കുരിവികളുടെ വികാര ബലം പോലും നമുക്ക് ഇല്ലായെന്നതാണ് സത്യം. ചെറുതാണെങ്കിലും ഒത്തൊരുമയോടെ സമൂഹമായി ജീവിക്കുന്ന എത്രയോ മൃഗങ്ങൾ വേറെയുമുണ്ട്.

കളിയാക്കലുകൾ കൊലപാതകങ്ങൾക്ക് തുല്ല്യമാണ്. നീയൊക്കെ എന്തിനാണ് ജീവിക്കുന്നതെന്ന് ക്ലബ്ബിലെ പലരും എന്നോട് ചോദിക്കാറുണ്ട്. സമ പ്രായക്കാരനായ സാബുവിൽ നിന്നാണ് കൂടുതലും കേട്ടിട്ടുള്ളത്. എന്തുകൊണ്ടാണ് അങ്ങനെയൊരു ചോദ്യം ഓരോ ഇടവേളകളിലും എന്നെ സ്പർശിക്കുന്നതെന്ന് ചോദിച്ചാൽ ഞാനൊരു കഴിവു കെട്ടവനാണെന്നേ എല്ലാവർക്കും പറയാനുണ്ടാകൂ…

 

അതിന്റെ കാരണം അറിയണമെങ്കിൽ ഞങ്ങളുടെ ‘ദേശം’ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ്ബിലേക്ക് ഒരിക്കലെങ്കിലും വന്നിരിക്കണം.

 

അമ്പതോളം അംഗങ്ങൾ ഉണ്ടെങ്കിലും സ്ഥിരമായി പത്തുപേരൊക്കെയെ വൈകുന്നേരങ്ങളിൽ ക്ലബ്ബിൽ എത്താറുള്ളൂ. ഞായറാഴ്ചകളിൽ ഇരുപതോളം ആൾക്കാരെങ്കിലും എത്തും. അങ്ങനെ വരുന്ന അവധി നാളുകളിൽ പഞ്ചായത്ത് ഗ്രൗണ്ടിൽ ക്രിക്കറ്റോ കാൽപ്പന്ത്‌ കളിയൊ സംഭവിക്കും. അല്ലാത്ത നാളുകളിൽ ഷട്ടിലും, ചെസ്സും, കാരംസും, പാട്ടും, ഡാൻസുമൊക്കെയാകും. എല്ലാം കൊണ്ടും എന്റെ വൈകുന്നേരങ്ങൾ മനോഹരമാണ്. അതൊക്കെ കണ്ണോട് കണ്ട് ആസ്വദിക്കാൻ ഞാൻ ക്ലബ്ബിൽ എത്താറുണ്ട്. എന്നിട്ടും കൂട്ടാളികൾക്ക് ഇടയിൽ ഒന്നിനും കൊള്ളാത്തവനായി ഞാൻ മാറിയിരിക്കുന്നു.

 

‘ബാറ്റ് പിടിക്കാൻ അറിയോ നിനക്ക്?’

 

അന്ന് സാബു ചോദിച്ചതാണ്. ഇതു പോലെ ഒന്നിനും കൊള്ളാത്തവരായി കുറേ പേരുണ്ടെന്നും കാരംസ് കളിക്കുന്നതിന് ഇടയിൽ അവൻ പറഞ്ഞു. ഞാൻ കാര്യമാക്കിയില്ല. കുറ്റിക്കാട്ടിൽ പോയ പന്ത് കണ്ടുപിടിക്കാൻ പോലും എനിക്ക് അറിയില്ലായെന്ന് പറഞ്ഞാണ് കൂട്ടത്തിലെ ഏറ്റവും ഇളത് പൊട്ടിച്ചിരിച്ചത്.

 

ഒരാൾ മറ്റൊരാളെ ഒന്നിനും കൊള്ളാത്തവനായി ചിത്രീകരിക്കുമ്പോൾ ആത്മാഭിമാനം ഉള്ള ആരായാലും ഒന്ന് പ്രതികരിച്ചു പോകും. എനിക്ക് അതും ഇല്ലെന്ന് തോന്നുന്നു. ഇങ്ങനെയൊക്കെ ജീവിച്ച് പോയിക്കോട്ടെയെന്ന് മാത്രമേ എല്ലാത്തിനും മറുപടിയായി ഞാൻ പറയാറുള്ളൂ…

 

നമ്മളൊക്കെ മനുഷ്യരാണ്. രണ്ട് കാലിൽ നിവർന്ന് നടക്കാൻ പറ്റുന്ന വളരെയേറെ സാമർത്ഥ്യമുള്ള മൃഗങ്ങൾ. എല്ലാവരും മൃഗങ്ങളാണെന്ന് പറഞ്ഞപ്പോൾ കാരംസ് കളിക്കുന്നുണ്ടായിരുന്നവർ എന്നെ കടിച്ച് കീറാൻ വന്നു. കുരങ്ങനും കുറക്കനും കരടിയുമൊക്കെ പോലെയാണ് മനുഷ്യരുമെന്ന് സമ്മതിക്കാൻ ആർക്കും പറ്റിയില്ല.

 

മറ്റു മൃഗങ്ങളിലൊന്നും ഇല്ലാത്ത എന്ത്‌ പ്രത്യേകതയാണ് മനുഷ്യരിൽ ഉള്ളത്? ആലോചിച്ചാൽ ഏറെയുണ്ട്. തലയിലെ കൗശലം കൊണ്ടുതന്നെയാണ് നമ്മൾ അധിപരായത്. അതു പോലെ തന്നെയല്ലേ എല്ലാ ജീവ വർഗ്ഗങ്ങളും.. നമുക്ക് മേലെ നിയന്ത്രണം കൊണ്ടുവന്ന് നിലനിൽക്കാൻ അവരിൽ ആർക്കും ഈ ഭൂമിയിൽ ആകുന്നില്ലായെന്നേയുള്ളൂ…

 

കുടുംബ ബന്ധത്തിന്റെ ദൃഢതയാണെങ്കിൽ കുരിവികളുടെ വികാര ബലം പോലും നമുക്ക് ഇല്ലായെന്നതാണ് സത്യം. ചെറുതാണെങ്കിലും ഒത്തൊരുമയോടെ സമൂഹമായി ജീവിക്കുന്ന എത്രയോ മൃഗങ്ങൾ വേറെയുമുണ്ട്. കരുണയും കരുതലുമുള്ള അവർക്ക് ഇടയിൽ അവകാശ പത്രങ്ങളൊന്നും ഇല്ലെന്നേയുള്ളൂ…

 

‘പറ്റുമെങ്കിൽ കാരംസ് കളിക്കാൻ ഇരിക്ക്… ‘

 

സാബുവിന്റെ വാക്ക് കേട്ട് അച്ചുവെന്ന പന്ത്രണ്ടാം തരക്കാരൻ എഴുന്നേറ്റു. പകരം അവരെല്ലാവരും കൂടി എന്നെ അവിടെ ഇരുത്തി. കളിക്കുന്നതൊക്കെ കണ്ടിട്ടുണ്ടെന്നല്ലാതെ സ്ട്രൈക്കർ വിരലുകൊണ്ട് തട്ടാനൊന്നും എനിക്ക് അറിയില്ലായിരുന്നു. കളിക്കണ്ടായെന്ന് പറഞ്ഞിട്ടും ആരും എന്നെ കേട്ടില്ല. ഒരു കളിയെങ്കിലും കളിച്ചേ പറ്റൂവെന്ന്. തീരേ താൽപ്പര്യമില്ലാതെ ഞാൻ ഇരുന്ന് കൊടുത്തു.

 

ഒരേ വംശത്തിൽ പെട്ടവർ തന്നെ കായികപരമായും ബുദ്ധിപരമായും തമ്മിൽ തമ്മിൽ ഏറെ വ്യത്യാസപ്പെട്ടിരിക്കും. കായിക വിനോദങ്ങളിൽ താൽപ്പര്യം ഇല്ലാതിരിക്കുന്നത് ഒരു കുറവായി തോന്നിയിട്ടില്ല. പറമ്പിലെ പുളിമരത്തിൽ കയറി പഴുത്ത പുളികളെ കുലുക്കിയിടാൻ എനിക്ക് പറ്റുന്നുണ്ട്. ആകെയുള്ള അഞ്ച് തെങ്ങിലും ഞാൻ തന്നെയാണ് കയറുന്നത്. അതൊക്കെ വിൽക്കാനുള്ള കണക്കും എനിക്ക് അറിയാം. മിച്ചമുള്ള നേരമെല്ലാം ഉണ്ണാനും, ഉറങ്ങാനും, തന്നിൽ കൊള്ളുന്നതെല്ലാം അനുഭവിക്കാനുമാണ്. അതിൽ ആസ്വദിക്കാൻ പറ്റുന്നതിനെയെല്ലാം വലിച്ചെടുക്കുക. അതിൽപ്പരം മറ്റെന്താണ് ഈ ഭൂമിയിൽ ജീവിക്കാൻ ഞാൻ അറിയേണ്ടത്.

 

‘നീയൊരു കിഴങ്ങനാണ്….’

 

ആത്മാർത്ഥമായി പ്രേമിക്കാൻ ജീവിതത്തിലൊരു പ്രേമം ഇല്ലാത്തത് കൊണ്ട് സാബു ഒരിക്കൽ പറഞ്ഞതാണ്. പണ്ട് പ്രേമിച്ചിരുന്ന പെണ്ണ് വിട്ടുപോയതും അതിനൊരു കാരണമായിരിക്കും. ഒരുമിച്ച് തോളിൽ കൈയ്യിട്ട് നടന്നിട്ടില്ലെങ്കിലും സാബുവും ഞാനും ചെറുപ്പം തൊട്ടേ അറിയുന്നവരാണ്. എന്നുവെച്ച് ആർക്കും ആരെയും പൂർണ്ണമായി അറിയാനൊന്നും പറ്റില്ലായെന്നത് അവൻ അറിയാതെ പോയി!

 

ഒരു ബന്ധവും അതിന്റെ അതേ തലത്തിൽ എപ്പോഴും നിന്ന് പോകില്ലായെന്നാണ് ഞാൻ മനസിലാക്കിയിരിക്കുന്നത്. ആർക്കും ആരെയും നിരന്തരം സ്നേഹിച്ച് കൊണ്ടേയിരിക്കാനും പറ്റില്ല. അത്രയും പ്രിയമോടെ പങ്കുവെച്ച നിമിഷങ്ങളുടെ ഓർമ്മയിൽ പലരും പരസ്പരം പിണഞ്ഞിരിക്കുന്നുവെന്നേയുള്ളൂ. ഞങ്ങൾ സ്നേഹിച്ചവരായിരുന്നുവെന്ന ഓർമ്മപ്പെടുത്തലിൽ വല്ലപ്പോഴും ചുംബിക്കുന്നുമുണ്ടാകും. അതിന് പോലും പറ്റാതെ കുരുങ്ങി നിൽക്കുന്ന എത്രയെത്ര പേരായിരിക്കും ഈ ഭൂമിയിൽ പരസ്പരം വിട്ട് വിട്ട് അന്തിയുറങ്ങുന്നത്…

 

അങ്ങനെ ചിന്തിക്കുമ്പോഴാണ് സ്നേഹമെന്ന വികാരത്തെ യഥാർത്ഥത്തിൽ കൂടുതൽ പരിചയപ്പെടാൻ സാധിച്ചത്. കായിക ഇനങ്ങളെന്ന പോലെ മനുഷ്യർ അതിനായി ബന്ധങ്ങളെയെല്ലാം വേർതിരിച്ചിട്ടുണ്ട്. ഏറെ സ്നേഹങ്ങൾ! ഓരോ സ്നേഹത്തിനും ഓരോ നിയമങ്ങൾ! രക്തബന്ധങ്ങൾക്കും ഇതര ബന്ധങ്ങൾക്കും വിവിധ മാനങ്ങൾ!

 

അത്രത്തോളം സങ്കീർണ്ണമാക്കാനൊന്നും എനിക്ക് സാധിക്കില്ല. പരസ്പര പങ്കാളിത്തം ആഗ്രഹിക്കുന്നവരുമായി ചേരുകയെന്ന ബുദ്ധി മാത്രമേ തലയിൽ പ്രവർത്തിക്കുന്നുള്ളൂ. അങ്ങനെ കൂടുന്നവരുമായി സുഖദുഃഖങ്ങൾ പങ്കുവെക്കുകയെന്നതിൽ പരം മറ്റെന്താണ് സ്നേഹത്തെ മനസിലാക്കാനുള്ളത്…

 

‘നിനക്കെല്ലാം ചത്തൂടെ.. ഇതു പോലും അറിയാതെ നീയൊക്കെ എന്തിനാണ് ജീവിക്കുന്നേ..?’

 

അവരുടെ നിർബന്ധത്തിന് വഴങ്ങി കാരംസ് കളിക്കാൻ ഇരുന്ന എന്നോട് സാബു വീണ്ടും പറഞ്ഞു. കൊള്ളേണ്ട ഇടത്ത് സ്ട്രൈക്കർ കൊള്ളാത്തതായിരുന്നു കാരണം. ഞാനൊന്നും പറയാൻ പോയില്ല. എന്നാലും പോയി ചത്തൂടെയെന്നൊക്കെ ഒരാളോട് പറയുമ്പോൾ, പറയുന്നയാൾക്ക് എന്ത് ആനന്ദമാണ് കിട്ടുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. കൂടെയുള്ളവരുടെ ഇത്തരം പറച്ചിലുകളിൽ നൊന്ത് തീർന്നവരുടെ കണക്കും ചെറുതല്ല. കുറവുകളിൽ കുരുങ്ങിയെന്ന ചിന്ത മനുഷ്യരെ മുന്നോട്ട് സഞ്ചരിപ്പിക്കാറില്ല. അങ്ങനെ നോക്കിയാൽ എല്ലാം അർത്ഥത്തിലും, കളിയാക്കലുകൾ കൊലപാതകങ്ങൾക്ക് തുല്ല്യം തന്നെയാണ്.

 

മറ്റുള്ളവരുടെ വഴിയിൽ മുടക്കം നിൽക്കുന്നത് വരെ ഒരാളെ തടയാനും ആക്ഷേപിക്കാനും ഈ ഭൂമിയിൽ ആർക്കും അവകാശമില്ലെന്ന് ഈ മനുഷ്യരൊക്കെ ഇനിയെന്നാണ് പഠിക്കുക…

 

‘എന്റെ സാബൂ… പിള്ളേരെ ചിരിപ്പിക്കാൻ എന്തിനാണ് നീ ഇങ്ങനെയൊക്കെ പറയുന്നേ… ഞാൻ എങ്ങനെയെങ്കിലും ജീവിച്ച് പൊയ്ക്കോട്ടേ…’

 

എന്റെ ഓരോ കുറവുകളും ആവർത്തിക്കുന്ന സാബുവിനോട് ഒടുവിൽ ഞാനത് പറഞ്ഞു. അപ്പോഴും

സ്ട്രൈക്കർ പിടിക്കാൻ അറിയാത്ത നീയൊക്കെ എന്തിനാണ് ജീവിക്കുന്നതെന്ന ചോദ്യമായിരുന്നു അവന് ആവർത്തിക്കാൻ ഉണ്ടായിരുന്നത്. ശേഷം, ആ റെഡ് കോയിൻ തേർഡ് പോക്കറ്റിലേക്ക് വീഴ്ത്തി ഫിനിഷ് ചെയ്തു. ലോകം കീഴടക്കിയ വിജയകനം ഉണ്ടായിരുന്നു പിന്നീടുള്ള സാബുവിന്റെ ശബ്ദത്തിന്.

