(രചന: ശിവപദ്മ)
” ഛേ… എന്തൊക്കെയാണ് വിനൂ ഈ കേൾക്കുന്നേ… കേട്ടിട്ട് തന്നെ തൊലിയുരിയുന്നു…” വിദ്യ അറപ്പോടെ അവനോടു ചോദിച്ചു.
” എൻ്റെ പൊന്ന് ദിവ്യാ… ജസ്റ്റ് സ്റ്റോപ്പിറ്റ്… കുറച്ചു സമാധാനം താ… ” വിനു അക്ഷമയോടെ പറഞ്ഞു.
” ഹ്മ് നിങ്ങളുടെ അമ്മ വേറെ കെട്ടാൻ മുട്ടി നിൽക്കുന്നതിന് എൻ്റെ മെക്കിട്ടു കയറണ്ട..”
അവളിൽ നിന്നും വരുന്ന ഓരോ വാക്കുകളും അവനിൽ അമർഷമുളവാക്കി…
” എല്ലാം റെഡിയാക്കിക്കൊ നമുക്ക് ഇപ്പൊ തന്നെ ഇവിടെ നിന്ന് പുറപ്പെടണം… ” അവൻ പറഞ്ഞു കൊണ്ട് എണീറ്റ് അകത്തേക്ക് പോയി.
വിനു പോയതും ദിവ്യാ ഫോണെടുത്തു ഡയൽ ചെയ്തു…
” ആഹ്, മമ്മി… ഞങ്ങൾ അങ്ങോട്ട് പോവാണ്, ചെന്നിട്ട് വിളിക്കാം… എന്തായാലും തള്ളയായിട്ട് മോനിൽ നിന്ന് കൂടുതൽ ആകാനുള്ള വഴി ഒരുക്കി തന്നേക്കുവ… ശരി മമ്മി ഞാൻ വിളിക്കാം…”
നാട്ടിലേക്കുള്ള യാത്രയിൽ വിനുവിന്റെ മനസ് നിറയെ അമ്മയുമായുള്ള ഓർമകളായിരുന്നു…
അച്ഛൻ മരിച്ചശേഷം ഞാനെന്നൊരാൾക്ക് വേണ്ടിയാണ് അമ്മ ജീവിച്ചത്… ആരുടെയും മുന്നിൽ കൈനീട്ടാതെ സ്വന്തം അധ്വാനം കൊണ്ട് ഒരു കുറവും അറിയിക്കാതെയാണ് എന്നെ വളർത്തിയത്. ഇഷ്ടമുള്ള കോഴ്സ് പഠിപ്പിച്ചു ഇഷ്ടമുള്ള ജോലിയ്ക്ക് അയച്ചു…
ഒടുവിൽ എൻ്റെ പ്രണയം അറിയിച്ചപ്പോൾ എൻ്റെ സന്തോഷത്തിന് വേണ്ടി അമ്മ ദിവ്യയെ അംഗീകരിച്ചു… ശരിക്കും എന്നെ പോലെ തന്നെയാണ് അമ്മ ദിവ്യയേയും സ്നേഹിച്ചത്… സന്തോഷത്തോടെ മാത്രം കഴിഞ്ഞിരുന്നവർ എങ്ങനെയാണ് രണ്ട് വഴിക്കായി പോയത്…
എന്തിനാണ് അമ്മ ഇപ്പൊ ഇത്തരമൊരു നീക്കത്തിന് ഒരുങ്ങിയത്… ഒരു പുനർ വിവാഹത്തിന് മറ്റുള്ളവർ നിർബന്ധിച്ച സമയത്ത് ഒന്നും അമ്മ അതിന് തയാറായില്ല. പിന്നെ… പിന്നെ ഇപ്പൊ എന്തിന്…
അവൻ്റെ ചിന്തകൾ അവസാനിച്ചത്
സാരംഗിൽ എത്തിയപ്പോഴാണ്.
കോളിംഗ് ബെൽ അടിച്ചു വാതിൽ തുറക്കാൻ കാത്ത് നിൽക്കുമ്പോൾ അവൻ്റെ മനസിൽ വീണ്ടും ചോദ്യങ്ങൾ ഉയർന്നു.
