എത്ര രാത്രിയിൽ അവളുടെ കവിളിൽ എന്ന് പോലെ അതിൽ ചുംബിച്ചു. എല്ലാം നിധി പോലെ കാത്ത് സൂക്ഷിക്കും മരിക്കും വരെ. അങ്ങിനെയെങ്കിലും തീരട്ടെ അവളോടുള്ള കടപ്പാട്.

അസർമുല്ല

(രചന: Navas Amandoor)

 

അരികിൽ വന്ന് കവിളിൽ ചുണ്ട് അമർത്തി ചുംബിച്ചു കൊണ്ട് ഷഹന അവളുടെ പ്രണയം എന്നോട് പറഞ്ഞു. ആ ദിവസം മുതൽ അവൾ എന്റെ പിറകെ നിഴലായ് ഉണ്ട്.

 

കരഞ്ഞു കലങ്ങി ചുമന്ന കണ്ണുകളിൽ നിരാശയുടെ നോവുമായി അവൾ യാത്ര പറയാൻ അവസാനമായി വീട്ടിൽ വന്നപ്പോൾ ഉമ്മയെ ഒരു പെട്ടി ഏല്പിച്ചു.

 

പെട്ടിയിൽ നിറയെ എനിക്ക് വേണ്ടി പലപ്പോഴായി വാങ്ങി കൂട്ടിയ സ്‌നേഹ സമ്മാനങ്ങളാണ്.

 

ഷർട്ടുകൾ മെറൂൺ നിറവും പിന്നെ കറുപ്പും. ആ നിറങ്ങൾ എന്റെ ഇഷ്ട നിറങ്ങളാണ്. എന്റെ ഇഷ്ടങ്ങൾ എന്നേക്കാൾ നന്നായി അവൾക്ക് അറിയാം. പെർഫ്യൂസ് റൈബാൻ ഗ്ലാസ്‌,ഭംഗിയുള്ള പേന…

 

പിന്നെ മൊബൈൽ.. ലെതർ പെഴ്‌സ്… മെറൂൺ കല്ല് വെച്ച് വെള്ളിയിൽ കെട്ടിച്ച മോതിരം. അങ്ങിനെ പലതും ഉണ്ടായിരുന്നു അതിൽ.

 

ഞാൻ അതെല്ലാം ബെഡിൽ വാരിയിട്ട്.. വിരലുകൾ ഓടിച്ചു. ഓരോന്നായി എടുത്ത് കൂട്ടി പിടിച്ച് കൈയിൽ എടുത്ത്… അതിൽ നോക്കി ഇരുന്നു.

 

“ഷഹനാക്ക്‌ എന്നെ ഒരുപാട് ഇഷ്ടായിരുന്നു. ഒരിക്കൽ പോലും എന്റെ മനസ്സിന് മനസ്സിലാകാതെ പോയൊരു ഇഷ്ടം. അങ്ങനെ യൊരു പ്രണയം എനിക്ക് അവളോട്‌ തോന്നിയില്ല. അത് തെറ്റാണോ… അറിയില്ല. ”

 

അവളെ ഇഷ്ടപ്പെടാതിരിക്കാൻ കാരണങ്ങൾ ഇല്ലായിരുന്നു. പക്ഷെ പ്രണയം തോന്നിയില്ല.ആ ഇഷ്ടം നഷ്ടമാകുമെന്ന് അറിഞ്ഞതിന് ശേഷം അവൾ ദൂരെയാണെന്ന് അറിഞ്ഞിട്ടും എന്റെ മനസ്സ് അവളിലേക്ക് അടുക്കുന്നു.

 

“ഷാഹി കൊണ്ട് വെച്ച് പോയതാണ് മോനെ ഇതെല്ലാം . അവൾ നിനക്ക് വേണ്ടി വാങ്ങി സൂക്ഷിച്ചു… ഇനി ആ വീട്ടിൽ ഇതൊന്നും വെക്കാൻ പറ്റില്ല ല്ലൊ…

 

ഇതൊന്നും ആർക്കും ഇല്ലാതെ കളയാൻ തോന്നിയില്ലെന്ന് …. മോനെ നിനക്ക് അവളെ കല്യാണം കഴിച്ചൂടെയിരുന്നോ …. എന്റെ മോനെ ജീവനേക്കാൾ ഏറെ സ്‌നേഹിച്ചിരുന്നു അവൾ. ”

 

ഉമ്മയുടെ വാക്കുകളിൽ നിന്നും അറിയാൻ കഴിയുന്നുണ്ട് സങ്കടം.ഏറെ നാളുകൾക്ക് മുൻപ് ഉമ്മ അവളെ എന്റെ പെണ്ണായി മനസ്സുകൊണ്ട് സ്വീകരിച്ചു.

