“നിന്ന് ചാരിത്ര്യ പ്രസംഗം നടത്താതെ ഇറങ്ങി പോടീ.”

“അടുത്ത ആഴ്ച ഗൾഫിൽ നിന്ന് ഉദയേട്ടൻ വരും. വന്ന് കഴിഞ്ഞാൽ പിന്നെ പോകുന്നത് വരെ നമുക്കൊന്ന് കാണാൻ കൂടെ പറ്റില്ല സുധി.” തന്റെ ഇളം മേനിയിൽ തഴുകി കൊണ്ടിരുന്ന സുധിയുടെ കൈകളിൽ ഒന്ന് മുത്തി അവൾ പറഞ്ഞു.

 

“നിന്നെ ഇങ്ങനെ കാണാതെ രണ്ട് മാസം എങ്ങനെ തള്ളി നീക്കുമെന്നാണ് ഞാൻ ആലോചിക്കുന്നത്.” സുധീഷ് വിഷമത്തോടെ അനുപമയേ നോക്കി.

 

“ഉദയേട്ടൻ പുറത്ത് എവിടെയെങ്കിലും പോയാൽ നിന്നെ ഞാൻ വീഡിയോ കാൾ വിളിക്കാം. തല്ക്കാലം അങ്ങനെ കണ്ട് ആശ്വസിക്കാം അയാൾ പോകുന്നത് വരെ.”

 

“നല്ലൊരു ജോലി ശരിയാവട്ടെ അതുവരെ നീയിവിടെ നിക്ക്. ഒരു ജോലി തരപ്പെട്ടാൽ പിന്നെ നിന്നേം കൊണ്ട് ഞാനങ്ങ് പോകും.”

 

“എനിക്കും മടുത്തു സുധി ഈ ഒളിച്ചും പാത്തുമുള്ള സഹവാസം. ഇത്രേം നാളും എങ്ങനെയൊക്കെയോ ആരുടെയും കണ്ണിൽ പെടാതെ രക്ഷപെട്ടു.”

 

“ഇനി എന്തായാലും നേരിട്ടുള്ള ഈ വരവ് കുറച്ചോ നീ. ഉദയേട്ടന് എന്തൊക്കെയോ സംശയം ഉള്ളത് പോലെ എനിക്ക് തോന്നുന്നു. അതുകൊണ്ട് ഏട്ടൻ ഉള്ളപ്പോഴായാലും പഴയത് പോലെ നീ ഇങ്ങോട്ട് കേറി വരുന്നത് കുറയ്ക്ക്.”

 

“അത് വേണോ ടീ. അങ്ങനെയെങ്കിലും നിന്റെ മുഖമെങ്കിലും എനിക്ക് കാണാലോ.”

 

“വെറുതെ ഏട്ടന്റെ സംശയം കൂട്ടണ്ടല്ലോ എന്ന് കരുതിയ. അറിയാലോ നീയും ഞാനുമിപ്പോ സുഖിച്ചു കഴിയുന്നത് ഉദയേട്ടൻ എനിക്ക് അയക്കുന്ന പൈസ കൊണ്ടാണ്. നീയൊന്ന് സെറ്റിൽ ആവും വരെ നമ്മൾ സഹിച്ചേ പറ്റു.”

 

“അതൊക്കെ ഞാൻ സഹിച്ചോളാം. പക്ഷേ പ്രശ്നം അതല്ല. എനിക്ക് അവകാശപ്പെട്ട നിന്റെ ഈ ശരീരം ഇനി രണ്ട് മാസത്തേക്ക് അനുഭവിക്കാൻ പോവുന്നത് നിന്റെ ഭർത്താവ് ആണല്ലോ എന്നോർക്കുമ്പോ എനിക്ക് സഹിക്കണില്ല.”

 

“തല്ക്കാലം സഹിച്ചേ പറ്റു. നിന്നെ പരിചയപ്പെട്ട നാൾ മുതൽ ഞാനും മനസ്സോടെയല്ല ഉദയേട്ടന്റെ കൂടെ കിടക്കുന്നത്. നമ്മുടെ നല്ല ഭാവിക്ക് ഇതൊക്കെ അഡ്ജസ്റ്റ് ചെയ്യണ്ടേ. നീ എത്രേം പെട്ടെന്ന് സെറ്റിൽ ആവാൻ നോക്ക്. എന്നിട്ട് വേണം നമുക്ക് കല്യാണമൊക്കെ കഴിച്ച് സുഖമായി ജീവിക്കാൻ.”

