വാക്കുകൾ ബന്ധനങ്ങൾ ആകുമ്പോൾ
(രചന: കാശി)
“ഈ പെൺകുട്ടിയുടെ ജീവിതം ഇല്ലാതാക്കിയപ്പോൾ നിങ്ങൾക്കൊക്കെ എന്ത് ലാഭമാണ് കിട്ടിയതെന്ന് എനിക്ക് മനസ്സിലാകുന്നില്ല..
നിങ്ങളുടെ സ്വന്തം മകളായിരുന്നുവെങ്കിൽ നിങ്ങൾ ഇങ്ങനെ ചെയ്യുമായിരുന്നോ..? ”
പുച്ഛത്തോടെ രമേശ് ചോദിക്കുമ്പോൾ തലകുനിച്ചു നിന്നതേയുള്ളൂ നളിനി. രമേശിന്റെ നോട്ടം ഒരുവേള നിറകണ്ണുകളുമായി നിൽക്കുന്ന ആ പെൺകുട്ടിയിൽ ചെന്ന് പതിച്ചു. 24 വയസ്സ് ഉള്ളൂ അവൾക്ക്.
ജീവിതം എന്താണെന്ന് അറിഞ്ഞു തുടങ്ങിയിട്ട് പോലും ഇല്ല. ആ പെൺകുട്ടിയെയാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇവിടെയുള്ളവർ പറ്റിച്ചു കൊണ്ടിരിക്കുന്നത്. ഈ നിമിഷമാണ് അവൾ അതിനെക്കുറിച്ച് അറിയുന്നത് എന്ന് മാത്രം.
അവൾ സാരംഗി. മേലേടത്ത് വിശ്വനാഥന്റെയും ഗാഥയുടെയും ഒരേയൊരു മകൾ. പഠിക്കാൻ ഒക്കെ മിടുക്കിയായിരുന്നു സാരംഗി.
വിശ്വനാഥന്റെ ഒരേയൊരു പെങ്ങളാണ് നളിനി. ചെറുപ്പത്തിൽ തന്നെ വിധവയായ അവർക്ക് ഒരു മകൻ ആണുള്ളത്. വിനീത്..
കുടുംബത്തിന് പുറത്തു നിന്ന് ഒരു ബന്ധം നോക്കണ്ട എന്ന തീരുമാനത്തിൽ ചെറുപ്പം മുതൽക്ക് തന്നെ സാരംഗി വിനീതിനുള്ളതാണെന്ന് വീട്ടുകാർ പരസ്പരം പറഞ്ഞുറപ്പിച്ചിരുന്നു.
ആ തീരുമാനം അറിഞ്ഞതോടെ സാരംഗി വിനീതിനെ പ്രണയിക്കാൻ തുടങ്ങി. അവളുടെ 15 വയസ്സ് മുതലുള്ള ഇഷ്ടം ഈ 10 വർഷത്തിനിടയിൽ വലിയൊരു വൃക്ഷമായി പടർന്നു പന്തലിച്ചിട്ടുണ്ട്.
സാരംഗിക്ക് 18 വയസ്സായപ്പോൾ തന്നെ അവരുടെ വിവാഹം നടത്താൻ ഒരു ചർച്ച ഉണ്ടായി. അവൾക്ക് അതിനു ശേഷം മോശം സമയമാണത്രേ.
അവൾക്ക് അവനോട് ഇഷ്ടമുള്ളതുകൊണ്ടുതന്നെ ആ തീരുമാനത്തെ അവൾ എതിർത്തതുമില്ല. പക്ഷേ തീരെ പ്രതീക്ഷിക്കാതെ വിനീത് കലി തുള്ളി കൊണ്ട് അവളെ കാണാൻ വന്നു.
” ഞാൻ പറയുന്നത് നീ ഒന്നു മനസ്സിലാക്കണം പൊന്നു. എനിക്ക് ഒരിക്കലും നിന്നെ ഒരു ഭാര്യയുടെ സ്ഥാനത്ത് സങ്കൽപ്പിക്കാൻ കഴിയില്ല.
