(രചന: Aparna Shaji)
“കല്യാണവും വേണ്ട ,, എനിക്കാരെയും കാണേണ്ടാന്നും പറഞ്ഞില്ലേ…. പിന്നെന്തിനാ വീണ്ടും ,, വീണ്ടും അതും പറഞ്ഞോണ്ട് പിന്നാലെ വരുന്നത് …. ” പിറുപിറുത്തുകൊണ്ടവൾ അമർഷത്തോടെ മുഖം തിരിച്ചു …
” ചേച്ചി ,, ഇതാ ആ ചേട്ടന്റെ ഫോട്ടോ … ” അർണവ് , അവന്റെ മൊബൈൽ ,, ആവണിയുടെ കയ്യിലേക്ക് കൊടുത്തു…..
” കൊണ്ടു പൊയ്ക്കോണം ,, അവന്റെ അമ്മൂമ്മേടെ ഒരു ഫോട്ടോ …
എനിക്കാരെയും കാണേണ്ട …”
തന്റെ കയ്യിലിരുന്ന മൊബൈൽ ,, ആവണി ദേഷ്യത്തിൽ നിലത്തേക്ക് എറിയാൻ തുടങ്ങിയതും അർണവ് അത് പിടിച്ചു വാങ്ങി ….
ആവണിയെ തറപ്പിച്ചൊന്ന് നോക്കി … അവൻ എന്തോ പറയാൻ തുടങ്ങിയതും , ഇതെല്ലാം കണ്ടുകൊണ്ട് നിന്ന അമ്മ തടഞ്ഞു ….
” നല്ല പയ്യനാ മോളെ … നീ ആ ഫോട്ടോ ഒന്ന് കണ്ടു നോക്ക് … ” അഴിഞ്ഞുലഞ്ഞ ആവണിയുടെ മുടി ഒതുക്കി വച്ചുകൊണ്ട് ,, അവളെ അനുനയിപ്പിക്കാനെന്നോണം അമ്മ ,, സൗമ്യതയോടെ പറഞ്ഞു ….
” കാണേണ്ടാന്ന് പറഞ്ഞില്ലേ…
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ,, എനിക്കിപ്പോൾ വിവാഹം വേണ്ടാ …” ഉറച്ചതായിരുന്നു അവളുടെ വാക്കുകൾ … ആക്രോശത്തോടെ പറയുമ്പോൾ ആ പെണ്ണിന്റെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു …
എങ്കിലും കരയാതെ ആവണി പിടിച്ചുനിന്നു … ‘ തളരരുത് ‘ എന്നവൾ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു …. ഇനിയും ഒരുപാട് പൊരുതേണ്ടി വരും … തളർന്നുപോയാൽ തോറ്റുപോകുമെന്ന് അവൾക്കുറപ്പായിരുന്നു…..
” ചേച്ചീ …” അർണവ് വീണ്ടും എന്തോ പറയാൻ വന്നതും ,, ആവണി കൈ ഉയർത്തി കാട്ടി തടഞ്ഞു ….
” എനിക്കൊന്നും കേൾക്കേണ്ടാന്ന് ,, നിങ്ങളോടല്ലേ പറഞ്ഞത് … ” വിരസതയോടെ പറഞ്ഞവൾ ,, മുഖം തിരിക്കുമ്പോൾ ദൈന്യതയോടെയുള്ള അമ്മയുടെ നോട്ടം കണ്ടില്ലെന്ന് നടിക്കാനായില്ല …
” എനിക്ക് പഠിക്കണം അമ്മേ …. ഒരു രണ്ടുവർഷം കൂടി …. അത് കഴിഞ്ഞാൽ ,, നിങ്ങൾ പറയുന്ന ആരെ വേണേലും കല്യാണം കഴിച്ചോളാം…. അത് വരെ ഞാൻ ഇവിടെ നിന്നോട്ടെ ….
പ്ലീസ് അമ്മേ …. എന്നെ നിർബന്ധിക്കല്ലേ …. ” ആവണിയുടെ ശബ്ദം നന്നേനേർത്തു … വാക്കുകളിൽ യാചന കലർന്നു ….
പ്രതീക്ഷയോടെ അവൾ അമ്മയെ നോക്കി ,, ആ മുഖത്ത് നിസ്സഹായതയാണ് ….
മക്കളോടുള്ള വത്സല്യത്തെക്കാൾ ,, ഭർത്താവിന്റെ വാക്കുകൾക്ക് മൂല്യം കൽപ്പിക്കുന്ന ആ സ്ത്രീക്ക് ,, മകളുടെ ദയനീയ അവസ്‌ഥ നിസ്സഹായയായി കണ്ട് നിൽക്കാനെ കഴിഞ്ഞുള്ളൂ …
“അമ്മയോട് കെഞ്ചിയിട്ട് ഒരു കാര്യവുമില്ല ….. അച്ചൻ എല്ലാം തീരുമാനിച്ചു … ഈ ഞായറാഴ്ച അവരിവിടേക്ക് ,, പെണ്ണ് കാണാൻ വരും … ”
അർണവ് സഹതാപത്തോടെ പറയുന്നത് കേട്ടപ്പോൾ ,, ആവണി ഒന്ന് ചിരിച്ചു …. അത്രമേൽ ഉള്ളം
നീറിയുള്ള ചിരി ….
