അവന്റെ വിയോഗം പോലും മനസ്സ് ഉൾക്കൊള്ളുന്നില്ല

സെന്റ് തെരേസാസ് കോളേജ് നവാഗതർക്ക് സ്വാഗതം എന്നെഴുതിയ ബോർഡിനു മുമ്പിൽ താര പകച്ചുനിന്നു. ഡിഗ്രി ഫസ്റ്റ് ഇയർ ഇന്ന് അഡ്മിഷൻ കിട്ടിയ വന്നൊരു സാധാ നാട്ടിൻപുറത്തുകാരി. പട്ടണത്തിലെ കോളേജിൽ അഡ്മിഷൻ റെഡിയായി എന്ന് പറഞ്ഞപ്പോൾ തന്നെ എല്ലാവരും പറഞ്ഞു പേടിപ്പിച്ചത് റാഗിങ്ങിനെക്കുറിച്ചാണ്. അതേ പേടി മുഴുവനും ഉൾക്കൊണ്ടു തന്നെയാണ് കോളേജിന്റെ പടിവാതിൽ വരെ എത്തിയത്. പക്ഷേ അകത്തേക്ക് കയറാൻ മനസ്സനുവദിക്കുന്നില്ല. പിന്തിരിഞ്ഞു പോകാമെന്ന് കരുതിയിട്ട് പഠിക്കുവാനുള്ള ഉത്സാഹം കാരണം അതിന് കഴിയുന്നില്ല.

 

താരകയ്ക്ക് താഴെ രണ്ടുപേരാണ് മീരയും മനുവും. പഠിപ്പിൽ മിടുക്കി ആയതുകൊണ്ടാണ് താര ഡിഗ്രിക്ക് ചേർന്നത്. അതും നല്ല മാർക്കോട് കൂടി പാസായതുകൊണ്ടാണ് പട്ടണത്തിലെ ഏറ്റവും വലിയ കോളേജ് ആയ സെന്റ് തെരേസസിൽ അഡ്മിഷൻ കിട്ടിയത്. ഇല്ലായ്മകൾ ആയിരുന്നിട്ടു പോലും രവീന്ദ്രൻ മകളുടെ പഠിത്തത്തിൽ യാതൊരു കുറവും വരുത്തിയിരുന്നില്ല. അവൾക്ക് എത്രത്തോളം പഠിക്കാൻ ആഗ്രഹം ഉണ്ടോ അത്രത്തോളം എങ്ങനെയെങ്കിലും അവളെ പഠിപ്പിക്കണം എന്നത് മാത്രമായിരുന്നു അയാളുടെ ചിന്ത. കുടുംബത്തിൽ നിന്ന് ഒരാൾ ഇങ്ങനെ രക്ഷപ്പെടണമെങ്കിൽ അത് നടക്കട്ടെ എന്ന് കരുതി. മീര അകത്തേക്ക് കയറി വാകമര ചുവടും കഴിഞ്ഞ് നേരെ പ്രിൻസിപ്പളിന്റെ മുറിയുടെ അടുത്തെത്തി. പുറത്തുനിന്ന് പിയൂൺ അവൾക്ക് ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് കാണിച്ചു കൊടുത്തു. ലൈബ്രറിയോട് ചേർന്നിരിക്കുന്ന ആദ്യത്തെ ക്ലാസ്. അവൾ ക്ലാസിലേക്ക് കയറിയതും അവിടെ ഭംഗിയുള്ള അക്ഷരത്തിൽ എഴുതി വെച്ചിട്ടുണ്ട് വെൽക്കം. കുട്ടികൾ ഏകദേശം വന്നു തുടങ്ങിയതേയുള്ളൂ. അവൾ മൂന്നാമത്തെ ബെഞ്ചിൽ ഒരു കുട്ടിയുടെ അടുത്തായി ചെന്നിരുന്നു. അവളെ കണ്ടപ്പോൾ തന്നെ ആ കുട്ടി ഹൃദ്യമായി പുഞ്ചിരിച്ചു, അതുകൊണ്ടാണ് അവളുടെ അടുത്ത് തന്നെ പോയിരുന്നത്. “എന്റെ പേര് ശരണ്യ. എന്താ തന്റെ പേര്?” “എന്റെ പേര് മീര എന്നാണ്.” മീര പകച്ചു പകച്ചു ആ കുട്ടിയോട് ചോദിച്ചു, “ഇവിടെ റാഗിംഗ് ഉണ്ടോ?” “സീനിയേഴ്സ് ഒക്കെ പരിചയപ്പെടാൻ വരും എന്നല്ലാതെ റാഗിങ് ഉണ്ടോ ഇല്ലയോ എന്നൊന്നും എനിക്കറിയില്ല, ഞാനും അത് പേടിച്ച് തന്നെയാണ് ഇരിക്കുന്നത്.” “നമ്മൾ എത്രയൊക്കെ പേടിക്കണം? നമ്മളോട് എന്തെങ്കിലും ചോദിക്കുമെങ്കിൽ അതിനുള്ള മറുപടി പറഞ്ഞാൽ പോരെ?” ശരണ്യ അതിനൊരു പുഞ്ചിരിയാണ് മറുപടി നൽകിയത്.

