നീ. വെറുതെ എന്റെ കൈക്ക് പണിയുണ്ടാക്കണ്ട, പൊയ്ക്കോ

“സാർ, മുല്ലപ്പൂ വേണോ?” കുന്നിൻ മുകളിൽ നിന്ന് ദൂരേക്ക് നോക്കി നിൽക്കുന്ന അവനോട് ആ പെൺകുട്ടി ചോദിച്ചു. “വേണ്ട,” എന്ന് പറയുമ്പോൾ അവന്റെ സ്വരം പരുഷമായിരുന്നു. “മനുഷ്യൻ ഇവിടെ ചാവാൻ വന്നപ്പോഴാണോ അവളുടെ ഒരു മുല്ലപ്പൂ,” എന്നയാൾ ദേഷ്യം പിടിച്ച് പല്ലിറുമ്മി പറഞ്ഞു. അതുകേട്ട് അവൾ അത്ഭുതത്തോടുകൂടി അയാളെത്തന്നെ നോക്കുന്നുണ്ടായിരുന്നു. “അപ്പോൾ സാർ ചാവാൻ വന്നതാണോ?” എന്ന് ചോദിക്കുമ്പോൾ അവളുടെ ശബ്ദത്തിൽ അല്പം പുച്ഛവും കലർന്നതുപോലെ തോന്നി അയാൾക്ക്. “ആണെങ്കിൽ?” എന്ന് ചോദിച്ചപ്പോൾ അവൾ ഒന്നു ചിരിച്ചിട്ട് പറഞ്ഞു: “ആണെങ്കിൽ ഇതിനേക്കാൾ നല്ല സ്ഥലം വേറെയുണ്ട്, ഞാൻ കാട്ടിത്തരാം.” അവളെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അയാൾ വീണ്ടും ദൂരേക്ക് നോക്കി നിന്നു. “പരീക്ഷയിൽ പൊട്ടിയതോ അതോ പ്രണയനൈരാശ്യമോ?” സീരിയസായിട്ടാണ് അവൾ ചോദിച്ചത്. ഇത്തവണ വിനുവിന് ശരിക്കും ദേഷ്യം വന്നിരുന്നു. “നിന്റെ പണി നോക്കി പോടീ,” എന്നു പറഞ്ഞ് അയാൾ അവിടെനിന്നും അല്പം മാറി നിന്നു. അവൾക്ക് വിടാൻ ഭാവമില്ലായിരുന്നു. അവന്റെ പുറകെ ചെന്ന് അവൾ പറഞ്ഞു: “ദേ, ഒരു രണ്ടുമൂന്ന് മീറ്റർ അങ്ങോട്ട് നടന്നിട്ടുണ്ടെങ്കിൽ അവിടെ നല്ലൊരു കൊക്കയുണ്ട്, കേട്ടോ. കൊടൈക്കനാലിലെ സൂയിസൈഡ് പോയിന്റ് അതിനോട് തോൽക്കും. വേണമെങ്കിൽ അവിടെ പോകാം.”

 

അയാൾക്ക് ശരിക്കും ദേഷ്യം നുരഞ്ഞുപൊന്തി വരുന്നുണ്ടായിരുന്നു. അയാൾ അവളെ വീണ്ടും തുറിച്ചുനോക്കി. “ഒറ്റ കുതിപ്പ്, അത്രയും മതി, പീസ് പീസ് ആവും. വേണോ?” “ഡീ, കുറെ നേരമായല്ലോ നീ. വെറുതെ എന്റെ കൈക്ക് പണിയുണ്ടാക്കണ്ട, പൊയ്ക്കോ.” അവൾ മുഖംകൊണ്ട് അവനെ ഒന്നു കൊഞ്ഞനംകുത്തി അവിടെനിന്ന് മെല്ലെ നടന്നുനീങ്ങി. വിനു വീണ്ടും ഫോൺ എടുത്തുനോക്കി. അതിൽ ‘ദീപ്തി’ എന്നെഴുതിയിരിക്കുന്ന നമ്പറിലേക്ക് വീണ്ടും വിളിച്ചു. ഇല്ല, അത് ഇപ്പോഴും ബ്ലോക്ക് തന്നെയാണ്. വേഗം അവളുടെ കൂട്ടുകാരിയെ വിളിച്ചു. അവൾ ഫോൺ എടുത്തപ്പോൾ അവളോട് പറഞ്ഞു: “നിന്റെ കൂട്ടുകാരിയോട് പറഞ്ഞേക്ക്, അവളെ ഞാൻ കാണിച്ചുകൊടുക്കുന്നുണ്ട് എന്ന്. രണ്ടുവർഷം പ്രേമിച്ചിട്ട് അവൾക്കിപ്പോൾ എന്നെ വേണ്ട.” അപ്പുറത്തുനിന്ന് എന്തൊക്കെയോ ആ കുട്ടി പറയുന്നുണ്ട്. “എനിക്കൊന്നും കേൾക്കണ്ട. എന്റെ ശാപം അവളെ കാണും എന്ന് പറഞ്ഞേക്ക്. അത് കണ്ട് അവളോട് സന്തോഷിക്കാൻ പറ,” എന്നും പറഞ്ഞ് അവൻ ഫോൺ കട്ട് ചെയ്തു. “ഓ, അപ്പോ അതാണ് കാര്യം, കാമുകി തേച്ചതാ, അല്ലേ മാഷേ?” ഇത്തവണ വിനുവിന് ശരിക്കും ദേഷ്യം വന്നിരുന്നു. അവളെ എടുത്ത് ഒന്നു പൊട്ടിക്കാൻ വരെ തോന്നിപ്പോയി. ഒന്നും മിണ്ടാതെ എങ്ങോ നോക്കി നിന്നു. “അല്ല മാഷേ, മാഷിന് അമ്മയില്ലേ? അച്ഛനില്ലേ? അവരെയൊന്നും വിളിച്ച് യാത്ര പറയുന്നില്ലേ?” അവളതു പറഞ്ഞപ്പോൾ മാത്രം എന്തോ നെഞ്ചൊന്നു പൊള്ളി. വെറുതെയെങ്കിലും അമ്മയുടെ മുഖം മനസ്സിലേക്ക് ഓടിവന്നു.

