ശാലിനിയെ വിവാഹം കഴിച്ചയയ്ക്കുമ്പോൾ വസുമതിയ്ക്ക്
കൂട്ട് ഇളയ മകൾ മണിക്കുട്ടിയെന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ശീതൾ മാത്രമായിരുന്നു.
പിന്നീട് വസുമതി അധികകാലമുണ്ടായിരുന്നില്ല
മരണം ഒരു സൈലൻറ് അറ്റാക്കിലൂടെ അവരെയും കൊണ്ട് പോയപ്പോൾ തനിച്ചായിപ്പോയ,മണിക്കുട്ടിയെ ഏറ്റെടുക്കേണ്ട ചുമതല ശാലിനിക്കായി.
ഭർത്താവ് സുനിലിനും രണ്ട് കുട്ടികൾക്കുമൊപ്പം വാടകവീട്ടിൽ സ്വസ്ഥമായി കഴിഞ്ഞിരുന്ന ശാലിനിയ്ക്ക്, മണിക്കുട്ടിയുടെ വരവ്
നീരസമുണ്ടാക്കിയെങ്കിലും മൂന്നും ഒന്നും വയസ്സുള്ള തൻ്റെ മക്കളെ വിശ്വസിച്ചേല്പിച്ചിട്ട് തനിയ്ക്ക് ജോലിയ്ക്ക് പോകാമെന്നുള്ളത് കൊണ്ട് ശാലിനി മണിക്കുട്ടിയോട് അനിഷ്ടമൊന്നും കാട്ടിയില്ല
ഞായറാഴ്ച ഒഴിച്ചുള്ള ദിവസങ്ങളിൽ സുനിലും, ശാലിനിയും ജോലിയ്ക്ക് പോകുമ്പോൾ കുട്ടികളുടെ കളി ചിരികളും കുസൃതികളുമൊക്കെയായി മണിക്കുട്ടി സന്തോഷത്തോടെ ജീവിച്ചു.
മാസങ്ങളും വർഷങ്ങളുമൊക്കെ കടന്ന് പോയപ്പോൾ കുട്ടികൾ വളർന്നു ,രണ്ട് പേരും സ്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ മണിക്കുട്ടിയ്ക്ക് പ്രത്യേകിച്ച് ജോലികളൊന്നുമില്ലാതെയായി ,
അപ്പോഴാണ് ശാലിനിയ്ക്കൊരു ഐഡിയ തോന്നിയത്.
അത് വരെ അവിടുത്തെ സകല ജോലികളും ചെയ്ത് കൊണ്ടിരുന്ന സർവൻ്റ് സിസിലിയെ
ഉടൻ പിരിച്ച് വിട്ടു,
മണിക്കുട്ടി വെറുതെയിരുന്ന് ബോറടിക്കുമ്പോൾ,മാസം ഇരുപതിനായിരം ശബ്ബളം
കൊടുത്ത് ഒരു വേലക്കാരിയെ നിർത്തേണ്ട യാതൊരാവശ്യവുമില്ലെന്നവൾ
സുനിലിനോട് പറഞ്ഞു.
അല്ലാ അവളെ ഇവിടെ തന്നെ ഇങ്ങനെ നിർത്താനാണോ നിൻ്റെ പ്ളാൻ ,വയസ്സ് ഇരുപത്തിയൊന്നായില്ലേ ?അവൾക്കും ഒരു വിവാഹ ജീവിതമൊക്കെ വേണ്ടേ? എൻ്റെ ഓഫീസിലൊരു നല്ല പയ്യനുണ്ട്, നമുക്കൊന്നാലോചിച്ചാലോ?
രാത്രി ,കിടക്കുന്നതിന് മുമ്പ് നിലക്കണ്ണാടിയ്ക്ക് മുന്നിലിരുന്ന് കൈകാലുകളിൽ മോയിച്ചറൈസ് ക്രീം പുരട്ടിക്കൊണ്ടിരുന്ന ശാലിനിയോട് സുനിൽ ചോദിച്ചു.
ഇരുപത്തിയൊന്നല്ലേ ആയുള്ളു ,അതിനത്ര ധൃതി പിടിക്കേണ്ട കാര്യമൊന്നുമില്ല
ഒരു വിവാഹമെന്നൊക്കെ പറഞ്ഞാൽ കാശെത്രയാകുമെന്നറിയാമോ?
എങ്ങനെയെങ്കിലും സ്വന്തമായൊരു വീടും സ്ഥലവും വാങ്ങാനുള്ള ശ്രമത്തിലാണ് ഞാനിപ്പോൾ
അതിനിടയിൽ അവളുടെ കല്യാണം നടത്തിയാൽ ഈ ജന്മത്ത് അതിൻ്റെ ബാധ്യത തീരില്ല ,പിന്നെ, സ്വന്തം വീടെന്ന നമ്മുടെ സ്വപ്നം ഒരിക്കലും നടക്കാനും പോകുന്നില്ല
അല്ല ശാലൂ,,, ചെറുതാണെങ്കിലും നിങ്ങടെ തറവാടും അഞ്ച് സെൻ്റ് പറമ്പും വെറുതെ കിടക്കുവല്ലേ? അത് വിറ്റാൽ ,മണിക്കുട്ടിയുടെ വിവാഹം ഗംഭീരമായി നടത്താമല്ലോ?
ഉം ,,, അതിനിത്തിരി പുളിക്കും ,അതെൻ്റെ അച്ഛനും അമ്മയും കഷ്ടപ്പെട്ടുണ്ടാക്കിയതാണ്
അത് ഞാൻ എവിടുന്നോ കയറി വന്ന ഒരുത്തിയ്ക്ക് വേണ്ടി നഷ്ടപ്പെടുത്തിക്കളയില്ല മാത്രമല്ല അത് കൊടുത്തിട്ട് വേണം ടൗണിൽ അഞ്ച് സെൻ്റ് സ്ഥലം വാങ്ങിച്ചിടാൻ
എന്നിട്ട് വേണം ലോണെടുത്ത്, എൻ്റെ ആഗ്രഹപ്രകാരം ഒരു വീട് വയ്ക്കാൻ,,
അങ്ങനെയൊന്നും പറയരുത് ശാലൂ,, ദത്തെടുത്തതാണെങ്കിലും നിന്നെ സ്നേഹിച്ചത് പോലെ തന്നെയല്ലേ? അച്ഛനും അമ്മയും അവളെയും സ്നേഹിച്ചത് ,ഒരിക്കലും അവളൊരു അനാഥയാണെ തോന്നൽ അവളെ അവർ അറിയിച്ചിട്ടില്ല
അത് തന്നെയാണ് എൻ്റെ പേരൻ്റ്സ് എന്നോട് ചെയ്ത ചതിയും ,അവർക്ക് ഞാനൊരു മകള് ഉണ്ടായിരുന്നല്ലോ?അത് പോരായിരുന്നോ? എന്തിനാണ് ഒന്നിനെക്കൂടി എടുത്ത് വളർത്തിയത്? അത് കൊണ്ടല്ലേ, എനിയ്ക്ക് മാത്രം കിട്ടേണ്ടിയിരുന്ന, അച്ഛൻ്റെയും, അമ്മയുടെയും സ്നേഹം വീതിച്ച് പോയത്?
ഓഹ്, നിന്നോട് പറഞ്ഞ് ജയിക്കാൻ ഞാനാളല്ല, നീ നിൻ്റെ ഇഷ്ടം പോലെ ചെയ്യ്
അക്ഷമയോടെ ,പറഞ്ഞിട്ട് തലവഴി പുതപ്പിട്ട് മൂടി സുനില് തിരിഞ്ഞ് കിടന്നു
ഒരു ദിവസം ,ഓഫീസിൽ നിന്നും കുറച്ച് നേരത്തെ വീട്ടിലെത്തിയ ശാലിനി കണ്ടത് ,ബെഡ്റൂമിലെ കട്ടിലിൽ കണ്ണടച്ച് കിടക്കുന്ന സുനിലിൻ്റെ നെറ്റിയിൽ മണിക്കുട്ടി ബാം പുരട്ടി കൊടുക്കുന്നതാണ്
നിങ്ങളെന്താ ഇന്ന് ഓഫീസിൽ നിന്ന് നേരത്തെ എത്തിയോ?
ശ് ,, ഏട്ടനുറങ്ങിക്കോട്ടെ ,നല്ലതലവേദനയെന്നും പറഞ്ഞ് ഉച്ചയ്ക്ക് കയറി വന്നതാണ് ,അപ്പോൾ തന്നെ ഞാൻ ബാംപുരട്ടിയിട്ട് കാപ്പിയിട്ട് കൊടുത്തപ്പോൾ മയങ്ങിപ്പോയതാണ്, ഇപ്പോൾ വീണ്ടും എന്നെ വിളിച്ച് തലവേദനയെടുക്കുന്നെന്ന് പറഞ്ഞു ചിലപ്പോൾ നന്നായൊന്ന് ഉറങ്ങിക്കഴിഞ്ഞാൽ വേദന മാറുമായിരിക്കും
മണിക്കുട്ടിയാണ് ശാലിനിയോട് കാര്യങ്ങൾ വിശദീകരിച്ചത്
ഉം നീ പോയി എനിക്കൊരു ചായ എടുത്തിട്ട് വാ ,,
നീരസത്തോടെ അവളെ അടുക്കളയിലേയ്ക്ക് പറഞ്ഞയച്ചിട്ട് , ഡ്രസ്സ് ചെയ്ഞ്ച് ചെയ്യാനായി ,ശാലിനി കതക് ചേർത്തടച്ചു .
രണ്ട് ദിവസത്തിന് ശേഷം ,ശാലിനി ജോലിയ്ക്ക് പോകാൻ തയ്യാറാകുമ്പോഴും, ഉറക്കമെഴുന്നേല്ക്കാതെ സുനില് കട്ടിലിൽ തന്നെ മടി പിടിച്ച് കിടക്കുകയായിരുന്നു.
അല്ല നിങ്ങൾക്കിന്ന് ഓഫീസിൽ പോകണ്ടേ? മണി ഒൻപത് കഴിഞ്ഞു,,
ങ്ഹാ,, എന്നും പോകുന്നതല്ലേ ? ഇന്നെനിക്ക് നല്ല സുഖം തോന്നുന്നില്ല ,, നീ പോയിട്ട് വാ ,, ഞാൻ കുറച്ച് കൂടെ കിടന്നുറങ്ങട്ടെ
അലസതയോടെ വീണ്ടും അയാൾ മൂടിപ്പുതച്ച് കിടന്നപ്പോൾ, മനസ്സില്ലാ മനസ്സോടെയാണ് ശാലിനി വീട്ടിൽ നിന്ന് ബസ് സ്റ്റോപ്പിലേയ്ക്ക് നടന്നത്
അപ്പോഴേയ്ക്കും ,പതിവായി പോകുന്ന ഒൻപതേകാലിൻ്റെ ബസ്സ് പോയിരുന്നു ഇനി ഒൻപതേ മുക്കാലിനേ അടുത്ത ബസ്സുള്ളു
വാച്ചിൽ സമയം നോക്കി അക്ഷമയോടെ അവൾ അടുത്ത ബസ്സിനായി കാത്ത് നിന്നു.
അപ്പോഴാണ്, താൻ ലഞ്ച് ബോക്സ് എടുക്കാൻ മറന്നെന്ന് അവളറിയുന്നത് ,
സുനിലേട്ടനെ വിളിച്ചിട്ട് ,അതൊന്ന് ഇവിടെ കൊണ്ട് തരാൻ പറയാമെന്ന് വച്ചാൽ, ഉറക്കമാണെങ്കിൽ തന്നെ നല്ല ചീത്ത പറയും ,അത് കൊണ്ട് തിരിച്ച് വീട് വരെ നടന്ന് പോയി ലഞ്ച് ബോക്സ് എടുക്കുന്നതാണ് ബുദ്ധി, അടുത്ത ബസ്സ് വരാൻ എന്തായാലും അരമണിക്കൂറോളം സമയമുണ്ട്, പിന്നെ ഒട്ടും അമാന്തിക്കാതെ ശാലിനി തിരിച്ച് വീട്ടിലേയ്ക്ക്
നടന്നു.
മുൻവാതിൽ അകത്ത് നിന്ന് കുറ്റിയിട്ടിരുന്നത് കൊണ്ട്, മണിക്കുട്ടി ബാത്റൂമിലായിരിക്കുമെന്ന് ശാലിനിയ്ക്ക് തോന്നി , കോളിങ്ങ് ബെല്ലടിച്ച് സുനിലിൻ്റെ ഉറക്കം കളയേണ്ടെന്ന് കരുതിയാണവൾ ശബ്ദമുണ്ടാക്കാതെഅടുക്കള വാതിലിൻ്റെയടുത്ത് വന്ന് തള്ളി നോക്കിയത് വെറുതെ ചാരിയിരുന്ന കതക് പെട്ടെന്ന് തുറന്നപ്പോൾ കണ്ട കാഴ്ച്ച ശാലിനിയെ കോപാകുലയാക്കി
കിച്ചൺ സ്ളാബിൽ പിടിപ്പിച്ചിരുന്ന ,ചിരവയിലിരുന്ന് തേങ്ങ ചിരണ്ടുകയായിരുന്ന സുനിലേട്ടൻ ഒരു നുള്ള് തേങ്ങാ പീരയെടുത്ത് മണിക്കുട്ടിയുടെ വായിൽ വച്ച് കൊടുക്കുന്നു.
ഇതിനാണോ നിങ്ങക്ക് സുഖമില്ലെന്ന് പറഞ്ഞ് മാറി പുതച്ച് കിടന്നത് ? നിങ്ങടെ സൂക്കേട് എന്താന്ന് എനിക്ക് മനസ്സിലായി ,
ഛെ! എന്താ ശാലിനീ നീ ഇങ്ങനെയൊക്കെ പറയുന്നത് ? അവള് അടുക്കളയിൽ ഒറ്റയ്ക്ക് നിന്ന് കഷ്ടപ്പെടുന്നത് കണ്ടപ്പോൾ എനിക്ക് ചുമ്മാ കിടന്നുറങ്ങാൻ തോന്നിയില്ല ,അതാണ് ഞാനവളെയൊന്ന് സഹായിക്കാമെന്ന് കരുതി ഇങ്ങോട്ട് വന്നത് ?
അവള് വരുന്നതിന് മുമ്പ് ഞാൻ രണ്ട് പിഞ്ച് കുഞ്ഞുങ്ങളുമായി കിടന്ന് കുറെ കഷ്ടപ്പെട്ടപ്പോഴൊന്നും ഈ സ്നേഹം കണ്ടില്ലല്ലോ?ഞാനെന്തായാലും ഇന്ന് ഓഫീസിൽ പോകുന്നില്ല ,നിങ്ങളൊന്നിങ്ങോട്ട് വന്നേ എനിക്ക് നിങ്ങളോടൊരു കാര്യം പറയാനുണ്ട് ,,
സുനിലിൻ്റെ കൈക്ക് പിടിച്ച് വലിച്ച് കൊണ്ട് ശാലിനി മുറിയിലേയ്ക്ക് പോയി.
എന്താ ശാലിനി ?എന്താ നിനക്ക് വേണ്ടത്?
അത് പിന്നെ ,, സോറീ ,,എനിയ്ക്ക് പെട്ടെന്ന് ദേഷ്യം വന്നത് കൊണ്ടാണ് ഞാനെന്തൊക്കെയോ വിളിച്ച് പറഞ്ഞത് ,അതേ ,, നിങ്ങളൊരു പയ്യൻ്റെ കാര്യം പറഞ്ഞില്ലേ? ഓഫീസിൽ ജോലി ചെയ്യുന്ന ,ആ ചെക്കന് വേണ്ടി നമുക്ക് മണിക്കുട്ടിയെ ആലോചിക്കാം ,, നിങ്ങള് പറഞ്ഞത് പോലെ ,തറവാട് നില്ക്കുന്ന സ്ഥലം നമുക്ക് വില്ക്കാം ,അല്ലെങ്കിൽ അവളിങ്ങനെ അവിവാഹിതയായ് നില്ക്കുമ്പോൾ മരിച്ച് പോയ എൻ്റെ അമ്മയുടെയും അച്ഛൻ്റെയും ആത്മാവിന് ശാന്തി കിട്ടില്ല
അത് കേട്ട് സുനിലിന് ഉള്ളിൽ ചിരി പൊട്ടിയെങ്കിലും ,പുറത്തയാളത് പ്രകടിപ്പിച്ചില്ല ,എന്തൊക്കെയായാലും പെണ്ണ് പെണ്ണ് തന്നെയല്ലേ?
സ്വത്ത് നഷ്ടപ്പെട്ടാലും ,തൻ്റെ ഭർത്താവിനെ വച്ചവൾ ഒരു ഭാഗ്യപരീക്ഷണം നടത്തില്ലെന്ന് സുനിലിന് നന്നായി അറിയാമായിരുന്നു ,അങ്ങനെയെങ്കിലും തൻ്റെ അനുജത്തിയ്ക്കൊരു വിവാഹ ജീവിതമുണ്ടാകട്ടെയെന്ന് കരുതിയാണ് ,മണിക്കുട്ടിയ്ക്ക് പോലും മനസ്സിലാകാത്ത രീതിയിൽ എന്നാൽ ശാലിനിയ്ക്ക് സംശയം തോന്നത്തക്ക വിധത്തിൽ അയാളീ നാടകമൊക്കെ കളിച്ചത്, താനും മണിക്കുട്ടിയും മാത്രം വീട്ടിലുള്ളപ്പോൾ ശാലിനിയ്ക്ക് ഓഫീസിലിരുന്ന് സ്വസ്ഥമായി ജോലി ചെയ്യാൻ കഴിയില്ലെന്നും ,ഉച്ചയ്ക്ക് ശേഷം ലീവെടുത്തവൾ വീട്ടിലെത്തുമെന്നും ,അപ്പോൾ മണികുട്ടിയുമായി താൻ വളരെ അടുത്ത് ഇടപഴകുന്നത് അവൾ അപ്രതീക്ഷിതമായി കണ്ട് കൊണ്ട് കയറി വരണമെന്നുമൊക്കെ
അയാൾ മനസ്സിൽ കണക്ക് കൂട്ടിവെച്ചിരുന്നെങ്കിലും, ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടപ്പോഴാണ് പെട്ടെന്ന് തിരിച്ച് വരുന്ന ശാലിനിയെ ജനാലയിലൂടെ അയാൾ കണ്ടത്, ഉടൻ തന്നെ എഴുന്നേറ്റ് ചെന്ന്, മുൻവാതിൽ കുറ്റിയിട്ട് അടുക്കളയിലെത്തിയ സുനില് തേങ്ങ ചിരണ്ടുകയായിരുന്ന മണിക്കുട്ടിയെ തള്ളിമാറ്റി ആ ജോലി ഏറ്റെടുക്കുകയായിരുന്നു ,അടുക്കളയുടെ വെൻ്റിലേഷനിലൂടെ ശാലിനിയുടെ ആഗമനം മനസ്സിലാക്കിയ അയാൾ കതക് തുറക്കുന്ന ശാലിനിയ്ക്ക് കാണത്തക്ക വിധത്തിലാണ് ,അടുത്ത് നിന്ന മണിക്കുട്ടിയുടെ വായിലേയ്ക്ക് അവൾ പോലും പ്രതീക്ഷിക്കാതെ തേങ്ങാ പീര കുത്തിത്തിരുകിയത്, ബാക്കിയൊക്കെ അയാളുടെ കണക്ക് കൂട്ടല് പോലെ തന്നെ സംഭവിച്ചു.
രചന – സജി തൈപ്പറമ്പ്
നിങ്ങളുടെ സ്വന്തം രചനകൾ പേജിൽ ഉൾപ്പെടുത്തുവാൻ ഇപ്പോൾ തന്നെ ഇൻബോക്സിലേക്ക് മെസേജ് അയക്കൂ