എന്തുവാ മാസം മാസം വരാറുള്ളത് അല്ലിയോ ഈ മാസം എന്താ ഇപ്പൊ ഇത്ര പ്രത്യേകത നിനക്ക് വലിയ വേദനയൊന്നും ഇല്ലാന്നാണല്ലോ സൂസന്ന പറഞ്ഞത്…??

(രചന: J. K)

 

“”സോണി ടീ നീ പോയില്ലേ കല്യാണത്തിന്??

 

അപ്പുറത്തെ വീട്ടിലെ എൽസി ചേച്ചിയാണ് മുന വച്ചുള്ള ചോദ്യമാണ് എന്നറിയാം അതുകൊണ്ട് തന്നെ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു ഇല്ല വയ്യ എന്ന്..

 

“” എന്തുവാ മാസം മാസം വരാറുള്ളത് അല്ലിയോ ഈ മാസം എന്താ ഇപ്പൊ ഇത്ര പ്രത്യേകത നിനക്ക് വലിയ വേദനയൊന്നും ഇല്ലാന്നാണല്ലോ സൂസന്ന പറഞ്ഞത്…?? ”

 

നോവുന്ന ഒരു പുഞ്ചിരി അതിനു പകരമായി കൊടുത്തു സോണി.. അല്ലെങ്കിലും മമ്മിക്ക് തന്റെ എന്ത് കാര്യമാണ് അറിയുന്നത് എന്ന് ചിന്തിച്ചു…

 

വേദനയില്ല പോലും എല്ലാ മാസവും ജീവൻ കയ്യിൽ പിടിച്ചാണ് താൻ ഇവിടെ കിടക്കാറ് കൂട്ടുകാരൊക്കെ വന്നു പറയുന്നത് കേൾക്കാം അവരുടെയെല്ലാം മമ്മിമാർ അപ്പോൾ എന്തെല്ലാം ചെയ്തു കൊടുക്കാറുണ്ട് എന്ന്…

 

തനിക്ക് അതെല്ലാം അന്യമാണ് എങ്കിലും ആരോടും പരാതിയില്ല കാരണം ഓർമ്മവച്ച നാൾ മുതൽ കാണുന്നതാണ് ഈ അവഗണന..

 

ആദ്യമൊക്കെ അത്ഭുതമായിരുന്നു എന്താണ് തന്നോട് മാത്രം മമ്മി ഇങ്ങനെ എന്ന്..

സേവിയർ പപ്പയ്ക്ക് തന്നോട് ഇതേ അവഗണന തന്നെയാണ് അത് പിന്നെ പോട്ടെ എന്ന് വയ്ക്കാം കാരണം അത് തന്റെ രണ്ടാനച്ചൻ ആണല്ലോ പക്ഷേ പ്രസവിച്ച മമ്മി തന്നെ ഇങ്ങനെ അകറ്റി നിർത്തുന്നത് അത്ഭുതം ആയിരുന്നു…

 

പലരുടെയും കാര്യങ്ങൾ കേട്ടിട്ടുണ്ട് രണ്ടാനച്ഛൻ എത്ര ക്രൂരന്മാരാണ് എങ്കിലും പ്രസവിച്ച അമ്മമാർ അവരെ ചേർത്തുപിടിക്കും ഇവിടെ രണ്ടാനച്ചനേക്കാൾ അവഗണനയാണ് സ്വന്തം മമ്മിക്ക് ….

 

തനിക്ക് ഓർമ്മവച്ച നാള് മുതൽ തന്റെ പപ്പ തങ്ങളോട് കൂടിയില്ല മരിച്ചു പോയിരുന്നു.. പകരം സേവിയർ പപ്പായാണ് കൂടെയുള്ളത്..

 

അതിൽ മമ്മിക്ക് ഒരു പെൺകുട്ടി കൂടിയുണ്ട് ജൂഡി.. അവളെ പൊന്നുപോലെയാണ് മമ്മി നോക്കുന്നത്..

