തേച്ചതൊന്നും അല്ലെടി.. അവളന്ന് കൊച്ചു കുട്ടി അല്ലെ.. പത്തിൽ പഠിക്കുന്നു… വീട്ടുകാരെ

ലൗ ലെറ്റർ

(രചന: ദേവാംശി ദേവ)

 

കുറച്ച് ദിവസം മുൻപ്…ഒരു വൈകുന്നേരം. സുഖമില്ലാത്ത എന്നെയും കൊണ്ട് കെട്യോൻ അടുത്തുള്ള ഹോസ്പിറ്റലിൽ പോയി…

 

അവിടെ ചെന്ന് എന്നെ ഒരു കസേരയിൽ ഇരുത്തിയ ശേഷം പോയി ടോക്കണൊക്കെ എടുത്തിട്ട് വന്ന് എന്റെ അടുത്തിരുന്ന് ഫോണിൽ കുത്താൻ തുടങ്ങി…

 

ഞാനാണെങ്കിൽ തീരെ വയ്യാത്തത് കൊണ്ട് കണ്ണടച്ച് അങ്ങേരുടെ തോളിൽ ചാരി ഇരിക്കുവാണ്..

 

“സർ..” ഒരു വിളികേട്ട് ഞാനും അങ്ങേരും ഒരുമിച്ച് സൈഡിലേക്ക് തിരിഞ്ഞു നോക്കി..

 

മെറൂൺ കളർ ചുരിദാറൊക്കെ ഇട്ട് അതി സുന്ദരി എന്നൊന്നും പറയാൻ പറ്റില്ലെങ്കിലും നല്ല ഐശ്വരമുള്ള ഒരു ചേച്ചി…കൂടെ ഒരു മോളും.. എന്റെ മോന്റെ പ്രായം വരും..ആ കുഞ്ഞിനെ കണ്ടാൽ അറിയാം സുഖമില്ലെന്ന്..

 

“ഇതാണ സർ വൈഫ്..ഇടക്ക് ഞാനൊരു കല്യാണത്തിന് കണ്ടിരുന്നു..

 

എന്റെ പേര് ആതിര..സാറിന്റെ സ്റ്റുഡൻറ് ആണ്.. പേരെന്താ..” അങ്ങേരോട് പറഞ്ഞിട്ട് ആ ചേച്ചി എന്നോട് ചോദിച്ചു..

 

ഞാനൊരു ഞെട്ടലോടെ പേര് പറഞ്ഞു..

കാരണം അവള് സ്റ്റുഡൻറ് ആണെങ്കിൽ അങ്ങേര് ടീച്ചർ ആവണമല്ലോ..

അങ്ങനെയൊരു കാര്യം ഞാൻ അറിഞ്ഞിട്ടേ ഇല്ല..

 

“എന്ത് പറ്റിയത..”

 

“ശ്വാസം മുട്ടലാ..”

 

“ഇപ്പോഴത്തെ ക്ളൈമറ്റിന്റെയ..

നന്നായി ശ്രെദ്ധിക്കണം..”

 

“അവൻ വന്നില്ലേ..” ഇടക്ക് കയറി എന്റെ കെട്യോൻ ചോദിച്ചു..

 

“കാർ പാർക്ക് ചെയ്യാൻ പോയതാ..”

പറഞ്ഞു തീർന്നതും ആ ചേച്ചിയുടെ ഹസ്ബൻഡ് വന്നു..

 

എന്റെ കെട്യോനേ കണ്ടതും ആളുടെ മുഖം മാറി..ഫേസ് ചെയ്യാൻ എന്തോ ബുദ്ധിമുട്ട് ഉള്ളത് പോലെ..

 

കെട്യോന്റെ മുഖത്തും എന്തോ തെളിച്ച കുറവ്…പരിചയമുള്ളവരെ കണ്ടാൽ പാതിരാത്രിവരെ സംസാരിക്കുന്ന ടൈപ്പ് ആണ്…

 

ഇതിപ്പോ ആരെയോ ബോധ്യപ്പെടുത്താൻ എന്ന പോലെ എന്തൊക്കെയോ പറഞ്ഞു.

 

അവർ ടോക്കണെടുക്കാനും പോയി..

അങ്ങേര് വീണ്ടും ഫോണിലേക്ക് കമന്നു..

