അമ്മക്കിളി
(രചന: Navas Amandoor)
ഉറങ്ങാൻ അച്ചാച്ചന്റെ അരികിൽ കിടന്നു ലച്ചു മോൾ അച്ചാച്ചന്റെ മീശയിൽ പിടിച്ച് വലിച്ചു കഥ പറയാൻ പറഞ്ഞ് വാശി പിടിച്ചു.
“അച്ചാച്ചനെ മോള് കൂടുലാ.. കഥ പറഞ്ഞില്ലെങ്കിൽ. ഹും. ” ചുമരിൽ തൂക്കിയിട്ട ലക്ഷ്മിയുടെ ഫോട്ടോയിൽ നോക്കി നെടുവീർപ്പോടെ ലച്ചുവിനെ ചേർത്തു പിടിച്ചു.
“അച്ചാച്ചന്റെ ലച്ചു മോൾ പിണങ്ങിയാൽ സങ്കടം ആവൂലേ.. കഥ പറയാട്ടോ.. ഒരു അമ്മക്കിളിയുടെ കഥ. ”
ലച്ചു മോൾ കഥ കേൾക്കാൻ പുഞ്ചിരിയോടെ കിടന്നു.
“ഒരിടത്ത് ഒരു അമ്മക്കിളി ഉണ്ടായിരുന്നു. ആ അമ്മക്കിളിക്ക് ആരും സങ്കടപ്പെടുന്നത് ഇഷ്ടമല്ലായിരുന്നു.
അമ്മക്കിളിക്കും അച്ഛൻകിളിക്കും സുന്ദരിയായ പഞ്ചാരക്കിളി പോലുള്ള മോളെ ദൈവം കൊടുത്തു. അവർ മൂന്ന് പെരും സന്തോഷത്തോടെ ഒരു കൂട്ടിൽ ജീവിച്ചു.
അങ്ങനെ കുറേ കാലം കഴിഞ്ഞപ്പോൾ നല്ലൊരു ആൺ കിളിക്ക് അമ്മക്കിളി പഞ്ചാരക്കിളിയെ കെട്ടിച്ചു കൊടുത്തു. അവരുടെ കല്യാണം കഴിഞ്ഞു കുറേ കഴിഞ്ഞപ്പോൾ ആ പഞ്ചാര കിളിക്ക് കുട്ടിക്കിളി ഉണ്ടാവില്ലന്ന് പറഞ്ഞപ്പോൾ എല്ലാവർക്കും സങ്കടമായി.
അമ്മക്കളിക്ക് കുറേ സങ്കടമായി. അങ്ങനെ പഞ്ചാരക്കിളിക്ക് വേണ്ടി അമ്മക്കിളി പ്രസവിച്ചു. ഒരു മാണിക്യകല്ല് പോലുള്ള കുഞ്ഞി കിളിയെ തന്ന് അമ്മക്കിളി ദൂരെ ക്ക് ദൂരെക്ക് പറന്നു പോയി. ”
കഥ പറയുന്നതിന്റെ ഇടയിൽ കണ്ണിൽ നിറഞ്ഞ കണ്ണീർ തുടച്ചു അച്ചാച്ചൻ ലച്ചു മോളെ നോക്കി അവൾ ഉറങ്ങി. അച്ഛൻ മോളെ കഥ പറഞ്ഞ് കൊടുത്തു ഉറക്കുന്നത് കണ്ടു ലച്ചു മോളെ അമ്മ ആര്യ വാതിൽക്കൽ നിന്നിരുന്നു.
കഥ കേട്ടു കരച്ചിൽ കടിച്ചു അമർത്തി അവൾ തിരിഞ്ഞു നടന്ന് മുറിയിൽ കട്ടിലിൽ കിടന്ന് കണ്ണുകൾ അടച്ചു പിടിച്ചു.
