ചുംബനങ്ങളുടെ പെരുമഴക്കാലം
അനിരുദ്ധൻ കവലയിൽ ബസിറങ്ങുമ്പോൾ ,ദല്ലാൾ നാരായണൻ നായർ ഒരു ഓട്ടോയുമായി കാത്തു നിന്നിരുന്നു.
“അനിരുദ്ധൻ സാറല്ലേ ,ഇങ്ങോട്ടു കയറിയാട്ടെ .”
അനിരുദ്ധൻ ചിരിച്ചു.
“നാരായണൻ നായർക്ക് ദല്ലാൾ പണി മാത്രമല്ല അല്ലേ ,കോശി പറഞ്ഞിരുന്നു സർവകലകളും പയറ്റി തെളിഞ്ഞതാണെന്ന് .”
“ജീവിയ്ക്കേണ്ടേ സാറെ ,കുറച്ചു സേവന പ്രവർത്തനങ്ങൾ ഉണ്ട്,പൈസ വേണ്ടേ ,ഇപ്പോൾ തന്നെ പ്രായം അമ്പതു കഴിഞ്ഞു ,വേറെ സമ്പാദ്യമൊന്നുമില്ല ,നിത്യ ചെലവിനുള്ള വക കണ്ടെത്തണ്ടേ.”
നാരായണൻ നായർ വാതോരാതെ സംസാരിച്ചു കൊണ്ടേയിരുന്നു.പറഞ്ഞത് മുഴുവൻ നാടിനെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും അയാൾ നടത്തി കൊണ്ടിരിക്കുന്ന സ്നേഹവീട് എന്ന അഗതി മന്ദിരത്തെക്കുറിച്ചുമായിരുന്നു.
“എല്ലാ പ്രായക്കാരുമുണ്ട് ,അച്ഛൻമാരും അമ്മമാരും പിന്നെ ചേച്ചിമാർ, കുറെ കൊച്ചു കുട്ടികൾ ,നല്ല രസമാണ് സാറെ ,അവർക്കു കൊടുക്കാതെ എന്റെ വയറു നിറയില്ല.”
നാരായണൻ നായർ ഓടിട്ട ഒരു പഴയ വീടിനു മുന്നിൽ ഓട്ടോ നിർത്തി.അനിരുദ്ധൻ വീടിനെ നോക്കി നിന്നു.നാരായണൻ നായർ വണ്ടിയിൽ നിന്നും ബാഗുകളെടുത്ത ഉമ്മറത്തു വച്ചു.
“പുറത്തു കാണുന്നത് പോലെയല്ല സാറേ അകത്തെ സൗകര്യങ്ങൾ.വീട്ടിൽ ഫർണിച്ചറും പാത്രങ്ങളും എല്ലാമുണ്ട്.കോശി സാറിന്റെ ഫ്രണ്ട് മേജർ സാബിന്റെ കുടുംബ വീടാണ്,വർഷത്തിലൊരിക്കൽ സാബ് വന്നു അറ്റകുറ്റപണികളൊക്കെ നടത്തും.ഈ വീട് വാടകയ്ക്ക് പോലും കൊടുക്കാറില്ല.അനിരുദ്ധൻ സാർ കോശി സാറിന്റെ സുഹൃത്താണ്,കളക്ടറേറ്റിലാണ് ജോലി,കഥാകൃത്താണ് എന്നൊക്കെ പറഞ്ഞപ്പോൾ വാടക പോലും വേണ്ട, രണ്ടു മാസത്തേയ്ക്ക് വീട് നൽകി കൊള്ളാൻ സാറെന്നോട് പറഞ്ഞു.അനിരുദ്ധൻ സാറിന്റെ കഥ സിനിമയായി വരുമ്പോൾ ഒന്നിച്ച് പോയി കാണാമെന്ന് പറഞ്ഞു.ഞങ്ങൾ നാട്ടുകാർക്ക് അത് അഭിമാനമാണല്ലോ.”
അനിരുദ്ധൻ ചിരിച്ചും കൊണ്ട് താക്കോൽ ഏറ്റുവാങ്ങി.
“കോശി സാർ പറഞ്ഞിരുന്നു അവിവാഹിതനാണെന്ന് ,സാറിന് ആഹാരം വേണമെങ്കിൽ അടുത്ത ചായക്കടയിൽ ഏർപെടുത്താം.പിന്നെ…”
നാരായണൻ നായർ പുറകിലുള്ള വീട്ടിലേയ്ക്കു കൈ ചൂണ്ടി.
“ലോറിക്കാരൻ പ്രസാദിന്റെ വീടാണ് അത്.വർഷങ്ങൾക്കു മുൻപ് എവിടെ നിന്നോ ഒരു പെണ്ണിനെ തട്ടിക്കൊണ്ടു വന്നു കൂടെ പാർപ്പിച്ചു.ഇപ്പോൾ പന്ത്രണ്ടു വർഷമായി ,രണ്ടു ആൺ കുട്ടികളുണ്ട് അവർക്ക് .അവനൊരു മുഴു കുടിയനാണ്,വീട്ടിൽ വന്നാൽ ആകെ പ്രശ്നമാ.അവർക്കു ചെലവിനൊന്നും കൊടുക്കത്തില്ല.എൻ്റെ സ്നേഹവീട്ടിലേയ്ക്ക് പലതവണ ഞാൻ അവളേയും പിള്ളേരേയും ക്ഷണിച്ചതാണ്.ആ പെണ്ണ് പറയുന്നത് ചെയ്ത തെറ്റിന്റെ ശിക്ഷയാണിതെന്നാണ് ,അവിടെ കിടന്നു ചാവുമെന്നാണ് അവള് പറയുന്നത്.”
“ഈ കാലത്തും ഇങ്ങനുള്ള പെണ്ണുങ്ങളോ.”
“മനസിന് ധൈര്യമുള്ളവളാണ് ,രണ്ടു പശുക്കളെ വളർത്തുന്നുണ്ട്.പുല്ലു തീറ്റുന്നതും ,തേങ്ങ പെറുക്കിയെടുക്കുന്നതും, പ്രസാദ് കുടിച്ചിട്ട് വരുന്ന രാത്രികളിൽ ഒളിച്ചിരിക്കുന്നതുമൊക്കെ ഈ പുരയിടത്തിലാണ്.അത് കൊണ്ടാണ് മേജർ സാബ് പടിഞ്ഞാറു വശത്തെ മാത്രം മതിൽ കെട്ടാതെ ഇട്ടിരിക്കുന്നത് .”