തെല്ല് നേരത്തിനു ശേഷം വാതിൽ തുറന്നു പുറത്തേക്കു അൻപതിനോട് പ്രായമുള്ള ഒരു സ്ത്രീ ഇറങ്ങി വന്നു…
അവരുടെ മുഖത്ത് നാളുകൾക്ക് ശേഷം
“ഹാ… എന്താ വിളിക്കേം പറയേം ചെയ്യാതെ വന്നേ…” സൗപർണിക ചോദിച്ചു.
“ഓ ഞങ്ങള് വന്നത് അമ്മയുടെ ആവശ്യങ്ങൾക്ക് ബുദ്ധിമുട്ടായി കാണും അല്ലേ..” വിദ്യയുടെ മുഖത്ത് പുശ്ചമോ അവഞ്ജയൊ ഒക്കെയാണ് സൗപർണികയ്ക് കാണാൻ കഴിഞ്ഞത്… അവർ വിനുവിനെ നോക്കി അവൻ അമ്മയെ തന്നെ നോക്കി നിൽക്കുകയാണ്.
അവൻ്റെ ഭാവത്തിൽ സൗപർണികയ്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല ദിവ്യയുടെയും…
” അച്ഛമ്മേ… ” ചെറുമകൻ കണ്ണൻ്റെ വിളിയിൽ അവർ മനസ് നിറഞ്ഞ് പുഞ്ചിരിച്ചു.
” അച്ഛമ്മേടെ കണ്ണൻ വാ… ” സൗപർണിക അവനെ അടുത്തേക്ക് വിളിച്ചതും ദിവ്യ അവനെ കൂടുതൽ തന്നിലേക്ക് അടക്കി പിടിച്ചു.. ഒപ്പം വിനുവിന്റെ കൈയിലും…
അവളുടെ പ്രവർത്തിയിൽ സൗപർണിക പുശ്ചത്തോടെ ചിരിച്ചു.
” വന്ന കാലിൽ അവിടെ തന്നെ നിൽക്കണ്ട കയറി വാ…” അവരെ അകത്തേക്ക് കൂട്ടിക്കൊണ്ടു പോയി.
” ലക്ഷ്മീ… ” സൗപർണിക വിളിച്ചതും അകത്ത് നിന്ന് നാൽപത് വയസുള്ള ഒരു സ്ത്രീ അങ്ങോട്ടേക്ക് വന്നു.
” കുട്ടികൾക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കൂ…” അവർ സമ്മതിച്ചു കൊണ്ട് പോയ്.
” ഇരിക്ക്… ” അവരോട് പറഞ്ഞു കൊണ്ട് സൗപർണിക സോഫയിലേക്ക് ഇരുന്നു . എതിർ വശത്തായി വിനുവും ദിവ്യയും.
വിനു അമ്മയെ അടിമുടി നോക്കുകയായിരുന്നു… അമ്മയ്ക്ക് ഇപ്പോഴും വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല..
സൗപർണികയും വിനുവിനെ നോക്കി ഇരുന്നു അവൻ്റെ മനസിൽ എന്താവും എന്ന് അവർക്ക് മനസ്സിലായിരുന്നു.
” രണ്ടാളും ഇങ്ങോട്ടേക്കു തന്നെ വന്നതാണൊ അതൊ ഈ വഴിക്ക് എവിടെയെങ്കിലും പോയപ്പോൾ അമ്മയെ ഒന്ന് കണ്ട് കളയാം എന്ന് കരുതി വന്നതാണൊ…”
” അമ്മയെന്താ ഇങ്ങനെ ഒക്കെ ചോദിക്കുന്നെ ഇത് എൻ്റെ വീടല്ലേ എനിക്ക് ഇങ്ങോട്ട് വരാൻ പ്രത്യേകിച്ച് എന്തെങ്കിലും കാരണം വേണൊ” ” വിനു ഈർഷ്യയോടെ ചോദിച്ചു.
” ഹ്മ്.. ആയിക്കോട്ടെ… ”
“” ഞങ്ങൾ ചിലതൊക്കെ അറിഞ്ഞു അതിന്റെ സത്യാവസ്ഥ അറിയാനാ ഞങ്ങൾ ഇപ്പൊ വന്നത് “””
“” എന്താണാവോ അറിഞ്ഞത് “”
“””ചോദിക്ക് വിനു “””
“”” അമ്മ… അമ്മ വേറെ കല്ല്യാണം കഴിക്കാൻ പോകുന്നു എന്ന്…”””” വിനു വിക്കി വിക്കി ചോദിച്ചു.
” ആര് പറഞ്ഞു”” സൗപർണിക തിരികെ ചോദിച്ചു
“”” അതിനി ആറിയാത്തതായി ആരാ ഉള്ളത്… മനുഷ്യനെ ആകെ നാണം കെടുത്താനായിട്ട്…””” ദിവ്യ ഈർഷ്യയോടെ പറഞ്ഞു.
“”” നിങ്ങൾ കേട്ടത് ശരിയാണ്… ഞാൻ ഒരു വിവാഹം കഴിക്കാൻ തീരുമാനിച്ചു… തനിച്ചുള്ള ഈ ജീവിതം മടുപ്പായി തുടങ്ങി, അപ്പൊ ഇനിയങ്ങോട്ട് ഒരു കൂട്ട് വേണം എന്ന് തോന്നി.””” നിസ്സാരമട്ടിൽ അവർ പറഞ്ഞു.
” അമ്മയിത് എന്ത് ഭാവിച്ചാണ്… ഞാൻ സമ്മതിക്കില്ല ഇതിന്… “””
” ഞാൻ നിന്റെ അനുവാദം ചോദിച്ചില്ലല്ലോ വിനു… നിൻ്റെ വീട്ടിൽ നിന്റെ ചിലവിൽ ജീവിക്കുമ്പോഴല്ലേ എല്ലാത്തിനും നിന്റെ അനുവാദം ചോദിക്കേണ്ടത്…
സൗപർണിക ഇതുവരെ ജീവിച്ചതും ഇനിയങ്ങോട്ട് ജീവിക്കുന്നതും സ്വന്തമായി അധ്വാനിച്ചാണ്.. നീ മാസമാസം ചിലവിന് എന്ന പേരിൽ അയച്ച് തരുന്ന തുക നിന്റെ മകൻ്റെ പേരിൽ തന്നെ ഞാൻ ഡെപ്പോസിറ്റ് ചെയ്തിട്ടുണ്ട് മനസിലായോ…”” ശാന്തമായി തന്നെ സൗപർണിക പറഞ്ഞു.
“” അപ്പൊ അമ്മ എന്ത് ചെയ്താലും മകനായ ഞാനത് അന്വേഷിക്കേണ്ട എന്നാണൊ..””
“”” മകനെന്ന നിലയിൽ നിനക്ക് അന്വേഷിക്കാം പക്ഷേ എൻ്റെ തീരുമാനത്തിൽ നിന്ന് ഒരു മാറ്റവുമുണ്ടാകില്ല. “”” അവർ ഉറപ്പോടെ പറഞ്ഞു
“”” ഇപ്പൊ മനസിലായൊ അമ്മേടെ തനിക്കൊണം, ഹും!.. എന്തൊക്കെ ആയിരുന്നു. അമ്മ അതാണ് അമ്മ ഇതാണ്. എന്നിട്ടിപ്പോൾ കേട്ടല്ലോ.. മക്കളും കൊച്ച് മക്കളുമായ ഈ പ്രായത്തിൽ…ശ്ശേ… ഇത് ശരിക്കും വയസാം കാലത്ത് കാമം തലയ്ക്കു പിടിച്ചതാ… “” ദിവ്യ പറഞ്ഞു തീർന്നതും വിനുവിൻ്റെ കൈ അവളുടെ കവിളിൽ പതിഞ്ഞു… അവൾ ഞെട്ടലോടെ കവിളിൽ കൈ ചേർത്ത് അവനെ നോക്കി.
“”” വിനൂ… നീ…””
“”” ഇനിയൊരു അക്ഷരം മിണ്ടി പോകരുത്… നീ ആരോടാണ് ഈ സംസാരിക്കുന്നത് ഓർമയുണ്ടോ ഇത് എൻ്റെ അമ്മയാ. സംസാരത്തിൽ മര്യാദ ഇല്ലെങ്കിൽ അടിച്ച് അണപല്ലിളക്കും ഞാൻ.. മനസിലായോടി…””” അത്യധികം ദേഷ്യത്തോടെയുള്ള വിനുവിന്റെ അലർച്ചയിൽ ദിവ്യ ഭയത്തോടെ തലയാട്ടി പോയ്… വിനു അമ്മയെ നോക്കി.
“”” ഞാൻ നിന്റെ അമ്മയാണെന്ന് ഇപ്പോഴെങ്കിലും എൻ്റെ മകന് ഓർമയുണ്ടല്ലൊ സന്തോഷം…”” അമ്മയിൽ നിന്നും പുശ്ചത്തോടയുള്ള വാക്കുകൾ വിനുവിനെ വളരെയധികം വേദനിപ്പിച്ചു.
“” മോളെ.. ദിവ്യേ, നീ പറഞ്ഞതിന് മറുപടി തരാൻ എനിക്ക് അറിയാഞ്ഞിട്ടല്ല വേണ്ടാന്ന് എന്ന് വച്ചിട്ടാണ്, കാരണം നിനക്കുള്ള മറുപടി കാലം നിനക്ക് തരും അതെനിക്ക് ഉറപ്പുണ്ട്… എൻ്റെ മകൻ്റെ ഭാര്യയായി വന്നത് മുതൽ എൻ്റെ മകളായാണ് നിന്നെ ഞാൻ കണ്ടത് .
പക്ഷേ നീ ഒരിക്കലും എന്നെ നിന്റെ അമ്മയായി കണ്ടിട്ടില്ല. അതെനിക്ക് മനസിലായത് ഇവരെയും കൂട്ടി നീ ഇവിടെ നിന്നും ഇറങ്ങി പോയപ്പോഴാണ്.. അന്നും നിങ്ങളെ തടയാഞ്ഞത് ഇത് നിങ്ങളുടെ ജീവിതമാണ് നിങ്ങളുടെ ഇഷ്ടം പോലെ ജീവിക്കട്ടെ എന്ന് കരുതിയാ…
നീ വന്നപ്പൊ കണ്ണൻ്റെയും വിനുവിന്റെയും കൈയിൽ വിട്ട് കൊടുക്കാത്തപോലെ പിടിച്ചു വച്ചിട്ടുണ്ടായിരുന്നല്ലൊ. എന്തേ പേടിയാ?… എനിക്കും ആവുമായിരുന്നു പിടിച്ചു വയ്ക്കാൻ…””” അവളെ നോക്കി പറഞ്ഞു കൊണ്ട്. അകത്തേക്ക് നടക്കാൻ തുടങ്ങി.
“”” അമ്മാ ഞാൻ…””. അവൻ പറയും മുൻപേ സൗപർണിക കൈയുയർത്തി തടഞ്ഞു.
” “” മ് വേണ്ട വിനു… ജയശങ്കർ എൻ്റെ പഴയ ക്ലാസ് മേറ്റ് ആണ്… ഭാര്യ മരിച്ചു പോയി ഇപ്പൊ പത്ത് വർഷം ആകുന്നു.. മക്കളൊക്കെ വിദേശത്ത് സെറ്റിൽഡ് ആണ്… ഈ വരുന്ന ഞായറാഴ്ച മഹാദേവ ക്ഷേത്രത്തിൽ വച്ച് ചെറിയ രീതിയിൽ ഒരു താലികെട്ട് അത്രയേ ഉള്ളൂ…
അതിന് കൂടണം എന്ന് ഞാൻ പറയില്ല അത് നിന്റെ ഇഷ്ടം. ഇന്നിവിടെ തങ്ങുകയാണെങ്കിൽ ലക്ഷ്മിയോട് പറഞ്ഞു മുറി തയാറാക്കി ഇടാം…””” സൗപർണിക എഴുനേറ്റു അകത്തേക്ക് പോയി..
അതോടെ വിനുവിന് മനസിലായി അമ്മ ഇപ്പോഴും എടുക്കുന്ന തീരുമാനങ്ങളിൽ ഉറച്ചു നിൽക്കും എന്ന്…
“”” ഹാ വിനയനല്ലേ കയറി വരൂ…” ഘനഗംഭീരമായ ശബ്ദത്തോടെ തനിയ്ക്ക് മുന്നിൽ നിൽക്കുന്ന സുമുഖനായ വ്യക്തിയെ അവൻ അടിമുടി നോക്കി… ഏകദേശം അമ്മയുടെ പ്രായം തന്നെയാവും… അവൻ ഓരോന്ന് ഓർത്ത് നിൽക്കേ അയാള് അവനെയും ദിവ്യയേയും അകത്തേക്ക് കൂട്ടി.
“”” ഇരിക്ക് വിനയാ…””” അവർ ഇരിക്കുമ്പോഴേക്കും അകത്ത് മറ്റ് രണ്ട് മൂന്ന് പേരും കൂടി ഇറങ്ങി വന്നു..
“”” ആ ഇത് എൻ്റെ മക്കളാണ് ഗംഗ, ഗൗരി അത് അവരുടെ ഭർത്താക്കന്മാരും വിഷ്ണുവും ശിവനും… നാല് പേരും അമേരിക്കയിലാണ് ഇപ്പൊ കുറച്ചായി ഇവിടെ ഉണ്ട്…””” ജയശങ്കർ പറഞ്ഞു.
“” ഓഹ്… അപ്പൊ വിവാഹം കഴിഞ്ഞ ഈ മക്കൾക്ക് ഒരമ്മയെ കൊടുക്കാനാണൊ നിങ്ങളിപ്പോ വിനുവിന്റെ അമ്മയെ വിവാഹം കഴിക്കുന്നെ… നിങ്ങൾക്ക് എങ്കിലും ഇതിനെ എതിർത്തൂടെ എന്തൊരു നാണക്കേടാണ് ശ്ശേ… വയസാം കാലത്ത് ഓരോ…”” ദിവ്യ അറപ്പോടെ പറഞ്ഞു.
“”” ദിവ്യാ…””” വിനു താക്കീതോടെ വിളിച്ചു.
“”ഹ്.. ദിവ്യയോട് ആരാ പറഞ്ഞത് എൻ്റെ ഈ മക്കൾക്ക് ഒരമ്മയെ കൊടുക്കാനാണ് ഞാൻ സൗപർണികയെ വിവാഹം കഴിക്കുന്നത് എന്ന്… എൻ്റെ മക്കളുടെ അമ്മയ്ക്ക് പകരക്കാരിയായല്ല ഞാൻ അവളെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്… എനിക്ക് ഒരു കൂട്ടിനാണ്…
എൻ്റെ ചെറിയ ചെറിയ ഇഷ്ടങ്ങളെയും സന്തോഷങ്ങളെയും സങ്കടങ്ങളെയും ഒക്കെ പങ്ക് വയ്ക്കാൻ ഒരു പങ്കാളി അതാണ് സൗപർണിക… ആൾക്ക് തിരിച്ചും ഞാനങ്ങനെ തന്നെയാണ്… ചെറുപ്പം മുതലേ ഞങ്ങൾ വളരെ അടുത്ത കൂട്ടുകാരായിരുന്നു.
ജീവിതത്തിലെ ചില ഘട്ടങ്ങളിൽ ഞങ്ങൾക്ക് ആ സൗഹൃദത്തിൽ നിന്ന് വിട്ട് നിൽക്കേണ്ടി വന്നു. ഇപ്പൊ വീണ്ടും ആ സൗഹൃദം ഒരു താലിയും കൂടി ചേർത്ത് ഞങ്ങൾ അങ്ങ് കൂട്ടിയോജിപ്പിക്കുന്നു… “”” ശാന്തഭാവത്തിലെ ജയശങ്കറിന്റെ സംസാരം വിനുവിന് ഇഷ്ടമായി. ഏകദേശം കാര്യങ്ങളും അവന് മനസിലായി.
“”” പിന്നെ ദിവ്യ ഞങ്ങളോട് ചോദിച്ചത്… ഞങ്ങളുടെ അച്ഛൻ അച്ഛൻ്റെ ജീവിതത്തിലേക്ക് ഒരു കൂട്ട് കൊണ്ട് വരുന്നതിന് ഞങ്ങൾ എന്തിന് എതിർപ്പ് പറയണം… ഞങ്ങളുടെ ജോലിയും തിരക്കും ഒന്ന് കൊണ്ടും ഞങ്ങൾക്ക് അച്ഛനോടൊപ്പം സമയം ചിലവഴിക്കാൻ അധികം പറ്റാറില്ല.
അച്ഛൻ ഇതുവരെ അതിൽ പരാതിയൊന്നും പറഞ്ഞിട്ടില്ല, എങ്കിലും ഞങ്ങൾക്ക് അത് ഒരു വിഷമം തന്നെയാണ്… അമ്മയുടെ മരണശേഷം ഞങ്ങൾക്ക് വേണ്ടിയാ അച്ഛൻ ജീവിച്ചത്. അച്ഛൻ ഇങ്ങനൊരു കാര്യം പറഞ്ഞപ്പോൾ അച്ഛൻ്റെ സന്തോഷം അതിലാണെങ്കിൽ അത് സാധിച്ചു കൊടുക്കുന്നതല്ലേ ഞങളുടെ കടമ…
ഈ വിവാഹത്തിനെ ഞങ്ങൾ അങ്ങനെയാണ് കാണുന്നത്… അത് കൊണ്ട് മാത്രമല്ല വിനയൻ, ഞങ്ങൾക്ക് സൗപർണികാൻ്റിയെ ഇഷ്ടമാണ് ഞങ്ങൾ സംസാരിക്കാറുമുണ്ട്… ഞങ്ങൾക്ക് ഉറപ്പാണ് ഇവരുടെ ജീവിതം വളരെ ബ്യൂട്ടിഫുൾ ആയിരിക്കും…”” ഗംഗ ആദ്യം ദിവ്യയോടായും പിന്നീട് വിനയനോടും പറഞ്ഞു.
“” എടോ ദിവ്യാ നമ്മള് പഠിച്ചവരല്ലേ, ഈ ജനറേഷനിൽ ജീവിക്കുന്ന നമ്മള് എന്തിനാ ഇതിനേ വേറെ ഒരു ആങ്കിളിൽ കാണുന്നെ… ഇരുപത്തിയഞ്ചു വയസുള്ള ഒരു പെണ്ണും ചെറുക്കനും കല്യാണം കഴിക്കുമ്പോൾ നമ്മള് ഇത്രയും വലിയ ചർച്ചയും ചോദ്യവുമായി വരുമോ ഇല്ലല്ലോ അത് പോലെ തന്നെയാ അൻപതിലും…
ഒരു ലൈഫിൻ്റെ മനോഹരമായ ഒരു കാലഘട്ടം ഈ വാർദ്ധക്യമാണ്… കൂടെ ചേർത്ത് പിടിക്കാൻ അനുയോജ്യമായ ഒരു കൂട്ടുണ്ടെങ്കിൽ… അച്ഛനും ആൻ്റിയും അവരുടെ ആ മനോഹരമായ ആ ഘട്ടത്തിലാണ്… അവരെ വിട്ടേക്ക് അവരത് എൻജോയ് ചെയ്യട്ടേ…””” ഗൗരിയും കൂടി അവർക്ക് ഒപ്പം നിൽക്കുമ്പോൾ വിനയൻ്റെ മനസ് പൂർണമായും മാറിയിരുന്നു… ദിവ്യയുടെയും..