ഞങ്ങളുടെ അമ്മ മരിച്ചപ്പോൾ അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചത് അമ്മയുടെ അമ്മാവൻ്റെ മകളെ ആയിരുന്നു
എനിക്കന്ന് പതിനാറ് വയസ്സും എൻ്റെ അനുജത്തിയ്ക്ക് ഒൻപത് വയസ്സുമായിരുന്നു പ്രായം
അമ്മയുടെ സ്ഥാനം കൈയ്യടക്കിയ ചിറ്റമ്മയോട് ഞങ്ങൾക്കപ്പോൾ വെറുപ്പാണ് തോന്നിയത് ,
അവരെ ചിറ്റമ്മയായി മാത്രം കാണാനായിരുന്നു ഞങ്ങൾക്കിഷ്ടം
ഞങ്ങളോടവർ പഴയതിനെക്കാൾ സ്നേഹം പ്രകടിപ്പിച്ചെങ്കിലും അവരോട് ഞങ്ങൾക്ക് ഒട്ടും അനുഭാവം തോന്നിയില്ല
പക്ഷേ ഞങ്ങൾ ചിറ്റമ്മയോട് കാണിക്കുന്ന അവഗണന അവർ ഒരിക്കലും അച്ഛനോട് പറഞ്ഞില്ല
അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്ന് പോയപ്പോൾ ചിറ്റമ്മ ഒരു ആൺകുട്ടിയെ പ്രസവിച്ചു
അതോടെ അച്ഛൻ്റെയും ചിറ്റമ്മയുടെയും ശ്രദ്ധ മുഴുവൻ അവരുടെ കുഞ്ഞിനോടായിരുന്നു
അവര് രണ്ട് പേരും ആ കുഞ്ഞിനോട് കാണിക്കുന്ന സ്നേഹം കണ്ടപ്പോൾ ഞങ്ങൾക്ക് വല്ലാത്ത അസൂയ തോന്നി
ആ കുഞ്ഞിനോടും ഞങ്ങൾക്ക് വെറുപ്പായി,
ആ കുഞ്ഞില്ലാതായാൽ അച്ഛനെങ്കിലും നമ്മളെ സ്നേഹിച്ചേനെ അല്ലേ ചേട്ടാ,, എന്ന് പക്വതയില്ലാത്ത അനുജത്തി എന്നോട് ചോദിച്ചു
അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല ആ വീട്ടിൽ ഞങ്ങൾക്ക് അനാഥത്വം ഫീല് ചെയ്ത് തുടങ്ങിയിരുന്നു
വർഷങ്ങൾ പിന്നെയും കടന്നു പോയി ,ഞാൻ ഡിഗ്രിക്ക് ജോയിൻ ചെയ്ത സമയത്താണ് അപ്രതീക്ഷിതമായി അച്ഛൻ മരിക്കുന്നത്
ആ ഷോക്കിൽ നിന്നും മുക്തമാകാൻ കുറച്ച് ദിവസങ്ങളെടുത്തു
വീടിൻ്റെ ഒരു മുറിയിൽ ചിറ്റമ്മയും കുഞ്ഞും, മറ്റൊരു മുറിയിൽ ഞാനും അനുജത്തിയും അന്യരെ പോലെ കഴിഞ്ഞു ,മനസ്സ് ഒരുതരം അരക്ഷിതാവസ്ഥയിലായിരുന്നു
അങ്ങനെയിരിക്കെ ഒരു ദിവസം അച്ഛൻ്റെ ഓഫീസിൽ നിന്നും ചില ഉദ്യോഗസ്ഥർ വീട്ടിലേയ്ക്ക് വന്നു
അവർ അമ്മയോട് എന്തൊക്കെയോ സംസാരിച്ചു ,കുറച്ച് കഴിഞ്ഞപ്പോൾ ചിറ്റമ്മ വന്നിട്ട് എന്നെ അവർ വിളിക്കുന്നെന്ന് പറഞ്ഞു
ആകാംക്ഷയോടെ ഞാൻ അങ്ങോട്ട് ചെന്നു
അവർ എന്നോട് പറഞ്ഞത് കേട്ട് എനിക്ക് അത്ഭുതം തോന്നി
അച്ഛൻ്റെ ജോലി ആശ്രിത നിയമനമായി അമ്മയ്ക്ക് നല്കുന്നതിനെ കുറിച്ച് സംസാരിക്കാനായിരുന്നു അവര് വന്നത് ,ബി കോം ഉയർന്ന മാർക്കോടെ പാസ്സായ ചിറ്റമ്മയ്ക്ക് ഉയർന്ന ഗ്രേഡിലുള്ള ജോലി ലഭിക്കുകയും ചെയ്യുമായിരുന്നു
പക്ഷേ ,അവർക്ക് മൂന്ന് മക്കളെ പോറ്റണമെന്നും വീട്ടിൽ നിന്ന് മാറി നില്ക്കാൻ കഴിയില്ലെന്നും പകരം അവരുടെ മൂത്ത മകനായ എനിക്ക് ജോലി കൊടുത്താൽ മതിയെന്നുമാണ് ചിറ്റമ്മ അവരോട് പറഞ്ഞത്
അത് കേട്ട് എനിക്ക് സങ്കടം വന്നത് മറ്റൊന്നുമല്ല ,അവരുടെ കുഞ്ഞിനോടൊപ്പം ഞങ്ങളെയും കൂട്ടുകയും അവരുടെ ജീവിതം ഞങ്ങൾക്ക് വേണ്ടി മാറ്റി വയ്ക്കുകയും ചെയ്ത ആ അമ്മ മനസ്സ് ,അത് എൻ്റെയും അനുജത്തിയുടെയും സ്വന്തം അമ്മ തന്നെയാണെന്ന് തെളിയിക്കുന്നതായിരുന്നു
ഉദ്യോഗസ്ഥർ പോയതിന് ശേഷം ഞാനും അനുജത്തിയും കൂടി ചിറ്റമ്മയുടെ അടുത്തേയ്ക്ക് ചെന്നു
ചിറ്റമ്മേ ഞങ്ങളൊന്ന് കെട്ടിപ്പിടിച്ചോട്ടെ ,,
ഞങ്ങൾക്കവരോടുള്ള സ്നേഹം മനസ്സ് നിറഞ്ഞ് തുളുമ്പിയിരുന്നു
ഇനി മുതൽ എന്നെ അമ്മേ എന്ന് വിളിക്കാമെങ്കിൽ മാത്രം രണ്ട് പേർക്കും എന്നെ കെട്ടിപ്പിടിക്കാം,,
ചിറ്റമ്മ ഗൗരവത്തോടെ പറഞ്ഞു.
അമ്മേ ,, ഞങ്ങളോട് ക്ഷമിക്കമ്മേ,,
വിതുമ്പിക്കരഞ്ഞ ഞങ്ങളെ അവർ ഇരുകൈകളും കൊണ്ട് അവരിലേക്ക് വലിച്ചിട്ടു.
അന്ന് ഞങ്ങൾ ഒരു ശപഥമെടുത്തു
ഞങ്ങൾക്ക് വേണ്ടി ജീവിക്കുന്നഞങ്ങളുടെ സ്വന്തം അമ്മയെ ഒന്ന് നുള്ളി പോലും വേദനിപ്പിക്കില്ലെന്ന്
രചന – സജി തൈപ്പറമ്പ്.
നിങ്ങളുടെ സ്വന്തം രചനകൾ പേജിൽ ഉൾപ്പെടുത്തുവാൻ ഇപ്പോൾ തന്നെ ഇൻബോക്സിലേക്ക് മെസേജ് അയക്കൂ