” ഇന്നത്തെ നിങ്ങടെ പിക്കറ്റിങ് സമാധാനപരമായിരിക്കണം അറിയാലോ പ്രൈവറ്റ് ബസ് സ്റ്റാൻഡ് ആണ് ആള് കൂടുതൽ ആകും. എന്തേലും പ്രശ്നം ആയാൽ പിന്നെ കയ്യിൽ നിൽക്കില്ല. എസ് ഐ സാജൻ സാർ വിളിച്ചിരുന്നു അദ്ദേഹം നല്ലൊരു ഓഫീസർ ആണ്. ഇതുവരെയും വളരെ സഹകരണമനോഭാവത്തോടെ നമ്മളോട് ഇടപഴകുന്ന ആളാണ്. വെറുപ്പിക്കാൻ നിൽക്കരുത്. ഇന്നിപ്പോ ഇങ്ങട് വിളിച്ചു പ്രശ്നം ആകരുത് എന്ന് റിക്വസ്റ്റ് കൂടി ചെയ്തേക്കുവാ.. അത് നമ്മൾ അനുസരിക്കണം. എന്തായാലും ഞാനും ഉണ്ടാകും നിങ്ങളോടൊപ്പം ”
കോളേജ് പ്രിൻസിപ്പൽ ബാലചന്ദ്രൻ പറഞ്ഞത് കേട്ട് എല്ലാവരും മൗനമായി തലയാട്ടി.
പ്രൈവറ്റ് ബസുകളിൽ കൺസഷൻ നൽകാത്തത്തിൽ പ്രതിക്ഷേധിച്ചുള്ള ബസ് സ്റ്റാൻഡ് പിക്കറ്റിങ്ങിനായുള്ള തയ്യാറെടുപ്പിൽ ആയിരുന്നു സി എം കോളേജ് വിദ്യാർത്ഥികൾ. അവർക്ക് ഒപ്പം തന്നെ നിന്നു കൊണ്ട് മറ്റൊരു പ്ലാനിംഗിൽ ആയിരുന്നു ആ മൂന്നു പേർ.
“ഡാ എന്താണ് പ്ലാൻ.. ”
അടഞ്ഞ ശബ്ദത്തിൽ ആർഷ ചോദിക്കുമ്പോൾ ഒരു നിമിഷം മൗനമായി മുഖാമുഖം നോക്കി റെജിനും നീരവും.
” പ്രത്യേകിച്ച് പ്ലാനുകൾ ഒന്നും ഇല്ല. ഈ ആഴ്ച കൂടിയേ ഇയാൾ ഇവിടുണ്ടാകുള്ളൂ.. അതുകൊണ്ട് ഇനി നമുക്ക് സമയമില്ല. ഇന്ന് തന്നെ പണി തീർക്കണം. പറ്റിയ അവസരം ഇനി കിട്ടില്ല. പിക്കറ്റിങ് സമയത്ത് എന്തായാലും ആള് ഉണ്ടാകും എന്നത് ഉറപ്പ്. ബസ് സ്റ്റാൻഡ് ആയത് കൊണ്ട് നല്ല തിരക്ക് ഉണ്ടാകും. പ്രശ്നം ഉണ്ടാക്കി മൊത്തത്തിൽ അക്രമാസക്തമാക്കുന്ന കാര്യം ഞങ്ങളേറ്റു. ആ ബഹളത്തിന്റെ ഗ്യാപ്പിൽ അയാളുടെ പള്ളക്ക് കത്തി കയറ്റാൻ ഉള്ള ധൈര്യം ഉണ്ടോ നിനക്ക്. ”
നീരജിന്റെ ആ ചോദ്യം ഒരു നിമിഷം ആർഷയിൽ ഒരു നടുക്കം സൃഷ്ടിച്ചു.
” ഞാനോ.. അത്.. ”
ഒന്ന് പരുങ്ങിയെങ്കിലും പെട്ടെന്ന് ഉമയുടെ മുഖം മനസിലേക്ക് ഓർക്കവേ അവളുടെ സിരകളിൽ രോഷം പടർന്നു.
