മീര നമ്മുടെ ഈ ബന്ധം തുടർന്നു പോകാൻ കഴിയില്ല..

” നടക്കില്ല മനൂ… നിന്റെ മനസ്സിൽ മറ്റെന്തെങ്കിലും ചിന്ത ഉണ്ടെങ്കിൽ അതൊക്കെ എന്റെ മോൻ അങ്ങ് മറന്നേക്കൂ.. നിന്റെ ഇഷ്ടം അനുസരിച്ചു നിന്നെ ഇക്കണ്ട കാലം മുഴുവൻ പഠിപ്പിച്ചതും തീറ്റി പോറ്റിയതും ഒക്കെ എന്റെ പണം കൊണ്ടാണ്..അത് മറക്കണ്ട.. ”

 

ഒരു ഭീഷണി പോലെ നരേന്ദ്രൻ പറഞ്ഞപ്പോൾ മനുവിന്റെ തല താഴ്ന്നു..

 

സ്വന്തം അച്ഛൻ തന്നെ മകന് വേണ്ടി ചെലവാക്കിയതിന്റെ കണക്ക് പറയുമ്പോൾ അവൻ എന്ത് പറയാനാണ്…!!

 

പക്ഷേ അപ്പോഴും മനസ്സിൽ ഒരു പെണ്ണിന്റെ രൂപം തെളിഞ്ഞു നിന്നിരുന്നു.. എന്നെ മാത്രം ആശ്രയിച്ച് എന്നെ സ്നേഹിച്ചു കഴിയുന്ന ഒരു പെണ്ണിന്റെ മുഖം..

 

അവളോട് ഞാൻ ഇനി എന്തു സമാധാനം പറയാനാണ്..? ഞാൻ അവൾക്കു മുന്നിൽ ഒരു കള്ളൻ ആവില്ലേ..? അവളെ അല്ലാതെ മറ്റാരെയെങ്കിലും എന്റെ പാതിയായി സ്വീകരിക്കാൻ എനിക്ക് കഴിയുമോ..?

 

ചിന്തകൾ മനുവിന്റെ തലയിലൂടെ വട്ടം കറങ്ങുന്നുണ്ടായിരുന്നു.

 

അവനെ ഒന്ന് കടുപ്പിച്ചു നോക്കിക്കൊണ്ട് നരേന്ദ്രൻ തന്റെ മുറിയിലേക്ക് കയറിപ്പോയി. തളർച്ചയോടെ അവൻ സോപാനത്തിലേക്ക് ഇരുന്നു.

 

” ഞാൻ ഇനി എന്ത് ചെയ്യും എന്റെ ഈശ്വരാ…!”

 

അവന്റെ ഉള്ളം അലറി കരയുന്നുണ്ടായിരുന്നു.

 

അവളെ എന്തു പറഞ്ഞു ആശ്വസിപ്പിക്കാൻ കഴിയും എനിക്ക്..? പക്ഷേ അച്ഛന്റെ സമ്മതമില്ലാതെ അവളെ ജീവിതത്തിലേക്ക് കൂട്ടാൻ തനിക്ക് കഴിയുമോ..? ഒരിക്കലുമില്ല.. അച്ഛനെ ധിക്കരിച്ച് അങ്ങനെ ഒരു തീരുമാനം ഞാൻ എടുത്താൽ അത് ഒരുപക്ഷേ ഞങ്ങളുടെ ജീവന് തന്നെ ആപത്തായി വന്നേക്കാം..!!

 

മീര… എന്നോട് അവൾക്ക് എന്തൊരു സ്നേഹമാണ്..? പക്ഷേ…!!

 

കുറെയേറെ നേരത്തെ ചിന്തകൾക്കൊടുവിൽ അവൻ ഒരു തീരുമാനം എടുത്തു കഴിഞ്ഞിരുന്നു.

 

” ഹലോ മീര…”

 

അവൻ ഫോണെടുത്ത് അവളെ വിളിച്ചു.

 

” എന്താ മനുവേട്ടാ..? സാധാരണ ഈ സമയത്തു മനുവേട്ടൻ വിളിക്കാറില്ലല്ലോ… ”

 

അവൾ ആശ്ചര്യത്തോടെ അന്വേഷിച്ചു.അവളുടെ ശബ്ദം കേട്ടപ്പോൾ അവന് വല്ലാത്ത വേദന തോന്നി.

