ഇരുട്ടിന്റെ മറപറ്റി വരുന്ന ഒരു നാലാം കിട കാമുകനല്ല ഞാൻ, അങ്ങനെ എങ്കിൽ എനിക്ക് നിന്റെയരുകിലും വരാമായിരുന്നു

പ്രേമം
(രചന: നിത്യാ മോഹൻ)

ഇന്ന് തന്നെയെല്ലാത്തിനും ഒരവസാനമുണ്ടാക്കണം.. അല്ലെങ്കിൽത്തന്നെ ആരുമില്ലാത്ത തനിക്ക് ഇത് മാത്രമേയുള്ളൂ ഒരു പോംവഴി..!!

മനസ്സിലുറപ്പിച്ചിരുന്നു ഹിമ. ടേബിളിലിരുന്ന ബുക്കെടുത്തു, എഴുതുവാനായി പേനതിരഞ്ഞു തനിക്കേറ്റവുമിഷ്ടപ്പെട്ട ഇളം മഞ്ഞ നിറമുള്ള പേന..

കൂടുതൽ എഴുതേണ്ട ആവശ്യമില്ല ചുരുങ്ങിയ വാക്കിൽ ഒതുക്കണം..”എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല, എല്ലാം എന്റെ തീരുമാനം!!”

ഇത്രയും മതി..എഴുതുമ്പോൾ കൈകൾ വിറച്ചിരുന്നു കണ്ണുകൾ നിറഞ്ഞൊഴുകി, വേഗം പേന വച്ച് അവൾ ബുക്ക്‌ മടക്കി. മുറിയിലാകെ കണ്ണോടിച്ചു..

ഇവിടെയിനി പ്രതീക്ഷിക്കുവാൻ ആരുമില്ലെന്നവളോർത്തു. ജനാലയിലൂടെ തണുത്ത കാറ്റ് വീശിയടിക്കുന്നുണ്ടായിരുന്നു.. അവൾ നടന്ന് ജനാലക്കരുകിലെത്തി. ഇന്നെന്താണെന്നറിയില്ല ആകാശത്തിൽ നക്ഷത്രങ്ങൾക്കെല്ലാം കൂടുതൽ തിളക്കം!!

നാളെ താനും അതിലൊന്നാവുമെന്നവളോർത്തു.
അപ്പോളവളുടെ മനസ്സിലൂടെ പഴയ ഓർമ്മകളോടിയെത്തി.

സ്കൂളിൽ പഠിച്ചിരുന്നപ്പോൾ ബോർഡിങ്ങിലും അത് കഴിഞ്ഞു ഹോസ്റ്റലിലുമായിരുന്നു തന്റെ ജീവിതം…

അതിനിടയിലാണ് പപ്പയും അമ്മയും പിരിയുന്നുവെന്ന വാർത്ത.. അതുകൂടിയായപ്പോൾ ഭ്രാന്ത് പിടിക്കുമെന്ന അവസ്ഥ..

അമ്മയെ എപ്പോഴും തിരുത്തിയിരുന്നതും എന്നുമവൾക്ക് സ്നേഹം തന്നതും അമ്മയുടെ അടുത്ത കൂട്ടുകാരിയായിരുന്ന ടെസ്സിയാന്റിയാണ്..വിവാഹം കഴിക്കാതെ ഒറ്റയ്ക്ക് ജീവിക്കുകയാണ് ആന്റി..അമ്മക്ക് ആര് പറഞ്ഞാലും ഇഷ്ടമാവില്ല അതുകൊണ്ട് ബന്ധുക്കൾ പോലും ഇല്ലായിരുന്നു.

പപ്പയും അമ്മയും, രണ്ടുപേർക്കും രണ്ട് രീതികൾ. അവരെപ്പോഴും അവരുടെ ജോലികളുമായി തിരക്ക്. അവർ ശരിക്കും സംസാരിക്കുന്നത് പോലും അവൾ കണ്ടിട്ടില്ല, പരസ്പരം സ്നേഹമുണ്ടെങ്കിലല്ലേ അത് പറ്റൂ.

രണ്ട് പേരുടെയും കൂടെയവൾ പോയില്ല..അവൾക്ക് ആന്റിയുടെ കൂടെ പോകാനായിരുന്നു ഇഷ്ടം…അമ്മക്ക് എതിർപ്പുകൾ ഒന്നുമില്ലായിരുന്നു.

പപ്പ ആദ്യമെതിർത്തു സ്നേഹം കൊണ്ടല്ല അമ്മയോടുള്ള ദേഷ്യം കൊണ്ട്…. പിന്നീട് തീരുമാനം മാറ്റി.. അവരുടെ ജീവിതത്തിൽ അവൾ അധികപ്പറ്റാകുമെന്ന് കരുതിയാവണം..