” ഓക്കേ.. ചെയ്യാമെടാ.. നമ്മുടെ ഉമയ്ക്ക് വേണ്ടി ഞാൻ ചെയ്യാം ആ നാറി ഇന്നത്തോടെ തീരണം. ”
അഗ്നിയെരിഞ്ഞു ആ മിഴികളിൽ. അത് കണ്ട് റെജിനും നീരജും ആവേശത്തിലായി.
” ഇന്നത്തോടെ ഉമയ്ക്ക് വേണ്ടിയുള്ള കണക്ക് നമുക്ക് തീർക്കണം. നമ്മൾ ഇത് ചെയ്യും ന്ന് ആരും പ്രതീക്ഷിക്കില്ല മാത്രമല്ല നീ ഒരു പെണ്ണായത് കൊണ്ട് എന്തായാലും അന്യോഷണം നിന്റെ നേർക്ക് വരില്ല ആരും ഒന്നും കാണാതിരുന്നാൽ മതി അതിനു വേണ്ട ബഹളം ഞാനും നീരജും ഉണ്ടാക്കിക്കോളാം ”
പ്ലാൻ ഒന്നുമില്ല എന്ന് പറഞ്ഞെങ്കിലും റെജിൻ പക്കാ പ്ലാനിങ്ങിൽ ആയിരുന്നെന്ന് അപ്പോഴാണ് ആർഷ മനസിലാക്കിയത്.
അപ്പോഴേക്കും പിക്കറ്റിങ്ങിനായി പോകാൻ എല്ലാവരും തയ്യാറായിരുന്നു.
“എന്താ നിങ്ങൾ പോകുന്നില്ലേ”
പെട്ടെന്ന് ബാലചന്ദ്രന്റെ ചോദ്യം കേട്ട് ഞെട്ടി തിരിഞ്ഞു റെജിൻ.
” പോ.. പോകുന്നു സർ.. ”
അവൻ മറുപടി പറയുമ്പോൾ അടുത്തു നിന്ന നീരജിന്റെ മിഴികൾ കുറുകി.
വലിയ ബാനർ മുന്നിൽ പിടിച്ചു കൊണ്ട് അച്ചടക്കത്തോടെ വരി വരിയായി എല്ലാവരും റോഡിലേക്ക് ഇറങ്ങവേ അവരെ നിയന്ത്രിക്കുവാൻ എസ് ഐ സാജന്റെ നേതൃത്വത്തിൽ പോലീസും എത്തിയിരുന്നു
” പോലീസ് ഒരു കാരണവശാലും ഒന്നും കാണരുത് മാത്രമല്ല കയ്യിൽ ഗ്ലൗസ് ഇടാനും നീ മറക്കരുത് കത്തിയും ഗ്ലൗസും എല്ലാം ഈ ബാഗിൽ ഉണ്ട്. കാര്യം നടന്നാൽ കത്തി നിലത്തിട്ടേക്കണം.. ഞങ്ങൾ. അത് എവിടേക്കേലും ചവിട്ടി തെറിപ്പിച്ചേക്കാം ഗ്ലൗസ് ബാഗിലും ഇടണം. അത് പിന്നീട് നശിപ്പിക്കാം ”
കൃത്യമായ പ്ലാൻ റെജിൻ ആർഷയ്ക്ക് നൽകി. ചെറിയൊരു പേടി തോന്നിയെങ്കിലും അത് പുറത്ത് കാട്ടാതെ അവന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങി ചുമലിലേക്കിട്ടു അവൾ. പതിയെ അവർ ബസ് സ്റ്റാൻഡിലേക്ക് നീങ്ങി.
കോളേജിലെ ഫൈനൽ ഇയർ വിദ്യാർത്ഥികളായ ആർഷയും റെജിനും നീരജും ഒരു കൊലപാതകം തന്നെയാണ് പ്ലാൻ ചെയ്തിരുന്നത്. കോളേജ് വിദ്യാർത്ഥികളായ അവർ ഇത്തരമൊരു കൃത്യം പ്ലാൻ ചെയ്യാൻ കാരണം ഒന്നേ ഉണ്ടായിരുന്നുള്ളു അവരുടെ ഉറ്റ ചങ്ങാതിയായിരുന്ന ഉമയുടെ മരണം. കോളേജിൽ ഒന്നാം വർഷം മുതൽ നീരജും റെജിനും ഉമയും പിന്നെ ആർഷയും ഉറ്റ ചങ്ങാതികൾ ആയവരാണ്.