 

ഒരിക്കൽ ഞാൻ അവളുടെ കൈ പിടിച്ച് ഈ വീട്ടിലേക്ക് കയറി വരുമെന്ന് ആഗ്രഹിച്ചു.

 

ഉമ്മയെക്കാൾ സങ്കടത്തിലാണ് റസീന.

 

“ഇക്കാക്ക ഓൾക്ക് എന്ത് കുറവാണ്… എന്തിനാ ഇക്കാ ആ പാവത്തിന്റെ ഇഷ്ടം കണ്ടില്ലെന്ന് നടിച്ചത്. അവളെ പോലെ എന്റെ ഇക്കാനെ സ്‌നേഹിക്കുന്ന ഒരു പെണ്ണിനെ ഇക്കാക്ക് ഇനി കിട്ടില്ല. ”

 

കരച്ചിൽ വരുന്നുണ്ട് അവൾക്ക്. ഇക്കാക്കയുടെ പെണ്ണാണെന്ന് പറഞ്ഞ് ഷഹനയെ ഇത്താത്തയെന്നു വിളിച്ച് കൂട്ട് കൂടി നടന്ന് അവളും ഷഹനയെ സ്‌നേഹിച്ചു.

 

ഞാൻ മാത്രം അവളുടെ സ്‌നേഹം മനസ്സിലാക്കിയില്ല. കണ്ടിട്ടും അറിഞ്ഞിട്ടും മനസ്സിൽ പ്രണയം തോന്നിയില്ല. അതുകൊണ്ട് തന്നെ അവളിൽ നിന്നും ഞാൻ അകന്ന് മാറി.

 

കൂട്ടുകാരികളും കുടുംബക്കാരും നിറഞ്ഞ കല്യാണപന്തലിൽ കൈയിൽ മൈലാഞ്ചി തൊട്ട്, വായിൽ മധുരം വെച്ച് കൊടുത്ത് ഓരോത്തരായി അവളുടെ മുൻപിലൂടെ കടന്ന് പോയി.

 

ഒരു സൈഡിൽ മാറി ഞാനും നിന്നു. അവളുടെ നോട്ടം എന്നിലാണെന്ന് കണ്ടപ്പോൾ… ഇനിയും ഇവിടെ നിന്നാൽ അവൾ ചിലപ്പോൾ പൊട്ടി കരയുമെന്ന് തോന്നിയപ്പോൾ പന്തലിൽ നിന്നും പുറത്തേക്ക് ഇറങ്ങി വീട്ടിലേക്ക് പോന്നു.

 

ഉമ്മയും അനിയത്തിയും കല്യാണവീട്ടിൽ പേരിന് പോയി പോന്നു.

 

“മോനെ നിനക്ക് ഇത്തിരി സങ്കടം പോലും തോന്നുന്നില്ലേ…? ”

 

“ഉമ്മാ ഞാൻ അവളോട്‌ പറഞ്ഞതല്ലേ…. എനിക്ക് ഒരിക്കലും അവളെ കൂടെക്കൂട്ടാൻ കഴിയില്ലെന്ന്.. അങ്ങനെ ഒരിഷ്ടം അന്ന് അവളോട്‌ തോന്നിയില്ല. ”

 

“സാരില്ല മോനെ… മരണം വരെ അവളുടെ സങ്കടവും കണ്ണീരും നീ ആയിരിക്കും. ”

 

ഫോൺ ബല്ലടിക്കുന്നത് കേട്ടപ്പോൾ ഉമ്മ മുറിയിൽ നിന്നും പോയി.ഷഹനയാണ് വിളിക്കുന്നത്‌. ഞാൻ മൊബൈൽ ചെവിയോട് ചേർത്തു.

 

ഏന്തി ഏന്തിയുള്ള കരച്ചിൽ !! അവൾക്കു ഒന്നും പറയാൻ കഴിയുന്നില്ല.

 

“ഷഹന…. എന്തിനാ ഇങ്ങനെ.. ”

 

“ഇക്കാ എനിക്ക് പറ്റണില്ല… മനസ്സിന്നു പറിച്ചു കളയാൻ കഴിയുന്നില്ല.. ”

 

കരച്ചിലിന്റെ ഇടയിൽ വിക്കി വിക്കിയുള്ള സംസാരം.

