‘സംസ്ഥാനത്ത് വീണ്ടും ബ്ലേഡ് മാഫിയ പിടി മുറുക്കുന്നു… പലിശക്കാരന്റെ ക്രൂരതകൾക്ക് മുന്നിൽ സഹിമുട്ടി ആറ്റിങ്ങലിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു. ‘
രാവിലെ മുതൽ മീഡിയാസിൽ നിറഞ്ഞു നിന്ന വാർത്ത ഇതായിരുന്നു.
‘ തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശികളായ സന്തോഷ്,അനുപമ ദമ്പതികളാണ് ആത്മഹത്യ ചെയ്തത് ബോംബെയിൽ സ്ഥിരതാമസമായിരുന്ന ഇവർ തലസ്ഥാനത്തേക്ക് എത്തിയിട്ട് രണ്ട് വർഷങ്ങൾ കഴിയുന്നു. സുധീർ എന്ന വ്യക്തിയിൽ നിന്നും വീടിന്റെ മെയിന്റനൻസ് പണികൾക്കായി പലിശയ്ക്ക് വാങ്ങിയ തുക കൃത്യ സമയത്ത് തിരികെ നൽകാൻ കഴിയാതെ വന്നതോടെയാണ് ഈ ദമ്പതികൾക്ക് നേരെ ഗുണ്ടകളുടെ ഭീഷണികളും അക്രമങ്ങളും ആരംഭിച്ചത്. തുടർന്നുള്ള മാനസിക സംഘർത്തിലാകാം ഇരുവരും ആത്മഹത്യ ചെയ്തിട്ടുണ്ടാവുക എന്ന് അടുത്ത ബന്ധുക്കൾ ആരോപിക്കുന്നു… പോലീസ് സ്ഥലത്തെത്തി അന്വേഷനമരംഭിച്ചു. ഇതിനോടകം ആരോപണ വിധേയനായ സുധീർ ഒളിവിലാണെന്നും വിവരങ്ങൾ ലഭിക്കുന്നുണ്ട്..’
വാർത്തകൾ തുടരെ തുടരെ വന്നു കൊണ്ടിരുന്നു. സംഭവ സ്ഥലത്തേക്ക് സി ഐ അൻവർ എത്തുമ്പോൾ തുടർനടപടികൾക്ക് ആയി പോലീസ് സംഘം കാത്തു നിന്നിരുന്നു.
” ഇതെന്താ ബാലേട്ടാ പ്രശ്നം. ”
ചുറ്റും വട്ടം കൂടിയ മീഡിയാസിനെ അവഗണിച്ചു ഹെഡ് കോൺസ്റ്റബിൾ ബാലചന്ദ്രന്റെ അരികിലേക്ക് ആണ് ആദ്യം അൻവർ പോയത്.
” സാറേ.. രണ്ടും കെട്ടി തൂങ്ങിയതാ. ആത്മഹത്യ തന്നെയാണെന്ന് ഉറപ്പിച്ചു . ഞങ്ങടെ പരിപാടി കഴിഞ്ഞു ഇനി സാറ് ഓക്കേ പറഞ്ഞാൽ അഴിച്ചിറക്കി ബാക്കി കാര്യങ്ങൾ നോക്കാം. ”
ബാലചന്ദ്രന്റെ മറുപടി കേട്ടു കൊണ്ട് പതിയെ വീടിനുള്ളിലേക്ക് കയറി അൻവർ. ചുറ്റും വൻ ജനാവാലി തന്നെ തടിച്ചു കൂടിയിരുന്നു. ബോഡികൾ പരിശോധിച്ച് ശേഷം തുടർ നടപടികൾക്ക് അനുമതി കൊടുത്തു പുറത്തേക്കിറങ്ങി അവൻ.
” ഇതാരാ ഈ സുധീർ.. ആ കഥ എന്താ.. മീഡിയാസ് നല്ലോണം ആഘോഷിക്കുന്നുണ്ട്. ”
” ഓ അവൻ ഒരു വെടക്ക് ടീം ആണ് സാറേ.. വെറും ഫ്രോഡ്. പലിശക്ക് കൊടുപ്പ് ആണ് പണി. ആള് ഈ പെണ്ണ് വിഷയത്തിൽ ഇച്ചിരി വീക്ക് ആണ്. നല്ല കാശുണ്ട് കുടുംബത്തിൽ ഇവൻ അതെടുത്തു പലർക്കും കൊടുക്കും എന്നിട്ട് തിരിച്ചു കിട്ടാൻ വൈകുമ്പോ ആ കുടുംബത്തിനെ പെണ്ണുങ്ങളെ നോട്ടം ഇടും. അവരെ വച്ച് മൊതലാക്കും അതാണ് പരിപാടി. സംഭവം ഈ മരിച്ച പെൺകൊച്ചിനെയും അത് പോലെ ഉപയോഗിച്ചെന്നാ കേൾക്കുന്നേ ”
ബാലചന്ദ്രൻ പറഞ്ഞ് നിർത്തുമ്പോൾ അൻവറിന്റെ നെറ്റി ചുളിഞ്ഞു.
