പട്ടിണി കിടന്ന് ചത്താലും ശരീരം വിറ്റ് തിന്നേണ്ട ഗതികേട് വന്നാ എൻ്റെ മോളെം കൊണ്ട് ജീവിതം തീർക്കുകയേ ഉള്ളൂ ഞാൻ അല്ലാതെ ആർക്കും വഴങ്ങി കൊടുക്കില്ല.

(രചന: RJ)

 

ഇട്ടിരിക്കുന്ന ബ്ലൗസിലൂടെ ഒഴുകിയിറങ്ങുന്ന വിയർപ്പിനെയും നിയന്ത്രിക്കാനാവാതെ ഉയർന്നു പൊങ്ങുന്ന കിതപ്പിനേയും വക വയ്ക്കാതെയാണവൾ അന്നും ഓവർ ഡ്യൂട്ടിക്കിറങ്ങിയത്.

 

കരിങ്കൽ ക്വാറിയിലെ ചുമട് തൊഴിലാളിയാണ് മീന. രാവിലെ എട്ടുമണി മുതൽ വൈകിട്ട് അഞ്ചുമണിവരെയാണ് സാധാരണ ജോലി.

ആറര വരെ നിൽക്കുന്നവർക്ക് കൊടുക്കുന്നതിൽ നിന്ന് അൽപ്പം കൂടുതൽ കൂലി കിട്ടും എന്നുള്ളതുകൊണ്ട് മിക്ക ദിവസങ്ങളിലും അവൾ ആറരയ്ക്കാണ് പണി നിർത്തി പോവുക.

 

നിനക്ക് വീടും കൂടുമൊന്നുമില്ലേടീ എന്ന് മറ്റുള്ളവർ കളിയായി ചോദിക്കുമ്പോൾ വരണ്ട ഒരു ചിരിയിലൊതുക്കും അവളതിന് മറുപടി.

 

അഞ്ചടിക്കും മുൻപേ ഡ്രസും മാറ്റി മുടിയും ചീകിയിറങ്ങുന്നവർക്കറിയില്ലല്ലോ തൻ്റെ വീട്ടിലെ കാര്യങ്ങൾ.

നൂറെങ്കിൽ നൂറ് കൂടുതൽ കിട്ടിയാൽ അത്രയും ഉപകാരമെന്ന് കരുതിയാണ് പറ്റാഞ്ഞിട്ടും ആറര വരെ നിൽക്കുന്നത്.

 

മോള് പ്രായമായി വരികയാണ്, പണ്ടത്തെ കാലമല്ല നിഴലിനെ പോലും പേടിക്കണം. കുടിച്ച് കൂത്താടി നേരവു കാലവുമില്ലാതെ കേറി വരുന്നവന് അതൊന്നു ഓർക്കാൻ നേരമില്ല.

 

ഇന്നാണെങ്കിൽ മോൾക്ക് പനിക്കോളും കണ്ടിട്ടാണ് പോന്നത് വേഗം ചെന്നിട്ട് ആശുപത്രിയിൽ പോകാമെന്നും പറഞ്ഞിരുന്നു.

 

ഉച്ചയ്ക്ക് ശാരിയുടെ ഫോണിൽ നിന്ന് അയൽവക്കത്തേക്ക് വിളിച്ചപ്പോഴും നല്ല പനിയുണ്ട് എന്ന് പറയുകയും ചെയ്തു.

 

ആഴ്ചാവസാനമായതിനാൽ കണക്ക് നോക്കി പൈസയും വാങ്ങി കുറച്ച് നേരത്തെ ഇറങ്ങാമെന്ന് കരുതിയപ്പോഴാണ്

അർജൻ്റായി നാലഞ്ച് കൊട്ട കൂടി കല്ല് വേണമെന്ന് പറയുന്നത്.

 

പെണ്ണുങ്ങളെല്ലാം ഇറങ്ങിയതിനാലും താൻ കുറച്ച് വൈകി നിൽക്കാറുള്ളതിനാലും അനുസരിക്കേണ്ടി വന്നു. അല്ലെങ്കിലും പൈസ കിട്ടാതെ പോകാൻ പറ്റില്ലല്ലോ.

 

മെഷീനിൽ പൊട്ടിച്ചിടുന്ന മെറ്റൽ വാരലായിരുന്നു ആദ്യം

അതത്ര വലിയ ഭാരമായും തോന്നിയിരുന്നില്ലവൾക്ക് പക്ഷേ ഇപ്പോൾ അവിടെ നിന്നും മാറ്റി കല്ല് പൊട്ടിക്കുന്നിടത്തേക്കാക്കി.

