മൂന്നു വയസ്സ് പെണ്ണിനേറി എന്നതുകൊണ്ട് പെണ്ണ് പെണ്ണല്ലാതെയാകുമോ…?

ചെക്കനെക്കാൾ മൂന്നു വയസ്സ് പെണ്ണിനേറി എന്നതുകൊണ്ട് പെണ്ണ് പെണ്ണല്ലാതെയാകുമോ…? അതോയിനി ഓള് പ്രസവിക്കൂലേ, പ്രായം മൂന്ന് കൂടിയതുകൊണ്ട്…? ഈ കല്യാണത്തിന് എതിർപ്പു പറയാൻ ഇതിലേതു കാരണമാണ് ഉമ്മാ നിങ്ങൾക്ക് കുറ്റായിട്ട് തോന്നിയത്…? പറഞ്ഞോ നിങ്ങള്… ഞങ്ങളൊന്ന് കേൾക്കട്ടെ….

 

മക്കൾക്കും മരുമക്കൾക്കും ഇടയിൽ എഴുന്നേറ്റ് നിന്ന് അത്രനേരം പ്രായം കൂടിയ പെണ്ണിനെ തന്റെ മകന് കല്യാണപ്പെണ്ണായി വേണ്ടാന്ന് തർക്കിച്ചു നിന്ന ആമിന, മൂത്ത മകളുടെ ആ ഒരു ചോദ്യത്തോടെ നിശബ്ദയായി അവിടെയിരുന്നു. “ഞങ്ങളുടെ ആങ്ങള എന്നും സന്തോഷത്തോടെയിരിക്കാൻ വേണ്ടി ഞങ്ങളോരോന്നു ചെയ്യുമ്പോൾ വെറുതെ അതിനിടയിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കല്ലേ ഉമ്മാ ഇങ്ങള്…” മൂത്ത മകൾ വീണ്ടും ശബ്ദം ഉയർത്തിയതും ആമിനയുടെ നോട്ടം ഏക മകനായ നൗഫലിൽ എത്തിയൊന്ന്. താത്തമാർ പറയുന്നതെന്തും അനുസരിച്ചോളാമെന്നൊരു ഭാവത്തിലിരിക്കുന്ന തന്റെ മകനെ കണ്ടതും ആ അമ്മമനം അവനെയോർത്ത് പിടഞ്ഞു.

 

അവനെക്കാൾ വയസ്സിനു മൂത്തൊരുവളെ കൊണ്ട് സഹോദരിമാർ അവനെ കെട്ടിക്കാൻ നോക്കുന്നത് ആ പെൺകുട്ടിയുടെ സമ്പത്തു മാത്രം കണ്ടിട്ടാണെന്ന് ഉറപ്പാണ് ആമിനയ്ക്ക്. അതുകൊണ്ടു മാത്രമാണ് അവരീ വിവാഹത്തെ എതിർക്കുന്നതും. “പെങ്ങന്മാർ കണ്ടുപിടിച്ച പെണ്ണായതുകൊണ്ടോ നിന്റെ കടങ്ങൾ വീട്ടാനുള്ള മാർഗ്ഗമായതുകൊണ്ടോ മാത്രം നീ റസിയയെ കല്യാണം കഴിക്കരുത് നൗഫലേ… നിനക്ക് ഇഷ്ടപ്പെട്ടാൽ മാത്രം കെട്ടിയാൽ മതി. കെട്ടിക്കൊണ്ടു വന്നിട്ടിവിടെ ആ പെൺകുട്ടിയുടെ കണ്ണുനീർ വീഴരുതെന്ന് നിർബന്ധം ഉണ്ടെനിയ്ക്ക്… നന്നായി ആലോചിച്ചിട്ട് തീരുമാനം പറഞ്ഞാൽ മതി. തീരുമാനം നിന്റേതു മാത്രമാവണം… മറക്കണ്ട….” തന്റെ മൂന്നു പെൺമക്കളെയും ഒന്നുഴിഞ്ഞ് നോക്കി നൗഫലിനോട് പറഞ്ഞേല്പിച്ച് ആമിന അടുക്കളയിലേക്ക് നടന്നതും അളിയൻമാരും പെങ്ങൻമാരും അവനെ പൊതിഞ്ഞു.

