ഭാര്യയായ ഞാൻ ഉള്ളപ്പോ അമ്മ എന്തിനാ വിച്ചേട്ടന്റെ കാര്യത്തിൽ ഇത്രയും കേറി ഇടപെടുന്നത് അതെനിക്ക് തീരെ ഇഷ്ട്ടാവുന്നില്ല..

ഹൃദ്യം
(രചന: Bhadra Madhavan)

എന്താ മോളെ ഇന്ന് വിളക്ക് വെച്ചില്ലേ കയ്യിലെ ബാഗ് ഇളംതിണ്ണയിലേക്ക് വെച്ചു കൊണ്ട് സ്കൂളിൽ നിന്നും വന്ന ഗീത ടീച്ചർ മരുമകളായ അമ്മുവിനോട് ചോദിച്ചു

ഓ എന്നും വിളക്ക് വെയ്ക്കണമെന്ന് നിർബന്ധം ഒന്നുമില്ലല്ലോ…. അമ്മു ചോദിച്ചു

എന്നും സന്ധ്യ ആയാൽ നാലുപുറവും അടിച്ചു തെളിച്ചു ഉമ്മറത്ത് വിളക്ക് വെയ്ക്കണം മോളെ….എന്നാലേ കുടുംബത്തൊരു ഐശ്വര്യം ഉണ്ടാവൂ ഗീത സാരി തലപ്പ് കൊണ്ട് മുഖത്തു പൊടിഞ്ഞ വിയർപ്പ് തുള്ളികൾ തുടച്ചു കൊണ്ട് പുഞ്ചിരിയോടെ പറഞ്ഞു

പിന്നെ എനിക്കതല്ലേ പണി… മോള് ഒരുത്തി ഉണ്ടല്ലോ അവളോട് പറഞ്ഞുകൂടെ അമ്മു പിറുപിറുത്തു കൊണ്ട് അകത്തേക്ക് നടന്നു

ഗീത അത് കേട്ടുവെങ്കിലും മറുപടി ഒന്നും പറയാതെ ബാഗുമെടുത്ത് അകത്തേക്ക് നടന്നു

രാത്രി….. അത്താഴത്തിനു പപ്പടം കാച്ചുകയാണ് ഗീതടീച്ചറുടെ മകൾ രേവതി..അമ്മു അടുത്ത് തന്നെ നിന്നു പാത്രത്തിൽ ചോറ് പകരുന്നുണ്ട്…..

മോളെ രേവു അമ്മ രാവിലെ പോവുന്നതിനു മുൻപ് ഇച്ചിരി കാളൻ ഉണ്ടാക്കി ഫ്രിഡ്ജിൽ വെച്ചിട്ടുണ്ട്…. അതൊന്ന് എടുത്തു പുറത്തു വെയ്ക്ക് തണുപ്പ് പോവട്ടെ…. വിഷ്ണുന് കാളൻന്ന് വെച്ചാൽ ജീവനാണ്….എത്ര കൊടുത്താലും കഴിച്ചോളും ഗീത ടീച്ചർ പറഞ്ഞു

വേണ്ട അതൊന്നും എടുക്കണ്ട….ഞാൻ ഉച്ചക്ക് എരിശേരി ഉണ്ടാക്കിയിട്ടുണ്ട്…. വിച്ചേട്ടന് അത് കൊടുത്താൽ മതി അമ്മു ഇടയിൽ കേറി പറഞ്ഞു

അതിന് വിഷ്ണു എരിശേരി കഴിക്കില്ലല്ലോ മോളെ…. അവന് കാളൻ ആണ് പ്രിയം….കല്യാണം കഴിഞ്ഞിട്ട് രണ്ട് മാസമായിട്ടും വിഷ്ണുന്റെ ഇഷ്ട്ടങ്ങൾ ഒന്നും മനസിലായില്ലേ കുട്ടിക്ക് ഗീത ടീച്ചർ അമ്മുവിനോട് ചോദിച്ചു

ആ പറഞ്ഞത് ഇഷ്ടപ്പെടാതെ നീരസത്തോടെ മറുപടി ഒന്നും പറയാതെ അമ്മു ഊണ് മുറിയിലേക്ക് പോയി

മോളെ രേവു എരിശേരി എടുത്തോ വിഷ്ണു കഴിച്ചില്ലേലും നമുക്ക് കഴിക്കാലോ

മ്മ്.. ശരിയമ്മേഎന്നാ മോള് എടുത്തു വെയ്ക്ക് ഞാൻ ചെന്ന് വിഷ്ണുനെ കഴിക്കാൻ വിളിക്കട്ടെഅവർ വിഷ്ണുവിന്റെ മുറിയിലേക്ക് നടന്നു

മുറിയിൽ ആരോടോ ശ്രദ്ധയോടെ ഫോണിൽ സംസാരിക്കുകയായിരുന്നു വിഷ്ണു

മോനെ….. ഗീത വാത്സല്ല്യത്തോടെ അവന്റെ അടുത്ത് ചെന്നു അവന്റെ മുടിയിൽ തലോടി

വിഷ്ണു ഒരുനിമിഷം അറിയാതെയൊന്ന് കണ്ണടച്ചു….ഈ അമ്മയുടെ കൈയ്ക്ക് എന്തോ മാജിക്‌ അറിയാമെന്നു തോന്നുന്നു….തലയിൽ കൈ തൊട്ടാൽ ഉടനെ കണ്ണ് അടഞ്ഞു പോവും