“എന്റെ എഴുത്തിനെ ആരും ശല്യപെടുത്താതിരുന്നാൽ മതി.”
“കാഞ്ചന പാവമാ,കോശി സാർ പറഞ്ഞിരുന്നു എപ്പോഴും ചായ കുടിക്കുന്ന ആളാണ് അനിരുദ്ധൻ സാറെന്ന്.രാവിലെയും വൈകിട്ടും അര ലിറ്റർ പാലുകൊണ്ടു തരാൻ ഞാൻ അവളോട് പറഞ്ഞിട്ടുണ്ട്.അപ്പോൾ ശരി സാറേ, എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി.ഇന്ന് വൈകിട്ട് ഞാൻ ഭക്ഷണം കൊണ്ട് വരാം.”
നാരായണൻ നായർ ഓട്ടോ സ്റ്റാർട്ട് ആക്കിയപ്പോൾ അനിരുദ്ധൻ അഞ്ഞൂറിന്റെ രണ്ടു നോട്ടുകൾ അയാളുടെ പോക്കറ്റിൽ വച്ച് കൊടുത്തു.
“സാറിനെ ദൈവം അനുഗ്രഹിക്കട്ടെ ,നാളത്തേയ്ക്കുള്ള പച്ചക്കറി വാങ്ങാൻ കാശില്ലാതെ വിഷമിക്കുകയായിരുന്നു ഞാൻ.”
അനിരുദ്ധൻ രാവിലെ ഉണർന്നപ്പോൾ വളരെ വൈകിയിരുന്നു.മുറ്റത്തൊരു മൊന്തയിൽ പാൽ അടച്ചു വച്ചിരുന്നു.ചുറ്റും നോക്കി ആരെയും കണ്ടില്ല.ചായ ഉണ്ടാക്കി കുടിച്ചു,പാചകം ഇഷ്ടമില്ലാത്ത ജോലിയാണ്.ഇന്നത്തെ പ്രാതൽ ചായയിൽ ഒതുക്കാം ,ഉച്ചയ്ക്ക് കടയിൽ പോയി കഴിക്കാം,രണ്ടു മാസത്തെ ലീവ് മാത്രമേ ഉള്ളു.അതിനുമുൻപ് കഥ ശരിയാക്കി കൊടുക്കണം.
കോശിയുടെ ഡ്രീം പ്രോജക്റ്റ് ആണ്,കഥ കേട്ടപ്പോൾ തന്നെ അവനു ഇഷ്ടമായി.അതാണ് എഴുതാൻ അവന്റെ നാട്ടിൽ തന്നെ ഒരു വീടൊരുക്കി തന്നിരിക്കുന്നത്.പേനയും പേപ്പറും പുതിയ ലാപ്ടോപ്പും ഒക്കെ വാങ്ങി തന്നിട്ടാണ് വിട്ടത്.രണ്ടാഴ്ച വരെ ശല്യപെടുത്തില്ലായെന്ന ഉറപ്പു വാങ്ങിയാണ് വന്നിരിക്കുന്നത്.
അമ്മയെക്കുറിച്ച് ആലോചിച്ചു,മനസ് കൊണ്ട് അനുവാദം വാങ്ങി അനിരുദ്ധൻ എഴുതാൻ തുടങ്ങി.അമ്മ കിടപ്പായിട്ട് മാസങ്ങളായി.അമ്മയെ ചേട്ടനെയും ചേട്ടത്തിയെയും ഏല്പിച്ചു പുറപ്പെടുമ്പോൾ നല്ല വിഷമം ഉണ്ടായിരുന്നു.
ഇവിടെ എഴുത്തിനു നല്ല അന്തരീക്ഷമാണ് ,ശാന്തമായ പ്രകൃതി.ഒന്ന് രണ്ടു മണിക്കൂറുകൾ കഴിഞ്ഞിട്ടും ഒരു മടുപ്പുമില്ലാതെ എഴുതാൻ കഴിഞ്ഞു.ചിന്തകളുടെ കുത്തൊഴുക്കായിരുന്നു.
മൂത്രമൊഴിക്കാനായി ഒന്നെഴുന്നേറ്റു,ആധുനിക രീതിയിലുള്ള ടോയ്ലറ്റ് ഉണ്ടായിട്ടും പടിഞ്ഞാറു വശത്തെ ചാവക്കാട് കുള്ളൻ തെങ്ങിന്റെ ചുവട്ടിലാണ് നിന്നത്.ഇന്നലെ രാത്രിയിലും രാവിലെയും ഇവിടെ തന്നെയാണ് മുള്ളാൻ നിന്നത്.എത്ര നാളുകൾക്കു ശേഷമാണു ഓപ്പൺ എയറിൽ മുള്ളാൻ സാധിച്ചത്.
പിറകിലൊരു നിഴലനക്കം ,അനിരുദ്ധൻ തിരിഞ്ഞു നോക്കി.കയ്യിൽ മൊന്തയുമായി ഒരു സ്ത്രീ നില്ക്കുന്നു.മെലിഞ്ഞ ശരീര പ്രകൃതിയുള്ള, കോട്ടൺ സാരി ധരിച്ച ഒരു ചെറുപ്പക്കാരി.എണ്ണ തേയ്ക്കാതെ ചെമ്പിച്ച മുടിയിഴകൾ പറന്നു കിടക്കുന്നു,സാരി കണംകാലിന്റെ മുകളിൽ വച്ചാണ് ഉടുത്തിരിക്കുന്നത്.കാലിൽ കിടക്കുന്ന റബ്ബർ ചെരുപ്പിൽ ചാണകം ഒട്ടിപിടിച്ചിരിക്കുന്നു.
“പാത്രം എടുക്കാൻ വന്നതാണ് സാർ.”
“കാഞ്ചന?”
അവൾ തലയാട്ടി കൊണ്ട് വേലിയുടെ വിടവിലൂടെ കടന്നു പോയി.അനിരുദ്ധന് ചമ്മൽ തോന്നി,താൻ ചെയ്തത് അവൾ കണ്ടു കാണില്ലേ.