“ലക്ഷ്മിയുടെ കൂടെ ആരാ ഉള്ളത്…? ”
ലേബർ റൂമിന്റെ വാതിൽ തുറന്നു നേഴ്‌സ് ചോദിച്ച നേരം ആര്യ പെട്ടെന്ന് പാതി തുറന്നു വെച്ച വാതിലിന്റെ അടുത്തോട്ടു ചെന്നു.
“അമ്മക്ക് പെയിൻ വന്നിട്ടില്ല. ഇനി വെയിറ്റ് ചെയ്യാൻ കഴിയില്ല. അതുകൊണ്ട് സിസേറിയൻ തന്നെ വേണ്ടി വരും. നിങ്ങൾ ഡോക്ടറെ കണ്ട് സംസാരിക്കൂ ”
ലേബർ റൂമിന്റെ വാതിലുകൾ അടഞ്ഞു. ആര്യ അച്ഛനെ നോക്കി. അച്ഛൻ തല താഴ്ത്തി. വിനു അച്ഛന്റെ അരികിൽ നിന്നും എഴുന്നേറ്റു ആര്യയുടെ ഒപ്പം ഡോക്ടറെ കാണാൻ നടന്നു.
“അന്ന് ആര്യയുടെ ഗർഭപാത്രമെടുത്ത് നീക്കിയതും ഈ ഹോസ്പിറ്റലിൽ വെച്ചാണ്.
അതുകൊണ്ട് മാത്രമാണ് അമ്മയുടെ ഇഷ്ടത്തിന് അനുകൂലമായി തീരുമാനമെടുത്ത് ആര്യയുടെ ഭർത്താവിന്റെ ബീജം ആര്യയുടെ അമ്മയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു..
ഇപ്പൊ ഇതാ ഇവിടെ വരെ എത്തിച്ചത്. പക്ഷെ ഈ ടൈം കുറച്ച് റിസ്ക്കാണ്.. ഓപ്പറേഷൻ.. പരമാവധി ഞങ്ങൾ ശ്രമിക്കുകയാണ്.. നിങ്ങൾ പ്രാർത്ഥിക്കൂ..അമ്മയുടെ ബോഡി കുറച്ച് വീക്കാണ്. ”
ശ്വാസമടക്കി പിടിച്ചു ഡോക്ടർ പറഞ്ഞതിനൊക്കെ ആര്യ തലയാട്ടി.
“ആര്യ നീ ഇങ്ങനെ വിഷമിക്കല്ലേ.. നമ്മൾ ഇങ്ങനെ ആയാൽ അച്ഛൻ തളർന്നു പോകും. ”
“നമ്മൾക്ക് വേണ്ടിയാ..എന്റെ അമ്മ… ”
വിനു അവളുടെ തോളിൽ പിടിച്ചു.. അവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
വീണ്ടും അവർ രണ്ട് പേരും അച്ഛന്റെ അരികിൽ വന്നിരുന്നു
“മോളെ ഡോക്ടർ എന്താ പറഞ്ഞത്..? ”
“പേടിക്കേണ്ട കാര്യമൊന്നുമില്ല അച്ഛാ.ഓപ്പറേഷൻ വേണ്ടി വരും അതാ പറഞ്ഞത്. ”
“ഉം.. കുറേ കാലം മുൻപ് ഒരു തവണ ഞാൻ കാത്തിരുന്നിട്ടുണ്ട് ലേബർ റൂമിന്റെ പുറത്ത്. അന്ന് ഞാൻ ഒറ്റക്കായിരുന്നു.ഇപ്പൊ എനിക്ക് കൂട്ടിനു നിങ്ങൾ ഉണ്ടല്ലോ. വർഷങ്ങൾക്ക് ശേഷം ഇപ്പൊ വീണ്ടും ഇങ്ങനെ ഇരിക്കുമ്പോൾ എന്തോ ഒരു പേടി ഉള്ളിൽ ഉണ്ട് മക്കളെ. ”
ആര്യക്ക് ഇനി കുഞ്ഞിന് ജന്മം നൽകാൻ കഴിയില്ലെന്ന് ഉറപ്പായപ്പോൾ തോന്നിയതാണ് ഒരു ഗർഭപാത്രം വാടകക്കെടുത്ത് വിനുവിന്റെ ചോരയിൽ ഒരു കൊച്ചിനെ വളർത്താമെന്ന്.