ആരോടാ നീ ഇത്ര കാര്യമായിട്ട് സംസാരിക്കുന്നെ ഗീത ടീച്ചർ ചോദിച്ചുഅതോ… ഒരു സ്പെഷ്യൽ കേസ് ഉണ്ട് അമ്മേ…..ഇരട്ടകുട്ടികളാണ് ഗർഭത്തിൽ…നാളെയാണ് ആ കുട്ടിക്ക് ഡേറ്റ്…ഞാൻ അതിനെ കുറിച്ച് മുതിർന്ന ഒരു ഡോക്ടറുമായി സംസാരിക്കുകയായിരുന്നു

പേര് കേട്ട പ്രൈവറ്റ് ഹോസ്പിറ്റലിലെ തിരക്കുള്ള ഒരു ഗൈനകോളജിസ്റ്റ് ആണ് വിഷ്ണു വാസുദേവൻ

ആ കുട്ടിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ മോനെ…..ഉള്ളിലെ കുട്ടികൾക്ക് കുഴപ്പം ഒന്നുമില്ലല്ലോ ഗീത വല്ലായ്മയോടെ മകനോട് ചോദിച്ചു

അങ്ങനെ ഒന്നുമില്ല അമ്മേ….അമ്മ തത്കാലം അതങ്ങു വിട് എനിക്ക് വല്ലാതെ വിശക്കുന്നു….. വാ വന്നു ചോറ് വിളമ്പി താ… എനിക്ക് അതിരാവിലെ അങ്ങ് ചെല്ലണം വിഷ്ണു പെട്ടന്ന് വിഷയം മാറ്റി

അവർ ഊണ് മുറിയിൽ ചെല്ലുമ്പോഴേക്കും അമ്മുവും രേവതിയും കൂടി മേശപ്പുറത്ത് വിഭവങ്ങൾ ഒക്കെ എടുത്തു വെച്ചിരുന്നു…. ഗീത എല്ലാവർക്കും ചോറ് വിളമ്പി

പപ്പടം കാച്ചിയതും പപ്പായതോരനും വിളമ്പിയ ശേഷം അവർ കാളൻ എല്ലാവർക്കും വിളമ്പി

ഹോ… എന്റമ്മേ ഞാനിന്ന് ഹോസ്പിറ്റൽ കാന്റീനിൽ നിന്ന് ഭക്ഷണം കഴിച്ചപ്പോ ഓർത്തെയുള്ളൂ ഇച്ചിരി കാളൻ കൂട്ടി ചോറ് കഴിക്കുന്ന കാര്യം വിഷ്ണു സന്തോഷത്തോടെ പറഞ്ഞു

ദേ കേട്ടോ അമ്മു….കാര്യം അമ്മ നല്ലൊരു കുക്ക് ഒക്കെയാണെങ്കിലും അമ്മയുണ്ടാക്കുന്ന കാളൻ… അതിനൊരു വല്ലാത്ത രുചിയാ…. വിഷ്ണു കാളൻ കൂട്ടി ഒരുരുള ചോറെടുത്തു വായിലേക്ക് വെച്ചു കൊണ്ട് ഭാര്യയോട് പറഞ്ഞു

ദേ നോക്ക് വിച്ചേട്ടാ ഞാൻ ഏട്ടന് വേണ്ടി സ്പെഷ്യൽ ആയി എരിശേരി ഉണ്ടാക്കിയിട്ടുണ്ട്…. കഴിച്ചു നോക്ക് അമ്മു വലിയ കാര്യത്തിൽ ഒരു തവി കൊണ്ട് കുറച്ചു കറിയെടുത്തു വിഷ്ണുവിന്റെ പാത്രത്തിൽ വിളമ്പി

ശോ എന്റെ അമ്മു… ഞാൻ എരിശേരി കഴിക്കില്ലല്ലോ….വിഷ്ണു പറഞ്ഞുഅമ്മുവിന്റെ മുഖം വാടി

അവൻ കഴിക്കില്ലെങ്കിൽ വേണ്ട ഇങ്ങ് താ മോളെ ഞങ്ങൾ കഴിച്ചോളാം… ഗീത അമ്മുവിനോട് പറഞ്ഞു

വേണ്ട… ആരും കഴിക്കണ്ട അമ്മു ദേഷ്യത്തോടെ പാത്രവുമായി അടുക്കളയിലേക്ക് പോയി

നിനക്ക് ഇത്തിരി രുചിചെങ്കിലും നോക്കികൂടായിരുന്നോ മോനെ…ഗീത വിഷണ്ണയായി വിഷ്ണുവിനോട് ചോദിച്ചു

ഇഷ്ടമില്ലാത്ത ഭക്ഷണം എങ്ങനെയാ അമ്മേ കഴിക്കുന്നേ….വിഷ്ണു ചോദിച്ചുഎന്നാലും ആ കൊച്ചിന് സങ്കടം ആയിക്കാണും ഗീത പറഞ്ഞുഅവളുടെ വിഷമം ഒന്നും അധികം നേരം നിക്കില്ല അമ്മ അത് കാര്യമാക്കണ്ട..