ഒരുപക്ഷെ ആ മൂന്ന് വർഷങ്ങൾക്കിടയിൽ അവരെ നാലുപേരെയും ഒറ്റയ്ക്കൊറ്റയ്ക്ക് ആരും തന്നെ കണ്ടിട്ടുണ്ടാകില്ല. അത്രത്തോളം ആത്മ മിത്രങ്ങളായിരുന്നു അവർ എന്നാൽ ഒരു സുപ്രഭാതത്തിൽ കോളേജ് ബിൽഡിങ്ങിന്റെ മുകളിൽ നിന്നും താഴേക്ക് ചാടി ഉമ ആത്മഹത്യ ചെയ്തപ്പോൾ അച്ഛനും അമ്മയും ഡിവോഴ്സ് ആയതിന്റെ വിഷമമാകാം എന്ന് എല്ലാവരും ഒരുപോലെ വിശ്വസിച്ചു. പക്ഷെ അതിനു കാരണമായി മറ്റൊരു ചതിയുടെ കഥ കൂടി ഉണ്ട് എന്ന് മനസിലാക്കിയത് ഉറ്റ ചങ്ങാതിമാർ മൂന്ന് പേരായിരുന്നു. ഒരു മഴയുള്ള വൈകുന്നേരം കോളേജിൽ ന്ന് വീട്ടിലേക്ക് പോകവേ കുടയില്ലാത്തതിനാൽ ബസ് സ്റ്റോപ്പിൽ അകപ്പെട്ടു പോയ ഉമയ്ക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വണ്ടിയിൽ കയറ്റി ആ യാത്രയ്ക്കിടയിൽ ഒരു അവസരത്തിൽ ബലമായി അവളുടെ മാനം കവർന്നെടുത്ത പരിചിതനായ ആ പകൽ മാന്യൻ.. അയാളാണ് അവളുടെ മരണത്തിനു കാരണമായത്. അയാളുടെ ഭീക്ഷണിക്കു മുന്നിൽ ഒന്നും പുറത്ത് പറയുവാൻ കഴിയാതെ മാനസികമായി തകർന്നു പോയ ഉമ എല്ലാം തന്റെ ഉറ്റ ചങ്ങാതിമാരോട് മാത്രം തുറന്നു പറഞ്ഞു. ആ സംഭവത്തിന് ശേഷം മാനസിക നില പോലും തെറ്റിയ അവസ്ഥയിൽ ആയിരുന്ന അവൾ ജീവനൊടുക്കിയപ്പോൾ പിന്നെ ആ മൂന്ന് ചങ്ങാതിമാർക്കും ഒരൊറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു എങ്ങിനെയും അയാളോട് പ്രതികാരം ചെയ്യണം. നീണ്ട എട്ടു മാസത്തെ കാത്തിരിപ്പുകൾക്കൊടുവിൽ ഇന്നിപ്പോൾ അതിനായൊരു അവസരം വന്നു കിട്ടിയിരിക്കുകയാണ് .
പതിയെ നടന്ന് വിദ്യാർത്ഥികൾ ബസ് സ്റ്റാൻഡിൽ എത്തി. തീരുമാനിച്ച പ്രകാരം തന്നെ ബാനറുമായി ബസ് ഇറങ്ങുന്ന കവാടത്തിനു മുന്നിൽ എല്ലാവരും നിലയുറപ്പിച്ചു മുദ്രാവാക്യങ്ങൾ വിളിച്ചു. കുറച്ചകലെയായി തന്നെ ബാലചന്ദ്രനും നിലയുറപ്പിച്ചു. അയാൾക്കൊപ്പം ഒന്ന് രണ്ട് അധ്യാപകർ കൂടിയുണ്ടായിരുന്നു. ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്നവർ എല്ലാം ഒക്കെയും കണ്ട് മിഴിച്ചു നിന്നു.
