തടിയും ചുവരുകൾക്കുള്ളിലെ ജീവിതവും
(രചന: അരവിന്ദ് മഹാദേവൻ)
” എന്നാലും രഞ്ജിത്തേ താന്‍ കാണിച്ചത് തീരെ ശരിയായില്ല ,തന്നോടുള്ള വിശ്വാസവും സ്നേഹവും കാരണമല്ലേ സരിത താന്‍ വിളിച്ചയിടത്തെല്ലാം യാതൊരു സങ്കോചവും കൂടാതെ വന്നത് , എന്നിട്ടിപ്പോള്‍ ആവശ്യം കഴിഞ്ഞപ്പോള്‍ ”
ബാങ്ക് മാനേജരായ രഞ്ജിത്തിനോടുള്ള സംസാരത്തില്‍ സുഹൃത്തായ അലന്റെ ശബ്ദത്തില്‍ നീരസം കലര്‍ന്നിരുന്നു.
നാല്പതടുത്ത അവിവാഹിതനാണ് രഞ്ജിത്ത് , രഞ്ജിത്ത് മാനേജരായി ജോലി ചെയ്യുന്ന ബാങ്കിലെ കാഷ്യറായ സരിതയുമായി രഞ്ജിത്ത് പ്രണയത്തിലുമാണ് ,
ഇരുവരുടെയും പ്രണയത്തിന് സാക്ഷിയാണ് രഞ്ജിത്തിന്റെ സുഹൃത്തും സഹപാഠിയുമായ അലന് ജേക്കബ്.
” എടോ താനിതെന്തിനാ എഴുതാപ്പുറം വായിക്കുന്നത് ? പരസ്പരം ചേരാത്ത രണ്ടുപേര്‍ പിരിയുന്നത് തന്നെയല്ലേ നല്ലത് ”അലന്റെ സംസാരം ദഹിക്കാത്ത മട്ടില്‍ രഞ്ജിത്ത് മറുചോദ്യമെറിഞ്ഞു.
” ആര്‍ക്കാണ് പരസ്പരം ചേരില്ലെന്ന് തോന്നിയത് ? നിനക്ക് , നിനക്ക് മാത്രമല്ലേ , എന്നെക്കൊണ്ടൊന്നും പറയിക്കരുത് ” എന്തൊക്കെയോ മുന്‍കൂട്ടിയറിഞ്ഞ മട്ടില്‍ അലന് മുഷിച്ചിലോടെ നിറുത്തി .
” ഓ അവളെല്ലാം നിന്നോട് പറഞ്ഞല്ലേ , എല്ലാം നിനക്കറിയാമെങ്കില്‍ എന്തിനാണ് പിന്നെ വിചാരണ ”രഞ്ജിത്ത് അവജ്ഞയോടെ ചിറികോട്ടി.
” എന്നോടാരും ഒരു കോപ്പും പറഞ്ഞില്ല , നിന്നെ ഇന്നും ഇന്നലെയുമായി കാണാന്‍ തുടങ്ങിയതല്ലല്ലോ , എന്താണേലും സരിതയെ വേണ്ടെന്ന് വെക്കാനുള്ള കാരണം നീ പറയ് , അറിഞ്ഞിരിക്കണമല്ലോ ”അലന് ഭാവമാറ്റം കൂടാതെ പറഞ്ഞു.
