(രചന: ജ്യോതി കൃഷ്ണ കുമാർ)
ഏറെ നാൾ പെണ്ണന്വേഷിച്ചു നടന്നപ്പോൾ അനൂപിന് അപ്രതീക്ഷിതമായി ശരിയായതായിരുന്നു നന്ദിതയും ആയുള്ള പ്രൊപോസൽ…
യു എസിൽ സെറ്റിൽഡ് ആയിരുന്നു നന്ദിതയും കുടുംബവും… എന്തോ ആവശ്യത്തിനായി നാട്ടിൽ എത്തിയതായിരുന്നു അവർ…
നന്ദിതയുടെ അച്ഛന്റെ നിർബന്ധം ആയിരുന്നു നാട്ടിൽ സെറ്റിൽ ആയ ഒരു ചെറുക്കൻ മതി എന്ന്..
ജാതകം നോക്കി നാടൻ രീതിയിൽ ഒരു വിവാഹം.. അല്ലെങ്കിൽ നാട്ടിൽ നിന്നും തങ്ങളുടെ വേരറ്റ് പോകും എന്നയാൾ ഭയന്നു…
മകൾക്കും സമ്മതം ആയപ്പോൾ വേറെ ഒന്നും നോക്കിയില്ല…
ലീവിന് നാട്ടിൽ വന്നപ്പോൾ വിവാഹം അന്വേഷിച്ചു…. എഡ്യൂക്കേറ്റഡ് ആയ ഒരാൾ വേണം എന്ന് മാത്രമായിരുന്നു ഡിമാൻഡ്… ഏതോ ബ്രോക്കർ വഴി,
വന്നതായിരുന്നു ഈ പ്രപോസൽ…
അനൂപിനോട് പെണ്ണ് കാണാൻ ചെല്ലാൻ പറഞ്ഞപ്പോൾ അയാൾ കൂട്ട് കാരനെയും കൂട്ടി പെണ്ണ് കാണാൻ ചെന്നു…
വലിയ രണ്ടു നില വീട് കണ്ടപ്പോഴേ അയാൾ ആകെ വല്ലാണ്ടായി… അത്രയും വലിയ വീടായിരുന്നു അത്… ഇത്രയും സ്ഥിതി ഉള്ളവർ താനുമായി ഒരു ബന്ധത്തിന് തയ്യാറാവുമോ എന്ന ഭയം ഉണ്ടായിരുന്നു അയാൾക്ക്..
നന്ദിതയുടെ അച്ഛൻ നല്ല രീതിയിൽ തന്നെ അവരെ സ്വീകരിച്ചു… നന്ദിത ചായയും ആയി വന്നു..
വിദേശത്ത് പഠിച്ചു വളർന്നതിന്റെ യാതൊരു ഭാവവും ഇല്ലാത്ത ഒരു സിംപിൾ ആയ പെൺകുട്ടി…
അവളോട് സംസാരിക്കാൻ തുടങ്ങിയപ്പോൾ തന്നെ മനസ്സിലായി അത്രയും സിംപിൾ ആണെന്ന്…
യാത്രകളെ പ്രണയിക്കുന്ന ഒരു പെൺകുട്ടി… അവളുടെ ആഗ്രഹങ്ങളും അത്രയും ലളിതമായിരുന്നു…
കണ്ടാൽ ആർക്കും ഇഷ്ടപെടുന്ന പ്രകൃതം… അനൂപിനും ആദ്യ കാഴ്ച്ചയിൽ തന്നെ അവൾ മനസ്സിൽ കയറി കൂടിയിരുന്നു…
അവർ പരസ്പരം വിളി തുടങ്ങി… ചെറിയ ചെറിയ കാര്യങ്ങൾ മതിയായിരുന്നു അവളെ സന്തോഷിപ്പിക്കാൻ…
അത് പോലെ സങ്കടപ്പെടുത്താനും…
രണ്ടു പേരും ഓരോ ഇഷ്ടങ്ങളും അഭിപ്രായങ്ങളും തുറന്നു പറഞ്ഞിരുന്നു…
പരസ്പരം റെസ്പെക്ട് കൊടുത്തിരുന്നു.. ഒരാളുടെ ഇഷ്ടം മറ്റൊരാളുടെ തലയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കാതെ രണ്ടാൾക്കും പൂർണ്ണ സ്വാതന്ത്ര്യം പരസ്പരം നൽകിയിരുന്നു..
