മനുഷ്യമാംസത്തിന്റെ ഗന്ധമാണ്. കത്തികൊണ്ടിരിക്കുന്നതും, പകുതികത്തിയതുമായ ശവങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ

മണികർണ്ണിക

 

ചുറ്റിനും കത്തുന്ന ചിതകൾ… മുഴുവനായും അഗ്നിയ്ക്ക് വിഴുങ്ങാൻ കഴിയാതെ പോയ ശരീരങ്ങൾ പാതിവെന്ത നിലയിൽ കാണാം… മുകളിലേക്കുയരുന്ന കറുത്ത പുകയ്ക്ക് മനുഷ്യമാംസത്തിന്റെ ഗന്ധമാണ്. കത്തികൊണ്ടിരിക്കുന്നതും, പകുതികത്തിയതുമായ ശവങ്ങൾക്കിടയിലൂടെ നടക്കുമ്പോൾ ശരീരത്തേക്ക് പതിക്കുന്ന ചൂട് ഇപ്പോൾ എന്നെ വിഴുങ്ങുമെന്ന് തോന്നി.

 

ചുറ്റിനും നിൽക്കുന്ന മനുഷ്യരിൽ ചിലർക്ക് ഇതൊക്കെ സ്ഥിരം കാണുന്ന കാഴ്ചകളാണ്. മറ്റുചിലർ എരിയുന്ന ചിതയിൽ നോക്കി കണ്ണീരോടെ മടങ്ങുന്നു, ചിലർ മനസ്സാന്നിദ്ധ്യത്തോടെയും. കൂടെ വന്നവരെ ആരെയും കാണാതെ മടുപ്പിക്കുന്ന കാഴ്ചകൾക്കിടയിലൂടെ ഞാൻ വെറി പിടിച്ച് നടന്നു. ചിതയിൽ നിന്നും നീണ്ടുകിടന്ന നെയിൽപോളിഷണിഞ്ഞ കാലുകൾ കാൺകെ ഒന്ന് നിന്നു. ഏത് നിമിഷവും അഗ്നി വിഴുങ്ങിയേക്കാവുന്ന ആ ശരീരത്തിന് ഒരു കാലത്ത്  സ്വപ്നങ്ങളുണ്ടായിരുന്നിരിക്കണം. തല കറങ്ങുന്നത് പോലെ തോന്നി എനിക്ക്… ചെന്ന് വീഴുന്നത് ഏതെങ്കിലും ശവത്തിന്റെ മേലെ തന്നെയായിരുന്നിരിക്കണം എന്ന ബോധം അന്നേരം ഉണ്ടായിരുന്നില്ല.  ബലം നഷ്ടപ്പെട്ട് ശരീരം നിലം പതിച്ചതും ഉറക്കത്തിൽ നിന്നും ഞാൻ ഞെട്ടിയുണന്നു.

 

നെറ്റിയിലെ വിയർപ്പ് തുള്ളികൾ സാരിത്തലപ്പ് കൊണ്ടൊപ്പി തൊട്ടരികിൽ  ചേർന്ന് കിടക്കുന്ന കുഞ്ഞനെ നോക്കി. അവൻ ചെറുതായൊന്ന് ചിണുങ്ങി ഉറക്കമുണരാൻ തയാറെടുത്തു. മുറിയിലെ ഡിം ലൈറ്റിന്റെ വെളിച്ചത്തിൽ രണ്ട് അൻപത്തിഅഞ്ചിൽ നിന്നും മൂന്നിലേക്ക് കുതിക്കുന്ന സൂചി കണ്ടു. കുഞ്ഞനെ കയ്യിലെടുത്ത് നെഞ്ചോട് ചേർത്ത് കിടത്തി. തേടിയതെന്തോ കിട്ടിയത് പോലെ അപ്പോഴാ കുഞ്ഞിച്ചുണ്ടുകൾ ഒന്ന് ചിരിച്ചിരുന്നു.

