കുന്നിക്കുരുവോളം
എഴുത്ത്: Divya Kashyap
പിന്നാമ്പുറത്തെ ഇളംതിണ്ണയിലിരുന്നു ചേന തീയലും പപ്പടവും കൂട്ടി ഒരു പിടി പിടിക്കുമ്പോഴാണ് പുറകിൽ വാതിൽൽപ്പടിയുടെ മറവിൽ ഒരു പാദസരകിലുക്കം കേട്ടത്…
വായിൽ വെക്കാൻ പോയ ആ ഒരു ഉരുള പാത്രത്തിലേക്കിട്ടവൻ തിരിഞ്ഞു നോക്കി…
പടിക്കുപുറകിൽ മുഖം മറച്ചു ഒരു പച്ച പട്ടുപാവാട…
അവൻ ആശ്ചര്യം പൂണ്ടു…വർഷങ്ങൾക്കു ശേഷമാണ് അവൾ നീളൻ പാവാട ഇട്ടു കാണുന്നത്…
അവൾ…അമൃത…തന്റെ അമ്മൂട്ടി…
ഡിഗ്രിക്ക് ചേർന്നു തലസ്ഥാനത്തു ഹോസ്റ്റലിൽ നിന്നു പഠിക്കാൻ തുടങ്ങിയതിനു ശേഷം മാസത്തിലൊരിക്കൽ മാത്രേ വീട്ടിൽ വരാറുള്ളൂ…
വന്നാലും ഒരു ദിനം തങ്ങി പിറ്റേന്ന് വെളുപ്പിനെ പോകും…ഒരുപാട് പടിക്കാനുള്ളതല്ലേ…
കാണുന്നത് തന്നെ വിരളം…
ഡിഗ്രിക്കൊക്കെ ചേർന്നതിന് ശേഷം നീളൻ പാവാടയോ പട്ടുപാവാടയോ ഒന്നും ഇട്ടു കണ്ടിട്ടേയില്ല…
ഇറുകിയ ജീൻസോ,കൈയില്ലാത്ത ഉടുപ്പോ,മുട്ടൊപ്പം മാത്രമുള്ള മിഡിയോ ഒക്കെയെ ഇടാറുള്ളാരുന്നു…
തന്റെ കയ്യിൽ തൂങ്ങി തനിക്കിഷ്ടമുള്ള പച്ചപാവാട ഇട്ടുനടന്നിരുന്ന തന്റെ അമ്മൂട്ടി എത്ര പെട്ടെന്നാണ് മാറിയത്…
അച്ഛനെയോ അമ്മയെയോ കണ്ട ഓർമയില്ല തനിക്ക്…
വെള്ളതുണിയിൽ പൊതിഞ്ഞു കിടത്തിയിരുന്ന അവരുടെ അടുത്തിരുന്നു കരഞ്ഞ തന്നെ ചന്ദ്രൻ മാമയാണ് കൈപിടിച്ചു ഇങ്ങോടെക്ക് കൂട്ടിക്കൊണ്ടു വന്നത്…
അന്ന് പ്രായം എട്ടു വയസ്..
മുത്തശ്ശി കാത്തിരിക്കുന്നുണ്ടായിരുന്നു..
അമ്മായിയുടെ മുറുമുറുപ്പ് കണ്ടില്ലെന്നു നടിച്ചു തനിക്കിഷ്ടമുള്ളതെല്ലാം ഉണ്ടാക്കി തന്നു മുത്തശ്ശി..
പടിക്കുമായിരുന്നു… നല്ല പോലെ…
അവിടെയും വിധിയുടെ താണ്ഡവം…!!
പത്താം തരത്തിൽ പഠിക്കുമ്പോൾ മുത്തശ്ശി മരിച്ചു…
നല്ല മാർക്കുണ്ടായിരുന്നിട്ടും..ഇനി പഠിക്കുന്നില്ല എന്നു പറഞ്ഞു ചന്ദ്രൻ മാമയോട്…
സങ്കടമുണ്ടാരുന്നെങ്കിലും അമ്മായിയുടെ മുഖം കനപ്പിക്കലിന് മുന്നിൽ ചന്ദ്രൻ മാമയും നിശബ്ദനായി..
ആ പതിനഞ്ചാം വയസ്സു മുതൽ ഇന്നിത്രടം വരെ ചന്ദ്രൻ മാമയോടൊപ്പം പാടത്തും പറമ്പിലും തൊഴുത്തിലും നാളികേരത്തോപ്പിലുമൊക്കെയായി ഈ ജീവിതം…
“അമ്മൂട്ടി അവൾ നിനക്കുള്ളതാ…..” കുന്നോളം മോഹം തന്നു മുത്തശി..