തിരിച്ച് വരുന്ന വഴിയും ആള് സൈലന്റ് ആയിരുന്നു…

 

എനിക്കാണെങ്കിൽ മൂക്കടപ്പ് ഉണ്ടെങ്കിലും എന്തൊക്കെയോ ചീഞ്ഞ് നാറുന്നത് കൃത്യമായി അറിയാൻ കഴിയുന്നുണ്ട്..

 

ഇനി അവള് അങ്ങേരുടെ പൂർവ കാമുകി എങ്ങാനും…..

 

ഛേ.. ഛേ.. ഒരിക്കലും ആവില്ല.. കാരണം ഞങ്ങൾ തമ്മിൽ കാണുന്നതിന് മുൻപ് അങ്ങേർക്ക് ഒരു റിലേഷൻ ഉണ്ടായിരുന്നു.. നല്ല അസ്ഥിക് പിടിച്ച ഒന്ന്..വീട്ടുകാർക്കൊക്കെ അറിയാം..ആ ചേച്ചി അന്ന് പത്തിൽ പഠിക്കുവായിരുന്നു..

 

ഇവരുടെ കാര്യം ആരൊക്കെയോ പറഞ്ഞ് വീട്ടിൽ അറിഞ്ഞപ്പോ ആ ചേച്ചിയുടെ അമ്മ എക്സാം കഴിഞ്ഞുടനെ ആ ചേച്ചിയെയും അനിയത്തിയെയും കൂട്ടി അച്ഛന്റെ ജോലി സ്ഥലത്തേക്ക് പോയി…

 

പിന്നീട് അവിടെ ആയിരുന്നു പഠിത്തം..

പിന്നെ ഒന്നും അറിഞ്ഞിരുന്നില്ല..

 

വിവാഹം കഴിഞ്ഞു കാണുമെന്ന് ഉറപ്പായിരുന്നു… ഒരു രണ്ട് വർഷം മുൻപ് അക്ഷയ സെന്ററിൽ വെച്ച് ആ ചേച്ചിയുടെ ഫ്രണ്ടിനെ കണ്ടപ്പോൾ ഭർത്താവിനോടൊപ്പം വിദേശത്ത് ആണെന്ന് പറഞ്ഞു..

 

“നിങ്ങക്ക് കാണാൻ അത്ര ആഗ്രഹമാണെങ്കിൽ ഫേസ്ബുക്കൽ തപ്പ് മനുഷ്യ..”

 

കെട്യോന്റെ മുഖത്തെ പവർകട്ട് കണ്ട് ഞാൻ ചോദിച്ചു..

 

“പിന്നെ..ഇനി അവളെ കാണാത്തത് കൊണ്ടേ ഉള്ളു..അതൊക്കെ ഞാൻ എന്നെ മറന്നതാ..”

 

എന്ന് പറഞ്ഞ ആള് രാത്രി പതിവില്ലാതെ ഫേസ്ബുക്കും കുത്തിപ്പിടിച്ച് ഇരിക്കുന്നതും ഞാൻ കണ്ടതാ…

 

മാത്രവുമല്ല കുടുംബ വീട്ടിലേക്ക് പോയാൽ ആ ചേച്ചിയുടെ വീടിന്റെ മുന്നിലെ റോഡിലൂടെ, ആ വീടിപ്പോ വാടകക്ക് കൊടുത്തേക്കുവാ, രണ്ട് റൗണ്ട് അങ്ങോട്ടും ഇങ്ങോട്ടും വെറുതെ പോകുന്ന ആളാണ്..

 

ഇതിനെല്ലാം പുറമെ ഞാൻ ഗർഭിണിയായിരുന്നപ്പോ ജനിക്കുന്നത് പെൺകുഞ്ഞാണെങ്കിൽ ആ പേരിടാമോ എന്ന് ചോദിച്ച മുതല് .

 

അതുകൊണ്ട് പ്രണയിനി ആകാൻ ഒരു സ്കോപ്പും ഇല്ല…

 

രാത്രി കിടക്കാൻ വന്നപ്പോ ഞാൻ പതിയെ ചോദിച്ചു..

 

“സച്ചു..ആരാ ആ ചേച്ചി..”

 

“ആതിര..”

 

“പേരല്ല ചോദിച്ചത്… അവള് എങ്ങനെയാ നിങ്ങടെ സ്റ്റുഡൻറ് ആയത്….നിങ്ങള് ഏത് സ്കൂളിലാ പഠിപ്പിച്ചേ..”