 

ഏകദേശം ഒമ്പതരയ്ക്ക് ബെല്ലടിച്ചതോടുകൂടി കുട്ടികളെല്ലാം കൊണ്ട് ക്ലാസ്സ് നിറഞ്ഞു. പുറത്തുനിന്ന് ഒച്ചയും ബഹളവും കേട്ട് നോക്കുമ്പോഴേക്കും കുറച്ച് ആൾക്കാർ വേഗത്തിൽ ക്ലാസ്സിലേക്ക് കയറി. വന്നവരെ കണ്ടപ്പോൾ തന്നെ മനസ്സിലായി അവർ സീനിയേഴ്സ് ആണെന്ന്. എല്ലാ കുട്ടികളും വെപ്രാളപ്പെട്ട് ചാടിയെഴുന്നേറ്റു. “ഞങ്ങൾ സീനിയേഴ്സ് ആണ്, നിങ്ങളെ പരിചയപ്പെടുത്തുന്നതിന് വേണ്ടി വന്നതാണ്.” വേറെ കുഴപ്പം ഒന്നും ഉണ്ടായില്ല. അവർ വന്ന് മാന്യമായി പരിചയപ്പെട്ട് തിരിച്ചുപോയി. അങ്ങനെ ഒന്നും പറയാതെ പോയതായിരുന്നു പിന്നീടുള്ള വെപ്രാളം, ഇനിയും വന്നാലോ എന്ന്. പിന്നീട് പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടാവാതെ കടന്നുപോയി. ഏകദേശം ക്ലാസ് തുടങ്ങി രണ്ട് മാസത്തോളമായി. അപ്പോഴേക്കും ക്ലാസിലെ ഏകദേശം കുട്ടികളുമായി നല്ല കമ്പനിയിലായിരുന്നു. ഏഴു പേർ ചേർന്ന് ഒരു ഗ്രൂപ്പ് – മീര, ശരണ്യ, ഗോകുൽ, കുമാർ, ആശാ, സുജ, പ്രകാശ്. ഇത്രയും പേരുമാണ് ഏറ്റവുമധികം കൂട്ടായത്. കൂട്ടത്തിൽ കുമാർ കറുപ്പനാണ്. പക്ഷേ അവന്റെ ഐശ്വര്യമുള്ള മുഖമായിരുന്നു. ഉറച്ച ശരീരവും. ആരും അവന്റെ സംസാരത്തിൽ മയങ്ങി നിന്നുപോകും, അത്രമാത്രം എല്ലാവരെയും പിടിച്ചു നിർത്താനുള്ള കഴിവ് അവന്റെ സംസാരത്തിൽ ഉണ്ടായിരുന്നു. പഠിക്കുന്നതിനും കുമാർ മിടുക്കനായിരുന്നു. മറ്റുള്ളവർക്ക് എന്ത് സംശയം ഉണ്ടെങ്കിലും അതെല്ലാം പറഞ്ഞു കൊടുക്കുന്നതിൽ അവന് ഒരു പ്രത്യേക ഇഷ്ടം തന്നെ ഉണ്ടായിരുന്നു. പ്രകാശിനെയും ഗോകുലിനെയും ഒക്കെ കൈകാര്യം ചെയ്യുന്നത് ഇവനാണ്. എന്തെങ്കിലും പറഞ്ഞു കഴിഞ്ഞാൽ ഉടനെ തന്നെ കയ്യിൽ പിടിച്ചു തിരിക്കുകയാണ് കുമാറിനെ ഏറ്റവും വലിയ ഹോബി. അവന്മാരാണെങ്കിൽ അതിന് വേണ്ടി ഓരോന്ന് കാണിച്ചു കൂട്ടിക്കൊണ്ടിരിക്കും. കുമാറിനെ കളിയാക്കാനുള്ള ഒരേയൊരു മാർഗ്ഗം ആശാൻ “ഴ” എന്ന വാക്ക് ഒരിക്കലും വഴങ്ങുകയില്ലായിരുന്നു. അതിനു വേണ്ടിയാണ് എപ്പോഴും പ്രകാശും ഗോകുലും അവനെ കളിയാക്കുന്നത്. “പനിനീർമയ പൂമയ തേൻ മയ മയയിൽ കുതിർന്ന ഒരു അയകേ…” ഈ പാട്ടു പാടി കഴിഞ്ഞാൽ പിന്നെ കുമാറിന് ദേഷ്യമാണ്. മൂന്നുവർഷം കടന്നുപോയത് പോലുമറിഞ്ഞില്ല, പക്ഷേ അപ്പോഴും അവരുടെ സൗഹൃദം ബാക്കിയായിരുന്നു.