 

ആദ്യമൊക്കെ അത് കണ്ട് വളരെ വേദന തോന്നിയിട്ടുണ്ട് പക്ഷേ ക്രമേണ മനസ്സിലായി അതിൽ വേദനപ്പട്ടിട്ട് കാര്യമില്ല തന്റെ നോമ്പരം കാണാൻ ഇവിടെ ആരുമില്ല എന്ന്.. അതുകൊണ്ടുതന്നെ എല്ലാം മനസ്സിൽ ഒതുക്കി ഒരു ചിരിയുടെ മുഖംമൂടി അണിഞ്ഞാണ് നടക്കാറ്…

 

ചെറുപ്പം മുതലേ തനിക്ക് വാങ്ങിത്തരുന്ന പുസ്തകങ്ങളും ഡ്രസ്സും എല്ലാം സേവിയർ പപ്പയുടെ ഔദാര്യമായിരുന്നു ഇതുവരെയും മമ്മി തനിക്ക് വേണ്ടി എന്തെങ്കിലും വാങ്ങണം എന്ന് സേവിയർ പപ്പയോട് ആവശ്യപ്പെട്ടിട്ടില്ല ജൂഡിക്ക് നൂറെണ്ണം വാങ്ങുമ്പോൾ അതുപോലെ ഒരെണ്ണം എനിക്കും വാങ്ങും വിലകുറഞ്ഞതാണെങ്കിലും അതിൽ തൃപ്തയായിരുന്നു ഞാൻ…

 

പ്ലസ്ടുവിന് നല്ല മാർക്ക് വാങ്ങി ജയിച്ചപ്പോൾ ഇനി പഠിക്കാൻ പോകണ്ട നീയൊക്കെ പഠിച്ചിട്ട് എന്താവാനാ എന്ന് പറഞ്ഞ് സേവിയർ പപ്പാ എന്നെ വീട്ടിലിരുത്താൻ നോക്കി…

 

മമ്മി അതിനെതിരായി ഒന്നും പറഞ്ഞില്ല എനിക്കത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു കാരണം ഈ അവഗണനകൾ എല്ലാം മറക്കുന്നത് സ്കൂളിൽ പോകുമ്പോഴാണ് ഇനിമുതൽ അതും ഇല്ല എന്ന് അറിയുമ്പോഴുള്ള വല്ലാത്തൊരു പിടച്ചിലായിരുന്നു ഉള്ളിൽ..

 

“” മമ്മി എനിക്ക് തുടർന്ന് പഠിക്കണം”” ആദ്യമായി എന്റെ സ്വരം ആ വീട്ടിൽ ഉയർന്നു…

 

“” ഇനി നിന്നെ പഠിപ്പിക്കാൻ ഒരുപാട് പൈസ വേണം നിന്റെ മരിച്ചുപോയ തന്ത ഇവിടെ സമ്പാദിച്ച് വെച്ചിട്ടില്ല.. “”

 

ഇന്ന് മമ്മി പറഞ്ഞപ്പോൾ കഴിഞ്ഞ് കഴിച്ച ജൂഡി മോൾക്ക് മേടിച്ചു കൊടുത്ത ഐഫോൺ ആയിരുന്നു എന്റെ മനസ്സിൽ നിറയെ…

 

അവൾക്ക് അത് വാങ്ങിക്കൊടുത്തത് അവളുടെ പപ്പായ നിനക്ക് വേണമെങ്കിൽ നിന്നെ മരിച്ചുപോയ പപ്പയോട് പോയി പറ എന്ന് മമ്മി പറഞ്ഞപ്പോൾ എനിക്ക് നിയന്ത്രണം വിട്ടിരുന്നു…

 

“” പിന്നെ നിങ്ങൾ എന്റെ ആരാ നിങ്ങളെന്നെ നൊന്ത് പെറ്റു എന്നാണല്ലോ ഞാൻ കേട്ടത്?? ഒരു അമ്മമാർക്കും മക്കളോട് ഇങ്ങനെ ക്രൂരയാവാൻ കഴിയില്ല…. പറ ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ നിങ്ങൾ എന്നോടിങ്ങനെ….?? “”