” ശ്ശേ..! ഈ കാലത്ത് അങ്ങിനൊക്കെ നടക്കോ.. ”
” ഉവ്വ് സാറേ സംഗതി സത്യമാണ്… ഈ സുധീർ അത്തരത്തിൽ ഒരു ക്രിമിനൽ ആണ്. അവനെ പേടിച്ചു ആരും ഒരു കംപ്ലയിന്റ് പോലും കൊടുക്കാൻ തയ്യാറല്ല.. ഈ മരിച്ച കൊച്ചനു ബോംബെയിൽ ഒരു കമ്പനിയിൽ സൂപ്പർ വൈസർ ആയിട്ടായിരുന്നു ജോലി.കെട്ട് കഴിഞ്ഞു ഇവര് രണ്ടും അവിടെ സെറ്റിൽഡ് ആയിരുന്നു. പിന്നേ രണ്ട് വർഷങ്ങൾക്ക് മുന്നേയാണ് ഒക്കെ നിർത്തി നേരെ ഇവിടേക്ക് വന്നത്. ഒരു പഴയ വീട് വാങ്ങി താമസമായി ചെറുക്കൽ ഇവിടൊരു കമ്പനിയിൽ ജോലിക്കും കയറി. കൊച്ചുങ്ങൾ ഒന്നും ഇല്ല ഇവർക്ക്. അതിനിടക്ക് എപ്പോഴോ എന്തോ അത്യാവശ്യത്തിനു ഈ അൻവറിന്റേന്ന് ഒരു തുക പലിശക്ക് എടുത്തു.”
ബാലചന്ദ്രൻ നിർത്തുമ്പോൾ ആകാംഷയി കേട്ടു നിന്നു അൻവർ.
” എന്നിട്ട്.. ”
” എന്നിട്ട് എന്താ സാറേ.. വാങ്ങിയ കാശ് സമയത്ത് തിരിച്ചു കൊടുക്കാൻ പറ്റിയില്ല. ഈ സുധീർ ആദ്യമേ തന്നെ ആ പെങ്കൊച്ചിനെ നോട്ടമിട്ടിരുന്നു ഒടുക്കം ഗതികെട്ട് അവൾക്ക് കെടന്ന് കൊടുക്കേണ്ടി വന്നു. പക്ഷെ ഇവൻ ഒരു പണി ഒപ്പിച്ചു അന്ന് ആ പെങ്കൊച്ചിന്റെ ഏതാണ്ടൊക്കെ തുണിയില്ലാത്ത സീൻ ഫോണിൽ ഷൂട്ട് ചെയ്തു വച്ചു. കഷ്ടകാലത്തിനു മൊബൈൽ കടയിൽ ശെരിയാക്കാൻ കൊടുത്തപ്പോ ആ വീഡിയോ വെളീലും ആയി. നാണക്കേട് കാരണം ഇവര് ഇപ്പോ ആത്മഹത്യയും ചെയ്ത് പാവങ്ങൾക്ക് മുട്ടൻ പണിയാ ഈ സുധീർ കൊടുത്തത് ”
ഒക്കെയും കേട്ട് മൗനമായി നിന്നു അൻവർ.
” സാറേ .. ദേ ആത്മഹത്യ കുറിപ്പ് ആണെന്ന് തോന്നുന്നു ആ പെണ്ണിന്റെ ഡ്രസ്സിനുള്ളിൽ നെഞ്ചിന്റെ ഭാഗത്തു തിരുകി വച്ചിരുന്നതാണ്.. ”
ഒരു പേപ്പർ തുണ്ടുമായി കോൺസ്റ്റബിളിൽ ഒരാൾ പുറത്തേക്ക് വരവേ ആ പേപ്പർ കയ്യിലേക്ക് വാങ്ങി അൻവർ. അത് വിശദമായി വായിക്കവേ പതിയെ പതിയെ അവന്റെ മിഴികൾ വിടരുന്നത് ശ്രദ്ധിച്ചു ബാലചന്ദ്രൻ
” എന്താ സാറേ.. ആത്മഹത്യാ കുറിപ്പ് തന്നെയാണോ ”
മറുപടി പറഞ്ഞില്ല അൻവർ. ആ പേപ്പറിൽ എഴുതിയിരുന്നത് മുഴുവനായി വായിച്ചു അവൻ. ശേഷം പതിയെ മുഖമുയർത്തി.
