നീ കൊണം പിടിക്കത്തില്ലടീ എരണംകെട്ടവളെ”””‘എന്നവർ ശപിച്ചു പോകുമ്പോൾ അവർ

(രചന: J. K)

ആ ഒന്നര വയസ്സുകാരി തന്റെ അച്ഛന് പിതൃപിണ്ഡം ഉരുട്ടി ഇലയിൽ വയ്ക്കുമ്പോൾ വൃന്ദയുടെ നെഞ്ച് ഉരുകി..

അവൾക്ക് വെറും ആറുമാസം പ്രായമായപ്പോഴാണ് ഗോപിയേട്ടൻ തന്നെ വിട്ട് പോകുന്നത്…

പിന്നെ ഇരുട്ടായതും പകലായതും നാളുകൾ കഴിഞ്ഞതും ഒന്ന് താൻ അറിഞ്ഞിരുന്നില്ല എല്ലാം ഒരു ഇരുട്ട് വന്ന് ബാധിച്ചത് പോലെ…

“””ടീ… എന്റെ കുഞ്ഞിയെ ഡോക്ടർ ആക്കണം എന്നിട്ട് ഈ അച്ഛന് എന്തെങ്കിലും ഒരു സൂക്കേട് വരുമ്പോൾ ഈ കയ്യോണ്ട് അവൾ ചികിത്സിക്കണം “””

എന്ന് പറഞ്ഞു ഇക്കിളിയിട്ട് മകളെ ചിരിപ്പിക്കുന്ന ഗോപിയേട്ടന്റെ മുഖം അവളുടെ ഉള്ളിൽ തെളിഞ്ഞു… മിഴികൾ ചാലിട്ടോഴുകി..
ആ കൈകൾക്ക് ഇതാണല്ലോ വിധി എന്നോർത്ത്..

കർമ്മം ചെയ്യുമ്പോൾ അസ്വസ്ഥതയോടെ വാശി പിടിച്ചു കരയുകയായിരുന്നു കുഞ്ഞി…
അത് കഴിഞ്ഞതും കുഞ്ഞരി പല്ലാലെ ചിരിച്ചു കാണിച്ചു… ആ ചിരിയിൽ പാതി ദുഃഖം മറന്നു വൃന്ദ…

റേഷൻ കടയായിരുന്നു ഗോപിയേട്ടന്.. നാട്ടിൽ എല്ലാർക്കും വേണ്ടപ്പെട്ടവൻ.. എല്ലാവർക്കും ഗോപിയേട്ടനെ വലിയ കാര്യമാണ്…

അതാണ് തങ്ങൾ തമ്മിൽ പന്ത്രണ്ടു വയസ് വ്യത്യാസമുണ്ടായിട്ടും കല്യാണത്തിന് സമ്മതിച്ചത്…

ഡിഗ്രി സെക്കൻഡ് ഇയർ ആയപ്പോഴാണ് ഗോപിയേട്ടന്റെ വിവാഹാലോചന വന്നത്…
യാതൊരു ബാധ്യതകളുമില്ല ആകെയുള്ളത് ഒരു അനിയനാണ് പിന്നെ ഒരു ചേച്ചിയും….

ചേച്ചിയെ ഗോപിയേട്ടൻ തന്നെയാണ് വിവാഹം കഴിപ്പിച്ച അയച്ചത് വളരെ ചെറുപ്പത്തിൽ തന്നെ കുടുംബഭാരം തലയിൽ ഏറ്റാൻ തുടങ്ങിയിരുന്നു ആ മനുഷ്യൻ..

ചേച്ചി പത്താം ക്ലാസിലും ഗോപിയേട്ടൻ എട്ടിലും അനിയൻ ആറിലും പഠിക്കുമ്പോഴാണ് അവരുടെ അച്ഛൻ അവരെ വിട്ടു പിരിഞ്ഞുപോയത് പിന്നെ

ഒന്നുമറിയാത്ത ഒരു അമ്മയെയും ആ കുടുംബത്തെയും ഇതുപോലെ താങ്ങി നിർത്തിയത് ഗോപിയേട്ടൻ ഒരാളായിരുന്നു..