” പണി പാളി.. സമരമാണെന്ന് തോന്നുന്നു പിള്ളേര് ബസ് തടഞ്ഞു.. ഇനി ഉടനെയൊന്നും പോക്ക് നടക്കില്ല ”
യാത്രക്കാരിൽ പലരും അടക്കം പറഞ്ഞു. ആർ ടി ഒ എത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യം പോലീസ് അംഗീകരിച്ചു.
” നിങ്ങൾ ബഹളം വയ്കാത്തിരിക്കൂ… ആർ ടി ഒ ഉടൻ എത്തും അറിയിച്ചിട്ടുണ്ട് ”
അവരെ ശാന്തരാക്കുവാൻ സാജനും പരമാവധി ക്ഷമിച്ചു. പക്ഷെ ഫലമുണ്ടായില്ല.
” സാറേ പിള്ളേര് സീൻ ആക്കോ.. അവരുടെ ആവശ്യം ന്യായമായത് കൊണ്ട് ഞാൻ എന്റെ ടീമിനോട് ഇടപെടരുതെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ അവര് അക്രമം എന്തേലും കാണിച്ചാൽ എനിക്ക് കണ്ട് നിൽക്കാൻ പറ്റില്ല കേട്ടോ.. ”
എസ് ഐ സാജൻ അരികിലേക്കെത്തി പറയുമ്പോൾ ബാലചന്ദ്രൻ അല്പം അസ്വസ്ഥനായി കാരണം വിദ്യാർത്ഥികളിൽ പലരും ആവേശം മൂത്ത് ബസ് തൊഴിലാളികളുമായി ചെറിയ ചെറിയ വാക്ക് പോര് ആരംഭിച്ചിരുന്നു.
ആ സമയം റെജിനും നീരജും ആർഷയും തങ്ങളുടെ പ്ലാൻ നടപ്പിലാക്കുവാനുള്ള പണികൾ ആരംഭിച്ചു തുടങ്ങി.
” ഡാ.. ഞാൻ ഒരു സീൻ ആക്കി ആ ബസ് ഡ്രൈവറെ തല്ലും നീ കൂടെ നിന്ന് പൊലിപ്പിച്ചോണം.. ”
റെജിൻ പതിയെ മുന്നിലേക്ക് നീങ്ങവേ നീരജ് കണ്ണുകൾ കൊണ്ട് ആർഷയ്ക്കും സിഗ്നൽ നൽകി. ചുമലിൽ കിടന്ന ബാഗിൽ കൈ വച്ചു കൊണ്ടവളും പതിയെ മുന്നിലേക്ക് കയറി. ഏത് സമയവും തനിക്കുള്ള ഊഴമാകും എന്ന കരുതലിൽ.
റെജിൻ പതിയെ വിദ്യാർത്ഥികൾക്കിടയിലൂടെ നടന്ന് ബസ് ജീവനക്കാർ നിൽക്കുന്ന ഭാഗത്തേക്ക് എത്തിയിരുന്നു. ചുറ്റുമൊന്ന് കണ്ണോടിച്ച് അവൻ പെട്ടെന്ന് അവർക്കിടയിലേക്ക് ചാടി വീണു.
” എന്നെ തല്ലുന്നോടാ….”
ഉച്ചത്തിൽ വിളിച്ചു കൊണ്ടവൻ അവരിൽ ഒരാളുടെ ഷർട്ടിന്റെ കോളറിൽ പിടുത്തമിട്ടു. പെട്ടെന്ന് ആ ഭാഗത്തേക്ക് തിരിഞ്ഞ വിദ്യാർത്ഥികൾ കണ്ടത് പരസ്പരം പിടിവലി കൂടുന്ന റെജിനെയും ആ ബസ് ജീവനക്കാരനെയുമാണ്.
” ഡാ വരിനെടാ ഇവന്മാര് ദേ റെജിനെ തല്ലുന്നെടാ .. ”
പിന്നിൽ നിന്ന നീരജ് രംഗം പൊലിപ്പിച്ചു അതോടെ മുദ്രാവാക്യം വിളിച്ചു നിന്ന വിദ്യാർത്ഥികൾ ബസ് ജീവനക്കാർക്ക് നേരെ പാഞ്ഞു. ഒക്കെയും കണ്ട് നടുങ്ങി പോയി ബാലചന്ദ്രൻ.