 

“ഉമ്മയ്ക്ക് വയസ്സായി… ഇതുപോലെ പലതും പറയും… ജീവിക്കേണ്ടത് നീയാണ്… നിന്നെക്കാൾ രണ്ടോ മൂന്നോ വയസ്സിനു മാത്രം മൂത്ത ഒരുവളെ കെട്ടിയതുകൊണ്ട് നിനക്ക് ലാഭമേ ഉള്ളൂ നൗഫലേ… നിന്നെ ഇട്ടു മൂടാനുള്ള പണമുണ്ട് അവളുടെ കുടുംബത്ത്… നിന്റെ കടങ്ങളും തീരും നിനക്ക് സുഖായിട്ട് ജീവിക്കുകയും ചെയ്യാം… നന്നായ് ആലോചിക്ക് നീ…” തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് നൗഫലിനെ അനുനയിപ്പിക്കാൻ നല്ല മിടുക്കന്മാരാണ് അവന്റെ പെങ്ങന്മാർ. “നിങ്ങള് പറയും പോലെയാവട്ടെ കാര്യങ്ങൾ… എനിയ്ക്കെന്തിനും സമ്മതമാണ്…” നൗഫൽ പറഞ്ഞതും ഒരാഘോഷച്ചിരിയുണർന്നവിടെ. നൗഫലിലൂടെ അവൻ കെട്ടുന്ന പെണ്ണിന്റെ സമ്പത്തു കൈക്കലാക്കാനുള്ള പദ്ധതികൾ അപ്പോഴേ തുടങ്ങി അവന്റെ അളിയന്മാർ. ഇരുപത്തിമൂന്നുകാരനായ നൗഫൽ അവനെക്കാൾ പ്രായം കൂടിയ കുന്നുമ്മലെ റസിയയെ വിവാഹം കഴിക്കുന്നത് എല്ലാവരിലും അമ്പരപ്പുണ്ടാക്കി.

 

ഒരിക്കൽ നിക്കാഹുറപ്പിച്ചതാണ് റസിയയുടെ. എന്നാലൊരപകടത്തിലൂടെ അയാൾ മരിച്ചതും ഇനി നിക്കാഹ് വേണ്ടെന്ന തീരുമാനത്തിൽ ജീവിച്ച റസിയ പ്രായമായ മാതാപിതാക്കളുടെ കണ്ണുനീരിനു മുന്നിൽ കീഴടങ്ങിയാണ് വിവാഹത്തിന് സമ്മതിച്ചത്. “നൗഫലേ… റസിയയുടെ കയ്യിലുള്ള ആ വലിയ വളകളിൽ രണ്ടെണ്ണം നീ എനിയ്ക്ക് തരണം ട്ടോ…” നിക്കാഹ് കഴിഞ്ഞ് റസിയയുമായി വീട്ടിലെത്തിയ നൗഫലിന്റെ ചെവിയിൽ മൂത്ത താത്ത പറഞ്ഞതും മറുഭാഗത്തു നിന്ന ചെറിയ താത്ത റസിയയുടെ മാലകളിൽ ഒന്ന് അപ്പോൾ തന്നെ പറഞ്ഞു വെച്ചു. ഇതെല്ലാം കേട്ട് പുറകിൽ നിന്ന ആമിനയുടെ നെഞ്ചൊന്നു പിടഞ്ഞു മകന്റെ ജീവിതമോർത്ത്. സഹോദരിമാരെ ഏറെയിഷ്ടമാണ് നൗഫലിന്, അവന്റെയാ ഇഷ്ടത്തെയും സ്നേഹത്തെയും യാതൊരു മയവുമില്ലാതെ മുതലെടുക്കാറാണ് അവന്റെ സഹോദരിമാർ. ജോലി ചെയ്തു നേടുന്നതിനു പുറമെ കടം മേടിച്ചാണെങ്കിലും ഇത്തമാരുടെ ഇഷ്ടങ്ങൾ നടത്തി കൊടുക്കാൻ അവനും സന്തോഷമാണ്.

