രാത്രി കൃത്യം ഏഴ് മണിക്ക് വിഷ്ണുവിനോട് അവിടെയെത്താൻ മീനാക്ഷി പറഞ്ഞു. പറഞ്ഞത് പോലെ അവൻ കൃത്യം ഏഴ്

(രചന: ഞാൻ ഗന്ധർവ്വൻ)

 

“ടാ, എനിക്ക് ഇപ്പൊ അവളെ കാണണം. ഒരുതെറ്റും ചെയ്യാത്ത എന്നെ എന്തിനാടാ അവൾ വേണ്ടാന്ന് വെച്ചേ”

 

തന്റെ കയ്യിലുള്ള മദ്യം ഒറ്റവലിക്ക് കുടിച്ച് വിഷ്ണു തന്റെ കൂട്ടുകാരെ ദയനീയമായി നോക്കി. കൂട്ടുകാരൻ റഹീം അവന്റെ തോളിൽ കൈവെച്ച് കയ്യിലെ ഗ്ലാസ്‌ വാങ്ങിവെച്ചു

 

“ന്റെ വിഷ്ണു, നീ ഇപ്പൊ അവളെ കണ്ടിട്ട് ഒരുകാര്യോം ഇല്ല. ഇന്നവൾ നിന്റെ കാമുകിയല്ല, മറ്റൊരാളുടെ ഭാര്യയാണ്. ഞങ്ങൾ അവളെ കാര്യങ്ങളൊക്കെ പറഞ്ഞ് മനസ്സിലാക്കാൻ ഒരുപാട് ശ്രമിച്ചു. പക്ഷേ അവൾ ഒന്നും കേൾക്കാൻ കൂട്ടാക്കിയില്ല”

 

മറ്റൊരു കൂട്ടുകാരൻ അനൂപ് വിഷ്ണുവിനെ നോക്കി

 

“അവൾക്ക് ഇനി ഒന്നും കേൾക്കേണ്ട എന്നാണ് പറയുന്നത്. നീയുമായി അടുപ്പമുള്ള ആരുമായും അവൾക്ക് സംസാരിക്കാൻ താല്പര്യമില്ലത്രെ”

 

വിഷ്ണു ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു, പക്ഷേ അവന്റെ കാലുകൾ നിലത്തുറക്കുന്നില്ലായിരുന്നു

 

“അതെങ്ങനാ ശരിയാവാ…? ഇങ്ങനെ ഒരു തെറ്റിദ്ധാരണയുടെ പേരിൽ ഇട്ടേച്ച് പോവാനാണോ ഞാൻ അവളെ ജീവനുതുല്യം സ്നേഹിച്ചത്”

 

അത് പറഞ്ഞ് പൂർത്തിയാക്കുമ്പോൾ വിഷ്ണുവിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. തന്റെ ഷർട്ടിന്റെ തുമ്പുകൊണ്ട് കണ്ണീർ തുടച്ചുമാറ്റി അവൻ കൂട്ടുകാരെ നോക്കി

 

“എനിക്ക് അവളെ കിട്ടിയില്ലെങ്കിൽ ആർക്കും ഞാൻ കൊടുക്കില്ല. അവളുടെ ഭർത്താവിന്റെ വീട്ടിൽ പോയി ഞാൻ പ്രശ്നമുണ്ടാക്കും. നീയൊക്കെ എന്റെ കൂടെ നിക്കില്ലെടാ”

 

അനൂപ് അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു

 

“വിഷ്ണു, നീ വെറുതേ സീനാക്കരുത്. നീ പറയുന്നത് കേൾക്കാൻ പോലും താല്പര്യം കാണിക്കാതെ മറ്റൊരുവന്റെ മുന്നിൽ കഴുത്ത് നീട്ടികൊടുത്ത അവളോട്‌ പോവാൻ പറയടാ”

 

അനൂപ് പറഞ്ഞതിനോട് റഹീമും അനുകൂലിച്ചു

 

“അവളെ കണ്ട് സംസാരിക്കാൻ ഞങ്ങൾ ഒരുപാട് ശ്രമിച്ചു. പക്ഷേ നിന്നെപ്പോലെ ഒരു ചതിയന്റെ കൂട്ടുകാരോട് സംസാരിക്കാൻ താല്പര്യമില്ല എന്ന് പറഞ്ഞ് ഞങ്ങളെയൊക്കെ ആട്ടിയോടിക്കുകയായിരുന്നു. നിന്നെ മനസ്സിലാക്കാൻ പറ്റാത്ത അവളോട്‌ ഇനിയെന്ത് പറയാനാ”