ആന്റിയുടെ വീട്ടിൽ ചെന്നപ്പോഴാണ് അവൾ ശരിക്കും ജീവിക്കുന്നത്.. കുറേ റബ്ബർ തോട്ടങ്ങൾക്കു നടുവിൽ വീട്. ഇടക്കെല്ലാം അവളും ആന്റിയും വെറുതെ നടക്കാൻ പോകും. ആ ഇടവഴിയിലൂടെ കാറ്റ് കൊണ്ട് നടക്കുവാൻ ഒരു സുഖമായിരുന്നു.

അമ്മയുടെ സ്നേഹവും, വാത്സല്യം ഒക്കെ അനുഭവിക്കുന്നത് ആന്റിയുടെ അടുത്തെത്തിയപ്പോഴാണ് ആന്റി അവളെ ഒരുപാട് സ്നേഹിച്ചു, അവളുടെ എല്ലാ കാര്യങ്ങളിലും ഒത്തിരി ശ്രദ്ധ കൊടുത്തു..

അവൾക്ക്, അമ്മയും പപ്പയും ഇടയ്ക്കു വരുന്ന വിരുന്നുകാരായി മാറി.. പിന്നീടുള്ള അവളുടെ പഠിപ്പും അവിടെ നിന്നായിരുന്നു..

പിന്നീട് അമ്മയും പപ്പയും വരവ് കുറച്ചു. ഫോൺ വിളികളായി അതാണ് നല്ലതെന്ന് അവൾക്കും തോന്നി. സ്നേഹം കാണിക്കുവാൻ മത്സരിക്കേണ്ടത് കാണേണ്ടല്ലോ.!!

അവരുടെ സ്നേഹം എന്നും പ്രതാപത്തിലും പണത്തിലായിരുന്നു എല്ലാമാസവും രണ്ട് പേരും അവളുടെ അക്കൗണ്ടിൽ പണമയച്ചിരുന്നു . അവർ ഒന്ന് മാത്രം മറന്നു അവളെ സ്നേഹിക്കുവാൻ.

വെക്കേഷനായി അപ്പോൾ പുസ്‌തകങ്ങളായിരുന്നു അവളുടെ കൂട്ട്..അന്ന് രാത്രിയിൽ സ്വപ്നം കണ്ട് അവൾ ഞെട്ടിയുണർന്നു. ഭീതി തോന്നുന്ന സ്വപ്നമാണ് കണ്ടത്, ഒരു സ്ത്രീ മുടിയൊക്കെ അഴിച്ചിട്ട്. ഉണർന്നിട്ടും ആ മുഖം മനസ്സിൽ നിന്നും മായാതെ കിടന്നു, കുറച്ച് വെള്ളം കുടിക്കണമെന്ന് തോന്നി

സ്റ്റെയർ ഇറങ്ങി താഴെ പോയി ഫ്രിഡ്ജിൽ നിന്നും വെള്ളമെടുത്ത് കുടിച്ചു..അപ്പോഴാണ് അടക്കിയുള്ള സംസാരം ആന്റിയുടെ റൂമിൽ നിന്നും കേട്ടത്.അവൾ നോക്കുംമ്പോഴേക്കും ആന്റി വാതിൽ തുറന്ന് പുറത്തിറങ്ങി കൂടെ ഒരാൾ..ആരെന്നു വ്യക്തമല്ല…

കോട്ട് ധരിച്ചിരിക്കുന്നു. അരണ്ട വെളിച്ചത്തിൽ പുറത്തേക്കുള്ള വാതിൽ ആന്റി തുറന്നു..അയാൾ വെളിയിലേക്ക് ഇറങ്ങി,ആന്റി കൈ വീശി എന്നിട്ട് വേഗം വാതിലടച്ചു..

അവൾക്ക് ഒന്നും മനസ്സിലാക്കാൻ സാധിച്ചില്ല..റൂമിൽ വന്ന് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരുന്നുണ്ടായിരുന്നില്ല. കണ്ട കാര്യങ്ങൾ മനസ്സിൽ ഇങ്ങനെ കിടക്കുന്നു.. ആന്റിക്ക് അത്രയും വേണ്ടപ്പെട്ടയാളാണ്. അതാണ്‌ റൂമിൽ നിന്നിറങ്ങി വന്നത്. ആന്റിയെക്കുറിച്ച് പലതും മനസ്സിൽ ചിന്തിച്ചു.