 

” എനിക്ക് നാളെ നിന്നെ ഒന്ന് കാണണം. അത്യാവശ്യമായി ചില കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്.. ”

 

തന്റെ വേദനയും വിഷമങ്ങളും ഒന്നും ശബ്ദത്തിൽ പ്രതിഫലിക്കാതിരിക്കാൻ അവൻ കഴിയുന്നതും ശ്രമിച്ചിരുന്നു. അവന്റെ ശ്രമഫലമായി അത് ഗൗരവപൂർണ്ണമായി തന്നെ അവതരിപ്പിക്കാൻ അവനു കഴിഞ്ഞു.

 

“മനുവേട്ടന്റെ ശബ്ദത്തിന് എന്തുപറ്റി..? എന്തെങ്കിലും പ്രശ്നമുണ്ടോ ഏട്ടാ.? ഏട്ടന് ആകെ ഒരു ഗൗരവം കൈവന്നതു പോലെ..”

 

അവൾ ചോദിക്കുന്നത് കേട്ടപ്പോൾ അവന്റെ നെഞ്ച് നീറുന്നുണ്ടായിരുന്നു. തന്റെ ശബ്ദത്തിൽ ഒരു വ്യത്യാസം വന്നാൽ പോലും അത് കണ്ടെത്താൻ അവൾക്ക് കഴിയും. അങ്ങനെയുള്ള ഒരു പെൺകുട്ടി തന്റെ ഭാഗ്യം തന്നെയാണ്… എന്നാൽ അത് അനുഭവിക്കാനുള്ള യോഗം തനിക്ക് ഇല്ല എന്ന് മാത്രം.

 

” എനിക്ക് കുഴപ്പമൊന്നുമില്ല.. നാളെ എപ്പോഴാ കാണേണ്ടതെന്ന് ഞാൻ മെസ്സേജ് അയക്കാം.. ”

 

അത്രയും പറഞ്ഞു കൊണ്ട് അവൻ കോൾ കട്ട് ചെയ്തു.

 

തകർന്ന മനസ്സും ഇടറുന്ന ചുവടുകളും ആയി മുറിയിലേക്ക് നടക്കുമ്പോൾ അവൻ ഓർത്തത് മുഴുവൻ അവളെക്കുറിച്ച് ആയിരുന്നു.

 

ഗ്രാമത്തിന്റെ നൈർമല്യം ആവോളം ഉള്ള ഒരു പെൺകുട്ടി.. അതാണ് മീര…

 

അവളുടെ വീടും തന്റെ വീടും തമ്മിൽ ഒരുപാട് വ്യത്യാസമൊന്നുമില്ല. തൊട്ടടുത്ത് എന്ന് വേണമെങ്കിൽ പറയാം. ചെറുപ്പം മുതൽക്കേ പരസ്പരം അറിയാവുന്ന രണ്ടു പേരാണ് മീരയും താനും..

 

കുട്ടിക്കാലം മുതൽ ഒന്നിച്ച് കളിച്ചു വളർന്നവർ എന്നു തന്നെ പറയാം. കൗമാര പ്രായത്തിലേക്ക് എത്തിയപ്പോഴാണ് അവളോടുള്ള സൗഹൃദത്തിന് വ്യത്യാസം വരുന്നത്.

 

സമപ്രായത്തിലുള്ള ആൺകുട്ടികളോട് ആയിരുന്നു പിന്നീട് തനിക്ക് ചങ്ങാത്തം. ആയിടക്കാണ് കൂട്ടത്തിൽ ഒരുവന് മീരയോട് ഒരു താല്പര്യം ഉണ്ട് എന്ന് അറിയുന്നത്.

 

അത് അവൻ ആദ്യം വെളിപ്പെടുത്തിയത് ആകട്ടെ തന്നോടും.. ഞാൻ അവളുടെ വീടിനടുത്ത് ആയതുകൊണ്ട് തന്നെ അവർക്ക് ഹംസമായി ഞാൻ ഉണ്ടാകണം എന്നുള്ളതാണ് അവന്റെ ആവശ്യം. പക്ഷേ അത് കേട്ടപ്പോൾ എനിക്ക് വല്ലാത്ത ദേഷ്യം തോന്നി.

 

” നിനക്കൊക്കെ ബ്രോക്കർ പണി നടത്താൻ അല്ല എന്റെ ജോലി.. ”

 

അവനോട് ദേഷ്യപ്പെട്ടു കൊണ്ട് അന്ന് വീട്ടിലേക്ക് പോന്നു. പക്ഷേ എന്തിനാണ് തനിക്ക് അത്രയും ദേഷ്യം തോന്നിയത് എന്നറിയില്ല.

 

അവന് അവളോട് താല്പര്യമുണ്ട് എന്നറിഞ്ഞപ്പോൾ തനിക്ക് അവനോട് ദേഷ്യമാണ് തോന്നിയത്. അതെന്തു കൊണ്ടാണെന്ന് ഒരു രാത്രിയും പകലും താനാലോചിച്ചു.