 

തമാശക്കാണെങ്കിലും തോറ്റവരോടെല്ലാം ചാകാൻ പറയുന്ന മനുഷ്യരുടെ വിജയ സങ്കൽപ്പങ്ങളെല്ലാം ഇത്രയും ക്രൂരമോയെന്ന് ആ നേരം ചിന്തിച്ച് പോയി.

 

കൂട്ടത്തിൽ കേമനാണെന്ന് വരുത്താൻ എതിർത്ത് പറയാത്തവരെ അവഹേളിക്കുകയെന്നതും മനുഷ്യരുടെ പ്രത്യേകതകളിൽ ഒന്നാണ്. തന്റെ രീതികൾ തുടരാത്തവനെ അടിച്ചമർത്താൻ ശ്രമിക്കുന്നവരോട് നിങ്ങൾ തുടരൂയെന്ന് പറയാതെ ചിരിക്കാനും മനുഷ്യർ പഠിക്കേണ്ടിയിരിക്കുന്നൂ…

 

ഒരു ജീവൻ എന്തിനാണ് ജീവിക്കുന്നതെന്ന ചോദ്യം തലയിലിട്ട് എത്ര കറക്കിയാലും, തൃപ്തിയോടെ ജീവിക്കാനുള്ളതാണെന്നേ കണ്ടെത്താനാകൂ.

 

‘എടാ, മണ്ടാ… ജീവിതമെന്ന് പറയുന്നതിനൊരു അർത്ഥം വേണം… ലക്ഷ്യം വേണം… എന്തെങ്കിലുമൊക്കെ അറിഞ്ഞിരിക്കണം… ‘

 

സാബു പറഞ്ഞു. കേട്ടപ്പോൾ നിനക്ക് തെങ്ങിൽ കയറാൻ അറിയാമോയെന്ന് ചോദിക്കണമെന്ന് ഉണ്ടായിരുന്നു. സാധിച്ചില്ല. ആ സംസാരം തുടർന്ന് പോകാൻ ആഗ്രഹിച്ചില്ലെന്ന് പറയുന്നതാകും ശരി. ഇനി സാബു പറയുന്നത് പോലെ ജീവിതത്തിന് പറയാൻ മാത്രമൊരു അർത്ഥമുണ്ടെങ്കിൽ ജീവിക്കുന്ന ആൾ തന്നെയല്ലേ അത് കൽപ്പിക്കേണ്ടത്… അങ്ങനെയെങ്കിൽ, എത്രത്തോളം മനുഷ്യരുണ്ട് അത്രത്തോളം അർത്ഥങ്ങളുമുണ്ട്. മറ്റൊരുവന്റെ കുറവുകളിലേക്ക് എത്തി നോക്കുന്ന നേരങ്ങളിലൊന്നും ആരും ജീവിക്കുന്നില്ല. കേൾക്കുന്നവരെല്ലാം കൂടുതൽ ചിരിക്കുമെന്ന് അറിയാമായിരുന്നിട്ടും ഞാനത് സാബുവിനോട് പറഞ്ഞു.

 

‘എടോ, ഞാനൊക്കെ ജീവിക്കാനാണെടൊ ജീവിക്കുന്നേ…!!!’

 

ശ്രീജിത്ത് ഇരവിൽ

Leave a Reply

Your email address will not be published. Required fields are marked *