തീവ്രം
(രചന: Navas Amandoor)
ഒരിക്കലും അരികിൽ വരരുതെന്ന് പറഞ്ഞതാണങ്കിലും, മരണവേദനയുടെ സമയത്ത് കണ്ണുകൾ അടയും മുൻപേ അവസാനമായി കാണാൻ കൊതിക്കുന്ന മുഖങ്ങളിൽ മിയയുടെ മുഖവും ഉണ്ടായിട്ടുണ്ടാവും..
നൊന്ത് പ്രസവിച്ചു പോറ്റി വളർത്തി, തന്നൊളമാക്കിയ മകളെ കാണാൻ കഴിയാതെ ജീവൻ പോകുമ്പോൾ അവസനമായി ഒന്ന് കാണാനോ കാണിക്കാനോ കഴിയതെ പോകുന്ന വിധി.
അലിയുടെ ഭാര്യ റസിയ മരണപ്പെട്ട വർത്തയറിഞ്ഞു പെട്ടന്ന് തന്നെ ആളുകൾ ആ വീട്ടിൽ വന്നു തുടങ്ങി.
ആരൊക്കെയൊ ടാർപായ വീടിന്റെ മുൻപിൽ വലിച്ചു കെട്ടി. മുറ്റത്തു കസേരകൾ നിരന്നു. മയ്യിത്ത് കുളിപ്പിക്കാനുള്ള സ്ഥലവും മറ്റു കാര്യങ്ങളും തയ്യാറാക്കി.
അടുത്ത വീട്ടിൽ ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണം ഉണ്ടാക്കുന്നുണ്ട് പെണ്ണുങ്ങൾ. ആരോടും ഒന്നും പറയാതെ തന്നെ എല്ലാവരും ചേർന്ന് കാര്യങ്ങൾ നടത്തുന്നത് മരണവീടുകളിലെ കാഴ്ചയാണ്.
വീടിന്റെ ഹാളിൽ മയ്യിത്തിനെ കിടത്തി വെള്ളത്തുണികൊണ്ട് മൂടി. മൺ ചട്ടിയിൽ പുകച്ച കുന്തിരിക്ക പുക വീടും പരിസരവും മരണത്തിന്റെ മണം നിറച്ചു.
ബന്ധത്തിലുള്ള ഒരു കുട്ടി കാണാൻ വരുന്നവർക്ക് അവസാന കാഴ്ചക്കായി മുഖത്തെ തുണി മാറ്റി കൊടുത്തു.
“മിയ വരോ….?”
അയൽവാസികളും ബന്ധുക്കളും നാട്ടുകാരുമായി ഒരുപാട് പേര് ആ വീട്ടിൽ എത്തിയിട്ടുണ്ട്. വീടിന്റെ ഉള്ളിൽ പെണ്ണുങ്ങൾ, പുറത്ത് ആണുങ്ങൾ.
അവർക്കിടയിൽ പലർക്കും അറിയേണ്ടത് മരിച്ചു കിടക്കുന്ന റസിയയുടെ പുന്നാര മോൾ മിയ അവസാനമായി ഒരു നോക്ക് കാണാൻ ഈ വീടിന്റെ പടി കടന്ന് എത്തുമോ എന്നതാണ്.
“ഞാനോ എന്റെ ഭാര്യയൊ മരിച്ചാൽ പോലും നീ ഈ വീട്ടിൽ വരരുത്. ഈ നിമിഷം മുതൽ ഞങ്ങളും നീയും തമ്മിൽ ഒരു ബന്ധവുമില്ല.”
മിയയോട് വാപ്പ അവസാനമായി പറഞ്ഞവാക്കുകൾ.ആ വാക്കുകൾക്ക് മുൻപിൽ പതറാതെ വീറോടെ ഇഷ്ടപ്പെട്ട ഒരുത്തന്റെ ഒപ്പം പോയിട്ട് അഞ്ച് വർഷം കഴിഞ്ഞു.
കഴിഞ്ഞു പോയ അഞ്ച് വർഷങ്ങൾ, മകളെ ഓർത്ത് തേങ്ങിയ ഉമ്മയും വാപ്പയും.
“എന്റെ ഈ സങ്കടവും കണ്ണീരും അവളുടെ നാളെകളെ ഓർത്തല്ല.. ഇന്നലെ വരെ അവൾക്ക് വേണ്ടി മാത്രം ജീവിച്ചു ഞങ്ങൾ. അവൾക്ക് ഇഷ്ടം ഉള്ളതൊക്കെ കൊടുത്തു…
അവൾക്കല്ലെ കൊടുക്കാൻ കഴിയു.. വേറെയൊരു കുട്ടി ഞങ്ങൾക്ക് പടച്ചോൻ തന്നില്ലല്ലോ. അവൾ അവളെ ഇഷ്ടത്തിന് പോയതിനു ശേഷമാണ് വേറെ ഒരു കുട്ടി ഇല്ലാത്തതിന്റെ നോവും ചിന്തയും.”
വാപ്പയുടെ സമ്മതപ്രകാരം കൈ പിടിച്ചു കൊടുക്കാൻ വാപ്പയില്ലാതെ പള്ളിയിൽ നിക്കാഹ് നടന്നു.
പിന്നെ കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ അവളുടെ ജീവിതത്തെ കുറിച്ച് അന്വേഷിക്കാനോ അറിയാനോ അവർ രണ്ട് പേരും ശ്രമിച്ചിട്ടില്ല.
ഉമ്മയുടെ മരണവിവരം അൻസിൽ മിയയോട് പറഞ്ഞപ്പോൾ മിയ പൊട്ടി കരഞ്ഞു. അൻസിൽ അവളെ സമാധാനിപ്പിക്കാൻ നോക്കി.
എന്തൊക്കെ പറഞ്ഞു സമാധാനിപ്പിച്ചാലും സ്വന്തം ഉമ്മയുടെ മരണത്തെ മകളുടെ മനസിനെ ശാന്തമാക്കാൻ കഴിയില്ല.
“എനിക്കന്റെ ഉമ്മയെ കാണണം ഇക്കാ.”
“നമ്മളെ ആ വീട്ടിലേക്ക് കേറ്റൊ..?”
“”അറിയില്ല.. എന്നാലും പോണം.. ന്റെ ഉമ്മയല്ലേ… ന്റെ വാപ്പ എന്നെ തടയോ..?’
“നീ ഡ്രസ്സ് മാറി വാ..”
മിയ സങ്കടത്തോടെ മുറിയിലേക്ക് പോയി. അവൾ ഡ്രസ്സ് മാറി, ഉറങ്ങിക്കിടന്ന മൂന്ന് വയസുള്ള ദിയയെയും എടുത്തു പുറത്തറങ്ങി.
സ്വന്തം വീട് ആയിരുന്നു. പക്ഷെ ഇനി ആ വീട്ടിലേക്ക് കയറി ചെല്ലാൻ അനുവാദം വേണം. വെല്ലു വിളി പോലെ ഇനിയൊരിക്കലും ആ പടി കടക്കില്ലെന്നു ഉറപ്പച്ചങ്കിലും ഇതുപോലെ ഒരു ദിവസത്തെ കുറച്ചു ആരും ചിന്തിച്ചില്ല.
വണ്ടി നിർത്തി ഇറങ്ങി അൻസിലും മിയയും മരണവീടിലേക്ക് നടന്നു. ഗൈറ്റ് എത്തിയപ്പോൾ വാപ്പയുടെ അനിയൻ അവളെ തടഞ്ഞു.
“നീ ഇങ്ങോട്ട് കയറേണ്ട. നീ കാരണമാ ഇത്ത ഇത്ര പെട്ടന്ന് പോയത്.”
അൻസിൽ അവളെ ചേർത്ത് പിടിച്ചു.
സ്വന്തം മകളെക്കാൾ ഓമിനിച്ചു ലാളിച്ചു വളർത്തിയ കൊച്ചാപ്പയുടെ വാക്കിന്റെ മുൻപിൽ മിയ ഒറ്റപ്പെട്ടത് പോലെ തോന്നി. സ്വന്തമായിരുന്നവർ ശത്രുവിനെ പോലെ കണ്ടു തടയുന്നു.
മരിച്ചു കിടക്കുന്ന ഉമ്മയുടെ ഓർമ്മകളെ കൂടെ കൂട്ടി ഉമ്മയുടെ അരികിൽ മൺ ചട്ടിയിൽ പുകയുന്ന കുന്തിരിക്കത്തിന്റെ മണം അവളുടെ അരികലെത്തി. എല്ലാവരുടെയും നോട്ടം അവളിലാണ്.
പൊട്ടി കരച്ചിലോടെ ഉമ്മയെ ഒന്ന് കാണാൻ കൊതിക്കുന്ന മകൾ യാചനയോടെ ഗൈറ്റിൽ നിന്നു.
“എനിക്ക് ഒന്ന് കണ്ടാൽ മതി.. എന്നെ ഒന്ന് കണിക്കൊ ന്റെ ഉമ്മിച്ചിനെ.”
“ഇല്ല.. ഞങ്ങക്ക് ഒരു മോൾ ഉണ്ടായിരുന്നു.. അവൾ അഞ്ച് കൊല്ലം മുൻപ് മരിച്ചു.. ഇപ്പൊ ന്റെ ഭാര്യയും മരിച്ചു..
ആ മോളെന്നും പറഞ്ഞു ഒരുത്തിയും എന്റെ വീട്ടിലേക്ക് കയറരുത്. മരിച്ചവരൊന്നും തിരിച്ചു വരില്ല… നിനക്ക് പോകാം..”
നിറഞ്ഞ കണ്ണുകൾ തുടച്ചു മിയ വാപ്പയുടെ മുഖത്ത് നോക്കി. ഒരല്പം കാരുണ്യമാണ് വേണ്ടത്. ഒന്ന് കാണാനുള്ള അവസരം.
ആ സങ്കടത്തിന്റെയും ഇടയിൽ വർഷങ്ങൾക്ക് ശേഷം നേർക്ക് നേർ നില്കുമ്പോൾ വാപ്പയുടെ മുഖത്തിന്റെ പ്രസരിപ്പ് നഷ്ടമായത് പോലെ മിയക്ക് തോന്നി. ഒരുപാടങ്ങ് പ്രായം ആയത് പോലെ.
“എനിക്ക് ഇഷ്ടം ഉള്ള പോലെ ഞാൻ ജീവിക്കും.. നിങ്ങൾടെ ഒരു ചില്ലി ക്യാഷ് എനിക്ക് വേണ്ട..
പലവട്ടം പറഞ്ഞതല്ലെ അവനെ എനിക്ക് നിക്കാഹ് ചെയ്തു തരാൻ… തന്നില്ലല്ലോ.. ഇനിയും കാത്തിരിക്കാൻ പറ്റില്ല. അവൻ വിളിച്ചു.. ഞാൻ അവന്റെ ഒപ്പം പോയി, ഇനി എന്നെ തേടി വരണ്ട ആരും”
“ഇല്ല.. മോളേ വരില്ല.. ഒരിക്കലും വരില്ല.”
അന്ന് പോലിസ് സ്റ്റേഷനിൽ വെച്ചു മിയ പറഞ്ഞത് കേട്ടു തകർന്ന് പോയതാണ് വാപ്പയുടെ മനസ്സും ശരീരം. അങ്ങനെ ഒരു തളർച്ചയുടെ അവസാനമാണ് ഉമ്മയുടെ മരണം.
“ഒരു ആയുസ്സ് മുഴുവൻ അറബി നാട്ടിൽ കിടന്ന് കഷ്ടപ്പെട്ടത് ഈ ഒരു മോൾക്ക് വേണ്ടിയായിരുന്നു.. നിനക്ക് അവർ തന്നത് സ്‌നേഹം മാത്രമല്ല രണ്ട് പേരുടെ ജീവിതവുമായിരുന്നു.”
മിയയുടെ ഒക്കെത്ത് കിടന്ന് ഉറങ്ങിയിരുന്ന ദിയ മോൾ ഉണർന്നു. പരിചയമില്ലാത്ത സ്ഥലവും വീടും, അറിയാത്ത കുറേ ആളുകൾ, അവൾ ഉമ്മയെ കഴുത്തിലൂടെ കെട്ടിപിടിച്ചു കണ്ണടച്ച് കിടന്നു.
“മിയ… നീ പോ… ഇവിടെ ഒരു പ്രശ്നം ഉണ്ടാക്കേണ്ട. അൻസിലെ നിന്റെ പെണ്ണിനെയും കൊണ്ട് പോകാൻ നോക്ക്.”
മിയയും അൻസിലും വീടിന്റെ മതിലിനോട് ചേർന്നുള്ള ഇടവഴിയിൽ നിന്നു. മയ്യിത്ത് കുളിപ്പിക്കാനുള്ള സമയമായി. കുളിപ്പിക്കാൻ വേണ്ടി മയ്യിത്തിനെ എടുത്തു.
കരച്ചിൽ ഇല്ലാത്ത മരണവീട്. ആർത്തലച്ചു പൊട്ടിക്കരയാനുള്ള ഒരേ ഒരു മകൾ വീടിന്റെ പുറത്ത് അവസാനമായി ഒന്ന് കാണാൻ കഴിയാതെ തേങ്ങുന്നു.
കുളിപ്പിച്ച് കഴിഞ്ഞു മയ്യിത്തിനെ ഹാളിലേക്ക് കൊണ്ട് വന്നു.. അത്തറും പനനീരും തെളിച്ച് മൈലാഞ്ചി ഇലകൾ വിതറിയ വെള്ളത്തുണിയിൽ കിടത്തി. ചെവിയിലും മൂക്കിലും പഞ്ഞി വെച്ചു.
കണ്ണ് നിറഞ്ഞ നോവോടെ അവസാനയാത്രക്ക് ഒരുക്കാൻ അയാളും കൂടെ നിന്നു. ഇനിയൊരു കൂട്ടില്ല ഈ ഭൂമിയിലെന്ന് മനസ് പറയുന്നുണ്ട്.
ഒരു നോക്ക് കാണുവാനും ഉമ്മയെന്ന് വിളിച്ചു പൊട്ടി കരയാനും മിയ മോൾക്കും. അവകാശം ഉണ്ടെന്ന് വാപ്പാക്ക് അറിയാം.
മയ്യിത്തിന്റെ അരികിൽ നിക്കുന്ന അയാൾ തുറന്നിട്ട ജനാലയിലൂടെ മിയയെ നോക്കി. അവൾ മതിലിന്റെ അപ്പുറം റോഡിൽ അനസിലിന്റെ അരികെ നിൽക്കുന്നുണ്ട്.
വിളിച്ചു കൊണ്ട് വന്നാലോ അവളെ..?
ഉമ്മയെ കാണിച്ചാലോ…?
അയാൾ മയ്യത്തിന്റെ മുഖത്തെക്ക് നോക്കി. അഞ്ച് കൊല്ലം കൊണ്ട് ഒരുപാട് മാറിപ്പോയ മുഖം. മിയ പോയതിനു ശേഷം റസിയ ചിരിച്ചു കണ്ടിട്ടില്ല. എപ്പോഴും കണ്ണുകളിൽ സങ്കടത്തിന്റെ ഇരുട്ട്.
മോളേ പൊലയല്ല കൂട്ടുകാരിയെ പോലെയായിരുന്നു ഉമ്മയും മോളും. അവൾ ജനിച്ച ദിവസം മുതൽ അവൾ പോകും വരെ ഒരു രാത്രി പോലും പിരിഞ്ഞു നിന്നിട്ടില്ല രണ്ട് പേരും.
“നിന്നെ അവൾ കാണണ്ടല്ലെ.. നമ്മൾ അന്നെ തീരുമാനിച്ചതല്ലെ എല്ലാം. വേണ്ട. അവൾ നിന്നെ കാണണ്ട.”
പതിയെ ഭാര്യയുടെ ചെവിയിൽ പറഞ്ഞു, കവിളിൽ ഒരു മുത്തം കൊടുത്തപ്പോൾ അയാൾ പൊട്ടി കരഞ്ഞു. അവളെ വിടാതെ കെട്ടിപിടിച്ച അയാളെ ആരോ പിടിച്ചു മാറ്റി.
മുഖവും വെള്ളത്തുണിയുടെ ഉള്ളിലാക്കി തുണിയുടെ അറ്റം കെട്ടി.
മയ്യിത്ത് കട്ടിലിൽ കിടത്തി. മയ്യിത്ത് കട്ടിൽ ഉയർത്തി, ദിക്റുകളോടെ ഒരുപാട് ആഗ്രഹിച്ചു ഉണ്ടാക്കിയ വീടിന്റെ ഗൈറ്റ് കടന്ന് പള്ളിയിലേക്ക് യാത്ര തുടങ്ങി.