” ബാലേട്ടാ.. ഈ സുധീർ പക്കാ ക്രിമിനൽ ആണെന്നല്ലേ പറഞ്ഞെ ആൾക്ക് ഫാമിലി ഒക്കെ ഉണ്ടോ.. ”
” ഫാമിലി ഒന്നും ഇല്ല സാറേ അവന് പത്തു മുപ്പത്തഞ്ചു വയസ്സ് ഉണ്ട് ആരേം കെട്ടീട്ടില്ല പക്ഷെ വെറും വൃത്തികെട്ടവനാ ആള് എന്തോരം കുടുംബങ്ങൾ തകർത്തിട്ടുണ്ടെന്ന് അറിയോ.. കണ്ണിൽ ചോര ഇല്ലാത്തവൻ എന്തോരം പെൺകൊച്ചുങ്ങളെ.. ”
ബാക്കി പറഞ്ഞില്ല ബാലചന്ദ്രൻ എന്നാൽ ആ മറുപടി കേട്ട് പതിയെ അൻവറിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു.
” എന്നാൽ ബാലേട്ടാ… ഈ സുധീർ പണി കൊടുത്തവൻ അല്ല.. പണി വാങ്ങിയവൻ ആണ് നല്ല എട്ടിന്റെ പണി…. ”
അത്രയും പറഞ്ഞ് ആ പേപ്പർ ബാലചന്ദ്രന്റെ കയ്യിൽ കൊടുത്തു ചെറു പുഞ്ചിരിയോടെ തന്നെ ജീപ്പിനരികിലേക്ക് നടന്നു അൻവർ. ഒന്നും മനസിലാകാതെ നോക്കി നിന്ന ശേഷം കയ്യിൽ ഇരുന്ന പേപ്പർ പതിയെ വായിച്ചു തുടങ്ങി. അതോടെ അയാളുടെ മിഴികളും വിടർന്നു.
“ഇത് എട്ടും എട്ടും പതിനാറിന്റെ പണി തന്നെ.. ”
അറിയാതെ ബാലചന്ദ്രന്റെ ചുണ്ടുകൾ മന്ത്രിച്ചു പോയി.
‘ ഇപ്പോൾ കിട്ടിയ വാർത്ത തിരുവനന്തപുരത്ത് ആറ്റിങ്ങലിൽ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത ദമ്പത്തികൾ എച്ച് ഐ വി ബാധിതർ. തങ്ങൾ കഴിഞ്ഞ രണ്ടര വർഷങ്ങളായി എയ്ഡ്സ് ബാധിതരാണെന്നും അസുഖ വിവരം അറിഞ്ഞ ശേഷം ആണ് ബോംബൈ വിട്ട് തിരുവനന്തപുരത്തേക്ക് വന്നതെന്നും അവരുടെ ആത്മഹത്യ കുറിപ്പിൽ എഴുതിയിട്ടുള്ളതായി പോലീസ് അറിയിച്ചു. ‘
‘ സന്തോഷിനു എച്ച് ഐ വി ബാധിക്കപ്പെട്ടത് ബോംബെയിലെ വഴിവിട്ട ഡ്രഗ്സ് ഉപയോഗത്തിലൂടെ. സന്തോഷിൽ നിന്നും രോഗം അനുപമയിലേക്കും പകരുകയായിരുന്നു. അസുഖവിവരം അറിഞ്ഞ ശേഷമാണ് രണ്ടാളും എല്ലാം ഉപേക്ഷിച്ചു നാട്ടിലേക്ക് വന്നതെന്നും ആത്മഹത്യ കുറിപ്പിൽ നിന്നും വ്യക്തം ‘
ചാനലുകളിൽ മാറി മാറി വാർത്തകൾ വന്നു കൊണ്ടേയിരുന്നു
‘ മറ്റൊരു ഞെട്ടിക്കുന്ന വാർത്ത… അനുപമയിലൂടെ ഈ രോഗം ഇതിനോടകം ആരോപണ വിധേയനായ സുധീറിലും എത്തിയിട്ടുണ്ട് എന്ന് സന്തോഷ് തന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു… പണം പലിശയ്ക്ക് കൊടുത്തു പാവങ്ങളുടെ മേൽ ക്രൂരത കാട്ടുന്ന സ്ത്രീകളുടെ മാനത്തിന് വില പറയുന്ന സുധീറിനോടുള്ള തങ്ങളുടെ പ്രതികാരമാണ് ഇതെന്നും അയാൾ തന്റെ അവസാന ആത്മഹത്യ അവസാന കുറിപ്പിൽ എഴുതി ചേർത്തിട്ടുണ്ട്. ഇതോടെ ഒളിവിൽ പോയ സുധീറിനു വേണ്ടിയുള്ള തിരച്ചിൽ പോലീസ് ഊർജ്ജിതമാക്കി. മാത്രമല്ല സുധീറിൽ നിന്ന് ഈ രോഗം മറ്റാരിലേക്കെങ്കിലും പകരാൻ സാധ്യതയുണ്ടോ എന്നുള്ളതിന്റെ പറ്റിയും അന്വേഷണം നടക്കുന്നു.’