 

വർഷങ്ങൾ ഇത്രയും കടന്നു പോയത് ആരും അറിഞ്ഞില്ല. കഴിഞ്ഞ ദിവസമാണ് വാട്സാപ്പിൽ ഒരു മെസ്സേജ് വന്നത്. കോളേജ് റീയൂണിയൻ. ആരുടെയോ കൈവശം നിന്നും എന്റെ നമ്പർ വാട്സാപ്പിൽ ആഡ് ചെയ്തിരിക്കുകയാണ്. വെപ്രാളത്തോടെ കൂടിയാണ് വാട്സ്ആപ്പ് ഓപ്പൺ ചെയ്തു നോക്കിയത്. ഈ വരുന്ന ഇരുപത്തിയഞ്ചാം തീയതി കോളേജ് റീയൂണിയൻ തീരുമാനിച്ചിരിക്കുന്ന വിവരമാണ്, തീർച്ചയായും പങ്കെടുക്കണമെന്ന്. അതിനുവേണ്ടി കൂട്ടിയ ഗ്രൂപ്പാണ്. ഓരോരുത്തരുടെയും ഫോൺനമ്പർ നേരെയുള്ള പിക്ചർ എടുത്ത് സൂം ചെയ്തു നോക്കി, അറിയാവുന്നവർ ആരൊക്കെയാണെന്ന്. വർഷം കടന്നു പോകുന്നതിനനുസരിച്ച് ഓരോരുത്തർക്കും പല മാറ്റങ്ങളും സംഭവിച്ചിരുന്നു. അന്ന് മനസ്സ് എന്തോ വളരെ സന്തോഷത്തിലായിരുന്നു. ആ പഴയ കോളേജ് കാലഘട്ടത്തിലേക്ക് ഒരുപാട് തവണ പാറി പറന്നു. മീര ഇന്ന് രണ്ട് കുട്ടികളുടെ അമ്മയാണ്. മൂത്ത മകളുടെ വിവാഹം കഴിഞ്ഞു. ഇളയ മകൻ ഇൻഫോസിസിൽ വർക്ക് ചെയ്യുന്നു. ഹസ്ബൻഡ് മരണമടഞ്ഞു. എങ്കിലും പഴയ കോളേജ് സൗഹൃദങ്ങളെ കാണുന്നതിന് അവളുടെ മനസ്സ് വെമ്പൽ കൊണ്ടു. കൂടെയുള്ളവർ മറ്റ് ആറു പേർ ഇപ്പോൾ ഏത് നിലയിലാണ്? അവർക്ക് ഒക്കെ വിവാഹം കഴിഞ്ഞോ? മക്കൾ എത്രയാണ്? എന്നൊക്കെ അറിയുവാനുള്ള ഒരു ഉത്സാഹം. ചിലർ അറിയാവുന്ന നമ്പരുകളിൽ തപ്പിപ്പിടിച്ച് അവരെ അങ്ങോട്ട് വിളിച്ച് സൗഹൃദം പങ്കുവെച്ചു, ഓർമ്മകൾ പൊടിതട്ടിയെടുത്തു. അവരോടൊക്കെ ചോദിക്കാൻ ആദ്യം ഒരാളുടെ കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ, കുമാർ ഇപ്പോൾ എന്ത് ചെയ്യുന്നു എന്ന്. ചോദ്യം കേട്ട ആർക്കും തന്നെ വ്യക്തമായ ഒരു ഉത്തരം തരാൻ ഇല്ലായിരുന്നു.