 

“സംസാരിച്ചു വെറുതെ സമയം കളയാതെ ഇങ്ങോട്ട് കിടക്കടി. നിന്നെ ഞാനൊന്ന് ശരിക്ക് ആസ്വദിക്കട്ടെ.” സുധീഷ് അനുപമയുടെ നൈറ്റ് ഗൗൺ വലിച്ചൂരി ആവേശത്തോടെ അവളിലേക്ക് പടർന്ന് കയറി.

 

പ്രവാസിയായ ഉദയന്റെ ഭാര്യയാണ് അനുപമ. ഇരുപതാം വയസ്സിലാണ് അവൾ അവന്റെ ഭാര്യയായി ആ വീട്ടിലേക്ക് വന്നത്. ഉദയന്റ അച്ഛൻ നേരത്തെ മരിച്ചതാണ്. ഒരു ചേച്ചി ഉള്ളത് കല്യാണം കഴിഞ്ഞു ഭർത്താവിനൊപ്പം വിദേശത്തു തന്നെയാണ്.

 

 

പത്തു വർഷമായി അനുപമയുടെയും ഉദയന്റെയും കല്യാണം കഴിഞ്ഞിട്ട്. ഇതുവരെ അവർക്ക് കുട്ടികളില്ല. ഉദയന് കൗണ്ട് കുറവായത് കൊണ്ടാണ് കുട്ടികൾ ഇല്ലാത്തത്. നാട്ടിൽ ഉദയനില്ലാതെ മടുപ്പാണെന്നും തന്നെയും കൂടെ കൊണ്ട് പോകണമെന്ന് അവൾ അവനോട് കുറേ പറഞ്ഞിട്ടുണ്ടെങ്കിലും നാട്ടിൽ അമ്മ ഒറ്റയ്ക്ക് ആയതിനാൽ അവനവളെ ഒപ്പം കൊണ്ട് പോകാൻ തയ്യാറായില്ല. ഒരു വർഷം കൂടുമ്പോൾ രണ്ട് മാസത്തെ ലീവിന് ഉദയൻ നാട്ടിൽ വന്ന് പോകും.

 

അടുത്ത് ഭർത്താവുമില്ല ഓമനിക്കാൻ കുട്ടികളുമില്ലാത്തതിനാൽ ആ വലിയ വീട്ടിൽ ഉദയന്റെ അമ്മയോടൊപ്പം താമസിച്ചു അവൾ മുഷിഞ്ഞു പോയിരുന്നു. അവരവിടെ ഒറ്റയ്ക്ക് ആയതിനാൽ അനുപമയ്ക്ക് സ്വന്തം വീട്ടിൽ പോയി നിൽക്കാനും കഴിയില്ലായിരുന്നു. ഉദയന്റ അമ്മയാണെങ്കിൽ ആരോടും അങ്ങനെ സംസാരിക്കുന്ന പ്രകൃതക്കാരിയല്ല. അവരെപ്പോഴും ടീവിയിൽ സീരിയൽ കണ്ടിരിക്കുന്നതാണ് പതിവ്.

 

അങ്ങനെ ആ വിരസമായ ജീവിതം മടുത്തിരിക്കുമ്പോഴാണ് അയല്പക്കത്തെ സുധീഷുമായി മൂന്നു വർഷം മുൻപ് അവൾ അടുപ്പത്തിലാകുന്നത്. അന്ന് മുതൽ ഇന്നുവരെ ഇരുവരും തങ്ങളുടെ ബന്ധം രഹസ്യമായി തുടർന്ന് കൊണ്ട് പോന്നു.

 

സുധീഷിന് വയസ്സ് മുപ്പതുണ്ട്. പൈസയ്ക്ക് വേണ്ടിയാണ് അവൻ അനുപമയുമായി ബന്ധം സ്ഥാപിച്ചത് തന്നെ. ഒരു ജോലി കിട്ടി സെറ്റിൽ ആയാൽ അവളെ കല്യാണം കഴിച്ച് കൂടെ കൂട്ടമെന്ന് പറഞ്ഞ് അനുപമയേ മോഹിച്ചു നിർത്തിയിരിക്കുകയാണ് സുധി. ഇതൊന്നും അറിയാതെ അനുപമ ഭർത്താവിനെ ചതിച്ച് കാമുകന് വേണ്ടി എല്ലാം സമർപ്പിച്ചു കഴിഞ്ഞു. സുധീഷ് അവിവാഹിതനാണ്. ഉദയന് അവൻ അനിയനെ പോലെയാണ്. ആ വീട്ടിലെ എന്ത് ആവശ്യത്തിനും വരാറുള്ളത് സുധീഷാണ്. അങ്ങനെയാണ് അനുപമ അവനുമായി സ്നേഹത്തിലായത്.