ഇനി താൻ ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്നവൾക്ക് മനസ്സിലായി ….
വാശിക്കാരനാണ് ആവണിയുടെ അച്ചൻ … എന്തെങ്കിലും തീരുമാനിച്ചാൽ അത് നടത്തിയിരിക്കും …. അവിടെ അവളുടെ ഇഷ്ട്ടത്തിനോ , തീരുമാനങ്ങൾക്കോ ഒന്നും സ്ഥാനമില്ല ….
അച്ചനെ എന്നും ബഹുമാനത്തോടെ നോക്കിയവൾക്ക് ,, അന്നാദ്യമായി ആ മനുഷ്യനോട് ദേഷ്യം തോന്നി … മക്കളുടെ മനസ്സറിയാൻ കഴിയാത്ത അച്ഛനോട് പുച്ഛം തോന്നി …
” കല്യാണം കഴിഞ്ഞാലും
മോൾക്ക് പഠിക്കാം … അവർക്ക് പഠിക്കാൻ പോകുന്നതിൽ എതിർപ്പ് ഒന്നുമില്ല ….” അമ്മയുടെ ആശ്വാസ വാക്കുകൾ ഒന്നും ആ പെണ്ണിന്റെ കാതിൽ പതിച്ചില്ല ….
പാതി എഴുതി നിർത്തിയ അസ്സൈമെന്റിലേക്ക് ആവണി നിസ്സംഗതയോടെ നോക്കി …. പിജി സെക്കന്റ് ഇയറാണവൾ …. സെക്കന്റ് ഇയർ തുടങ്ങി എങ്കിലും ,, സെക്കന്റ് sem exam പോലും കഴിഞ്ഞിട്ടില്ല…..
അമ്മയുടെ നെഞ്ചിലേക്ക് ചായുമ്പോൾ ,, മിഴികൾ അനിയന്ത്രിതമായി പെയ്തുകൊണ്ടിരുന്നു ….
” നിഹാൽ എന്നാ അവന്റെ പേര് … സോഫ്റ്റവെയർ എൻജിനീയർ ,, ലണ്ടനിലാ വർക്ക് ചെയ്യുന്നത് …. ആ പയ്യന് വലിയ പ്രായമൊന്നുമില്ല , ഇരുപത്തഞ്ചു വയസ്സോ മറ്റോ ഒള്ളു …
അച്ചന് അവരെ നന്നായിട്ടറിയാം …
നല്ല വീട്ടുകാരാ ,, ഒറ്റ മോനെ ഒള്ളൂ … ഇഷ്ടം പോലെ സ്ഥലമൊക്കയുണ്ട് …. മോൾക്ക് അവിടെ ഒരു ബുദ്ധിമുട്ടും കാണില്ല … പിന്നെന്തിനാ ഇങ്ങനെ വിഷമിക്കുന്നത് ….. ” നിറ മിഴികൾ തുടച്ചുകൊണ്ട് പുച്ഛത്തോടെ അവളൊന്ന് ചിരിച്ചു ….
“പണം കൊടുത്താൽ സന്തോഷം കിട്ടില്ല അമ്മാ…. എന്റെ ആഗ്രഹങ്ങളെയും,, സ്വപ്നങ്ങളെയും ബലികഴിച്ചു കൊണ്ട് പണിതുയർത്താൻ പോകുന്ന ഈ ജീവിതത്തിൽ ഇനിയെന്ത് സന്തോഷമാണ് എന്നെ കാത്തിരിക്കുന്നത്….. ”
” കല്യാണം കഴിഞ്ഞും പഠിച്ചു , ജോലി വാങ്ങുന്ന എത്രയോ കുട്ടികളുണ്ട് … ”
” അവർക്ക് അതിനുള്ള caliber ഉണ്ടായിരിക്കും …. ഫാമിലി ലൈഫും ,, പഠനവും ഒരുമിച്ച് കൊണ്ടുപോകാൻ ,, എനിക്കാവുമെന്ന് തോന്നുന്നില്ല …. അത്രക്ക് സാമർഥ്യം ഒന്നും അമ്മയുടെ ഈ മോൾക്കില്ല …. ഉണ്ടായിരുന്നു എങ്കിൽ എനിക്കിന്ന് ഇങ്ങനെ കരയേണ്ടി വരില്ലല്ലോ …”
“ഇതൊക്കെ നിന്റെ തോന്നലാ
വേണി…. ” ആവണി മറുപടിയൊന്നും നൽകിയില്ല … ഏറെനേരം ഇരുവർക്കുമിടയിൽ മൗനം ഇടം പിടിച്ചു ….