°°°°പക്ഷെ ഒരു കുന്നിക്കുരുവോളമേ മോഹിച്ചുള്ളൂ…°°°°
വേദന കൂടപ്പിറപ്പായവന് ആ വേദന കൂടി താങ്ങാൻ ആവില്ലാരുന്നു.
പോരാത്തതിന് അമ്മായിയുടെ കുത്തുവാക്കും…
ഋതുമതിയായതിനു ശേഷമുള്ള അമ്മൂട്ടിയുടെ വളർച്ച അത്ഭുതപ്പെടുത്തുന്നതായിരുന്നു..
എത്ര പെട്ടെന്നാണവൾ വണ്ണമൊക്കെ വെച്ചു നല്ല സുന്ദരിക്കുട്ടി ആയി മാറിയത്…
വെളുത്തു ഈർക്കിൽ പോലെ ഇരുന്ന ഓട്ട പല്ലൊക്കെ ഉണ്ടായിരുന്ന ഒരു പെണ്കുട്ടി…
ഇപ്പോൾ കണ്ടാൽ പൂർണചന്ദ്രൻ ഉദിച്ചപോലെ..
അതിനുശേഷമാണ് അവളുടെ കണ്ണിലെ ആ പിടപ്പ് താൻ മനസിലാക്കുന്നത്…
തന്റെ തോളിൽ തൂങ്ങി നടന്നിരുന്നവൾ
മാറി നിന്നു തന്നെ നോക്കാൻ തുടങ്ങിയത്..
തനിക്ക് ആഹാരം വിളമ്പിത്തരാൻ തിടുക്കം കാട്ടിയത്..
തനിക്കിഷ്ടമുള്ള പച്ചപ്പട്ടുപാവാട എപ്പോഴും ഇടാൻ തുടങ്ങിയത്..
കാണുമ്പോഴൊക്കെയുള്ള ആ മിഴികളിലെ പിടപ്പും തിളക്കവും കുന്നിക്കുരുവോളം ഉണ്ടായിരുന്ന തന്റെ മോഹത്തെ കുന്നോളമാക്കി…
പിന്നെയെപ്പോഴാണ് എല്ലാം കീഴ്മേൽ മറിഞ്ഞത്…?
വെളുപ്പാൻ കാലത്ത് പാൽ കറന്നു കൊണ്ടുവരുമ്പോൾ ചൂടോടെയുള്ള ചായ ആറ്റിതന്നിരുന്നവൾ….
ഉച്ചക്കു പാടത്തു് നിന്നും ഉണ്ണാൻ വരുമ്പോൾ ആരും കാണാതെ ഒരു കഷണം മീൻ വറുത്തതു തനിക്ക് കൂടുതൽ വെച്ചു തന്നിരുന്നവൾ…
സന്ധ്യക്ക് പറമ്പിലെ പണി കഴിഞ്ഞു തൂമ്പാ കഴുകി വെക്കാനായി തൊഴുത്തിന് പുറകിലെത്തുമ്പോൾ കുളിക്കാനുള്ള തോർത്തുമായി അതിനടുത്തുള്ള കുളക്കടവിൽ കാത്തിരുന്നവൾ…
പാറോത്തെ കാവിലെ പുള്ളോനോട് സർപ്പ ദോഷം അകലാൻ തന്റെ പേരും നാളും പറഞ്ഞു പുള്ളൂവൻ പാട്ടു കഴിപ്പിച്ചിരുന്നവൾ…
പിന്നെയെപ്പോഴാണ് താനവൾക്കു അന്യനായത്….
എപ്പോഴാണ് പറമ്പിലെ പണി കഴിഞ്ഞു വരുന്ന തന്റെ വിയർപ്പു ഗന്ധം അവൾക്കു പിടിക്കാതെ വന്നത്…
പട്ടണത്തിൽ പോയികഴിഞ്ഞപ്പോൾ പണം പോരെന്നു തോന്നിയിട്ടുണ്ടാവുമോ…സൗന്ദര്യം പോരെന്നു തോന്നിയിട്ടുണ്ടാവുമോ…അതോ പരിഷ്കാരമോ….അറിയില്ല..——
മുണ്ടും ഷർട്ടും മാത്രം ധരിക്കുന്ന… സൈക്കിൾ ചവിട്ടാൻ മാത്രമറിയുന്ന മലയാള ഭാഷ മാത്രം സംസാരിക്കുന്ന താനവൾക്കു പോരാന്നു തോന്നിയിട്ടുണ്ടാവും….
