എല്ലാ അർത്ഥത്തിലും പരാജയമാണെന്ന തലത്തിൽ തല അറിയാതെ കുനിഞ്ഞുപോയി

(രചന: ശ്രീജിത്ത് ഇരവിൽ)

 

മകളുടെ വിവാഹം കഴിഞ്ഞപ്പോൾ ഭാര്യ ആരുടെയോ കൂടെ ഒളിച്ചോടിപ്പോയി. അന്വേഷിക്കാനൊന്നും എനിക്ക് തോന്നിയില്ല. പകരത്തിന് പകരമായി ഞാൻ വീണ്ടും കെട്ടാൻ തീരുമാനിച്ചു.

 

നേരെ ചൊവ്വേ പ്രേമിക്കാൻ അറിയാത്തത് കൊണ്ട് വിവാഹ ദല്ലാൾ സുഗുണനെ അങ്ങനെയാണ് ഞാൻ സമീപിക്കുന്നത്. അവന്റെ ആഫീസിലെ സുന്ദരിയായ പെണ്ണ് എന്റെ വിവരങ്ങളെല്ലാം കമ്പ്യൂട്ടറിൽ കുറിക്കാനായി ചോദിച്ചു.

 

‘പേര്…?’

 

“ഗംഗാദരൻ…”

 

‘വയസ്സ്…?’

 

” ഈ ചിങ്ങത്തിൽ അമ്പത്… ”

 

അന്ന് രാത്രിയിൽ, വരാൻ പോകുന്ന അജ്ഞാതയായ വധുവിനേയും സ്വപ്നം കണ്ടാണ് ഞാൻ ഉറങ്ങിയത്. പക്ഷേ, ഉണർന്നപ്പോൾ പതിവ് പോലെ കുമാരീയെന്ന് തന്നെ ഞാൻ വിളിച്ചുപോയി…

 

കഴിഞ്ഞ ആറേഴ് മാസമായി ഇങ്ങനെയാണ്.. ഓരോ ഉണർവ്വിലും ഒളിച്ചോടിപ്പോയ മുൻഭാര്യയെ തന്നെ ഞാൻ ഓർക്കും. കുടുംബത്തിന് വേണ്ടി ജീവിച്ച എന്നോട് അവൾ ഇങ്ങനെ ചെയ്തല്ലോയെന്ന് ചിന്തിച്ച് തല വേദനിക്കും. അത് മനസ്സിന്റേതാണെന്ന് മനസ്സിലാകുമ്പോൾ വീണ്ടും കിടക്കും. കണ്ണുകൾ അടച്ച് ഉറങ്ങാതെ വെറുതേ കിടക്കും…

 

ഒരിക്കൽ പോലും തനിക്ക് ഈ വീട്ടിൽ ഒരു കുറവുണ്ടെന്ന് കുമാരി എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല. എന്റെ വാക്കുകളെ ധിക്കരിക്കുകയോ, അനിഷ്ടം പ്രകടിപ്പിക്കുകയോ, ചെയ്തിട്ടില്ല. ഞാൻ എന്തെങ്കിലും പറഞ്ഞാൽ പതിയേ സംസാരിക്കുന്ന പഞ്ച പാവമായിരുന്നു അവൾ. ഞാൻ എടുത്ത് തലോടുമ്പോൾ മിണ്ടാതെ ചുരുളുന്നയൊരു പൂച്ചയെ പോലെ… ആ പൂച്ച ഇങ്ങനെയൊരു കലം എന്റെ നെഞ്ചിൽ ഉടച്ച് മറ്റൊരാളുടെ കൈകോർത്ത് പോകുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. ഏതായാലും മകളുടെ വിവാഹം കഴിഞ്ഞിട്ടാണല്ലോ അവൾക്ക് ഈ ബുദ്ധി വന്നത്.. അല്ല… അതിന് വേണ്ടി കാത്തിരുന്നതോ…!

 

ഇങ്ങനെ ഓരോന്ന് ചിന്തിച്ചിട്ട് എന്തുകാര്യം. എന്തായാലും കുമാരി പോയി. അവൾ ഇനിയില്ല.. ഞാൻ ഈ വീട്ടിൽ തനിച്ച് തന്നെ… വേറെ പെണ്ണ് കെട്ടണം.. എന്റെ തലവെട്ടം കണ്ടാൽ പരിഹസിക്കുന്ന നാട്ടുകാരുടെ മുന്നിലൂടെ അവളേയും പിടിച്ച് നടക്കണം…

 

കുളിയൊക്കെ കഴിഞ്ഞപ്പോഴേക്കും, നമുക്ക് ഇന്നൊരു ഇടം വരെ പോകണമെന്ന് പറയാൻ വേണ്ടി സുഗുണൻ വിളിച്ചു. പെണ്ണുകാണൽ ആണത്രേ… ഞാൻ നന്നായി ഒരുങ്ങി. എത്ര പൗഡർ വാരി പൊത്തിയിട്ടും എന്റെ മുഖത്തൊരു ജീവനില്ല. എങ്ങനെ ഉണ്ടാകും… കുമാരിയും മോളുമായിരുന്നില്ലേ ഉണ്ടെന്ന് ധരിച്ച ആ ജീവൻ.. അത് പോയില്ലേ….