 

എന്തായാലും പിന്നീട് ആ ദിവസത്തിനു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. പുതിയ സാരി വാങ്ങി. സാരിയുടെ ഫോട്ടോ എടുത്ത് വാട്സാപ്പിൽ അയച്ചു കൊടുത്തു ഫ്രണ്ട്സിന്. കാണുന്നതിനു വേണ്ടി മകളെ വിളിച്ച് കാര്യം പറഞ്ഞപ്പോൾ അവൾ കളിയാക്കി, “അമ്മയുടെ ഇപ്പോഴത്തെ സംസാരം കേട്ടാൽ പഴയ കോളേജ് വിദ്യാർത്ഥിനി ആണെന്ന് തോന്നുന്നു.” ശരിക്കും പറഞ്ഞാൽ നഷ്ടപ്പെട്ടുപോയ ആ ദിവസങ്ങളിലേക്ക് വീണ്ടും ഒന്ന് എത്തിപ്പെട്ടതുപോലെയായിരുന്നു ആ വാട്സ്ആപ്പ്. ഇന്നാണ് ഇരുപത്തിയഞ്ചാം തീയതി. രാവിലെ തന്നെ ഉണർന്നു. ഒരു കോളേജ് കുമാരിയുടെ അതേ ഉത്സാഹത്തോടുകൂടി ഒരുങ്ങി ഇറങ്ങി. വർഷങ്ങൾക്കിപ്പുറം ആത്മ മിത്രങ്ങളെ കാണാൻ പോകുന്നതിന്റെ സന്തോഷം മുഴുവനും മുഖത്തുണ്ടായിരുന്നു. ഓരോ പ്രവർത്തിയിലും അത് എടുത്തു കാണിച്ചിരുന്നു. മോനാണ് രാവിലെ കോളേജിൽ കൊണ്ടുചെന്നു വിട്ടത്. കാലുകളിൽ വീൽ വെച്ചുകെട്ടി പറക്കുകയായിരുന്നു എല്ലാരേയും കാണാൻ. ക്ലാസ് മുറിയിൽ എത്തുമ്പോൾ ഏകദേശം പേരും വന്നിട്ടുണ്ടായിരുന്നു. പ്രകാശന് നര ഏറെയായി. സുജ തടിച്ചിയായി. ആശയോ? അസൽ ഒരു മുത്തശ്ശി. അത്രക്കും മുടിയിൽ നര ബാധിച്ചു കഴിഞ്ഞു. ഞാൻ ഒന്ന് തടിച്ചതല്ലാതെ വേറെ വ്യത്യാസം ഒന്നുമില്ലായിരുന്നു. ശരണ്യക്ക് മക്കളില്ല, അതിന്റെ സങ്കടം പറഞ്ഞു. ക്ലാസിലെ ഏകദേശം പേരെയും കണ്ടു, പക്ഷേ കുമാർ മാത്രം വന്നില്ല. ഒരുപാട് പേരോട് തിരക്കി, ആർക്കും അറിയില്ലെന്നായിരുന്നു മറുപടി. അപ്പോഴും ആരൊക്കെയോ പറഞ്ഞു, ഉണ്ടായിരുന്ന മൊബൈൽ നമ്പറിൽ ആഡ് ചെയ്തു വാട്സ്ആപ്പിൽ എന്ന്. വരുമെന്ന് ഒരുപാട് പ്രതീക്ഷിച്ചിരുന്നു. നമ്മുടെ കൂട്ടത്തിലെ എല്ലാവർക്കും കുമാറിനെ കാണാൻ അത്രയേറെ ആഗ്രഹമുണ്ടായിരുന്നു. കാരണം കൂട്ടത്തിലെ മിടുക്കനായവന്റെ ഇപ്പോഴത്തെ നില എങ്ങനെയാണെന്ന് അറിയണമെന്ന് ഞങ്ങൾക്കെല്ലാം ആഗ്രഹമുണ്ടായിരുന്നു. അവന്റെ കുടുംബത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും ഒക്കെ അറിയണമെന്നും അവന്റെ ആ തമാശകളൊക്കെ കേൾക്കണമെന്നും ഒരുപാട് ആഗ്രഹിച്ചു തന്നെയാണ് ഞങ്ങൾ എല്ലാവരും നിൽക്കുന്നത്.

