ഒരൊറ്റ നിമിഷം കൊണ്ടാണ് എന്റെ ജീവിതം മാറിയത്. ഒരൊറ്റ നിമിഷം കൊണ്ടാണ് അതുവരെ ആഘോഷപൂർണമായ കല്യാണവീട് മരണവീടിനു തുല്യമായത്.. പൊട്ടിച്ചിരികൾക്കും വാദ്യമേളങ്ങൾക്കും പകരം അലർച്ചയും കൂട്ടക്കരച്ചിലും ഉയർന്നത്..
ഇന്നെന്റെ വിവാഹമായിരുന്നു. ആരുവർഷത്തെ പ്രണയത്തിനും കാത്തിരിപ്പിനും ശേഷം വീട്ടുകാരുടെ സമ്മതത്തോടെ പ്രസാദ് എന്റെ കഴുത്തിൽ താലികെട്ടിയ ദിവസം..ഞങ്ങളുടെ സ്വപ്നങ്ങളിലും സംസാരങ്ങളിൽ കൂടെയും ഒരുപാട് പ്ലാൻ ചെയ്ത ദിവസം. രണ്ടുപേരും ടീച്ചർമാർ, ജാതി, മതം എല്ലാം ഒന്ന്. എങ്കിലും എന്തൊക്കെയോ ഞങ്ങളുടെ വിവാഹത്തിന് തടസ്സം നിന്നിരുന്നു. അതിലൊന്ന് ജാതകം നോക്കാൻ ഞങ്ങൾ തയ്യാറല്ല എന്നത് തന്നെയായിരുന്നു. മനസ്സ് കൊണ്ടു അടുത്ത്, സുഖവും ദുഃഖവും തുല്യമായി പങ്കിടാമെന്നു ഉള്ളിൽ പൂർണമായും ഉറപ്പിച്ച ബന്ധത്തിന് ജാതകത്തിന്റെ ഉറപ്പെന്തിന്? രണ്ടുവീട്ടിലെയും അച്ഛനമ്മമാർ പഴയ ആളുകൾ ആയതുകൊണ്ടാവും അവരുടെ മനസ്സിൽ ആശങ്ക നിലനിന്നിരുന്നു. അതൊഴിവാക്കി വിവാഹം നടത്താൻ മുൻപന്തിയിൽ നിന്നത് പ്രസാദിന്റെ ഏട്ടൻ പ്രദീപ് ആയിരുന്നു. പ്രസാദിന് പ്രദീപ് ഒരു കൂടപ്പിറപ്പ് മാത്രം ആയിരുന്നില്ല, ആത്മാർത്ഥ സുഹൃത്തുകൂടെ ആയിരുന്നു. എന്തിനും കട്ടക്ക് കൂടെ നിൽക്കുന്ന ആശേട്ടത്തിയും. ആ ഏട്ടനാണ് തലപൊളിഞ്ഞു ബോധ രഹിതനായി നിലത്ത് വീണത്. ആ തലയിൽ ഇരുമ്പ് കസേരകൊണ്ടടിച്ചു വീഴ്ത്തിയത് എന്റെ അമ്മാവന്റെ മകനും.
താലികെട്ട് എന്റെ വീട്ടിൽ ആയിരുന്നു. സദ്യയും കഴിഞ്ഞു മുന്പേ തീരുമാനിച്ചപോലെ ഞങ്ങൾ പ്രസാദിന്റെ വീട്ടിൽ എത്തി. നാല് മണിയോട് കൂടെ റിസപ്ഷനു വേണ്ടി എന്റെ ബന്ധുക്കളും. ഞങ്ങൾ വന്ന് വസ്ത്രം ഒക്കെ മാറി പുതിയ വസ്ത്രം ധരിച്ചിരുന്നു. ഗാനമേളയും ഡാൻസ് പ്രോഗ്രാമും എല്ലാം പ്ലാൻ ചെയ്തിരുന്നു.. എല്ലാം നന്നായി തന്നെ നടക്കുന്നുമുണ്ടായിരുന്നു, കുറച്ചു മുൻപ് വരെ.