 

വിഷ്ണു രണ്ടുപേരേയും നോക്കി

 

“എല്ലാ അർഥത്തിലും അവൾ മറ്റൊരുവന്റെ ആയിത്തീരുന്ന നേരത്ത് ഞാൻ ഈ നാട്ടിൽ നിന്നാൽ എനിക്ക് വട്ട് പിടിക്കും”

 

അനൂപ് ഓടിപ്പോയി മദ്യം ഗ്ലാസ്സിലേക്ക് ഒഴിച്ച് അത് ഒറ്റവലിക്ക് കുടിച്ച് ആടിയാടി തിരിച്ച് വിഷ്ണുവിന്റെ അടുത്ത് വന്നു. എന്നിട്ട് മുറിഞ്ഞിരിക്കുന്ന വിഷ്ണുവിന്റെ കൈ നോക്കിയിട്ട് അനൂപ് ചോദിച്ചു

 

“കുറേനേരായി ഞാൻ ചോദിക്കണം ചോദിക്കണം എന്ന് കരുതുന്നു. നിന്റെ കയ്യിന് എന്താ പറ്റിയേ…? നല്ല മുറിവുണ്ടല്ലോ…?”

 

വിഷ്ണു അനൂപിനെ നോക്കി

 

“ഒരു പൊട്ടക്കിണറ്റിൽ വീണതാ”

 

“പൊട്ടക്കിണറ്റിലോ…? എപ്പോ…?”

 

കൂട്ടുകാർ എല്ലാവരും കൂടി വായും പൊളിച്ച് ഒറ്റചോദ്യം ആയിരുന്നു. വിഷ്ണു അവരെ നോക്കി തന്റെ കൈ മുറിഞ്ഞ കഥ പറഞ്ഞു തുടങ്ങി

 

രണ്ട് വർഷമായി തീവ്ര പ്രണയത്തിലായിരുന്നു വിഷ്ണുവും മീനാക്ഷിയും. വിഷ്ണുവുമായുള്ള ബന്ധം അറിഞ്ഞ മീനാക്ഷിയുടെ വീട്ടുകാർ ഒരു സർക്കാർ ഉദ്യോഗസ്ഥനുമായി അവളുടെ വിവാഹം ഉറപ്പിച്ചു.

 

വിഷ്ണു ഇല്ലാതെ ജീവിക്കുന്നത് സ്വപ്നം പോലും കാണാൻ പറ്റാതിരുന്ന മീനാക്ഷി കല്യാണത്തിന്റെ തലേന്ന് അവനോടൊപ്പം ഒളിച്ചോടാൻ തീരുമാനിച്ചു. രാത്രി അവളുടെ വീടിന് പിറകിലുള്ള മതിൽ ചാടിവരാം എന്ന് അവൾ വാക്ക് കൊടുത്തു.

 

മീനാക്ഷിയുടെ വീടിന് പിറകിലുള്ള സ്ഥലം കാട് പിടിച്ച് കിടക്കായിരുന്നു. അവിടേക്ക് അങ്ങനെ ആരും പോവാറില്ലായിരുന്നു. അതുകൊണ്ട് തന്നെ ആ വഴി പോയാൽ ആരും ശ്രദ്ധിക്കില്ല എന്ന് അവർ തീരുമാനിച്ചു.

 

അങ്ങനെ രാത്രി കൃത്യം ഏഴ് മണിക്ക് വിഷ്ണുവിനോട് അവിടെയെത്താൻ മീനാക്ഷി പറഞ്ഞു. പറഞ്ഞത് പോലെ അവൻ കൃത്യം ഏഴ് മണിക്ക് അവളുടെ വീടിന്റെ പിറകിലെ പറമ്പിൽ വന്ന് അവളെ ഫോൺ വിളിച്ചു.