 

മൂന്നു പേരും തന്റെ മക്കളായതുകൊണ്ടുതന്നെ ആമിനയ്ക്ക് ആരെയും തള്ളിപ്പറയാനോ പ്രത്യേകം ചേർത്തു പിടിക്കാനോ വയ്യ. അവന്റെ സ്നേഹത്തെ മുതലെടുത്തവന്റെ ജീവിതം നശിപ്പിക്കരുതെന്നു മാത്രം തന്റെ പെൺമക്കളോടവർ ഇടയ്ക്കിടെ പറയും. റസിയ ഒരു നല്ല മരുമകളായിരുന്നു ആമിനയ്ക്ക്. സമ്പത്തിന്റെ യാതൊരു അഹങ്കാരവുമില്ലാതെയവൾ ആമിനയോടു ചേർന്നു നിന്നെപ്പോഴും. “ഉമ്മാ… നൗഫലിനെ ഒന്ന് വിളിക്ക്…” വിവാഹം കഴിഞ്ഞ് രണ്ടു മാസം കഴിഞ്ഞൊരു ദിവസം ദേഷ്യത്തിൽ വീട്ടിലെത്തിയ നൗഫലിന്റെ സഹോദരിമാരുടെ ഉയർന്ന ശബ്ദത്തിൽ ഉമ്മ പകച്ചു നിന്നതും ചിരിയോടെ റൂമിനകത്തു നിന്നും ഇറങ്ങി വന്നു നൗഫൽ. “എന്താ ഇത്താ… എന്തിനാ ദേഷ്യം…?” “നീ ഞങ്ങളുടെ കെട്ടിയോന്മാരോട് നീ ഞങ്ങൾക്ക് തന്ന പൊന്നും പണവുമെല്ലാം തിരിച്ചു വേണമെന്ന് ആവശ്യപ്പെട്ടോ…?” മൂത്ത സഹോദരി ദേഷ്യത്തിൽ നൗഫലിന്റെ അരികിൽ ചെന്നു നിന്ന് ചോദിച്ചതും ഒരു ചിരിയോടെ അവരെ നോക്കി നൗഫൽ. “എന്റെ വിവാഹത്തിന്റെ മുമ്പ് ഞാൻ നിങ്ങൾക്കു തന്നതൊന്നും എനിയ്ക്ക് നിങ്ങൾ തിരികെ തരണ്ട താത്ത… അതിനു ശേഷമുള്ളതുമതി… കാരണം അതൊന്നും എന്റെ അധ്വാനമല്ല, എല്ലാം റസിയയുടെ ആണ്… അതെനിയ്ക്ക് തിരികെ വേണം…” സാധാരണയെന്ന പോലെ നൗഫൽ പറഞ്ഞതും അവനെ തുറിച്ചു നോക്കിയവർ.

 