ഭക്ഷണം കഴിച്ചവർ ഓരോരുത്തരായി ഫോട്ടോ എടുക്കാനും ഞങ്ങളെ അനുഗ്രഹിക്കാനുമായി സ്റ്റേജിൽ കയറി വരുന്നുണ്ടായിരുന്നു. അതിനിടയിലാണ് വലിയ എന്തോ തർക്കമോ ബഹളമോ ഒക്കെ കേട്ടത്. നോക്കുമ്പോൾ എന്റെ ഭാഗത്ത് നിന്ന് വന്ന കുറച്ചു പേര് കാറ്ററിംഗ് കുട്ടികളുമായി വഴക്ക് ഉണ്ടാക്കുന്നു. എന്റെ അമ്മാവന്റെ മകൻ വിനുവിന്റെ സുഹൃത്തുക്കൾ ആണവർ. എനിക്ക് സ്വന്തം സഹോദരങ്ങൾ ഇല്ലാത്തതിനാൽ ആങ്ങളയുടെ സ്ഥാനത്തു നിന്ന് ചടങ്ങുകൾ ചെയ്തത് അവനായിരുന്നു. എന്റെ അതേ പ്രായമാണ് അവന്. കൂട്ടുകെട്ടും സ്വഭാവവും ശരിയല്ലെന്ന് എന്നും അമ്മാവന് വിഷമമാണ്. കുടിയും ചില്ലറ അടിപിടിയുമൊക്കെ ഉണ്ടത്രേ.
വഴക്ക് മൂക്കുന്നതും ചീത്തവിളിയും ഉന്തും തള്ളും തുടങ്ങിയപ്പോഴാണ് പ്രദീപേട്ടൻ എന്താണെന്ന് നോക്കട്ടെ എന്ന് പറഞ്ഞു അങ്ങോട്ട് ചെന്നത്. അപ്പോഴേക്കും വിനുവിന്റെ ഫ്രണ്ട്‌സ് നെ ഇവിടുത്തെ ചില അയൽവാസികൾ നേരിട്ടു തുടങ്ങിയിരുന്നു. അതിലൊരുത്തൻ വിനുവിന്റെ ഫ്രണ്ട് നെ അടിച്ചത്രേ. കയ്യിൽ കിട്ടിയ ഇരുമ്പ് കസേര എടുത്ത് വിനു അടിച്ചവന്റെ തലക്കടിച്ചത് കിട്ടിയത് അടി തടയാനായി ഇടയിൽ ഓടിക്കയറിയ പ്രദീപേട്ടനായിരുന്നു. വലിയ അലർച്ചയും കരച്ചിലും കേട്ടാണ് ഞാനും പ്രസാദുമടക്കം എല്ലാരും ഓടി ആ ഭാഗത്തേക്ക് ചെന്നത്. തലപൊളിഞ്ഞു ഏട്ടൻ താഴെ വീണിരുന്നു. ചുറ്റും രക്തം ഒഴുകിപരക്കുന്നു.. ഒരു നിമിഷം സ്തംഭിച്ചു നിന്നതിനു ശേഷം ആരോ വണ്ടിയെടുക്കെടാ എന്നലറുന്നതും ആരൊക്കെയോ ഏട്ടനെ താങ്ങിയെടുത്ത് ഓടുന്നതും കണ്ടു. ഒരു നിമിഷം എന്റെ മുഖത്തേക്ക് നോക്കിയിട്ട് പ്രസാദ് പുറകെ ഓടി..
എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാവുന്നുണ്ടായിരുന്നില്ല. ചോർന്നുപോകുന്നത് എന്റെ ധൈര്യം മാത്രമല്ല ജീവിതം കൂടെയാണെന്നും.
ആളുകൾ പിരിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. അമ്മയും ഏട്ടത്തിയും തളർന്നു വീണിരുന്നു. വിനുവും ടീമും ഓടിരക്ഷപ്പെട്ടിരുന്നു. എന്റെ അച്ഛനും അമ്മാവനും വേറെ രണ്ടു സുഹൃത്തുക്കളും കൂടെ ആശുപത്രിയിലേക്ക് പോയി.. ഏറ്റവും അടുത്ത ബന്ധുക്കൾ മാത്രം ഓഡിറ്റോറിയത്തിൽ അവശേഷിച്ചു.