 

പെട്ടെന്നാണ് ഒരാൾ വന്ന് അവളുടെ കയ്യിൽ കയറിപ്പിടിച്ചത്. അവളുടെ മുല്ലപ്പൂവ് വെച്ചിരുന്ന കൊട്ട താഴെ വീണു. “വിടൂ,” എന്ന് കരഞ്ഞുവിളിക്കുന്നുണ്ടായിരുന്നു അവൾ. ബലമായി ഒരു ജീപ്പിലേക്ക് അവളെ പിടിച്ചുകയറ്റാനുള്ള ശ്രമമായിരുന്നു. വിനുവിന് അവളോട് അന്നേരം ഒരു അനുകമ്പ തോന്നി. ഇത്തിരി ശ്രമപ്പെട്ടിട്ടാണെങ്കിലും അയാൾ പിടിച്ചുമാറ്റി. വിനു അതിന് മുതിരുന്നത് കണ്ടപ്പോൾ അവിടെ വന്ന ടൂറിസ്റ്റുകളിൽ ആരോ രണ്ടുപേരുംകൂടി വിനുവിന്റെ സഹായത്തിനെത്തി. പകയോടെ അയാൾ, “നിന്നെ ഞാൻ കാണിച്ചുതരാമെടീ,” എന്ന് പറഞ്ഞ് പോയി. ഇത്തവണ അവൾ വിനുവിന്റെ മുഖത്തുനോക്കാതെ മുല്ലപ്പൂക്കളും പെറുക്കിയെടുത്ത് ദൂരേക്ക് നടന്നു. “ഹലോ, അങ്ങനെ അങ്ങ് പോയാലോ…” വിനു അവളെ വിളിച്ചു. തിരിഞ്ഞുനോക്കാതെ അവൾ നിന്നു. വിനു വേഗം അവളുടെ അടുത്തേക്ക് ചെന്നു. “സൂയിസൈഡ് പോയിന്റ് കാണിച്ചുതരാതെ അങ്ങനെ പോകുകയാണോ?” എന്ന് ചോദിച്ചപ്പോഴേക്കും കരച്ചിലിന്റെ മുഖം മാറ്റി അവൾ വീണ്ടും ആ കൗശലക്കാരിയുടെ മുഖംമൂടി എടുത്തണിഞ്ഞിരുന്നു. “പിന്നെ നിസ്സാര കാര്യത്തിന് ചാവാൻ നടക്കുന്ന നിങ്ങളോടൊക്കെ എന്താ ഞാൻ പറയേണ്ടത്?” പെട്ടെന്ന് ഭാവം മാറി പൊട്ടിത്തെറിച്ചുള്ള അവളുടെ വർത്തമാനം കേട്ടപ്പോൾ എന്തോ അവളോട് ഒരു താല്പര്യം തോന്നിപ്പോയി വിനുവിന്. എത്ര പെട്ടെന്നാണ് ഈ പെണ്ണ് ഭാവം മാറിയത്!