 

കണ്ണടക്കുമ്പോൾ മണികർണ്ണിക അങ്ങനെ ആളിക്കത്തിക്കൊണ്ടിരിക്കുന്നു. മണികർണ്ണികയിൽ കണ്ട മനം മടുപ്പിക്കുന്ന കാഴ്ചകളും അവിടം സമ്മാനിച്ച ഓർമ്മകളും എന്നത്തേയും പോലെ ഇന്നത്തെയും ഉറക്കം പാതി മുറിച്ചു.

 

കാലത്ത് എണീറ്റപ്പോൾ കുഞ്ഞനെ എടുത്ത് അദ്ദേഹത്തിന്റെ മുറിയിൽ കൊണ്ട് കിടത്തി അടുക്കള ജോലികളിലേക്ക് തിരിഞ്ഞു. പ്രാതലിനും ഊണിനുമുള്ളത് തരമാക്കി മേശയിൽ ചുളിഞ്ഞുകിടന്ന അദ്ദേഹത്തിന്റെ ഷർട്ടും പാന്റും തേച്ച് ഇരുന്നിടത്ത് തന്നെ വച്ചു.

ഓഫീസിൽ പോകാൻ തയ്യാറായി വന്ന ആൾ കുഞ്ഞനെയെടുത്ത് നെറ്റിയിൽ ചുണ്ട് ചേർത്ത് മേലിൽ എന്റെ കാര്യങ്ങളിൽ ഇടപെടണ്ടന്ന് എന്നത്തേയും സൗമ്യമായൊരു താക്കീത് തന്ന് പോയി.

 

തെറ്റൊന്നും ഞാൻ ചെയ്തില്ലല്ലോ എന്നോർത്തു. അദ്ദേഹത്തിന്റെ കാര്യങ്ങൾ അദ്ദേഹം തന്നെയാണ് ചെയ്യുന്നത്. എങ്കിലും ഇത്പോലെ എന്തെങ്കിലും കണ്ണിൽ പെട്ടാൽ ഞാൻ ചെയ്യും, അതിനെപ്പോഴും കണ്ണുപൊട്ടുന്ന ചീത്തയും കേൾക്കാറുണ്ട്.

 

ഉമ്മറത്തെ വാതിലടച്ചു മുറിയിലേക്ക് തിരിയും വഴിയാണ് കലണ്ടറിലെ തീയതി ശ്രദ്ധിച്ചത്. മെയ്‌ ഒന്ന്. ഇന്നെന്റെ രണ്ടാം വിവാഹവാർഷികമാണ്. പ്രത്യേകിച്ചൊന്നും തോന്നിയില്ല. തീർത്തും നിർവികാരത. നിമിഷങ്ങൾക്കപ്പുറം മിന്നിമറഞ്ഞ എന്റെ മോളുടെ മുഖമോർത്തപ്പോൾ മാത്രം കണ്ണൊന്നു കലങ്ങി. ഹൃദയത്തിന്റെ അറകളിലെവിടെയോ നോവ് കനം വച്ചു.

 

രണ്ട് വർഷം മുൻപ് ചെറിയമ്മ കൊണ്ടുവന്നതായിരുന്നു അയാളുടെ വിവാഹാലോചന. അൻപത്തിരണ്ടുകാരനായ  വിശ്വം എന്നെ വിവാഹം ചെയ്യുമ്പോൾ എനിക്ക് വയസ്സ് ഇരുപത്തി നാല്. അച്ഛൻ മരിച്ചത്തിന് ശേഷം പെറ്റമ്മയ്ക്ക് പകരം വന്ന ചെറിയമ്മയായിരുന്നു കാര്യക്കാരി.

വേരുകൾക്കൊണ്ടൊരു മഹാരാഷ്ട്രീയനായ വിശ്വം എന്നെ വിവാഹം ചെയ്യുന്നതിലൂടെ എന്റെ ശല്യം ഒഴിവാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. അതിലവർ വിജയിക്കുകയും ചെയ്തു. വിവാഹത്തിന് ശേഷം പാലക്കാട്ടെ വീടും വീട്ടുകാരും എനിക്കൊരോർമ്മ മാത്രമായിരുന്നു.