 

‘ഗംഗാരേട്ടോ… വേറെ കെട്ടാൻ പോന്നെന്ന് കേട്ടു… ഉള്ളതാന്നോ…?’

 

വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അയലത്തെ ശശാങ്കൻ തന്റെ പല്ലുതേപ്പിനിടയിൽ നിന്ന് നീട്ടി ചോദിച്ചതാണ്..

 

‘ഓള് പോയെന്ന് കരുതി ജീവിക്കാതിരിക്കാൻ പറ്റോ…. നിന്റെ ഓൾക്ക് സുഖം തന്നെയല്ലേ ശശാങ്കാ….!?’

 

പിന്നെ അവൻ മിണ്ടിയില്ല. മറ്റൊരാളിൽ കണ്ടെത്തുന്ന ഉപേക്ഷിക്കപ്പെടലുകളുടെ കഥകളെല്ലാം നമുക്ക് തമാശയാണ്. ശരിയാണ്. പണ്ട് ചെത്തുകാരൻ ഗോപാലന്റെ ഭാര്യ വാറ്റുകാരൻ രഘുവിന്റെ കൂടെ പോയതറിഞ്ഞ് ചിരിച്ചവരിൽ ഞാനും ഉണ്ടായിരുന്നു…

 

മറ്റൊരുത്തന്റെ മുറിവുകളിൽ ഇക്കിളി കണ്ടെത്തി ചിരിക്കുന്നവരാണ് ലോകത്തിൽ കൂടുതലെന്ന് എനിക്കന്ന് തോന്നിപ്പോയി. എല്ലാത്തിലും ഉപരി എത്ര വേഗതയിലാണ് ഒരാളുടെ രഹസ്യം നാട്ടിൽ പാട്ടാകുന്നത്… അങ്ങനെ ചിന്തിച്ചുകൊണ്ടാണ് ഞാൻ പുറപ്പെട്ടത്..

 

സുഗുണനെ കണ്ടു. കൃത്യനേരത്ത് പെണ്ണിന്റെ വീട്ടിലുമെത്തി. അവിടെ നിന്ന് കുടിച്ച ചായയേയും, കടിച്ച ജിലേബിയേയും, കണ്ട പെണ്ണിനേയും എനിക്ക് ഇഷ്ട്ടപ്പെട്ടു. ഊർമിളയെന്ന പേരിൽ തന്നെയൊരു ഉന്മേഷമുണ്ട്. ആദ്യ ഭാര്യ കുമാരിയേക്കാളും ചന്തവുമുണ്ട്. പ്രായവും കുറവാണ്.. അവൾക്കും ബോധിച്ചെന്ന് അറിഞ്ഞപ്പോൾ വിവാഹം വളരേ പെട്ടെന്നായിക്കോട്ടെയെന്ന് ഞാൻ പറഞ്ഞു. എല്ലാവർക്കും സമ്മതം.

 

തീരുമാനിച്ചത് പോലെ വലിയ ബഹളങ്ങളൊന്നുമില്ലാതെ എന്റെ രണ്ടാം വിവാഹം കഴിഞ്ഞു. ഊർമിളയുമായി ഉറങ്ങാനുള്ള മണിയറയിൽ ഞാൻ ഉണർന്നിരുന്നു. ഒരുഗ്ലാസ് പാലുമായി വൈകാതെ അവൾ വരുകയും ചെയ്തു. ഇനിയെന്റെ ജീവനും താളവും നീയാണെന്ന് പറഞ്ഞ് ഊർമിളയിലേക്ക് ഞാൻ ഊർന്ന് വീഴുകയായിരുന്നു…

 

പരസ്പരം കെട്ടിപ്പിടിച്ച് കിതച്ചത് കൊണ്ട് ക്ഷീണത്തോടെയാണ് പിറ്റേന്ന് ഞാൻ ഉണർന്നത്. പതിവുപോലെ കുമാരീയെന്ന് തന്നെ ഞാൻ നീട്ടി വിളിച്ചു. അതുകേട്ട് അരിശം കൊണ്ട ഊർമിള അപ്പോൾ തന്നെ താൻ പോകുകയാണെന്ന് പറഞ്ഞു….

 

‘നിങ്ങടെ ഉള്ളിൽ ഇപ്പോഴും ഓള് തന്നെയാ..’