ഗീത വിഷമത്തോടെ അടുക്കളയിൽ ചെന്ന് നോക്കുമ്പോഴേക്കും അമ്മു കൈ കഴുകി മുറിയിലേക്ക് പോയി കഴിഞ്ഞിരുന്നു

വിഷ്ണു ഭക്ഷണം കഴിച്ചു കൈ കഴുകി മുറിയിൽ ചെല്ലുമ്പോൾ അമ്മു കിടക്കയിൽ വിങ്ങി പൊട്ടി കിടക്കുകയായിരുന്നു…. അമ്മു…… വിഷ്ണു സ്നേഹത്തോടെ അവളുടെ മുടിയിൽ വിരലോടിച്ചു

പോ എന്നോട് മിണ്ടണ്ട…. അമ്മു വിഷ്ണുവിന്റെ കൈ തട്ടിമാറ്റിപിണക്കാണോ അമ്മുക്കുട്ടി…. വിഷ്ണു ചിരിയോടെ ചോദിച്ചു

അതേ…..പിണക്കം തന്നെയാ….അമ്മു എണീച്ചിരുന്നുഎന്തിനാ പിണക്കം വിഷ്ണു അവളുടെ കൈയെടുത്തു ഉമ്മ വെച്ചു

വിച്ചേട്ടന് അറിയോ…ഞാൻ യൂ ട്യൂബ് ഒക്കെ നോക്കി കഷ്ട്ടപെട്ടാ ഏട്ടന് വേണ്ടി അത് ഉണ്ടാക്കിയത്…എന്നിട്ട് അത് കഴിക്കാതെ അമ്മയുണ്ടാക്കിയ കറിയും കൂട്ടിയല്ലേ ചോറുണ്ടത്

അത് എനിക്ക് എരിശേരി ഇഷ്ടം അല്ലാഞ്ഞിട്ടല്ലേ മോളെ…..അല്ലെങ്കി എന്റെ കുട്ടി ഉണ്ടാക്കിയത് ഞാൻ കഴിക്കാതെ ഇരിക്കോ

മ്മ് അതൊന്നുമല്ല… വിച്ചേട്ടന് എന്നേക്കാൾ ഇഷ്ടം അമ്മയെയാ… എപ്പോ നോക്കിയാലും എന്തിനും ഏതിനും അമ്മ മതി… ചായ വേണമെങ്കിൽ അമ്മ വേണം ചോറ് വേണമെങ്കി അമ്മ വേണം ഷർട്ട് അമ്മ അലക്കി ഇസ്തിരി ഇട്ടു തന്നാലേ ധരിക്കൂ….

അങ്ങനെ എല്ലാത്തിനും അമ്മ മതി… അപ്പൊ ഞാനാരാ വിച്ചേട്ടാ…. ഞാനൊരു ഭാര്യയല്ലേ….ഇതൊക്കെ എന്റെ കടമയല്ലേ അമ്മു മുഖം വീർപ്പിച്ചു

അത് നല്ലതല്ലേ അമ്മു….എന്റെ മോൾക്ക് അധികം പണിയൊന്നും എടുക്കണ്ടല്ലോ വിഷ്ണു പറഞ്ഞു

എനിക്ക് പണി എടുക്കാൻ മടിയൊന്നുമില്ല വിച്ചേട്ടാ…..ഭാര്യയായ ഞാൻ ഉള്ളപ്പോ അമ്മ എന്തിനാ വിച്ചേട്ടന്റെ കാര്യത്തിൽ ഇത്രയും കേറി ഇടപെടുന്നത് അതെനിക്ക് തീരെ ഇഷ്ട്ടാവുന്നില്ല..

അത് സ്നേഹം ഉള്ളത് കൊണ്ടല്ലേ അമ്മു…. ഇത്രയും നാള് അതൊക്കെ അമ്മ തന്നെയല്ലേ ചെയ്തു തന്നിരുന്നത് അതുകൊണ്ടാവും

എനിക്കൊന്നും കേൾക്കണ്ട….നമുക്ക് മാറി താമസിക്കാം ഏട്ടാ…..ഞാനും ഏട്ടനും നമ്മുടെ മക്കളും മാത്രം…നമുക്ക് വിച്ചേട്ടന്റെ ഹോസ്പിറ്റലിന്റെ അടുത്തൊരു വീട് നോക്കാം പ്ലീസ്…..