നിന്നെ എന്നല്ല ഒരു പെൺകുട്ടിയെയും എനിക്ക് അങ്ങനെ കാണാൻ പറ്റില്ല. നമ്മുടെ വിവാഹം നടക്കുകയുമില്ല. നീ എന്നെ കാത്തിരിക്കരുത്. എന്നെ പ്രതീക്ഷിക്കുകയും അരുത്.. ”
അവനോടുള്ള പ്രണയത്തിൽ അന്ധയായിരുന്ന അവൾക്ക് അവൻ പറഞ്ഞ വാക്കുകളുടെ അർത്ഥം ഗ്രഹിക്കാൻ കഴിഞ്ഞില്ല.
പിറ്റേന്ന് തന്നെ ആ നാട്ടിൽ ഒരു വാർത്ത പറഞ്ഞു. നളിനിയുടെ മകൻ വിനീതിനെ കാണാനില്ല. രാത്രിയുടെ യാമങ്ങളിൽ എപ്പോഴോ അവൻ ആ വീട് വിട്ടു പോയിരുന്നു.
ആ വാർത്ത അറിഞ്ഞു സാരംഗിയും തളർന്നു പോയി. തന്നെ ഇഷ്ടമല്ലാത്തതു കൊണ്ടാണോ അവൻ നാടുവിട്ടു പോയത് എന്ന് അവൾ ചിന്തിച്ചു. അവൾക്ക് സങ്കടം സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അവളുടെ അവസ്ഥ കണ്ട് രണ്ടു വീട്ടുകാർക്കും വിഷമം തോന്നി.
അവളുടെ ഉള്ളിൽ ആ ഒരു ഇഷ്ടം കുത്തി വച്ചത് തങ്ങൾ ആയിരുന്നു. അതുകൊണ്ടുതന്നെ അത് നടത്തി കൊടുക്കേണ്ട ബാധ്യതയും തങ്ങൾക്കുണ്ട് എന്ന് വിശ്വനാഥൻ ഉറച്ചു വിശ്വസിച്ചു.
ആങ്ങളയുടെയും കുടുംബത്തിന്റെയും സങ്കടം കണ്ടപ്പോൾ നളിനിക്കും സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.
” എന്റെ മകന്റെ ഭാര്യയാകാൻ വേണ്ടി ഞാൻ മനസ്സിൽ ഉറപ്പിച്ച പെൺകുട്ടിയാണ് ഇവൾ. അവൻ ഇപ്പോൾ അവിടെ ഇല്ലെങ്കിലും അവന്റെ ഭാര്യ ഇവൾ തന്നെയാണ്.
ഇവളുടെ സ്ഥാനത്തേക്ക് മറ്റാരും തന്നെ ആ വീടിന്റെ പടി കടന്നു വരില്ല. അതുകൊണ്ട് എന്റെ മരുമകളായി ഞാൻ ഇവളെ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോവുകയാണ്.. ”
നളിനി അത് പറയുമ്പോൾ എല്ലാവർക്കും വല്ലാത്ത ഒരു പ്രതീക്ഷയായിരുന്നു. മകളുടെ ജീവിതം സുരക്ഷിതമായി എന്ന് അയാൾ ഉറച്ചു വിശ്വസിച്ചു.
പക്ഷേ സാരംഗിയുടെ ഉള്ളം വേവുകയായിരുന്നു. തന്നെ ഇഷ്ടമല്ലാത്ത ഒരാളിന്റെ വീട്ടിൽ അയാളുടെ ഭാര്യയായി എങ്ങനെ ജീവിക്കും..?
നാളെ ഒരു സമയത്ത് അയാൾ തിരികെ വരുമ്പോൾ എന്നെ എന്തിനാ വീടിനകത്തേക്ക് കയറ്റി എന്ന് അയാൾ ചോദിച്ചാൽ..
ആ സമയത്ത് ആർക്കെങ്കിലും ഒരു മറുപടിയുണ്ടാകുമോ..? എന്നെ അയാൾ ഒരിക്കലും ഒരു ഭാര്യയായി അംഗീകരിച്ചില്ലെങ്കിലോ..?