ആരാണയാൾ ?വീണ്ടും വീണ്ടും ചോദ്യം മനസ്സിൽ അവൾ ചോദിച്ചുകൊണ്ടിരുന്നു..!”പിന്നെയുള്ള പല രാത്രികളും ഇതെന്തെന്നറിയാൻ ഉറക്കമുളച്ചു കാത്തിരുന്നു പക്ഷെ അവിടെയാരും വരുന്നത് പിന്നെ അവൾ കണ്ടിട്ടില്ല..”

ആന്റിയോട് ചോദിക്കണം എന്ന് തോന്നിയിരുന്നു..,അവൾക്ക് ആകെയുള്ളത് ആന്റി മാത്രമാണ്, ആന്റിക്ക് വിഷമം ഉണ്ടാക്കുമെന്ന് തോന്നിയതിനാൽ ആ ചിന്തയും അവളവസാനിപ്പിച്ചു.. പിന്നെപ്പിന്നെ അവളത് മറന്നു.

ആന്റിയുടെ കൂടെ പള്ളിയിൽ പോകുന്നത് പതിവായിരുന്നു. പള്ളിയുടെ അടുത്ത് തന്നെ ചായക്കട നടത്തുന്ന രാമുവേട്ടൻ അവരെ കാണുമ്പോൾ പറയും

“രണ്ടാളെയും കണ്ടാൽ അമ്മയും മോളുമാണെന്നേ പറയൂ””അതേ രാമു… ഇതെന്റെ മോള് തന്നെ”..അവളെ ചേർത്ത് പിടിച്ചു ആന്റി പറയും.

പള്ളിയിൽ വച്ചാണ് ആദ്യമായി അലക്സിനെ കാണുന്നത്. പള്ളിയിലെ വികാരിയച്ചന്റെ ബന്ധുവാണ് അയാളെന്നു ആരോ പറഞ്ഞറിഞ്ഞു! അതാവാം എല്ലാകാര്യത്തിലും നല്ല ചുറുചുറുക്കോടെ ഓടി നടക്കുന്നതെന്ന് അവൾ മനസ്സിലോർത്തു.

പള്ളിയിൽ വരുന്ന എല്ലാരുമായും അലക്സ്‌ വലിയ കൂട്ടാണ്‌. ഇടയ്ക്ക് ആന്റിയോട്‌ വന്ന് സംസാരിക്കും അപ്പോഴെല്ലാം അവളിലേക്ക് വന്ന് വീഴുന്ന ആ കണ്ണുകൾ കണ്ടിട്ടും കാണാത്തത് പോലെ നടിച്ചിരുന്നു.

“പള്ളിയിൽ ചെല്ലുമ്പോഴെല്ലാം അവളുടെ കണ്ണുകൾ പലപ്പോഴും അവനായി പരതുമായിരുന്നു.. അവനെ കാണുമ്പോൾ ഉള്ളിന്റെയുള്ളിൽ വല്ലാത്തൊരു സന്തോഷം തോന്നുമായിരുന്നു”

കാർ കേടായിരുന്ന ഒരു ദിവസം ഓട്ടോക്ക് പള്ളിയിൽ പോകാമെന്നു പറഞ്ഞ ആന്റിയോട്‌ വേണ്ട, നമുക്കിന്നു നടന്ന് പോകാമെന്നു പറഞ്ഞു നിർബന്ധിച്ചു. അങ്ങനെ അവർ നടന്ന് പോയി.

അതിനൊരു കാരണവുമുണ്ട്,ഓട്ടോക്ക് പോയാൽ പള്ളിയുടെ പുറകു വശത്തു കൂടെയുള്ള വഴിയിലൂടെയാണ് പോകുന്നത്. നടന്ന് പോയാൽ നേരെ പള്ളിയുടെ മുൻപിലൂടെ പോകാം,

പള്ളിയുടെ സ്റ്റെപ്പുകളിൽ ഫ്രണ്ട്സുമായി സംസാരിച്ചുകൊണ്ടിരിക്കുന്നുണ്ടാവും അലക്സ്‌. ഒന്ന് കാണാൻ വേണ്ടി മാത്രമാണ് അവൾ ആന്റിയെ നിർബന്ധിച്ചത്.പക്ഷെ…

അന്ന് നിരാശയായിരുന്നു, അവിടെ നിന്നവരുടെ കൂട്ടത്തിൽ അലക്സിനെ കണ്ടില്ല. സ്റ്റെപ് കയറി മുകളിൽ എത്തിയിട്ട് താഴേക്കു തിരിഞ്ഞു നോക്കി…. ഇല്ലെന്നുറപ്പിച്ചു…

പള്ളിയിലെ പ്രാർത്ഥനകൾ ഒന്നും അവൾ കേട്ടില്ല…. അലക്സിനെ കാണാതെയുള്ള സങ്കടം മനസ്സിലുണ്ടായിരുന്നു. കുർബാന കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ആന്റി ചോദിച്ചു..