“ഒരുപാട് ചേർച്ചക്കെടുണ്ട്…”അവളെ കുറ്റം പറയാൻ പറ്റില്ല..
“””’ശ്രീയേട്ടാ””””‘”
അവളുടെ വിളിയാണ് ശ്രീനന്ദനെ ഓർമകളിൽ നിന്നുണർത്തിയത്..
“എന്തേ?”
“എനിക്കൊരുട്ടം പറയാനുണ്ടാർന്നു…
സന്ധ്യക്ക് പാറോത്തെ കാവിൽ വിളക്ക് വെക്കാൻ വരുവോ?”
വരാം…എന്നു പറഞ്ഞു കൈകഴുകി ഇറങ്ങി…
സന്ധ്യക്ക് കാവിലെത്തുമ്പോൾ അവൾ വിളക്ക് വെക്കുന്നുണ്ടാരുന്നു…പച്ച ദാവണി ചുറ്റി..
വെച്ചുകഴിയുന്നത് വരെ അതു നോക്കി നിന്നു…
കൈകൂപ്പി തൊഴുതു…നാഗരാജാവിനെയും,നാഗയക്ഷിയെയും,അഖിലസർപ്പങ്ങളെയും…
“എന്തേ പറയാനുണ്ടെന്ന് പറഞ്ഞത്..?”
ചോദിച്ചപ്പോഴേക്കും മിഴികൾ തൂവി…ഒരു കരച്ചിൽ പുറത്തേക്കു വന്നു….
“ന്താ…ന്താ പറ്റിയെ” നെഞ്ചകം വെന്തുപോയി അവന്റെ…
നെഞ്ചിലേക്ക് വന്നു വീണു കൊണ്ടു പറഞ്ഞു…
“എന്നോട് ക്ഷമിക്കില്ലേ”
“അതിനിപ്പോ അമ്മൂട്ടി എന്താ ചെയ്തേ”
“എനിക്ക് തെറ്റ് പറ്റിപ്പോയി…എന്നോട് പൊറുക്കണം…അവിടെ ഒരാളുമായിട്ടു…അറിയാതെ ഇഷ്ടപ്പെട്ടു പോയി..പക്ഷെ അവൻ ചതിയനാരുന്നു….”
ഒരു കനൽകാറ്റു തനിക്കു മേൽ ആഞ്ഞു വീശുന്നതവൻ അറിഞ്ഞു…
“എന്നോടല്ലാരുന്നു…അവന്റിഷ്ടം…എന്റെ ശരീരത്തോടാരുന്നു ഇഷ്ടം..അതു ഞാൻ വൈകിയാ മനസിലാക്കിയെ…” ഞാൻ പോന്നു…
തീക്കനൽ പോലെ ഉള്ളം പൊള്ളിയെങ്കിലും അവളെ ചേർത്തു പിടിച്ചു ചോദിച്ചു…
“എന്റെ കുട്ടിയെ അവൻ ഉപദ്രവിച്ചൊന്നുമില്ലല്ലോ?”
“ശ്രെമിച്ചു അവൻ..എങ്ങനെയോ ഞാൻ രക്ഷപെട്ടു ശ്രീയേട്ടാ…”
“സാരമില്ല….ഇനിയതോന്നും ഓർക്കണ്ടാ…”
ഉള്ളു നീറുന്ന വെന്തുരുകലിലും ചിരിക്കാൻ ശ്രെമിച്ചു ശ്രീനന്ദൻ…
അല്ലെങ്കിലും നാട്ടിൻപുറത്തെ ആ നന്മക്കു അതിനെ ആവുകയുള്ളായിരുന്നു…
ഒന്നൂടി അവളെ വരിഞ്ഞുപിടിച്ചു…
മുഖമുയർത്തി നോക്കിയ അവളുടെ മിഴികളിൽ ആ പഴയ പിടപ്പും തിളക്കവും…
“”””കുന്നിക്കുരുവോളം ചെറുതായിരുന്ന ആ മോഹം വീണ്ടും കുന്നോളം വിത്തുവിതക്കുന്നുവോ..”'””
“എനിക്കീ ഗന്ധം മതി…എന്റെ മുറ്റത്തെ നന്മ ഗന്ധം..”
അവന്റെ നെഞ്ചോരം ചേർന്നവൾ കുറുകി..
💥💥💥💥💥💥💥💥💥💥💥💥💥
സ്നേഹത്തോടെ…
ദിവ്യ കശ്യപ്..