എഴുത്ത്: Divya Kashyap
വലിയ ആ ഇരുനില കോവിലകത്തിന്റെ മുകൾ നിലയിലെ തെക്കേ മുറിയിൽ നിന്നും എന്നും കേൾക്കുമായിരുന്നു ആ നൂപുരധ്വനി….
ആരാധനയോടെ നോക്കി നിൽക്കാറുണ്ടായിരുന്നു താഴെ തൊടിയിലെ ചെമ്പകചുവട്ടിൽ…
തെക്കേ തൊടിയിലെ ആ വൃത്തിയാക്കിയെടുത്ത കോപ്രാ പ്പുരയുടെ ജനൽകമ്പികൾ പലപ്പോഴും ആ നൂപുര ധ്വനിയുടെ താളത്തിനൊത്ത് തന്റെ ചുണ്ടുകളുടെ സംഗീത സ്പർശം ഏറ്റുവാങ്ങിയിട്ടുണ്ട്…അവിടെ നിന്നായിരുന്നു കൂടുതൽ കൂടുതൽ ആ ചടുല താളം നെഞ്ചിലേക്ക് ഏറ്റുവാങ്ങിയിരുന്നത്….
ഒരിക്കൽ പോലും ആ ചിലങ്കയുടെ അവകാശിയെ കാണുവാൻ സാധിച്ചില്ലായിരുന്നു…
കേൾക്കുന്നുണ്ടായിരുന്നു…ഹൃദയത്തിൽ പതിച്ചുവെക്കുന്നുണ്ടായിരുന്നു ആ നൂപുര ധ്വനി…ഇടയ്ക്കൊക്കെയുള്ള മുത്തു കിലുങ്ങും പോലുള്ള മാധുര്യമുള്ള ആ ചിരിയും…
ഇവിടുത്തെ സ്‌കൂളിലേക്ക് മാറ്റം കിട്ടി വന്നതാണ് മാഷായിട്ട്…. …താമസിക്കാനൊരിടം തേടിയപ്പോൾ ഉസ്കൂളിലെ പ്യുണ് കൃഷ്ണേട്ടനാണ് മുല്ലക്കൽ കോവിലകത്തെ തബ്രാനെക്കണ്ടു ഒഴിഞ്ഞു കിടന്ന ഈ കോപ്രാപ്പുര ശരിയാക്കിത്തന്നത്…
കൃഷ്ണേട്ടന്റെ ഭാര്യ ശാരദേട്ടത്തി കോവിലകത്തെ അടുക്കള മേല്നോട്ടക്കാരിയാണ്…അങ്ങനെ ഭക്ഷണവും അവിടുന്നു തന്നെ ഏർപ്പാടാക്കി തന്നു…
ഇതുപോലെ എത്രപേർക്ക് അവർ നിത്യവും അന്നം നൽകുന്നു…കാലങ്ങളായി…കോവിലകത്തുകാർക്കിത് ഒരു പുണ്യപ്രവൃത്തി മാത്രം…
“ഇതിപ്പോ ഉസ്കൂളിൽ കുട്ട്യോൾക്ക് അറിവ് പകർന്നു കൊടുക്കുന്ന മാഷല്ലേ…പിന്നെ കൃഷ്ണനും പറഞ്ഞതല്ലേ….”വലിയതമ്പുരാൻ പറഞ്ഞത്രേ…
❤❤❤❤❤
രാവെന്നോ പകലെന്നോ ഇല്ലാതെ ആടിതിമിർക്കുന്നൊരാ ചിലങ്ക….അതു മാത്രമാണിപ്പോൾ മനസിൽ കുളിർമഴയായി പൊഴിയുന്നത്…
ഒന്നു കാണാൻ കൊതിച്ചു…ദിവസങ്ങൾ ഉതിർന്നുവീണു കൊണ്ടിരുന്നു…ഉള്ളിൽ തട്ടി ശിവന്റെനടക്കൽ പ്രാർത്ഥിച്ചിരുന്നു നിത്യം…ആ മുഖമൊന്നു കാട്ടി തരുവാൻ…
🌱🌱🌱
രാവിലെ ഉസ്‌കൂളിലേക്കിറങ്ങിയ ആ ദിവസം..ഉമ്മറക്കോലായിൽ മുത്തച്ഛന് പാൽ നൽകി തിരിഞ്ഞൊരാ പേടമാൻമിഴികളിൽ ഒരുമാത്രയെൻ മിഴികളൊന്നുടക്കിയോ…
ആ നാരങ്ങാമഞ്ഞ പട്ടുപാവാടയും കുളിപ്പിന്നൽ കെട്ടിയ മുടിയിഴകൾക്കിടയിലെ തുളസിക്കതിരും ചെമ്പകദളവും..മഞ്ഞയും കറുപ്പും ഇടകലർത്തിയിട്ടിരിക്കുന്ന നീണ്ടകൈകളിലെ കുപ്പിവളകളും….