പ്രസാദിന്റെ ഏതോ ഒരു അമ്മാവൻ വന്ന് എല്ലാവരെയും വീട്ടിലേക്ക് കൊണ്ടുപോയി. അമ്മയും ഏട്ടത്തിയും അലമുറയിടുന്നുണ്ടായിരുന്നു. അവർക്കിടയിൽ ശബ്ദം പോലും നഷ്ടപ്പെട്ട് ഞാനും അമ്മയും അമ്മായിയും.. വീട്ടിലെത്തിയിട്ടും ആരുടെയും മുഖഭാവം എനിക്ക് മനസിലാവുന്നില്ലായിരുന്നു. പ്രസാദിനെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല. കുറച്ചു കഴിഞ്ഞു അച്ഛൻ വിളിച്ചു. ഏട്ടൻ ഐസിയു വിലാണ്.. സിടി സ്കാൻ ചെയ്തു. ബ്രെയിനിൽ ഇഞ്ചുറിയും ബ്ലീഡിങ്ങും ഉണ്ട്. ഓപ്പറേഷൻ വേണ്ടിവരും. ഒന്നും പറയാൻ പറ്റാത്ത സ്റ്റേജ് ആണെന്ന്. പ്രസാദ് ഭയങ്കര കരച്ചിലാണ്. അവനെ ആശ്വസിപ്പിക്കാൻ ആർക്കും കഴിയുന്നില്ലെന്ന്..
എന്ത് ചെയ്യണമെന്ന് അറിയാതെ ഞാനും അമ്മയും അമ്മായിയും റൂമിലിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അമ്മ നിർബന്ധിച്ചു എന്റെ ഡ്രസ്സൊക്കെ മാറ്റി. മിനിറ്റുകൾക്ക് മണിക്കൂറിന്റെ ദൈർഘ്യമുണ്ടെന്നു ഞാൻ അപ്പോഴാണ് അറിഞ്ഞത്. നേരം വെളുക്കാറായപ്പോ അച്ഛനും അമ്മാവനും വന്നു.. ഓപ്പറേഷൻ കഴിഞ്ഞു, പക്ഷെ രക്ഷപെടാൻ എത്ര ചാൻസ് ഉണ്ടെന്ന് പറയാറായിട്ടില്ല.. രക്ഷപ്പെട്ടാലും എന്തൊക്കെ കോംപ്ലിക്കേഷൻ ഉണ്ടാവുമെന്നും പറയാൻ ഇപ്പോൾ കഴിയില്ലത്രേ.. കുറച്ചു നേരം അവിടെ ഇരുന്നിട്ട് അച്ഛനും അമ്മയും പോകാൻ ഇറങ്ങി..എന്നെ എന്ത് ചെയ്യുമെന്നായി അവരുടെ കൺഫ്യൂഷൻ.എന്താണെങ്കിലും ഞാൻ ഇവിടെത്തന്നെ നിൽക്കുമെന്ന് ഞാൻ ഉറപ്പിച്ചു പറഞ്ഞു.. യാത്ര പറയാനായി അമ്മ ചെന്നപ്പോൾ പ്രസാദിന്റെ അമ്മ പതം പറഞ്ഞു കരയുന്നുണ്ടായിരുന്നു.
” എന്റെ മകന്റെ ജീവനെടുക്കാൻ കയറിവന്ന താടകയെക്കുറിച്ച്..അമ്മയെ കണ്ടപ്പോൾ കരച്ചിലിന്റെ ആക്കം കൂടി.. ആരോ അമ്മയോട് പൊക്കോളാൻ പറഞ്ഞു. ഉമ്മറത്തിരുന്ന അമ്മാവനോട് യാത്ര പറഞ്ഞ് അവരിറങ്ങിപ്പോയപ്പോൾ ഞാൻ വീണ്ടും ഒറ്റക്കായി.. ഏട്ടത്തിയുടെയോ അമ്മയുടെയോ മുന്നിൽ പോകാൻ എനിക്ക് പേടിയായിരുന്നു, സംഭവിച്ചതൊന്നും എന്റെ തെറ്റല്ലാതിരുന്നിട്ട് കൂടി.
നേരം വെളുത്തിട്ടാണ് പ്രസാദ് കയറി വന്നത്. മുഖത്ത് സങ്കടം കാണാം. എങ്ങനെയുണ്ട് എന്ന എന്റെ ചോദ്യത്തിന് ഒന്നും പറയാറായില്ല എന്ന് മാത്രം പറഞ്ഞു. പിന്നെ കുളിക്കാൻ കേറി.കുളിച്ചു ഡ്രസ്സ് മാറി വീണ്ടും പോകാൻ ഇറങ്ങിയപ്പോൾ ഞാൻ കൂടെ വരട്ടെ എന്ന് ചോദിച്ചു. വേണ്ട എന്ന ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞിട്ട് പ്രസാദ് താഴേക്ക് പോയി. താഴെ ഏട്ടത്തിയും അമ്മയും ഒരുങ്ങി നില്കുന്നുണ്ടായിരുന്നു ഹോസ്പിറ്റലിൽ പോകാൻ. ആരോ കൊടുത്ത ഒരു ചായയും കുടിച്ച് എന്നോടൊരു വാക്ക് പോലും പറയാതെ അവരെയും കൂട്ടി പ്രസാദ് പോയി.ആ വീട്ടിൽ എന്ത് ചെയ്യണമെന്ന് പോലും അറിയാതെ ഞാൻ ഇരുന്നു.
