നാളെയാണ് പ്രസവം. ഈ ഗർഭകാലം മുഴുവൻ ഞാനൊരു റാണിയെ പോലെ ജീവിക്കുകയായിരുന്നു. എന്റെ സന്തോഷത്തിനായി എന്തും ചെയ്യാനെന്നോണം ഒരു കുടുബം പുറത്ത് കാത്ത് നിൽപ്പുണ്ട്. എല്ലാം കൊണ്ടും ഞാൻ ഭദ്രമാണ്.
അപകടത്തിന് ശേഷം ഒരിക്കലും നടക്കില്ലെന്ന് കരുതിയ എന്റെ ഭർത്താവ് എന്നെ കൈ പിടിച്ച് നടത്തുന്നു. ഞങ്ങളുടെ മോളുടെ പഠനത്തിനായുള്ള പണം പ്രത്യേകം മാറ്റിവെക്കാനും കഴിഞ്ഞു. മറ്റെന്താണ് എനിക്ക് വേണ്ടത്! അങ്ങനെ ചിന്തിക്കുമ്പോഴും, ഉള്ളിന്റെ ഉള്ളിൽ പറഞ്ഞറിയിക്കാൻ പറ്റാത്തയൊരു അങ്കലാപ്പ് ശ്വാസത്തിന്റെ ഗതി മാറ്റുന്നുണ്ട്. ജീവനിൽ നിന്ന് ജീവൻ നഷ്ടപ്പെട്ട് പോകുന്നയൊരു പ്രതീതി…
ആ നാൾ നല്ല ഓർമ്മയുണ്ട്. ഒന്ന് പെറ്റ് കൊടുത്താൽ പത്ത് ലക്ഷം കിട്ടുമെന്ന് അറിഞ്ഞപ്പോൾ മറ്റൊന്നും ഞാൻ ആലോചിച്ചില്ല. ദാരിദ്ര്യത്തിൽ ഉരഞ്ഞ് ഇല്ലാണ്ടായി പോകുന്നയൊരു ജീവിതത്തിൽ നിന്ന് ആ നേരം മറ്റെന്താണ് എനിക്ക് ചിന്തിക്കാൻ സാധിക്കുക…!
‘എവിടെയാണ് ഒപ്പിടേണ്ടതെന്ന് പറഞ്ഞാൽ മതി…’
എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അങ്ങനെ ഞാൻ പറയുമെന്ന് റാം സാർ ഒരിക്കലും കരുതിയിട്ടുണ്ടാകില്ല. അല്ലെങ്കിൽ പിന്നെ നന്നായിട്ട് ആലോചിച്ച് തീരുമാനിച്ചാൽ മതി സുധേയെന്ന് സാറ് പറയുമായിരുന്നില്ലല്ലോ…
രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവിശ്യം എനിക്ക് ഇല്ലായിരുന്നു. അത്രയ്ക്കും ബുദ്ധിമുട്ടിലാണ് കുടുംബത്തിന്റെ സ്ഥിതി. നിലനിൽപ്പ് ഭദ്രമാക്കാൻ ഇതിലും മികച്ചയൊരു അവസരം തേടി വരാനില്ല… ഭർത്താവിനെ ചികിൽസിക്കണം. ആകെയുള്ള മോളെ മികച്ച രീതിയിൽ പഠിപ്പിക്കുകയും വേണം. പറ്റുമെങ്കിൽ വീടിന്റെ ഉറപ്പും കൂട്ടണം. തുടർന്ന് ജീവിക്കാൻ ഇപ്പോഴുള്ള ചൂല് നിർമ്മാണം തന്നെ മതിയാകും….