 

“ആരാ ആ പോയത്?” അവളോട് ചോദിച്ചപ്പോൾ തലതാഴ്ത്തി വളരെ നേർത്ത സ്വരത്തിൽ പറഞ്ഞു: “അപ്പാ.” അത് കേട്ട് ഒരു ഞെട്ടലോടെ വിനു ചോദിച്ചു, “അച്ഛനോ?” എന്ന്. “സ്വന്തം അപ്പയല്ല, അമ്മയുടെ രണ്ടാമത്തെ…” ആ ഒരു വർത്തമാനത്തിൽനിന്നുതന്നെ അവൾക്കുള്ളിൽ എത്രത്തോളം സങ്കടം ഒളിഞ്ഞുകിടപ്പുണ്ട് എന്ന് അയാൾക്ക് ഊഹിക്കാമായിരുന്നു. “അയാൾ എന്തിനാ നിന്നെ?” “എവിടെയോ വേലയ്ക്ക് എന്നുപറഞ്ഞ് കുറെയായി കൂടെ ചെല്ലാൻ നിർബന്ധിക്കുന്നു. അയാള് ചീത്തയാ. പോയാൽ ചിലപ്പോൾ…” അവളോട് വല്ലാത്തൊരു അനുകമ്പ തോന്നിപ്പോയി വിനുവിന്. “തനിക്ക് വേറെ ആരും?” “അമ്മയുണ്ട്, പക്ഷേ വയ്യ ഒട്ടും, കിടപ്പിലാണ്. ഇയാളെ ഒരിക്കൽ വീട്ടിൽനിന്ന് അടിച്ചിറക്കി വിട്ടതാണ് അമ്മ. പോലീസ് ഒക്കെ വന്ന് വലിയ കേസ് ആയിരുന്നു. അയാളോട് ഇനി ഞങ്ങളെ ഉപദ്രവിക്കരുതെന്ന് പോലീസുകാർ താക്കീത് ചെയ്ത് വിട്ടതുമാണ്. പക്ഷേ എന്നാലും ഇതുപോലെ എവിടെയെങ്കിലുംവെച്ച് ഉപദ്രവിക്കും. ഇതിപ്പോൾ കുറെ തവണയായി ഓരോരുത്തർ വന്ന് രക്ഷിക്കുന്നു. ഇനി…” അവളുടെ ജീവിതത്തിന്റെ അനിശ്ചിതാവസ്ഥ കേട്ട് അറിയുകയായിരുന്നു വിനു. അവിടെ തന്റെ പ്രശ്നം അയാൾ പാടെ മറന്നിരുന്നു.

 

“തന്റെ പേരെന്താ?” “കുമുദം.” പേരുകേട്ടതും ഒന്നു അന്താളിച്ചു വിനു. “എന്റെ പാട്ടിയുടെ പേരാണ് എനിക്ക് ഇട്ടത്,” എന്ന് അവന്റെ സംശയം നിറഞ്ഞ മുഖത്തിന് ഒരു അയവു വരുത്താൻ വേണ്ടി അവൾ പറഞ്ഞു. അവളിലെ കുസൃതിനിറഞ്ഞ വർത്തമാനവും അവളുടെ ആ കുഞ്ഞു മുഖവും ചെറുപ്പത്തിൽ നഷ്ടപ്പെട്ട അവന്റെ കുഞ്ഞനിയത്തിയെ ഓർമ്മപ്പെടുത്തി. “താൻ പഠിക്കുന്നില്ലേ?” “ഉവ്വ്, ഇവിടെ ഗവൺമെന്റ് സ്കൂളിൽ പ്ലസ് വണ്ണിനാണ് പഠിക്കുന്നത്. ഇന്ന് ക്ലാസ്സില്ല, അതാ മുല്ലപ്പൂവും എടുത്തിട്ട്…” വാത്സല്യത്തോടൊപ്പം അവളോട് എന്തോ ഒരു ബഹുമാനവും അവന് തോന്നി. “വീട് ഇവിടെ അടുത്താണോ?” “ആ ദേ ആ കാണുന്ന വളവ് കഴിഞ്ഞ് ആദ്യത്തെ വീട്.” “വാ,” എന്ന് പറഞ്ഞ് അവളുടെ കൂടെ ചെല്ലുമ്പോൾ അവൾ തന്നെ ആരൊക്കെയോ ആണ് എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു. അവളുടെ വീട്ടിലേക്ക് അവൾ കൂട്ടിക്കൊണ്ടുപോയി. ടാർപോളിൻ വെച്ച് മറച്ച ഒരു കുടിൽ. അവിടത്തെ ദയനീയസ്ഥിതി അവന്റെ മനസ്സിനെ വല്ലാതെ നോവിച്ചു. “എന്റെ കൂടെ പോരുന്നോ? എന്റെ ഒരു അനിയത്തിക്കുട്ടിയായി എന്റെ അമ്മയും തന്നെയും തന്റെ അമ്മയെയും പൂർണ്ണ മനസ്സോടെ സ്വീകരിക്കും.” അതു പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഒരു ചിരി വന്നു. അതിനെന്തു ഭാവമാണെന്ന് വിനുവിന് മനസ്സിലായില്ല. “സഹതാപം തോന്നിയോ എന്നോട്?” എന്ന് അവൾ അതിന് മറുപടിയായി തിരിച്ചുചോദിച്ചു.