” എടോ അവള് ശരിയാകത്തില്ലെന്നേ , ഇപ്പോള്‍ തന്നെ അറുപത്തഞ്ച് കിലോയാണ് അവളുടെ ഭാരം , ഇപ്പോഴേ ഇങ്ങനാണേല്‍ ഒന്ന് പെറ്റ് കഴിഞ്ഞാലുള്ള അവസ്ഥ ഞാന്‍ പറയണോ ”
രഞ്ജിത്ത് ഇഷ്ടക്കേടോടെ പറഞ്ഞു.” ഇത്തിരി തടിയുണ്ടെന്ന് കരുതി സരിത കാണാന്‍ മോശമാണോ ? അല്ലല്ലോ ,
അതല്ല ഇങ്ങനൊക്കെ ചിന്തിക്കുന്ന താന്‍ സരിതയോടൊപ്പം ലോഡ്ജുകളിലും റിസോര്‍ട്ടുകളിലും കുത്തിമറിഞ്ഞപ്പോള്‍ ഇതേക്കുറിച്ചൊന്നും ചിന്തിച്ചില്ലായിരുന്നോ ?പോരാത്തതിന് തന്റെ പറച്ചില് കേട്ടാല്‍ തോന്നും താന്‍ മിസ്റ്റര്‍ ഇന്ത്യയാണെന്ന് , ആദ്യം തന്റെ കുടവയര്‍ കുറയ്ക്കാന്‍ നോക്ക് ”
രഞ്ജിത്തിന്റെ കുടവയറിലേക്ക് നോക്കി അലന് പരിഹാസത്തോടെ പറഞ്ഞു .” നീ കൂടുതല്‍ കളിയാക്കണ്ട , അവളേക്കാള്‍ എന്തുകൊണ്ടും ബെറ്റര്‍ ഞാന്‍ തന്നാണ് , പിന്നെ നീ പറഞ്ഞല്ലോ ലോഡ്ജില്‍ കുത്തി മറിഞ്ഞൂന്ന് , അതിലും അവള് വന്‍ പരാജയമാണ് ”
രഞ്ജിത്തിന് വിട്ടുകൊടുക്കാന്‍ മനസ്സില്ലായിരുന്നു.” നീ എന്താ ഉദ്ദേശിച്ചത് ? എനിക്ക് മനസ്സിലായില്ല ”അലന്റെ നെറ്റി ചുളിഞ്ഞു.
” എടോ കാശും മുടക്കി മുന്തിയ ലോഡ്ജില്‍ പോയാല്‍ പോലും കിടക്കയിലവള്‍ വെറും ശ വമാണ് , നിസ്സാരം പത്ത് മിനുട്ടത്തെ കാര്യമായാല്‍ പോലും ഒരു സഹകരണം വേണ്ടേ ,
പോരാത്തതിന് ഫാന്റസികളോടൊന്നും അവള്‍ക്ക് യാതൊരു താല്പര്യവുമില്ല , പിന്നെങ്ങനാ ആയുഷ്കാലം മുഴുവന്‍ കൂടെ കൂട്ടുന്നത് ? താന്‍ തന്നെ പറയ് ”രഞ്ജിത്തിന്റെ സ്വരത്തില്‍ ഗൗരവം കലര്‍ന്നു.
” താനായി തന്റെ ജീവിതമായി , ഞാനതിലിടപെടുന്നില്ല , പക്ഷേ താനൊരു കാര്യം മനസ്സിലാക്കണം , തന്റെ പ്രായം നാല്പതാണ് , സരിതയ്ക്ക് ഇരുപത്തിയെട്ടും , ഇതുപോലൊരു പെണ്ണിനെ ഇനി കിട്ടിയെന്ന് വരില്ല ഓര്‍ത്തോ ”
അലന് സംസാരം തുടരാനുള്ള മൂഡ് പോലും നശിച്ചിരുന്നു.” കാശുള്ളവനാണോടാ പെണ്ണിന് പഞ്ഞം ? നീ നോക്കിക്കോ നല്ലൊന്നാന്തരം പെണ്ണിനെ തന്നെ ഞാന്‍ കെട്ടും ”