പിന്നീട് പലവുരു ആ മിഴികൾ മൗനസംഗീതം തൂവി എന്നിൽ…
തെക്കിനിയിലെ ജനൽപ്പാളികളിലൂടെ ആ മിഴികൾ എന്നെ തേടുവാൻ തുടങ്ങി…മൗനം കഥകൾ കൈമാറി… മിഴികൾ പ്രണയവും…
ഗൗരിനന്ദന ദേവദത്തന്റെ നന്ദൂട്ടിയും ദേവദത്തൻ നന്ദൂട്ടിയുടെ ദേവേട്ടനും ആയിമാറാൻ അധികനാൾ വേണ്ടി വന്നില്ല…
ആരോരുമറിയാതെയുള്ള ഒരു പ്രണയം…
എപ്പോഴോ ആ പ്രണയത്തിന്റെ നിറം മാറി…വൈകാരികതയിലൂന്നിയ ഹൃദയസ്പന്ദനങ്ങൾ പെരുമ്പറ മുഴക്കി മുന്നേറി…
തെക്കിനിയിലെ വലിയമുറിയിൽ പലപ്പോഴും കുപ്പിവളകൾ ചിരിച്ചുടഞ്ഞു…പാദസരങ്ങൾ കൺ ചിമ്മി വിയർപ്പുതുള്ളികളെ ഏറ്റുവാങ്ങി…
മുറിയുടെ കോണിൽ പട്ടിൽ പൊതിഞ്ഞു വെച്ചിരുന്ന ചിലങ്കയിലെ മണിമുത്തുകൾ മാത്രം എന്തിനോ വേണ്ടി കണ്ണീർവാർത്തു നിശബ്ദം…
കർക്കടകപെരുമഴയിലെ കരിപുരണ്ട രാവിൽ തൊടിയിലെ ഇരുൾമറയത്തും നിഴലുകൾ കെട്ടിമറിഞ്ഞു…മിനുമിനുത്ത റോസാദളം പോലുള്ള കവിൾതടങ്ങൾ താടിരോമങ്ങൾ ഉരസി ചോര കിനിഞ്ഞു..ചെഞ്ചോടിയിൽ നിന്നും ഉമിനീരിനൊപ്പം ചോരച്ചുവപ്പും നീർച്ചാലൊഴുക്കി…
അപ്പോഴും തെക്കിനിയിൽ നിന്നും നിത്യവും നൂപുരധ്വനി മുഴങ്ങിയിരുന്നു…
അടിവയറ്റിലെ ജീവന്റെ ഉൾത്തുടിപ്പ് പുറത്തുവരാൻ അധികം വൈകിയില്ല…
പ്രൗഢി വിളിച്ചോതിയ മുല്ലക്കൽ കോവിലകത്തിന്റെ ചുവരുകൾ എല്ലാം തന്നെ വലിയതമ്പുരാന്റെ കർക്കശശബ്ദത്താൽ പേടിച്ചു വിറങ്ങലിച്ചു…
നന്ദു പോലും അറിയാതെ രായ്ക്കു രാമാനം അവൾ ദേശം കടത്തപ്പെട്ടു…ആരോരുമറിയാതെ ആ ഉൾതുടിപ്പിനെ തുടച്ചു നീക്കി തറവാടിന്റെ പെരുമ നിലനിർത്തി അവളെ തിരികെ എത്തിച്ചു…
അപ്പോഴും കണ്ണീർവറ്റിയ ആ കണ്ണുകൾക്ക് ജീവനുണ്ടായിരുന്നു…തന്റെ ദേവേട്ടനെ കാണാനുള്ള ജീവൻ…ദേവേട്ടന് വേണ്ടി കരുതി വെച്ച ഒരിറ്റു ജീവൻ…
പിറ്റേദിവസത്തെ പെരുമഴയിൽ പുഴയിൽ പൊന്തിയ ആ ജീർണ്ണിച്ച ദേഹം അവളിലെ ആ ഒരിറ്റു ജീവനെയും കാർന്നുതിന്നു…മിഴികളി ലെ പ്രണയത്തെ മായ്ച്ചു…ചേതനയറ്റ കണ്ണുകളിൽ രോഷാഗ്നി ആളി… പൊട്ടിചിരിയിൽ പരിഹാസം നിറഞ്ഞൊഴുകി….
തെക്കിനിയിലെ മുറിയിൽ പൊട്ടിച്ചിരികൾ ഉച്ചത്തിലായി…ഇടക്കിടക്ക് ആർത്താനാദങ്ങളും…
പ്രൗഢിയിൽ മുങ്ങി നിന്ന മുല്ലക്കൽ കോവിലകത്തിന്റെ അടിവേര് പിഴുതെറിയപ്പെട്ടു…ദുർമരണങ്ങളും ആത്‍മഹത്യകളും പതിവായി…ഏറ്റവും ഒടുവിൽ പുഴയിൽ വീണൊടുങ്ങി വലിയതമ്പുരാനും…
തെക്കിനിയിൽ നിന്നിപ്പോഴും നാദം കേൾക്കാറുണ്ട്…നൂപുരനാദം അല്ല..
ദേവേട്ടന്റെ നന്ദൂട്ടിയുടെ കാലിലെ ചങ്ങലയുടെ നാദം…
ചങ്ങലയണിഞ്ഞ നീരുവെച്ച കൈകൾ ഭിത്തിയിൽ ആഞ്ഞുതല്ലിക്കൊണ്ടവൾ താഴെ തെക്കേ തൊടിയിലെ കോപ്രാപ്പുരയിലേക്ക് നോക്കി അലറിവിളിച്ചു…
°°°°°°°ദേവേട്ടാാാ!!!!°°°°°°
കാലിലെ ചങ്ങലപ്പൂട്ടുകൾ അതുകേട്ട് ആർത്തുചിരിച്ചു…..
The End…🌹
🌹🌹🌹🌹
With Luv…DK..
©Divya Kashyap