ശെരിക്കും ജീവിതം സ്വപ്ന തുല്യം ആയി രണ്ടാൾക്കും… അനൂപിന്റെ സുഹൃത്തുക്കൾ എല്ലാവരും പറഞ്ഞു…
“”അളിയാ ഇത് നിന്റെ ഭാഗ്യം ആണ് “””
എന്ന്
“”ഇത് നിനക്ക് കിട്ടിയ ലോട്ടറി ആണെന്ന്”””
എല്ലാം അനൂപ് ചിരിച്ചു തള്ളി… കാരണം അവളുടെ പണം അയാളെ ഭ്രമിപ്പിച്ചിരുന്നില്ല…
കുറച്ചു നാൾ കഴിഞ്ഞ്, അവർ തിരിച്ചു യു എസ് ലേക്ക് പോകാൻ തീരുമാനിച്ചു…
നന്ദിതക്ക് എക്സാം ആണ്.. അത് കഴിഞ്ഞ് എത്തിയാൽ ഉടൻ വിവാഹം അതായിരുന്നു തീരുമാനം…
എക്സാം ആയിരുന്നിട്ട് കൂടി അനൂപിനോട് സംസാരിക്കാൻ അവൾ സമയം കണ്ടെത്തിയിരുന്നു…
അപ്പോഴും. വിവാഹം കഴിഞ്ഞ് അവർ ജീവിക്കാൻ പോകുന്നതും പോകേണ്ടുന്ന. യാത്രകളും അവർ പങ്കു വച്ചു…
അവസാന എക്സാമും കഴിഞ്ഞ് ഫ്രണ്ട്സിനെയും ക്ഷണിച്ചു.. അവരുടെ പാർട്ടിയും സ്വീകരിച്ചു മടങ്ങുകയായിരുന്നു നന്ദിത… എതിരെ വന്ന കണ്ടെയ്നർ അവളുടെ കാറിനെ ചിന്നഭിന്നമാക്കിയിരുന്നു…
അനൂപ് ഏറെ വിളിച്ചിട്ടും മറുപടി കാണാഞ്ഞാണ് അവളുടെ അച്ഛന്റെ ഫോണിലേക്ക് വിളിച്ചത്…
അയാൾ പറഞ്ഞത് കേട്ട് അനൂപ് ആകെ തകർന്നിരുന്നു…
അവളുടെ തലക്കായിരുന്നു പരിക്ക്… കോമ സ്റ്റേജിൽ ആണ് ഇപ്പോൾ… ഇടക്ക് അപസമാരം പോലെ വരും..
വീണ്ടും ജീവച്ഛവമായി.. ഇതിൽ നിന്നും ഇനി വലിയ പ്രോഗ്രസ്സ് ഉണ്ടാവാൻ സാധ്യത ഇല്ല എന്നാണ് ഡോക്ടർ പറഞ്ഞത്….
കാണണം എന്ന് വാശി പിടിച്ചു അനൂപ് അങ്ങോട്ടേക്ക് തിരിച്ചു…
വഴിയിലൂടനീളം ചിന്തിച്ചത് അവർ സ്വപ്നം കണ്ട അവരുടെ ജീവിതമായിരുന്നു…
എത്ര പെട്ടെന്നാണ് അത് കയ്യിൽ നിന്നും ഊർന്നു പോയത് എന്നായിരുന്നു…
അവിടെ എത്തിയപ്പോൾ തളർന്നിരിക്കുന്ന അവളുടെ അച്ഛനെ കണ്ടിരുന്നു….
അങ്കിൾ”””” എന്ന് വിളിച്ചപ്പോൾ പുറത്ത് തട്ടി അവൾ കിടക്കുന്ന മുറി കാണിച്ചു തന്നു…
മെല്ലെ അവിടേക്ക് നീങ്ങിയപ്പോൾ കണ്ടു ഏതൊക്കെയോ യന്ത്രത്തിനുള്ളിൽ കിടക്കുന്നവളെ…. കുസൃതിയോലുന്ന അവളുടെ മിഴികൾ പാതി ചാരിയിരുന്നു….
ഏതോ മെഷീനിന്റെ സഹായത്തോടെ കഷ്ടപ്പെട്ട് അവൾ ജീവ വായു ശ്വസിക്കുന്നു…
“”നന്ദാ “””
അവളെ എന്നും വിളിക്കുന്ന…. അവൾക്ക് കേൾക്കാൻ ഏറെ ഇഷ്ടമാണ് എന്ന് പറഞ്ഞിരുന്ന ആ പേര് വച്ച് അവളെ വിളിച്ചു.. യാതൊരു പ്രതികരണവും ഇല്ലാതെ അവൾ കിടക്കുന്നു…
കണ്ണ് തുറന്നാൽ എങ്ങോ ഓടി ഒലിക്കുന്ന ദുസ്വപ്നമായിരുന്നെങ്കിൽ ഇതെല്ലാം എന്ന് വെറുതെ ചിന്തിച്ചു…
പെട്ടെന്ന് അപസ്മാരം പോലെ വന്ന്നതും കൂടെ നിൽക്കുന്ന നേഴ്സ് എന്തൊക്കെയോ ചെയ്തു…
കണ്ടു നിൽക്കാനാവാതെ അനൂപ് പുറത്തേക്കും…. അവിടെ അവളുടെ അച്ഛൻ നിന്നിരുന്നു… അയാൾ വന്ന് അനൂപിന്റെ കൈ പിടിച്ചു….