രഞ്ജിത്തിന്റെ ശബ്ദത്തില്‍ ഗര്വ്വുണര്ന്നു.” എല്ലാ കാലത്തും പണം തന്നെ തുണയാകണമെന്നില്ല രഞ്ജിത്തേ , ബന്ധങ്ങളുടെ വില തനിക്കറിയാത്തതുകൊണ്ടാണ് ,
താന്‍ എന്റെ കാര്യം തന്നെ നോക്കിക്കേ , കെട്ടിയ പെണ്ണ് നിസ്സാര കാരണവും പറഞ്ഞ് ഡിവോഴ്സും വാങ്ങി പഴയ കാമുകനോടൊപ്പം പോയി ,
എന്റെ കൈയ്യില്‍ പണമില്ലാത്തതുകൊണ്ടാണോ ? എല്ലാമുണ്ടായിട്ടും ഇപ്പോള്‍ ഞാന്‍ വെറും ഒറ്റയാനെ പോലെയല്ലേ , എന്താണേലും തന്റെ ജീവിതമാണ് , ആലോചിച്ച് തീരുമാനമെടുക്കുക ”
അലന് വിഷമത്തോടെ പറഞ്ഞ് നിറുത്തി .” താനാ കാര്യം വിട് , നേരെ ബാറില്‍ ചെന്ന് രണ്ടെണ്ണമടിക്കാം , എല്ലാം ശരിയാകും ”
കാറിന്റെ താക്കോലുമെടുത്ത് രഞ്ജിത്ത് അലന്റെ മുറിയിലെ കസേരയില്‍ നിന്നുമെഴുന്നേറ്റു.
” എനിക്കും തോന്നി രണ്ടെണ്ണമടിക്കണമെന്ന് , നമ്മുടെ അവസാനത്തെ കൂടിക്കാഴ്ചയാവും ചിലപ്പോഴിത് ” കട്ടിലില്‍ നിന്നും എഴുന്നേറ്റുകൊണ്ട് അലന് പറഞ്ഞു .
” അവസാന കൂടിക്കാഴ്ചയോ ? താനെന്താ ആ ത്മഹത്യ ചെയ്യാന്‍ പോവുകാണോ ”അലനെ തുറിച്ച് നോക്കിക്കൊണ്ട് രഞ്ജിത്ത് ചോദിച്ചു.” അല്ലെടോ , ഇവിടാകെ ഒറ്റപ്പെടലാണ് , ഞാന്‍ ഡല്‍ഹിക്ക് പോകാന്‍ തീരുമാനിച്ചു , വല്ലപ്പോഴും ഇങ്ങോട്ട് വന്നാല്‍ മതിയല്ലോ ”
അലന് ഉള്ളിലെ വേദന പുറത്ത് പ്രകടിപ്പിക്കാതെ പറഞ്ഞു .” അതെന്തായാലും നന്നായി , തനിക്കൊരു മാറ്റം അനിവാര്യമാണ് , അപ്പോള്‍ നമുക്കിന്ന് അടിച്ച് പൊളിച്ചേക്കാം ”
പറഞ്ഞുകൊണ്ട് രഞ്ജിത്ത് മുറിയുടെ പുറത്തേക്കിറങ്ങി.ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം…
ബാറിലിരുന്ന് മ ദ്യപിച്ചുകൊണ്ടിരുന്ന രഞ്ജിത്തിന്റെ പോക്കറ്റില്‍ കിടന്ന ഫോണ്‍ ശബ്ദിച്ചു. പരിചയമില്ലാത്ത നമ്പരായതിനാല്‍ താല്പര്യമില്ലാത്ത മട്ടില്‍ കോള്‍ അറ്റന്റ് ചെയ്തുകൊണ്ട് രഞ്ജിത്ത് ഫോണ്‍ ചെവിയില്‍ വെച്ചു.
” എടോ താനിതെവിടെയാ ? ഞാന്‍ അലനാണ് ”മറുതലയ്ക്കല്‍ നിന്നും അലന്റെ ശബ്ദം രഞ്ജിത്തിന്റെ ചെവിയിലെത്തി.