 

വലിയ കരിങ്കല്ലുകളൊക്കെ ഒറ്റയ്ക്ക് ചുമന്ന് മെഷിനിൽ കൊണ്ടിടുക എന്നത് അവളെ സംബന്ധിച്ചിടത്തോളം കുറച്ച് പ്രയാസം തന്നെയായിരുന്നു.

 

അത്യാവശ്യം മിനുങ്ങിയ ശരീരമാണെങ്കിലും ഒന്ന് രണ്ട് വട്ടം കയറിയിറങ്ങുമ്പോഴേക്കും അവൾ ക്ഷീണിച്ചിട്ടുണ്ടാകും.

ശ്വാസമെടുക്കാൻ പോലും വയ്യാതെ കിതച്ച് നിന്നാലും പൂർത്തിയാകാതെ പോയാൽ പറഞ്ഞ പൈസ കിട്ടില്ലല്ലോ എന്നോർക്കും വീണ്ടും വയ്യായ്ക മറക്കും.

 

കൂടെയുള്ള മേരി ചേച്ചി പറഞ്ഞതാണ് സൂപ്പർവൈസറോട് കാര്യമായി പറഞ്ഞാൽ പണി മാറ്റിത്തരുമെന്ന് അത് കേട്ട് ഒരു ദിവസം ചെന്നതുമാണ്.

പക്ഷേ അയാളുടെ നോട്ടവും ഭാവവും ഇഷ്ടപ്പെടാതെ തിരിച്ചു പോരുകയായിരുന്നു.

 

അയാൾ പെൺവിഷയത്തിൽ അൽപ്പം താത്പര്യമുള്ളയാളാണെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്.

തടിയും ചൊടിയുമുള്ള പെണ്ണുങ്ങളെ കാണുമ്പോൾ അയാളുടെ ചുണ്ടു നനച്ചുള്ള നിൽപ്പും,

ഓരോ അവയവയും അളന്നെടുക്കുന്ന പോലുള്ള നോട്ടവും വഷളത നിറഞ്ഞ സംസാരവും ഒട്ടും ഇഷ്ടപ്പെടുന്നുണ്ടായിരുന്നില്ല .

 

മറ്റ് പെണ്ണുങ്ങൾ അയാളുടെ ദേഹമുരുമ്മി കടന്നുപോകുന്നതും കൊഞ്ചുന്നതും കാണാഞ്ഞിട്ടല്ല,

ശാരി തുറന്ന് പറഞ്ഞതുമാണ് അയാള് ഒന്ന് തൊട്ടാലു പിടിച്ചാലുമെന്താ ചോദിക്കണ പൈസ കയ്യിൽ കിട്ടില്ലേ എന്ന്.

 

തനിക്കതിൻ്റെ ആവശ്യമില്ലായിരുന്നു.

ഒരു കണക്കിന് അയാളുടെ അടുത്ത് നിന്ന് ഇങ്ങോട്ട് മാറ്റിയതും നന്നായെന്നേ തോന്നിയിട്ടുള്ളൂ.

 

പലപ്പോഴും തൻ്റെ മാറത്തും മറ്റുള്ളവരെ പോലെ ഉരുമ്മാൻ വന്നിട്ടുണ്ടെങ്കിലും കൂർത്ത നോട്ടം കൊണ്ട് തടയുമായിരുന്നതിനാൽ ഒഴിഞ്ഞു പോവുകയായിരുന്നു.

 

ഇന്നിനി പൈസയ്ക്ക് അയാളുടെ അടുത്ത് ഒറ്റയ്ക്ക് പോകുന്ന കാര്യം ഓർത്തപ്പോൾ തന്നെ മീനയുടെ നെഞ്ചൊന്നാളി.

 

അവസാനത്തെ കൊട്ട കല്ലും ഇറക്കി വിയർത്തൊഴുകി അവൾ സൂപ്പർവൈസറെ നോക്കി.

 

മുറിയിലേക്ക് പോയെന്ന് ഒരു ഹിന്ദിക്കാരൻ പയ്യൻ പറഞ്ഞതു കേട്ട് മടിച്ചാണ് അവൾ മുറിയുടെ മുന്നിൽ ചെന്ന് മുട്ടിയത്.