“പിടിച്ചു മാറ്റ് എല്ലാത്തിനേം”
സാജൻ പ്രശ്നത്തിന്റെ സീരിയസ്നെസ് മനസിലാക്കി അവർക്കിടയിലേക്ക് പാഞ്ഞു. നിമിഷനേരം കൊണ്ട് പിടിവലിയും ബഹളവുമായി ബസ് സ്റ്റാൻഡ് ആകെ സംഘർഷഭരിതമായി.
” അടിയെടാ അവന്മാരെ.”
റെജിൻ ഉച്ചത്തിൽ വിളിച്ചു കൂകി പ്രശ്നം വഷളാക്കി കൊണ്ടിരുന്നു. ബസ് ജീവനക്കാരും വിട്ടു കൊടുത്തില്ല അവരും കൂട്ടമായെത്തി.ആ സമയം ആർഷയ്ക്ക് വേണ്ട നിർദേശങ്ങൾ നൽകി നീരജ്.
നിമിഷ നേരം കൊണ്ട് ബാഗിനുള്ളിൽ നിന്നും ഗ്ലൗസ് പുറത്തേക്കെടുത്തു അവൾ. എന്നാൽ അത് കയ്യിലെക്കിടുവാൻ കഴിഞ്ഞില്ല അതിനു മുന്നേ തന്നെ തിക്കിലും തിരക്കിലും ആരൊക്കെയോ അവളുടെ കയ്യിൽ തട്ടി ആ ഗ്ലൗസ് നിലത്തേക്ക് വീണു പോയി. ആകെ പതറി പോയ ആർഷ അതെടുക്കുവാൻ ശ്രമിച്ചെങ്കിലും ആ തിരക്കിൽ അതിനു കഴിഞ്ഞില്ല. ഒക്കെയും ശ്രദ്ധിച്ചു നിന്ന നീരജും തലയിൽ കൈ വച്ചു പോയി.
“എന്താടാ.. എന്ത് പറ്റി..”
തിരക്കിനിടയിൽ തന്നെ റെജിൻ അവനരികിലെത്തി.
” ഗ്ലൗസ് പോയെടാ.. ”
ആ പറഞ്ഞത് കേട്ട് റെജിനും നിരാശയോടെ ആർഷയെ നോക്കി. ആകെ നടുങ്ങി നിൽക്കുകയായിരുന്നു അവൾ.അപ്പോഴേക്കും ലാത്തിയുമായി പോലീസും അവരെ വളഞ്ഞു. തങ്ങളുടെ പ്ലാൻ പൊളിയുകയാണെന്ന് പതിയെ മനസിലാക്കി റെജിൻ. പോലീസ് എത്തിയതോടെ സംഘർഷം ബസ് സ്റ്റാൻഡിനുള്ളിൽ നിന്നും റോഡിലേക്ക് നീങ്ങി തുടങ്ങി. റോഡിലൂടെ പാഞ്ഞു വന്ന വാഹനങ്ങളിൽ പലരും സഡൻ ബ്രെക്കിട്ട് നിന്നു.
” ഒന്ന് നിർത്ത് പിള്ളേരെ.. ”
ബാലചന്ദ്രനും അവർക്കിടയിലേക്ക് കയറി. അയാൾക്കൊപ്പം തന്നെ ആ രണ്ട് അദ്ധ്യാപകരും. അതോടെ തനിക്ക് ഇനിയൊരു അവസരം കിട്ടിയേക്കില്ല എന്ന് മനസിലാക്കിയ ആർഷ രണ്ടും കല്പ്പിച്ചു ബാഗ് തുറന്ന് കത്തി കയ്യിലെക്കെടുക്കാൻ തുനിഞ്ഞു.