 

“ഇനിയെങ്കിലും പറ…. ഒരല്പം പോലും തോന്നിയിട്ടില്ലെ എന്നോട് ഇത്തിരി ഇഷ്ടം..? ”

 

“തോന്നിട്ടില്ലായിരുന്നു. പക്ഷെ ഇപ്പോ മോളെ ഇത്തിരിയല്ല ഒരുപാട് ഒരുപാട് ഇഷ്ടം തോന്നുന്നു. ”

 

പെട്ടെന്ന് പറഞ്ഞ് പോയതാണ് ഞാൻ.

 

“ഇക്ക എന്താ പറഞ്ഞത്…? ”

 

“ഒന്നുല്ല ഷാഹി. ”

 

“ഇക്കാ… ഒത്തിരി മോഹിച്ചു പോയി ഞാൻ. ”

 

ഇനി സംസാരിച്ചാൽ കൂടുതൽ സങ്കടമാകും. ഞാൻ ഫോൺ കട്ടാക്കി.ഈ നിമിഷം വരെ തോന്നതിരുന്നു ഇഷ്ടം മനസ്സിൽ തോന്നി തുടങ്ങിയോ. അതൊ അവളുടെ കണ്ണീർ കണ്ട് മനസ്സ് കള്ളം പറയുന്നതോ..?

 

“കൈവിട്ട് കളഞ്ഞു…ഞാൻ!! എനിക്ക് ചുറ്റിലും പ്രകാശമായി വിളങ്ങിയ പെണ്ണിനെ. ”

 

അവളുടെ ഇഷ്ടത്തിന് എതിരായിരുന്നില്ല വീട്ടുകാർ. അവളുടെ ഇഷ്ടം നടത്തി കൊടുക്കാൻ അവരും കാത്തിരുന്നതാണ്. പക്ഷെ എനിക്ക് വേണ്ടാത്ത അവളെ എത്ര നാൾ അവർക്ക് കാത്ത് വെക്കാൻ കഴിയും !

 

പിറ്റേന്ന് കല്യാണ വീട്ടിൽ ഉമ്മയും ഞാനും പോയി. നിക്കാഹിനു ഒരുക്കിയ സ്റ്റേജിന്റെ മുൻപിൽ കസേരയിൽ ഞാൻ ഇരുന്നു.

 

നിക്കാഹിനുള്ള ഒരുക്കങ്ങൾ തുടങ്ങി.

 

“ഇക്കാ ഒരിക്കൽ പോലും തോന്നിയിട്ടില്ലേ ഇത്തിരി ഇഷ്ടം എന്നോട്…. ഇക്കാടെ പെണ്ണായി ജീവിച്ചു മരിക്കാൻ.. വേണ്ടിയാ ഷഹന ജനിച്ചത്… എന്നിട്ടും. ”

 

ഉസ്താദ് വാപ്പയുടെ കൈയിൽ ചെക്കന്റെ കൈ വെച്ചു. പെട്ടെന്ന് ഞാൻ എണീറ്റ് അവരുടെ അടുത്തേക്ക് ചെന്നു.

 

“ഈ നിക്കാഹ് നടക്കില്ല.. ”

 

എല്ലാവരും എന്നെ തന്നെ നോക്കി. പന്തലിൽ മൂകത പടർന്നു. എല്ലാ കണ്ണുകളും എന്നിൽ മാത്രമായി ചുരുങ്ങി.

 

“അവൾ എന്റെയാണ്.. എന്റെ മാത്രം. വിട്ടുകളയാൻ മനസ്സില്ല.എനിക്ക് വേണം ഷഹനയെ ഇതുവരെ എനിക്ക് തന്ന സ്‌നേഹം ഇരട്ടിയായി തിരിച്ചു കൊടുക്കണം. ”

 

എതിർപ്പുകൾ ഉണ്ടാകും. എല്ലാം അവഗണിച്ചു ഞാൻ അവളെ കൂടെ കൂട്ടും. നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികളെ തുടച്ചു മാറ്റി. കണ്ണുകൾ നിറയാതിരിക്കാൻ മനസ്സിനെ പറഞ്ഞ് പറ്റിക്കാനുള്ള ശ്രമം.

 

ഷഹന നഷ്ടമാകുമെന്നുള്ള സത്യം മനസ്സ് വീണ്ടും വീണ്ടും കള്ളമാണെന്ന് പറയുന്നു. കസേരയിൽ ഇരുന്നു ഉരുകി തീരുന്നുണ്ട്… ഞാനും എന്റെ ഇനിയൊരിക്കലും നടക്കാത്ത സ്വപ്‌നങ്ങളും.

 

നിക്കാഹ് കഴിഞ്ഞു. ഷഹന ഇനി വേറെയൊരു ആണിന്റെ ഹലാലായ ഇണയും തുണയുമായി ജീവിക്കും.