ഇല്ല അമ്മു അതൊന്നും നടക്കില്ല….. അമ്മയെയും രേവതിയെയും തനിച്ചാക്കി വേറെ താമസിക്കാൻ ഞാൻ സമ്മതിക്കില്ല വിഷ്ണു പറഞ്ഞു

ഓഹോ അപ്പൊ എന്റെ വാക്കിന് ഒരു വിലയുമില്ല അല്ലേ…. അമ്മു ദേഷ്യത്തോടെ തിരിഞ്ഞു കിടന്നു

വിഷ്ണു അവളെ വിളിക്കാനും നിന്നില്ല…ലൈറ്റ് അണച്ചു കൊണ്ട് അവനും കിടന്നു

രാത്രിയിൽ എപ്പോഴോ അമ്മുവിന്റെ പിറുപിറുക്കലുകളും വിങ്ങി പൊട്ടലുമൊക്കെ കേട്ടെങ്കിലും അവൻ മിണ്ടാതെ കിടന്നു

അതിരാവിലെ തന്നെ വിഷ്ണു എണീച്ചു… ഗീത അടുക്കളയിൽ തിരക്കിട്ടു പ്രാതൽ ഉണ്ടാക്കുകയായിരുന്നു….

കുറച്ചു നേരം കൂടി കഴിഞ്ഞതോടെ രേവതിയും അമ്മുവും എണീച്ചു അടുക്കളയിലേക്ക് വന്നു…

രേവതി മുറ്റം തൂക്കാനായി ഇറങ്ങി…..വിഷ്ണു കുളിച്ചു വന്നപ്പോൾ ഗീത ഒരു കപ്പിൽ ചായയുമായി ഹാളിലേക്ക് നടക്കാൻ ഒരുങ്ങി

ചായ ഞാൻ കൊടുക്കാം അമ്മു പറഞ്ഞുവേണ്ട മോള് ആ അടുപ്പത്തിരിക്കുന്ന ദോശ ഒന്ന് നോക്ക്…. ചായ ഞാൻ കൊടുക്കാം ഗീത ചിരിയോടെ പറഞ്ഞു

അതെന്താ ഞാൻ കൊടുത്താല്….അമ്മുവിന്റെ മുഖം മാറിഅതല്ല മോളെ…അവന് രാവിലെ ഞാൻ തന്നെ ചായ കൊടുക്കണമെന്ന് നിർബന്ധമാണ്…രേവതിപോലും ചായ കൊണ്ട് കൊടുക്കുന്നത് അവന് ഇഷ്ട്ടല്ല…. മോൾക്കത് അറിയാവുന്നതല്ലേ

ഓഹോ… എന്നാൽ ഇനി ഞാൻ കൊടുത്തിട്ട് ചായ കുടിക്കുമോ എന്ന് നോക്കട്ടെ അമ്മു വാശിയോടെ ഗീതയുടെ കയ്യിൽ നിന്നും ചായകപ്പ് പിടിച്ചു വാങ്ങി

ദാ വിച്ചേട്ടാ ചായ അമ്മു കപ്പ് വിഷ്ണുവിന് കൊടുത്തുഅമ്മ എന്ത്യേ അമ്മു…. അമ്മയല്ലേ എനിക്ക് ഡെയിലി രാവിലെ ചായ തരുന്നത്

അതെന്താ ഞാൻ തരുന്ന ചായ കുടിച്ചാൽ താഴേക്ക് ഇറങ്ങില്ലേ അമ്മു പുച്ഛത്തോടെ ചോദിച്ചുഅമ്മു കുറച്ചു മര്യാദക്ക് സംസാരിക്ക്… വിഷ്ണു ദേഷ്യത്തിൽ അവളോട് പറഞ്ഞു

ഇല്ലെങ്കിലോ…. എനിക്ക് ഇന്നറിയണം ഞാനാണോ അമ്മയാണോ വലുതെന്നു…. കിടപ്പറയിൽ മാത്രം ഭാര്യയെ മതി….അല്ലാത്തപ്പോ അമ്മ മതി അമ്മു നിന്ന് കിതച്ചു

ശബ്ദം കേട്ടു ഗീതയും രേവതിയും അങ്ങോട്ട് വന്നുഎന്താ മോളെ പ്രശ്നം ഗീത തിരക്കിനിങ്ങളാണ് എന്റെ പ്രശ്നം.. അമ്മു ഗീതയെ ദേഷ്യത്തോടെ നോക്കി

ഞാൻ വിച്ചേട്ടന്റെ ഭാര്യ അല്ലേ….. അദേഹത്തിന്റെ ഒരു കാര്യവും എന്നെ ചെയ്യാൻ അനുവദിക്കാതെ എല്ലാം നിങ്ങൾ അല്ലേ ചെയ്യുന്നത്

അമ്മു…. നീ അമ്മയെ ആണോ നിങ്ങൾ എന്നൊക്കെ വിളിക്കുന്നത് വിഷ്ണു ചോദിച്ചു

ആ വിളിക്കും…. ഇനിയും വിളിക്കും അമ്മു വീറോടെ പറഞ്ഞുപെട്ടന്ന് വിഷ്ണു അവളുടെ മുഖത്ത് വലിച്ചടച്ചു…. മിണ്ടരുത്…. മിണ്ടാതെ അടങ്ങി ഒതുങ്ങി ഇവിടെ ജീവിച്ചോണം വിഷ്ണു നിന്ന് വിറച്ചു

കൈ വീശിയുള്ള അടിയിൽ അമ്മുവിന്റെ കണ്ണുകൾ നീറി….മുഖം ചുവന്നു തുടുത്തു…. ചുണ്ടുകൾ വിറയ്ക്കാൻ തുടങ്ങി

മുഖം പൊത്തി കരഞ്ഞു കൊണ്ട് അമ്മു റൂമിൽ കേറി വാതിൽ കൊട്ടിയടച്ചുമോനെ നീ എന്തിനാ അമ്മുവിനെ അടിച്ചേ….ഗീത വിഷ്ണുവിനെ പിടിച്ചുഉലച്ചുപിന്നെ… അവളുടെ സംസാരം അമ്മയും കേട്ടതല്ലേ….