 

വിശ്വം പാതിമലയാളിയും പാതി മഹാരാഷ്ട്രീയനുമാണ്. അമ്മ  മാലതിയെ അച്ഛൻ ലങ്കേഷ് പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു. ഏഴ് വയസ്സ് വരെ കേരളത്തിൽ ജീവിച്ച വിശ്വത്തിന് തന്റെ അമ്മയെ പോലെ ലാളിത്യവും അച്ചടക്കവും പുരുഷന്മാരോട് ഭക്തിയും ബഹുമാനവുമുള്ള ഒരു മലയാളി പെൺകുട്ടിയെ തന്നെ വിവാഹം ചെയ്യണമെന്ന ദാർഷ്ട്യമുണ്ടായിരുന്നത്രെ. ഇഷ്ടക്കുറവ് കൊണ്ടോ, ഭാഷയുടെ ബുദ്ധിമുട്ട് കൊണ്ടോ വിശ്വമല്ലാതെ ആ വീട്ടിൽ മറ്റാരും എന്നോട് സംസാരിച്ചിരുന്നില്ല. വിശ്വത്തിന്റെ മൂന്ന് മക്കളും  അവരിൽ രണ്ട് പേരുടെ ഭർത്താക്കന്മാരും അച്ഛന്റെ സഹോദരങ്ങളും താമസിക്കുന്നൊരു കൂട്ടുകുടുംബമായിരുന്നത്. വിശ്വത്തിന്റെ മുൻഭാര്യയും ഒരു മലയാളിയായിരുന്നു. അവരെ അയാൾ തൊഴിച്ചു കൊല്ലുകയായിരുന്നു എന്ന്  ചെറിയമ്മ ആരോടോ പറയുന്നത് വിവാഹത്തിന് മുൻപ് തന്നെ കേട്ടിരുന്നു.

 

വിവാഹം കഴിഞ്ഞൊരു വർഷം തികയും മുൻപേ ഞാനൊരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. എന്റേതെന്ന് അവകാശപ്പെടാൻ എനിക്ക് ഭൂമിയിൽ ആദ്യമായി എന്തെങ്കിലുമുണ്ടെന്ന് തോന്നിയത് അവൾ ജനിച്ചതിന് ശേഷമാണ്. ആ വലിയ വീട്ടിലെ വിരസതയ്ക്ക് അല്പം അയവ് വന്നത് മോളുടെ ജനനത്തിന് ശേഷമായിരുന്നു. ദിവസവും രാത്രിയിലെ വിശ്വത്തിന്റെ ഉപദ്രവത്തിന് ശേഷം ഞാനെന്റെ മോളെ ചേർത്ത് പിടിച്ച് കിടന്നുറങ്ങി.

ഒരു ദിവസം ഉറക്കമുണരുമ്പോൾ അയാൾ എന്റെ അരികിൽ തണുത്തുമരവിച്ചു കിടക്കുകയായിരുന്നു. വേദന തോന്നിയില്ല. പകരം ഉള്ളിൽ സന്തോഷിച്ചു. ഭയത്തോടെ ഇനിയുള്ള രാത്രികളിൽ ഈ മുറിയുടെ വാതിൽ തുറന്നു വരേണ്ടതില്ലല്ലോ എന്നോർത്തു.