“ഇനി തിരിച്ചും നടക്കാനാണോ പ്ലാൻ?”.”വേണ്ട ആന്റി, നമ്മുക്ക് ഓട്ടോക്ക് പോകാം” എനിക്ക് തല വേദനിക്കുന്നു.

“ആണോ എങ്കിൽ നമ്മുക്ക് ഓട്ടോക്ക് പോകാം, ആന്റിയും അവളും ഓട്ടോക്ക് കയറുവാനായി നടന്നപ്പോൾ അവരുടെ അടുത്തായി ഒരു കാർ വന്നു നിന്നു..

“ആന്റി ഞാൻ കൊണ്ടുപോയി വിടാം”പെട്ടെന്ന് ശബ്ദം കേട്ട് അവൾ നോക്കി, “അലക്സ് !”

ആന്റി അവളെയും വിളിച്ച് കാറിൽ കയറി.. ഗ്ലാസ്സിലൂടെ ആ കണ്ണുകൾ അവളോട് സംസാരിച്ചു..ഒരിക്കലും പിടികൊടുക്കാതിരുന്ന അവളുടെ കണ്ണുകൾ,

അന്നാദ്യമായി അവിടെ തോറ്റു. വീടെത്തിയതറിഞ്ഞില്ല, ആന്റി അലക്സിനെ വീട്ടിൽ കയറിയിട്ട് പോകാൻ ക്ഷണിച്ചു. അലക്സ് വീട്ടിലാകെ ചുറ്റി കറങ്ങി അവളുടെ ബുക്കുകളൊക്കെ എടുത്ത് നോക്കി..എന്നിട്ട് താഴെ വന്നു..

“ആന്റി വീടൊക്കെ സൂപ്പർ പക്ഷെ ഇവിടെയൊരു പുസ്തകപ്പുഴു ഉണ്ടോ ?”അവൾ ഒന്നും മിണ്ടിയില്ല..താനൊരു പുസ്തകപുഴു ആണോ ?വീണ്ടും ചോദിച്ചു..അവൾ എന്തെങ്കിലും പറയും മുൻപേ

ആന്റി ചിരിച്ചു കൊണ്ട് പറഞ്ഞു
“അതെയതെ..പാതിരാത്രി വരെ കുത്തിയിരുന്ന് വായിക്കും ”

അവൾ സ്റ്റെപ് കയറി മുകളിലേക്കു പോയി..റൂമിൽ ചെന്ന് ബുക്സൊക്കെ നോക്കി.. എല്ലാം അതിന്റെ സ്ഥാനത്ത് തന്നെയുണ്ട്.

പെട്ടെന്ന് ചെവിക്കു പുറകിൽ നിന്നൊരു പതിഞ്ഞ സ്വരം”ഹിമ”അവൾ ഞെട്ടിത്തിരിഞ്ഞു.തൊട്ടരുകിലായ് അലക്സ്‌.”താൻ പേടിച്ചു പോയോ ?”എന്തിന്?

അല്ല, തന്റെ ബുക്സ് വല്ലതും ഞാൻ എടുത്തോയെന്നോർത്ത്, അതാകുമല്ലോ വേഗം ഇങ്ങോട്ട് കയറിപ്പോന്നത്?

“ഏയ്, ഞാൻ അങ്ങനെയൊന്നും കരുതിയിട്ടില്ല അലക്സ്‌ “ഓക്കേ..അവൻ അവളോട്‌ ഓരോന്നും ചോദിക്കുകയും പറയുകയും ചെയ്തുകൊണ്ടിരുന്നു.

പിന്നെപ്പിന്നെ അലക്സ്‌ വീട്ടിൽ ഇടയ്ക്കിടയ്ക്ക് വരും…. അലക്സ്‌ വരുന്ന ദിവസത്തിനായി അവൾ കാത്തിരുന്നു.!!

പിന്നെ ഫോൺ വിളികളായി.. അവളും അലക്‌സും ഒത്തിരി അടുത്തു..അന്നൊരു ഞായറാഴ്ചയായിരുന്നു..

