മുന്നോട്ട് വയ്ക്കുന്ന ഓരൊ ചുവടിലും അവളുടെ ഹൃദയവേഗത വളരെ കൂടുതൽ ആയിരുന്നു…
ഉള്ളുരുകി ഭഗവാനെ വിളിച്ചു കൊണ്ട് അവൾ ആ വീടിന്റെ സിറ്റൗട്ടിലേക്ക് കയറി… കോളിംഗ് ബെൽ അമർത്തിയ ശേഷം വാതിൽ തുറക്കാനായി കാത്ത് നിന്നു…
കുറച്ചു സമയത്തിന് ശേഷം വാതിൽ തുറന്നു… വാതിൽ തുറന്ന് ആളെ കണ്ടതും അവളത്രയും നേരം സംഭരിച്ച ധൈര്യം ചോർന്ന് പോകുന്നത് അറിഞ്ഞു. എങ്കിലും തോറ്റ് കൊടുക്കാൻ മനസില്ലാത്ത പോലെ അവൾ മുന്നിൽ നിൽക്കുന്നവളെ സൂക്ഷിച്ചു നോക്കി.
” ആരാ മനസിലായില്ല…” വാതിൽ തുറന്ന സ്ത്രീ ചോദിച്ചു.
” നീലിമയല്ലേ…
” അതേ നിങ്ങളാരാ..
” മൃദുല ” അവൾ പറഞ്ഞതും അതുവരെ അപരിചിതത്വം നിറഞ്ഞ നിന്ന് നീലിമയുടെ മുഖഭാവം അപ്പോൾ പരിഭ്രമത്തിന് വഴി മാറി.
” എന്നെ മനസിലായി എന്ന് ഈ മുഖഭാവത്തിൽ നിന്നും മനസിലായി അകത്തേക്ക് വരാലൊ അല്ലേ.
ഒരു മറുപടിയ്ക്കായ് കാത്ത് നിൽക്കാതെ മൃദുല അകത്തേക്ക് കയറി.
” ആരാടൊ വന്നേ… അകത്ത് നിന്ന് ഇറങ്ങി വന്ന ആളെ കണ്ട് മൃദുലയുടെ മുഖത്ത് പുച്ഛം നിറഞ്ഞു.
” മൃദു…” ഒരു ഞെട്ടലോടെ അവൻ്റെ വായിൽ നിന്നും ആ പേര് വീണു.
” ഹാ… അറിയാം അല്ലേ… ഞാൻ കരുതി മറന്ന് പോയിട്ടുണ്ടാവും എന്ന്…
” അത്. മൃദു ഞാൻ..അവൻ
” വേണ്ട, ആകാശ് ന്യായീകരണങ്ങളൊന്നും വേണ്ട… ഈ കാര്യത്തിൽ നിങ്ങൾക്ക് എന്ത് ന്യായീകരണമാണുള്ളത്… ഏഹ് എത്രയൊക്കെ വേണ്ടന്ന് വച്ചിട്ടും അവൾ പൊട്ടിത്തെറിച്ചു…
” വീട്ടിലിരിക്കുന്നത് നല്ലതല്ലെങ്കിൽ ആണുങ്ങൾ അങ്ങനെ പലയിടത്തും പോവും.. ” നീലിമ അഹന്തയോടെ പറഞ്ഞു. അവളത് പറഞ്ഞ അതേ സമയം തന്നെ മൃദുല അവളുടെ കരണം പുകച്ച് ഒന്ന് കൊടുത്തു.
” മിണ്ടരുത് നീ… നീയൊരു പെണ്ണാണോടി… മറ്റൊരുത്തിയുടെ ജീവിതം തട്ടിപ്പറിച്ചെടുത്തിട്ട് ഇത് പറയാൻ എങ്ങനെ തോന്നുന്നെടി… ഇങ്ങനൊരു സാഹചര്യത്തിൽ നിൽക്കുമ്പോൾ ഞാനനുഭവിക്കുന്ന വേദന എത്രയാണെന്ന് നിനക്കറിയില്ല. അതറിയണമെങ്കിൽ ഭർത്താവിൽ സർവ്വവും സമർപ്പിച്ച ഒരു ഭാര്യയായിരിക്കണം… നിർഭാഗ്യവശാൽ നിനക്ക് അതിനുള്ള ഭാഗ്യമില്ല, നിന്നേ പോലുള്ളവളുമാർക്ക് ഒരു പേരെയുള്ളൂ അത് എന്നെ കൊണ്ട് നീ പറയിക്കരുത്..”