” ഈ നഴ്സറികളിൽ നിന്ന് വാങ്ങുന്ന ചെടികളെ പോലാല്ലേ
നമ്മുടെയൊക്കെ ജീവിതം …. കുറച്ചു വളർന്നു കഴിയുമ്പോൾ ,, ആരെങ്കിലും വന്ന് പറിച്ചെടുത്തു കൊണ്ടുപോകും …
ചില ചെടികൾ പുതിയ സാഹചര്യത്തിൽ കൂടുതൽ ശക്തിയോടെ തഴച്ചു വളരും … ചിലത് ,, തളിർക്കാനാവാതെ മുരടിച്ച് അങ്ങനെ നിൽക്കും …. മറ്റു ചിലത് ,, വാടി കരിഞ്ഞ് എന്നന്നേക്കുമായി ഇല്ലാണ്ടാവും …. വിസ്മയയെ ഒക്കെ പോലെ … അല്ലേ അമ്മേ … ”
വീണ്ടും ആവണിയുടെ കണ്ണുകൾ നിറഞ്ഞു …. അവളെ എന്തു പറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ ആ അമ്മയും മൂകമായി കേട്ടിരുന്നു …
“എന്റെ അഭിപ്രായത്തിന് ഈ വീട്ടിൽ വലിയ പ്രസക്തി ഒന്നുമില്ല …. അച്ചൻ എല്ലാം തീരുമാനിച്ചു കഴിഞ്ഞു … ഇനി എന്ത് പറഞ്ഞിട്ടും ,, ഒരു കാര്യമില്ല ….
എനിക്ക് പഠിക്കണം , സ്വന്തമായി ഒരു ജോലി വാങ്ങണം… പിന്നെയും ഉണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ…. അതെല്ലാം കഴിഞ്ഞിട്ടേ എന്റെ ലൈഫിൽ വിവാഹത്തിന് സ്ഥാനമുള്ളു ….
ഇപ്പോഴൊരു വിവാഹത്തിന് ,, ഞാനൊട്ടും prepared അല്ല ….എനിക്ക് ചേട്ടനോട് ഇഷ്ട്ടക്കുറവൊന്നുമില്ല … എന്നാൽ പ്രിത്യേകിച്ച് ഒരിഷ്ട്ടവുമില്ല ….
ഇഷ്ടമില്ലാണ്ട് വിവാഹം കഴിച്ചാൽ അതിന്റെ അസ്വാരസ്യങ്ങൾ ജീവിതകാലം മുഴുവൻ ,, നമുക്കിടയിൽ ഉണ്ടാകും …ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും എന്ന് പറഞ്ഞ പോലെ….
എന്നെ ഒന്ന് സഹായിക്കാമോ ..?? ഇപ്പോൾ എന്നെ സഹായിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ …. നിങ്ങൾക്ക് എന്നെ ഇഷ്ട്ടമായില്ല എന്നൊന്ന് പറയാമോ ….?? ”
നിഹാലിന്റെ മുഖത്തേക്ക് നോക്കാതെ , ആരും തങ്ങളെ ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പുവരുത്തി കൊണ്ട് ആവണി കെഞ്ചലോടെ ചോദിച്ചു ….
എന്താവും അവന്റെ മുഖത്തെ ഭാവം എന്നറിയാൻ പോലും ആ
മുഖത്തേക്ക് നോക്കിയില്ല….
‘ ആവശ്യകാരന് ഔചിത്യമില്ല ‘ അവൾ സ്വയം ആശ്വാസം കണ്ടെത്തി ….
” ഈ വിവാഹം മുടങ്ങിയാൽ ,, ഉടനെ മറ്റൊരു വിവാഹത്തിന് അച്ചൻ
എന്നെ നിർബന്ധിക്കില്ല …. ചേട്ടന് സഹായിക്കാൻ കഴിയുമെങ്കിൽ ,, സഹായിക്കണം ….” ഇടറിയ ശബ്ദത്തിൽ അത്രയും പറഞ്ഞവൾ മറുപടിക്ക് കാത്തുനിൽക്കാതെ അകത്തേക്ക് പോയി ….
ആവണിയുടെ ആവശ്യം കേട്ടിട്ടോ , അതോ നിഹാലിന് അവളെ ഇഷ്ട്ടമാവാത്തത് കൊണ്ടോ ആ വിവാഹം മുടങ്ങി ….
വിവാഹം നടക്കില്ല എന്നറിഞ്ഞപ്പോൾ
ആവണിക്ക് ,, നിഹാലിനോട് താങ്ക്സ് പറയണമെന്ന് ഉണ്ടായിരുന്നെങ്കിലും ,, എന്തുകൊണ്ടോ ആ ആഗ്രഹം ,, അവൾ മനസ്സിൽ ഒതുക്കി….