“””എല്ലാം ഒരു ദുസ്വപ്നമായി കാണണം താൻ… നന്ദയെ കണ്ടതും… പരിചയപ്പെട്ടതും….
എല്ലാം…. തന്റെ ലൈഫ് ഇതിന്റെ പേരിൽ സ്പോയിൽ ചെയ്യരുത് “””
അതിന് മറുപടിയായി,
“”ഡാഡി…. അവളെ എനിക്ക് തന്നൂടെ “” എന്നായിരുന്നു അനൂപ് ചോദിച്ചത്..
“””എന്തിന് അനൂപ്…. ഇത് സിനിമ അല്ല ഇനി ഒരു മിറക്കിൾ സംഭവിച്ചു അവൾ ജീവിതത്തിലേക്ക് തിരിച്ചു വരാൻ…
ജീവിതമാണ്… ഡോക്ടർമാർ കയ്യൊഴിഞ്ഞു കഴിഞ്ഞു… ഇനി മരണം എന്നത് മാത്രമേ അവൾക്ക് സംഭവിക്കാനുള്ളൂ… താൻ ഈ പറയുന്നത് വികാരത്തിന്റെ പുറത്താണ്….
മനുഷ്യന് വിവേകം എന്നൊന്ന് കൂടി ഉണ്ട്…. പറഞ്ഞത് മനസ്സിലാക്കൂ അനൂപ് “”” എന്ന്…
എല്ലാം കേട്ടു കഴിഞ്ഞും അനൂപ് അത് തന്നെ ആവശ്യപ്പെട്ടു….
അവളുടെ കഴുത്തിൽ ഒരു താലി ചാർത്താൻ…
“”അവൾക്കല്ലേ ഡാഡി ചലനം പോലും നഷ്ടപ്പെട്ടിട്ടുള്ളു…. എനിക്കുണ്ടല്ലോ അത് മതി… അവളല്ലേ ഡാഡി തളർന്നു വീണിട്ടുള്ളൂ ഞാനുണ്ടല്ലോ ഡാഡി…. എന്ന്…. അത്ര മേല് അവളെ ഞാൻ സ്നേഹിക്കുന്നു എന്ന്…..””””
പിന്നൊന്നും അയാൾക്ക് പറയാൻ ഇല്ലായിരുന്നു…
ആശുപത്രി കിടക്കയിൽ മരിച്ചു ജീവിക്കുന്ന തന്റെ പെണ്ണിന്റെ കഴുത്തിൽ അനൂപ് താലി ചാർത്തി….
ചെവിയിൽ മെല്ലെ പറഞ്ഞു..
“”നന്ദാ…. താൻ ഇപ്പോൾ എന്റെ മാത്രമാണ് എന്ന്…. “”””
അവളോട് സംസാരിച്ചു അനൂപ്… തിരിച്ചൊന്നും പറഞ്ഞില്ലെങ്കിൽ കൂടി… ഒന്നും അറിയുന്നില്ലെങ്കിൽ കൂടി…
രണ്ട് വർഷം… നീണ്ട രണ്ടു വർഷം അവൾ ആാാ കിടപ്പു കിടന്നു…
എല്ലാം കണ്ടും അവളോട് പറഞ്ഞും അനൂപ് അരികെ തന്നെ ഉണ്ടായിരുന്നു… എന്തോ ശുഭമായി സംഭവിക്കും എന്നവൻ വെറുതെ പ്രതീക്ഷിച്ചു….
രണ്ടു വർഷത്തിന് ശേഷം തണുപ്പുള്ള ഒരു ഡിസംബർ മാസത്തിൽ പ്രകൃതി തണുത്തുറഞ്ഞു കിടക്കുമ്പോൾ അതിനേക്കാൾ തണുത്തു അവളും ഈ ലോകത്ത് നിന്നും വിട പറഞ്ഞു…
അവളെ പ്രാണനെ പോലെ കൊണ്ടു നടന്ന അനൂപിനത് താങ്ങാൻ പാടായിരുന്നു… പക്ഷെ അപ്പോഴേക്കും എന്തും നേരിടാൻ മനസ്സ് പകപെട്ട് കഴിഞ്ഞിരുന്നു….
അവളുടെ ചടങ്ങുകൾ എല്ലാം അവിടെ തന്നെ ആയിരുന്നു…
അത് കഴിഞ്ഞു നാട്ടിലേക്ക് തിരിച്ചു .. അപ്പോഴും മനസ്സിൽ തീരുമാനിച്ചിരുന്നു ഇനി ഒരു പ്രണയവും പെണ്ണും ഈ ജീവിതത്തിൽ വേണ്ടാ എന്ന്..
എല്ലാം അവൾക്കായി നൽകിയിരുന്നു അയാൾ…
(ഒരു യഥാർത്ഥ കഥയിൽ നിന്ന് )