 

“ഏയ്, അതൊന്നുമല്ല,” എന്ന് പറഞ്ഞപ്പോൾ, അവൾ പറഞ്ഞുതുടങ്ങി: “കുടിലിൽ ആണെങ്കിലും പട്ടിണി ആണെങ്കിലും ഞാൻ ഈ സമ്പാദിക്കുന്നത്കൊണ്ട് കഞ്ഞികുടിച്ചു കഴിയുന്നതാണ് ഞങ്ങൾക്ക് ഏറ്റവും സന്തോഷം. പിന്നെ അയാൾ… ഇനിയിപ്പോൾ ചേട്ടൻ വന്നില്ലേ ഒരു ദൈവദൂതനെപ്പോലെ, അതുപോലെ ഇനിയും ആരെങ്കിലുമൊക്കെ ഉണ്ടാവും എന്നെ സംരക്ഷിക്കാൻ. ഇല്ലെങ്കിൽ ഈ മുല്ലപ്പൂവിന്റെ അടിയിൽ ഞാൻ ആരും കാണാതെ സൂക്ഷിച്ചുവെച്ച ഒരു വാക്കത്തി ഉണ്ട്, അതെടുക്കും. എന്നാലും ആരുടെയും കാരുണ്യം പറ്റി ജീവിക്കാൻ വയ്യ. ശീലിച്ചിട്ടില്ല. പിന്നെ ചേട്ടനെ കണ്ടപ്പോൾ ഒരു നല്ല കുടുംബത്തിലെ ആണെന്ന് തോന്നി. മുഖഭാവം കണ്ടപ്പോൾത്തന്നെ മനസ്സിലായി ചാവാൻ വേണ്ടി വന്നതാണ്. നിസ്സാര കാര്യത്തിനൊക്കെ ചാവാൻ വേണ്ടി ഒത്തിരി പേര് വരുന്ന സ്ഥലമാണിത്. അങ്ങനെ കുറെ കണ്ടിട്ടുമുണ്ട്. പുച്ഛമാണ് അവരോടൊക്കെ. ഒന്നും നേരിടാൻ വയ്യാതെ മരണം തിരഞ്ഞെടുക്കുന്നവരോട്. അതാണ് ഞാൻ അങ്ങനെയൊക്കെ…” അവളുടെ മുന്നിൽ താൻ വല്ലാതെ ചെറുതാകുന്നത് ആയി വിനുവിന് തോന്നി. “ഞാൻ… എനിക്ക്… തന്നെ…” അവന്റെ സങ്കടം കണ്ട് കുമുദം ഒന്നു ചിരിച്ചു. “സഹായിക്കണം എന്നാണോ പറഞ്ഞുവന്നത്? അങ്ങനെയാണെങ്കിൽ ഒരു കാര്യം ചെയ്യൂ, ഇത്തിരി മുല്ലപ്പൂവായി സഹായിക്കൂ, അതുമതി.” വിനു വേഗം പോക്കറ്റിൽനിന്ന് പൈസ എടുത്തുകൊടുത്തു അവൾക്ക്. “രണ്ടു മുഴം എടുത്തിട്ടുണ്ട്, ട്ടോ.” അതും പറഞ്ഞ് അവൾ അടുത്ത ടൂറിസ്റ്റുകാരുടെ ഇടയിലേക്ക് നടന്നുപോയി, “മുല്ലപ്പൂവേ,” എന്ന് ഉറക്കെ വിളിച്ചുകൊണ്ട്. ഇത്തിരി നേരംകൊണ്ട് ഒത്തിരി കാര്യങ്ങൾ പഠിച്ചത് ഓർക്കുകയായിരുന്നു വിനു. ചെറിയൊരു പ്രശ്നത്തിന് ജീവൻ കളയാൻ ശ്രമിച്ച അവനോട് അവന് അപ്പോൾ അവജ്ഞ തോന്നി. അവിടെനിന്നും തിരികെ പോകുമ്പോൾ അവൻ ആകെ മാറിയിരുന്നു. ഒരു പുതിയ മനുഷ്യനായിത്തീർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *