കാണുമ്പോഴൊക്കെ അശോകന് എന്നെ ചുംബിക്കണം. എനിക്കുമത് ഇഷ്ടമായിരുന്നു. കവിളിലും ചുണ്ടിലുമൊക്കെ മീശ കുത്തുമ്പോൾ തന്നെ ഞാൻ വില്ല് പോലെ വളയും

പൂർവ്വ പ്രണയമാണ് അശോകൻ. അതുകൊണ്ട് തന്നെ, ആ പോയകാലത്തിന്റെ പ്രിയപ്പെട്ടവൻ വീണ്ടും മുന്നിൽ തെളിഞ്ഞപ്പോൾ തീർത്തും അവഗണിക്കാൻ സാധിച്ചില്ല. പരിഗണിക്കാനും പറ്റിയില്ല.

 

ഒരു മാസമായി കയ്യിലൊരു പനിനീർ പൂവുമായി അശോകൻ എന്നെ കാത്തിരിക്കുന്നുണ്ട്. ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഇടനാഴിയിൽ അയാളെ കാണുമ്പോഴെല്ലാം എന്റെ മുട്ട് വിറക്കും. കല്ല്യാണം കഴിഞ്ഞിട്ട് കുട്ട്യോള് രണ്ടായെന്ന് പറഞ്ഞിട്ടും രക്ഷയില്ല. ഞാൻ വേണമെത്രെ അയാൾക്ക്. എന്തിനാണെന്ന് ചോദിച്ചാൽ, ഉമ്മ വെക്കാനാണെത്രെ!

 

പണ്ടും അങ്ങനെ തന്നെയാണ്! കാണുമ്പോഴൊക്കെ അശോകന് എന്നെ ചുംബിക്കണം. എനിക്കുമത് ഇഷ്ടമായിരുന്നു. കവിളിലും ചുണ്ടിലുമൊക്കെ മീശ കുത്തുമ്പോൾ തന്നെ ഞാൻ വില്ല് പോലെ വളയും. അത് കാണുമ്പോൾ അശോകന് ആർത്തിയാണ്. എന്റെ ദേഹത്ത് അയാൾ തൊടാത്ത ഒരിടം പോലും ഇല്ലെന്ന് തന്നെ പറയാം.

 

പക്ഷെ, ഞാൻ ഇപ്പോഴൊരു ഭാര്യയാണ്. ഭാര്യയെന്നാൽ ഒരു പുരുഷനിൽ മാത്രം ഒതുങ്ങേണ്ടവളാണ്. അതാണ് നാടിന്റെ സംസ്ക്കാരം. ഭർത്താക്കന്മാർക്ക് ഇത് ബാധകമാണോയെന്ന് അറിയില്ല.

 

പിള്ളേരുടെ അച്ഛൻ എന്നെ പെണ്ണ് കാണാൻ വന്നപ്പോൾ അശോകനുമായുള്ള ബന്ധം ഞാൻ പറഞ്ഞതായിരുന്നു. പഞ്ചറ് കടക്കാരന് നിന്നെ കെട്ടിച്ച് കൊടുക്കില്ലായെന്ന് അച്ഛൻ പറഞ്ഞതും ഞാൻ ആ മനുഷ്യനോട് പറഞ്ഞു. സ്വയം ഒഴിയുമെന്ന് കരുതി. എന്നെ സഹായിക്കുമെന്ന് പ്രതീക്ഷിച്ചു. ഉണ്ടായില്ല. അങ്ങേർക്ക് എന്നെ തന്നെ മതിയായിരുന്നു.

 

പോരാടാനൊ, അശോകന്റെ കൂടെ ഇറങ്ങി പോകാനൊ എനിക്ക് കഴിഞ്ഞില്ല. എന്റെ വിവാഹം കഴിഞ്ഞപ്പോൾ അശോകൻ നാട് വിട്ടെന്നാണ് അറിഞ്ഞത്. വർഷങ്ങൾക്ക് ശേഷം ഇങ്ങനെ മുന്നിൽ പ്രത്യക്ഷപ്പെടുമെന്ന് കരുതിയതേയില്ല. ചെറുതല്ലാത്തയൊരു കുറ്റബോധം ഉണ്ടായതുകൊണ്ട് സംസാരിക്കാതിരിക്കാനും കഴിഞ്ഞില്ല.