 

“കൊന്നുകളഞ്ഞോ” എന്നായിരുന്നു വിശ്വത്തിന്റെ മൂത്തമകൾ ചോദിച്ചത്. അവൾ എന്നോട് ആദ്യമായി മിണ്ടിയത് അന്നായിരുന്നെന്ന് ഓർത്തു. വിശ്വത്തിന്റെ ആഗ്രഹമായിരുന്നത്രെ മരണശേഷം ഉത്തർപ്രദേശിലെ മണികർണ്ണികയിൽ വിശ്രമം കൊള്ളുക എന്നുള്ളത്. ദിവസവും അവിടെ ദഹിപ്പിക്കുന്ന ഒരുപാട് ശരീരങ്ങളിൽ ഒന്നായി അയാളും മാറി. അവിടുത്തെ കാഴ്ചകൾ മനസ്സ് മരവിപ്പിക്കും വിധമായിരുന്നു. പാലക്കാട്ടെ നാടും വിശ്വത്തിന്റെ ബംഗ്ലാവും മാത്രം കണ്ടു പരിചയമുള്ള എനിക്ക് അവിടം വിചിത്രമായി തോന്നി. മനുഷ്യമാംസം ഉരുകുന്ന ഗന്ധം അവിടമാകെ തിങ്ങി നിറഞ്ഞിരുന്നു. അവിടെ ദഹിപ്പിക്കുന്ന ഓരോ മനുഷ്യശരീരത്തിനും ദഹിപ്പിക്കാനുപയോഗിക്കുന്ന മരത്തടികളുടെ വിലയേ ഉണ്ടായിരുന്നുള്ളു. അയ്യായിരം രൂപയ്ക്ക് പറഞ്ഞുറപ്പിച്ച് വിശ്വത്തെ ചിതയിൽ വെയ്ക്കുമ്പോൾ പുണ്യനദിയായ ഗംഗയിലേക്ക് നോക്കി ഞാനും അയാളുടെ ആത്മാവിനു വേണ്ടി പ്രാർത്ഥിച്ചു.

 

ചടങ്ങുകൾ കഴിഞ്ഞ് ചിതയ്ക്ക് തീ കൊളുത്തി മോളെയുമെടുത്ത് കാറിലിരിക്കാമെന്ന് പറഞ്ഞെല്ലാവരും മടങ്ങി. അയാൾക്കരികിൽ അവസാനനിമിഷങ്ങൾ പങ്കുവച്ചുകൊണ്ട് അല്പനേരം കൂടെ ഞാനവിടെ നിന്നു. പകുതി ദഹിപ്പിച്ചത്തിന് ശേഷം അണഞ്ഞുപോയ തീയിൽ നിന്ന് ശരീരമെടുത്ത് ഗംഗയിലെറിയുന്നത് ഞാൻ നടുക്കത്തോടെ നോക്കി നിന്നു. അഗ്നിയിലെരിഞ്ഞമർന്നവരുടെ ചാരമാണ് മണികർണ്ണിക. ശരീരം മുഴുവനെരിഞ്ഞു തീരാൻ കാത്തുനിൽക്കാതെ മടങ്ങിയ വിശ്വത്തിന്റെ ബന്ധുക്കളെയും എന്റെ മകളെയും തേടി ദിവസങ്ങളോളം ഞാനവിടെ അലഞ്ഞു. കണ്ടുകിട്ടിയില്ല. ഭാഷ അറിയില്ലെങ്കിലും മുൻപിൽ കണ്ടവരോടൊക്കെ എന്റെ മോളെ കണ്ടോ എന്ന് അലമുറയിട്ടുകൊണ്ട് ഞാൻ ചോദിച്ചു. ഒരു വിചിത്രജീവിയെപ്പോലെ പലരും എന്നെ നോക്കി.

 

ഒരു രാത്രി ആ തെരുവിൽ തളർന്നുറങ്ങുമ്പോൾ സാരി നീക്കി രണ്ട് കൈകൾ എന്നിൽ അമരുന്നത്  ഞാനറിയുന്നുണ്ടായിരുന്നു. പക്ഷെ പ്രതികരിക്കാനുള്ള ശേഷി ശരീരത്തിനുണ്ടായിരുന്നില്ല. അവസാനം നൂറിന്റെ മൂന്ന് നോട്ടുകൾ വലിച്ചെറിഞ്ഞു പോയയാളും വിശ്വവും തമ്മിൽ വലിയ വ്യത്യാസമൊന്നുമുണ്ടായിരുന്നെന്ന് എനിക്ക് തോന്നിയില്ല. പക്ഷേ മൂന്നൂറ് രൂപ മാത്രം വിലവരുന്ന ശരീരത്തോടപ്പോൾ അറപ്പ് തോന്നിയിരുന്നു. പിന്നീട് എത്രയെത്ര രാത്രികളിലങ്ങനെ പ്രതികരിക്കാൻ കഴിയാതെ മരണപ്പെട്ടു പോയിട്ടുണ്ട് ഞാൻ.