അവളുടെ അടിയിൽ ആകെ പകച്ചു പോയി നീലിമയും ആകാശും..
“ഇവളെ തല്ലാൻ നീയാരാടി… നീ ഇവിടെ നിന്നും പോ മൃദു.. ഞാൻ വീട്ടിൽ വന്ന് സംസാരിക്കാം… അവൻ അവളുടെ അടുത്തേക്ക് വന്നു.
” താനിനി ഒരക്ഷരം മിണ്ടരുത്.. സംസാരിക്കാം പോലും എന്ത് സംസാരിക്കാൻ ഏഹ്… എന്ത് സംസാരിക്കാൻ… തന്നോട് ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാടോ, താനേ ലോകമെന്ന് കരുതി കണ്ണുമടച്ച് തന്നെ വിശ്വസിച്ച് ജീവിച്ചതോ… പ്രാണനെ പോലെ സ്നേഹിച്ചതൊ… പറയെടൊ. പറയാൻ” മൃദുല അവൻ്റെ ഷർട്ടിന്റെ കുത്തിന് പിടിച്ചു.
” വിടടി… ” അവളുടെ കൈയിൽ പിടിച്ച് മാറ്റിയവൻ.
” നീ തന്നെയാടി ഇതിനൊക്കെ കാരണം, ഏത് നേരവും അടുക്കളയിൽ മാത്രം കിടന്ന് നിരങ്ങുന്ന നിന്നെ അതിനല്ലാതെ വേറെ എന്തിന് കൊള്ളാം എൻ്റെ ആഗ്രഹത്തിന് അനുസരിച്ച് പെരുമാറാൻ നിനക്ക് എപ്പോഴെങ്കിലും കഴിഞ്ഞിട്ടുണ്ടോ… എന്നിട്ട്..
” മതി നിർത്ത്… മതി… എന്താ പറഞ്ഞേ എന്നെ ഒന്നിനും കൊള്ളില്ലെന്നോ. ഏത് നേരവും അടുക്കളയിൽ തന്നെയാണെന്നോ… തൻ്റെ ആഗ്രഹത്തിനൊത്ത് പെരുമാറുന്നീല്ലെന്നല്ലെ… എങ്ങനായാടൊ സ്വന്തം തെറ്റ് മറയ്ക്കാൻ ഇങ്ങനെ ഒരാളുടെ മേലെ പഴി പറയുന്നെ… ശരിയാ എൻ്റെ തെറ്റാ എല്ലാം എൻ്റെ തെറ്റാ… നിങ്ങളുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളും മാത്രം നോക്കി ജീവിച്ചത് എൻ്റെ തെറ്റാ… തനിക്ക് വേണ്ടി കഷ്ടപ്പെട്ട് തനിക്ക് ഇഷ്ടമുള്ളതൊക്കെ വച്ചുണ്ടാക്കുമ്പോൾ ഞാനറിഞ്ഞില്ല തൻ്റെ മനസ് നിറയെ ഇങ്ങനെ ഒരു ചിന്തയാണെന്ന്… ബെഡ്റൂമിൽ ഒരു ഭാര്യയായി മാത്രമേ ഞാൻ പെരുമാറിയിട്ടുള്ളു ഇവളെ പോലെ ഒക്കെ &_₹##₹ യായി പെരുമാറണമെന്ന് ഞാൻ അറിഞ്ഞില്ല..
ഒന്ന് ചോദിച്ചോട്ടെ താൻ ഈ പറഞ്ഞ ഇതേ കാരണങ്ങൾ കൊണ്ട് ഞാൻ മറ്റൊരാളൊടൊപ്പം പോയിരുന്നെങ്കിലൊ…”
“മൃദു… ” അവൻ പെട്ടെന്ന് തന്നെ ദേഷ്യത്തോടെ വിളിച്ചു.