 

ഒരേ ഒരു മറുപടി മാത്രമാണ് ഉള്ളിൽ തെളിഞ്ഞത്. അവൾ തനിക്ക് പ്രിയപ്പെട്ടവൾ ആണ് എന്നുള്ള മറുപടി…

 

ആദ്യം ഒരു ഞെട്ടലായിരുന്നു. പിന്നെ പതിയെ പതിയെ ഞാൻ മനസ്സിലാക്കി അവൾക്ക് എന്റെ ഉള്ളിൽ ഒരു സുഹൃത്തിന്റെ സ്ഥാനമല്ല ഉള്ളതെന്ന്. അതിലുമപ്പുറം അവൾ എന്റെ പ്രാണനാണ് എന്നും അന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു.

 

പക്ഷേ അവളോട് അത് തുറന്നു പറയാനുള്ള ധൈര്യം തനിക്ക് ഉണ്ടായിരുന്നില്ല. അത് ഉള്ളിൽ ഒളിപ്പിച്ചു വെച്ചെങ്കിലും മറ്റാരെങ്കിലും അവളെ ഇഷ്ടപ്പെടുന്നു എന്നറിഞ്ഞാൽ വല്ലാത്തൊരു ടെൻഷൻ ആയിരുന്നു തനിക്ക്. അവൾക്ക് അവരോടും ഒരു താല്പര്യമുണ്ടായാൽ താൻ പിന്നെ എന്ത് ചെയ്യും എന്നൊക്കെയുള്ള ചിന്ത…!

 

എന്റെ കൂട്ടുകാരൻ അവളോട് ഇഷ്ടം വെളിപ്പെടുത്തിയെങ്കിലും അവൾക്ക് താൽപര്യമില്ല എന്നൊരു മറുപടിയിൽ അവൾ അത് ഒതുക്കി. അവൾക്കിനി മറ്റ് ആരെയെങ്കിലും ഇഷ്ടമുണ്ടാകുമോ എന്നൊരു ചിന്ത കൂടി ഉള്ളിൽ തല പൊക്കാൻ തുടങ്ങിയിരുന്നു.

 

അതിന്റെ ടെൻഷൻ താങ്ങാൻ വയ്യാതെ വന്നപ്പോഴാണ് അവൾ ഡിഗ്രി ആദ്യവർഷം പഠിക്കുന്ന സമയത്ത് അവളോട് തന്റെ ഇഷ്ടം തുറന്നു പറയുന്നത്. അത് കേട്ടപ്പോൾ ഞെട്ടി നിന്ന അവളുടെ മുഖം ഇപ്പോഴും ഓർമ്മയുണ്ട്. പിന്നീട് കുറച്ചു ദിവസങ്ങൾ എനിക്ക് മുഖം തരാതെ അവൾ മറഞ്ഞു നടക്കുകയായിരുന്നു.

 

അവളുടെ മറുപടി അറിയേണ്ടത് എന്റെ ആവശ്യമായത് കൊണ്ട് തന്നെ പിന്നാലെ നടന്നു. ഒടുവിൽ അവൾ മനസ്സ് തുറന്നു.

 

“എനിക്ക് മനുവേട്ടനെ സ്നേഹിക്കാൻ കഴിയില്ല.അഥവാ എനിക്ക് മനുവേട്ടനോട് ഒരു ഇഷ്ടം ഉണ്ടെങ്കിൽ തന്നെ നമുക്ക് ഒരിക്കലും ഒന്നിക്കാൻ കഴിയില്ല. മനുവേട്ടന്റെ വീട്ടുകാരും എന്റെ വീട്ടുകാരും തമ്മിൽ ഒരുപാട് അന്തരം ഉണ്ട്..”

 

അവളുടെ ആ മറുപടിയിൽ നിന്ന് ഒന്ന് എനിക്ക് വ്യക്തമായിരുന്നു. അവൾക്ക് എന്നോട് താല്പര്യം ഉണ്ട്. വീട്ടുകാരാണ് തടസ്സം…

 

” നീ ഇപ്പോഴേ അതോർത്ത് ടെൻഷൻ അടിക്കേണ്ട കാര്യം ഒന്നുമില്ല. നമുക്ക് രണ്ടാൾക്കും വിവാഹപ്രായം ഒന്നും എത്തിയിട്ടില്ലല്ലോ. വിവാഹം കഴിക്കാനുള്ള സമയമാകുമ്പോൾ വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിക്കുന്ന കാര്യം ഞാനേറ്റു..”