 

ഒരാഴ്ച കഴിഞ്ഞ് ഉദയൻ വന്നു. പക്ഷേ എപ്പോഴും വരുമ്പോഴുള്ള സ്നേഹ പ്രകടനങ്ങൾ ഒന്നും അവന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാവാത്തത് അവളിൽ സംശയം ഉളവാക്കി. ഇനി അയാൾ എന്തെങ്കിലും അറിഞ്ഞോ എന്നോർത്ത് അനുപമയ്ക്ക് ടെൻഷനായി.

 

ഉദയൻ വന്നതിന്റെ അന്ന് വൈകുന്നേരം അയാൾ വിളിച്ചത് പ്രകാരം അനുപമയുടെ വീട്ടുകാർ അങ്ങോട്ട്‌ വരുകയുണ്ടായി. അത് കൂടെ കണ്ടപ്പോ അവൾക്ക് അപകടം മണത്തു.

 

“എന്താ മോനെ നീ ഞങ്ങളോട് പെട്ടെന്ന് വരാൻ പറഞ്ഞത്.” അനുപമയുടെ അച്ഛനാണ്.

 

“കൂടുതൽ വളച്ചു കെട്ടാതെ നേരെ കാര്യം പറഞ്ഞേക്കാം ഞാൻ. നിങ്ങളെ മോൾക്ക് അപ്പുറത്തെ വീട്ടിലെ സുധീഷുമായി രഹസ്യ ബന്ധമുണ്ട്. ഇത് കഴിഞ്ഞ വരവിൽ എന്റെ അമ്മ എന്നോട് പറഞ്ഞതാ.

 

എന്റെ അമ്മ ഉറങ്ങിയെന്ന് വിചാരിച്ചു ഇവൾ അവന് വേണ്ടി കതക് തുറന്ന് കൊടുക്കുന്നത് ആരും അറിയുന്നില്ലെന്നായിരുന്നു ഇവള്ടെ വിചാരം. തെളിവോടെ നിങ്ങളുടെ മുന്നിൽ പറയണമെന്ന് വിചാരിച്ചു കഴിഞ്ഞ തവണ ഞാൻ പോയപ്പോൾ ഞങ്ങൾടെ ബെഡ്റൂമിലും ഹാളിലും ഒക്കെ ഒളി ക്യാമറ വച്ചിരുന്നു.

 

അതിലുള്ളത് നിങ്ങളെ കാണിക്കാൻ എനിക്ക് അറപ്പുണ്ട്. ഞാൻ പറയുന്നത് സത്യമല്ലെന്ന് അവൾ പറഞ്ഞാൽ ക്യാമറയിൽ പതിഞ്ഞതൊക്കെ എല്ലാരേം മുന്നിൽ വച്ച് ഞാൻ കാണിക്കാം.” കൈകൾ കെട്ടി നിർവികാരനായി ഉദയൻ നിന്നു.

 

“ഈ കേട്ടതൊക്കെ സത്യമാണോടി മൂദേവി.” അനുപമയുടെ അമ്മ അവളുടെ ചെകിടത്തു ആഞ്ഞടിച്ചു.

 

“സത്യം തന്നെയാ… എനിക്ക് ഒരു കുട്ടീനെ തരാൻ ഇയാൾക്ക് കഴിവില്ല. എന്നിട്ടോ പത്തു കൊല്ലമായി കെട്ടിയ ഭാര്യയെ ഇവിടെ ഇട്ടിട്ട് അയാൾ ഗൾഫിൽ പോയി കിടന്ന് കാശുണ്ടാക്കുന്നു. ഒരു കുട്ടി പോലുമില്ലാതെ ഇയാൾ ആർക്ക് വേണ്ടിയാ ഇങ്ങനെ കിടന്ന് പണം ഉണ്ടാക്കുന്നത്.