 

പുതിയ ജീവിതത്തിൽ നന്മയുണ്ടാകുവാൻ സന്തോഷം ഉണ്ടാകുവാൻ.. ദുനിയാവും ആഹിറവും കിട്ടുന്ന ദമ്പതികളവാൻ പ്രാർത്ഥന… അടർന്നു വീണ കണ്ണീർ തുള്ളിയെ ആരും കാണാതെ തുടച്ചു ഞാനും ആമീൻ പറഞ്ഞു.

 

മണവാട്ടിയായി ഒരുങ്ങി ഇറങ്ങിയ അവളെ കണ്ടപ്പോൾ നെഞ്ചു പിടഞ്ഞു.നിറഞ്ഞു തുളുമ്പിയ അവളുടെ കണ്ണീർ ഉരുകി ഒലിച്ച ലാവ പോലെ എന്റെ നെഞ്ചിലൂടെ ഒഴുകി!!

 

എല്ലാർക്കും അറിയാം അവളുടെ സങ്കടത്തിന്റെ കാരണം.അവളുടെ ഇഷ്ടം നഷ്ടപ്പെടുത്തിയ വിഡ്ഢിയെ ക്രൂരതയുടെ മുഖമായി അവരോക്കൊക്കെ നോക്കുന്നുണ്ടാകും.

 

കാലങ്ങൾ മാറ്റമുണ്ടാക്കും. ഓരോ നിമിഷത്തിലും ഒഴുകി മറയുന്ന ജീവിതത്തിൽ ചിലത് മാറാൻ മനസ്സ് അനുവദിക്കില്ല.

 

ഓർമ്മകൾ നൊമ്പരമായി ഖബർ വരെ ഉണ്ടാകും. എനിക്ക് അറിയാം അവൾ എന്നെ മറന്നു കാണില്ല.അവൾ എന്നെ മറന്നാലും ഞാൻ മറക്കില്ലല്ലൊ ഷഹനയെ.

 

“ഇക്കാ.. അവൾക്കിപ്പോ ഒരു ജീവിതമായി. ഇനിയും ഇക്ക എന്തിനാ ഇങ്ങനെ സ്വയം ഉരുകി… ഇക്കാക്കും വേണ്ടേ ഒരു ലൈഫ്. ”

 

അനിയത്തിയും ഉമ്മയും കൂടെ കൂടെ പറയുന്നുണ്ട് പെണ്ണ് കെട്ടാൻ. എന്റെ നെഞ്ചിലൂടെ ഒലിച്ച അവളുടെ കണ്ണീർ ഉണ്ടാക്കിയ മുറിവ് ഉണങ്ങാതെ എനിക്ക് വേറെയൊരു പെണ്ണിനെ കൂടെക്കൂട്ടാൻ കഴിയില്ല.

 

ഷഹനയെ ഞാൻ ഒരുപാട് സ്‌നേഹിക്കുന്നു. എന്റെ ഈ ജന്മം അവൾക്കായി മാറ്റി വെക്കും.

 

ഇനി മറ്റൊരു ജന്മം ഉണ്ടായാൽ അവൾക്കായി ജനിക്കണം. അവൾ വേറെ ഒരുത്തന്റെ ആകുന്ന നിമിഷം വരെ എനിക്ക് കിട്ടിയ സ്‌നേഹം മതി ഇനി എനിക്ക് ജീവിക്കാൻ.

 

ഷഹന എനിക്കായി വാങ്ങിക്കൂട്ടിയതെല്ലാം എനിക്ക് തന്നിട്ട് പോയപ്പോൾ അതിൽ അവളുടെ മനസ്സും ഉണ്ടായിരുന്നു. എത്ര വട്ടം അതെല്ലാം വാരിയെടുത്ത്‌ നെഞ്ചോടു ചേർത്തു.

 

എത്ര രാത്രിയിൽ അവളുടെ കവിളിൽ എന്ന് പോലെ അതിൽ ചുംബിച്ചു. എല്ലാം നിധി പോലെ കാത്ത് സൂക്ഷിക്കും മരിക്കും വരെ. അങ്ങിനെയെങ്കിലും തീരട്ടെ അവളോടുള്ള കടപ്പാട്.

 

“ഇങ്ങനെ തനിച്ചാവൻ വേണ്ടിയാകും. നീ നിഴലായി പിറകെ നടന്നിട്ടും നിന്നോട് എനിക്ക് പ്രണയം തോന്നാതിരുന്നത്… അല്ലെ ഷഹന…? “

Leave a Reply

Your email address will not be published. Required fields are marked *