വിവാഹം തൽക്കാലത്തേക്ക് വേണ്ടാന്ന് വച്ചപ്പോഴും ,, ഭയമെന്ന വികാരത്തെ കീഴ്‌പ്പെടുത്തി അച്ചന്റെ മുന്നിൽ , മനസ്സ് തുറക്കാൻ മാത്രം ആവണിക്ക് കഴിഞ്ഞില്ല ….
രണ്ട് വർഷങ്ങൾ ശരവേഗത്തിൽ കടന്ന് പോയി ….
കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടതും ,, വായിച്ചുകൊണ്ടിരുന്ന ബുക്ക് ടേബിളിലേക്ക് വച്ചിട്ട് , ആവണി എണീറ്റ് പോയി ഡോർ തുറന്നു …
അച്ചനും , അമ്മയും , അനിയനും ഒരു കല്യാണത്തിന് പോയതിനാൽ ആവണി ഒറ്റക്കായിരുന്നു വീട്ടിൽ …. അതുകൊണ്ട് തന്നെ ആരായിരിക്കും എന്നൊരു ഭീതിയോടെ ആണവൾ ഡോർ തുറന്നത് ….
മുന്നിൽ നിൽക്കുന്ന ചെറുപ്പക്കാരന്റെ മുഖം എവിടെയോ കണ്ട ഓർമ ഉണ്ടെങ്കിലും ,, എവിടെ ആണെന്ന് മാത്രം
അവൾക്ക് മനസ്സിലായില്ല …..
അയാൾ ആവണിയെ നോക്കി ചിരിച്ചതും ,, നേർത്തൊരു ചിരി ആവണിയും നൽകി ….എങ്കിലും ആരെന്ന് ചോദ്യം അവളിൽ ശേഷിച്ചു ….
” Am Nihal … ” ചെറുചിരിയോടെ അവൻ സ്വയം , പരിചയപ്പെടുത്തി …
ആ പേര് അവൾക്ക് ഒരിക്കലും മറക്കാൻ കഴിയുന്നതായിരുന്നില്ല … നന്ദിയോടെ ആ പെണ്ണൊന്ന് ചിരിച്ചു ….
അവളുടെ മനസ്സ് തിരിച്ചറിഞ്ഞ പോലെ അവനൊന്ന് കണ്ണ് ചിമ്മിയടച്ചു ….
അന്ന് അവന്റെ മുഖത്തേക്ക് പോലും നോക്കാതെ , പറഞ്ഞതത്രയും ഒരുമാത്രേ അവളൊന്ന് ഓർത്തെടുത്തു ….
എന്തിനാകും നിഹാൽ വീണ്ടും ,, ഇവിടേക്ക് വന്നത് എന്ന ആലോചനയിൽ മുഴുകി
അൽപ്പസമയം സംശയിച്ചു നിന്നു ….
വീട്ടിൽ ആരുമില്ലാത്ത കൊണ്ട് ,, അവനെ അകത്തേക്ക് ക്ഷണിക്കാൻ ആവണി മുതിർന്നില്ല …. രണ്ടുപേരും സിറ്റ്ഔട്ടിലിരുന്നു …
” ആവണി ഇപ്പോൾ ….?? ” നിഹാൽ തന്നെ സംസാരത്തിന് തുടക്കം കുറിച്ചു…
ചോദ്യഭാവത്തിൽ അവളെ നോക്കി
” പഠനം നിലനിൽപ്പിന്റെ ,, ആവശ്യം കൂടി ആയപ്പോൾ ,, മടി ഒക്കെ മാറ്റി പഴയതിലും ഉത്സാഹത്തോടെ പഠിച്ചു … പിജി തരക്കേടില്ലാത്ത മാർക്കോടെ പാസ്സായി …
പിന്നെ NET കോച്ചിങിന് ചേർന്നു… നെറ്റ് എഴുതി ,, JRF കിട്ടി …. ഇപ്പോൾ പഠിപ്പിക്കലും , റീസേർച്ചും ഒക്കെയായി ഹാപ്പിയായിട്ട് പോകുന്നു… ” ആവേശത്തോടെ ആവണി പറഞ്ഞപ്പോൾ ,, മറുപടി അവൻ ഒരു ചിരിയിൽ ഒതുക്കി ….
” ചേട്ടനോട് താങ്ക്സ് പറയണമെന്ന് ഉണ്ടായിരുന്നു … പിന്നെ ശരിക്കും എന്നെ ഇഷ്ട്ടമാകത്തത് കൊണ്ടാണെങ്കിലോ ,, എന്ന് കരുതിയാ പിന്നീട് contact ചെയ്യാൻ ശ്രമിക്കാതിരുന്നത്… ”
” ഈ ‘ ചേട്ടാ ‘ എന്നുള്ള വിളി ബോറാഡോ… യൂ ക്യാൻ കോൾ മീ നിഹാൽ… ”
” Okkey Nihal … And Thank you so much… “നിറപുഞ്ചിരിയോടെ ആവണി പറഞ്ഞതും ,, നിഹാലും ചിരിച്ചു …
ആവണി പിന്നെയും അവളുടെ ,, സന്തോഷങ്ങൾ പങ്കുവച്ചപ്പോൾ ,, നിഹാലും അവനെക്കുറിച്ചും വാചാലനായി … ഇരുവരും ഒരുപാട് സംസാരിച്ചു …
” പ്ലസ് ടൂവിൽ പഠിക്കുമ്പോൾ എനിക്കൊരു അഫെയർ ഉണ്ടായിരുന്നു …. നേദ്യ എന്നാണ് അവളുടെ പേര് ….