 

” കേറി വാ

 

അകത്ത് നിന്നും ശബ്ദം കേട്ടു.

 

കള്ളിമുണ്ടുടുത്ത് ഒരു കാൽ കട്ടിലിലേക്ക് കയറ്റി വച്ച് കൈ തുടയിലമർത്തി ചിരിയോടെ ഇരിക്കുന്നുണ്ടായിരുന്നു അയാൾ.

 

” മീന പോയില്ലായിരുന്നോ?

 

” ഇപ്പഴാ കഴിഞ്ഞത്,

പിന്നെ പൈസ …..

 

അവൾ മടിയോടെ പറഞ്ഞു.

 

ഓ മീനയുടെ കണക്ക് നോക്കിയില്ലല്ലോ അല്ലേ,

കയറി വാ ഞാനൊന്ന് നോക്കട്ടെ.

 

അവൾ കയറാതെ മടിച്ചു നിന്നതും

 

പൈസ വേണമെങ്കിൽ കയറി വാ എന്ന അയാളുടെ പറച്ചിലിൽ മീന മുറിയിലേക്ക് കയറി.

 

” നല്ല പണിയായിരുന്നല്ലേ , ആകെ വിയർത്തിട്ടുണ്ടല്ലോ

 

അവളുടെ ഉടലാകെ മൊത്തം നോക്കി ഒരു ചിരിയോടെ അയാൾ പറഞ്ഞതു കേട്ട് മീനയ്ക്ക് അസ്വസ്ഥത തോന്നുന്നുണ്ടായിരുന്നു.

 

ഇടയ്ക്കിടയ്ക്ക് തുടയിൽ തഴുകിയും അവളുടെ നേരെ നോക്കിയും കണക്ക്ബുക്ക് നോക്കുകയാണയാൾ.

 

നേരം ഇരുട്ടി തുടങ്ങിയിട്ടുണ്ട്,

ആശുപത്രിയിൽ പോകണമെങ്കിലു വൈകുമല്ലോ ദൈവമേ

 

അവളുടെ മനസ്സ് ഉരുകുന്നുണ്ടായിരുന്നു.

 

മീന അഡ്വാൻസ് വാങ്ങിയിട്ടുണ്ടായിരുന്നല്ലേ , അതും കഴിച്ചിനി ആയിരം തികച്ചില്ലല്ലോ

 

അയാൾ നോട്ടുകൾ എണ്ണി.

 

അതു കേട്ടതും മീന വല്ലാതായി.

 

ആശുപത്രിയിൽ പൈസയാവും, മരുന്ന് പുറത്തു നിന്ന് വാങ്ങേണ്ടിയും വരും മാത്രമല്ല അരിയും സാധനങ്ങളും വാങ്ങാനുമുണ്ട്.

 

” സാറേ കുറച്ച് പൈസ കൂടി കൂട്ടിത്തരാമോ?

 

ആ ചിന്തയിലാണ് അവളത് ചോദിച്ചത്.

 

ഇപ്പോൾ തന്നെ പൈസ അധികമാണ്, ഇങ്ങനെ ചോദിക്കുമ്പോ എടുത്ത് തരുന്നതില് എനിക്ക് എന്ത് ലാഭമാ

 

അർത്ഥം വച്ചുള്ള പറച്ചിലായി തോന്നി മീനയ്ക്കത്.

 

മറ്റ് പെണ്ണുങ്ങളെ മീന കാണുന്നില്ലേ, അവരെ പോലെയൊക്കെ ഒന്ന് സഹകരിച്ച് പോയാ പൈസ ക്കൊന്നും പഞ്ഞമുണ്ടാവില്ല

 

അയാൾ ഒരു പിടി നോട്ടുകളുമായി അവളുടെ അടുത്തേക്ക് ചേർന്നു വന്നു.

 

ശരീരം വിറയ്ക്കുന്നുണ്ടായിരുന്നവൾക്ക്,

 

ആരും അറിയാൻ പോണില്ല , എല്ലാവരും പോയി ഒരഞ്ച് മിനിറ്റ് നേരം മതി എന്ത് പറയുന്നു.

 

അയാളുടെ നാവ് ചുണ്ടുകളെ നനച്ച് തുടങ്ങിയത് കണ്ട് മീനയ്ക്ക് ഉള്ളിൽ നിന്ന് ഒരറപ്പ് തോന്നി.