” ഹാ. പറഞ്ഞതേള്ളു അതുപോലും നിങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ല.. ഞാൻ അതൊക്കെ സഹിച്ചോണം അല്ലേ… എന്തിന് വേണ്ടി തന്നെ കല്ല്യാണം കഴിച്ചതിൻ്റെ പേരിലോ അതൊ തൻ്റെ രണ്ട് കുട്ടികളെ പ്രസവിച്ചത് കൊണ്ടോ… ഇനി അതിന് മൃദുലയെ കിട്ടില്ല… ഇന്നത്തോടെ തീർന്നു.
” ഹ്മ്… നീ എങ്ങോട്ട് പോകാനാണ്… പുറത്ത് ഇറങ്ങി നാലാളോട് സംസാരിക്കാൻ അറിയാമൊ നിനക്ക്… അറിയാം വായ്ക്ക് രുചിയായി വല്ലതും വച്ചുണ്ടാക്കാൻ അതിനല്ലാതെ നിനക്ക് വേറെ എന്തിന് പറ്റും… ആ നീ പുറത്തിറങ്ങി എന്ത് കാണിക്കാനാ… ” അവനിൽ പുശ്ചമായിരുന്നു.
” ശരിയാടോ എനിക്ക് ഒന്നും അറിയില്ല പക്ഷേ ആത്മാഭിമാനം എന്നൊന്നുണ്ട്… തന്നെയും ഇവളെയും പോലെ ആരെയും ചതിച്ച് കൊണ്ട് ജീവിക്കില്ല ഞാൻ…
മാന്യമായി ഒഴിവാക്കാമായിരുന്നു തനിക്ക് എന്നെ… പക്ഷേ താനതല്ല ചെയ്തേ തൻ്റെ വീട്ട് വേലക്കാരിയായി ഒരുത്തിയേയും കൊണ്ട് നടക്കാൻ മറ്റൊരുത്തിയും. ഇതിലും നല്ലത് പോയ് ചാകുന്നതാടോ…
” മതി കൂടുതൽ പ്രസംഗിക്കാതെ ഇറങ്ങിപോടി എൻ്റെ വീട്ടിൽ നിന്നു… ” അടിയുടെ ചൂട് വിട്ടതിനാൽ ആവണം നീലീമ പറഞ്ഞു.
” പോകാൻ തന്നെയാടി വന്നത്.. എല്ലാം അവസാനിപ്പിച്ച് പോകാൻ.. ഇത്രയൊക്കെ ചെയ്തിട്ടും കുറ്റബോധത്തിന്റെ ഒരു കണിക പോലും തോന്നാത്ത ഇയാളെ ഇവിടെ ഉപേക്ഷിച്ചു പോകാൻ തന്നെയാ വന്നത്… അതിന്റെ ആദ്യപടിയാ ഇത്
.അവളതും പറഞ്ഞു കൊണ്ട് കഴുത്തിൽ കിടന്ന താലിമാല വലിച്ച് പൊട്ടിച്ചു ആകാശിൻ്റേ മുഖത്തേക്ക് എറിഞ്ഞു.
അവനും നീലിമയും ഞെട്ടലോടെ നിന്നും.
” ഇപ്പൊ ആ മാലയ്ക്ക് വെറും സ്വർണ്ണം എന്ന മൂല്ല്യമേ ഉള്ളു. എനിക്ക് തന്നോടുള്ള സ്നേഹവും വിശ്വാസവും ആണ് ഞാനണിഞ്ഞിരുന്ന ഈ താലിയും സിന്ദൂരവും… അത് ഇന്നത്തോടെ അവസാനിച്ചു. അവനെയും അവളെയും നോക്കി മൃദുല പുറത്തേക്ക് ഇറങ്ങി. സിറ്റൗട്ടിൽ എത്തിയ ശേഷം അവൻ തിരിഞ്ഞ് ഒരിക്കൽ കൂടി അകത്തേക്ക് കയറി.