 

“സ്കൂളിൽ അല്ല.. കോളേജിൽ..”

 

“കോളേജിലോ..”

 

ഞാൻ നന്നായി ഒന്ന് ഞെട്ടി.. കർത്താവേ എന്റെ കെട്യോൻ ഒരു കോളേജ് അധ്യാപകനോ… അവിശ്വസിനീയം…

 

“ങും… നമ്മുടെ വീടിനടുത്തുള്ള ടൂട്ടോറിയൽ കോളേജിൽ..”

 

അയ്യേ അത്രേയുള്ളോ..

 

“ആ ചേച്ചീടെ ഭർത്താവിനെ അറിയോ..”

 

“ങും.. പഠിച്ചിരുന്ന സമയത്ത് എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു..”

 

“എന്നിട്ട് നിങ്ങൾ നന്നായൊന്ന് സംസാരിച്ച് പോലും ഇല്ലല്ലോ..”

 

“ആ തെണ്ടിയോട് അത്രേ എങ്കിലും മിണ്ടിയത് അവള് അടുത്ത് നിന്നത് കൊണ്ടാ..അമ്മാതിരി പണിയ അവനെനിക്ക് തന്നത്..”

 

“എന്ത് പണി..”

 

“ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല..

നീ കേറി കിടക്ക്..”

 

“കിടക്കാം..ആദ്യം കാര്യം പറ..

എന്ത് പണിയാ തന്നത്.”

 

“അത് അവളെ എനിക്ക് ഭയങ്കര ഇഷ്ടം ആയിരുന്നു.. ഞാനന്ന് ടൂട്ടോറിയൽ കോളേജിൽ പഠിപ്പിക്കാൻ പോകുന്ന സമയം..അവള് പത്തിൽ പഠിക്കുന്നു..

 

അതുകൊണ്ട് തന്നെ നേരിട്ട് പറയാൻ ഒരു മടി..ഒന്നും ഇല്ലെങ്കിലും ഞാനവളുടെ സാർ അല്ലെ..

 

ആ തെണ്ടിയോട് കാര്യം പറഞ്ഞപ്പോ അവൻ പറഞ്ഞു ഒരു കത്ത് എഴുതി തന്നാൽ അവൻ കൊണ്ട് കൊടുക്കാം എന്ന്.. രണ്ട് ബി യർ അടിച്ചിരുന്നത് കൊണ്ട് ഞാൻ അപ്പൊ തന്നെ അടുത്ത കടയിൽ പോയി ഒരു വെള്ള പേപ്പർ വാങ്ങി എഴുതി അവന്റെ കൊടുത്തു..”

 

“എന്നിട്ട്..”

 

ആകാംശ അടക്കാൻ വയ്യാതെ ഞാൻ ചോദിച്ചു..

 

“വെള്ളത്തിന്റെ പുറത്ത് സമ്മതിച്ചത് ആണ് അവൻ..പിറ്റേന്ന് നേരം വെളുത്തപ്പോ അവന് പേടിയായി..

 

എങ്കിലും കൊടുക്കാം എന്ന് സമ്മതിച്ചു..

പിന്നെ അതും കൊണ്ട് അവൻ ഒരു മാസം അവളുടെ പുറകെ നടന്നു…

ഒടുവിൽ അവള് വന്ന് അവനോട് ഇഷ്ടമാണെന്ന് പറഞ്ഞു..”

 

“ങേ..നിങ്ങള് എന്തുവാ മനുഷ്യ പറയുന്നേ.. നിങ്ങളല്ലേ അവളെ ഇഷ്ടപ്പെട്ടത്..”

 

“അത് എനിക്കും അവനും അല്ലെ അറിയൂ..അവള് കരുതി അവന് അവളോട് ഇഷ്ടം ഉള്ളത് കൊണ്ടാണ് പുറകെ നടക്കുന്നതെന്ന്..”

 

“എന്നിട്ട്..”

 

“എന്നിട്ട് എന്തോന്ന്..അവൻ ആ കത്തും കീറി കളഞ്ഞ് അവളെ പ്രേമിച്ചു..

ദിവസവും അവള് ക്ഷേത്രത്തിൽ പൊകുന്നത് അവനെ കാണാൻ ആണെന്ന് മനസ്സിലാക്കിയ അവളുടെ വീട്ടുകാര് അവളെ എടുത്തിട്ട് അടിച്ചു..