” ആർഷാ വേണ്ടാ.. ”
അത് കണ്ട് റെജിൻ ഉച്ചത്തിൽ വിളിച്ചു കൊണ്ട് ബഹളത്തിനിടയിൽ കൂടി അവൾക്കരികിലേക്ക് പാഞ്ഞു. കാരണം പോലീസ് പൂർണ്ണമായും വളഞ്ഞതിനാൽ തന്നെ ഇനിയൊരു ശ്രമം അപകടമായിരുന്നു. പക്ഷെ ഒന്നും ശ്രദ്ധിക്കാതെ ഇരയെ കണ്മുന്നിൽ കിട്ടിയ ആവേശത്തിൽ കത്തി കയ്യിലെക്കെടുത്തിരുന്നു ആർഷ. അപ്പോഴേക്കും നീട്ടി ഹോൺ മുഴക്കി ഒരു കെ എസ് ആർ ടി സി ബസ് റോഡിൽ കൂടി പാഞ്ഞെത്തി. സാജന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളെയും ബസ് ജീവനക്കാരെയും റോഡിൽ നിന്നും മാറ്റാൻ ശ്രമിക്കുമ്പോൾ ബാലചന്ദ്രനും മറ്റദ്ധ്യാപകരും അവർക്കൊപ്പം ചേർന്നു. ആ സമയം കത്തിയുമായി ആർഷയും മുന്നിലേക്ക് പാഞ്ഞു. പോലീസ് ചുറ്റും ഉള്ളത് കൊണ്ട് തന്നെ അവൾ പിടിക്കപ്പെട്ടേക്കും എന്ന ഭയത്തിൽ ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ നടുങ്ങി നിന്ന് പോയി റെജിൻ. നീരജ് ആകട്ടെ ഭയത്തോടെ എല്ലാം നോക്കി നിന്നു. ഒരു നിമിഷം മനസ്സ് പൂർണ്ണമായും ഇരുട്ടിലാണ്ടത് അറിഞ്ഞു റെജിൻ എന്തേലും ഉടനെ ചെയ്തില്ലെങ്കിൽ ആർഷ ആപത്തിലാകും എന്ന ചിന്ത അവന്റെയുള്ളിൽ ഒരു മിന്നൽ. പിണർപ്പായി അടിച്ചു കയറി. ആ നിമിഷം തന്നെ മറ്റൊരു കാര്യം കൂടി അവൻ മനസിലാക്കി അമിത വേഗത്തിൽ വന്ന ആ ബസ് സഡൻ ബ്രേക്കിങ്കിലും പിന്നാലെ ലോഡുമായെത്തിയ ഭാരത് ബെൻസിന്റെ ടോറസ് ലോറിക്ക് ബ്രേക്ക് കിട്ടിയില്ല. അപകടം ഒഴിവാക്കാൻ വെട്ടിച്ചു മാറ്റി ബസിനെ ഓവർ ടേക്ക് ചെയ്ത് കയറിയ ആ ലോറി പെട്ടെന്ന് നിന്നേക്കില്ലാ എന്ന വാസ്തവം മനസിലാക്കവേ വ്യക്തമായ പ്ലാനോടെ റെജിൻ രണ്ടും രണ്ടും കല്പ്പിച്ചു തന്റെ മുന്നിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളെ ബലമായി മുന്നിലേക്ക് തള്ളി.പിഴച്ചില്ല അവർ നേരെ ചെന്നിടിച്ചത് ബാലചന്ദ്രനെയായിരുന്നു. നിലതെറ്റിയ അയാൾ മുന്നിലേക്ക് ചായുമ്പോൾ റെജിന്റെ ലക്ഷം കൃത്യമായി. ലോറി ഡ്രൈവർ ഒരു നിമിഷം നടുങ്ങി സഡൻ ബ്രേക്കിട്ടെങ്കിലും നിന്നില്ല. ഒരു ഹമ്പ് ചാടിയ പോലെ ലോറിയുടെ മുൻ ചക്രം ആ ശരീരത്തിൽ കയറിയിറങ്ങി നിന്നു. ചുടു ചോര ചുറ്റും തെറിച്ചു.
” അയ്യോ.. ”
കണ്ട് നിന്നവർ ഞെട്ടലോടെ തലയിൽ കൈ വച്ചു പോയി. മാംസ കഷ്ണങ്ങൾ ചിതറി തെറിച്ചു.