വാർത്തകൾ നാടുമുഴുവൻ പ്രകമ്പനം കൊള്ളിച്ചു.
” അത് കലക്കി.. അവനൊക്കെ അങ്ങിനെ തന്നെ വേണം.. ”
” ആ പാവം പിള്ളേര് ആത്മഹത്യ ചെയ്യേണ്ടായിരുന്നു…. ”
അഭിപ്രായങ്ങൾ പലതായി ഉയരുമ്പോഴുയും എല്ലാവരും തിരഞ്ഞത് സുധീറിനെയാണ്.
ഈ സമയം വിവരങ്ങൾ അറിഞ്ഞു ആലപ്പുഴ ഹൗസ് ബോട്ടിൽ കായലിനു നടുവിൽ ഒളിവിൽ ആയിരുന്ന സുധീറിന്റെ ബോധം നഷ്ടപ്പെട്ടു പോയി.
” ഈ എയ്ഡ്സ് അടുത്തിരുന്നാലോ മറ്റോ പകരോ അളിയാ.. ”
കൂട്ടാളികളുടെ സംശയം അപ്പോൾ അതായിരുന്നു. ബോധം തിരികെ കിട്ടുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ പൊട്ടിക്കരഞ്ഞു പോയി സുധീർ.
” പന്ന.. #%# മക്കള്.. എട്ടിന്റെ പണി ആണല്ലോ എനിക്കിട്ട് തന്നത്.. ചോദിച്ച പാടെ അവള് കൂടെ കിടക്കാൻ സമ്മതിച്ചപ്പോഴേ പണി മണക്കണമായിരുന്നു ”
സങ്കടം സഹിക്കാൻ കഴിയാണ്ട് അലമുറിയിട്ടു അവൻ.
” അണ്ണാ ആ പെണ്ണിന് ശേഷം വേറെ ഏവളുമാരുടെയെങ്കിലും അടുത്ത് പോയിരുന്നോ ”
കൂട്ടാളിയുടെ ചോദ്യം കേട്ട് ദയനീയമായി ഒന്ന് നോക്കി സുധീർ
” ഇല്ലടാ… വേറെങ്ങും പോയില്ല ആ ജോസിന്റെ ഭാര്യയെ നോട്ടം ഇട്ടതായിരുന്നു എല്ലാം തുലഞ്ഞു.. നാട്ടിൽ മുഴുവൻ പാട്ടായി ഇനി ഞാൻ ജീവിച്ചിരുന്നിട്ട് എന്ത് കാര്യം.. ഈ അസുഖം വന്നാൽ പിന്നേ മരണം തന്നെയാണ് വിധി.”
പറഞ്ഞ് നിർത്തിയ പാടെ കായലിന്റെ ആഴപ്പരപ്പിലേക്ക് എടുത്തു ചാടി അവൻ.
” അണ്ണാ… അണ്ണാ… ”
കുഴി ഏറെയുള്ള ഭാഗമായതിനാൽ കൂടെ ചാടാൻ കൂട്ടാളികളും ഭയന്നു.
‘പൊട്ടനെ ചെട്ടി ചതിച്ചു… ചെട്ടിയെ ദൈവം ചതിച്ചു ‘
ചില ചൊല്ലുകൾ മനുഷ്യർക്ക് വേണ്ടി തന്നെയുണ്ടാക്കിയതാണ് എന്ന് തോന്നി പോകാറുണ്ട് പലപ്പോഴും..
(ശുഭം )
പ്രജിത്ത് സുരേന്ദ്രബാബു.