അതിന് 21വയസ്സല്ലേ ഉള്ളൂ മോനെ…. അതിന്റെ ഒരു പക്വതകുറവാണത്…. പിന്നെ അമ്മയും ഇല്ലാതെ വളർന്നതല്ലേ…. നീ വേണ്ടേ അതിനെ സ്നേഹിക്കാനും ശ്രദ്ധിക്കാനും….നിന്നെ വിശ്വസിച്ചു കൂടെ ഇറങ്ങിവന്നതല്ലേ മോനെ…… കരയിപ്പിക്കാൻ പാടില്ല

അമ്മ വെറുതെ അവളുടെ പക്ഷം പിടിച്ചു സംസാരിക്കേണ്ട…. ഒരടിയുടെ കുറവ് അവൾക്ക് ഉണ്ടായിരുന്നു… എന്തായാലും ഇതും പറഞ്ഞു നിക്കാൻ ഞാനില്ല…. എനിക്ക് ലേശം തിരക്കുണ്ട്

വിഷ്ണു കാറിന്റെ കീയുമെടുത്തു കാറിൽ കേറി ഹോസ്പിറ്റലിലേക്ക് പോയിരേവതി ചെന്നു വിളിച്ചിട്ടും അമ്മു വാതിൽ തുറക്കാൻ കൂട്ടാക്കിയില്ല

വൈകുന്നേരം വിഷ്ണു ജോലി കഴിഞ്ഞു വരുമ്പോൾ ഗീത ഉമ്മറത്ത് വിഷമത്തോടെ ഇരിപ്പുണ്ടായിരുന്നു…

അമ്മ ഇന്ന് സ്കൂളിൽ പോയില്ലേ വിഷ്ണു തിരക്കിഞാൻ എങ്ങനെ പോവും മോനെ…ആ കൊച്ച് ഇതുവരെ വാതിൽ തുറന്നിട്ടില്ല… ഒരു തുള്ളി വെള്ളം പോലും അതിന്റെ വയറ്റിലേക്ക് ചെന്നിട്ടില്ല….. ഇതൊക്കെ കണ്ടേച്ചു ഞാൻ എങ്ങനെയാ പോവുക….എനിക്കും ഒരു പെൺകൊച്ചുള്ളതല്ലേ ഗീത പറഞ്ഞു

വിഷ്ണു ചെന്നു ഡോറിൽ തട്ടി അമ്മു……ഞാനാ വാതിൽ തുറക്ക്പെട്ടന്ന് അമ്മു വാതിൽ തുറന്നുഅവൻ അകത്തു കേറി അകത്തു നിന്ന് വാതിൽ പൂട്ടി

അവൻ അവളെ നോക്കി….അടി കൊണ്ട വലുത് കവിൾ ചെറുതായി വിങ്ങിയിരിക്കുന്നു….കരഞ്ഞു കരഞ്ഞു കൺപോളകൾ ചീർത്തു….. മുടിയൊക്കെ പാറിപറന്ന്

വിഷ്ണുവിന് വല്ലാതെ സങ്കടം വന്നുഅവൻ കയ്യിലെ ഫോൺ ബെഡിലേക്ക് വെച്ചു അമ്മുവിനെ കെട്ടിപിടിച്ചു…. രാവിലെ മുതൽ ഒന്നും കഴിക്കാത്തത് കൊണ്ട് അവൾക്ക് അവനെ തടയാനുള്ള ശക്തിയില്ലായിരുന്നു….. അവൾ അവന്റെ നെഞ്ചോട് പറ്റിചേർന്ന് നിന്നു

മോൾക്ക് നല്ലപോലെ വേദനിച്ചോ വിഷ്ണു അവളുടെ കവിളിൽ മെല്ലെ തടവിമ്മ്… അമ്മുവിന്റെ കണ്ണ് നിറഞ്ഞു

പോട്ടെ… ഇനി വിച്ചേട്ടൻ മോളെ തല്ലില്ലട്ടോ….ദേഷ്യം വന്നപ്പോ അറിയാതെ പറ്റിപോയതാ

നമുക്ക് ഇവിടെ നിക്കണ്ട വിച്ചേട്ടാ…. നമുക്ക് വേറെ വീട് നോക്കാം അമ്മു പറഞ്ഞു

അങ്ങനെ പോവാൻ പറ്റോ അമ്മു…. അമ്മയെയും രേവതിയെയും നോക്കേണ്ടത് ഞാനല്ലേ….കാര്യം സ്ഥാനം കൊണ്ട് അനിയത്തി ആണെങ്കിലും രേവതി നിന്നെക്കാൾ മൂത്തതല്ലേ…. അവൾക്ക് ഒരു ചെക്കനെ നോക്കണ്ടേ…. അങ്ങനെ നൂറായിരം കാര്യങ്ങളില്ലേ… അതൊക്കെ മറന്നു പോവാൻ കഴിയോ…..