 

എന്നെ കൂടെ കൊണ്ട് പോകാൻ കാല് പിടിച്ചു ഞാൻ പറഞ്ഞതാ. അപ്പോ അമ്മ ഒറ്റയ്ക്കാവുമെന്ന് പറഞ്ഞ് എങ്ങോട്ടും കൊണ്ട് പോയില്ല. വയസ്സാം കാലത്ത് ഈ തള്ളയ്ക്ക് ഇവിടിങ്ങനെ കിടക്കാതെ മോന്റേം മോളേം കൂടെ മാറി മാറി നിൽക്കായിരുന്നു. അപ്പോ വീട് വിട്ട് ഞാൻ എങ്ങോട്ടുമില്ലെന്ന് ഇവരും ഇവിടെ തന്നെ കടിച്ചു തൂങ്ങി. എനിക്കും എന്റെ ഭർത്താവിനൊപ്പം നിൽക്കാൻ ആഗ്രഹം ഉണ്ടായിരുന്നു. എല്ലാരേം പോലെ വികാരം അടക്കി കുറേ നാൾ ജീവിച്ചു മതിയായപ്പോൾ ഇഷ്ടപ്പെട്ട ആണിന്റെ കൂടെ തോന്നിയ പോലെ ഞാൻ ജീവിച്ചു. ഇതിൽ എന്നെ മാത്രം ആരും കുറ്റപ്പെടുത്തണ്ട. സുധീഷ് വിളിച്ചാൽ ഞാൻ കൂടെ പോവേം ചെയ്യും.”

 

അനുപമ ആരെയും കൂസാതെ പറഞ്ഞു.

 

“നിന്റെ കാമുകന് കൊടുക്കാനുള്ളത് ഇന്നലെ രാത്രി തന്നെ ഞാൻ കൊടുത്തു. അവനിപ്പോ ഈ നാട് വിട്ടിട്ടുണ്ടാക്കും. നിന്നെ പോലുള്ള പെണ്ണുങ്ങൾക്ക് ഒരു വിചാരമുണ്ട്. കല്യാണം കഴിഞ്ഞ നിന്നെയൊക്കെ ആണുങ്ങൾ പ്രേമിക്കുന്നത് ആത്മാർത്ഥമായിട്ടാണ് എന്ന്. അതൊക്കെ അവന്മാരുടെ മുതലെടുപ്പിന് വേണ്ടിയുള്ള നാടകം മാത്രാടി. നീ ഇത് അനുഭവിക്കണം. എന്നെ ചതിച്ചതിനു നാട്ടുകാർക്കും വീട്ടുകാർക്ക് മുന്നിലും നാണം കെട്ട് നീ ജീവിക്കുന്നത് എനിക്ക് കാണണം. അതാ നിനക്ക് ഞാൻ തരുന്നത്.

 

ഇത്തവണ എല്ലാം നിർത്തി വരാൻ ഇരുന്നതാ ഞാൻ. കാരണം ചേച്ചിയേ കെട്ടിച്ച കടം തീർന്നത് മൂന്നു കൊല്ലം മുൻപായിരുന്നു. നമുക്ക് ജീവിക്കാൻ എന്തെങ്കിലും സമ്പാദിച്ചു വരാമെന്ന് കരുതി അവിടെ പിടിച്ചു നിന്നതാ.. അപ്പഴാ നീയെന്നെ ചതിച്ചത്. നീയീ പറഞ്ഞ വികാരവും വിചാരവും അടക്കി തന്നെയാടി ഇത്ര കൊല്ലം ഞാൻ അവിടെ ജീവിച്ചത്. ബന്ധങ്ങളുടെ വില നിനക്കൊന്നും അറിയില്ല.”

 

“ഞാൻ ചെയ്തതിൽ എനിക്കൊരു തെറ്റും ഇപ്പോഴും തോന്നുന്നില്ല. നിങ്ങളും നിങ്ങളെ അമ്മയും കാരണം തന്നെയാ ഞാൻ ഇങ്ങനെ ആയിപോയത്.”

 

“നിന്ന് ചാരിത്ര്യ പ്രസംഗം നടത്താതെ ഇറങ്ങി പോടീ.” അനുപമയുടെ മുഖമടച്ച് ഒരടി കൊടുത്തു കൊണ്ട് അവൻ പറഞ്ഞു.

 

“ഇങ്ങോട്ട് വാടി നശിച്ച ജന്മമേ.” അവളുടെ കൈ പിടിച്ചു വലിച്ചു കൊണ്ട് അനുപമയുടെ അമ്മ പുറത്തേക്ക് നടക്കുമ്പോ അവൾ കലിയോടെ ഉദയനെ നോക്കി പല്ലിറുമുന്നുണ്ടായിരുന്നു.

 

സംതൃപ്തിയോടെ ഉദയൻ അവളെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു.

 

ഹേര

Leave a Reply

Your email address will not be published. Required fields are marked *