ചോദ്യങ്ങൾ അവളുടെ തൊണ്ടയിൽ ഇരുന്ന് വീർപ്പുമുട്ടി. ആരോടും എതിർത്തൊന്നും ചോദിക്കാനോ പറയാനോ അവൾക്ക് കഴിഞ്ഞില്ല.
ആ വീട്ടിൽ അവൾ വല്ലാതെ ഏകാന്തത അനുഭവിച്ചു. അത് മനസ്സിലാക്കിയതോടെ നളിനി അവളെ പഠിക്കാൻ വിടാൻ തീരുമാനിച്ചു. പക്ഷേ അവളുടെ അച്ഛന്റെയും അമ്മയുടെയും മുന്നിൽ അവർ ഒരു സത്യം ചെയ്തു വാങ്ങി.
അവരുടെ മകൻ വിനീതിനെയല്ലാതെ മറ്റാരെയും പ്രണയിക്കുകയോ വിവാഹം ചെയ്യുകയോ ചെയ്യില്ല എന്ന്. അതിൽ അച്ഛന്റെ മൗന അനുവാദവും ഉണ്ടായിരുന്നു എന്ന് അവൾക്ക് മനസ്സിലായി.
ചെറുപ്പം മുതൽക്കേ അവരെയൊക്കെ അനുസരിച്ച് ശീലിച്ച അവൾക്ക് ഈ കാര്യത്തിലും അവരെ അനുസരിക്കുകയല്ലാതെ മറ്റു വഴികൾ ഉണ്ടായിരുന്നില്ല.
അവർ പറഞ്ഞതുപോലെ വിനീതിനെ അല്ലാതെ മറ്റാരെയും പ്രണയിക്കുകയോ വിവാഹം ചെയ്യുകയോ ചെയ്യില്ല എന്ന് അവർക്ക് വാക്ക് കൊടുത്തു. ആ വാക്കിന്റെ ബലത്തിൽ അവളെ പഠിക്കാൻ അയച്ചു.
അപ്പോഴൊക്കെയും അവളുടെ ഉള്ളിൽ അവളുടെ പുരുഷന്റെ സ്ഥാനത്ത് വിനീത് തന്നെയായിരുന്നു.
ഡിഗ്രി കഴിഞ്ഞതോടെ, അവൾക്ക് പിജി ചെയ്യണമെന്ന് ആഗ്രഹമുണ്ടായി. അതും അവർ പഠിക്കാൻ അയച്ചു. പക്ഷേ അപ്പോഴും അവർക്ക് കൊടുത്ത വാക്ക് അവർ ഓർമിപ്പിച്ചു.
അവൾ ജീവിതത്തിൽ ഓരോ കടമ്പകൾ മുന്നോട്ടു കടക്കുമ്പോഴും, പിന്നിൽ നിന്ന് തങ്ങൾക്ക് തന്ന വാക്കിനെ കുറിച്ച് അവർ ഓരോരുത്തരും ഓർമ്മിപ്പിക്കും.
ഇപ്പോൾ അവൾക്ക് ഒരു വിവാഹാലോചന വന്നിട്ടുണ്ട്. അവൾ ജോലിക്ക് പോകുന്ന സ്ഥലത്ത് ഉള്ള ആളാണ്. അവളെ കണ്ട് ഇഷ്ടപ്പെട്ടതു കൊണ്ടുവന്ന ആലോചനയാണ്. അത് കേട്ടപ്പോൾ തന്നെ നളിനി സാരംഗിയെ കുറ്റപ്പെടുത്തി.
അവളുടെ ഇഷ്ടമോ താല്പര്യമോ ഇല്ലാതെ ഒരിക്കലും ഇങ്ങനെ ഒരു വിവാഹാലോചന നടക്കില്ല എന്ന് അവർ പറഞ്ഞു. മകൾ തങ്ങൾക്ക് തന്ന വാക്ക് തെറ്റിച്ചതോർത്ത് അച്ഛന് വല്ലാത്ത വേദന തോന്നി.
താൻ ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന് അവൾ എത്രയൊക്കെ പറഞ്ഞിട്ടും അവരാരും വിശ്വസിക്കാൻ തയ്യാറായില്ല.