” എടോ താനോർത്തോ അകത്തേക്കും പുറത്തേക്കും എടുക്കുന്ന ഈ ശ്വാസത്തിന്റെ അഹങ്കാരത്തിലാണ് മനുഷ്യൻ ഇങ്ങനെ മതിമറന്ന് ജീവിക്കുന്നത്… കൂടെ ജീവിക്കുന്നവരെ ചതിക്കുന്നവൻ്റെ പതനവും അതൊടൊപ്പം തന്നെ കാണും. ഓർത്തോ…
” പിന്നെ നീ.. ഇയാളെ കണ്ട് അധികം സന്തോഷിക്കണ്ട ഇന്നലെ വരെ ഞാനായിരുന്നു, ഇന്ന് നീ നാളെ മറ്റൊരുവൾ. ഇവനൊക്കെ അവസാനം വരെ ഇങ്ങനെയേ ആവൂ.. ഇത്ര വർഷം കൂടെ ജീവിച്ച എന്നെ ചതിക്കാൻ അവന് അധികം സമയം ഒന്നും വേണ്ടിവന്നില്ല നിന്നെ ചതിക്കാനും അധികം വൈകില്ല.. വെറുതെ അല്ല പഴമക്കാർ പറയുന്നത് വേലി ചാടിയ പശുവിന് കോലു കൊണ്ട് നാശമെന്ന്… കാത്തിരുന്നോ നീ…
താനില്ലെങ്കിലും ഞാൻ അന്തസ്സായി തന്നെ ജീവിക്കുമെടൊ… രണ്ട് പേരോടും പറഞ്ഞു കൊണ്ട് അവൾ ഇറങ്ങി നടന്നു..
ഇങ്ങോട്ട് വരുമ്പോഴുള്ള ആശയക്കുഴപ്പം ഇല്ല ഇപ്പോൾ മനസിൽ… അവന് വേണ്ടി അവസാനത്തെ കണ്ണുനീരും അവിടെ അവസാനിച്ചു.
” അമ്മേ… നമ്മള് എവിടെ പോവാ… ” ഡ്രസ്സുകളും മറ്റും എടുത്തു വയ്ക്കുമ്പോളാണ് മക്കൾ അവളോട് ചോദിച്ചത്.
* നമ്മളേ കുറച്ചു നാള് ഇവിടെ നിന്നും പോവാ മുത്തശ്ശിടെ അടുത്തേക്ക്”
” അച്ഛനും വരുവോ അമ്മേ
” ഇല്ല. ഇനി അങ്ങോട്ട് അമ്മയും മക്കളും മാത്രമേ ഉള്ളൂ കേട്ടോ..
“മോളേ… നീ പോകാൻ തന്നെ തീരുമാനിച്ചൊ…” ആകാശിൻ്റെ അമ്മയും അച്ഛനുമാണ്.
” അച്ഛൻ്റെയും അമ്മയുടെയും മകന്റെ ഭാര്യയായിട്ടാ ഞാൻ ഇവിടെ വന്നത് ഇപ്പൊ ഞാനതല്ലമ്മേ അപ്പൊൾ പിന്നെ പോകണ്ടേ ഞാൻ…
” മോളെ…ആ അമ്മ അവളെ ചേർത്ത് പിടിച്ചു.
” കരയല്ലേ അമ്മേ… അച്ഛനും അമ്മയും എനിക്ക് ഒരിക്കലും ഭർത്താവിന്റെ അച്ഛനും അമ്മയും ആയിട്ടല്ല എൻ്റെ സ്വന്തം അച്ഛനും അമ്മയും ആയിട്ട് തന്നെയാ തിരിച്ചു നിങ്ങളും അങ്ങനെ തന്നെയേ എന്നെ കണ്ടിട്ടുള്ളു എനിക്കറിയാം… പക്ഷേ ഇനിയും.. പറ്റണില്ലമ്മേ..” ശബ്ദം ഇടറാതെ ഇരിക്കാൻ അവൾ കഴിയുന്നതും ശ്രമിച്ചെങ്കിലും അവൾ കരഞ്ഞ് പോയി..
“എന്തൊക്കെയാണ് ആ സ്ത്രീയുടെ മുന്നിൽ വച്ച് അയാൾ പറഞ്ഞതെന്നോ.. ഒരു പെണ്ണിനും സഹിക്കാൻ കഴിയില്ല അമ്മേ… അത്രയ്ക്കും മോശമായി ആണ് എന്നെ… അവൾ വിതുമ്പി പോയി
” മറ്റെന്ത് വേണമെങ്കിലും ഞാൻ സഹിച്ചേനെ പക്ഷേ എന്റെ ജീവിതം പങ്ക് വയ്ക്കാൻ എനിക്ക് കഴിയില്ല എന്നെ തടയരുത്…
” മോള് പൊയ്ക്കോ ആ നശിച്ചവൻ നിന്നെ പോലെ ഒരു പെൺകുട്ടിയെ അർഹിക്കുന്നില്ല.. എൻ്റെ മോൾക്ക് എന്താ വശ്യം ഉണ്ടെങ്കിലും ഒരു വിളിപ്പാടകലെ അച്ഛനും അമ്മയും ഉണ്ട്..” അച്ഛൻ അവളുടെ നെറുകയിൽ തലോടി ചെറുമക്കളുടെ അടുത്തേക്ക് വന്നു.