പത്താം ക്ലാസ് പാസായതും അച്ഛന്റെ റേഷൻ കട ഏറ്റെടുത്ത് നടത്തി…അതുകൊണ്ടുതന്നെ ചേച്ചിക്കും അനിയനും എല്ലാം ഒരച്ഛന്റെ സ്ഥാനമായിരുന്നു ഗോപിയേട്ടന്…

പെണ്ണുകാണാൻ വന്നപ്പോഴേ പറഞ്ഞിരുന്നു ഞാൻ ചെയ്യുന്നത് ശരിയല്ല ഇത്രയും പ്രായവ്യത്യാസം!!!! അത് പക്ഷേ തന്നോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് എന്ന്…. എനിക്ക് പിന്മാറാൻ തോന്നുന്നില്ലടോ എന്ന്…

പിന്മാറണ്ട എനിക്കും ഇഷ്ടമാണ് എന്ന് ഞാൻ അറിയിച്ചു… അല്ലെങ്കിലും ഇത്രയും നല്ല ഒരാളെ വേറെ എനിക്ക് കിട്ടില്ല എന്ന് എനിക്കും ഉറപ്പുണ്ടായിരുന്നു…

എല്ലാവരുടെയും കാര്യത്തിൽ ഇടപെടും തന്നെക്കൊണ്ട് കഴിയുന്ന സഹായം എല്ലാവർക്കും ചെയ്യും അങ്ങനെ ഒരു നല്ല മനസ്സിനുടമ..

ആകെക്കൂടിയുള്ള ഒരു പ്രശ്നം പ്രായവ്യത്യാസം ആയിരുന്നു…അത് പക്ഷേ ജീവിതത്തിൽ ഒന്നും ഒരു തടസ്സമേ അല്ലായിരുന്നു…. കണ്ണിലെ കൃഷ്ണ മണി പോലെ അദ്ദേഹം കൈവെള്ളയിൽ കൊണ്ട് നടന്നു….

ഒരു ഭർത്താവിന്റെ… മകന്റെ… സഹോദരന്റെ… എല്ലാം ഉത്തരവാദിത്വം അതാത് സ്ഥാനത്ത് നിന്ന് അദ്ദേഹം ഭംഗിയായി നിറവേറ്റിയിരുന്നു…

അമ്മയ്ക്കും സഹോദരന്മാർക്കും അദ്ദേഹം കഴിഞ്ഞേ മറ്റാരും ഉണ്ടായിരുന്നുള്ളൂ…
അതുകൊണ്ടുതന്നെ ആ സ്വീകാര്യത എനിക്കും ആ വീട്ടിൽ കിട്ടിയിരുന്നു…

ബാക്കി പഠനം തുടരണം.. സ്വന്തം കാലിൽ നിൽക്കാൻ പഠിക്കണം എന്നൊക്കെ എന്നെ പറഞ്ഞ് മനസ്സിലാക്കിയത് ഗോപിയേട്ടൻ ആയിരുന്നു…..

ഡിഗ്രി സെക്കൻഡ് ഇയർ കഴിഞ്ഞപ്പോഴേക്ക് വിവാഹം കഴിഞ്ഞ എന്നെക്കൊണ്ട് ഡിഗ്രി മുഴുവൻ പൂർത്തിയാക്കിയത്…

ഒപ്പം പീജിക്ക് ചേർത്തത് എല്ലാം അദ്ദേഹം ആയിരുന്നു.. ഇതിനിടയിലാണ് ഞാൻ ഗർഭിണിയാണ് എന്ന് അറിഞ്ഞത്… പിന്നെ അദ്ദേഹത്തിന്റെ സന്തോഷത്തിന് അതിരിലായിരുന്നു..

“”””നീ നോക്കികോടി ഇതൊരു പെൺകുട്ടിയാവും “”എന്ന് എന്നോട് തർക്കിച്ചു…അദ്ദേഹത്തിന്റെ മനസ്സ് പോലെ തന്നെ അതൊരു പെൺകുട്ടിയായിരുന്നു….