ഒരു സന്ധ്യാ സമയത്തു നാരായണൻ നായർ കയറി വന്നു.കയ്യിലൊരു മദ്യക്കുപ്പിയുമുണ്ടായിരുന്നു.പരസ്പരം കഥ പറഞ്ഞു വരാന്തയിലെ ഇരുണ്ട വെളിച്ചത്തിലിരുന്നു വർത്തമാനം പറയാൻ നല്ല രസമുണ്ടായിരുന്നു.
“സാർ പ്രണയിച്ചിട്ടുണ്ടോ? കഥാകാരന്മാർ തീവ്ര പ്രണയിതാക്കളാണെന്നാണല്ലോ പറയുന്നത്.”
“പണ്ട് പ്രീഡിഗ്രി സമയത്തു ഒരിഷ്ടമുണ്ടായിരുന്നു ,പക്ഷെ എനിക്ക് പെണ്ണുങ്ങളെ സന്തോഷിപ്പിക്കാൻ അറിയാത്തതു കൊണ്ടാകും അവളെന്നെ തേച്ചിട്ടു പോയി.”
“അതെന്നോട് കോശി സാർ പറഞ്ഞിട്ടുണ്ട്,നിങ്ങൾ കണ്ടു മുട്ടിയ കഥ,ആദ്യമായി കള്ളുകുടിച്ചു ബോധം പോയപ്പോൾ ,എടുത്തു തോളിലിട്ട് കോശി സാർ സ്വന്തം വീട്ടിൽ കൊണ്ട് പോയ കഥ.”
“അതായിരുന്നു തുടക്കം,പിന്നെ ഞങ്ങൾ വർഷങ്ങൾക്കു ശേഷമാണു വീണ്ടും കണ്ടു മുട്ടിയത് ,ഞാൻ ഡിഗ്രി കഴിഞ്ഞ സമയത്ത് ,നാരായണൻ നായർ പറഞ്ഞാൽ വിശ്വസിക്കില്ല,അതേ ബാറിൽ വച്ച്,എന്റെ അവസ്ഥ പഴയതു തന്നെയായിരുന്നു.വീണ്ടും ഒരു തേപ്പു കിട്ടി കുടിച്ചു കിളി പോയ അവസ്ഥ.ഇപ്രാവശ്യം എനിക്ക് രണ്ടു തല്ലു തന്നിട്ടാണ് കോശി എന്നെ എടുത്തു കൊണ്ട് പോയത്.എന്തിനാടാ കുടിച്ചത് എന്നെന്നോട് ചോദിച്ചപ്പോൾ മറ്റൊരു പെണ്ണും തേച്ച കാര്യം പറഞ്ഞു.”
“വീണ്ടുമൊരു പ്രണയനൈരാശ്യമോ? അതെന്തായാലും കോശി സാറിനെ പരിചയപ്പെടാൻ കാരണമായല്ലോ .”
“അതെ പിന്നെ എന്നെ കോശി വിട്ടിട്ടില്ല,എന്നെ കൊണ്ട് കഥകൾ എഴുതിച്ചു ,അവൻ സിനിമകൾ നിർമ്മിച്ചു.ഞങ്ങളുടെ സൗഹൃദം നാൾക്കുനാൾ വളർന്നു വന്നു,ഇപ്പോൾ അവനൊരു ആഗ്രഹം അവന്റെ നാടിൻ്റെ പശ്ചാത്തലത്തിൽ ഒരു പ്രണയ കഥ ഞാൻ തന്നെ എഴുതണമെന്ന് ,അതിനാ സർക്കാർ സർവീസിൽ നിന്നും ലീവ് എടുപ്പിച്ചു,എന്നെ ഇവിടെ കൊണ്ട് വന്നു നിർത്തിയത്.എനിക്കെങ്ങാനും പ്രണയിക്കാൻ അറിയുമോ,എഴുതാൻ അറിയുമോ ,അറിയില്ല കോശി നിന്റെ അവസ്ഥ എന്താകുമെന്ന്.”
അനിരുദ്ധൻ കൈ രണ്ടും ഉയർത്തി.
നാരായണൻ നായർ പൊട്ടിച്ചിരിച്ചു.
“ചുമ്മാ പറയുന്നതാണ് നാരായണേട്ടാ,മാസികയിൽ പ്രസിദ്ധീകരിച്ച ചുവന്ന പുഷ്പങ്ങൾ എന്ന നോവലിൽ അനിക്കുട്ടൻ മേഘയെ പ്രണയിക്കുന്നത് ,എന്തൊരു രസമാണെന്നു അറിയുമോ.”
രണ്ടുപേരും തിരിഞ്ഞു നോക്കി കാഞ്ചനയാണ്.അവൾ പെട്ടെന്ന് നാക്ക് കടിച്ചു.അവളാകട്ടെ അബദ്ധം പറ്റിയ പോലെ ചമ്മി നില്ക്കുന്നു.
“നീ ഇതൊക്കെ വായിക്കുമോ കാഞ്ചനേ.”
“അത് പിന്നെ നമ്മുടെ വായനശാലയിൽ സാറിന്റെ ഒരു ബുക്ക് ഉണ്ടായിരുന്നു,സാറിൻ്റെ ഫോട്ടോ കണ്ടു ഞാൻ എടുത്തു വായിച്ചതാണ്,നല്ല എഴുത്താണ് ഈ സാറിന്റെ .”
അവൾ അനിരുദ്ധനെ നോക്കി ചിരിച്ചു.
ആദ്യമായിട്ടാണ് കാഞ്ചന ചിരിക്കുന്നത് അനിരുദ്ധൻ കണ്ടത്,നല്ല ഭംഗിയുള്ള പല്ലുകൾ,ഇടതു കവിളിലെ നുണകുഴി ,കണ്ടു കൊണ്ടിരിക്കാൻ നല്ല രസം,അബദ്ധം പറ്റിയ പോലെ അനിരുദ്ധൻ നോട്ടം പിൻവലിച്ചു.
അന്ന് രാത്രി മുഴുവൻ അയാൾ കാഞ്ചനയെക്കുറിച്ച് ചിന്തിച്ചു,നല്ലൊരു ജോലി കളഞ്ഞിട്ടു ഏതോ നാട്ടിൽ കഥയെഴുതാൻ വന്നു കിടക്കുന്നു.ഒരു ആരാധികയെ കണ്ടു മുട്ടി.ഈ നോവലിലെ നായികയ്ക്ക് കാഞ്ചനയുടെ മുഖച്ഛായ മതിയെന്ന് അനിരുദ്ധൻ തീരുമാനിച്ചു.അയാൾ നേരം വെളുക്കുന്നത് വരെ എഴുത്ത് തുടർന്നു.