പക്ഷെ പലരും ക്യാഷ് മാത്രം മോഹിച്ചു വന്നപ്പോൾ മനസ്സ് വന്നില്ല. പിന്നെയും പല പ്രശ്നങ്ങൾ..
“മോളെ എന്റെ ഗർഭപാത്രം പറ്റുവോ…? ”
“അമ്മേ.. ഞാൻ എന്താ പറയ്യാ. ”
“നീ ഒന്നും പറയണ്ട.. നീ പത്ത് മാസം കിടന്ന എന്റെ വയറ്റിൽ തന്നെ യാവട്ടെ നിന്റെ കുഞ്ഞും ”
അമ്മ അത് അച്ഛനുമായി തീരുമാനിച്ചു ഉറപ്പിച്ചട്ടാണ് സംസാരിക്കുന്നത്. പിന്നെ എതിർക്കാൻ കഴിഞ്ഞില്ല. വിനുവിന്റെ ബീജം അമ്മയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു.
ഭ്രൂണമായി വളർന്നു മാംസകഷ്ണമായി. ഹാർട് ബീറ്റ്സ് കേട്ടു തുടങ്ങി. ഓരോ മാസവും കരുതലോടെ മുന്നോട്ട്.
ഇഷ്ടങ്ങൾ അറിഞ്ഞു ചെയ്തു കൊടുത്തു.
രാവും പകലും ആര്യ അമ്മയുടെ കൂടെ തന്നെ നിന്നു. അമ്മയെക്കാൾ ടെൻഷനും ആധിയും ആര്യക്കാണ്.
ആ സമയം ആര്യയാണ് ലക്ഷ്മിയുടെ അമ്മ. ഈ ലേബർ റൂമിന്റെ അകത്തേക്ക് കൊണ്ടുപോകും വരെ കണ്ണിലെ കൃഷ്ണ മണി പോലെ ആര്യ അമ്മയെ കൊണ്ട് നടന്നു.
“ലക്ഷ്മിയുടെ ആരാ ഉള്ളത്.. ”
ആര്യ എണീറ്റു പെട്ടന്ന് ലേബർ റൂമിന്റെ വാതിലിന്റെ അരികിൽ ചെന്നു…
“സർജറി കഴിഞ്ഞു.. പെൺ കുഞ്ഞാണ്. ”
മൂന്ന് പേരുടെയും മുഖത്ത് സന്തോഷം വിടർന്നു.
അമ്മക്കിളി മാണിക്യകല്ല് പോലെ സുന്ദരിയായ കുഞ്ഞു വാവക്ക് ജന്മം നൽകി.
കുഞ്ഞിനെ കൊണ്ട് വന്നു കാണിച്ചു. കുഞ്ഞിനെ വാങ്ങി കവിളിൽ ആദ്യം ചുംബനം കൊടുത്തത് അച്ഛൻ. അതിന് ശേഷം അച്ഛൻ പൈതലിനെ വിനു വിന്റെ കൈയിൽ വെച്ചു കൊടുത്തു.
“കുറേ നേരമായല്ലോ.. ലക്ഷ്മിയെ പറ്റി ഒന്നും പറഞ്ഞില്ല ല്ലൊ മോളെ. ”
“അമ്മക്ക് ബോധം വന്നു കാണില്ല. ”
ലേബർ റൂമിന്റെ വാതിൽ തുറന്ന് ഇറങ്ങി വന്ന ഡോക്ടറാണ് പറഞ്ഞത്. അമ്മക്കിളി പറന്നു പോയെത്രേ.. ദൂരേക്ക്.. അങ്ങ് ദൂരേക്ക്..