അപ്രതീക്ഷിതമായി ഒക്കെയും പകച്ചു നിന്നുപോയ ആർഷയുടെ അരികിലേക്ക് ഓടിയെത്തിയ നീരജ് നടുക്കത്തിനിടയിലും അവളുടെ കയ്യിലിരുന്ന കത്തി പിടിച്ചു വാങ്ങി ആരേലും കാണുന്നേനു മുന്നേ തന്നെ ബാഗിനുള്ളിലാക്കി. നടുങ്ങി തരിച്ചു നിൽക്കുന്നവർക്കിടയിലൂടെ റെജിൻ മാത്രം സംതൃപ്തിയിൽ അവർക്കരികിലേക്ക് നടന്നടുത്തു. പതിയെ പതിയെ ഒരു പുഞ്ചിരി അവന്റെ ചുണ്ടിൽ വിടർന്നു. വൈകാതെ തന്നെ ആ ചിരി നീരജിലേക്കും അവനിൽ നിന്നും ആർഷയിലേക്കും പടർന്നു. ഒടുവിൽ അവർ ലക്ഷ്യം നിറവേറ്റി. ആത്മമിത്രത്തിന്റെ മരണത്തിനു പകരം വീട്ടി. ആ മഴയുള്ള വൈകുന്നേരം ചതിയിൽ പെടുത്തി ഉമയെ നശിപ്പിച്ചവൻ റോഡിൽ ചിന്നി ചിതറി.
അന്നത്തെ ബ്രേക്കിങ് ന്യൂസ് അതായിരുന്നു. ചാനലുകാർ ആ അപകടമരണം ആഘോഷമാക്കി.
‘സി എം കോളേജ് വിദ്യാർത്ഥികളുടെ പ്രൈവറ്റ് ബസ് സ്റ്റാൻഡ് പിക്കറ്റിങ് അക്രമാക്തമായി.. ബഹളത്തിനിടയിൽ നിയന്ത്രണം വിട്ടു വന്ന ടോറസ് ലോറിക്കടിയിൽ പെട്ട് സ്ഥലം എസ് ഐ സാജൻ ജോസഫിന് ദാരുണാന്ത്യം. ഒരാഴ്ച കഴിഞ്ഞു ട്രാൻസ്ഫർ ആയി പോകുവാനിരിക്കെയാണ് അദ്ദേഹത്തിന് ഈ അപകടമുണ്ടായത്. വണ്ടി കയറിയിറങ്ങി തൽക്ഷണം തന്നെ മരണം സംഭവിക്കുകയായിരുന്നു.വിദ്യാർത്ഥികളുടെ പ്രശ്നത്തിൽ ഗതാഗത മന്ത്രി ഇടപെട്ട് പരിഹാരമുണ്ടാക്കിയെങ്കിലും ഏറെ ജന സമ്പതനായ എസ് ഐ യുടെ മരണം എവരെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.’
ആ വാർത്ത കോളേജിലെ സ്റ്റാഫ് മുറിയിലെ
ടീവി ചാനലിൽ മറ്റദ്ധ്യാപകർക്കൊപ്പമിരുന്നു കണ്ടുകൊണ്ടിരുന്ന ബാലചന്ദ്രൻ ഏറെ നിരാശനായി. ഉന്തിനും തള്ളിനുമിടയിൽ താൻ ചെന്നിടിച്ചത് കൊണ്ടാണ് സാജൻ റോഡിലേക്ക് വീണ് പോയത് എന്നതായിരുന്നു അയാളെ ഏറെ തളർത്തിയത്.
” പോട്ടെ സാറേ.. ഒന്നും മനഃപൂർവം അല്ലല്ലോ.. ”
മറ്റു അദ്ധ്യാപകർ അയാളെ ആശ്വസിപ്പിച്ചു.
അങ്ങിനെ ആട്ടിൻതോലിട്ട ആ ചെന്നായ ജനങ്ങളുടെ മനസ്സിൽ ഒരു നോവായി മാറി..
(ശുഭം )
പ്രജിത്ത് സുരേന്ദ്രബാബു.