രാവിലെ ഉണർന്നപ്പോൾ വളരെ വൈകി,തലേന്നത്തെ കെട്ട് വിട്ടിട്ടില്ല,പാൽ വന്നിട്ടില്ല.ചായ കുടിക്കാൻ അതിയായ ആഗ്രഹം തോന്നി.മുറ്റത്തെ ചാവക്കാടൻ കുള്ളന്റെ അടുത്തെത്തിയപ്പോൾ ,കാഞ്ചന വേലിയുടെ വിടവിലൂടെ രണ്ടു മൂന്ന് പാത്രങ്ങളുമായി വന്നു.അനിരുദ്ധൻ്റെ പ്രവൃത്തിയെ ഗൗനിക്കാതെ അവൾ വീടിനകത്തേക്ക് പോയി.
കാഞ്ചന അടുക്കളയിൽ എന്തോ ചെയ്യുകയാണ്,അവിടേയ്ക്കു കടന്നു ചെല്ലാൻ അയാൾ മടിച്ചു.പല്ലു തേച്ചു എഴുത്തു മേശയിൽ വന്നിരിക്കുമ്പോൾ ,ചായയും പലഹാരങ്ങളുമായി കാഞ്ചനയെത്തി.
“എഴുത്തു നടക്കട്ടെ ,പ്രാതൽ ഞാൻ ഉണ്ടാക്കി കൊണ്ട് വന്നിട്ടുണ്ട്.”
പൂ പോലെ ഇഡലിയും വെളുവെളുത്ത ചമ്മന്തിയും,ഔചിത്യമൊന്നും നോക്കാതെ അവളുടെ മുന്നിൽ ഇരുന്നു കഴിക്കാൻ തുടങ്ങി.
“നന്നായിട്ടുണ്ട്.”
അവൾ ചിരിച്ചും കൊണ്ട് കാലിയായ പാത്രം വാങ്ങിക്കൊണ്ടു മടങ്ങി പോയി.
നായികയുടെ ചിത്രം തെളിഞ്ഞപ്പോൾ എഴുത്തു ഉഷാറായി,രണ്ടാഴ്ച കഴിഞ്ഞു കോശി വന്നപ്പോൾ ,പൂർത്തിയായ കഥ കാണിച്ചു.
“അളിയാ റൊമാൻസ്,നീ പൊളിച്ചല്ലോ,പക്ഷെ നായകൻ ഇത് മനസ്സിൽ കൊണ്ട് നടന്നാൽ മതിയോ ,പെട്ടെന്നു അവളോട് തുറന്നു പറയണ്ടേ..”
വേണമെന്ന് അനിരുദ്ധൻ തലയാട്ടി.
കോശി പോയപ്പോൾ തന്റെ നായകനെ കൊണ്ട് പ്രണയാഭ്യർത്ഥന നടത്തിക്കാനായുള്ള തന്ത്രങ്ങൾ അനിരുദ്ധൻ മെനഞ്ഞു.എങ്ങനെ തുടങ്ങണമെന്നറിയാതെ കുഴഞ്ഞു പോയി.എഴുത്തു നിന്ന് പോയി.അനിരുദ്ധൻ തലയിൽ കൈ വച്ച് ഇരുന്നു പോയി.
കാഞ്ചന വരുമ്പോൾ അനിരുദ്ധൻ എഴുത്ത് മേശയിൽ തല വച്ച് കിടക്കുകയാണ്,അവളുടെ സാന്നിധ്യം അയാൾ അറിഞ്ഞതേയില്ല.വൈകുന്നേരത്തെ ചായ റെഡിയാക്കി അവൾ അനിരുദ്ധൻ വിളിച്ചുണർത്താൻ നോക്കി.നല്ല ഉറക്കമാണ്.
ചരിഞ്ഞു മേശമേൽ തലവച്ചു കിടക്കുന്ന അയാളുടെ തോളിൽ അവൾ മെല്ലെ തൊട്ടു.അയാൾ സ്വപ്നത്തിലെന്ന പോലെ കണ്ണുകൾ തുറന്നു നോക്കി ,പിന്നെ വീണ്ടും കണ്ണുകളടച്ചു.അവൾക്കു കൗതുകം തോന്നി.അയാളുടെ കവിളിൽ അവൾ വിരൽ കൊണ്ട് തലോടി ,വിരലുകൾ ചുണ്ടിൽ തട്ടിയപ്പോൾ അനിരുദ്ധൻ ഉണർന്നു.തീയിൽ തൊട്ടതു പോലെ കാഞ്ചന തന്റെ കൈ പിൻവലിച്ചു.കാഞ്ചന കൊണ്ട് വച്ച ചായ കുടിക്കുമ്പോൾ അനിരുദ്ധൻ ഇടം കണ്ണ് കൊണ്ട് കാഞ്ചനയെ നോക്കി.അവൾ പരുങ്ങുന്നത് കണ്ടു അവന് കൗതുകം തോന്നി.
നല്ല ഒരു സാഹചര്യമാണ്,അനിരുദ്ധന്റെ നായകന് നായികയോടുള്ള പ്രണയം തുറന്നു പറയാനുള്ള അവസരമാണ്.നായികയുടെ മൃദുലവശത്തെ പുറത്തു കൊണ്ട് വരണം.
“എനിക്ക് നല്ല തലവേദനയായിരുന്നു,ചായ കുടിച്ചപ്പോൾ നല്ല ആശ്വാസം.”
“ഞാൻ പോകട്ടെ ,കുട്ടികൾ സ്കൂളിൽ നിന്നും വരാൻ സമയമായി,തലവേദനയ്ക്ക് മരുന്ന് വല്ലതും വാങ്ങണോ .”
സാധാരണ കാഞ്ചന പോകുമ്പോൾ അവനോടു അനുവാദം വാങ്ങാറില്ല.ഇന്നിവൾക്കു എന്ത് പറ്റി ,എന്തിനായിരുന്നു എന്റെ ചുണ്ടിലേയ്ക്ക് അവളുടെ വിരലുകൾ നീങ്ങിയത്,ഞാൻ നോക്കിയപ്പോൾ അവൾ പരുങ്ങിയതെന്തിന്.ഓർത്തപ്പോൾ അനിരുദ്ധനു ചിരി വന്നു.