 

ഗംഗയിലലിഞ്ഞില്ലാതായാലോ എന്ന ചിന്തയ്ക്ക് വിരാമമിടുന്നത് എന്നെ പ്രതീക്ഷിച്ചിരിക്കുന്ന മോളുടെ മുഖമാണ്. ഒരിക്കൽ മുലപ്പാൽ വീണ് നനഞ്ഞിരുന്ന എന്റെ മാറിടം കണ്ട ഒരു മലയാളി സ്ത്രീയായിരുന്നു എന്നെ ഇവിടെ എത്തിച്ചത്.

 

ജനനത്തോടെ അമ്മ നഷ്ട്ടപ്പെട്ടുപോയ കുഞ്ഞിന് ഒരു നേരം മുലപ്പാൽ കൊടുക്കാൻ കഴിയുമോ എന്നായിരുന്നു ചോദ്യം. പകരം എന്തുതരും എന്നൊന്നും ഞാൻ ചോദിച്ചില്ല. ജനിച്ചു ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിനെ കയ്യിലെടുത്തപ്പോൾ ഞാനെന്റെ മോളെ ഓർത്തു. അവനെ മുലയൂട്ടുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

 

അടുത്ത മുറിയിൽ ഭാര്യാവിയോഗത്തിൽ തളർന്നിരുന്ന മനുഷ്യന് മോന് മുലയൂട്ടാനൊരു സ്ത്രീയെ കിട്ടിയത് അന്ന് അനുഗ്രഹമായിരുന്നു. കഥ അറിഞ്ഞു കഴിഞ്ഞപ്പോൾ മോന്റെ കാര്യങ്ങൾ നോക്കാൻ തയാറാണെങ്കിൽ അവിടെ നിന്നുകൊള്ളാൻ പറഞ്ഞു. മോളെ കണ്ടുപിടിക്കാൻ വേണ്ട സഹായങ്ങൾ ചെയ്തു തരാമെന്ന് വാക്കും തന്നിരുന്നു. ഒരു ദിവസം ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ അദ്ദേഹം തിരികെ വന്നതെന്റെ മോളുടെ മരണവാർത്തയുമായായിരുന്നു.

ജനിച്ചത് രണ്ട് ഉദരത്തിലായിരുന്നെങ്കിലും അവരുടെ കൂടെപ്പിറപ്പായിരുന്നില്ലേ അവളും. കൊന്നുകളഞ്ഞതായിരിക്കണം. എനിക്ക് തന്നാൽ മതിയായിരുന്നല്ലോ… ജീവിക്കാൻ മാത്രം അനുവദിച്ചാൽ മതിയായിരുന്നു. അവകാശവാദങ്ങൾക്കോ, അർഹതയുടെ കണക്കെടുപ്പിനോ ചെല്ലില്ലായിരുന്നല്ലോ….

 

ആ ഓർമ്മയിലെന്റെ ശ്വാസം വിലങ്ങി. മാറിടം വല്ലാതെ വിതുമ്പുന്നതായി തോന്നി. കിലുങ്ങിച്ചിരിക്കുന്ന പിഞ്ചുമുഖമെന്റെ നെഞ്ച് നോവിച്ചു.