 

“” നൊന്തു പെറ്റതുകൊണ്ട് സ്നേഹിക്കാൻ കഴിയണം എന്നുണ്ടോ?? പെണ്ണുങ്ങൾക്ക് കെട്ടിയ ശാപമാണ് മനസ്സിന് ആഗ്രഹമില്ലെങ്കിലും ഒരു കുഞ്ഞിന് അമ്മയാവാം എന്നത്… അങ്ങനെ ഏതോ ഒരു ശപിക്കപ്പെട്ട നിമിഷത്തിൽ എന്റെ വയറ്റിൽ വന്ന് പിറന്നതാണ് നീ… “”

 

വെറുപ്പോടെ സൂസന്ന അത് പറഞ്ഞപ്പോൾ ആകെ ഞെട്ടിത്തരിച്ചു പോയി സോണി…

ഈ വെറുപ്പ് എല്ലാം മമ്മി വെറുതെ കാണിക്കുന്നതാവും ഉള്ളിന്റെ ഉള്ളിൽ തന്നോട് സ്നേഹം ഉണ്ടാകും എന്നാണ് കരുതിയിരുന്നത് അങ്ങനെയല്ല ഇന്നിപ്പോൾ ബോധ്യമായി..

 

സൂസന്ന തുടർന്നു…

 

“” ഒരാളെ സ്നേഹിച്ചു എന്നൊരു തെറ്റു മാത്രമേ ഞാൻ ചെയ്തുള്ളൂ അതിനാണ് എല്ലാവരും ചേർന്ന് എന്നെ ഒരു മുഴുക്കുടിയന് കല്യാണം കഴിപ്പിച്ചു കൊടുത്തത്…

കല്യാണത്തിന്റെ അന്ന് രാത്രി മുതൽ തുടങ്ങിയതാ എന്റെ കഷ്ടകാലം..

 

ഒരിക്കൽപോലും പോലും സ്വബോധത്തോടെ അയാൾ എന്റെ അരികിൽ വന്നിട്ടില്ല എന്നെ ഒന്ന് സ്നേഹിച്ചിട്ടില്ല എനിക്കും അയാളെ കാണുന്നതുപോലും വെറുപ്പായിരുന്നു…

എന്റെ ദേഹത്ത് അയാൾ തൊടുന്നത് പോലും ഒരു പുഴുവരിക്കും പോലെ അറപ്പായിരുന്നു എനിക്ക്…

 

എന്റെ എതിർപ്പിനെ അവഗണിച്ചു അയാൾ എന്നെ സ്വന്തമാക്കി.. ഞാൻ നിസ്സഹായയായിരുന്നു കിടന്നു കരയാൻ മാത്രമേ എനിക്ക് ആവുമായിരുന്നുള്ളൂ.

അയാളെ കൊല്ലുന്നതിനെ പറ്റി പോലും ഞാൻ ചിന്തിക്കാൻ തുടങ്ങി. അത്രമാത്രം അയാൾ എന്നെ ദ്രോഹിച്ചു..

 

വിധി അയാളുടെ ജീവന്റെ ഒരംശം എന്റെ വയറ്റിൽ ഉടലെടുത്തു എന്നറിഞ്ഞപ്പോൾ അന്ന് ഞാൻ എന്നെ പോലും വെറുക്കാൻ തുടങ്ങി…

ഈ ജീവിതം പോലും അവസാനിപ്പിക്കാൻ പോയതാ.

 

അപ്പോഴാ സേവിയർ എന്നെ ചേർത്ത് പിടിച്ചത് അയാളുടെ കൈകൾ അന്നില്ലായിരുന്നെങ്കിൽ നീയും ജനിക്കില്ലായിരുന്നു ഞാനും ഈ ലോകത്തോട് തന്നെ വിട പറഞ്ഞേനെ..