 

എന്റെ ഭർത്താവ് എനിക്ക് യാതൊരു കുറവും വരുത്തിയിട്ടില്ല. ജോലി ചെയ്യാനുള്ള എന്റെ താൽപ്പര്യം പോലും മടിയില്ലാതെ അനുവദിച്ചിരുന്നു. പക്ഷേ, പിള്ളേരുണ്ടായതിന് ശേഷം അങ്ങേർക്ക് രഹസ്യങ്ങൾ കൂടിയിട്ടുണ്ട്. ചോദിച്ചാൽ നമ്മുടെ കുടുംബം മറന്നൊരു വിഷയവും ഇല്ലെന്നായിരിക്കും ഉത്തരം. കൂടുതൽ ചികയാനുള്ള അവസരമൊന്നും പിന്നീട് ഉണ്ടാകില്ല. അവർ ആണുങ്ങൾക്ക് അങ്ങനെ പല രഹസ്യങ്ങളും ഉണ്ടാകുമെന്ന് അമ്മയും ഉപദേശിച്ചു. കുടുംബം തകർന്നാൽ എല്ലാവരും പെണ്ണിനെ മാത്രമേ കുറ്റം പറയുള്ളൂവെന്നും അമ്മ ചേർത്തിരുന്നു.

 

ദാമ്പത്യത്തിൽ ഏർപ്പെട്ടവർ പരസ്പരം പലതും മറച്ച് പിടിക്കുമ്പോഴാണ് ബന്ധം അകന്ന് പോകുന്നത്. ജീവിതം പങ്കിടാൻ ചേർന്ന കൂട്ടാളിയിൽ യാതൊരു പ്രാധാന്യവും തനിക്ക് ഇല്ലെന്ന് അറിയുമ്പോൾ ആർക്കാണ് വിട്ട് പോകാൻ തോന്നാതിരിക്കുക!

 

അന്നും ജോലി കഴിഞ്ഞ് ഇറങ്ങുന്ന ഇടനാഴിയിൽ അശോകൻ ഉണ്ടായിരുന്നു.

 

‘ഇത് നീ വാങ്ങിക്കണം…ഇനി ശല്ല്യപ്പെടുത്താൻ ഞാൻ വരില്ല.’

 

പനിനീർ പൂക്കൾ ഉൾപ്പെടുന്നയൊരു ചെറിയ ചെമ്പ് കുടം നീട്ടി കൊണ്ടാണ് അയാൾ അത് പറഞ്ഞത്. മനോഹരമായിരിക്കുന്നു! എന്തൊകൊണ്ടോ, എനിക്കത് വാങ്ങാതിരിക്കാൻ സാധിച്ചില്ല. പതിവ് പോലെ നീളൻ സംസാരങ്ങളൊന്നും നടത്താതെ അശോകൻ പോയി. കഴിഞ്ഞ നാളുകളിലൊന്നും അനുഭവപ്പെടാതിരുന്ന ദുഃഖം ആ നേരം തോന്നിയിരുന്നു. കഴിഞ്ഞ കാലത്തിന്റെ പ്രേമയോർമ്മകളെല്ലാം തലയിൽ അനങ്ങുന്നത് പോലെ…

 

ഒരു ഭാര്യയ്ക്ക് തന്റെ ഭർത്താവിനെ അല്ലാതെ മറ്റാരെയും ഹൃദയത്തോട് പരിഗണിക്കാൻ പാടില്ലായെന്ന പൊതു ധാരണയാണ് ഞാൻ തിരുത്തിയിരിക്കുന്നത്. പ്രകടിപ്പിക്കുന്നില്ലെങ്കിലും അശോകനെ ഞാൻ ഇപ്പോഴും ഇഷ്ടപ്പെടുന്നുവെന്നത് തന്നെയാണ് സത്യം! എന്നിട്ടും, മാനം ഇടിഞ്ഞു വീണില്ല. മിന്നലും പേമാരിയും സംഭവിച്ചില്ല. ഭൂമിക്ക് യാതൊരു മാറ്റവും ഇല്ല. കയറേണ്ട ബസ്സ് പോലും കൃത്യമായ നേരത്ത് വന്നിരിക്കുന്നു.

 

അശോകൻ തന്ന സമ്മാനം വീട്ടിലെ മുൻപടികളുടെ അരികിലായി തന്നെ ഭദ്രമായി ഞാൻ വെച്ചു. അപ്പോഴും അതൊരു രഹസ്യമായി സൂക്ഷിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. അശോകൻ വീണ്ടും മുന്നിൽ തെളിഞ്ഞ വിഷയം ഭർത്താവിനോട് പറയണമെന്ന് തോന്നിയിരുന്നു. അതിനായി കാത്ത് നിന്ന ആ രാത്രിയിൽ അങ്ങേര് വൈകിയാണ് വന്നത്. എന്ത്‌ പറ്റിയെന്ന് ചോദിച്ചപ്പോൾ ഒരിടം വരെ പോയിരുന്നുവെന്ന് മാത്രം മറുപടി തന്നു.

 

‘ഏത് ഇടം?’

 

ഉത്തരം ഉണ്ടായില്ല. അതൊക്കെ നീയെന്തിനാണ് അറിയുന്നതെന്ന് ചോദിച്ച് അങ്ങേര് കുളിക്കാൻ പോയി. എനിക്ക് ദേഷ്യം തോന്നി. ഭർത്താവിന് വിഷയങ്ങൾ ഒളിക്കാൻ സാധിക്കുന്നുണ്ടെങ്കിൽ അശോകന്റെ കാര്യം എന്തിന് പറയണമെന്ന് ഞാനും ചിന്തിച്ചു.

 

കഴിഞ്ഞ ചില വർഷങ്ങളായി ഇങ്ങനെ തന്നെയാണ് ഞങ്ങൾക്ക് ഇടയിലെ സ്ഥിതി. നിന്റെ ഭർത്താവിനെ മറ്റൊരു പെണ്ണുമായി കണ്ടെന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. സ്ഥാപിക്കാൻ മാത്രം യാതൊരു തെളിവും എനിക്ക് ഉണ്ടായിരുന്നില്ല. അത് അറിയുന്നത് കൊണ്ടാണ് അങ്ങേരുടെ ഈ ഉരുണ്ടുകളി..

 

‘ഗോപേട്ടാ… സത്യം പറ… എന്നോടെന്താണ് ഒളിക്കുന്നത്?’

 

ആ രാത്രിയിൽ പിള്ളേര് ഉറങ്ങിയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ഞാൻ വീണ്ടും ചോദിച്ചു. നിനക്ക് വെറുതേ തോന്നുന്നതാണെന്നും പറഞ്ഞ് അങ്ങേര് ചെരിഞ്ഞ് കിടക്കുകയാണ് ഉണ്ടായത്.

 

‘എന്നാൽ എനിക്കുമൊരു രഹസ്യമുണ്ട്…!’

 

ഞാൻ പറഞ്ഞു. തത്സമയം തന്നെ അത് എന്താണെന്ന് ചോദിച്ച് ഭർത്താവ് തിരിഞ്ഞ് കിടന്നു. പറയാൻ മനസ്സില്ലെന്ന് പറഞ്ഞ് ഞാൻ മുഖം പുതച്ചു. ഉറങ്ങാൻ അങ്ങേര് എന്നെ സമ്മതിച്ചില്ല. എന്ത്‌ രഹസ്യമാണ് ഞാൻ സൂക്ഷിക്കുന്നതെന്ന് ആ മനുഷ്യന് അറിഞ്ഞേ പറ്റൂ…

 

അല്ലെങ്കിലും പിള്ളേരുടെ അച്ഛനൊരു സ്വാർത്ഥനാണ്. തന്റേത് മറച്ച് പിടിച്ച് മറ്റൊരാളുടെ ഉള്ള് തിരയുന്ന ആ സ്വഭാവം ആരിലായാലും എനിക്ക് ഇഷ്ടമല്ല. നിങ്ങള് പറഞ്ഞാലെ പറയുകയുള്ളൂവെന്ന് പറഞ്ഞ് ഞാൻ വീണ്ടുമെന്റെ മുഖത്തേക്ക് പുതപ്പ് വലിച്ചിട്ടു. അന്ന്, അങ്ങേർക്ക് ഉറക്കം ഉണ്ടായിരുന്നില്ല. താൻ അറിയാത്ത എന്ത്‌ രഹസ്യമാണ് ഭാര്യക്കെന്ന് ഓർത്ത് കൊണ്ടായിരിക്കണം തിരിഞ്ഞും മറിഞ്ഞും കിടന്നത്.