” അമ്മേടെ കൂടെ കാണണം കേട്ടോ എപ്പഴും.. ഇനി അമ്മേടെ ബലം മക്കളാ.. ” അവരെ രണ്ട് പേരെയും നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.
അവരെയും ചേർത്ത് പിടിച്ചു കൊണ്ട് അവൾ ആ വീടിന്റെ പടിയിറങ്ങി…
പരസ്പരം തേങ്ങലടക്കി ആ അച്ചനും അമ്മയും അവരെ യാത്രയാക്കി.
ദിവസങ്ങൾ കടന്നുപോകവേ ആകാശ് മൃദുലയേ ചതിച്ചത് പോലെ തന്നെയും ചതിക്കുമോ എന്നഭയം അവളെ സംശയരോഗത്തിലേക്ക് എത്തിച്ചു…
സുഖവും സന്തോഷവും തേടി പോയവൻ സമാധാനമെന്തെന്ന് അറിഞ്ഞിട്ട് ദിവസങ്ങളായി…
നീലിമ എന്തിനും ഏതിനും പരാതിയും പരിഭവവും പ്രശ്നങ്ങളും ഉണ്ടാക്കുമ്പോൾ ആകാശ് അതിയായി ആഗ്രഹിച്ചിരുന്നു മൃദലയെ ചതിക്കണ്ടായിരുന്നു എന്ന്…
നീലിമയെ വിട്ട് എങ്ങോട്ടും പോകാന് അവൾ അനുവദിക്കാറില്ല, മൃദുല പോയതൊടെ അച്ഛനും അമ്മയും വീട് വിറ്റ് മക്കളുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ച് തീർത്ഥാടനത്തിനായി പോയ്… കയറി ചെല്ലാൻ വീടൊ സ്വന്തമായി ആരും ഇല്ലാതെ ആയി അവന്… മക്കളെ കാണാൻ പോലും കഴിയാത്ത അവസ്ഥയിലാണ് അവനിപ്പോൾ… അന്ന് മൃദുലയുടെ മുന്നിൽ ഇല്ലായിരുന്ന കുറ്റബോധം ഇന്നവൻ്റെ മനസ് നിറയെ ഉണ്ട്,.
മൃദുല പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു. മക്കളുമായി സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നു.
ഒരുനാൾ അവളെ കാണാൻ ആകാശ് ജോലി സ്ഥലത്ത് എത്തി.
” മൃദു എന്നോട് ക്ഷമിച്ചൂടെ.. നീ എൻ്റെ ജീവിതത്തിൽ എന്തായിരുന്നു എന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത്.. എനിക്ക് നീ ആരായിരുന്നു എന്ന് മനസിലായത്.
” എന്നിട്ട് എന്ത് മനസിലായി.. അവള് പുച്ഛത്തോടെ ചോദിച്ചു
” മൃദു..
” നിങ്ങള് എന്നെ അങ്ങനെ വിളിക്കരുത്.. ശരീരമാസകലം പുഴു അരിയ്ക്കുന്ന പോലെ തോന്നുന്നു.. ഒരുപകാരം മാത്രം ചെയ്താൽ മതി ഇനി മേലിൽ എൻ്റെയോ എൻ്റെ മക്കളുടെയോ മുന്നിൽ വരരുത്…
” മൃദു ഞാൻ..
” പോടോ… ” അവന് നേരെ മുഖം തിരിച്ചു അവൾ നടന്നു.
ഒരിക്കൽ അവൻ പറഞ്ഞത് പോലെ ഇത് കാലം തനിക്കായി കാത്തുവച്ച വിധിയെന്ന് മനസിലാക്കി അവനും…
✍️🔱🦋ശിവപദ്മ🦋🔱
…