 

കാണാൻ അയാളെപ്പോലെ തന്നെയാ നീ..

 

ചിരിക്കുമ്പോഴും എല്ലാം അയാളോടുള്ള വെറുപ്പു മുഴുവൻ എനിക്ക് നിന്നോട് തോന്നാൻ തുടങ്ങി…

ലോകത്ത് ഒരാളെ ഇത്രമാത്രം മറ്റൊരാൾക്ക് വെറുക്കാൻ കഴിയുമോ എന്നെനിക്കറിയില്ല അത്രമാത്രം വെറുപ്പാണ് എനിക്ക് അയാളെ..

 

ഒരു പെണ്ണിനെ എത്രത്തോളം ദ്രോഹിക്കാമോ അത്രത്തോളം ദ്രോഹിച്ച് അവളുടെ മനസ്സ് പോലും കൈവിടുന്ന രീതിയിൽ ആക്കിയ ഒരാളോട് എനിക്ക് തോന്നിയ വികാരം ഒന്നു മാത്രമാണ് വെറുപ്പ്..

 

സ്വന്തം കുഞ്ഞുങ്ങളെ അമ്മമാർക്ക് വെറുക്കാൻ കഴിയില്ലായിരിക്കും പക്ഷേ നിന്നിലൂടെ ഞാൻ കണ്ടത് അയാളെ തന്നെയാണ്..

 

എനിക്ക് നിന്നെ വെറുപ്പാണ് സോണിയ നിന്നെ കാണുമ്പോഴൊക്കെ എനിക്ക് അയാളെ ഓർമ്മ വരുന്നു..””

 

ഇത്രയും പറഞ്ഞു നിർത്തി സൂസന്ന അപ്പുറത്തേക്ക് പോയി ആകെ തളർന്ന് സോണി ഇരുന്നു. ഇനി എന്ത് വേണം എന്ന് അവൾക്കറിയില്ലായിരുന്നു ഇത്രമാത്രം ഒക്കെ മമ്മിയുടെ മനസ്സിൽ ഉണ്ടെന്ന് അവൾക്ക് അപ്പോഴായിരുന്നു മനസ്സിലായത്….

 

പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല..

പ്രിയപ്പെട്ട കൂട്ടുകാരി മരിയയെ വിളിച്ചപ്പോൾ അവൾ അവളുടെ വീട്ടിലേക്ക് ചെല്ലാൻ പറഞ്ഞു..

 

ആരോടും ഒന്നും പറയാതെയാണ് അങ്ങോട്ടേക്ക് തിരിച്ചത് അവിടെയെത്തി കുറെ കരഞ്ഞ് അവളോട് എല്ലാം പറഞ്ഞു അവൾ ചേർത്തുപിടിച്ചു അവളുടെ വീട്ടിൽ അന്ന് തങ്ങാൻ ആയിരുന്നു തീരുമാനം ഇനി അമ്മയെ ഫേസ് ചെയ്യാൻ വയ്യ…

 

ഞാൻ പോന്നിട്ട് രാത്രിയായി എന്നിട്ട് പോലും എവിടെയാണെന്ന് ആരും വിളിച്ചു ചോദിച്ചില്ല അത്രയ്ക്ക് അവർക്കൊന്നും ഞാൻ ആരുമല്ലായിരുന്നു..

 

മരിയ ദൂരെ ഒരിടത്ത് കോളേജിൽ ചേർന്നു എന്ന് പറഞ്ഞു..

അവളുടെ ചേട്ടൻ എന്നെ സ്പോൺസർ ചെയ്യാം എന്ന് പറഞ്ഞു ആദ്യം ഒന്നും സമ്മതിച്ചില്ല പിന്നെ വേറെ വഴിയില്ലാതെ സമ്മതിച്ചു..