കുളി കഴിഞ്ഞു അനിരുദ്ധൻ എഴുതാനിരുന്നു.നായകന്റെ മുറപെണ്ണായ നായികാ അടുക്കളയിൽ പാചകത്തിലാണ്,നായകൻ അവളുടെ പിന്നിൽ ചേർന്ന് നിന്നു.പരസ്പ്പരം ഒന്നും തുറന്നു പറയാതെ അവർ സ്നേഹിക്കുന്നു.നായികയുടെ വിവാഹം നേരത്തെ തീരുമാനിച്ചിരിക്കുന്നു,പക്ഷെ നായകൻ അവളെ മറ്റൊരാൾക്ക് വിട്ടുകൊടുക്കാൻ ഉദ്ദേശിക്കുന്നില്ല.
ഇവിടെ നായകൻ അവിവാഹിതനായ കഥാകാരനാണ്,നായികാ ഒരു പാവം വീട്ടമ്മ,കുടിയനായ ഭർത്താവിന് മാരകമായ രോഗങ്ങളുണ്ടെന്നു നായിക സംശയിക്കുന്നു,അതിനാൽ അയാൾ കുടിച്ചു വരുന്ന രാത്രികളിൽ അവൾ അയൽ വീടുകളിൽ അഭയം തേടുന്നു.അയാളുടെ ഭീഷണി കാരണം ആരും ഇപ്പോൾ അവൾക്കു അഭയം കൊടുക്കാറില്ല.അതിനാൽ മേജർ സാബിന്റെ പുരയിടത്തിലെ പഴയ കാലിത്തൊഴുത്ത് അവൾക്കും കുഞ്ഞുങ്ങൾക്കും ഒളിക്കാനുള്ള ഇടമാണ്.
അനിരുദ്ധൻ എഴുത്തു തുടർന്നു.നായകൻ തന്റെ പ്രണയാഭ്യർത്ഥന വളരെ വൈകിയെന്നു തിരിച്ചറിയുന്നു.അവൾ ഇഷ്ടമാണെന്ന് അവൻ പറയുന്നത് കേൾക്കാൻ കാത്തിരിക്കുകയായിരുന്നു.എഴുത്തിൽ ഹരം കയറിയ അനിരുദ്ധൻ ചുറ്റും നടക്കുന്നതൊന്നും അറിയുന്നില്ല.ഒന്ന് മുള്ളാൻ എഴുന്നേറ്റപ്പോൾ മുന്നിൽ കാഞ്ചന നില്കുന്നു.അവളുടെ കയ്യിലെ പാത്രം അയാളുടെ ശ്രദ്ധയിൽ പെട്ടു.
അനിരുദ്ധൻ ചാവക്കാട് കുള്ളനെ ഒന്ന് വലം വച്ച് വന്നപ്പോഴേക്കും ചൂട് കഞ്ഞിയും പയറും അവൾ പാത്രത്തിൽ വിളമ്പിയിരുന്നു.അവൾ പോകാനായി ധൃതി വച്ചു.
“തലവേദന മാറിയോ.”
“ഇല്ല ,പക്ഷെ എഴുതാൻ നല്ല മൂഡ് തോന്നി.പിന്നെ വേദന വക വച്ചില്ല.”
“കഞ്ഞി കുടിച്ചിട്ട് വാതിൽ അടച്ചു കിടക്കണേ ,ഉച്ചക്ക് വാതിൽ തുറന്നു കിടക്കുകയായിരുന്നു.”
“അത് കൊണ്ടാണ് എനിക്ക് എഴുതാൻ പറ്റിയത്,നായികയുടെ കരസ്പർശം…..നായകന് വല്ലാത്ത ഊർജ്ജം നൽകി.”
അനിരുദ്ധൻ തന്റെ കവിളിൽ തലോടി.അയാൾ പറഞ്ഞത് ശ്രദ്ധിയ്ക്കാതെ തന്റെ കയ്യിലിരുന്ന ബാം അവൾ അയാളുടെ ചെന്നിയിൽ പുരട്ടി.ആ സമയത്ത് അയാൾ കണ്ണടച്ചു കസേരയിൽ ചാരി ഇരുന്നു.അവളുടെ കൈകളുടെ നൈർമല്യം,ബാമിന്റെ കുളിർമ,തന്നിലേക്ക് അഗ്നി പ്രവേശിക്കുന്നത് അനിരുദ്ധൻ അറിഞ്ഞു.
പെട്ടെന്നായിരുന്നു ,അനിരുദ്ധൻ അവളുടെ വിരലുകളിൽ ചുംബിച്ചു.കാഞ്ചന ഞെട്ടി പോയി.അവളുടെ കണ്ണുകൾ നിറയുന്നത് കണ്ടു അനിരുദ്ധൻ വല്ലാതെയായി.അവൾ അനിരുദ്ധന് മുഖം കൊടുക്കാതെ തിരിഞ്ഞു നിന്നു.അനിരുദ്ധൻ എഴുന്നേറ്റു അവളുടെ പിന്നിൽ അവളോട് ചേർന്ന് നിന്നു.അയാളുടെ നിശ്വാസങ്ങൾ അവളുടെ പിൻകഴുത്തിൽ തട്ടി.കാച്ചെണ്ണയുള്ള മുടിയിഴകളെ അയാൾ ചുംബിച്ചു.ആദ്യമായാണ് അയാൾ ഒരു സ്ത്രീയോട് ഈ രീതിയിൽ പെരുമാറുന്നത്.അയാൾ തന്റെ രണ്ടു കൈകൾ കൊണ്ടും അവളുടെ വയറിനെ ചുറ്റിപിടിച്ചു തന്നോട് ചേർത്തു.അനുസരണയുള്ള പൂച്ചകുട്ടിയെ പോലെ അവൾ അവനോടു ചേർന്ന് നിന്നു.അനിരുദ്ധൻ അവളെ തനിക്കഭിമുഖമായി തിരിച്ചു നിർത്തി.കാഞ്ചനയുടെ കണ്ണുകളിലെ തിളക്കം അയാൾ ശ്രദ്ധിച്ചു.അയാൾ അവളിലേക്ക് അലിയാൻ തുടങ്ങി.
പെട്ടെന്ന് കാഞ്ചന അയാളെ തള്ളി മാറ്റി.
“കുട്ടികൾ അവിടെ ഒറ്റക്കാണ് ,ഞാൻ പോയി കഞ്ഞി കൊടുക്കട്ടെ.”
അനിരുദ്ധന് നിരാശ തോന്നി.അയാൾ ചൂടുള്ള കഞ്ഞിയിൽ സ്പൂണിട്ടു ഇളക്കി.അവിടെ അയാൾക്ക് അവളുടെ സാന്നിധ്യം തോന്നി.അവളുടെ ചിരി ,അവളുടെ മനോഹരമായ നുണക്കുഴി.അയാൾ ആർത്തിയോടെ കഞ്ഞി കുടിച്ചു പാത്രം കഴുകി കമഴ്ത്തി.അന്നയാൾക്കു ഒരു വരി പോലും എഴുതാൻ സാധിച്ചില്ല.അയാൾ രണ്ടാഴ്ചയ്ക്കു ശേഷം അമ്മയെ വിളിച്ചു.കുറെ കാര്യങ്ങൾ അമ്മ പറഞ്ഞു,എഴുത്തിന്റെ കഷ്ടപ്പാടുകൾ അയാൾ അമ്മയോട് പറഞ്ഞു.അയാൾ ഉറങ്ങാൻ കിടന്നപ്പോൾ അയാളുടെ പതിവില്ലാതെ തലയണയെ വാരി പുണർന്നു.
വാതിലിൽ മുട്ട് കേട്ടാണ് ഉണർന്നത്.കുളിച്ചു തുളസി കതിർ ചൂടിയാണ് കാഞ്ചന വന്നത്.അവൾ അയാളുടെ മുഖത്ത് നോക്കിയതേയില്ല.ഇന്നലത്തെ തന്റെ പ്രവൃത്തി അവൾക്കു ഇഷ്ടമായി കാണില്ല.
ചായ കൊണ്ട് തന്നപ്പോൾ ഇന്ന് ഊണ് താൻ വീട്ടിൽ കൊണ്ട് വരാമെന്നു അവൾ അറിയിച്ചു.
“അതൊന്നും വേണ്ട ,ഞാൻ കാരണം താൻ വല്ലാതെ ബുദ്ധിമുട്ടുന്നു.”
അനിരുദ്ധൻ പിണക്കം നടിച്ചു പറഞ്ഞു.
“അത് ഞാനല്ലേ തീരുമാനിക്കുന്നത്,ഇന്നെന്റെ പിറന്നാളാണ്.നമുക്ക് ഒന്നിച്ചിരുന്നു കഴിക്കാം.അങ്ങോട്ട് വിളിക്കണമെന്നുണ്ട്.പക്ഷെ ഈ നാട്ടാർക്ക് അതൊന്നും ഇഷ്ടമാവില്ല.ഇവിടെയാകുമ്പോൾ ആ പ്രശ്നമില്ലല്ലോ.”
അപ്പോൾ അവൾക്കു തന്നോട് പിണക്കമില്ല.എന്നാലും അവൾ പിറന്നാൾ സദ്യ തരുമ്പോൾ താനെന്താണ് അവൾക്കു പിറന്നാൾ സമ്മാനം നൽകുക.
തൂശനിലയിൽ അവളൊരുക്കിയ ചെറിയ സദ്യ മുഖാമുഖം നോക്കി കഴിക്കാനിരുന്നു.ആദ്യ ഉരുള അവളുടെ വായിലേയ്ക്ക് വച്ച് കൊടുത്തു ,അവൾ ചിരിയോടെ അത് കഴിക്കുകയും അയാളുടെ വിരൽ തുമ്പിൽ ഒരു കടി നൽകുകയും ചെയ്തു.സന്തോഷത്തോടെ അവർ പരസ്പരം നോക്കി പുഞ്ചിരിയോടെ ആഹാരം കഴിച്ചു.ഇടയ്ക്കു അവളുടെ കണ്ണുകൾ നിറയുന്നത് അനിരുദ്ധൻ കണ്ടു.അയാൾ കാണാതെ വളരെ തന്ത്രപരമായി അവൾ അത് തുടച്ചു മാറ്റി.
ഊണ് കഴിഞ്ഞു അവർ കഥകളെ പറ്റി തുറന്നു സംസാരിച്ചു.അനിരുദ്ധന്റെ കഥകളിലെ ആണുങ്ങൾക്കൊക്കെ ഇത്തിരി ധൈര്യക്കുറവുണ്ടെന്നു കാഞ്ചന കളിയാക്കി.
“ഞാൻ പോകട്ടെ ,പാൽ വാങ്ങാൻ ഓരോരുത്തരായി വരും,എന്നെ കണ്ടില്ലേൽ കഥകൾ ഇറങ്ങും.”
അനിരുദ്ധൻ വർണപ്പൊതികളിൽ പൊതിഞ്ഞ അയാളുടെ ഒരു കഥാസമാഹാരം അവൾക്കു നൽകി.
“കഥാകാരന്റെ പിറന്നാൾ സമ്മാനം.”
“അതെനിക്ക് ഇന്നലെ കിട്ടിയല്ലോ …. സ്നേഹസമ്മാനം.”
ഒരു കുസൃതി ചിരിയോടെ അവൾ അയാളുടെ കണ്ണുകളിൽ ഉറ്റു നോക്കി.അയാൾ അവളെ തന്നിലേക്ക് ചേർത്ത് പിടിച്ചു.അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.
മഴയുള്ളൊരു രാത്രി ,കുടയും പിടിച്ചു ചാവക്കാടന്റെ അടുത്ത് പോയി വന്നപ്പോൾ തൊഴുത്തിലൊരു അനക്കം കേട്ടാണ് അനിരുദ്ധൻ പോയി നോക്കിയത്.നനഞ്ഞ തറയിലിരിക്കുന്ന കാഞ്ചന ,അവളുടെ മടിയിൽ തല വച്ച് കിടന്നുറങ്ങുന്ന രണ്ടു കുഞ്ഞുങ്ങൾ,അനിരുദ്ധൻ അവളുടെ വീടിന്റെ ഭാഗത്തേയ്ക്ക് നടന്നു.അവിടെ ഇരുട്ടത്ത് അവളെ തേടി ഓടി നടക്കുന്ന അവളുടെ ഭർത്താവ്,ലോറിക്കാരൻ പ്രസാദ്.അയാളുടെ കയ്യിലെ തിളങ്ങുന്ന വെട്ടുകത്തിയും ,കൂടെയുള്ള രണ്ടു ആണുങ്ങളെയും ഇരുട്ടിൽ മറഞ്ഞു നിന്ന് അനിരുദ്ധൻ വീക്ഷിച്ചു.