” അലനോ , ഡോ താന്‍ ജീവനോടെയുണ്ടോ ” രഞ്ജിത്തിന്റെ ശബ്ദത്തില്‍ പഴയ ഊര്‍ജ്ജമുണ്ടായിരുന്നില്ല.
” ജീവനോടെയുണ്ടേ , ഞാന്‍ നാട്ടിലെത്തി , തന്നെയൊന്ന് കാണണമല്ലോ , താനെവിടെയാ ”
അലന്റെ ചിരിയോടെയുള്ള മറുപടിയെത്തി.” ഞാന്‍ നമ്മുടെ റോയല്‍ പാലസ് ബാറിലുണ്ട് , താന്‍ നേരെയിങ്ങ് പോര് ”
പറഞ്ഞുകൊണ്ട് രഞ്ജിത്ത് കോള്‍ കട്ട് ചെയ്തു. ഏകദേശം പതിനഞ്ച് മിനിട്ടിനകം അലന് ബാറിലെത്തി. രഞ്ജിത്തിനെ കാണാതെ അലന് ചുറ്റും കണ്ണോടിച്ചു.” ഡോ ഇവിടെ ”
ബാറിന്റെ മൂലയിലുള്ള ടേബിളില്‍ നിന്നും രഞ്ജിത്ത് ഉറക്കെ വിളിച്ചു.” എന്ത് കോലമാണെടോ ഇത് , എനിക്കാളെ മനസ്സിലായതേയില്ല ”രഞ്ജിത്തിനടുത്തെത്തിയ അലന് അതിശയിച്ചുപോയി.
മുക്കാല്‍ ഭാഗത്തോളം നര കയറിയ തലമുടിയും , ഭ്രാന്തന്റെ കൂട്ട് വളര്‍ന്ന് പന്തലിച്ച താടിയും , ശ്രദ്ധിക്കാതെ തടിച്ച് ചീര്‍ത്ത ശരീരവും , മ ദ്യപാനം കാരണം ചീര്‍ത്ത് ചുവന്ന മുഖവും , ചുളുങ്ങിയ വസ്ത്രവുമായി ആകെ വികൃതരൂപിയെ പോലെയായിരുന്നു രഞ്ജിത്ത്.
” ഓ എന്തുപറയാനാണെടോ , എന്തിന് ജീവിക്കുന്നുവെന്ന് ചിന്തിക്കുമ്പോഴാണ് കോലങ്ങള്‍ ”രഞ്ജിത്ത് ആത്മനിന്ദയോടെ പറഞ്ഞു.
” എന്താടോ താനീ പറയുന്നത് ? താനാഗ്രഹിച്ചത് പോലെ സുന്ദരിയും ചെറുപ്പക്കാരിയുമായ നല്ലൊരു പെണ്ണിനെയൊക്കെ കിട്ടിയതല്ലേ , ഞാന്‍ ഫേസ്ബുക്കിലൊക്കെ തന്റെ ഫാമിലി ഫോട്ടോസ് കാണാറുണ്ടായിരുന്നു ”
അലന് ഒന്നും മനസ്സിലാകാത്ത മട്ടില്‍ രഞ്ജിത്തിനെ നോക്കി .” ആഗ്രഹിച്ച ജീവിതം , ത്ഫൂ… , കൊത്തി വെച്ച ശരീരം പോലെയുള്ള പെണ്ണിനെ വേണമെന്ന് കരുതി അങ്ങോട്ട് കാശെറിഞ്ഞ് കെട്ടിയതാ , ഇപ്പോള്‍ വട്ട പൂജ്യമായി ”
രഞ്ജിത്ത് സ്വയം പുച്ഛിച്ചു.” ങേ , എന്താ എന്താണെടോ സംഭവിച്ചത് , താന്‍ ഹാപ്പിയായി ജീവിക്കുകയാണെന്നാണല്ലോ ഞാന്‍ കരുതിയത് ”
അലന്റെ കണ്ണുകള്‍ മിഴിഞ്ഞു.” സന്തോഷം , അത് പോയിട്ട് വര്‍ഷം നാലാകുന്നെടോ , ആ പിശാചിന് എത്ര കിട്ടിയാലും തികയില്ല , അത് പോരാത്തതിന് എന്റെ വയറ് അവള്‍ക്ക് പ്രശ്നമാണത്രേ ,
അവളുടെ കൂടെ നടക്കുമ്പോള്‍ അപ്പനും മോളുമാണെന്നൊക്കെ ആള്ക്കാര് കളിയാക്കുമത്രേ, അതുകൊണ്ട് ഒരുമിച്ച് പുറത്തിറങ്ങാന്‍ പോലും വരില്ലായിരുന്നു ആ നശിച്ചവള് ”രഞ്ജിത്തിന്റെ ശബ്ദം വിറച്ചു.