എന്റെ മോള് പഠിക്കുന്ന സ്കൂളിലെ അധ്യാപകനാണ് റാം സാർ. മകൾ മുഖാന്തരം കുടുംബത്തിലെ സ്ഥിതിയൊക്കെ സാറിന് നന്നായിട്ട് അറിയാം. എന്നിട്ടും, തുടക്കത്തിൽ തന്നെ അദ്ദേഹം കാര്യങ്ങളെല്ലാം വിശദീകരിച്ചിരുന്നു…
സറഗസിയെന്ന വാക്ക് തന്നെ അന്നായിരുന്നു ഞാൻ ആദ്യമായിട്ട് കേൾക്കുന്നത്. വാടക ഗര്‍ഭധാരണമാണ് സംഗതി. നിയമ പിന്തുണയോടെ ഒരു സ്ത്രീയെ മറ്റൊരു വ്യക്തിക്ക് വേണ്ടി ഗർഭധാരണത്തിനും പ്രസവത്തിനും തയ്യാറാക്കുന്ന രീതിയാണത്. സ്ത്രീകൾക്ക് സ്വന്തമായി കുട്ടികളെ വഹിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് വാടക ഗർഭധാരണം പോംവഴിയാകുന്നത്. പ്രസവിച്ച് കഴിഞ്ഞാൽ കുഞ്ഞുമായി യാതൊരു ബന്ധവും ഗർഭവാഹകരായ അമ്മമാർക്ക് ഇല്ലെന്ന് കൂടി സാർ ചേർത്തിരുന്നു.
‘ഞാൻ എന്ത് ചെയ്യണമെന്ന് സാറ് പറഞ്ഞാൽ മതി…’
ആദ്യം മെഡിക്കൽ ചെക്കപ്പായിരുന്നു. ജനിച്ചിട്ട് ഇന്നേവരെ പോകാത്ത വലിയയൊരു ആശുപത്രിയിലേക്ക് അതിനായി റാം സാറിന്റെ കൂടെ ഞാൻ പോയി. അവിടെ, എന്നെ തിരിഞ്ഞും മറിഞ്ഞും നോക്കാൻ ഡോക്റ്റർക്ക് പുറമേയും ആൾക്കാരുണ്ടായിരുന്നു. അവർ ആരൊക്കെയാണെന്ന് അറിയില്ല. ഒരു മനുഷ്യനെ പരിശോധിക്കേണ്ട എല്ലാ ടെസ്റ്റുകളും അവർ എന്നിൽ നടത്തി…
അങ്ങനെ, ആരോഗ്യ പൂർണ്ണമായ കുഞ്ഞിനെ പ്രസവിക്കാൻ എന്റെ ശരീരം സജ്ജമാണെന്ന് തെളിഞ്ഞു. ഭ്രൂണം നിക്ഷേപിക്കാനുള്ള തീയതിയും തീരുമാനിച്ചു. നിരവധി കടലാസ്സുകളിൽ എനിക്ക് പുറമേ ഭർത്താവിന്റെ കൈ രേഖയും അവർ വാങ്ങിച്ചിരുന്നു. എനിക്ക് പണം തരുന്ന കുടുംബവുമായി രക്ത ബന്ധമുണ്ടെന്ന കടലാസ്സൊക്കെ അതിൽ ഉണ്ടായിരുന്നുവെന്ന് തോന്നുന്നു. നിയമ തടസ്സം പരിഹരിക്കാൻ ആയിരിക്കണം…
എല്ലാം പറഞ്ഞത് പോലെ തന്നെയായിരുന്നു നടന്നത്. ഭർത്താവിന്റെ ഓപ്പറേഷൻ വിജയകരമായി കഴിഞ്ഞു. എന്നെയും മോളേയും മാറ്റി പാർപ്പിച്ച ഇടത്തേക്ക് അദ്ദേഹം കൂടി വന്നപ്പോഴാണ് എനിക്കൊരു ധൈര്യം ലഭിച്ചത്. തനിക്ക് സംഭവിച്ച അപകടം കാരണം തകർന്ന് പോയ കുടുംബത്തിനെ ഉയർത്താൻ ഭാര്യ തിരഞ്ഞെടുത്ത മാർഗ്ഗം മനസ്സില്ലാ മനസ്സോടെയാണ് അദ്ദേഹം അന്ന് സമ്മതിച്ചത്. ഇതിലൊന്നും യാതൊരു തെറ്റുമില്ലെന്ന് റാം സാർ അദ്ദേഹത്തെ ബോധിപ്പിക്കുകയും ചെയ്തിരുന്നു…
ഇന്നലെ മുതൽ മോളെയും ഭർത്താവിനെയും ഞാൻ കണ്ടിട്ടില്ല. നാളെ സിസേറിയനിലൂടെ എന്റെ പ്രസവം നടക്കും. ഈ അവസാന നേരം എനിക്കത് ഉൾക്കൊള്ളാൻ പോലും പറ്റുന്നില്ല. ശരീര വേദനയൊന്നും ഞാൻ അറിയുന്നുണ്ടായിരുന്നില്ല. പറഞ്ഞറിയിക്കാൻ പറ്റാത്ത വിഷമമാണ് ഉള്ളിന്റെ വയറ് മുഴുവൻ.