 

രഹസ്യങ്ങൾ അങ്ങനെയാണ്. തന്റേതെന്ന് തോന്നുന്ന മനുഷ്യരിൽ നമുക്ക് അറിയാത്തതായി ഏറെ കാര്യങ്ങളുണ്ടെന്ന് തോന്നുമ്പോൾ മനുഷ്യരുടെ തലയ്ക്ക് ചൂട് പിടിക്കും. വിധിയിൽ പഴിക്കാതെ കുടുംബമെന്ന് ചേർത്ത് പിടിച്ചിട്ടും ഭർത്താവിന്റെ മറയില്ലാത്ത ജീവനെ എനിക്ക് കിട്ടിയില്ല. ഒരാൾ എന്തെങ്കിലും ഒളിക്കാൻ ശ്രമിക്കുന്നത് കള്ളത്തരങ്ങൾ കാട്ടുമ്പോൾ അല്ലാതെ മറ്റ് എന്തിനാണല്ലേ…!

 

ഉറക്കത്തിലേക്ക് മറിഞ്ഞ് വീണ എന്റെ മുഖത്ത് ആരോ തട്ടി വിളിക്കുന്നത് പോലെ തോന്നി. പതിയേ ഞാൻ കണ്ണുകൾ തുറന്നു.

 

‘എന്താണ് നിന്റെ രഹസ്യം…?’

 

ആ പാതി ബോധത്തിലും നിങ്ങള് പറഞ്ഞാലേ പറയുള്ളൂവെന്ന് എനിക്ക് പറയാൻ കഴിഞ്ഞിരുന്നു. ഭർത്താവിന് ദേഷ്യം വന്നു. നിനക്ക് അറിയുന്നതല്ലേയെന്ന് ശബ്ദിച്ചു. തനിക്കൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് തുറന്ന് പറയാൻ അപ്പോഴും ഭർത്താവിന് സാധിച്ചില്ല. ആണുങ്ങളായാൽ അങ്ങനെയൊക്കെ ഉണ്ടാകുമെന്ന് മാത്രം അങ്ങേര് ചേർത്തു..

 

‘എനിക്കും ഒരാളെ ഇഷ്ടമാണ്.’

 

എന്താണ് എന്റെ രഹസ്യമെന്ന് അങ്ങേര് ചോദിക്കാൻ തുടങ്ങുമ്പോഴേക്കും ഞാൻ പറഞ്ഞതാണ്. നമ്മുടെ കുടുംബം മറന്നൊന്നും ആ ഇഷ്ട്ടം പോകില്ലെന്ന് കൂടി ഞാൻ ചേർത്തൂ… അങ്ങേർക്ക് മറുപടി ഉണ്ടായിരുന്നില്ല.

 

ഞാൻ വെറുതേ പറഞ്ഞതായിരിക്കുമെന്ന് ചിലപ്പോൾ തോന്നിയിട്ടുണ്ടാകും. അല്ലെങ്കിൽ, ആരോടാണ് എന്റെ ഇഷ്ടമെന്ന് അങ്ങേര് എന്നോട് ചോദിക്കുമായിരുന്നു. ചോദിച്ചിരുന്നുവെങ്കിൽ ഞാനെന്ത് പറയും! മുൻപടികളുടെ അരികിലെ പനിനീർ ചെടിയിലേക്ക് ചൂണ്ടാം..! ആ ചെമ്പ് കുടത്തിൽ അശോകൻ ആണെന്നത് എനിക്ക് മാത്രമല്ലേ അറിയുകയുള്ളൂ…!!!

 

ശ്രീജിത്ത് ഇരവിൽ

Leave a Reply

Your email address will not be published. Required fields are marked *