 

മഹാരാഷ്ട്രയും, വാരണാസിയിലെ മണികർണ്ണികയും ഇന്നും മനസ്സ് മടുപ്പിക്കുന്ന ഓർമ്മകളാണ്. എന്നേ തകർന്ന ജീവിതം വീണ്ടും തകർത്തുകളഞ്ഞ വാരണാസി, ഭയപ്പെടുത്തുന്ന ഓർമ്മകൾ മാത്രം നൽകിയ അവിടുത്തെ ഇരുട്ട് നിറഞ്ഞ തെരുവുകൾ…

 

ഓർമ്മകളിൽ നിന്ന് പുറത്തേക്ക് വന്നത് കുഞ്ഞന്റെ കരച്ചിൽ കേട്ടുകൊണ്ടായിരുന്നു. ഉമ്മറത്ത് അദ്ദേഹത്തിന്റെ നെഞ്ചിലിരുന്ന് വാശി പിടിച്ച് കരയുന്നവനെ വാരിയെടുത്ത് നെഞ്ചോട് ചേർത്തപ്പോൾ മാറിടത്തിൽ പരതി തുടങ്ങിയ കുഞ്ഞിക്കൈയിൽ ചുണ്ട് ചേർത്ത് ഞാനകത്തേക്ക് നടന്നു.

 

ഭിത്തിയിൽ വലുതായി ഫ്രെയിം ചെയ്ത് മാലയിട്ടിരുന്ന ചിത്രത്തിലിരുന്ന് ചിരിക്കുന്നവൾക്ക് ഞാനൊരാശ്വാസമാണെന്ന് തോന്നി. മറ്റൊരു ലോകത്തിരുന്ന് കണ്ണീരോടെ അവളെന്നെ നോക്കുന്നുണ്ടാവണം. ഒരു ചുവരിനപ്പുറത്തിരിക്കുന്ന മനുഷ്യനും ഇന്നെനിക്കാരൊക്കെയോ ആണ്. പേരിട്ടു വിളിക്കാനറിയാത്ത ബന്ധം. കരുതലിന്റെയൊരു നോട്ടം കൊണ്ടും, നന്ദിയോടെയുള്ള ചിരി കൊണ്ടും ഇന്നെനിക്ക് ആരൊക്കെയോ ഉണ്ടെന്ന് ആ മനുഷ്യന്റെയും അയാളുടെ കുഞ്ഞിന്റെയും മുഖമെന്നെ ഓർമ്മിപ്പിക്കാറുണ്ട്. ആർക്കോ വേണ്ടിയൊരുക്കിയ ചിതപോലെ ജീവിതമങ്ങനെ എരിഞ്ഞുകൊണ്ടിരുന്നപ്പോൾ തുണയായവർ…

 

വാരണാസിയിലെ ജീവിതം ഇന്നെനിക്ക് മുൻപിലൊരു സ്വപ്നമായി തോന്നുന്നു. അവിടുത്തെ തെരുവുകൾക്ക് ഞാനൊരു വേശ്യയായിരുന്നു. ശരീരം കൊടുത്തുകിട്ടിയ നോട്ടുകെട്ടുകൾ കൊണ്ട് വിശപ്പ് നീക്കിയവൾ. എന്നാൽ ഇന്ന് ഞാൻ ആരൊക്കെയോയാണ്. ഇന്നലെകളിൽ ഞാൻ കണ്ടിട്ടില്ലാത്ത മനുഷ്യർക്ക് ഇന്ന് ഞാനൊരു തരി വെട്ടമാണ്. ഓർമ്മകളുടെ ഭാണ്ഡക്കെട്ടിൽ  ഞാൻ നീക്കിവച്ച  അഴുക്കിന്റെ ദിനങ്ങളെ സൗകര്യപൂർവ്വം മറവിക്ക് വിട്ടുകൊടുക്കുന്നു ഞാൻ. അപ്പോഴും മാറിടം വല്ലാതെ നോവുന്നുണ്ടായിരുന്നു. കൊതിതീരും വരെ ചേർന്നുറങ്ങാൻ കഴിയാതെപോയൊരു കുരുന്നിന്റെ തേങ്ങൽ അകലെയെവിടെയോ അലയടിക്കുന്നുണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *