നിനക്കിത്തിരിയെങ്കിലും അന്തസ്സുണ്ടെങ്കിൽ അവളെ നീ ഞങ്ങൾക്ക് തന്നെ തിരിച്ചു താടാ… ഞങ്ങൾ നോക്കിക്കോളാം യാതൊരു കുറവുമില്ലാ തെ …

(രചന: രജിത ജയൻ)

 

കണ്ണിലെ കൃഷ്ണമണി പോലെ പൊതിഞ്ഞു പിടിച്ചു പൊന്നുപോലെ ഞങ്ങൾ വളർത്തിയ ഞങ്ങളുടെ അനിയത്തിയാണവൾ …

 

പ്രേമംന്നും പ്രണയന്നും പറഞ്ഞു പിന്നാലെ നടന്നു നീ അവളെ ഞങ്ങളിൽ നിന്നടത്തികൊണ്ടുപോയത് ഇതുപോലെ കഷ്ട്ടപ്പെടുത്താനായിരുന്നോടാ ..

 

ഞങ്ങളുടെ വീട്ടിലെ രാജകുമാരി ഇന്ന് നിന്റെ വീട്ടിലെ വേലക്കാരിയായല്ലോടാ ..

 

നാണമില്ലേ നിനക്ക് താലികെട്ടിയവളെ പണിക്ക് വിട്ട് കേസും കൂട്ടവുമായ് നടക്കാൻ…?

 

നിനക്കിത്തിരിയെങ്കിലും അന്തസ്സുണ്ടെങ്കിൽ അവളെ നീ ഞങ്ങൾക്ക് തന്നെ തിരിച്ചു താടാ… ഞങ്ങൾ നോക്കിക്കോളാം യാതൊരു കുറവുമില്ലാ തെ …

 

നിന്നെ ഉപേക്ഷിച്ചവൾ വരുന്ന നിമിഷം മുതൽ അവൾ ഞങ്ങളുടെ രാജകുമാരി തന്നെയാണെടാ ..

 

“നിന്നെയും നിന്റെ കുടുംബത്തെയും മാത്രമാണ് ഞങ്ങൾക്ക് വേണ്ടാത്തത് ..

 

ഞങ്ങളുടെ പെങ്ങളെ അല്ലാതെ ഞങ്ങളുടെ അന്തസ്സിനും കുടുംബ മഹിമയ്ക്കും ചേരാത്ത നിന്നെ ഞങ്ങൾക്ക് വേണ്ട ..

 

നീ നന്നായിട്ടൊന്ന് ആലോചിയ്ക്ക് ,ഇനിയും നിന്റെ സ്നേഹത്തിൽ കുരുക്കിയിട്ട് പാവം ഞങ്ങടെ പെങ്ങടെ നല്ലൊരു ജീവിതം നശിപ്പിക്കണോന്ന് …

 

നെഞ്ചിൽ കത്തി കൊണ്ട് കുത്തിയെന്നപോൽ കഠിനമായ വാക്കുകൾ പറഞ്ഞു കടന്നു പോകുന്നവരെ നിധിൻ വേദനയോടെ നോക്കി നിന്നു

 

തിരിച്ചു പറയാൻ മറുപടി ഒന്നുമില്ല മാത്രമല്ല അവർ പറഞ്ഞതെല്ലാം സത്യമായ കാര്യങ്ങളുമാണ് .എതിർത്തു പറയാൻ യാതൊരു മറുപടിയുമില്ല തന്റെ കയ്യിൽ .. അമ്പേ തകർന്നടിഞ്ഞു തല താഴ്ത്തി നിൽക്കുന്ന തനിക്കെന്ത് മറുപടി

 

ഓർമ്മകൾ നൽകിയവേദനയാലെന്നവണ്ണം നിധി നിലൊരു വേദന നിറഞ്ഞ ചിരി വിരിഞ്ഞു

 

മാളവിക തന്റെ മാളു ,രാജകുമാരിയായിരുന്നു അവൾ അവളുടെ വീട്ടിലെയും പിന്നെയവളുടെ പ്രിയപ്പെട്ട മൂന്നു ഏട്ടൻമാരുടെയും

 

കോളേജ്ജിൽ തന്റെ ജൂനിയറായിരുന്നു അവൾ, സമ്പത്തിന്റെ യാതൊരു അഹങ്കാരവുമില്ലാത്തൊരു നിഷ്കളങ്കയായ പെൺകുട്ടി ,എപ്പോഴാണ് എന്നു മുതലാണ് അവളോട് തനിക്ക് ഇഷ്ട്ടം തോന്നി തുടങ്ങിയതെന്ന് അറിയില്ല താൻ പോലും അറിയാതെ അവൾ തന്നിൽ നിറയുകയായിരുന്നു

 

തന്റെ പ്രണയത്തെ അവളും സ്വീകരിച്ചപ്പോൾ പിന്നീടു തങ്ങളുടെ പ്രണയക്കാലം ആയിരുന്നു .എല്ലാം തകിടം മറഞ്ഞത് അച്ഛന്റെ അപകട മരണത്തോടെയായിരുന്നു .

 

ഒട്ടും പ്രതീക്ഷിക്കാതെ കുടുംബത്തിന്റെ ഭാരം ചുമലിൽ വന്നപ്പോൾ താൻ പതറിപോയിരുന്നു ,തന്റെ പരിചയക്കുറവുകൊണ്ട് അച്ഛന്റെ ബിസിനസ്സ് തകർച്ചയിലേക്ക് നീങ്ങിയപ്പോൾ താൻ പതറിപോയ് ..

 

ഇതിനിടയിലാണ് തങ്ങളുടെ ബന്ധമറിഞ്ഞ മാളുവിന്റെ വീട്ടുകാർ അവൾക്ക് വിവാഹം ആലോചിച്ചു തുടങ്ങിയത്, താൻ ചെന്നവളെ തനിക്ക് തരാൻ പറഞ്ഞെങ്കിലും ആട്ടിയിറക്കി വിട്ടു അവളുടെ വീട്ടുകാർ തന്നെ

 

ഇനിയെന്തു ചെയ്യുമെന്നറിയാതെ പതറി നിന്ന തന്റെ മുന്നിലേക്ക് മാളു വന്നു നിന്നത് അവളുടെ വീടിനെയും വീട്ടുക്കാരെയും എല്ലാം ഉപേക്ഷിച്ചായിരുന്നു

 

അവളെയും ചേർത്തു പിടിച്ച് മുന്നോട്ടൊരുമ്മിച്ച് ഒരായിരം സ്വപ്നങ്ങൾ കണ്ടു ജീവിച്ചു തുടങ്ങും നേരമാണ് വിധി പിന്നെയാം വില്ലനായ് വന്നത് ,അമ്മയുടെ പതിവായുള്ള ക്ഷീണവും തളർച്ചയും ക്യാൻസറിന്റെയായിരുന്നു എന്ന തിരിച്ചറിവ് താളം തെറ്റിച്ചത് തന്റെ ജീവിതത്തെ ആകെയാണ് … ചികിൽസക്കായ് ചിലവഴിച്ചത് സഹോദരിയുടെ വിവാഹത്തിനായ് മാറ്റി വെച്ച പണമായിരുന്നു ,അമ്മയുടെ ചികിത്സ കാലയളവിൽ തന്നെ സഹോദരിയ്ക്ക് നല്ലൊരു വിവാഹം ശരിയായ് വന്നതും ആകെയുണ്ടായിരുന്ന വീടും സ്ഥലവും പണയപ്പെടുത്തി അവളുടെ ജീവിതവും സുരക്ഷിതമാക്കി ..

 

ഇപ്പോൾ തന്നിലാകെ അവശേഷിക്കുന്നത് കുറെ കടങ്ങളും തളർന്നൊരു മനസ്സും മാത്രമാണ് ,അച്ഛന്റെ ബിസിനസ്സ് തിരിച്ച് പിടിക്കാൻ കഴിയില്ല എന്ന കുറ്റമ്പോധത്തിൽ നീറുന്നുണ്ട് മനസ്സ്.

 

അതിനിടയിലാണ് വെറുതെ ഇരുന്നാൽ മടിച്ചിയാവുമെന്ന് പറഞ്ഞ് വീട്ടിനടുത്തുള്ള ഒരു ഷോപ്പിൽ മാളു ജോലിയ്ക്കായ്പോയ് തുടങ്ങിയത്, ചെറുതെങ്കിലും തനിക്കൊരു സഹായം അതാണവൾ ഉദ്ദേശിച്ചതെന്ന് തനിക്കറിയാം , അതിനാണ് മാളുവിന്റെ ഏട്ടൻമാർ വന്നിത്രയും തന്നെ പറഞ്ഞു പോയത് …

 

ഓർമ്മയുടെ കുത്തൊഴുക്കിൽ അറിയാതെ നിധിന്റെ കണ്ണുകൾ നിറഞ്ഞു .

തന്നെ സ്നേഹിച്ചതിന്റെ പേരിൽ ,തനിക്കൊപ്പമൊരു ജീവിതം തുടങ്ങിയതിന്റെ പേരിൽ ഒരുപാടനുഭവിക്കുന്നുണ്ടവൾ ,അവനോർത്തു

 

ഭാരം തിങ്ങിയ മനസ്സുമായ് വീട്ടിലെത്തിയ നിധിൻ ആരെയും ശ്രദ്ധിക്കാതെ മുറിക്കുള്ളിലേക്ക് പോയി ,അമ്മയോടെന്തോ പറഞ്ഞു കൊണ്ട് ആടിന് തീറ്റ കൊടുക്കുന്ന മാളു വിനെ കണ്ടതും അവളുടെ ഏട്ടന്മാർ പറഞ്ഞതൊക്കെയും അവന്റെ ഉള്ളിലേക്ക് വീണ്ടും വന്നു

 

പല വിധ ചിന്തകൾ മനസ്സിൽ നിറഞ്ഞതും അവനിലൊരു നിരാശ വന്നു നിറഞ്ഞു … ഒന്നും ചിന്തിക്കാൻ പോലും കഴിയാത്തവണ്ണം അവനിലാകെ നിരാശ മാത്രം നിറഞ്ഞു നിന്നു, ജീവിതം മടുത്തവന് തോന്നുന്ന നിരാശ

 

പൂർണ്ണചന്ദ്രൻ പൂർണ്ണ ശോഭയോടെ മാനത്ത് പ്രകാശം പൊഴിച്ച് നിൽക്കും നേരം ഇതുവരെയില്ലാത്ത വിധം മാളുവിലേക്ക് തന്റെ പ്രണയത്തെ പകരുകയായിരുന്നു നിധിൻ.

 

അവന്റെ വേഗതയിലും ഇറുക്കം കൂടിയ പുണരലുകളിലും പലപ്പോഴും മാളു വശംകെട്ടു .. ഇക്കഴിഞ്ഞ നാളുകളിലൊന്നും ഇത്ര ആഴത്തിൽ നിധിൻ മാളുവിനെ പ്രാപിച്ചിട്ടില്ല, പലപ്പോഴും അവന്റെ കരുത്തിൽ തളർന്നവശയായ് മാളു അവനെ ദയനീയമായ് നോക്കി പോയിരുന്നു

 

ഒടുവിലെപ്പോഴോ തന്നിലെ പ്രണയത്തിന്റെ അവസാന കണികയും മാളുവിന് പകർന്നു നൽകി നിധിൻ അവളിലേക്ക് തന്നെ തളർന്നുവീനു