അലക്സ്‌ രണ്ട് ദിവസമായി വിളിച്ചിട്ട്…പള്ളിയിൽ വച്ച് കണ്ടതുമില്ല, എവിടെ പോയിയെന്ന് അറിയില്ല…

ആന്റിയോട്‌ ചോദിക്കാൻ മടിയായതുകൊണ്ടു ചോദിച്ചതുമില്ല.. പിറ്റേ ദിവസം അവൾക്കൊരു ഇന്റർവ്യൂ ഉണ്ട്, ആദ്യത്തെ ഇന്റർവ്യൂ അതിനെക്കുറിച്ചൊക്കെ നേരത്തെ അലക്സിനോട് പറഞ്ഞതാണ്.. ടൗണിൽ വന്നിട്ട് ഒരുമിച്ചു ഇന്റർവ്യൂ സ്ഥലത്തേക്ക് പോകാമെന്നു പറഞ്ഞതുമാണ്..

എന്തെങ്കിലും അത്യാവശ്യം വന്നു കാണും, എന്നാലും ഫോൺ വിളിച്ചിട്ട് എടുക്കുന്നുമില്ല..രാത്രിയിലൊക്കെ അവൾ ഇന്റർവ്യൂന്റെ തയ്യാറെടുപ്പിലായിരുന്നു. രാത്രിയേറെയായിട്ടും ഉറക്കം വന്നില്ല..

അലക്സിനെക്കുറിച്ചും ഇന്റർവ്യൂനെ ക്കുറിച്ചുമൊക്കയായിരുന്നു ചിന്തകൾ..ഉറങ്ങാൻ കിടന്നപ്പോളാണ് ജനാലകൾ അടച്ചില്ലെന്ന് അവളോർത്തത്. അത് അടക്കുവാനായി ചെന്നപ്പോൾ, പെട്ടെന്ന് കണ്ടു ഗേറ്റ് കടന്ന് ഒരു രൂപം..!

ആരെന്ന് വ്യക്തമല്ല..! അന്നത്തെ അതേ രൂപം, കോട്ട് ധരിച്ചിരിക്കുന്നു. അവൾക്ക് സംശയം തോന്നാൻ വേറെ ഒരു കാരണം കൂടിയുണ്ട്..

“എല്ലാ ദിവസവും തെളിച്ചിടുന്ന വീടിന്റെ ഫ്രണ്ട് ലൈറ്റ് ഇന്ന് മാത്രം ഓഫ്‌ ചെയ്തിരിക്കുന്നു !!”

“അവൾ വേഗം വാതിൽ തുറന്ന് ശബ്ദമുണ്ടാക്കാതെ സ്റ്റെയറിന്റെ സൈഡിൽ ഒളിച്ചിരുന്നു”

അതാ ആന്റി വാതിൽ തുറക്കുന്നു..കോട്ടിട്ടയാൾ അകത്തേക്ക് കയറുന്നു. ആന്റി പതിഞ്ഞ സ്വരത്തിൽ എന്തൊക്കെയോ ചോദിക്കുന്നു.!!

അയാൾ ആന്റിയുടെ തോളുവഴി കൈയിട്ടു താടിയിൽ പിടിച്ച് എന്തൊക്കെയോ പറയുന്നു.ചലനമറ്റു നിൽക്കുവാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളൂ..”അവർ റൂമിൽ കയറി വാതിൽ അടഞ്ഞു ”

അവൾ അവിടെത്തന്നെ നിന്നു.. കുറച്ച് സമയം കഴിഞ്ഞപ്പോൾ വാതിൽ തുറന്ന് അയാൾ പുറത്ത് വന്നു.. കാശാണെന്നു തോന്നുന്നു എണ്ണിയിട്ടു പോക്കറ്റിലേക്കിട്ടു.

ഇപ്പോൾ അയാൾ കോട്ട് കൈയിൽ പിടിച്ചിരിക്കുകയാണ്..ആന്റി പുറകെ ഇറങ്ങി എന്തൊക്കെയോ പറയുന്നുണ്ട്..എന്നിട്ട് മുകളിലേക്കു നോക്കുന്നു..അവൾ ഉണ്ടോ എന്നാവും. പൊക്കോളാൻ ആന്റി ധൃതി വക്കുന്നത് പോലെ തോന്നി..

അയാൾ പോകാൻ ഇറങ്ങുന്നു, അവൾക്ക് മുഖം വ്യക്തമാകുന്നില്ല..പക്ഷെ..