 

വീട്ടിൽ പറഞ്ഞപ്പോൾ മമ്മി ഒന്നു മൈൻഡ് പോലും ചെയ്തില്ല കൂടുതൽ അവരുടെ സമ്മതത്തിനു വേണ്ടി കാത്തു നിൽക്കണം എന്ന് തോന്നിയില്ല അവിടെനിന്നും ഇറങ്ങി..

മരിയയുടെ കൂടെ അതേ കോളേജിൽ അതേ ഹോസ്റ്റലിൽ..

 

ഇതിനിടയിൽ അവളുടെ ഇച്ചായൻ പലപ്പോഴും അവിടേക്ക് വന്നിരുന്നു.. എപ്പോഴോ ആ ആള് മനസ്സിൽ കയറിക്കൂടി.. സ്പോൺസർ ചെയ്ത് പഠിപ്പിക്കുന്നയാളാണ് ഇഷ്ടമാണെന്നും പറഞ്ഞ് ചെന്നാൽ നന്ദികേടാകുമോ എന്ന് പേടിയായിരുന്നു അതുകൊണ്ട് ഉള്ളിലുള്ള ഇഷ്ടം ഉള്ളിൽ തന്നെ ഒതുക്കി…

 

ഇനി ഒരിടത്ത് നിന്ന് കൂടി ഇങ്ങനെ നിരാശയായി ഇറങ്ങാൻ വയ്യ ചത്തുപോകും ഞാൻ .

 

പഠിത്തമൊക്കെ കഴിഞ്ഞ് ബാങ്ക് കോച്ചിങ്ങിന് പോയി.. വാശിയോടെ പഠിച്ചത് കൊണ്ടാവാം പെട്ടെന്ന് എനിക്ക് ജോലിയും കിട്ടി..

 

ആദ്യമായി ശമ്പളം കിട്ടിയപ്പോൾ അവൾക്കും ഇച്ചായനും ഓരോ ജോഡി ഡ്രസ്സ് എടുത്ത് അവളുടെ വീട്ടിലേക്ക് ചെന്നു..

 

ഇച്ചായന് ഉള്ളത് അവളെ ഏൽപ്പിച്ചപ്പോൾ നീ തന്നെ നേരിട്ട് കൊടുത്തോ എന്ന് പറഞ്ഞു മുറിയിലേക്ക് കടന്നു ചെന്ന് ഡ്രസ്സ് ഇച്ചായന് നേരെ നീട്ടി

 

“”ടോ.. എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞു ഇച്ചായൻ ഞാൻ അവിടെ തന്നെ തറഞ്ഞു നിന്നു..

 

“” ചെയ്തുതന്ന ഉപകാരത്തിന് പ്രത്യുപകാരമായി വിചാരിക്കില്ലെങ്കിൽ ഞാൻ തന്നോട് ഒരു കാര്യം ചോദിക്കട്ടെ എനിക്ക് തന്നെ വിവാഹം കഴിച്ചാൽ കൊള്ളാമെന്നുണ്ട്…””

 

എന്റെ മിഴികൾ നിറഞ്ഞിരുന്നു എത്രയോ നാളായി ഞാൻ മനസ്സിൽ ഇട്ട കാര്യം കേട്ടപ്പോൾ എനിക്ക് സമ്മതമാണെന്ന് പറഞ്ഞു തന്നെയാണ് എന്റെ വീട്ടിൽ അറിയിച്ചത് അവർക്ക് ഞാൻ എന്ത് ചെയ്താലും കുഴപ്പമില്ല ആയിരുന്നു…

 

വിവാഹം പെട്ടെന്ന് നടന്നു അവരാരും സഹകരിച്ചില്ല അതുകൊണ്ടുതന്നെ പള്ളിയിൽ ചെറിയൊരു പ്രശ്നമുണ്ടായി പക്ഷേ എല്ലാം ഇച്ചായന്റെ വീട്ടുകാർ ഇടപെട്ട് തീർത്തു…

അതോടെ മമ്മിയെയും എല്ലാവരെയും ഞാൻ വെറുത്തിരുന്നു…

 

ഇച്ചായന്റെ കൂടെയുള്ള ജീവിതം സ്വർഗ്ഗത്തുല്യമായിരുന്നു സ്നേഹം എന്താണെന്ന് അറിയാത്ത എന്നെ ഇച്ചായൻ ഉള്ളം കയ്യിലായിരുന്നു കൊണ്ട് നടന്നത്..

