ചപ്പോൾ ഡബിൾ മീനിങ്ങിൽ ഉത്തരം പറഞ്ഞയാളാണ്.. ഇപ്പോൾ ഇവിടെ വന്ന് ഈ നല്ലപിള്ള ചമഞ്ഞ് നല്ല രീതിയിൽ വർത്തമാനം പറയുന്നത് മൊത്തത്തിൽ ഒരു ചേർച്ചക്കുറവ് എനിക്ക് തോന്നി…
അവൾ എല്ലാരോടും സംസാരിക്കുന്നത് പൂച്ചയെ പിടിച്ച് നായയുടെ മുഖത്തേക്ക് ഇട്ടുകൊടുത്ത മാതിരി ചാടിക്കടിച്ച പോലെയായിരുന്നു എന്നിട്ടും ആളുകൾ വളരെ വിനയത്തോടെ അവളോട് തിരിച്ചു പെരുമാറുന്നുണ്ട്..
തിരികെ നടക്കുമ്പോൾ രാമേട്ടൻ പറഞ്ഞിരുന്നു,
“”” ആ കടയിൽ നിൽക്കുന്ന പെണ്ണിനെ കണ്ടോ ചെമ്പകം അവൾ ആള് ശരിയല്ല സ്വന്തം രണ്ടാനച്ഛനെ വെ ട്ടി ജയിലിൽ പോയവളാണ് അതും പതിനെട്ടാമത്തെ വയസ്സിൽ… ജീവപര്യന്തമായിരുന്നു പക്ഷേ പിന്നീട് എന്തൊക്കെയോ ഇളവ് കിട്ടി ഇപ്പോൾ ഇവിടെ നാല് വർഷമായി…
എല്ലാവർക്കും അവളോട് മുട്ടാൻ പേടിയാ. അവള് വന്ന സമയത്ത് ഇവിടുത്തെ ഏതൊക്കെയോ ചെക്കന്മാരെ അവളെ ഒന്ന് ട്രൈ ചെയ്തതാ പക്ഷേ അന്ന് അവന്മാരുടെ പൂതി തീർത്തു കൊടുത്തു അവൾ …
കളരിയും പിന്നെയും എന്തൊക്കെയോ അറിയും എന്ന് ആൾക്കാർ പറയുന്നു അവളുടെ കയ്യിൽ ഒരു വടിവാളുണ്ട് ഒന്ന് വീശിയാൽ മതി പിന്നെ നമ്മളൊക്കെ രണ്ട് കഷണം ആയിട്ട് പെറുക്കി എടുക്കേണ്ടിവരും…. “”
ഞാൻ ചിരിച്ച രാഘവേട്ടൻ പറഞ്ഞത് മുഴുവൻ കേട്ടുനിന്നു. അപ്പോ ഇതാണ് എല്ലാവരുടെയും പ്രശ്നം അവളെ ഇവിടെ എല്ലാവർക്കും പേടിയാണ് എങ്കിലും എനിക്ക് അവൾ ഒരു അത്ഭുത കഥാപാത്രമായി തോന്നി..
ഇവിടെയുള്ളവർ അത്ര നിസ്സാരക്കാർ ഒന്നുമല്ല നന്നായി പണിയെടുത്ത് കൈക്ക് നല്ല തഴമ്പുള്ളവരാണ് അവരെയെല്ലാം ഒതുക്കി നിർത്തുക എന്ന് പറഞ്ഞാൽ അവൾ ചില്ലറക്കാരി അല്ല എന്ന് എനിക്ക് മനസ്സിലായിരുന്നു..
തന്നെയുമല്ല അവളുടെ അമ്മ അവളെ ജയിലിലേക്ക് കൊണ്ടുപോയപ്പോൾ ആദി കേറി ദീനം വന്നു മരിച്ചതാണെന്ന് അവിടെയുള്ളവർ പറഞ്ഞിരുന്നു എന്നിട്ടും അവൾ ഒറ്റയ്ക്ക് പിടിച്ചുനിൽക്കണം എന്നുണ്ടെങ്കിൽ അവളുടെ മനസ്സിന്റെ ഉറപ്പ് ചില്ലറയൊന്നുമല്ല..
എന്തോ അവളോട് ഒരു ബഹുമാനമോ എന്തൊക്കെയോ മനസ്സിൽ കയറിക്കൂടി.
അവൾ അറിയാതെ തന്നെ അവളെ പിന്തുടരാൻ തുടങ്ങി എന്തോ ഒരു രസം..
കടയിലേക്ക് സാധനം വാങ്ങാൻ പോയവർ പുഴക്കരയിൽ നീർക്കോലിയെ കണ്ട് പേടിച്ച് തിരികെ ഓടി വന്നപ്പോൾ അവളെ നെഞ്ചോരം ചേർത്ത് പിടിച്ച് നിർത്തിയത് ഞാനാണ്.
“” എല്ലാവരെയും വെറപ്പിക്കുന്നവൾക്ക് നീർക്കോലിയെ പേടിയോ?? എന്ന് ചോദിച്ചപ്പോൾ കൂർപ്പിച്ച് ഒരു നോട്ടം പകരമായി കിട്ടി….
പെണ്ണിന്റെ കണ്ണ് കാന്തമാണെന്ന് തോന്നി എനിക്ക്..
പിന്നെയും നടന്നു അവൾ അറിയാതെ അവളുടെ പുറകെ തന്നെ..
എന്നും രാവിലെ കോവിലിൽ പോണതും അവിടെനിന്ന് കണ്ണുനിറക്കുന്നതും എല്ലാം അങ്ങനെ കണ്ടുപിടിച്ച രഹസ്യങ്ങളാണ്…
ഒരു ദിവസം കോവിലിൽ നിന്ന് തൊഴുത് കരഞ്ഞ് ഇറങ്ങിയപ്പോൾ കണ്ടത് എന്നെയാണ്..
“” എന്തിനാ കരഞ്ഞത് എന്ന് ചോദിച്ചപ്പോൾ അപ്പോഴും കിട്ടി നെഞ്ച് തുളയ്ക്കുന്ന ഒരു നോട്ടം…
‘”ന്റെ പെണ്ണേ.. ഇങ്ങനെ നോക്കി കൊല്ലാതെ.. “”
എന്നുപറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ തിരിഞ്ഞു പോലും നോക്കാതെ നടന്നു അവൾ..
ഒരു ദിവസം ഉച്ചയ്ക്ക് ഉണ്ണാൻ വൈകി ചെന്നപ്പോൾ കടയിൽ ആരുമില്ലായിരുന്നു ചോറ് വിളമ്പുന്നതിനോടൊപ്പം അവൾ ചോദിച്ചു
“” എന്താ തന്റെ ഉദ്ദേശം എന്ന്…
എന്ത് എന്ന് അർത്ഥത്തിൽ അവളെ നോക്കിയപ്പോൾ ചോദിച്ചു എന്തിനാണ് എന്റെ പുറകെ ഇങ്ങനെ നടക്കുന്നത് എന്ന്.
‘”” ഇഷ്ടം ഉണ്ടായിട്ട് “”
എന്ന് പറഞ്ഞപ്പോൾ അവൾക്ക് ദേഷ്യം പിടിച്ചിരുന്നു.
“”” എന്നെ ആരും ഇഷ്ടപ്പെടണ്ട എന്ന് പറഞ്ഞപ്പോൾ,
അത് എന്റെ ഇഷ്ടമാണെന്ന് പറഞ്ഞു അവളെ ചൊടിപ്പിച്ചു…
“”” തനിക്ക് എന്താണ് വേണ്ടത് എന്റെ ഈ ശരീരമാണോ??? ഇത് പണ്ട് ഒരുത്തൻ മോഹിച്ചതാണ് അച്ഛനെപ്പോലെ കണ്ട ഒരാൾ… പനി ചൂടിൽ വിറച്ചു കിടന്നവളെ വയ്യ എന്ന് പോലും നോക്കാതെ കേറി പിടിച്ചു…
അയാളെ കണ്ടം തുണ്ടം വെ ട്ടി നുറുക്കിയിട്ടും എനിക്ക് കലി തീർന്നില്ല..