ഇതിനിടയിൽ ബന്ധുക്കൾ ആരോ വന്ന് എന്നെ ചായകുടിക്കാൻ വിളിച്ചു കൊണ്ടുപോയി.. തലേന്ന് ഒന്നും കഴിച്ചിട്ടില്ലാത്തതിനാൽ ഞാൻ വേണ്ടെന്ന് പറഞ്ഞില്ല. വിശപ്പുണ്ടായിരുന്നെങ്കിലും ഒന്നും തൊണ്ടയിൽ നിന്നിറങ്ങുന്നില്ലായിരുന്നു.
വൈകുന്നേരം ആയപ്പോൾ അമ്മയും ഏട്ടത്തിയും തിരിച്ചു വന്നു. ഏട്ടൻ അപകടനില തരണം ചെയ്തത്രേ. പക്ഷെ ഐസിയു വിൽ നിന്ന് മാറ്റാനും സംസാരിക്കാനുമൊക്കെ സമയം എടുക്കും. ഇപ്പോൾ കഴുത്തിനു കീഴ്പോട്ട് തളർന്ന അവസ്ഥയിലാണുള്ളത്. കഠിനമായ വേദനയിൽ ഒരൽപ്പം ആശ്വാസം. അത്ര തന്നെ.
ആ വീട്ടിൽ എനിക്ക് ശ്വാസം മുട്ടലായിരുന്നു. ആരും എന്നോട് സംസാരിക്കുകയോ അടുപ്പം കാണിക്കുകയോ ചെയ്തില്ല.ഏട്ടത്തി ഹോസ്പിറ്റലിൽ തന്നെ ആയിരുന്നു.. അമ്മ അധികം റൂമിൽ നിന്ന് പുറത്തു വന്നില്ല. ഞാൻ ചെന്നാലും തിരിഞ്ഞു കിടക്കും. എന്തെങ്കിലും സംസാരിച്ചത് അച്ഛനായിരുന്നു.. ജോലിക്കാരി വന്ന് കഴിക്കാൻ വിളിക്കും.ഏറ്റവും എന്നെ തകർത്തത് പ്രസാദിന്റെ അവഗണനയായിരുന്നു. ഏട്ടന്റെ വിവരങ്ങൾ എല്ലാവരോടും പറയും എന്നോടൊഴിച്ച്.. സഹികെട്ടപ്പോൾ ഞാൻ ചോദിച്ചു എന്തിനാണ് എന്നെ ഒഴിവാക്കുന്നതെന്ന്.
“എന്റെട്ടൻ അവിടെ തളർന്നു കിടക്കുമ്പോൾ എനിക്ക് നിന്നെ കെട്ടിപിടിച്ചോണ്ടിരിക്കാൻ പറ്റുമോ”
എന്നാണ് പ്രസാദ് ചോദിച്ചത്. ഞാൻ തകർന്നു പോയിരുന്നു.
അന്ന് അച്ഛൻ എന്നെ കാണാൻ വന്നപ്പോൾ ഞാൻ കൂടെ പൊക്കോട്ടെ എന്ന് ചോദിച്ചു. ആരും തടഞ്ഞില്ല. ” നിന്റെ ഇഷ്ടം ” എന്നാണ് പ്രസാദ് പറഞ്ഞത്. തിരിച്ച് ആ വീട്ടിലേക്ക് ഒരു പോക്കുണ്ടോ എന്നറിയാതെയാണ് ഞാൻ അവിടെ നിന്നിറങ്ങിയത്..
ഞാൻ എന്റെ വീട്ടിൽ ഒരാഴ്ചയോളം നിന്നിട്ടും എന്നെ അന്വേഷിച്ച് പ്രസാദ് വന്നില്ല, അവരുടെ വീട്ടിൽ നിന്നാരും വിളിച്ചുമില്ല, എന്റെ കോളുകൾ ആരും എടുത്തുമില്ല..കയ്യിൽ കിട്ടിയെന്ന് കരുതിയ ജീവിതം വഴുതിയിറങ്ങിപോകുന്നത് നോക്കിനിൽക്കാനെ എനിക്കായുള്ളൂ.