 

ഞങ്ങളുടെ രണ്ടു പൊന്നോമനകളും അവരെ ഞാൻ മത്സരിച്ച് സ്നേഹിച്ചു ഒരു അമ്മയുടെ സ്നേഹം കിട്ടാത്ത എനിക്ക് എന്റെ മക്കൾ അങ്ങനെ ആവരുതെന്ന് നിർബന്ധം ഉണ്ടായിരുന്നു..

 

ജീവിതം അങ്ങനെ സുഖകരമായി മുന്നോട്ടുപോകുമ്പോൾ അറിഞ്ഞു ജൂഡി അവളുടെ ഭർത്താവിന്റെ കൂടെ അമേരിക്കയിലാണ് ഇവിടെ നാട്ടിൽ വരിക പോലും ഇല്ല എന്ന്…

 

സേവിയർ പപ്പാ മരിച്ചു മമ്മി തനിച്ചാണ്…

മമ്മിക്ക് സ്ട്രോക്ക് വന്നത്രെ ഇതിനിടയിൽ…. ഒരു വശം തളർന്ന് അവരങ്ങനെ കിടക്കുകയാണ്.. ഏതോ അഗതിമന്ദിരത്തിൽ..

 

ഇച്ചായനാണ് വന്ന് പറഞ്ഞത് നമുക്ക് വേണമെങ്കിൽ മമ്മിയെ ഇങ്ങോട്ട് കൊണ്ടുവരാം എന്ന് പറഞ്ഞു..

 

“”വേണ്ടാ ” എന്നുപറഞ്ഞ് വിലക്കിയത് ഞാനായിരുന്നു.. പക്ഷേ ഇച്ചായൻ പറഞ്ഞു അങ്ങനെ ചെയ്താൽ നീയും അവരും തമ്മിൽ എന്താടോ വ്യത്യാസം എന്ന്.. ചില പ്രതികാരങ്ങൾ മധുരമുള്ളവയാവണം..

താൻ അവരെ ഇവിടെ കൊണ്ടുവന്ന് നോക്കണം…

 

കുറ്റബോധം കൊണ്ട് അവർ മരണത്തിനായി കേഴും.. അതിലും നല്ല കാഴ്ച തനിക്കിനീ കാണാൻ കിട്ടില്ല എന്ന്…

 

കേട്ടപ്പോൾ എനിക്കും ശരിയാണെന്ന് തോന്നി. ഇപ്പോൾ അവർ ഇവിടെയുണ്ട്.. ഒരിക്കലും പിന്നീട് ഞാൻ അവരെ മമ്മി എന്ന് വിളിച്ചിട്ടില്ല ഏതോ ഒരു സ്ത്രീ എന്നപോലെ പരിചരിക്കുന്നു…

 

സംസാരശേഷി നഷ്ടപ്പെട്ട അവർ എന്നെ കാണുമ്പോൾ വിതുമ്പി എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട് ഒരുപക്ഷേ മാപ്പ് പറച്ചിലാവാം പക്ഷേ ഞാനത് കേൾക്കാൻ നിൽക്കാറില്ല മുറിവിട്ട് പോകും..

 

ഇപ്പോൾ മനസ്സിന് ചെറിയൊരു സമാധാനം ഒക്കെ തോന്നുന്നുണ്ട് എന്നെ അവഗണിച്ചവരുടെ മുന്നിൽ ജയിക്കുമ്പോൾ കിട്ടുന്ന വല്ലാത്തൊരു സമാധാനം…

Leave a Reply

Your email address will not be published. Required fields are marked *