 

തന്റെ പ്രണയമേറ്റു തളർന്നുറങ്ങുന്നവളെ മതിവരാതെ വീണ്ടും വീണ്ടും നോക്കി ഇരുന്നപ്പോൾ നിധിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു

 

എന്നോടു ക്ഷമിക്കണേ മോളെ… ഈ ഒരു ജന്മത്തിൽ ഇനി നമ്മൾ തമ്മിലൊരു കൂടിചേരലോ കൂടി കാഴ്ചയോ ഇല്ല, ഞാനെന്ന ഭാഗ്യദോഷിയോടൊപ്പം നിനക്കൊരു സന്തോഷമുള്ള ജീവിതം പോലും കിട്ടില്ല..

 

ഞാനില്ലാതെയായാൽ നീ എനിക്കു വേണ്ടി നഷ്ടപ്പെടുത്തിയതെല്ലാം നിനക്ക് തിരികെ കിട്ടും .. പോവാണ്.. പൊറുക്കണം ..

 

അവളുടെ നിറുകയിലൊരു മുത്തവും നൽകി കയ്യിൽ കരുതിയ വിഷകുപ്പിയുമായ് നിധിനാ മുറിയിൽ നിന്നിറങ്ങി പോയപ്പോൾ മാളു ഇതൊന്നുമറിയാതെ സുഖനിദ്രയിലായിരുന്നു ..

 

കണ്ണുകൾ തുറക്കുമ്പോൾ നിധിനൊരു ആശുപത്രി മുറിക്കുള്ളിലായിരുന്നു .. ശരീരത്തിൽ ഘടിപ്പിച്ച അനേകം വയറുകളിലൂടെ അവന്റെ കണ്ണുകളൊന്നു തെന്നി നീങ്ങി

 

താൻ മരിച്ചില്ല എന്ന ചിന്ത ഉള്ളിൽ വന്നതും അവന്റെ കണ്ണുകൾ പരിഭ്രമത്തോടെയാ മുറിക്കുള്ളിൽ കറങ്ങി..

 

കാൽ ഭാഗത്തായ് അവനെ തന്നെ നോക്കിയിരിക്കുന്ന മാളുവിലവന്റെ കണ്ണുകൾ തറച്ചുവെങ്കിലും അവളവനെ നിസ്സംഗതയോടെ നോക്കിയിരുന്നു

 

നിധിൻ പലവട്ടം അവളോട് സംസാരിക്കാൻ ശ്രമിച്ചുവെങ്കിലും അവളൊരിക്കൽ പോലുമവനെ കേൾക്കാൻ നിന്നില്ല…

 

ഒരുറക്കം കഴിഞ്ഞുണർന്ന് മാളു നോക്കിയപ്പോൾ അരികിൽ തന്നെ കാണാത്തതുകൊണ്ട് നടത്തിയ തിരച്ചിലാണ് തന്നെയി ആശുപത്രി മുറിയിൽ എത്തിച്ചതെന്ന് നിധിൻ ഇതിനിടയിലറിഞ്ഞു

 

ആശുപത്രിയിൽ നിന്നു വന്നു മാസം ഒന്നു കഴിഞ്ഞിട്ടും മാളു നിധിനോടുള്ള അകലം തുടർന്നു പോന്നു .. താൻ ആശുപത്രിയിൽ ബോധം മറഞ്ഞു കിടന്ന നാൾ മാളുവിനെ കാണാനും കൂടെ കൊണ്ടുപോവാനുമായ് വന്ന അവളുടെ ആങ്ങളമാരെ അവൾ ആട്ടിയോടിച്ച കഥയെല്ലാം അമ്മ പറഞ്ഞ് നിധിനറിഞ്ഞിരുന്നു ..