‘ഞങ്ങളോട് കണക്കു പറയാനും മാത്രം നീ വളർന്നോ നൗഫലേ… അതിനായിട്ടില്ല നീ… ഞങ്ങളുടെ കൂടപ്പിറപ്പാണ് നീ… മറക്കണ്ടത്…” ദേഷ്യമിരച്ചു താത്തയിൽ. “നിങ്ങളെന്റെ കൂടപ്പിറപ്പുകളായതുകൊണ്ടാണ് താത്ത നിങ്ങളെന്നോട് ആവശ്യപ്പെടുന്നതെന്തും ഞാൻ നിങ്ങൾക്കായ് തന്നുകൊണ്ടിരുന്നത്… നിങ്ങളോടുള്ള എന്റെ സ്നേഹമായിരുന്നത്… നിങ്ങളെന്നെയും എന്റെ സ്നേഹത്തെയും ചൂഷണം ചെയ്യുകയാണെന്ന് നമ്മുടെ പെറ്റുമ്മ പറഞ്ഞിട്ടു പോലും വിശ്വസിച്ചില്ല ഞാൻ… വിശ്വസിച്ചത് ഇപ്പോഴാണ്… ഞാൻ എന്റെ ജീവിതത്തിലേക്ക് നിങ്ങളുടെ ഇഷ്ടം കൂടി പരിഗണിച്ച് കൂടെ കൂട്ടിയ എന്റെ ഭാര്യ പ്രസവിക്കാൻ പാടില്ലെന്ന് നിങ്ങളുടെ ഭർത്താക്കൻമാർ പറഞ്ഞപ്പോൾ… അതു നിങ്ങളുടെ കൂടി തീരുമാനമാണെന്നറിഞ്ഞപ്പോൾ ഞാനുറപ്പിച്ചു താത്ത നിങ്ങൾക്ക് ഞാനാരാണെന്ന്…” നൗഫൽ വേദനയോടെ പറഞ്ഞപ്പോൾ ഞെട്ടിയത് അവന്റെ ഉമ്മയും പെണ്ണുമാണ്. “എനിക്ക് കുഞ്ഞുങ്ങളുണ്ടായാൽ നിങ്ങളെ ഞാൻ ശ്രദ്ധിക്കില്ല എന്ന് ചിന്തിക്കാൻ മാത്രമുള്ള സ്നേഹമേ നിങ്ങൾക്കെന്നോട് ഉണ്ടായിരുന്നുള്ളല്ലേ…? അതോ റസിയ പ്രസവിക്കാതെയിരുന്നാൽ അവളെ ഒഴിവാക്കി എനിയ്ക്ക് വേറെ പെണ്ണ് കൊണ്ടുവരാനായിരുന്നോ നിങ്ങളുടെ ഉദ്ദേശം….?” നൗഫൽ ചോദിച്ചതും താത്തമാരുടെ മുഖം വിളറി. “എന്റെ കുട്ടിയ്ക്ക് കുട്ടികളുണ്ടായാൽ നിങ്ങൾക്ക് കിട്ടുന്നത് ഇല്ലാണ്ടാവും എന്ന് കരുതാൻ മാത്രം ചീത്ത മനസ്സാണോടീ നിനക്കൊക്കെ… എത്ര കിട്ടിയാലാണെടി നിന്റെയൊക്കെ ആർത്തി തീരുക…” പെൺമക്കളെ വെറുപ്പോടെ നോക്കി ഉമ്മ ചോദിക്കുമ്പോൾ നൗഫൽ നോക്കിയത് റസിയയെ ആണ്. അവളിലാകെ ഞെട്ടലും അമ്പരപ്പും ആണ്… തന്നെ സ്നേഹത്തിൽ പൊതിഞ്ഞു കൊണ്ടു നടന്ന നാത്തൂന്മാരുടെ ഉള്ളിലിരിപ്പ് അറിഞ്ഞതിന്റെ ഞെട്ടൽ.

 

“ഞങ്ങൾ നിന്റെ നല്ലതിനു വേണ്ടിയാണ് നൗഫലേ….” ഇളയതാത്ത പറഞ്ഞു തുടങ്ങിയതേ തടഞ്ഞവൻ. “എന്റെ നല്ലതിനു വേണ്ടി നിങ്ങൾ ചെയ്തു തന്നത് തന്നെ ധാരാളമാണ്… ഇനി വേണ്ട… ഞാൻ അളിയന്മാരോടു പറഞ്ഞതുപോലെ വാങ്ങിയതെല്ലാം വേഗം തിരിച്ചു തരാൻ നോക്ക് രണ്ടാളും കൂടി… ഇല്ലെങ്കിൽ ഇത് നാട്ടുകാരാകെയറിഞ്ഞ് നാണം കെടും നിങ്ങൾ…” കടുപ്പത്തിൽ നൗഫൽ പറഞ്ഞതും വീണ്ടുമൊരു സംസാരത്തിനു മുതിരാതെ വേഗം അവിടെ നിന്നിറങ്ങി താത്തമാർ. ആ പോക്ക് നോക്കിനിൽക്കെ റസിയയെ തന്നോടു ചേർത്തു നൗഫൽ. തന്റെ കൂടപ്പിറപ്പുകൾ തനിക്കായ് ചെയ്ത ഏക നന്മ അവളാണെന്ന് പറയാതെ പറഞ്ഞ്….

 

RJ

Leave a Reply

Your email address will not be published. Required fields are marked *