ഗോപിക”””” എന്ന പേരിടണം എന്ന് അദ്ദേഹത്തിന് ആയിരുന്നു വാശി എല്ലാത്തിനും ഞാൻ കൂട്ടുനിന്നു…

ഗർഭിണിയായിരുന്നപ്പോൾ എന്നെ താഴത്തും തലയിലും വെക്കാതെ അദ്ദേഹം കൊണ്ടുനടന്നു അതുപോലെ മോളെയും…

സന്തോഷകരമായി പോയിരുന്ന ജീവിതം താറുമാറായത് വളരെ പെട്ടെന്ന് ആയിരുന്നു…
അന്ന് ഇടിയും മിന്നലും നല്ല മഴയും ഉള്ള ഒരു ദിവസമായിരുന്നു…

റേഷൻ കട പൂട്ടി പതിവുപോലെ അദ്ദേഹത്തിന്റെ സൈക്കിളിൽ വീട്ടിലേക്ക് വരികയായിരുന്നു ഗോപിയേട്ടൻ…

പക്ഷേ, കാറ്റത്ത് ഇലക്ട്രിക് കമ്പിയിലേക്ക് മരം വീണ് അത് വഴിയിൽ പൊട്ടി കിടന്നത് അദ്ദേഹം അറിഞ്ഞില്ല…

ഷോക്കേറ്റ് അദ്ദേഹം ഞങ്ങളെ വിട്ടു പോയി..
അദ്ദേഹം ഇനി കൂടെയില്ല എന്ന സത്യം ഉൾക്കൊള്ളാൻ ആവാതെ എന്റെ മനസ്സ് കൈയിട്ടു പോയിരുന്നു എന്റെ മോൾ ഉള്ളതുകൊണ്ട് മാത്രമാണ് പിടിച്ചുനിന്നത്…

എന്നെ കുറച്ചുനാൾ കഴിഞ്ഞ് എന്റെ വീട്ടിലേക്ക് കൊണ്ടുപോകാൻ അമ്മയും അച്ഛനും എത്തി പക്ഷേ അദ്ദേഹത്തിന്റെ അമ്മ സമ്മതിച്ചില്ല….

അവനില്ലാത്ത കുറവ് അവന്റെ മോളെ കണ്ടാണ് ഞാൻ മറക്കുന്നത് അവളെ കൂടി എന്നിൽ നിന്ന് പിരിക്കരുത് എന്ന് പറഞ്ഞ് അച്ഛനെയും അമ്മയുടെയും കാല് പിടിച്ച് ഗോപിയേട്ടന്റെ അമ്മ കരഞ്ഞു…..

അതിനേക്കാൾ ഉപരി എനിക്കും ആ വീട് വിട്ട് വരാൻ കഴിയില്ലായിരുന്നു ഇപ്പോഴും ആ മുറിയിൽ ഗോപിയേട്ടന്റെ ഗന്ധം തങ്ങി നിൽക്കുന്നത് പോലെ…

ആ ഷർട്ട് നെഞ്ചോട് അടക്കി പിടിച്ചാണ് ഞാനും എന്നും കിടന്നുറങ്ങുന്നത്….ഗോപിയേട്ടന്റെ കച്ചവടം അനിയൻ സന്തോഷ് ഏറ്റെടുത്തു…

അവൻ മിടുക്കനായിരുന്നു ഗോപിയേട്ടൻ എങ്ങനെ കുടുംബം നോക്കിയോ അതുപോലെ അവനും കുടുംബം നോക്കാൻ തുടങ്ങി. അങ്ങനെയാണ് അമ്മയുടെ മനസ്സിൽ ആ ഒരു മോഹം തോന്നാൻ തുടങ്ങിയത്….

“” വൃന്ദ മോളെ സന്തോഷിനെ കൊണ്ട് വിവാഹം കഴിപ്പിച്ചാലോ എന്ന്”””മനസ്സിൽ അത് തോന്നിയപ്പോൾ തന്നെ എന്റെ വീട്ടിലേക്ക് വിളിച്ച് അമ്മ അതിനെപ്പറ്റി സംസാരിച്ചിരുന്നു..

സ്വന്തം മകൾ ഇത്രയും ചെറുപ്പത്തിൽ വൈധവ്യം അനുഭവിക്കേണ്ടിവരും എന്ന് ഓർത്ത് സങ്കടപ്പെട്ട് കഴിഞ്ഞിരുന്ന അമ്മയ്ക്കും അച്ചനും ആ പറഞ്ഞത് ഏറെ ആശ്വാസകരം ആയിരുന്നു എങ്കിലും അവർക്ക് ഒരു സംശയം ഉണ്ടായിരുന്നു ഞാൻ അതിന് സമ്മതിക്കുമോ എന്ന്…

എല്ലാവരും കൂടി പറഞ്ഞാൽ ഞാൻ സമ്മതിക്കും എന്ന് അവർ കരുതി.. സന്തോഷിനോട് പറഞ്ഞപ്പോൾ ആദ്യം കുറെ എതിർത്തെങ്കിലും പിന്നീട് അവനും സമ്മതിച്ചു….