ഞങ്ങൾ രണ്ടുപേരും introvert
ആയിരുന്നു …. അത് തന്നെയാണ് പരസ്പരം അടുക്കാനും കാരണം ..
അധികം ആരോടും സംസാരിക്കാതെ,, എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി ,, എന്റേതായ ഒരു സെയ്ഫ് സോണിൽ എപ്പോഴും ഒതുങ്ങി കൂടാനായിരുന്നു എനിക്കിഷ്ടം ……
അതുകൊണ്ട് തന്നെ ഫ്രണ്ട്സും കുറവായിരുന്നു … അങ്ങനെ എപ്പോഴോ ആണ് അവളെ ശ്രദ്ധിച്ചു തുടങ്ങുന്നതും …. നേദ്യയും എന്നെപോലെയായിരുന്നു ,, ഏതെങ്കിലും ഒരു ബെഞ്ചിന്റെ മൂലയിൽ ഒതുങ്ങി കൂടുന്ന ടൈപ്പ് …..
അത്യാവശ്യം വൈബ്രെന്റ് ആയിട്ടുള്ള കുട്ടികൾക്കിടയിൽ എന്നെപോലെ
ഒരാളെ കണ്ടെത്തിയ
സന്തോഷത്തിലായിരുന്നു ഞാനും അപ്പോൾ … പിന്നീട് അവളെ ശ്രദ്ധിക്കുന്നത് പതിവായി … ഞാൻ നോക്കുന്നത് തിരിച്ചറിഞ്ഞിട്ടോ എന്തോ ,,
ഇടക്കിടെ അവളുടെ മിഴികളും എന്നെ തേടിയെത്തി ….
ഇടക്ക് മിഴികൾ കോർക്കുമ്പോൾ എനിക്കായവൾ ചെറുചിരി സമ്മാനിക്കാൻ തുടങ്ങി … അവളിൽ വിരളമായികാണുന്ന ആ ചിരി എന്റെ ഉറക്കവും കെടുത്തി…. മനസ്സ് പുതിയ സ്വപ്നങ്ങൾ നെയ്യാൻ തുടങ്ങി….
ഒരുദിവസം എന്തോ ഹോംവർക്കിന്റെ doubt ചോദിച്ച് ,, ഏറെ പ്രതീക്ഷയോടെ ഞാൻ അവൾക്ക് മെസ്സേജ് അയച്ചു ….
പക്ഷേ എന്റെ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ട് ,,ഒരാഴ്ച്ച കഴിഞ്ഞപ്പോഴാണ് കക്ഷി ,, ആ മെസ്സേജിന് റിപ്ലൈ തന്നത് ….
അവളുടെ മെസ്സേജ് കണ്ടപ്പോൾ എനിക്ക് ,, ദേഷ്യം വന്നു … ആ ദേഷ്യത്തിലും ,, നിരാശയിലും അവളോട്
എന്തൊക്കെയോ പറഞ്ഞു വഴക്കിട്ടു …
അന്നത്തെ ആ വഴക്കിൽ നിന്ന് ഞങ്ങൾക്കിടയിൽ സൗഹൃദം തുടങ്ങി … സൗഹൃദത്തിൽ നിന്ന് പ്രണയവും….
ഒരേ ഇഷ്ട്ടങ്ങൾ ഉള്ളവർ ,, ഒരേപോലെ ചിന്തുക്കുന്നവർ അങ്ങനെ അടുത്തറിഞ്ഞപ്പോൾ ഞങ്ങൾക്കിടയിൽ സമാനതകൾ ഒരുപാട് ഉണ്ടായിരുന്നു ….
നേദ്യ അത്യാവശ്യം പഠിക്കുന്ന കൂട്ടത്തിലായിരുന്നു … അവൾക്ക് മൊബൈൽ യൂസ് ചെയ്യുന്നതൊന്നും ഇഷ്ട്ടമല്ലായിരുന്നു …. അതുകൊണ്ട് തന്നെ ഞങ്ങൾക്കിടയിൽ ചാറ്റിങ് ഇല്ലായിരുന്നു …
ക്ലാസ്സിൽ വരുമ്പോൾ ആരും കാണാതെ സംസാരിക്കുന്ന രണ്ടോ , മൂന്നോ മിനിറ്റുകൾ .. ഞായറാഴ്ച ദിവസം ,, വീട്ടിൽ ആരും കാണാതെ വിളിക്കുന്ന ഒരുമണിക്കൂർ …. അത്രയുമായിരുന്നു ഞങ്ങളുടെ പ്രണയ നിമിഷങ്ങൾ …..