എല്ലാവരുടെയും പ്രാർത്ഥനയുടെ ഫലമാകണം രണ്ടു ദിവസത്തിന് ശേഷം പ്രദീപേട്ടൻ കണ്ണു തുറന്നു, സംസാരിച്ചു. എഴുന്നേറ്റ് നടക്കാൻ താമസം വന്നേക്കുമെങ്കിലും ജീവന് ഇനി ഭീഷണി ഒന്നുമില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.. ഏട്ടനെ റൂമിലേക്ക് മാറ്റിയ അന്നു ഏട്ടൻ ആദ്യം ആവശ്യപ്പെട്ടത് എന്നെ വിളിച്ചു കൊണ്ടുവരാനായിരുന്നു. മദ്യലഹരിയിൽ ആരോ ചെയ്ത തെറ്റിന് എന്നെ ശിക്ഷിക്കുന്നതിന്റെ അർത്ഥമെന്താണെന്ന് ഏട്ടൻ പ്രസാദിനോട് ചോദിച്ചു..
ഏട്ടന് കാണണം എന്ന് പറഞ്ഞു പ്രസാദ് വന്നപ്പോൾ പറ്റില്ലെന്നു പറയാൻ കഴിഞ്ഞില്ല. ആരോടെങ്കിലും ക്ഷമ പറയാൻ ഉണ്ടെങ്കിൽ അത് അദ്ദേഹത്തോടായിരുന്നു. ആ കൈ പിടിച്ചു പൊട്ടിക്കരഞ്ഞ എന്നെ ആശ്വസിപ്പിച്ചത് അദ്ദേഹം ആയിരുന്നു. ഇനിയെന്നെ കരയിപ്പിക്കരുത് എന്ന് പ്രസാദിനോട് അപേക്ഷിച്ചത് ഏട്ടൻ തന്നെയായിരുന്നു.
ഏട്ടൻ ഡിസ്ചാർജ് ആയി വീട്ടിൽ വന്നതിന് ശേഷം പ്രതീക്ഷിക്കാതെ ഒരഥിതി വന്നു. വിനു..
ഈ പ്രശ്നം നടന്ന അന്നു മുങ്ങിയതായിരുന്നു അവൻ. ഏട്ടൻ ഡിസ്ചാർജ് ആയി വീട്ടിലെത്തിയെന്ന് അറിഞ്ഞ് കേസ് പിൻവലിക്കണമെന്ന് യാചിക്കാനാണ് അവൻ വന്നത്. അമ്മാവൻ ആരുടെയോ കാലൊക്കെ പിടിച്ച് ഒരുപാട് കാശൊക്കെ മുടക്കി അവനോരു വിസ സംഘടിപ്പിച്ചത്രേ. പക്ഷെ, കേസുണ്ടായാൽ അത് നടക്കില്ല. അവനെ കണ്ടതും എന്റെ നിയന്ത്രണം വിട്ടു..
” നിനക്ക് എത്ര ധൈര്യമുണ്ടായിട്ട് വേണം ഇവിടെ കയറിവന്നത്. പെങ്ങളുടെ സുഖവിവരം അന്വേഷിക്കാൻ വന്നതാണോ പുന്നാര ആങ്ങള. എങ്കിൽ കേട്ടോളൂ, എനിക്കിവിടെ പരമസുഖമാണ്. എല്ലാവരും എന്നെയൊരു രാജകുമാരിയെപ്പോലെയാണ് കാണുന്നത്. ഇതുപോലെ കുടുംബത്തിൽ നല്ല ഭാഗ്യം കൊണ്ടുവന്ന ആളോട് അങ്ങനെയല്ലേ എല്ലാവരും പെരുമാറേണ്ടത്? ”
അവനാകെ പതറിപ്പോയിരുന്നു.. ആകെ തകർന്ന മട്ടിലായിരുന്നു അവന്റെ രൂപം തന്നെ.. ഏട്ടനെ കാണണമെന്ന് അവൻ പറഞ്ഞപ്പോൾ എല്ലാവരും ആദ്യം എതിർത്തെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു.. അവനെക്കണ്ട് ഏട്ടൻ പൊട്ടിത്തെറിക്കുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല..