 

ഞാൻ കൊടുത്ത ആ വാക്കിന്റെ ഉറപ്പിലായിരുന്നു അവൾ എന്നെ സ്നേഹിച്ചത്. ഞങ്ങളുടെ പ്രണയം നാലു വർഷങ്ങൾ പൂർത്തിയാക്കി കഴിഞ്ഞപ്പോഴാണ് വെള്ളിടി വെട്ടിയത് പോലെ അച്ഛന്റെ ഇപ്പോഴത്തെ ആഗ്രഹം..

 

എനിക്ക് അത്യാവശ്യം ശമ്പളം ലഭിക്കുന്ന നല്ലൊരു ജോലി തന്നെ കരസ്ഥമാക്കാൻ കഴിഞ്ഞിരുന്നു. അന്നു മുതൽ വിവാഹത്തിന് വീട്ടുകാർ നിർബന്ധിക്കുന്നുണ്ടെങ്കിലും പല കാരണങ്ങൾ പറഞ്ഞു ഞാൻ ഒഴിഞ്ഞു മാറുകയായിരുന്നു.പക്ഷേ ഇത്…!

 

“മീര നമ്മുടെ ഈ ബന്ധം തുടർന്നു പോകാൻ കഴിയില്ല.. നമുക്ക് എല്ലാം ഇവിടം കൊണ്ട് അവസാനിപ്പിക്കാം.. കഴിഞ്ഞ നാലു വർഷങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല എന്ന് സങ്കൽപ്പിക്കാം.. അതല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഒന്നും എന്റെ മുന്നിൽ ഇല്ല..”

 

അവളുടെ മുഖത്ത് നോക്കാതെ അത് പറഞ്ഞ് അവസാനിപ്പിച്ചപ്പോൾ അവൾ പൊട്ടി കരയുന്ന ശബ്ദം എനിക്ക് കേൾക്കാമായിരുന്നു. അവളെ ആശ്വസിപ്പിക്കാൻ കൈയും മനസ്സും ഒരുപോലെ ആഗ്രഹിച്ചിട്ടും അതിനെ പിടിച്ചു കെട്ടി.

 

ഒരുപക്ഷേ അവളെ ആശ്വസിപ്പിക്കാൻ താൻ മുതിർന്നാൽ അവളോട് ഒരിക്കലും യാത്ര പറയാൻ തനിക്ക് കഴിയാതെ പോകും..

 

” എന്താ മനുവേട്ടാ ഇപ്പൊ ഇങ്ങനെയൊക്കെ.? ”

 

കണ്ണീരിനിടയിലും അവൾ ചോദിക്കുന്നുണ്ടായിരുന്നു.

 

“ഇപ്പോൾ ഇങ്ങനെയാണ്… ഇങ്ങനെ ആവാനേ കഴിയൂ… അല്ലെങ്കിൽ നിന്നെ ജീവനോടെ കാണാൻ പോലും എനിക്ക് കഴിഞ്ഞെന്നു വരില്ല.. എന്നോടൊപ്പം അല്ലെങ്കിൽ പോലും നീ ആയുസ്സോടെ ആരോഗ്യത്തോടെ ഇരിക്കണം എന്ന് മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്.. എന്റെ ആ ആഗ്രഹമെങ്കിലും സാധിക്കണം..”

 

കരയാതിരിക്കാൻ ഞാനും കിണഞ്ഞു പരിശ്രമിക്കുന്നുണ്ടായിരുന്നു. എന്റെ ഭാവങ്ങളിൽ നിന്ന് നടന്നതെന്താണെന്ന് അവൾ ഊഹിച്ചിട്ടുണ്ടാവണം.

 

” ഒരിക്കലും മനുവേട്ടൻ പൂർണമനസ്സോടെ അല്ല ഇത് പറയുന്നത് എന്നെനിക്കറിയാം.. പ്രണയം എത്രത്തോളം സത്യസന്ധമാണെങ്കിലും ചിലപ്പോഴൊക്കെ വീട്ടുകാർക്കും ബന്ധങ്ങൾക്കും ഒക്കെ വേണ്ടി നമ്മൾ അതിനെ ത്യജിക്കേണ്ടി വരും… ഇവിടെ നമ്മുടെ പ്രണയവും അങ്ങനെ അവസാനിക്കട്ടെ.. ”

 

പറഞ്ഞുകൊണ്ട് അവൾ നടന്നകലുമ്പോൾ ഞാൻ എന്ന പാഴ്ജന്മത്തിനെ ഞാൻ ശപിച്ചു തുടങ്ങിയിരുന്നു…!

 

 

 

 

 

✍️ ശ്രേയ

Leave a Reply

Your email address will not be published. Required fields are marked *