അവർ ലോറി എടുത്തു മറയുന്നത് വരെ അനിരുദ്ധൻ അവിടെ ഒളിച്ച് നിന്നു.ഉറങ്ങി കിടക്കുന്ന കുട്ടികളെ ഓരോരുത്തരെയായി അയാൾ വീട്ടിലേയ്ക്കു എടുത്ത് കൊണ്ട് നടന്നു.ഒടുവിൽ കാഞ്ചനയുടെ കൂടെ കുടക്കീഴിൽ നടക്കുമ്പോൾ അയാൾ അവളുടെ ചേർത്ത് പിടിച്ചു.
“ഞാൻ അവർക്ക് ഭക്ഷണം കൊണ്ട് കൊടുത്തു,എന്നെ കൂടി വേണമെന്ന് പറഞ്ഞപ്പോൾ…എനിക്കിനി അയാളുടെ ഒപ്പം വയ്യ,പല സ്ത്രീകളുടെ കൂടെ നടക്കുന്നവനാണ്,എന്തൊക്കെയോ സൂക്കേടുണ്ട്,എനിക്ക് കൂടി പിടിപെട്ടാൽ,വയ്യ ഈ രണ്ടു പിള്ളേരെ വളർത്തണ്ടേ,താലി ഊരി എറിഞ്ഞു കൊടുക്കണമെന്ന് കരുതിയതാണ്.”
“ഊരി എറിയാഞ്ഞതെന്താ.”
കാഞ്ചന പൊട്ടിക്കരഞ്ഞു.അടികൊണ്ടു ചുവന്നു വീർത്ത അവളുടെ കവിളിൽ അയാൾ ഉമ്മകൾ കൊണ്ട് പൊതിഞ്ഞു.തന്റെ കട്ടിൽ അമ്മയ്ക്കും മക്കൾക്കുമായി ഒഴിഞ്ഞു കൊടുത്തു അയാൾ പുറത്തെ വരാന്തയിൽ വന്നു കിടന്നു.
“അനിക്കുട്ടാ.”
വിളികേട്ടാണ് അനിരുദ്ധൻ കണ്ണ് തുറന്നത്.അയാളോടൊപ്പം അവളും വന്നു കിടന്നിരുന്നു.പുലരും വരെ തന്റെ ജീവിത കഥ അവൾ അവനോടു പറഞ്ഞു.
അതൊരു തുടക്കം മാത്രമായിരുന്നു.പിന്നീട് ചുംബനങ്ങളുടെ പെരുമഴക്കാലമായിരുന്നു അവരുടെയിടയിൽ.അവൻ എഴുതുമ്പോൾ നോക്കിയിരിക്കുക ,എഴുതുന്ന അവന്റെ പിന്നിൽ ചേർന്ന് നോക്കി നിൽക്കുക,അവന്റെ തലയിൽ ചുംബിക്കുക,ചെവിയിൽ “അനിക്കുട്ടാ….” എന്ന് വിളിക്കുക,അപ്പോളവൻ അവളുടെ മാറിലേക്ക് തല ചേർത്ത് വച്ച് കണ്ണടച്ചിരിക്കും.
“രണ്ടു പേർക്കു പരസ്പരം ഇത്ര മാത്രം സ്നേഹിക്കാൻ കഴിയുമോ?”
അനിരുദ്ധൻ തന്റെ സംശയം പ്രകടിപ്പിച്ചു.അതിനു മറുപടി പറയാതെ അവൾ അവനോടു കുറെ കൂടി ചേർന്ന് കിടന്നു.
“ചില ചോദ്യങ്ങൾക്കു ഉത്തരമില്ല.നമ്മുടെ ബന്ധം പോലെ ,അത് ഹിതമാണോ,അഹിതമാണോ എന്നതടക്കം.”
“അതിനു ഉത്തരമുണ്ട്,നീയും നിന്റെ സ്നേഹവും എനിക്ക് ഹിതമാണ്,മറ്റുള്ളവരുടെ അഭിപ്രായം എനിക്കറിയണ്ട.”
രാവിലെ ഉണർന്നു കാഞ്ചനെ കാത്തിരിക്കുകയായിരുന്നു.അവൾ അവന്റെ കവിളിൽ പതിവ് ചുംബനം നൽകി.
“അമ്മയ്ക്ക് വയ്യാന്നു ഏടത്തിയമ്മയുടെ ഫോൺ വന്നു,ആശുപത്രിയിൽ ആണ്,ഞാൻ ഒന്ന് നാട്ടിൽ പോയി വരാം.”
അമ്മയ്ക്ക് ഭേദമായി.രണ്ടു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമാണ് മടങ്ങി വന്നത്.ലീവ് അവസാനിക്കാറായി,എഴുത്തു പാതി വഴിയിലാണ്.അതിനിടക്കാണ് മനസ്സിൽ പ്രണയം ചേക്കേറിയത്.കാഞ്ചനയെ അത്ര മാത്രം ഇഷ്ടപ്പെട്ടു പോയി.രണ്ടു ദിവസത്തെ വിരഹദുഃഖം ചെറുതല്ലായിരുന്നു.
“ഇത് ഇഷ്ടപ്പെട്ടോയെന്നു നോക്ക്.”
അനിരുദ്ധൻ കൊടുത്ത നീല നിറത്തിലുള്ള സാരി അവൾ കവിളിൽ ചേർത്തു.
“അയ്യോ ഇത് എനിക്ക് സ്വീകരിക്കാനാകില്ല.നൂറ് ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടി വരും.”
അലമാരയിൽ ഇസ്തിരിയിട്ട് അടുക്കി വച്ചിരുന്ന ഷർട്ടുകളുടെ ഇടയിൽ അവൾ സാരി കൊണ്ട് വച്ചു.
“ആദ്യമായി സ്നേഹത്തോടെ ലഭിച്ച പുടവയാണ്.പിരിഞ്ഞ് പോകാൻ നേരം ഞാൻ കൊണ്ട് പോകാം.”
അവളുടെ വാക്കുകൾ അനിരുദ്ധനെ വേദനിപ്പിച്ചു.അവൾ നിറകണ്ണുകളാൽ അവനെ നോക്കി.