 

ഇതറിഞ്ഞ് അവൻ അച്ഛനെയും കൂട്ടി അവളുടെ വീട്ടിൽ പോയി പെണ്ണ് ചോദിച്ചു.. മൂന്ന് വർഷം കഴിഞ്ഞ് കല്യാണം നടത്താം എന്ന് ധാരണയിൽ ആയി..

 

അവള് രണ്ട് വർഷം പ്ലസ് ടു വും ഒരു വർഷം തയ്യലും പഠിച്ചു.. പതിനെട്ട് വയസിൽ അവന്റെ ഭാര്യയായി.. അതുവരെ അവർ പ്രേമിച്ചു..

ഇപ്പൊ രണ്ട് പിള്ളേര്.. മൂത്തത് മോൻ ..

ഇളയ മോള് ആണ് അന്ന് നമ്മൾ കണ്ടത്..”

 

“അപ്പൊ ഈ കാര്യമൊന്നും നിങ്ങളോ അവളോ അറിഞ്ഞില്ലേ..”

 

“അറിഞ്ഞു…. അന്നതോടെ അവനോട് മിണ്ടതായി. അവൾക്ക് ഇന്നും അറിയില്ല”

 

“എന്നിട്ട് നിങ്ങൾ മിണ്ടാതിരുന്നോ..”

എന്നിലെ പ്രതികരണ ശക്തി ചാടി എഴുന്നേറ്റ് സട കുടഞ്ഞു..

 

“ഇല്ല.. ആ വാശിക്ക് അവന്റെ പെങ്ങളെ വളക്കാൻ തീരുമാനിച്ചു.. അവന് സ്വന്തമായി പെങ്ങള് ഇല്ലാത്തത് കൊണ്ട് കുഞ്ഞമ്മേടെ മോളെ പ്രേമിച്ചു..

 

അവൾ തിരിച്ച് എന്നെയും. അതായിരുന്നു അവൾ…

അതായിരുന്നു പ്രേമം.. ആത്മാർത്ഥമായ പ്രേമം..”

 

മാങ്ങതൊലി…എനിക്ക് ആകെ അങ്ങ് ചൊറിഞ്ഞു കേറി..

 

“എന്നിട്ട് ആണോടൊ അവള് ഇപ്പൊ തന്നെയും തേച്ച് വേറെ കെട്ടി വിദേശത്തേക്ക് പോയത്..”

 

“തേച്ചതൊന്നും അല്ലെടി.. അവളന്ന് കൊച്ചു കുട്ടി അല്ലെ.. പത്തിൽ പഠിക്കുന്നു… വീട്ടുകാരെ എതിർക്കാനുള്ള ധൈര്യം ഒന്നും ഇല്ല..

ഞങ്ങളുടെ കാര്യം അവളുടെ വീട്ടിൽ അറിയിച്ചത് ആ തെണ്ടി ആണോന്ന് എനിക്ക് സംശയമുണ്ട്.”

 

ആണെങ്കിൽ കണക്കായി പോയി

 

“പിന്നെ എന്തിനാ മനുഷ്യ നിങ്ങള് എന്നെ പ്രേമിച്ചത്..”

 

“പിന്നെ രണ്ട് പ്രേമം പൊളിഞ്ഞന്ന് കരുതി ഞാൻ സന്യാസിക്കാൻ പോണോ.. അല്ലെങ്കിലും ഈ ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നാണല്ലോ..” അങ്ങേര് എന്റെ അടുത്ത് കിടന്നുകൊണ്ട് പറഞ്ഞു..

 

“മൂന്നോ..മുന്നൂറോ… ഇനിയും ഓരോരുത്തികളായി വരില്ലെന്ന് ആര് കണ്ടു..”

 

“പേടിക്കണ്ട.. ലിസ്റ്റിൽ അവസാനം നീയാ.. അതിനി മാറില്ല.. ജീവനിൽ കൊതിയുണ്ടെ..”

 

ലൈറ്റും ഓഫ് ചെയ്ത് അങ്ങേര് തിരിഞ്ഞ് കിടന്നു… കെട്യോന്റെ ഉള്ളിൽ ഉറങ്ങി കിടന്ന കോഴിയെ കണ്ട അമ്പരപ്പിൽ ആയിരുന്നു ഞാനപ്പോഴും..

Leave a Reply

Your email address will not be published. Required fields are marked *