 

പരിപാടികൾ ഒക്കെ തുടങ്ങി. ഡിഗ്രിക്ക് പഠിപ്പിച്ചിരുന്ന രണ്ട് സാറും ഒരു ടീച്ചറും വന്നു. രണ്ടുപേർ മരിച്ചുപോയി. അന്നത്തെ ക്യാമ്പ് കാലഘട്ടത്തിലെ കുഞ്ഞുകുഞ്ഞ് തമാശകളൊക്കെ പറഞ്ഞു ചിരിച്ചു. അപ്പോഴും കണ്ണുകൾ സദാ വെളിയിലേക്ക് നോക്കിയിരുന്നു, കാണാൻ ആഗ്രഹിച്ച മുഖം കയറി വരുന്നുണ്ടോ എന്ന്. സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സാർ പെട്ടെന്ന് പറഞ്ഞത്, “നിങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന തൂങ്ങി മരിച്ച ആളുടെ പേര് എന്താണ് എന്ന്!” അതുവരെ സംസാരിക്കാനും കളിയും പറഞ്ഞുകൊണ്ട് ഇന്നവർ സാറിന്റെ ആ വാക്കുകൾക്ക് കാതോർത്തു. അറിയാതെ തന്നെ ഞാൻ എഴുന്നേറ്റ് സാറിനോട് ചോദിച്ചു, “സാർ, എന്താ സാർ, എന്താ സാർ പറഞ്ഞത്?” “അതെ, നിങ്ങളുടെ ഒപ്പമുണ്ടായിരുന്ന ആ പയ്യൻ, അവന്റെ പേര് എന്താണെന്ന്. പഠിത്തത്തിലും മറ്റുമൊക്കെ മിടുക്കനായിരുന്നു ഒരു കുട്ടി ഉണ്ടായിരുന്നല്ലോ?” അറിയാതെ എന്റെ നാവുകൾ കുമാറിന്റെ പേര് ഉച്ചരിച്ചു. “യെസ്, അയാൾ തന്നെ. കുമാർ. വളരെ കഷ്ടമായിപ്പോയി അയാളുടെ മരണം. ആത്മഹത്യയായിരുന്നു.” കേട്ടതു വിശ്വസിക്കാനാവാതെ രണ്ടുകൈകൊണ്ടും ചെവികൾ അമർത്തിപ്പിടിച്ചു. ആശയും സുജയും ചേർന്നാണ് എന്നെ തിരികെ കസേരയിൽ പിടിച്ചിരുത്തിയത്. ഞങ്ങളുടെ സങ്കടം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. കടുത്ത മാനസിക സംഘർഷത്തിൽ ആയിരുന്നു കുമാർ. ഇടയ്ക്കിടയ്ക്ക് മനോനില തെറ്റുന്ന അവസ്ഥ വരെ ഉണ്ടായിരുന്നു എന്ന്. ഒരു സഹോദരി ഉണ്ടായിരുന്നത് മരിച്ചു. അതിനുശേഷമാണ് അവൻ ഇങ്ങനെ മാനസികസമ്മർദ്ദം ഉണ്ടായതെന്നാണ് പറയുന്നത്. പക്ഷേ ഒരിക്കലും അവൻ ആത്മഹത്യയിലൂടെ സ്വന്തം ജീവിതം അവസാനിപ്പിക്കുമെന്ന് ആരും കരുതിയില്ല. അവന്റെ ചിരിക്കുന്ന മുഖം മാത്രമായിരുന്നു കണ്ണിൽ തെളിഞ്ഞുനിന്നത്. ബാക്കിയുള്ള എല്ലാവരെയും കണ്ടു സംസാരിച്ചു സന്തോഷം പങ്കുവെച്ചു എങ്കിലും കുമാർ ഒരു വേദന തന്നെയായിരുന്നു മനസ്സിൽ.

 

ഒരിക്കലും ആ കോളേജ് റീയൂണിയൻ ചടങ്ങിൽ പങ്കെടുക്കേണ്ടായിരുന്നു എന്നുതന്നെ തോന്നിപ്പോയി. സന്തോഷിച്ചുകയറിപ്പോയ കോളേജ് ക്യാമ്പസിൽ നിന്നും കരഞ്ഞുകൊണ്ടാണ് തിരികെ ഇറങ്ങി വന്നത്. ചില ആളുകളുടെ നഷ്ടം ഒരിക്കലും നമ്മുടെ ജീവിതത്തിൽ താങ്ങാൻ കഴിയില്ല. എന്നും എന്നും അവൻ നല്ലൊരു സുഹൃത്തായിരുന്നു. അവന്റെ ആ പുഞ്ചിരിക്കുന്ന മുഖം മാത്രം ഓർത്തുകൊണ്ട് ജീവിച്ചാൽ മതിയായിരുന്നു. എവിടെയെങ്കിലും അവൻ സുഖമായിരിക്കും എന്നുള്ള ആശ്വാസത്തിൽ. ഇതിപ്പോൾ മരിച്ചു എന്ന് കേട്ടപ്പോൾ സഹിക്കാൻ പറ്റാത്തത്ര വേദന. കൂടെയുള്ള നാളുകളിലത്രയും നല്ലൊരു സൗഹൃദം പകർന്നു തന്നവൻ. അവന്റെ വിയോഗം പോലും മനസ്സ് ഉൾക്കൊള്ളുന്നില്ല. ആദ്യമായി ആ കോളേജ് ക്യാമ്പസിനോട് ഒരു അകൽച്ച തോന്നി. എല്ലാ സന്തോഷങ്ങളും കെട്ടടങ്ങിയാണ് തിരികെ അവിടെ നിന്ന് വീട്ടിലേക്ക് എത്തിയത്. എങ്കിലും അവന്റെ ഓർമ്മകൾ ഇന്നും ജീവനോടെ നിൽക്കുന്നു മനസ്സിൽ. ഇനി ഒരിക്കലും ഒരു റീയൂണിയന് ഉണ്ടാകില്ല, മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.

 

സൂര്യഗായത്രി.

Leave a Reply

Your email address will not be published. Required fields are marked *