അങ്ങനെ ആരുമറിയാതെ ഞങ്ങൾ പ്രണയിച്ചു ….
പിജി ഫസ്റ്റ് ഇയറിൽ പഠിക്കുമ്പോഴാണ് നേദ്യക്ക് വീട്ടിൽ കല്യാണം ആലോചിച്ചു തുടങ്ങിയത് ….
ഒരുദിവസം അവൾ എന്നെ വിളിച്ചിട്ട് പറഞ്ഞു … ‘ വിവാഹം ഉറപ്പിച്ചു … വിളിച്ചാൽ മതി ,, എവിടേക്ക് വേണേലും ഞാൻ ഇറങ്ങി വരാമെന്ന് …. ‘ അന്ന് ഞാൻ എൻജിനീയറിങ് ഫൈനലിയറാണ്…
ക്ലിയർ ചെയ്യാത്ത രണ്ടു സപ്ലിയാണ് ആകെയുള്ള സമ്പാദ്യം….. മറുപടി നൽകാതെ ഫോൺ വച്ചു …. ഒന്നും പറയാൻ ഇല്ലായിരുന്നു … നഷ്ട്ടപെടുത്തല്ലേയെന്ന് മനസ്സും , സ്വന്തമാക്കാൻ ശ്രമിക്കരുത് എന്ന് ബുദ്ധിയും വാശിപിടിച്ചു…..
എന്തിനെന്നറിയാതെ കുറെ കരഞ്ഞു…
അന്നവളെ സ്വന്തമാക്കാനുള്ള ധൈര്യം എന്റെ മനസ്സിന് ഇല്ലായിരുന്നു …. പിരിയാമെന്ന് പറഞ്ഞതും ,, അവളുടെ നമ്പർ ബ്ലോക്ക് ചെയ്തതും എല്ലാം ഞാനായിരുന്നു ….
അപ്പോഴും അവളെ വിട്ടുകൊടുക്കാൻ മനസ്സ് തയ്യാറല്ലായിരുന്നു …. കുറെ ദിവസം ഡെപ്രെഷൻ അടിച്ചിരുന്നു.. അവസാനം എല്ലാം കാര്യവും വീട്ടിൽ പറയാൻ തീരുമാനിച്ചു ….
എല്ലാ മാതാപിതാക്കളേയും പോലെ ‘ പ്രണയം ‘ എന്ന് കേട്ടതെ അവരും പുച്ഛിച്ചു തള്ളി …പിന്നെ കുറെ ദേഷ്യപ്പെട്ടു ,, ഉപദേശിച്ചു …പക്ഷേ അതൊന്നും കാര്യമാക്കാതെ , ഞാൻ എന്റെ സ്റ്റാൻഡിൽ ഉറച്ചുനിന്നു ….
അവസാനം അവരെന്റെ വാശിക്ക് മുന്നിൽ കീഴടങ്ങി ….
അപ്പോഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല …..
ആദ്യമായി അവൾക്ക് മെസ്സേജ് അയച്ച ദിവസത്തെ പോലെ അതേ ആകാംക്ഷയോടും ,, ആവശത്തോടും കൂടെ ,, ഒരുമാസത്തിന് ശേഷം ഞാൻ അവളെ വിളിച്ചു …. ബട്ട് ഫോൺ എടുത്തത് നേദ്യയുടെ ഹസ്ബൻഡ് ആയിരുന്നു ….
” She is no more ….” എന്ന് മാത്രം പറഞ്ഞയാൾ ഫോൺ വച്ചു …” ശബ്ദം ഇടറിയതും അത്രയും പറഞ്ഞ് ,,, നിഹാൽ സംസാരം നിർത്തി ….
അവന്റെ നിറ മിഴികൾ കാണവേ ,, എന്ത് പറയണമെന്നറിയാതെ വാക്കുകൾക്കായി ആവണി പരതി….
ഏതാനും നേരത്തേക്ക് ഇരുവർക്കുമിടയിൽ മൗനം നിറഞ്ഞുനിന്നു .. ആവണി എണീറ്റ് പോയി , ഒരു ഗ്ലാസ് ജൂസ് എടുത്തുകൊണ്ടു വന്ന് നിഹാലിന് കൊടുത്തു …. നിറം മങ്ങിയൊരു ചിരി നൽകി അവനത് നിരസിച്ചു …..
” I’m sorry … കുറച്ചധികം വെറുപ്പിച്ചല്ലേടോ…. ”
” ഏയ് ഇല്ല … ” നിഹാലിൽ നിന്ന് തന്റെ മിഴകളെ അടർത്തി മാറ്റതവൾ മറുപടിനൽകി…. അവന്റെ കണ്ണുകൾ നിറഞ്ഞപ്പോൾ ,, വേദനിക്കുന്നത് തനിക്കാണ് എന്ന് ആവണിക്ക് തോന്നി ….