പരമാവധി സന്തോഷത്തോടെ തന്നെയാണ് ഈ ഗർഭകാലം മുഴുവിപ്പിക്കാൻ ഞാൻ ശ്രമിച്ചിരുന്നത്. കുഞ്ഞ് ആരുടെയെങ്കിലും ആണെങ്കിലും പേറുന്നത് ഞാൻ ആണല്ലോ…
പിറ്റേന്ന് ഓപ്പറേഷൻ തീയറ്ററിലേക്ക് എന്നെ കയറ്റുമ്പോൾ വല്ലാത്ത ഭയം തോന്നി. ഒരുവശം എന്റെ കുടുംബത്തിന്റെ സുരക്ഷിതത്വത്തിൽ സമാധാനപ്പെടുന്നുണ്ടെങ്കിലും, പ്രസവിക്കാൻ പോകുന്ന കുഞ്ഞ് എന്റേതും കൂടിയല്ലേയെന്ന് അറിയാതെ സംശയിച്ച് പോകുന്നു. അപ്പോഴേക്കും ഡോക്റ്റർ എന്നെ മയക്കത്തിലേക്ക് തള്ളിയിട്ടിയിരുന്നു…
കണ്ണുകൾ തുറക്കുമ്പോൾ എത്ര നേരം മയങ്ങിയെന്ന് ഓർത്തെടുക്കാൻ കഴിഞ്ഞില്ല. മണിക്കൂറുകൾക്ക് മുമ്പ് വരെ തടവിയിരുന്ന നിറവയർ ഇല്ലാതായിരിക്കുന്നു! ചുരുങ്ങിപ്പോയ അടിവയറിൽ തൊട്ട് എത്ര തിരഞ്ഞിട്ടും കുഞ്ഞിനെ കാണാൻ എനിക്ക് സാധിച്ചിരുന്നില്ല. പ്രാണൻ വല്ലാതെ വെപ്രാളപ്പെട്ട് പോയി .
സ്വബോധത്തിലേക്ക് പതിയേ വരുകയാണ്. ജീവൻ ഒഴിഞ്ഞുപോയ എന്റെ ശരീരത്തിന്റെയും മനസ്സിന്റെയും വേദന ഞാൻ അറിയാൻ തുടങ്ങി. വൈകാതെ, റാം സാറിന്റെ കൂടെ എന്റെ മോളും അവളുടെ അച്ഛനും ആ ആശുപത്രി മുറിയിലേക്ക് കടന്നുവന്നു. എന്റെ അടുത്ത് ഇരുന്ന ഭർത്താവിന്റെ കൈ പിടിച്ച് ഏറെ നേരം ഞാൻ കരഞ്ഞുപോയി. അദ്ദേഹം നിറകണ്ണുകളോടെ വെറുതേ എന്നെ നോക്കുകയാണ്… എന്റെ മോളത് ചിമ്മാതെ കാണുകയാണ്…
പലപ്പോഴായി റാം സാർ പറഞ്ഞതൊക്കെയായിരുന്നു ആ വേളയിൽ ഓർമ്മയിൽ തെളിഞ്ഞത്. സറഗസിയെന്ന വാക്കിന്റെ കൂടെ, പ്രസവിച്ച് കഴിഞ്ഞാൽ കുഞ്ഞുമായി യാതൊരു ബന്ധവും ഗർഭവാഹകരായ അമ്മമാർക്ക് ഇല്ല. ആ ശബ്ദമായിരുന്നു പിന്നീട് എന്റെ കാതുകളിൽ ആവർത്തിച്ച് മുഴങ്ങിയത്. ഇന്നുമത് നിലച്ചില്ലെന്ന് എഴുതുമ്പോൾ തോർന്ന് പോകുകയാണ് കണ്ണുകൾ…. എഴുതിയിട്ടും വായിക്കാൻ പറ്റാത്തവിധം നിറഞ്ഞ് പോകുകയാണ് കാഴ്ചകൾ…!!!
ശ്രീജിത്ത് ഇരവിൽ