” എന്നിട്ട് ? എന്നിട്ടെന്താ സംഭവിച്ചത് ”അലന് രഞ്ജിത്തിന്റെ മുഖത്ത് നിന്നും നോട്ടം മാറ്റിയില്ല.” ഒരു ദിവസം ഹാഫ് ഡേ ലീവെടുത്ത് ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ഒരു പീറ ചെറുക്കനുമായവള് ”
രഞ്ജിത്തിന്റെ കൈയ്യിലിരുന്ന ഗ്ലാസ്സ് ഞെരിഞ്ഞമര്‍ന്നു.” നാശം , താനവളെ ചവുട്ടി പുറത്താക്കിയില്ലേ ”ബാക്കി നടന്നത് മനസ്സിലാക്കിയ അലന് കൂടുതലൊന്നും ചോദിക്കാന്‍ നിന്നില്ല.
” സമൂഹത്തില്‍ ഒരു നിലയും വിലയും എനിക്കുണ്ടായിരുന്നില്ലേടോ , അതുകൊണ്ട് തന്നെ ഞാനവള്‍ക്ക് മാപ്പ് കൊടുത്തു , ഒന്നും ആരെയും അറിയിക്കാന്‍ എനിക്ക് താല്പര്യമില്ലായിരുന്നു ”
രഞ്ജിത്തിന്റെ സ്വരമിടറി.” പിന്നീടെന്താ ഉണ്ടായത് ? ആ വിഷമത്തിലാണോ താനിങ്ങനെ സ്വയം നശിക്കുന്നത് ”അലന് സഹതാപത്തോടെ തിരക്കി.
” അവള് ഞാനുണ്ടാക്കിയതിന്റെ എഴുപത് ശതമാനവും അടിച്ചോണ്ട് ഏവനോടൊപ്പമോ പോയി , സമൂഹത്തിന്റെ മുന്നില്‍ കഴിവുകെട്ട വെറുമൊരു കോമാളിയായിപ്പോയെടോ ഞാന്‍ ”
രഞ്ജിത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.” ഡോ ആള്ക്കാര് ശ്രദ്ധിക്കുന്നു , കരയരുത് , താന്‍ വന്നേ ”അലന് രഞ്ജിത്തിനെ പിടിച്ചെഴുന്നേല്പിച്ചുകൊണ്ട് പുറത്തേക്ക് നടന്നു.” തന്റെ വണ്ടിയെവിടെ ” പുറത്തെത്തിയ അലന് രഞ്ജിത്തിനോട് ചോദിച്ചു.
” വണ്ടിയൊക്കെ വിറ്റു , ഞാന്‍ ഓട്ടോയിലാ വന്നത് ”പുറം കൈയ്യാല്‍ കണ്ണ് തുടച്ചുകൊണ്ട് രഞ്ജിത്ത് പറഞ്ഞു .” താന്‍ വാ , എന്റെ വീട്ടിലേക്ക് പോകാം ”പറഞ്ഞുകൊണ്ട് രഞ്ജിത്തിനെയും കൂട്ടി അലന് തന്റെ കാറിനരികിലേക്ക് നീങ്ങി.
അലന്റെ വീടിന്റെ മുറ്റത്ത് വാഹനം നിന്നു.കാറിന്റെ ശബ്ദം കേട്ടതും മൂന്ന് വയസ്സോളം പ്രായം തോന്നിക്കുന്ന ഒരു ആണ്‍കുട്ടി വാതില്കലേക്ക് ഓടിയെത്തി.
” എന്റെ മോനാണ് ”രഞ്ജിത്തിനോടൊപ്പം പൂമുഖത്തേക്ക് കയറിയ അലന് കുഞ്ഞിനെ വാരിയെടുത്തുകൊണ്ട് പറഞ്ഞു . രഞ്ജിത്ത് കുഞ്ഞിന്റെ കവിളില്‍ തലോടിക്കൊണ്ട് മുഖത്ത് പുഞ്ചിരി വരുത്തി.
” അമ്മേ , ഇവനെ അകത്തേക്ക് കൊണ്ട് പൊയ്ക്കേ , എനിക്ക് രഞ്ജിത്തിനോട് സംസാരിക്കാനുണ്ട് ”
പൂമുഖത്തെത്തിയ തന്റെ അമ്മയുടെ കൈയ്യില്‍ മകനെ ഏല്‍പ്പിച്ചുകൊണ്ട് അലന് പറഞ്ഞു .
” നീ വാ , മുകളിലിരിക്കാം ” രഞ്ജിത്തിനെയും കൂട്ടി മുകളിലുള്ള ബാല്‍ക്കണിയെ ലക്ഷ്യമാക്കി അലന് നടന്നു.
” തന്റെ വൈഫ് ഇവിടില്ലേ ” രഞ്ജിത്ത് സംശയഭാവത്തില്‍ അലനെ നോക്കി.” അയാള്‍ ഷോപ്പിംഗിന് പോയേക്കുവാണ് , ഉടനെത്തും ” അലന് മറുപടി പറഞ്ഞു.
ബാല്ക്കണിയിലെത്തിയതും അവിടെ കിടന്ന ചാരുകസേരയിലേക്ക് രഞ്ജിത്ത് മലര്‍ന്നു.” എന്താടോ തനിക്കെന്നോട് സംസാരിക്കാനുള്ളത് ”
അലന് തന്നോടെന്തോ സംസാരിക്കാനുണ്ടെന്ന് അലന്റെ മുഖഭാവത്തിലൂടെ വായിച്ചറിഞ്ഞ രഞ്ജിത്ത് തിരക്കി .
” വളച്ചുകെട്ടില്ലാതെ ഞാന്‍ കാര്യത്തിലേക്ക് വരാം , തന്റെ ജീവിതത്തില്‍ സംഭവിച്ച തെറ്റെന്താണെന്ന് തനിക്കറിയാമോ ”
അലന് പറഞ്ഞ് തുടങ്ങി.” എന്താണ് ? താന്‍ തന്നെ പറയ് ”താല്പര്യമില്ലാത്ത മട്ടില്‍ രഞ്ജിത്ത് പറഞ്ഞു.” ഓപ്പണായി തന്നെ പറയാം , സ്ത്രീ ശരീരത്തോടുമുള്ള തന്റെ കാഴ്ചപ്പാടാണ് ഈ അവസ്ഥയില്‍ നിന്നെ കൊണ്ടെത്തിച്ചത് ”
സൗമ്യനായി എന്നാല്‍ ഗൗരവത്തോടെ അലന് പറഞ്ഞു.” എന്റെ കാഴ്ചപ്പാടിലൊന്നും തെറ്റില്ല , ഞാന്‍ തിരഞ്ഞെടുത്തവരായിരുന്നു തെറ്റ് ”തോല്‍വി സമ്മതിക്കാന്‍ രഞ്ജിത്തിന് മനസ്സില്ലായിരുന്നു.
” ഇത്രയൊക്കെ സംഭവിച്ചിട്ടും താന്‍ നന്നായിട്ടില്ലല്ലേ , വണ്ണമുള്ള പെണ്ണിനും വടിവൊത്ത പെണ്ണിനും പ്രത്യേക ഫിറ്റിംഗ്സ് വല്ലതുമുണ്ടെന്നാണോ കരുതിയേക്കുന്നത് ”
അലന് പരിഹാസത്തോടെ രഞ്ജിത്തിനെ നോക്കി .” ഓ താന്‍ പെണ്ണ് കെട്ടിയതിന്റെ എക്സ്പീരിയന്‍സ് വെച്ച് എന്നെ പഠിപ്പിക്കാനിറങ്ങിയതാണോ ”
അലന് പറഞ്ഞത് രഞ്ജിത്തിന് തീരെ ദഹിച്ചില്ല.” തന്നെ പഠിപ്പിക്കാന്‍ ഞാനാളല്ല , എന്നാലൊരു കാര്യം പറയാം , കിടക്കറയില്‍ ശ വമെന്ന് താന്‍ സ്ത്രീകളെ വിശേഷിപ്പിക്കുമ്പോള്‍ യഥാര്‍ത്ഥ ശ വം താനായിരുന്നു ,
പെണ്ണിനെ പെണ്ണായി കണ്ട് അവളുടെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ സ്നേഹിച്ച് ആ സ്നേഹം അതിന്റെ പൂര്ണ്ണതയിലെത്തുമ്പോഴാണെടോ എല്ലാം ആസ്വദിക്കാന്‍ കഴിയുക ,
അതല്ലാതെ കൂടെ കിടക്കാന്‍ ഒരുത്തിയെ കിട്ടിയെന്നും കരുതി ചെന്നാല്‍ എല്ലാ സ്ത്രീകളും കിടക്കറയില്‍ ശ വം തന്നെയാകും ”
രഞ്ജിത്തിനെ അങ്ങനങ്ങ് വിടാന്‍ അലന് ഉദ്ദേശിച്ചിട്ടുണ്ടായിരുന്നില്ല.” നീയെന്നെ കൂടുതല്‍ പഠിപ്പിക്കണ്ട , എനിക്കില്ലാത്ത കുണ്ഠിതം നിനക്കും വേണ്ട ”
രഞ്ജിത്ത് കസേരയില്‍ നിന്നും എഴുന്നേറ്റുകൊണ്ട് ദേഷ്യത്തോടെ പറഞ്ഞു.” ഓ ശരിയെടോ , ഒരു കാര്യം കൂടി പറഞ്ഞങ്ങ് നിറുത്തിയേക്കാം , തന്നെപ്പോലുള്ളവര്ക്കൊരു ധാരണയുണ്ട് , ഒരുത്തീടെ കൂടെ കിടന്നാല്‍ അവള് തൃപ്തയായെന്ന് ,
തന്റെയൊക്കെ കൂത്ത് കഴിഞ്ഞ് വിയര്‍ത്ത് നാറി മാറി കിടക്കുമ്പോള്‍ അവര്‍ മനസ്സില്‍ പുച്ഛിക്കുകയേ ഉള്ളൂ , ഈ ശവത്തെ എന്തിന് കൊള്ളാമെന്നോര്ത്ത് ,
പക്ഷേ സ്ത്രീകളത് തുറന്ന് പറയാറില്ല , അതവരുടെ മാന്യത , അതാണ് തന്നെപ്പോലുള്ളവര്‍ മറക്കുന്നത്.
എന്തായാലും കൂടുതല്‍ പറഞ്ഞ് തന്നെ മുഷിപ്പിക്കുന്നില്ല, താഴെ ബ്ലാക്ക് ലേബലിന്റെ സാധനമുണ്ട് , രണ്ടെണ്ണമടിച്ച് വല്ലതും കഴിക്കാം ”സംഭാഷണം നിറുത്തിക്കൊണ്ട് അലനും എഴുന്നേറ്റു.