രണ്ടാഴ്ച ഉറക്കം പോലും ഉപേക്ഷിച്ച് അനിരുദ്ധൻ എഴുതി.
“ജോലി തീർത്ത് പോകാൻ ധൃതിയായി അല്ലേ.”
“ജോലി എത്രയും പെട്ടെന്ന് തീർക്കണം.പക്ഷേ പോകാൻ മനസ്സില്ല.”
ഒരു ദിവസം രാവിലെ കുട്ടികളെ സ്കൂളിൽ വിട്ടിട്ട് കാഞ്ചന വന്നു.അന്നവൾ നല്ല സന്തോഷവതിയായിരുന്നു.
“ഞാനിന്നലെ ഒരു സ്വപ്നം കണ്ടു.ഞാനും എൻ്റെ അനിക്കുട്ടനും കൂടെ കടൽത്തീരത്ത്…”
“എന്നിട്ട് എന്താ ഉണ്ടായേ.”
“അത് ഞാൻ പറയില്ല.”
അനിരുദ്ധൻ കാഞ്ചനയെ തന്നിലേക്ക് ബലമായി ചേർത്ത് പിടിച്ചു.
“പറയാതെ നിന്നെ ഞാൻ വിടില്ല.”
ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയതും തൊട്ട് പിന്നിൽ കോശി നിൽക്കുന്നു.
“രണ്ട് പേരും കൂടി മേജർ സാറിന് ചീത്തപേര് ഉണ്ടാക്കി കൊടുക്കരുത്.”
കാഞ്ചന തലകുനിച്ചു അവിടെ നിന്നിറങ്ങി പോയി.
“എന്താടാ, നിനക്ക് വേറെ ആരെയും കിട്ടിയില്ലേ.ഒരു ലോറിക്കാരൻ്റെ ഭാര്യയെ…”
കഥയുടെ കാര്യത്തിൽ കോശി നൂറുശതമാനം തൃപ്തനായിരുന്നു.അന്ന് രാത്രിയിൽ ടൗണിൽ അതിൻ്റെ ആഘോഷം നടന്നു.അതിനിടയിൽ കാഞ്ചനയെ മറന്നു പോയി.കോശിയോട് രണ്ട് ദിവസത്തെ സാവകാശം ചോദിച്ചിട്ടുണ്ട്.ഞായറാഴ്ച കോശി കാറുമായി വരുമ്പോൾ നാട്ടിലേക്ക് മടങ്ങണം.
വെറും രണ്ടു ദിവസമേയുള്ളൂ ഈ നാടീനെ പിരീയണം.തൻ്റെ പ്രിയപ്പെട്ട കാഞ്ചനയെ പിരിയണം.ഒരു തീരുമാനം ഉടൻ എടുക്കണം.
അന്ന് കാഞ്ചനയെ കണ്ടില്ല.ആ രാത്രിയിൽ മൂത്രമൊഴിക്കാനായി കുറെ പ്രാവശ്യം എഴുന്നേറ്റു.ചാവക്കാട് കുള്ളൻ്റെ ചുവട്ടിൽ നിന്നാൽ അവളുടെ വീട് കാണാം.
“അവളെന്താ വരാത്തത്.?കോശി പറഞ്ഞത് എന്തിനാണാവോ അവൾ കാര്യമാക്കിയത്.ഞാനൊന്നും പറഞ്ഞില്ലല്ലോ.ഞാനല്ലേ അവളെ സ്നേഹിക്കുന്നത്.”
വെളുപ്പാൻ കാലത്ത് ആരോ വാതിലിൽ മുട്ടുന്നു.മുന്നിൽ കാഞ്ചനയുടെ മൂത്തമകൻ.
“മാമാ ഓടി വായോ അമ്മ.എന്ത് ആപത്ത് വന്നാലും മാമനെ വിളിക്കണമെന്ന് അമ്മ പറഞ്ഞിരുന്നു.”
അവനോടൊപ്പം ഓടി ചെല്ലുമ്പോൾ കയറിൽ തൂങ്ങി പിടയുന്ന കാഞ്ചന.പെട്ടെന്ന് കയർ അറുത്ത് വിട്ടു.കാഞ്ചന താഴെ വീണു.ദേഷ്യത്തിന് അവളുടെ രണ്ട് കവിളിലും മാറി മാറി അടിച്ചു.കുട്ടികളുടെ ദയനീയ മുഖം കണ്ടപ്പോൾ സംയമനം പാലിച്ചു,അവളെ തൻ്റെ നെഞ്ചോട് ചേർത്തു.
“എന്തിനായിരുന്നു.”
“നാളെ പോകില്ലേ എന്നെ വിട്ടിട്ട്. കോശി സാർ പറഞ്ഞതൊക്കെ ഞാൻ കേട്ടു.ഞാൻ വെറും ലോറിക്കാരൻ്റെ ഭാര്യയല്ലേ.”
“അയാളുടെ വാക്കുകളാണോ നിനക്ക് മുഖ്യം.ഞാൻ പോയിട്ട് മടങ്ങി വരും.നിനക്കെന്നെ ഇത് വരെ മനസ്സിലായില്ലേ.നാരായണൻ നായർ വിവാഹ മോചനത്തിൻ്റെ പേപ്പറുമായി വരും.ഒപ്പിട്ട് കൊടുക്കണം.ബാക്കിയൊക്കെ ഞാൻ നോക്കി കൊള്ളാം.”
കാഞ്ചനയുടെ കണ്ണുകൾ നിറഞ്ഞു.
“ഈ സാരി എനിക്ക് നന്നായി ചേരുന്നുണ്ടോ.”
അവൾ ഉടുത്തിരുന്ന സാരി അനിരുദ്ധൻ ശ്രദ്ധിച്ചു.
“കള്ളീ ഇത് അലമാരയിൽ നിന്നും എപ്പോൾ എടുത്ത് കൊണ്ട് പോയി.”
അനിരുദ്ധൻ പൊട്ടി ചിരിച്ചു.അയാളവളെ ചേർത്ത് പിടിച്ചു മൂർദ്ധാവിലും ചുണ്ടുകളിലും കവിളുകളിലും മാറി മാറി ഉമ്മ വച്ചു.
ആ ചുംബന മഴയിൽ മുങ്ങി താഴാതെയിരിക്കാൻ അവളയാളുടെ ഷർട്ടിൽ മുറുകെ പിടിച്ചു.
✍️✍️നിഷ പിള്ള
