പ്രസവിക്കാനുള്ള ശേഷി ഇല്ലെന്ന് അറിഞ്ഞിട്ടും കൂടെ പൊറുത്ത എട്ട് വർഷങ്ങളിൽ അതേ ചൊല്ലി എന്നോട് കലഹിച്ചിട്ടില്ല. എന്നിട്ടും ഞാൻ ഓരോ കാരണങ്ങൾ ഉണ്ടാക്കി…

(രചന: ശ്രീജിത്ത് ഇരവിൽ)

ചട്ടയും മുണ്ടുമുടുത്ത് എന്നും പള്ളിയിൽ പോയി മുട്ടിപ്പായി പ്രാർത്ഥിക്കണമെന്നത് കഴിഞ്ഞ പതിമൂന്ന് വർഷങ്ങളായുള്ള എന്റെ ശീലമാണ്.

അവിടെ നിന്ന് മുറുമുറുക്കുന്നതെല്ലാം ഇനിയുമെന്നെ പരീക്ഷിക്കരുതേ കർത്താവേ എന്നായിരുന്നു. കർത്താവത് കേട്ടാലും ഇല്ലെങ്കിലും വരുന്ന വഴിയിൽ പത്ത് മത്തി വാങ്ങണമെന്നതും എനിക്ക് നിർബന്ധമായിരുന്നു…

ഒരിക്കൽ സുഹൃത്തും പഞ്ചായത്ത് മെമ്പറും കൂടിയായ ഉഷ എന്നെയൊന്ന് ഉപദേശിച്ചിരുന്നു. പത്രോസ് പോയിട്ട് കൊല്ലം കൊറേ ആയില്ലേ ത്രേസ്സ്യേയെന്ന് കേട്ടപ്പോൾ തന്നെ എന്റെ കണ്ണുകൾ നിറഞ്ഞു. അതിയാൻ തിരിച്ച് വരുമെന്ന് പറഞ്ഞ് നടത്തം തുടർന്ന എന്നെ ഉഷ പിന്തുടർന്നില്ല.

പിന്തിരിയാൻ പറ്റാത്ത വിധം പത്രോസിന്റെ കൂടെ തന്നെയാണ് ഞാനിപ്പോഴും സഞ്ചരിക്കുന്നതെന്ന് അവൾക്ക് അറിയാൻ സാധിച്ചില്ല… അല്ലെങ്കിലും, മനസ്സ് ആരുടെ കൂടെയാണെന്നത് മുട്ടിയിരിക്കുന്നവർക്ക് പോലും മനസിലാകണമെന്നില്ലല്ലോ…

പണ്ട് അതുപോലെ ഒട്ടിയിരുന്നുവെന്ന് തെറ്റിദ്ധരിച്ച നാളിലായിരുന്നു അതിയാൻ പോയത്. പാതിരാത്രിക്ക് കള്ളും കുടിച്ച് വന്നാൽ കതക് തുറക്കില്ലായെന്ന എന്റെ ശബ്ദമാണ് ഇറങ്ങാൻ നേരം അതിയാനിൽ കൊണ്ടത്. അതുകേട്ടപ്പോഴുള്ള പത്രോസിന്റെ നോട്ടത്തെ ഓർത്താൽ ഉള്ളിലിപ്പോഴും ഒരു പൊള്ളലാണ്…

വരുമെന്ന് കരുതി നാളുകളോളം കാത്തിരുന്നു. പോലിസ് സ്റ്റേഷനിൽ പോയി നെഞ്ചത്തടിച്ച് കരഞ്ഞു. ചിലരൊക്കെ എന്നെ കൊള്ളരുതാത്തവളാക്കി പരിഹസിച്ചു.

വർഷമൊന്ന് തികയും മുമ്പേ പത്രോസ് പോകാനുള്ളതിന്റെ കാരണം ഞാൻ തന്നെയെന്ന് എനിക്ക് ബോധ്യമായി. പിറകിലേക്ക് നോക്കുമ്പോൾ ആ മനുഷ്യന് ഞാൻ സമാധാനം കൊടുത്തിട്ടുണ്ടായിരുന്നില്ല…

കുടിക്കുന്ന ദിവസങ്ങളിൽ മാത്രമായിരുന്നു വീട്ടിലേക്ക് വരാൻ അതിയാൻ ഇത്തിരി വൈകാറുള്ളത്. എന്നെ ഒരിക്കലും ദേഹോദ്രപവം ചെയ്തിട്ടില്ല. പ്രസവിക്കാനുള്ള ശേഷി ഇല്ലെന്ന് അറിഞ്ഞിട്ടും കൂടെ പൊറുത്ത എട്ട് വർഷങ്ങളിൽ അതേ ചൊല്ലി എന്നോട് കലഹിച്ചിട്ടില്ല. എന്നിട്ടും ഞാൻ ഓരോ കാരണങ്ങൾ ഉണ്ടാക്കി…

മദ്യത്തിന്റെ മണമാണ് ലോകത്തിലെ ഏറ്റവും അസ്സഹനീയമെന്ന് കരുതിയ ഞാൻ പലനാളുകളും അതിയാനെ ചായ്പ്പിൽ കിടത്തി. സകലതും വാങ്ങിക്കൊണ്ടുവരുന്ന ആളോട് തന്നെ കഴിക്കാൻ ഒന്നുമില്ലെന്ന് വരെ എനിക്ക് പറയേണ്ടി വന്നു..

എന്തിന് പറയുന്നൂ… കഴിക്കാൻ ഇഷ്ട്ടമുള്ള ഇടിയപ്പവും മത്തിക്കറിയും പോലും അടുത്ത കാലത്തൊന്നും അതിയാന് ഞാൻ ഉണ്ടാക്കി കൊടുത്തില്ല. വരച്ച വരയിൽ നിർത്താനുള്ള എന്റെ കലഹങ്ങളിൽ നൊന്തുപോയിട്ടുണ്ടാകും ആ മനസ്സ്….

തനിക്ക് ഇഷ്ട്ടമല്ലാത്തത് മറ്റൊരാൾ ചെയ്യുമ്പോൾ പൊട്ടിത്തെറിക്കുന്നയൊരു പ്രത്യേകതരം തെറ്റിദ്ധാരണയും സ്നേഹത്തിനുള്ളിൽ ഉണ്ടെന്ന് ആ കാലയളവിൽ എനിക്ക് ബോധ്യമായി.

സകല തെറ്റുകളും ഏറ്റുപറഞ്ഞ് തിരുത്താനൊരു അവസരത്തിനായി പത്രോസിനെ മുന്നിൽ നിർത്തണമേയെന്ന് മാത്രമായിരുന്നു പിന്നീട് എന്റെ പ്രാർത്ഥനകൾ…

അന്ന് കുർബാനയും കൂടി കുര്യാക്കോസിന്റെ പെമ്പ്രന്നോത്തിയുമായി സൊറ പറഞ്ഞ് വരുമ്പോഴാണ് അയൽവക്ക ചെക്കൻ പള്ളിയിലേക്ക് ഓടി വന്നത്. വായ കൊണ്ട് ഓടിക്കുന്ന സാങ്കൽപ്പിക വാഹനത്തിൽ നിന്ന് ഇറങ്ങാതെ അവൻ എന്നോട് കാര്യം പറഞ്ഞു.

‘ ത്രേസ്സ്യാമ്മമ്മേ… ആരോ കാണാൻ വന്നിട്ട്ണ്ട്…’അവന്റെ തുപ്പല് തെറിച്ച മുഖം തുടച്ച് കൊണ്ട് ആരാടായെന്ന് ചോദിക്കും മുമ്പേ സാങ്കൽപ്പിക വളയം തിരിച്ച് അവൻ പോയിരുന്നു. ആരായിരിക്കും വന്നിട്ടുണ്ടാകുകയെന്ന ചിന്തയിൽ അൽപ്പം ധൃതിയിൽ ഞാൻ നടന്നു.

തനിച്ച് താമസിക്കുന്ന ആ വീട്ടിൽ മുഴുങ്ങുന്ന ഓരോ കാളിംഗ് ബെല്ലിനും പിറകിൽ പത്രോസ് ആയിരിക്കണമേയെന്ന് ഞാൻ ആശിക്കാറുണ്ട്. അന്നും പത്രോസ് ആയിരിക്കണമേയെന്ന് അതിതീവ്രമായി ഞാൻ ആഗ്രഹിച്ചു. അതിന്റെ കിതപ്പ് എന്റെ ഹൃദയത്തിന് ഉണ്ടായിരുന്നു.

വീട്ടിലേക്ക് എത്തിയപ്പോഴേക്കും അന്വേഷിച്ച് വന്നയാൾ പോയിരുന്നു. ചട്ടയും മുണ്ടും മാറ്റിയൊന്ന് കുളിക്കണമെന്ന് കരുതിയപ്പോൾ കാളിംഗ് ബെൽ മുഴങ്ങി.

അതിയാൻ ആയിരിക്കണമേയെന്ന ചിന്തയിൽ തുറന്നപ്പോൾ തെളിഞ്ഞത് അതിയാൻ തന്നെയായിരുന്നു…! പത്രോസ് പുണ്യാളന്റെ തെളിച്ചമുണ്ടായിരുന്നു അതിയാന്റെ കണ്ണുകൾക്ക്…!

വിശ്വസിക്കാൻ തന്നെ ഞാൻ ഏറെ പ്രയാസപ്പെട്ടു. എന്റെ വിങ്ങലുകൾ തൊണ്ടയിൽ വിറച്ച് എന്നെ ശ്വാസം മുട്ടിക്കുമെന്ന് തോന്നിയപ്പോൾ അതിയാന്റെ മുഷിഞ്ഞ വേഷത്തിലേക്ക് ഞാൻ തെറിച്ച് വീഴുകയായിരുന്നു..

ഇത്രയും വർഷം എവിടെയായിരുന്നുവെന്ന് ചോദിക്കാനൊന്നും എനിക്ക് തോന്നിയില്ല..നരകയറിയ താടിരോമങ്ങളോട് ചേർന്ന് ആ കവിളിൽ മുത്തമിടുന്ന തിരക്കിലായിരുന്നു ഞാൻ. അതിയാൻ ക്ഷമിച്ചെന്ന് പറയും പോലെ എന്റെ തലയിലും പുറത്തുമായി തലോടി. എന്നിട്ടൊരു ചിരിയോടെ വിശക്കുന്നെന്റെ ത്രേസ്സ്യേ വല്ലതുമുണ്ടോ ഇവിടെയെന്ന് ചോദിച്ചു.

ചിട്ടയോട് കൂടിയുള്ള ജീവിതം കൊണ്ട് കാത്തിരിപ്പിനെ നേരിട്ട ഞാൻ ഗമയോടെ ഉള്ളതെന്താണെന്ന് പറഞ്ഞു. കണ്ണുകൾ മിഴിച്ചുകൊണ്ട് മനസിലായില്ലെന്ന് അതിയാൻ പറഞ്ഞപ്പോൾ ഞാനത് വീണ്ടും പറഞ്ഞു…’ ഇടിയപ്പവും മത്തിക്കറിയുമുണ്ട്…!!! ‘

Leave a Reply

Your email address will not be published. Required fields are marked *