അവരുടെ ആരുടെയും അറിവോ സമ്മതമോ കൂടാതെ അവളെ ഇഷ്ടമാണ് എന്ന് പറഞ്ഞ് ചെറുപ്പക്കാരൻ ആ വീട്ടിലേക്ക് വന്നു. രമേഷ്..! വിനീതിന്റെ കൂട്ടുകാരനാണ് രമേഷ്. വിനീതിന്റെ ബന്ധുവാണ് സാരംഗിയെന്ന് അവിടെ വന്ന ശേഷമാണ് രമേശ് അറിയുന്നത്.
” എന്റെ വിനീതിന്റെ പെണ്ണാണ് ഇവൾ.. ഇവളെ വിവാഹം ആലോചിച്ച് വരാൻ നിനക്ക് നാണം ഇല്ലേ..? അതിന് നിന്നെ മാത്രം കുറ്റം പറഞ്ഞിട്ടും കാര്യമില്ല.
അവളുടെ മനസ്സിൽ എന്റെ മകന് എന്തെങ്കിലും സ്ഥാനം ഉണ്ടായിരുന്നെങ്കിൽ നിന്നെ കണ്ണും കൈയും കാണിച്ച് വശീകരിച്ച് എടുക്കില്ലായിരുന്നല്ലോ..”
രമേശ് വിവരങ്ങളൊക്കെ പറഞ്ഞപ്പോൾ നളിനി പൊട്ടിത്തെറിക്കുകയായിരുന്നു. അവർ പറഞ്ഞ വാക്കുകളൊക്കെ രമേശ് അമ്പരപ്പോടെയാണ് കേട്ടു നിന്നത്.
” വിനീതിന്റെ പെണ്ണാണെന്നോ..? അവനെക്കുറിച്ച് എല്ലാം അറിഞ്ഞിട്ടും അമ്മ ഇങ്ങനെ തന്നെയാണോ പറയുന്നത്..? ”
അവൻ ചോദിച്ചത് കേട്ടതോടെ മറ്റുള്ളവരുടെ ഒക്കെ ശ്രദ്ധ രമേശിലേക്കായി. അവൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് അവർക്ക് ആർക്കും മനസ്സിലായില്ല.
” മോൻ എന്താ ഈ പറയുന്നത്..? വിനീതിനെ കുറിച്ച് എന്തറിഞ്ഞു എന്നാണ്..?ഇവരുടെ വിവാഹം നടത്താൻ ഞങ്ങൾ തീരുമാനിച്ചതാണ്. അതിന്റെ പിന്നാലെ വിനീത് ഈ വീട് വിട്ടു പോവുകയായിരുന്നു.
പക്ഷേ എന്റെ മരുമകന്റെ സ്ഥാനത്ത് മറ്റാരും ഉണ്ടാകാൻ പാടില്ല എന്ന് ഇവളോട് ഞങ്ങൾ ഉറപ്പു പറഞ്ഞതാണ്. ഇവൾ ഞങ്ങൾക്ക് വാക്ക് തരികയും ചെയ്തു.
എന്നിട്ടും അവൾ ആ വാക്ക് തെറ്റിച്ചു കൊണ്ട് നിന്നെ ഇവിടെ എത്തിച്ചത് കൊണ്ടാണ് ഞങ്ങളൊക്കെയും നിന്നോട് മോശമായി പെരുമാറിയത്. ഇതിപ്പോൾ വിനീതിന്റെ എന്ത് കാര്യമാണ് നീ പറയുന്നത്..? ”
വിശ്വനാഥൻ ചോദിക്കുമ്പോൾ നളിനി എന്തോ പറയാൻ തുടങ്ങി. പക്ഷേ അതിനെ എതിർത്തുകൊണ്ട് രമേശിന്റെ ശബ്ദം മുന്നിട്ടുനിന്നു.
” അങ്കിൾ..നിങ്ങളൊക്കെ കരുതുന്നതു പോലെ വിനീതിന് ഒരിക്കലും ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ കഴിയില്ല.
അവൻ ഒരു സ്വവർഗ അനുരാഗിയാണ്. ഈ വിവരം നളിനി അമ്മയ്ക്ക് അറിയുന്നതാണല്ലോ.. അമ്മയോട് വിവരങ്ങളൊക്കെ തുറന്നു പറഞ്ഞിട്ടുണ്ട് എന്ന് അവൻ ഞങ്ങളോടൊക്കെ പറഞ്ഞതാണ്.
ഇവിടെ വരുന്നതുവരെ ഇത് വിനീതിന്റെ വീടാണ് എന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ ഇവിടെ വന്ന് അമ്മയെ കണ്ടപ്പോഴാണ് കാര്യങ്ങളൊക്കെ മനസ്സിലായത്.”
രമേശ് പറയുമ്പോൾ വിശ്വനാഥൻ ഒരു അമ്പരപ്പോടെയാണ് നളിനിയെ നോക്കിയത്. അവരുടെ കുനിഞ്ഞ ശിരസ് അവൻ പറഞ്ഞതൊക്കെ സത്യമാണ് എന്ന് ബോധ്യപ്പെടുത്തുന്നുണ്ടായിരുന്നു.
” മറ്റാരെയും പ്രണയിക്കുകയോ വിവാഹം ചെയ്യുകയോ ഇല്ല എന്ന് എന്റെ മകളെ കൊണ്ട് സത്യം ചെയ്യിക്കാൻ നിനക്ക് എങ്ങനെ തോന്നി..?”
വേദനയോടെ വിശ്വനാഥൻ ചോദിച്ചു.
” അവന് എന്തെങ്കിലും മാനസികമായ പ്രശ്നം ആയിരിക്കും എന്നാണ് ഞാൻ കരുതിയത്. ഒരു വിവാഹം കഴിഞ്ഞാൽ അവന്റെ പ്രശ്നങ്ങളൊക്കെ മാറും എന്നും ഞാൻ പ്രതീക്ഷിച്ചു. അതുകൊണ്ടാണ്.. ”
അവർ അത്രയും പറയുമ്പോഴേക്കും വിശ്വനാഥൻ ദേഷ്യത്തോടെ തല തിരിച്ചു.
” ഇനി എന്റെ മകൾക്ക് ഒരു ജീവിതം ഉണ്ടാകുമോ..? ”
ആശങ്കയോടെ ഗാഥ ചോദിക്കുമ്പോൾ മറുപടിയില്ലാതെ നിൽക്കാനേ മറ്റുള്ളവർക്ക് കഴിഞ്ഞുള്ളൂ.
” ഇനി നിങ്ങളൊക്കെ കൂടി എനിക്ക് ഒരു ജീവിതം ഉണ്ടാക്കി തരാമെന്ന് പറഞ്ഞാലും എനിക്കത് വേണ്ട. അപ്പച്ചി എന്നെ അക്ഷരാർത്ഥത്തിൽ ചതിക്കുകയായിരുന്നു..
എല്ലാം അറിഞ്ഞു വെച്ചിട്ടും ഒന്നുമറിയില്ല എന്ന ഭാവിച്ചുകൊണ്ട് എന്റെ ജീവിതം ഇല്ലാതാക്കിയത് നിങ്ങളൊക്കെ തന്നെയാണ്. അതുകൊണ്ട് എന്റെ ജീവിതത്തിൽ ഇനി ഒരു പ്രണയത്തിനോ വിവാഹത്തിനോ സ്ഥാനമില്ല.. ”
വാശിയോടെ സാരംഗി പറഞ്ഞു.
“മോളെ…”
ഞെട്ടലോടെ വിശ്വനാഥൻ വിളിച്ചു.
” അച്ഛാ.. അച്ഛൻ അച്ഛന്റെ പെങ്ങളുടെ സന്തോഷത്തിനു വേണ്ടി ആയിരിക്കാം അന്ന് അങ്ങനെ ഒരു വാക്ക് വാങ്ങിയത്.
പക്ഷേ അപ്പോഴൊക്കെ നിങ്ങൾ ചിന്തിക്കാതെ പോയത് ഞാൻ എന്ന പെൺകുട്ടിയുടെ ഭാവിയെ കുറിച്ചായിരുന്നു. ശരിയാണ് എനിക്ക് അയാളെ ഇഷ്ടമായിരുന്നു. എന്റെ പ്രാണനെ പോലെ ഞാൻ സ്നേഹിക്കുന്നുണ്ട്.
ഈ നിമിഷവും ഞാൻ അയാളെ സ്നേഹിച്ചിരുന്നു. പക്ഷേ.. അതിൽ യാതൊരു അർത്ഥവുമില്ല എന്ന് എനിക്ക് ഇപ്പോൾ ബോധ്യമാകുന്നുണ്ട്. ഒരുപക്ഷേ ഇങ്ങനെയൊന്നുമല്ല എന്ന് തന്നെ ഇരിക്കട്ടെ..
നാളെ ഒരു സമയത്ത് അയാൾ മറ്റൊരു പെൺകുട്ടിയുമായി ഈ വീട്ടിൽ വന്ന് കയറുമ്പോൾ പിന്നീടുള്ള എന്റെ സ്ഥാനം എന്തായിരിക്കും എന്ന് നിങ്ങൾ ആരെങ്കിലും ചിന്തിച്ചോ..? എന്നിൽ നിന്ന് വാക്ക് വാങ്ങാൻ മുന്നിട്ടു നിന്ന അപ്പച്ചി..
ഇത്രയൊക്കെയാണെങ്കിലും സ്വന്തം മകനെക്കാൾ വലുതാവില്ലല്ലോ ഞാൻ..? ആ സ്ഥിതിക്ക് നാളെ അയാളെയും അയാളുടെ ഭാര്യയെയും അപ്പച്ചി അംഗീകരിക്കും. അപ്പോഴും ഒന്നും ഇല്ലാതാകുന്നത് എനിക്ക് മാത്രമായിരിക്കും.
നിങ്ങളൊക്കെ നിങ്ങളുടെ സ്വാർത്ഥത കൊണ്ട് നശിപ്പിക്കാൻ ശ്രമിച്ചത് എന്റെ ജീവിതമാണ്. അത് നശിച്ചു കാണണം എന്ന് തന്നെ ആയിരുന്നല്ലോ നിങ്ങളുടെ ആഗ്രഹവും.
ആ ആഗ്രഹം സാധിച്ചു തരാൻ തന്നെ ഞാൻ തീരുമാനിച്ചു.. ഇനി എന്റെ ജീവിതത്തിൽ ഒരു പ്രണയമോ വിവാഹമോ ഉണ്ടാകില്ല. അത് എന്റെ തീരുമാനമാണ്.. ”
അവൾ അത് പറഞ്ഞപ്പോൾ തറഞ്ഞു നിൽക്കാൻ മാത്രമേ മറ്റുള്ളവർക്ക് കഴിഞ്ഞുള്ളൂ. ആ വാക്കുകൾ കേട്ടതിന്റെ ഞെട്ടലിലാണ് രമേശ് നളിനിയോട് ദേഷ്യപ്പെട്ടത്.
” എന്തായാലും നിങ്ങളുടെയൊക്കെ ആഗ്രഹം പോലെ ആ പെൺകുട്ടിയുടെ ജീവിതം നശിച്ചു കണ്ടല്ലോ.. സമാധാനമായില്ലേ എല്ലാവർക്കും..? ”
ദേഷ്യത്തോടെ പറഞ്ഞുകൊണ്ട് രമേശ് പുറത്തേക്ക് ഇറങ്ങി.
” തനിക്ക് എന്താവശ്യത്തിനും നല്ലൊരു സുഹൃത്തിനെ പോലെ ഞാൻ ഉണ്ടാകും.. ”
സാരംഗിയോട് അത്രയും പറഞ്ഞുകൊണ്ട് അവൻ ഇറങ്ങിപ്പോയി. മറ്റാരെയും ശ്രദ്ധിക്കാതെ സാരംഗി അകത്തേക്ക് നടന്നു.
ഇനിയുള്ള ജീവിതം ഒരു പ്രതികാരമാണ്… താനെന്ന പെൺകുട്ടിയെയും അവളുടെ വികാരവിചാരങ്ങളെയോ മനസ്സിലാക്കാതെ തന്നെ ഒരു ചട്ടക്കൂടിൽ ബന്ധിച്ച കുടുംബത്തോടുള്ള പ്രതികാരം…