 

അപ്പോഴാണ് തന്റെ ഫോണിലെ ബാലൻസ് തീർന്നകാര്യം അവൻ ശ്രദ്ധിച്ചത്. നെറ്റും കിട്ടില്ല കോളും ചെയ്യാൻ പറ്റില്ല. ഒളിച്ചോടാനുള്ള വെപ്രാളത്തിൽ ഫോണിൽ ബാലൻസ് ഉണ്ടോ എന്ന് നോക്കാൻ വിട്ടുപോയി. ഉടൻ കസ്റ്റമർ കെയറിലേക്ക് വിളിച്ച് പത്ത് രൂപ ക്രെഡിറ്റ്‌ എടുത്ത് അവളെ വിളിച്ചു

 

“ന്റെ വിഷ്ണു ഞാൻ ഇപ്പൊ വരാം, എന്റെ ചുറ്റിലും ആളുകൾ ഉണ്ട്. എങ്ങനെയെങ്കിലും ഞാൻ അവരുടെ കണ്ണ് വെട്ടിച്ച് വരാം”

 

അവൾക്ക് വിഷ്ണു ധൈര്യം പകർന്നു. സംസാരിച്ച് സംസാരിച്ച് ക്രെഡിറ്റ്‌ എടുത്ത ബാലൻസും തീർന്നു. അവൾ തിരിച്ച് വിളിക്കാൻ ഒരുങ്ങിയതും അമ്മയും മാമനും കൂടെ അടുത്ത് വന്നപ്പോൾ ഫോൺ മാറ്റിവെച്ച് മീനാക്ഷി അവരോട് സംസാരിച്ചിരുന്നു. തന്റെ ഫോണിൽ നോക്കി ദേഷ്യത്തോടെ പിറുപിറുത്ത് വിഷ്ണു അവൾക്ക് വേണ്ടി കാത്തിരുന്നു.

 

ആരെങ്കിലും തന്നെ കാണുമോ എന്ന ഭയം അവനിൽ ഉണ്ടായിരുന്നു. പറമ്പിന്റെ നടുവിലുള്ള പൊന്തക്കാട്ടിൽ ഒളിച്ചിരിക്കാൻ വിഷ്ണു തീരുമാനിച്ചു. അവൻ മുന്നോട്ട് നടന്നു, പെട്ടെന്നാണ് മൊബൈൽ ശബ്‌ദിച്ചത്.

 

പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് നോക്കിയപ്പോൾ മീനാക്ഷി ആയിരുന്നു വിളിക്കുന്നത്. അവൻ ഒരടി മുന്നോട്ട് നടന്ന് കോൾ എടുക്കാൻ ഒരുങ്ങിയതും മുന്നിലുള്ള ആഴമേറിയ പൊട്ടക്കിണറ്റിലേക്ക് വീണതും ഒരുമിച്ചായിരുന്നു.

 

വീഴ്ചയിൽ അവനോടൊപ്പം മൊബൈലും പൊട്ടക്കിണറ്റിലേക്ക് വീണു. മൊബൈലിന്റെ ബാറ്ററിയും ബോർഡുമെല്ലാം നാലുപാടും ചിതറി. വീഴ്ചയിൽ അവന്റെ കയ്യിന് സാരമായി മുറിവ് പറ്റിയിരുന്നു. കൂരാക്കൂരിരുട്ടിൽ അവൻ മൊബൈൽ പരതി.

 

പക്ഷേ അവന്റെ കയ്യിൽ തടഞ്ഞത് ഉപയോഗം കഴിഞ്ഞ് വലിച്ചെറിഞ്ഞ കോണ്ടവും മദ്യകുപ്പികളും ആയിരുന്നു. അറപ്പോടെ അവൻ അതെല്ലാം തട്ടിമാറ്റി. എന്തോ തന്റെ ശരീരത്തിലൂടെ ഇഴയുന്നത് പോലെ തോന്നിയ അവൻ ഉച്ചത്തിൽ അലറി വിളിച്ചു. പക്ഷേ ആരും അവന്റെ ശബ്ദം പുറത്തേക്ക് കേട്ടില്ല. നല്ല ആഴമുള്ള പൊട്ടകിണറ്റിലേക്കാണ് വിഷ്ണു വീണിരിക്കുന്നത്.