” ആഹാ ആരിത് വിനുവോ? എവിടെ നിന്റെ പ്രിയപ്പെട്ട കൂട്ടുകാരൊക്കെ? അവർക്ക് വേണ്ടി ആരുടെയും തല തല്ലിപ്പൊളിക്കാൻ തയ്യാറാവുന്ന നിന്നെ അവർക്കൊന്നും ഇപ്പോൾ വേണ്ടേ? ”
” പ്രദീപേട്ടാ, മാപ്പ്.. തെറ്റ് പറ്റിപ്പോയി. ഞാൻ മനപ്പൂർവം ആയിരുന്നില്ല.. ഏട്ടൻ അതിനിടയിൽ വന്നത് ഞാൻ കണ്ടില്ല. ”
ഏട്ടന്റെ കാലിൽ തൊട്ട് കരയുകയായിരുന്നു വിനു.
“ഞാനല്ലെങ്കിൽ മറ്റൊരാൾ എന്റെ സ്ഥാനത്ത് വന്നേനെ. അതിലെന്താ വ്യത്യാസം? കേസ് ഞാൻ പിൻവലിക്കാം. അത് പക്ഷെ നിന്നെ ഓർത്തല്ല. നിന്റെയാ അലമ്പ് കൂട്ടുകാരെ പേടിച്ചിട്ടുമല്ല. ഇവളെ, ഇവളെ ഒരാളെമാത്രം ഓർത്തിട്ട്. അന്നു തൊട്ടിന്നേ വരെ തോരാത്ത ഇവളുടെ കണ്ണുനീരോർത്തിട്ട്. ഇനി നീ ജയിലിൽ പോയാലും നിന്നെ ഓർത്തും കരയും ഈ പാവം. അതുകൊണ്ട്.”
ഏട്ടൻ എന്റെ നേരെ കൈചൂണ്ടി..
” എടാ, ഒരു വിവാഹം എന്നത് രണ്ടു വ്യക്തികളുടെ മാത്രമല്ല രണ്ടു കുടുംബങ്ങളുടെ എത്രയോ കാലത്തെ സ്വപ്നമാണെന്നറിയോ? അതൊക്കെ നിസാരകാരണം പറഞ്ഞു അടിപിടിയുമുണ്ടാക്കി തകർക്കാൻ നിന്നെപ്പോലുള്ളവർക്ക് ഒരു നിമിഷം മതി. എന്തിനാടാ ഇങ്ങനെയൊക്കെ ഉള്ളവരെ കല്യാണത്തിന് പങ്കെടുപ്പിക്കുന്നത്. ഇതിപ്പോ എനിക്ക് വല്ലതും സംഭവിച്ചിരുന്നെങ്കിൽ നീ ജയിലിൽ ആയേനെ. അത് പോട്ടെ, ഇവളുടെ ജീവിതം എന്താകുമായിരുന്നു എന്ന് നീ ചിന്തിച്ചിട്ടുണ്ടോ? ഒരരിശത്തിനു എടുത്തു ചാടിയാൽ അതുപോലെ തിരികെ കയറാൻ കഴിഞ്ഞെന്ന് വരില്ല.. ”
ഏട്ടൻ ഒരുനിമിഷം നിർത്തി.
” കഴിഞ്ഞത് കഴിഞ്ഞു. നീ പൊക്കോ. നിന്നെ ജയിലിൽ അടക്കണം എന്നും ഇത് നിന്നെപ്പോലുള്ളവർക്ക് പാഠമാവണം എന്നൊക്കെ ഞാൻ ചിന്തിച്ചിരുന്നു. പക്ഷെ, ക്ഷമിക്കുകയാണ് ഞങ്ങൾ. ഏട്ടന് വേണ്ടി, പിന്നെ ഇവൾക്ക് വേണ്ടിയും. എല്ലാവരും കൂടെ ഒത്തിരി വേദനിപ്പിച്ചവളാ.ഞാനടക്കം. ഇനിയുമിവളെ വേദനിപ്പിക്കാൻ വയ്യ. ”
ഇതും പറഞ്ഞ് പ്രസാദെന്നെ ചേർത്തുപിടിക്കുമ്പോൾ വിനു കുനിഞ്ഞമുഖത്തോടെ ഇറങ്ങിപ്പോകുന്നത് നിറഞ്ഞു മുറ്റിയ കണ്ണുനീരിനിടയിലൂടെ എനിക്ക് കാണാമായിരുന്നു.
Jainy Tiju