 

മാളു തന്നോട് അത്ര പെട്ടന്നൊന്നും ക്ഷമിക്കി ല്ലാന്ന് നിധിനു മനസ്സിലായ് … എല്ലാം ഉപേക്ഷിച്ച് തനിക്കു വേണ്ടി മാത്രം വന്നവളെ പാതിയിലുപേക്ഷിച്ചു പോവാൻ തോന്നിയ ബുദ്ധിശൂന്യതയെ പഴിച്ചു അവൻ പലപ്പോഴും

 

ദിവസങ്ങൾ മെല്ലെ മുന്നോട്ടു നീങ്ങികൊണ്ടിരുന്നു

 

നിധീ… മോനെ….

 

അമ്മയുടെ ഉറക്കെയുള്ള വിളിക്കേട്ട് ഉമ്മറത്തേക്ക് ചെന്ന നിധിൻ കണ്ടത് മാളുവിനൊപ്പം സന്തോഷത്തോടെ നിൽക്കുന്ന അമ്മയെയാണ്

 

മോനെ … ടാ… മാളുവിന് വിശേഷം ഉണ്ടെടാ … നമ്മുടെ വീട്ടിലൊരു വാവ വരുന്നു… വരുന്ന കുഞ്ഞിന്റെ ഭാഗ്യം കൊണ്ടാണ് അച്ഛന്റെ ബിസിനസ് നമ്മുക്ക് തിരിച്ചു കിട്ടീത്..

 

അമ്മ പറഞ്ഞതു കേട്ട് നിധിൻ സന്തോഷത്തോടെ മാളുവിനടുത്തേക്ക് ചെന്നെങ്കിലും അവൾ അവനെ ശ്രദ്ധിക്കാതെ മുറിയിലേക്ക് നടന്നു

 

മാളു.. മോളെ. എന്നോട് ക്ഷമിക്കടീ .. ഒരു തെറ്റുപറ്റിയതാണ് ,എന്നെ വിശ്വസിച്ചു കൂടെ വന്ന നിന്നെ ഏതവസ്ഥയിലും ഞാൻ തനിച്ചാക്കാൻ പാടില്ലായിരുന്നു, നിന്നോടുള്ള സ്നേഹ കൂടുതൽ കൊണ്ടാണ് ഞാൻ…..

 

പറഞ്ഞു വന്നത് പൂർത്തിയാക്കാതെ കരഞ്ഞുകൊണ്ട് നിധിനവളുടെ കാൽചുവട്ടിലേക്കിരുന്നതും കൂടെ കരഞ്ഞുകൊണ്ട് മാളു അവനെ കെട്ടിപിടിച്ചു

 

എന്തു സ്നേഹം കൊണ്ടാണെങ്കിലും എന്നെ തനിച്ചാക്കി പോയിട്ടല്ല അത് തെളിയിക്കേണ്ടത് ,ഏതവസ്ഥയിലും കൂടെ ചേർത്തു പിടിച്ചു കൊണ്ടാണ്..

 

ഇപ്പോൾ തന്നെ നമ്മുടെ കുഞ്ഞ് എന്റെ വയറ്റിൽ ജന്മമെടുത്തത്ഏട്ടൻ മരിക്കാൻ ഉറപ്പിച്ച രാത്രിയിലാണ്..

അന്നേട്ടൻ മരിച്ചിരുന്നെങ്കിൽ പിന്നെ ഞാനുണ്ടോ …?

നമ്മുടെ കുഞ്ഞുണ്ടോ…

 

അവൾ കരഞ്ഞുകൊണ്ട് അവനെ തല്ലിയും ചീത്ത പറഞ്ഞും ഓരോന്നായ് പറയുമ്പോൾ അവർക്കിടയിലെ പിണക്കത്തിന്റെ മഞ്ഞുമല ഉരുകുകയായിരുന്നു …. ഇനിയവർ ജീവിക്കട്ടെ അവരുടെ പുതിയ സന്തോഷങ്ങളുമായ് ….

Leave a Reply

Your email address will not be published. Required fields are marked *