 

അയാളെ തട്ടി മാറ്റി മീന മുറിയ്ക്ക് പുറത്തേക്കിറങ്ങി.

 

മാനം വിറ്റ് ജീവിക്കാനായിരുന്നെങ്കിൽ ഈ മരണപ്പണിക്ക് വരേണ്ട ആവശ്യമുണ്ടായിരുന്നില്ല സാറേ എനിക്ക്. എൻ്റ മോള് പനിച്ച് വിറച്ച് കിടക്കുന്നുണ്ട് അതിനെ ആശുപത്രിയിൽ കൊണ്ടുപോകാനും ചെലവിനും ഒക്കെ എനിക്ക് കാശ് വേണം സത്യമാണത്.

 

പക്ഷേ പട്ടിണി കിടന്ന് ചത്താലും ശരീരം വിറ്റ് തിന്നേണ്ട ഗതികേട് വന്നാ എൻ്റെ മോളെം കൊണ്ട് ജീവിതം തീർക്കുകയേ ഉള്ളൂ ഞാൻ അല്ലാതെ ആർക്കും വഴങ്ങി കൊടുക്കില്ല.

കൈ നീട്ടി പിച്ചയെടുത്താലും ഞാൻ ജീവിക്കും സാറേ

ഇവിടത്തെ പണി എനിക്ക് വേണ്ട പൈസ സാറ് തന്നെ വച്ചോ

 

ഉള്ളിലടക്കിയ രോഷമെല്ലാം പുറത്തേക്കിട്ട് തിരിഞ്ഞ മീനയുടെ കൈയ്യിൽ കയറിപ്പിടിച്ചു അയാൾ.

 

” അങ്ങനെയങ്ങ് പോകാൻ വരട്ടെ,

ഈ പൈസ നിനക്ക് വേണ്ടി എടുത്തതാണെങ്കിൽ അത് മുതലാക്കാനും ഈ ഈപ്പന് അറിയാം.

 

അത് നീ കരുതുന്ന പോലെ നിൻ്റെ ശരീരം കൊതിച്ചിട്ടൊന്നും അല്ല.

ഞാനൊരു നമ്പർ ഇട്ടു നോക്കിയതാണ് നീയും മറ്റുള്ളവരെ പോലെയാണോ എന്നറിയാൻ.

 

ആദ്യം മുതലേ നിന്നെ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മറ്റ് പെണ്ണുങ്ങൾ കൊഞ്ചികുഴയുമ്പോൾ നീ മാത്രം ഒന്നിനും ആരോടും നിക്കാറില്ല.

 

മേരി നിൻ്റെ കാര്യം വിശദമായി പറയുകയും ചെയ്തു.

അന്ന് തോന്നിയ കാര്യമാണ്.

ഇവിടെ ഈ ഹിന്ദിക്കാരൻമാര് വച്ചുണ്ടാക്കിയത് തിന്ന് വയറും നാക്കും കേടായി.

 

നിനക്ക് പറ്റുമെങ്കിൽ നാളെ മുതൽ ഓവർ എടുക്കുന്ന ജോലി അടുക്കളയിലായാൽ

നല്ലൊരു തുക ശമ്പളമായി തരാം.

 

ഓശാരമായിട്ടല്ല കേട്ടോ നിന്നെ പോലുള്ള നല്ല പെണ്ണുങ്ങളെ കാണുമ്പോ ഈപ്പന് അമ്മച്ചിയെ ഓർമ്മ വരും , ഞങ്ങളേം ഇതേ പോലെ കഷ്ടപ്പെട്ട് വലുതാക്കിയതാണെ എൻ്റമ്മച്ചി.

 

അപ്പോ എങ്ങനാ ഈ കാശ് വാങ്ങുന്നുണ്ടോ അതോ ……

 

അയാൾ പറഞ്ഞു തീരു മുൻപേ നീട്ടിയ നോട്ടുകൾ കൈകളിലേക്ക് വാങ്ങിയിരുന്ന മീന

നിറകണ്ണുകളോടെ.

 

കൈകൂപ്പി നടന്നു നീങ്ങുന്നവളെ കണ്ട് ഈപ്പൻ്റെ ചുണ്ടിൽ ഒരു ചിരി നിറഞ്ഞതും അയാൾ ഉറക്കെ പറഞ്ഞു.

 

ഇവളാണ് പെണ്ണ്.

Leave a Reply

Your email address will not be published. Required fields are marked *