എല്ലാവരും ചേർന്നാണ് ഈ കാര്യം എന്നോട് അവതരിപ്പിച്ചത് അത് കേട്ടതും ആകെ ഷോക്കേറ്റത് പോലെയായി ഞാൻ…

ഒരിക്കൽപോലും അവനെ എനിക്ക് കണ്ണിലൂടെ കാണാൻ കഴിയില്ല ആയിരുന്നു ഗോപിയേട്ടന്റെ കൂടെ കൂടി അവരെയെല്ലാം സ്വന്തം മകന്റെ സ്ഥാനത്താണ് ഞാനും കണ്ടിരുന്നത് അങ്ങനെയുള്ള ഒരാളെ എങ്ങനെയാണ് പെട്ടെന്ന് ഭർത്താവായി കാണുന്നത്…

ഞാൻ കുറെ കരഞ്ഞു പറഞ്ഞു എനിക്ക് കഴിയില്ല എന്ന് ആദ്യം സൗമ്യമായി പറഞ്ഞിരുന്നവർ പിന്നീട് പല രീതിയിൽ എന്നോട് പറഞ്ഞു നോക്കി.. ഒടുവിൽ അമ്മ ജീവിച്ചിരിക്കില്ല എന്ന ഭീഷണി വരെ എത്തി…

എന്ത് ചെയ്യണം എന്ന് ഒരു രൂപവും ഇല്ലായിരുന്നു…. ഗോപിയേട്ടൻ ഉള്ളപ്പോൾ എഴുതിയ പി എസ് സി യുടെ റാങ്ക് ലിസ്റ്റിൽ കയറി പറ്റിയിട്ടുണ്ട് എന്നത് എനിക്കപ്പോൾ ഏറെ ആശ്വാസകരം ആയിരുന്നു…

എൽഡി ക്ലർക്ക് ആയി ജോലിയും കിട്ടി..
ഇനി സ്വന്തം കാലിൽ നിൽക്കാം എല്ലാം ഗോപിയേട്ടൻ ഒരാളായി ചെയ്തു വെച്ചതാണ്…

മോളെ കൊണ്ട് ഞാൻ ജോലിയുള്ള സ്ഥലത്തേക്ക് മാറി താമസിച്ചു എന്റെ അമ്മയും കൂട്ടുനിൽക്കാൻ വന്നിരുന്നു.. ഗോപിയേട്ടന്റെ അമ്മ അവിടേക്ക് വന്നു എന്നെ വിവാഹത്തിന് നിർബന്ധിക്കാൻ..

എന്നെക്കൊണ്ടാവും വിധം ഞാൻ അവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു ഈ ജന്മം ഗോപിയേട്ടൻ അല്ലാതെ മറ്റൊരു പുരുഷൻ ഉണ്ടാവില്ല ഈ ജീവിതത്തിൽ എന്ന്….

എന്തോ ഇത്തവണ കരഞ്ഞു പറഞ്ഞപ്പോൾ അവർക്കത് മനസ്സിലായി എന്ന് തോന്നുന്നു…
പിന്നീട് നിർബന്ധിച്ചില്ല…

ഇവർക്കൊന്നും എന്താണ് എന്റെ അവസ്ഥ മനസ്സിലാകാത്തത് എന്ന് അത്ഭുതമായിരുന്നു എനിക്ക് ഒരു ജീവിതം ജീവിച്ച തീർക്കാൻ മാത്രം നല്ല ഓർമ്മകൾ എനിക്ക് ആ മനുഷ്യൻ തന്നിട്ടുണ്ട്…

ഈ ഓർമ്മകളും കെട്ടിപ്പിടിച്ച് ഞങ്ങളുടെ കുഞ്ഞിക്കായി ജീവിക്കുന്നത് മാത്രമാണ് എന്റെ സ്വർഗം…

Leave a Reply

Your email address will not be published. Required fields are marked *