മയ്യിത്ത് നിസ്കാരം കഴിഞ്ഞു പള്ളികാട്ടിൽ അവൾക്കായി ഒരുക്കിയ വീട്ടിലേക്ക് കൊണ്ട് വന്നു കിടത്തി.
മുഖത്തെ തുണി മാറ്റി കവിൾ മണ്ണോടു ചേർത്ത് വെച്ചു . മുഖം ഭംഗിയുള്ള മുഖം.. ആ മുഖമാണ് മനുഷ്യ ശരീരത്തിൽ ആദ്യം പുഴു തിന്നുക.
“ആരങ്കിലും കാണാൻ ബാക്കിയുണ്ടോ…?”
ഖബറിന്റെ ചുറ്റിൽ നിന്നവരുടെ ഇടയിൽ ഉണ്ടായിരുന്ന അനസിൽ ഉറക്കെ പറഞ്ഞു.
“ഉണ്ട്… ഇക്ക. ഒരാൾ ഉണ്ട്.”
“എന്നാ പെട്ടന്ന് വിളിക്ക്.”
കുറച്ചു ദൂരെ മാറി നിന്ന മിയയെ അൻസിൽ വിളിച്ചു കൊണ്ട് വന്നു. ആളുകൾ മിയക്ക് ഉമ്മയെ അവസാനമായി കാണാൻ സൗകര്യം ചെയ്തു കൊടുത്തു.
ഖബറിന്റെ ഉള്ളിലേക്ക് മിയ നോക്കി.. ഒരു നോക്ക് മാത്രം.
പൊട്ടി കരഞ്ഞു പോയി. ഖബറിനുള്ളിൽ കിടക്കുന്ന ഉമ്മയുടെ മുഖം ആ മുഖം അവസാനമായി കാണുമ്പോൾ .
സ്വന്തം ഇഷ്ടവും സന്തോഷവും രണ്ട് ജീവിതങ്ങളെ തളർത്തി കളഞ്ഞെന്ന് മിയ അറിയുന്നുണ്ട്.. അത് അറിയാനും, മനസിലാക്കാനുമായിരുന്നൊ ഈ മരണം.
അനസിൽ അവളെ മാറ്റി നിർത്തി. ഖബർ മണ്ണിട്ട് മൂടി. പ്രാർത്ഥന കഴിഞ്ഞു എല്ലാവരും പോയി കഴിഞ്ഞിട്ടും മൂന്ന് പേര് മാത്രം അവിടെ നിന്ന് പോയില്ല.
വാപ്പ ഖബറിന്റെ അരികിൽ നിന്നു. കുറച്ചു മാറി ദിയ മോളേ പിടിച്ചു അനസിലിന്റെ ഒപ്പം നിന്ന് ഉമ്മാക്ക് വേണ്ടി മിയ പ്രാർത്ഥിച്ചു.
ഖബറിന്റെ അരികിൽ നിന്ന് കൊണ്ട് അലി കാണുന്നുണ്ട് മിയയെ.. മിയയുടെ തോളിൽ കിടക്കുന്ന അവളുടെ കുഞ്ഞു മോളേ..
ഒരുപക്ഷേ അരികിൽ ഉണ്ടായിരുന്നങ്കിൽ ആ ദിയ മോളുടെ പുഞ്ചിരിയിൽ അല്പം സങ്കടങ്ങൾ മാഞ്ഞു പോകുമായിരുന്നു…
നാട്ടുകാരുടെയും കുടുംബക്കാരുടെയും. മുൻപിൽ ലാളിച്ചു വളർത്തിയ മകൾ മാതാപിതാക്കളെ വേണ്ടെന്ന് വെച്ച് ഖൽബിലെ പ്രണയത്തിന്റെ ഒപ്പം പോകുമ്പോൾ ജീവനേക്കാൾ ഏറെ സ്‌നേഹിച്ച മാതാപിതാക്കൾ തോറ്റു പോകും.
ആ തോൽവിയെ മറച്ചു പിടിക്കാൻ അവർ വാശി പിടിച്ചു മക്കളെ അകറ്റി നിർത്തുന്നത് മക്കളോട് സ്‌നേഹം ഇല്ലാഞ്ഞിട്ട് അല്ല.. അങ്ങനെയെങ്കിലും. ഒന്ന് ജയിക്കാൻ വേണ്ടി മാത്രം…