” കർത്താവിന്റെ തിരുഹൃദയ രൂപത്തിന് താഴെ വച്ചിരിക്കുന്ന ബൾബിന്റെ ചെറു വെട്ടം അപ്പോൾ അയാളുടെ രൂപം അവൾക്ക് കാണിച്ചു കൊടുത്തു !! ”

വാ പൊത്തി അവൾ പുറകിലേക്ക് വേച്ചു..”അലക്സ് !!”അവൾ ഞെട്ടലോടെ വീണ്ടും നോക്കി.., കണ്ണുകൾ തിരുമ്മി ഒന്നുകൂടെ ഉറപ്പിച്ചു..”അതേ അലക്സ് തന്നെ!”

ആന്റി റൂമിൽ കയറിയതിനു ശേഷമാണ് അവൾ മുകളിലേക്ക് പോയത്, സ്റ്റെപ്പുകൾ കയറുമ്പോൾ കാല് ഇടറുന്നുണ്ടായിരുന്നു.. എങ്ങനെയോ റൂമിലെത്തി. ബെഡിലേക്ക് വീണു.. പൊട്ടിക്കരഞ്ഞു. എല്ലാവരും തന്നെ പരീക്ഷിക്കുവാണെന്ന് അവൾക്ക് തോന്നി.

അമ്മയും പപ്പയും സ്നേഹം തരാതെയും..ആന്റി സ്നേഹം അഭിനയിച്ചും, അലക്സ്‌ പ്രേമിച്ചും…തലയിണയിൽ മുഖമമർത്തി അവൾ കരഞ്ഞു.

പെട്ടെന്ന് ഹിമ ഞെട്ടി എഴുന്നേറ്റു, ഇനി വൈകിക്കൂടാ.. ടേബിളിൽ ചാഞ്ഞിരുന്നു മയങ്ങിപ്പോയി.. എഴുതിയ ലെറ്റർ അവൾ ഒന്ന് കൂടി നോക്കി. ജനാലകളുടെ കർട്ടൻ വലിച്ച് നേരെയിട്ടു. അവൾ കസേരയിൽ വന്നിരുന്നു.

പെട്ടെന്ന് ഫോൺ റിങ് ചെയ്തു.അവളെടുത്തു നോക്കി..”അലക്സ്‌!”അവനോട് വല്ലാത്ത ദേഷ്യം തോന്നി..ഒരു കാമുകിയെ കാണാൻ വന്നു പോയി, ഇനി അടുത്ത ഇരയെ തേടി വിളിക്കുന്നു.

ഇങ്ങനെ ഒരു നീചനെയാണല്ലോ പ്രേമം മൂത്ത്, താൻ ഇത്രയും നാൾ മനസ്സിൽ കൊണ്ട് നടന്നതെന്നോർത്ത് സ്വയം പഴിച്ചു.

ഫോൺ വീണ്ടും റിങ് ചെയ്യുന്നു. കാൾ അറ്റൻഡ് ചെയ്ത് സ്പീക്കറിലിട്ടു.”ഹലോ.. നീ ഉറങ്ങിയോ ??? ”

ഞാൻ രണ്ട് മൂന്ന് ദിവസം കുറച്ച് ബിസിയായി പോയി. നാളെ ഇന്റർവ്യൂ ഉണ്ടല്ലോ. അവിടെ നിന്നും ഇറങ്ങുമ്പോൾ എന്നെ വിളിക്കു! പറഞ്ഞു നിർത്തിയിട്ടും മറുപടി വരാത്തതിനാൽ അലക്സ്‌ വീണ്ടും, ആവർത്തിച്ചു.

“ഹിമ താനെന്താ ഒന്നും മിണ്ടാത്തത്? പിണങ്ങല്ലേ, ഞാൻ പറഞ്ഞില്ലേ കുറച്ചു ബിസി ആയിപ്പോയി അതാണ് കാര്യം..”

“ഇന്ന് നീ കാണേണ്ടവരെ കണ്ടു അല്ലെ അലക്സ്?”അതായിരുന്നു നിന്റെ ഏറ്റവും വലിയ ബിസി അല്ലെ ??

അവളുടെ ചോദ്യത്തിന് അവനൊന്നു പതറി..താൻ അവിടെ ചെന്നത് അവൾ കണ്ടിരിക്കുമെന്നവന് മനസ്സിലായി.അവൾ വീണ്ടും തുടർന്നു..”എന്താ അലക്സ്‌ നിനക്ക് ഒന്നും പറയാനില്ലേ?”

ഇപ്പോൾ ഇത് ഞാൻ നിന്നോട് പറഞ്ഞില്ലങ്കിൽ പിന്നെ അവസരം കിട്ടിയില്ലെങ്കിലോ, അതുമല്ല നിങ്ങൾക്കൊക്കെ ഒരു വിചാരം കാണും എല്ലാരേം വിഡ്ഢികളാക്കാമെന്ന്, ആ വിഡ്ഢികളുടെ കൂടെ എന്നെ ഇനി പെടുത്തേണ്ടാ.

” മറുപടി കാക്കാതെ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്ത് ബെഡിലേക്ക് അവൾ വലിച്ചെറിഞ്ഞു”.”വാതിൽ മുട്ടുന്ന ശബ്ദം കേട്ട് ഹിമ ഞെട്ടി !!”

എന്ത് ചെയ്യുമെന്നറിയാതെ പകച്ചു.. വേഗം ടവൽ എടുത്ത് മുഖം തുടച്ചു, ഓടിച്ചെന്നു ബുക്കെടുത്ത് ഡ്രോയിൽ വച്ചു…

വീണ്ടും വീണ്ടും വാതിലിൽ മുട്ട് കേൾക്കുന്നു, അവൾ വാതിൽ തുറന്നു.മുൻപിൽ ആന്റി!”നീയുറങ്ങിയില്ലേ മോളേ?””ഇല്ല” ദേഷ്യം ഉള്ളിലൊതുക്കി അവൾ മറുപടി പറഞ്ഞു..

നാളെ ഇന്റർവ്യൂ ഉള്ളതല്ലേ നേരത്തെ കിടക്കാൻ മേലായിരുന്നോ? ഇതും പറഞ്ഞവർ മുറിയിലാകെ കണ്ണോടിച്ചു.

“ഇല്ല അലക്സ്‌ പറഞ്ഞത് പോലെ ഒരു പന്തികേടൊന്നും റൂമിലില്ലെന്ന് അവർക്ക് തോന്നി”.

ആന്റി ഹിമയെ പിടിച്ച് അവരുടെ നേരെ തിരിച്ചു നിർത്തി. കുനിഞ്ഞിരുന്ന അവളുടെ ശിരസ്സ് ഇരുകൈകൾ കൊണ്ടുമുയർത്തി..”നീ കരഞ്ഞോ മോളേ ?”കരഞ്ഞു കലങ്ങിയ അവളുടെ മിഴികൾ കണ്ട് അവർ ചോദിച്ചു.

ഹിമക്ക് അവരുടെ കൈകളോട് അറപ്പു തോന്നി..അവൾ അവരുടെ കൈകൾ മുഖത്തു നിന്നും അടർത്തി മാറ്റി.

പെട്ടെന്ന് ബെല്ലടിച്ചു, ആന്റി താഴേക്കു ധൃതി വച്ച് ഇറങ്ങിവാതിൽ തുറന്നു…”അലക്സ്‌, അവൻ ആന്റിയെ ശ്രദ്ധിച്ചില്ല..”

മുകളിലേക്കു ഓടിക്കയറി, അവൻ വരുന്നതു കണ്ട ഹിമ റൂമിൽ കയറി വാതിൽ അടക്കാനൊരുങ്ങി..അവൻ ശക്തിയായി വാതിൽ തള്ളിത്തുറന്നു. അവളുടെ കൈയിൽപിടിച്ചു വലിച്ച് തന്റെ നെഞ്ചോടു ചേർത്തു. അവൾ കുതറി മാറി, ഇതെല്ലാം കണ്ട് നിശബ്ദയായി ആന്റി പുറകിൽ നിൽപ്പുണ്ടായിരുന്നു.

“നിനക്കിപ്പോൾ എന്താണ് സംഭവിച്ചതെന്നെനിക്കറിയാം” പുറകോട്ടു മാറി, ആന്റിയെ അവൻ ചേർത്ത് പിടിച്ചു.., എന്നിട്ടവളോട് പറഞ്ഞു

“ഈ നിൽക്കുന്ന സ്ത്രീ എന്റെ ആരെന്നറിയണം നിനക്ക്…””അതേ, എന്റെ എല്ലാമാണ്, എന്റെ ജീവനും ജീവിതവും ഈ സ്ത്രീയാണ്”.

നിനക്കറിയുമോ… നീ ഓർക്കും പോലെ ഇരുട്ടിന്റെ മറപറ്റി വരുന്ന ഒരു നാലാം കിട കാമുകനല്ല ഞാൻ, അങ്ങനെ എങ്കിൽ എനിക്ക് നിന്റെയരുകിലും വരാമായിരുന്നു.
എന്നോടുള്ള സ്നേഹം കൊണ്ട് നീ എതിർക്കില്ലായിരുന്നു.

അവൾ എല്ലാം കേട്ടും കണ്ടും പകച്ചു നിൽക്കുകയാണ്.”ഈ നിൽക്കുന്നത് എന്റെ അമ്മച്ചിയാടി!”.നെഞ്ച് തകർന്നാണ് അവൻ അപ്പോൾ പറഞ്ഞത്..

“പത്തിരുപത്തഞ്ചു കൊല്ലം മുൻപ് നിന്റെയാന്റിക്ക് കൂട്ടുകാരൻ സമ്മാനിച്ച ഗിഫ്റ്റ് ആണ് ഈ നിൽക്കുന്ന ഞാൻ!”

“ഉദരത്തിലൊരു കുഞ്ഞിനെ കൊടുത്തിട്ട് അയാൾ പൊടീം തട്ടിപ്പോയി, കല്യാണം കഴിക്കാത്ത അമ്മച്ചിക്ക് ഞാൻ ജനിക്കും മുൻപേ കൊല്ലാമായിരുന്നു. പക്ഷെ കൊന്നില്ല..!!

ആരുമറിയാതെ പ്രസവിച്ചു, പള്ളിയിൽ സിസ്റ്ററമ്മയെ ഏൽപ്പിച്ചു.., എല്ലാ മാസവും എന്നെക്കാണാൻ വരുമായിരുന്നു.. എനിക്ക് ഒരു കുറവും വരുത്തിയില്ല.. പിന്നെ ജോലിയൊക്കെയായപ്പോൾ ഞാൻ ഇങ്ങോട്ട് പോന്നു.

പക്ഷെ എന്റെയമ്മച്ചിയെ ഉള്ളുതുറന്നു സ്നേഹിക്കാൻ എനിക്കായില്ല… മറ്റ് ആളുകൾ കാണുമെന്നോർത്ത്… നീ ഈ കണ്ട കണ്ണുകൾ കൊണ്ട് എല്ലാരും കാണുമെന്ന് ഞാനും ഭയന്നു.

അത്രക്ക് അത്യാവശ്യമുള്ള രണ്ടോ മൂന്നോ രാത്രികളിൽ എന്റെ അമ്മച്ചിയെ കാണാൻ ഞാനിവിടെ വന്നു.

” എന്റെ മോനെ മതിയടാ നിർത്തെടാ..” ആ സാധുസ്ത്രീ അവന്റെ നെഞ്ചിൽ വീണു കരഞ്ഞുകൊണ്ട് പറഞ്ഞു.

അലക്സ് മുറിയാകെ ചെക്ക് ചെയ്തു..ഡ്രോ തുറന്നു..ബുക്ക്‌ അവന്റെ കണ്ണിൽപെട്ടു. അതവൻ തുറന്നു വായിച്ചു..

എന്നിട്ട് അമ്മച്ചിയോടായി പറഞ്ഞു.. “നിങ്ങള് പറഞ്ഞില്ലേ അമ്മച്ചി. ഇവളെ ഇന്റർവ്യൂന് കൊണ്ടുപോകുമ്പോൾ എല്ലാംഇവളോട് പറയണമെന്ന്” എന്നാൽ ഇത് കണ്ടോ,ഇവള് ചാകാൻ പോകുവായിരുന്നു.. നമ്മളെ തോൽപ്പിച്ചിട്ട്.

ബുക്ക്‌ അമ്മച്ചിയുടെ കൈയിൽ കൊടുത്തിട്ട് അലക്സ് കൈ ശക്തിയായി ഭിത്തിൽ ഇടിച്ചു.
അവന്റെ ഉള്ളിലെ വേദന താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

ബുക്കിൽ എഴുതിയത് വായിച്ച് കരയാൻ മാത്രമേ ആ സ്ത്രീക്ക് ആയുള്ളൂ.താൻ വിചാരിച്ചതെല്ലാം തെറ്റായിപ്പോയതറിഞ്ഞു ഹിമ തളർന്നു ബെഡിലേക്കിരുന്നു.ആന്റി അവൾക്കരുകിലായി വന്നിരുന്നു.”മോളേ”

ആ ഒരു വിളിയിലുണ്ടായിരുന്നു അവരുടെ മനസ്സിൽ അവളോടുള്ള സ്നേഹം മുഴുവൻ. അവൾ ആന്റിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു. ഇതെല്ലാം കണ്ട് അലക്സ്‌ ഭിത്തിയിൽ ചാരി നിൽപ്പുണ്ടായിരുന്നു.

മാസങ്ങൾ കടന്ന് പോയി.. ഇന്ന് ആ വീട്ടിൽ അമ്മച്ചിയും അലക്‌സും അവന്റെ പാതിയായ ഹിമയും പുതിയ ഒരഥിതിക്കായി കാത്തിരിക്കുന്നു..!!

Leave a Reply

Your email address will not be published. Required fields are marked *