” ഞാൻ ആവണിയെ കാണാൻ വന്നത് എന്റെ പേർന്റ്‌സ് നിർബന്ധിച്ചിട്ടായിരുന്നു …. അല്ലാണ്ട് ഒരു marriage നെക്കുറിച്ച് ഞാൻ ഇതുവരെ ചിന്തിച്ചിട്ടില്ല …
അന്ന് ആവണിയുടെ സംസാരം കേട്ടപ്പോൾ ,, നേദ്യ മാത്രമായിരുന്നു മനസ്സിൽ …. നേദ്യയുടെ അതേ ദയനീയതയായിരുന്നു , തന്നിലും കണ്ടത് ….
ഒരു സാധാരണ കുടുംബത്തിൽ ,, ജനിച്ചുവളർന്നവളാണ് നേദ്യ … അതുകൊണ്ട് തന്നെ നന്നായി പഠിക്കണം ,, ജോലി നേടണം , സ്വന്തമായി ഒരു വീട് വാങ്ങണം ഇതൊക്കെ ആയിരുന്നു അവളുടെ ആഗ്രഹം …. ” വീണ്ടും അവന്റെ കണ്ണുകളിൽ നീർക്കണങ്ങൾ തിളങ്ങി ….
” ആവണിയുടെ അച്ചനോട് ,, എനിക്ക് തന്നെ ഇഷ്ട്ടമായി ,, എന്നാണ്
ഞാൻ പറഞ്ഞത് …. വിവാഹം തന്റെ പഠിത്തം കഴിഞ്ഞിട്ട് മതി … അതുവരെ ഈ കാര്യം പറഞ്ഞ് ,, ആവണിയെ നിർബന്ധിക്കേണ്ട എന്ന് എന്റെ അച്ചനെക്കൊണ്ടും പറയിച്ചു…..
വിവാഹകാര്യം പറഞ്ഞുള്ള അച്ഛന്റെയും ,, അമ്മയുടെയും ശല്യപ്പെടുത്തലിൽ നിന്ന് ,,
എനിക്കും രക്ഷപെടാൻ വേണ്ടിയാണ് അന്ന് അങ്ങനെ ഒക്കെ പറഞ്ഞത് ….
ഇപ്പോൾ ആവണി സെയ്ഫ് ആയില്ലേ …
ഇനി അവരോട് സത്യം പറയാല്ലോ …
ഞാൻ ആവണിയുടെ അച്ചനെ കാണാനാ വന്നത് … ഇവിടെ തന്റെ അച്ചനില്ലേ …?? ”
” ഇല്ല …അവരൊക്കെ ഒരു കല്യാണത്തിന് പോയതാ … ”
” ആവണി എന്താ പോകാത്തത്..? ”
” എന്നെ കണ്ടാൽ ,, ഊള ബന്ധുക്കൾ എല്ലാം കൂടി ,, കെട്ടിക്കാനായി ഓടിവരും… അതുകൊണ്ട് പോയില്ല… ”
അവളുടെ മറുപടി കേട്ട് ,, നിരാശ നിറഞ്ഞ ആ മുഖത്ത് ചെറുചിരി വിരിഞ്ഞു …
” ഓഹ് …എങ്കിൽ തന്റെ അച്ചനെ ഞാൻ പിന്നെ വിളിച്ചോളാം … ” അതും പറഞ്ഞവൻ ഇരുന്നിടത്തു നിന്ന് എണീറ്റു …
“അപ്പോൾ എന്നെ ശരിക്കും ഇഷ്ട്ടമായില്ലായിരുന്നുല്ലേ …??? ” ശബ്ദം താഴ്ത്തിയാണവൾ ചോദിച്ചതെങ്കിലും , നിഹാൽ അത് കേട്ടു … മറുപടി അവൻ നേർത്തൊരു ചിരിയിൽ ഒതുക്കി …
നിഹാൽ നടന്നകലുമ്പോൾ ,,
എന്തിനോവേണ്ടി തന്റെ ഹൃദയം പിടയ്ക്കുന്നത് ആവണി വേദനയോടെ തിരിച്ചറിഞ്ഞു ….
” പോട്ടേടോ … ?.” തല ചലിപ്പിച്ചവൾ ,, മറുപടിനൽകി…
” അയാൾ നേദ്യയുടെ കാര്യം ,,കള്ളം പറഞ്ഞതായിരുന്നോ..??? ” ചോദ്യം കേട്ടതും നിഹാൽ നിന്നു …
” അല്ല … വിവാഹം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ അവൾ suicide ചെയ്തു…. ” അത്രയും പറഞ്ഞവൻ തിരിഞ്ഞു നോക്കാതെ കാറിലേക്ക് കയറി … നിഹാൽ ദൂരേക്ക് മറഞ്ഞപ്പോൾ ,, പ്രിയപ്പെട്ടതെന്തോ നഷ്ട്ടമായ വേദനയോടെ ആവണി നിന്നു..