 

ഈ സമയം മീനാക്ഷി അവനെ വിളിച്ചോണ്ടിരിക്കുകയായിരുന്നു. ഫോൺ സ്വിച്ച് ഓഫ്‌ ആക്കി വിഷ്ണു തന്നെ ചതിച്ചു എന്നവൾ കരുതി. പൊട്ടക്കിണറ്റിൽ അകപ്പെട്ട് ഉച്ചത്തിൽ കരയാനേ വിഷ്ണുവിന് പറ്റിയുള്ളൂ. ആ ഇരുട്ടത്ത് അവൻ മൊബൈൽ തിരഞ്ഞ് കണ്ടുപിടിക്കാൻ ശ്രമിച്ചു.

 

മൊബൈൽ കിട്ടിയാൽ മീനാക്ഷിയോട് കാര്യം വിളിച്ച് പറയാം എന്നവൻ കരുതി. ഇരുട്ടത്ത് തപ്പി തപ്പി മൊബൈലിന്റെ ഓരോ പാർട്സും അവൻ ശേഖരിച്ചു. പക്ഷേ, ബാറ്ററി മാത്രം എത്ര തിരഞ്ഞിട്ടും കിട്ടിയില്ല. ഒരു ഭ്രാന്തനെപ്പോലെ അവൻ നിലവിളിച്ചു. പക്ഷേ ആര് കേൾക്കാൻ.

 

തൊട്ടപ്പുറത്തെ അമ്പലത്തിൽ ഉത്സവം ആയോണ്ട് ഉച്ഛത്തിലുള്ള ചെണ്ടമേളം അവന്റെ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു. എത്ര ഉച്ചത്തിൽ അലറിയിട്ടും അവന്റെ ശബ്ദം ആരും കേട്ടില്ല. ഇഴജന്തുക്കൾക്കും, എലികൾക്കും, കാലിയായ മദ്യകുപ്പികൾക്കും, ദുർഗന്ധമുള്ള പഴകിയ കൊണ്ടങ്ങൾക്കുമിടയിൽ വിഷ്ണു ഒന്നും ചെയ്യാനാവാതെ നിസ്സഹായനായി നിന്നു.

 

കയ്യിലെ മുറിവ് നന്നായി വേദനിക്കുമ്പോഴും നാളെ നേരം വെളുത്താൽ തനിക്ക് മീനാക്ഷി നഷ്ടപ്പെടുമല്ലോ എന്ന വേദനയായിരുന്നു അവനെ കൂടുതൽ അലട്ടിയത്. മൊബൈലിന്റെ ബാറ്ററി അവൻ വീണ്ടും തിരഞ്ഞു, പക്ഷേ ബാറ്ററിക്ക് പകരം കയ്യിൽ തടഞ്ഞത് എലിയും പ്രാണികളുമൊക്കെയായിരുന്നു.

 

അവൻ പൊട്ടകിണറ്റിലൂടെ പിടിച്ച് മേലോട്ട് കയറാൻ ശ്രമിച്ചു. പക്ഷേ കയ്യിലെ മുറിവ് കാരണം അതിന് സാധിച്ചില്ല. സങ്കടവും, ദേഷ്യവും, നിരാശയും ഒന്നിച്ച് വന്നു. ആരെങ്കിലും അതുവഴി വന്ന് തന്നെ രക്ഷപ്പെടുത്തിയിരുന്നെങ്കിൽ എന്ന് അവൻ ആഗ്രഹിച്ചു.

 

മീനാക്ഷി വന്ന് പൊട്ടകിണറ്റിലേക്ക് എത്തിനോക്കി തന്നെ കണ്ടത്തുമോ എന്ന് അവൻ കൊതിച്ചു. സമയം പോയിക്കൊണ്ടിരുന്നു, അമ്പലത്തിൽ വെടികെട്ട് തുടങ്ങിയപ്പോഴാണ് സമയം നാലുമണി കഴിഞ്ഞെന്ന് അവന് മനസ്സിലായത്. ആകാശത്തിൽ ഓരോ വർണങ്ങൾ വിരിയുന്നത് അവൻ കണ്ടു.

 

ഇനി ഏതാനും മണിക്കൂറുകൾ കഴിഞ്ഞാൽ മീനാക്ഷി മറ്റൊരാളുടേത് ആവാൻ പോവാണ് എന്നോർത്ത് വിഷ്ണു കണ്ണീർ പൊഴിച്ചു.

 

തനിക്ക് ഈ പൊട്ടക്കിണറ്റിൽ നിന്നും പുറത്ത് കടക്കാൻ പറ്റുന്നില്ലല്ലോ എന്ന നിരാശയായിരുന്നു അവന്. സമയം പോയ്കൊണ്ടിരിക്കുകയാണ് അവൻ വീണ്ടും ബാറ്ററി തപ്പാൻ തുടങ്ങി. കയ്യിൽ ഇഴഞ്ഞു കയറുന്ന ഇഴജന്തുക്കളെയൊക്കെ തട്ടിമാറ്റി അവൻ ഒരു ഭ്രാന്തനെപ്പോലെ ആ ഇരുട്ടത്ത് ബാറ്ററി തിരഞ്ഞുകൊണ്ടിരുന്നു.

 

പെട്ടന്ന് അവന്റെ കയ്യിൽ എന്തോ തടഞ്ഞു, അതെടുത്ത് കണ്ണിനോട് ചേർത്ത് നോക്കിയപ്പോൾ ബാറ്ററി ആണെന്ന് മനസ്സിലായി. അവന് സന്തോഷം സഹിക്കാൻ കഴിഞ്ഞില്ല. ഉടൻ ബാറ്ററി ഫോണിലിട്ട് അവൻ മീനാക്ഷിയെ വിളിച്ചു. പക്ഷേ ഫോണിൽ ബാലൻസും നെറ്റും ഉണ്ടായിരുന്നില്ല.

 

ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി വിഷ്ണുവിന്. അവൻ വീണ്ടും കസ്റ്റമർ കെയറിൽ വിളിച്ച് ക്രെഡിറ്റ്‌ എടുക്കാൻ നോക്കി. പക്ഷേ, ആ ശ്രമം നടന്നില്ല. സമയം പോയികൊണ്ടിരിക്കുകയാണ്.

 

എന്ത് ചെയ്യണം എന്നറിയാതെ അവൻ നിശ്ചലമായി. ഒരുനിമിഷം ആലോചിച്ച് ഫോൺ കയ്യിലെടുത്ത് അവൻ കസ്റ്റമർ കെയറിലേക്ക് വിളിച്ചു. വിറക്കുന്ന കൈകളോടെ അവൻ അവരുടെ നിർദ്ദേശം അനുസരിച്ച് ഒന്നും മൂന്നും ഒമ്പതും എല്ലാം അമർത്തി. കുറച്ച് സമയത്തിന് ശേഷം കോൾ കണക്ട് ആയി.

 

ഒരു പെൺകുട്ടിയായിരുന്നു സംസാരിച്ചത്. അവൻ അവളോട്‌ താൻ പൊട്ടക്കിണറ്റിൽ പെട്ട് കിടക്കുന്ന അവസ്ഥ പറഞ്ഞു. ദയവുചെയ്ത് തന്നെ സഹായിക്കണം എന്നും. തന്റെ ഫോണിലേക്ക് ഒരു പത്ത് രൂപകൂടി ക്രെഡിറ്റ്‌ ചെയ്ത് തന്നാൽ ഒരു മണിക്കൂറിനകം റീചാർജ് ചെയ്യാം എന്നും പറഞ്ഞ് അവൻ അവളോട്‌ ഒരുപാട് കെഞ്ചി നോക്കി.

 

പക്ഷേ അത് സാധ്യമല്ല എന്ന് പറഞ്ഞ് അവൾ ഫോൺ കട്ട്‌ ചെയ്യാനൊരുങ്ങിയപ്പോൾ മീനാക്ഷിയുടെ നമ്പർ പറഞ്ഞ് കൊടുത്ത് അതിലേക്ക് വിളിച്ച് കാര്യങ്ങൾ പറയാൻ അപേക്ഷിച്ചു. പക്ഷേ മറുപടി പറയാതെ അവൾ കോൾ ഡിസ്കണക്ട് ചെയ്തു.

 

വല്ലാത്ത നിരാശ തോന്നി അവന്. കൊച്ചുകുട്ടികളെ പോലെ അവൻ തേങ്ങി കരഞ്ഞു. ആറ് മണിക്കുള്ള അവസാന വെടിക്കെട്ടിന്റെ ശബ്ദവും അവന്റെ കാതിലൂടെ തുളച്ചു കയറി. ഫോണിൽ നോക്കിയപ്പോൾ സമയം ആറുമണി കഴിഞ്ഞിരിക്കുന്നു.