ഈ ലോകത്ത് എല്ലാ ആണുങ്ങൾക്കും ഒരേ ഒരു വിചാരമേയുള്ളൂ അത് പെണ്ണിന്റെ ശരീരം എങ്ങനെയെങ്കിലും സ്വന്തമാക്കണം എന്ന് മാത്രമാണ് അവിടെ അവർക്ക് ബന്ധങ്ങളോ അവരുടെ മനസ്സോ ഒന്നും ഒരു പ്രശ്നമല്ല.. പക്ഷേ എന്റെ അടുത്ത് കളിക്കാൻ വരരുത്!!! വെറുതെ എന്റെ കൈക്ക് പണി ഉണ്ടാക്കരുത്…”’
എന്നുപറഞ്ഞപ്പോൾ എനിക്കും ദേഷ്യം വന്നിരുന്നു അവളുടെ അടുത്ത് പോയി തന്നെ പറഞ്ഞു
“”” എനിക്ക് നിന്റെ ശരീരം വേണ്ട എന്നൊന്നും പറയുന്നില്ല വേണം പക്ഷേ അത് ഈ മനസ്സ് എന്റേതായതിനു ശേഷം മാത്രം മതി… കെട്ടി കൂടെ വെറുപ്പിക്കാനാ വിളിക്കുന്നത് അല്ലാതെ…
പിന്നെ നീ കണ്ട ആണുങ്ങൾ അങ്ങനെ ഉണ്ടാവുള്ളൂ പെണ്ണിനെ ബഹുമാനിക്കുന്ന അവരുടെ മനസ്സിനെ സ്നേഹിക്കുന്നവരെ നീ ചെലപ്പോ കണ്ടു കാണില്ല.. ഇത് അങ്ങനെ ഒരു ജനുസാ.. നിനക്ക് ആളുമാറി മോളെ … “””
അതും പറഞ്ഞ് അവിടെ നിന്നും ഇറങ്ങി..
പിന്നീട് ഒക്കെ അവളെ കാണുമ്പോൾ എന്റെ മുഖത്തേക്ക് നോക്കാതെ മാറി കളിക്കുന്നത് ഞാൻ കണ്ടിരുന്നു..
അത് കാണുമ്പോഴൊക്കെ എനിക്ക് ചിരി വരും.. ചട്ടമ്പി പെണ്ണിന് പ്രണയം തുടങ്ങി..
അതും ഈ വരുത്തനോട്..
ഒരു ദിവസം കോവിലിൽ നിന്ന് ഇറങ്ങി വന്നവളോട് പ്രസാദം ചോദിച്ചപ്പോൾ ഒന്നും മിണ്ടാതെ നെറുകിൽ തൊട്ട് തന്നു..
അതോടെ മനസ്സിലായിരുന്നു എന്റെ മനസ്സിൽ അവൾ നിറഞ്ഞു നിൽക്കുന്നത് പോലെ അവളുടെ മനസ്സിൽ ഇപ്പോൾ ഞാനാണ് എന്ന്..
ഒരു താലികെട്ട് സ്വന്തമാക്കി കോട്ട എന്ന് ചോദിച്ചപ്പോൾ നിറഞ്ഞ കണ്ണുകൾ സമ്മതം തന്നു..
അവളെ ഒരു താലി ചരട് കൊണ്ട് സ്വന്തമാക്കി ചേർത്ത് പിടിക്കുമ്പോൾ അവളെന്റെ കാതോരം വന്നു പറഞ്ഞിരുന്നു ശരീരം മാത്രം മോഹിക്കുന്ന ആണുങ്ങളെ ഇവിടെയുള്ളൂ എന്നാണ് ഞാൻ കരുതിയത്
പക്ഷേ മനസ്സുകൊണ്ട് ഇഷ്ടപ്പെടുന്നവരും ഉണ്ടെന്ന് ഇപ്പോഴാണ് അറിയുന്നത് എന്ന്…
ഒന്നൂടെ ചേർത്ത് പിടിച്ചിരുന്നു ഞാൻ അവളെ.. ഇനിയുള്ള കാലം അവൾക്ക് എല്ലാമെല്ലാമാകും എന്ന ഉറപ്പോടെ…