താഴെ ഹാളിലെത്തിയ അലന് ബ്ലാക്ക് ലേബലിന്റെ ബോട്ടിലും രണ്ട് ഗ്ലാസ്സും ഐസ് ക്യൂബുകളുമായി സോഫയിലിരിക്കുകയായിരുന്ന രഞ്ജിത്തിന്റെ മുന്നിലെ ടേബിളില്‍ വെച്ചു.
രഞ്ജിത്ത് ഇരുഗ്ലാസ്സുകളിലുമായി മ ദ്യം പകര്‍ത്തി.ചിയേഴ്സ് പറഞ്ഞുകൊണ്ട് ഇരുവരും ഗ്ലാസ്സ് ചുണ്ടോടടുപ്പിച്ചപ്പോഴേക്കും പുറത്ത് ഒരു കാര്‍ വന്ന് നില്കുന്ന ശബ്ദം കേട്ടു.
” അവളെത്തി ”ഒറ്റവലിക്ക് മ ദ്യം അകത്താക്കിയിട്ട് അടുത്തതൊഴിക്കാന് കുപ്പി കൈയ്യിലെടുത്ത രഞ്ജിത്തിനോടായി അലന് പറഞ്ഞു.
” ആരാ തന്റെ വൈഫാണോ ”രഞ്ജിത്ത് കുപ്പിയില്‍ നിന്നും അലന്റെ മുഖത്തേക്ക് നോട്ടം മാറ്റി.അതേയെന്ന് പറയാന്‍ അലന് വായ തുറക്കും മുമ്പ് സുന്ദരിയായ ഒരു യുവതി രണ്ട് വലിയ കവറുകളുമായി ഹാളിലേക്കെത്തി.
ആരും നോക്കിപ്പോകുന്നത്ര ആകാരവടിവും തിളക്കവുമുള്ള ആ മുഖത്തേക്ക് രഞ്ജിത്ത് ഒന്നേ നോക്കിയുള്ളൂ , അയാളുടെ കൈയ്യില്‍ നിന്നും മ ദ്യക്കുപ്പി നിലത്ത് വീണുടഞ്ഞു.
രഞ്ജിത്തിന്റെ ഭാവമാറ്റം ശ്രദ്ധിച്ച യുവതി ചിരിയോടെ കൈയ്യിലിരുന്ന കവറുകള്‍ ഹാളിന്റെ മൂലയിലുള്ള സോഫായിലേക്കിട്ടിട്ട് വാഷ്ബേസിനരികിലേക്ക് നീങ്ങി.
ഒരക്ഷരം ഉരിയാടാതെ രഞ്ജിത്ത് മിന്നല്‍ പോലെ പുറത്തേക്കെഴുന്നേറ്റ് നടന്നു.” ഡോ കഴിച്ചിട്ട് പോകാമെടോ ”ഊറിച്ചിരിച്ചുകൊണ്ട് അലന് പിന്നില്‍ നിന്നും വിളിച്ച് പറഞ്ഞു. രഞ്ജിത്ത് തിരിഞ്ഞ് പോലും നോക്കാതെ ഗേറ്റിലേക്ക് ഓടുകയായിരുന്നു.
” സരിതേ , നിന്റെ പ്രിയപ്പെട്ട എക്സ് ഓടുന്ന ഓട്ടം കണ്ടോ ”മുഖം തുടച്ചുകൊണ്ട് തനിക്കരികിലേക്ക് വരികയായിരുന്ന സരിതയോടായി പറഞ്ഞുകൊണ്ട് അലന് പൊട്ടിച്ചിരിച്ചു. ഇരുവരുടെയും ചിരിയുടെ അലയൊളികള് ഹാളിലാകെ നിറഞ്ഞു…