 

പെട്ടെന്നാണ് അവന്റെ മൊബൈൽ ശബ്‌ദിച്ചത്, ഫോണിൽ നോക്കിയപ്പോൾ പരിചയമില്ലാത്ത ഏതോ നമ്പറാണ്. അവൻ പെട്ടെന്ന് ഫോണെടുത്ത് സംസാരിച്ചു. കുറച്ച് മുന്നേ കസ്റ്റമർ കെയറിലേക്ക് വിളിച്ചപ്പോൾ സംസാരിച്ച പെൺകുട്ടിയായിരുന്നു അത്…

 

“എന്നെ മനസ്സിലായോ…?”

 

“കുറച്ച് മുന്നേ കസ്റ്റമർ കെയറിൽ നിന്നും സംസാരിച്ച കുട്ടിയല്ലേ…? പ്ലീസ് എന്നെയൊന്ന് ഹെൽപ്പ് ചെയ്യോ”

 

വിഷ്ണു അവളോട് ദയനീയമായി അപേക്ഷിച്ചു. അതിനുള്ള മറുപടി ഒരു പൊട്ടിച്ചിരിയിലൂടെ ആയിരുന്നു അവൾ കൊടുത്തത്

 

“കുറച്ച് മുന്നേ സംസാരിച്ച എന്റെ ശബ്ദം നിനക്ക് ഓർമയുണ്ട് അല്ലേ…? പക്ഷേ നീ മീനാക്ഷിയെ പ്രണയിക്കുന്നതിന് മുന്നേ ഒരു രണ്ട് മൂന്ന് വർഷം എന്നെ പ്രണയിച്ചിരുന്നു. ആ ശബ്ദം നീ ഓർക്കുന്നില്ല അല്ലേ…?”

 

“സ…രി…ത… സരിത…”

 

“അതേടാ സരിത തന്നെയാണ്. എന്നേക്കാൾ സൗന്ദര്യവും കാശുമുള്ള പെണ്ണിനെ കണ്ടപ്പോൾ നൈസായി എന്നെ തേച്ചിട്ട് പോയത് ഓർക്കുന്നുണ്ടോ…? അതേ സരിത… നിന്റെ നമ്പർ കണ്ടപ്പോഴേ എനിക്ക് ആളെ മനസിലായി. അതുകൊണ്ട് തന്നെയാണ് സഹായിക്കാഞ്ഞത്”

 

ഒന്ന് നിറുത്തിയിട്ട് അവൾ തുടർന്നു

 

നീയെന്നെ ഇട്ടിട്ട് പോയപ്പോൾ ഞാനും ഇങ്ങനെ കരഞ്ഞിരുന്നു. ഒരു ഭ്രാന്തിയെ പോലെ. നിന്റെ പിറകേ കാലുപിടിച്ച് വന്നപ്പോൾ നീ എന്നെ തെറി വിളിച്ചു, ആട്ടി ഓടിച്ചു. അത്രക്ക് ഇഷ്ടം ആയോണ്ടാ ചതിയാ നിന്റെ പിറകേ അന്ന് നാണമില്ലാതെ വന്നേ. അന്ന് നീ എന്നോട് ഒരുകാര്യം പറഞ്ഞിരുന്നു.

 

ഞാൻ പൊട്ടകിണറ്റിലെ തവള ആണെന്ന്. ഇപ്പൊ മനസ്സിലായോ ആരാണ് പൊട്ടകിണറ്റിലെ തവള എന്ന്. എന്തായാലും അവിടെ കിടക്ക് കുറച്ച് നേരംകൂടി. നിന്റെ കാമുകിയുടെ താലികെട്ട് കഴിഞ്ഞിട്ട് നിന്നെ ആ പൊട്ടകിണറ്റിൽ നിന്നും രക്ഷിക്കുന്നതിനെ പറ്റി ആലോചിക്കാം. കേട്ടോടാ ചതിയാ”

 

വിഷ്ണു ഈ കഥ പറഞ്ഞ് തീർന്നതും നെഞ്ച് പൊട്ടി നിക്കുന്ന അവനെ നോക്കി കൂട്ടുകാർ ആർത്ത് ചിരിച്ചു. എജ്ജാതി പ്രതികാരം അല്ലേ…

Leave a Reply

Your email address will not be published. Required fields are marked *