” എന്നിട്ട് ….?? ” ആവണി പറയുന്നത് കേട്ടിരുന്ന , അവളുടെ കൂട്ടുകാരിൽ ഒരാൾ ആകാംഷയോടെ ചോദിച്ചു ….
” ഒരാഴ്ച കഴിഞ്ഞ് നിഹാൽ വിളിച്ച് അച്ചനോട് വിവാഹത്തിന് താല്പര്യമില്ല എന്ന് പറഞ്ഞു … അതോടെ അതിന്റെ കാര്യത്തിൽ ഒരു തീരുമാനമായി ….
ഉടനെ എനിക്കൊരു വിവാഹം വേണ്ട ,, എന്ന് അച്ചനോട് പറഞ്ഞപ്പോൾ ,, പാതി മനസ്സോടെ അച്ചൻ സമ്മതിച്ചു …. ”
” നിഹാൽ ,വിവാഹത്തിന് താല്പര്യമില്ല എന്ന് നിന്റെ അച്ഛനോട് പറഞ്ഞതിന് ,, ശേഷം നിങ്ങൾ തമ്മിൽ contact ഉണ്ടായിരുന്നോ ..? ” (സുഹൃത്ത്)
” മ്മ് …ഉണ്ടായിരുന്നു … ഞാൻ നിഹാലിനോട് ഇഷ്ട്ടമാണെന്ന് പറയുന്നത് വരെ ഞങ്ങൾക്കിടയിൽ നല്ലൊരു സൗഹൃദം ഉണ്ടായിരുന്നു …. ”
” നീ ഇഷ്ട്ടമാണെന്ന് പറഞ്ഞപ്പോൾ അയാൾ എന്താ പറഞ്ഞത് …?? ”
” അത് ഇഷ്ട്ടമല്ല ,, സഹതാപമാണെന്ന് … എന്നെ നിഹാലിന് ,, ഒരിക്കലും സ്നേഹിക്കാൻ കഴിയില്ലെന്ന് …!! നേദ്യ മാത്രമേ ,, ആ മനസ്സിൽ ഒള്ളൂ
എന്നൊക്കെ പറഞ്ഞു ….
പിന്നെ കുറെ ഉപദേശിച്ചു …
വഴക്ക് പറഞ്ഞു …. ”
” പിന്നെന്തുണ്ടായി …?? ” ആവണിയുടെ മറ്റൊരു സുഹൃത്ത് ചോദിച്ചു …
” പ്രിത്യേകിച്ചു ഒന്നും ഉണ്ടായില്ല …
ഒരു യാത്ര പോലും പറയാതെ ,, നിഹാൽ എവിടേക്കോ പോയി … അല്ലെങ്കിൽ തന്നെ ,, യാത്ര പറയാൻ ഞാൻ ആരുമല്ലല്ലോ…. ” ശബ്ദം ഇടറാതെയും ,, മിഴികൾ നിറയാതെയും ആവണി ശ്രദ്ധിച്ചു …
” ഇപ്പോൾ അയാൾ എവിടെ ആന്ന് പോലും നിനക്ക് അറിയില്ലേ …?? ” (സുഹൃത്ത് )
ഇല്ലെന്നവൾ തല ചലിപ്പിച്ചു ….
” യൂകെയിൽ ആയിരിക്കും ….
ഞാൻ ആളുടെ വീട്ടിൽ ഒക്കെ പോകുമായിരുന്നു . അതുകൊണ്ടാവും ,, പോയപ്പോൾ അച്ഛനെയും , അമ്മയെയും കൂടി നിഹാൽ ഒപ്പം കൊണ്ടുപോയി …. ”
” നീ അയാളെ ,, ശരിക്കും പ്രണയിക്കുന്നുണ്ടോ വേണി (ആവണി)….?? ”
” അറിയില്ല… പക്ഷേ ഇഷ്ട്ടമാണ്…!
ഒരുപാട് ഒരുപാട് ….”
” നീ ഇപ്പോഴും അയാൾക്ക് വേണ്ടി കാത്തിരിക്കുകയാണോ..? ”
” മ്മ്… ”
” നിനക്ക് സങ്കടം തോന്നാറില്ലേ ..?? ”
” ചിലപ്പോൾ …. എങ്കിലും ,,
ഇഷ്ട്ടമില്ലാത്ത ഒരാൾക്കൊപ്പം ജീവിക്കിന്നതിനെക്കാൾ ,, സുഖമുള്ളതാണ് ഈ കാത്തിരിപ്പ് …. ”
” നിഹാൽ നിന്റെ ഇഷ്ടം മനസ്സിലാക്കി തിരികെ വരുമോ …?? ”
“അറിയില്ല . വരുമെന്ന് പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്നു …. “