അതൊക്കെ നമ്മള് മാറി താമസിച്ചാലും ചെയ്യാലോ വിച്ചേട്ടാഅങ്ങനെ അല്ല അമ്മു….എനിക്ക് അമ്മയെ പിരിഞ്ഞു നിക്കാൻ കഴിയില്ല…..എന്റെയൊരു ബലത്തിലാണ് ആ പാവം ജീവിക്കുന്നത് പോലും

കണ്ടോ ഇതാണ് ഞാൻ പറഞ്ഞത്….ഏട്ടന് അമ്മയാണ് വലുതെന്നു…..

അതെ…അമ്മയാണ് എനിക്കെല്ലാം…അത് കഴിഞ്ഞേ നീ പോലുമുള്ളു വിഷ്ണു ദേഷ്യത്തോടെ പറഞ്ഞുവിഷ്ണുവിന്റെ ഭാവമാറ്റം കണ്ട അമ്മു വല്ലാതെ ഭയന്നു

അതുകണ്ടപ്പോൾ വിഷ്ണു ഒരു ദീർഘനിശ്വാസത്തോടെ അവളുടെ കൈ പിടിച്ചു കിടക്കയിൽ ഇരുത്തി

മോളെ അമ്മു….നിനക്ക് തോന്നുന്നുണ്ടാവും ഞാൻ എന്തിനാ അമ്മയെ ഇത്രയും സ്നേഹിക്കുന്നതെന്നു…. എനിക്ക് ഒരുപാട് കടപ്പാട് ഉണ്ട് അമ്മു ഗീതകുമാരിയെന്ന എന്റെ അമ്മയോട്…. അമ്മ എന്ന് പറയുമ്പോൾ പെറ്റമ്മയല്ല പോറ്റമ്മ…. വിഷ്ണുവിന്റെ കണ്ണ് നിറഞ്ഞു

ങേ….. അമ്മു അമ്പരന്നു വിഷ്ണുവിനെ നോക്കിഅതെ….അമ്മ ഒരു കുഞ്ഞിനെ മാത്രമേ പ്രസവിച്ചിട്ടുള്ളു… അത് രേവതിയെയാണ്

അപ്പൊ നീ വിചാരിക്കും മക്കൾ ഇല്ലാതെയിരുന്നു എന്നെ ദത്ത് എടുത്തതാവുമെന്നു…. അങ്ങനെയുമല്ല വിഷ്ണു പറഞ്ഞു

പിന്നെ???? അമ്മു വിടർന്ന കണ്ണുകളോടെ അവനെ നോക്കിപണ്ട്… പണ്ടെന്നു വെച്ച ഒരു 28കൊല്ലം മുൻപ്……അന്ന് നമ്മുടെ അമ്മയുടെ വീട്ടിലൊരു പണിക്കാരത്തി പെണ്ണുണ്ടായിരുന്നു….

അവർക്ക് ഏകദേശം അമ്മയുടെ പ്രായത്തിൽ തന്നെയൊരു മോളുണ്ടായിരുന്നു…. മാലതി… ഒരു അന്തോം കുന്തോം ഇല്ലാത്തൊരു പൊട്ടിപ്പെണ്ണ്….. അവളുടെ കൂടെയാ അമ്മ കളിച്ചതും വളർന്നതുമൊക്കെ…..

ഒരിക്കൽ നാട്ടിൽ ഒരു കഥ പരന്നു…മാലതി ഗർഭിണി ആണെന്നുള്ള കഥ…..നാലു മാസം കഴിഞ്ഞപ്പോഴാണ് മാലതിയുടെ അമ്മ പോലും അതറിഞ്ഞത്

അന്ന് അടുക്കളയിൽ നിന്ന് മാലതിയെ ചേർത്ത് പിടിച്ചു കരഞ്ഞ അവളുടെ അമ്മയുടെ കയ്യിൽ നിന്നും മാലതിയെ ഗീതയെന്ന കളികൂട്ടുകാരി അവളെ താൻ നോക്കിക്കോളാമെന്ന ഉറപ്പിൽ തന്റെ മുറിയിലേക്ക് കൂട്ടികൊണ്ട് പോയി…..

അവർ തമ്മിലുള്ള സ്നേഹബന്ധം അറിയാവുന്ന ആരും അതിനെ തടഞ്ഞതുമില്ല

അന്ന് രാത്രി തന്നെ മാലതിയുടെ അമ്മ തൂങ്ങി മരിക്കുകയും ചെയ്തു….അമ്മ പലതവണ ചോദിച്ചിട്ടും ആരാണ് ഉള്ളിലെ കുഞ്ഞിന്റെ അച്ഛനെന്നു മാലതി പറഞ്ഞില്ല….

മാസങ്ങൾ കടന്നു പോകവെ മാലതിയുടെ അവസ്ഥ വളരെ കഷ്ടത്തിലായി…സ്വന്തം അമ്മയുടെ മരണവും ഗർഭകാല ബുദ്ധിമുട്ടുകളും അവളെ ഒരു രോഗിയാക്കി മാറ്റി….

ഒരു രാത്രി ഡോക്ടർ പറഞ്ഞ ഡേറ്റ് ആവും മുൻപേ അവള് പ്രസവിച്ചു…. രക്തം നിലയ്ക്കാതെ പിടഞ്ഞ അവളെ ഹോസ്പിറ്റലിൽ എത്തിപ്പിക്കുമ്പോഴേക്കും മാലതി മരിച്ചിരുന്നു…..അന്ന് മാലതി പെറ്റ ആ കുട്ടിയാണ് ഞാൻഅമ്മു കണ്ണ് മിഴിച്ചു വിഷ്ണുവിനെ തന്നെ നോക്കി

വിശ്വസിക്കാൻ പറ്റുന്നില്ലല്ലേ…. സത്യമാണ് അമ്മു……അന്ന് എന്റെ പെറ്റമ്മയെ ചിതയിലേക്ക് വെയ്ക്കുമ്പോൾ ഗീതയെന്ന ഇരുപതുകാരിയുടെ നെഞ്ചിലെ ചൂട് പറ്റി ഞാൻ ഉറങ്ങുന്നുണ്ടായിരുന്നു….

അന്ന് തൊട്ട് എന്നെ നോക്കിയതെല്ലാം എന്റെ അമ്മയാണ്….ആർക്കും വിട്ടു കൊടുത്തില്ല… ഒരു അഗതിമന്ദിരത്തിലും ഉപേക്ഷിച്ചു പോയില്ല…. അമ്മയുടെ വീട്ടിലെ പശുക്കളുടെ ചൂടുള്ള പാല് കുടിച്ചാണ് ഞാൻ വളർന്നത്….

ഞാൻ ആദ്യമായി അമ്മയെന്ന് വിളിച്ചതു ഇവിടെത്തെ അമ്മയെയാണ്….. സ്വന്തം മോനെ പോലെ എന്നെ കുളിപ്പിച്ചും ഊട്ടിയും ഉറക്കിയും എന്നെ വളർത്തിയത് ഈ അമ്മയാണ്….. എനിക്ക് അഞ്ചു വയസുള്ളപ്പോൾ ആണ് അമ്മ കല്യാണം കഴിക്കുന്നത്….

വാസുദേവൻ നായർ….അമ്മയെ പോലെ….ഒരുപക്ഷെ അമ്മയേക്കാൾ മനസ്സിൽ നന്മയുള്ള ആ മനുഷ്യനാണ് വിവാഹം കഴിഞ്ഞു അമ്മയുടെ കൂടെ എന്നെയും ഇങ്ങോട്ട് കൊണ്ടുവന്നത്

പിന്നീടുള്ള ജീവിതം എന്ത് സന്തോഷം നിറഞ്ഞതായിരുന്നു……രേവതി ജനിച്ചതും അമ്മയ്ക്ക് ടീച്ചർ ആയി ജോലി കിട്ടിയതുമൊക്കെ…. രേവതിയെയും എന്നെയും ഒരുപോലെയാ അച്ഛനും അമ്മയും സ്നേഹിച്ചത്…

പിന്നീട് ഒരു അറ്റാക്കിന്റെ രൂപത്തിൽ മരണം അച്ഛനെ കൊണ്ടുപോയപ്പോൾ എനിക്ക് അന്ന് പ്രായം 17ആയിരുന്നു.. അച്ഛനെന്ന നെടുതൂൺ ഇല്ലാതെയായപ്പോൾ അമ്മയൊന്നു തളർന്നുവെങ്കിലും ഞങ്ങളെ ഓർത്തു അമ്മ എല്ലാം മറന്നു ഞങ്ങൾക്ക് വേണ്ടി ജീവിക്കുകയായിരുന്നു…..

എന്നെ മെഡിസിന് വിട്ടതും രേവതിയെ അമ്മയെ ടീച്ചർ ആക്കിയതുമൊക്കെ അമ്മ തൊണ്ട പൊട്ടി കുട്ടികളെ പഠിപ്പിച്ചുണ്ടാക്കിയ നിസാര ശബളത്തിലാണ്…..ഒരുപാട് അനുഭവിച്ചിട്ടുണ്ട് ആ പാവം ഒരുപാട്…വിഷ്ണുവിന്റെ തൊണ്ടയിടറി

വിച്ചേട്ടാ….. അമ്മു സങ്കടത്തോടെ വിഷ്ണുവിന്റെ കയ്യിൽ തലോടി….വിഷ്ണു അവളെ തന്നിലേക്ക് വലിച്ചടുപ്പിച്ചു

നീയൊന്നു ആലോചിച്ചു നോക്ക് അമ്മു….അന്ന് അമ്മ എന്നെ അവഗണിച്ചു പോയിരുന്നുവെങ്കിൽ എന്റെ അവസ്ഥ എന്താവുമായിരുന്നു…..

എന്റെ ജീവിതവും ജീവനുമെല്ലാം ആ നല്ല മനസിന്റെ കാരുണ്യം കൊണ്ട് ഉണ്ടായതാണ്… എന്റെ എല്ലാം നോക്കി നടത്തിയിരുന്നത് അമ്മയാണ്…..ഓരോ നിസാരകാര്യങ്ങൾ പോലും അമ്മ ചെയ്യ്തു തന്നാൽ മാത്രമേ എനിക്ക് തൃപ്തി വരികയുള്ളു…. അതാണ് ഇങ്ങനെയൊക്കെ…….

എനിക്ക് സ്വന്തം മകനെ പോലെ സ്നേഹം തന്നു പഠിപ്പിച്ചു ഇത്രയും ആക്കിയ എന്റെ അമ്മയെ ഞാൻ എങ്ങനെയാണു വേദനിപ്പിക്കുക….. അവരെ തനിച്ചാക്കി ഞാൻ തന്റെ കൂടെ വേറെയൊരു വീട് എടുത്തു താമസിച്ചാൽ ദൈവം പൊറുക്കുമോ എന്നോട്…. പറ

സോറി വിച്ചേട്ടാ….അമ്മു അവന്റെ നിറഞ്ഞ കണ്ണുകളെ തന്റെ കൈ കൊണ്ട് തുടച്ചുഇനി ഞാൻ വഴക്ക് ഉണ്ടാക്കൂല… വിച്ചേട്ടൻ സത്യം അമ്മു അവന്റെ തലയിൽ കൈ വെച്ചു

വിഷ്ണു സ്നേഹത്തോടെ അമ്മുവിന്റെ നിറുകയിൽ ഉമ്മ വെച്ചു….ഇത്രേ ഉള്ളു ഈ പെണ്ണ്…. ഈ ദേഷ്യവും വാശിയുമൊക്കെ പുറത്ത് മാത്രേ ഉള്ളൂ….. ഉള്ളിലിപ്പോഴും അഞ്ചുവയസുകാരി യുടെ നിഷ്കളങ്കതയാണ്

വിശക്കുന്നില്ലേ എന്റെ മോൾക്ക്???മ്മ്… നല്ലോണം വിശക്കുന്നുണ്ട് ഏട്ടാ….വയറൊക്കെ മൂളുന്നു… അമ്മു ചുണ്ട് വിടർത്തി അവനെ നോക്കികൊഞ്ചി

എന്നാ വാ….ചോറ് കഴിക്കാംഅമ്മുവുമായി അടുക്കളയിൽ ചെല്ലുമ്പോൾ ഗീത വിഷമത്തോടെ അവിടെ ഇരിപ്പുണ്ടായിരുന്നു

അമ്മേ….. വിശക്കുന്നു അമ്മേ…. ഇച്ചിരി ചോറ് തരോ അമ്മു പുറകിലൂടെ ഗീതയെ കെട്ടിപിടിച്ചു

ഇത്തിരി വിശക്കട്ടെ…. ചോറ് തരാൻ മനസില്ല ഗീത ദേഷ്യം അഭിനയിച്ചു കൊണ്ട് അവളുടെ കവിളിൽ നുള്ളി….രേവതി അത് കണ്ട് വാ പൊത്തി ചിരിച്ചു….

ബാ….ചോറ് കഴിക്കാം ഞങ്ങളാരും ഒന്നും കഴിച്ചിട്ടില്ല….ഗീത അമ്മുവിന്റെ കൈ പിടിച്ചു ഊണ്മുറിയിലേക്ക് നടന്നു

ഒരു മിനിറ്റ് അമ്മേ…..അമ്മു തിരിഞ്ഞു ഫ്രിഡ്ജ് തുറന്നു ഒരു പാത്രമെടുത്തുഇതെന്തുവാടി…. വിഷ്ണു ചോദിച്ചു

ഇതെന്റെ എരിശേരി…ഞാൻ കഷ്ട്ടപെട്ടു ഉണ്ടാക്കിയതല്ലേ…. കളയാൻ തോന്നിയില്ല… ചീത്തയായിട്ടൊന്നുമില്ല ഏട്ടൻ കഴിച്ചില്ലേലും ഞങ്ങൾക്ക് കഴിക്കാലോ അമ്മു ചിരിയോടെ പറഞ്ഞുഅവളും അവളുടെ ഒരു എരിശേരിയും വിഷ്ണു പൊട്ടിചിരിച്ചു

എല്ലാരും ചേർന്നിരുന്നു ആഹാരം കഴിക്കുമ്പോഴും ഗീത ടീച്ചർ ആലോചിക്കുവായിരുന്നു…… രാവിലെ തന്നെ കടിച്ചു കീറാൻ നിന്ന മരുമോൾക്ക് ഇതെന്താ പെട്ടന്നൊരു മനമാറ്റമെന്ന്…….

എന്തെങ്കിലും ആവട്ടെ……….ഈ സന്തോഷം എന്നുമിങ്ങനെ നിലനിന്നാൽ മതിയായിരുന്നു അവർ ഒരു ചെറുചിരിയോടെ എരിശേരിയും കൂട്ടി ആസ്വദിച്ചു ചോറുണ്ടു …

Leave a Reply

Your email address will not be published. Required fields are marked *