 

“അല്ല. നാക്കിലേയുള്ളൂ…. ”

 

അതുകേട്ടപ്പോൾ ഊർമിളയ്ക്ക് ഇത്തിരി സമാധാനമായി. വർഷങ്ങളായുള്ള ശീലം മറക്കാനാകാത്ത എന്റെ നാക്കിനെ തല വല്ലാതെ കുറ്റപ്പെടുത്തി. വിട്ട് പോയവർ തിരിഞ്ഞ് നോക്കിയില്ലെങ്കിലും അവരുമായി പങ്കിട്ടതെല്ലാം ജീവനിൽ നിന്ന് എത്തിനോക്കുമെന്നത് എനിക്കൊരു പുതിയ അറിവായിരുന്നു. ശേഷിക്കുന്ന ആയുസ്സിന്റെ നാളുകളിൽ കുമാരിയേക്കാളും കൂടുതൽ ഊർമിളയുമായി ഒട്ടി നിൽക്കാൻ തന്നെയായിരുന്നു എന്റെ പ്രാർത്ഥന. അതിനായുള്ള ഒരോ ശ്രമവും വൻ പരാജയമായിരുന്നു…

 

ഞാൻ മനസിലാക്കിയ സ്നേഹത്തിൽ നിന്ന് എത്രയോ ദൂരത്താണ് ഊർമിളയെന്ന് എനിക്ക് തോന്നി. കുമാരിയെ താണ്ടിയാൽ മാത്രം എത്തിപ്പെടുന്ന അകലമാണ് അതെന്നും തോന്നുന്നു. അല്ലെങ്കിൽ, ഈ ഭൂമിയിൽ എത്രത്തോളം മനുഷ്യരുണ്ടോ, അത്രത്തോളം സ്നേഹവും ഉണ്ടാകണം. പരസ്പരം പൊരുത്തപ്പെടുമോ, പൊട്ടിപ്പോകുമോയെന്നൊക്കെ ആ സ്നേഹ സങ്കൽപ്പത്തിലെ സമാനതകൾക്ക് അനുസരിച്ചായിരിക്കും…

 

പ്രതീക്ഷിച്ചത് പോലെ രംഗം ആവർത്തിച്ചു. ഉച്ചക്ക് ഉറങ്ങുന്നയൊരു ഒഴിവുനാളിൽ തനിക്ക് മടുത്തെന്ന് പറയാൻ ഊർമിള എന്നെ തട്ടി വിളിക്കുകയായിരുന്നു. ശേഷം അവൾ ഇറങ്ങിപ്പോയി. കാരണമായിരുന്നു എന്നെ ഞെട്ടിച്ച് കളഞ്ഞത്. ഞാൻ അവളുടെ ഇഷ്ട്ടങ്ങളൊന്നും അന്വേഷിക്കുന്നില്ല പോലും.. ഭാര്യയെന്നാൽ വീട്ടുജോലിക്കാരിയല്ല പോലും…കാമകാര്യസാധ്യത്തിന് മാത്രമാണ് കിടപ്പറയെന്ന ചിന്താഗതിക്കാരനാണത്രേ ഞാൻ…. ഒരു സ്നേഹ സല്ലാപങ്ങൾക്കും എന്നെ കിട്ടാറില്ല പോലും…

 

ഊർമിളയുടെ ശബ്ദത്തിന് അത്രയ്ക്കും കനമുണ്ടായിരുന്നത് കൊണ്ട് എതിർക്കാൻ എനിക്ക് സാധിച്ചില്ല. എല്ലാ അർത്ഥത്തിലും പരാജയമാണെന്ന തലത്തിൽ തല അറിയാതെ കുനിഞ്ഞുപോയി.. ഞാൻ എന്ത് പറഞ്ഞാലും പതിയേ സംസാരിക്കുന്ന, എന്റെ വാക്കുകളെ ഇറങ്ങിപ്പോകും വരെ ധിക്കരിക്കാതിരുന്ന,

കുമാരിയായിരുന്നു ആ നേരം മനസ്സിൽ…

 

രണ്ടുപേർക്കും കാര്യങ്ങളെല്ലാം വ്യക്തമാണ്. ഒരാൾ പറഞ്ഞു. മറ്റൊരാൾ പറഞ്ഞില്ല. രണ്ടുപേരും പോയി. തിരുത്താനുള്ള അവസരം പോലും അവരെനിക്ക് തന്നില്ലല്ലോയെന്ന് ഓർക്കുമ്പോൾ സങ്കടമുണ്ട്. പക്ഷേ, എനിക്ക് ചിരിക്കാനാണ് തോന്നിയത്. രണ്ടുപേർ വിട്ടുപോയെന്ന് കരുതി ചാകാൻ പറ്റുമോ..! ഞാൻ നന്നായി ചിരിച്ചു! എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ, എന്റെ തലവെട്ടം കണ്ടാൽ പരിഹസിക്കുന്ന നാട്ടുകാരുടെ മുന്നിൽ ജീവിക്കാൻ എനിക്ക് ചിരിച്ചല്ലേ മതിയാകൂ….!!!

Leave a Reply

Your email address will not be published. Required fields are marked *