അപരിചിതർക്ക് പുറമേ കൂട്ടുകാരികൾക്ക് പോലും കളിയാക്കാൻ തോന്നുന്ന വലിയ നിതംബമാണ് എനിക്ക്. അതിന്റെ ചെറുതല്ലാത്തയൊരു ദുഃഖം അതിശക്തമായി എന്നിലുണ്ട്.
എന്റെ ശരീരപ്രകൃതം അങ്ങനെ ആയതിൽ ഞാൻ എന്ത് ചെയ്യാനാണെന്ന് പറഞ്ഞ് ചിരിക്കുമ്പോഴും ഉള്ളിൽ അപകർഷതാബോധത്തിന്റെ വിരക്തി ഓരോ നാളും ഉയർന്ന് കൊണ്ടേയിരുന്നു. ആ ഉയർച്ചയിൽ ഞാൻ ഉൾവലിഞ്ഞപ്പോൾ പുറംലോകത്തിൽ പതിയേ തനിച്ചാകുകയായിരുന്നു. അതുകൊണ്ട് തന്നെ ആത്മാർത്ഥമെന്ന് പറയാൻ ഒരു സൗഹൃദവും എന്നിലേക്ക് ചേർന്നില്ല.
പ്രായത്തിൽ കവിഞ്ഞ ശരീരമാണ് എനിക്കെന്ന് അമ്മ പറയാറുണ്ട്. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലം തൊട്ട് നാട്ടിലെ ചെറുപ്പക്കാരെല്ലാം ദ്വയാർത്ഥത്തോടെ എന്റെ വഴികളിൽ എനിക്കായുള്ള കാത്തിരിപ്പ് തുടങ്ങി. അസഹനീയമായപ്പോൾ പഠിപ്പ് നിർത്തിയാലോയെന്ന് വരെ ചിന്തിച്ചു. അച്ഛനാണ് ധൈര്യം തന്നതും വീട്ടിൽ നിന്ന് ബസ്സ് സ്റ്റോപ്പിലേക്കുള്ള നടത്തത്തിൽ കൂട്ട് വന്നതും. ഒരു പെൺകുട്ടിക്ക് എന്തിനും ഏതിനും അവളുടെ അച്ഛൻ കൂടെയുണ്ടെന്ന വിശ്വാസത്തിനും അപ്പുറം മറ്റെന്ത് ധൈര്യമാണല്ലേ…
പക്ഷേ, ആ ധൈര്യത്തേയും ഇടപെട്ട ആൾക്കാരെല്ലാം ഇല്ലാതാക്കി. ഭരണിയെന്ന് വിളിച്ച് പലരുമെന്നെ കളിയാക്കുമ്പോൾ അതിനകത്ത് കയറി ഒളിച്ചിരുന്നാലോയെന്ന് വരെ തോന്നിപ്പോയി. വീട് വിട്ടാൽ പിന്നെ ശ്വസിക്കേണ്ടി വരുന്ന ശ്വാസത്തിനെല്ലാം സമൂഹത്തിന്റെ ശാസനയുള്ളത് പോലെ.. എന്നെപ്പോലെ ഉള്ളവർക്ക് ജീവിക്കാനുള്ള ഇടമല്ല ഭൂമിയെന്ന് ആരൊക്കെയോ പറയാതെ പറയുന്നത് പോലെ….
അന്ന്, കോളേജിൽ നിന്ന് വീട്ടിലേക്കുള്ള ബസ് യാത്രയിലായിരുന്നു. ഇരിക്കാൻ സീറ്റൊന്നും ഇല്ലാത്തത് കൊണ്ട് നിന്നായിരുന്നു ആ യാത്ര. പെട്ടന്നാണ് അത് ശ്രദ്ധിച്ചത്. സ്വഭാവികമല്ലായെന്ന തരത്തിൽ ഒരാളുടെ മുൻവശം പുറത്തേക്ക് ഉന്തിയ വിശാലമായ എന്റെ നിതംബത്തിൽ മുട്ടുന്നു. തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടാൽ മാന്യമായ വസ്ത്രം ധരിച്ചയൊരു ചെറുപ്പക്കാരൻ വഷളൻ ചിരിയുമായി നോക്കുകയാണ്.
ആ തിരക്കിൽ ഞാൻ ആകെ വിയർത്തുപോയി. ശബ്ദിച്ചപ്പോൾ ഇത്രേം വലിപ്പത്തിൽ പിന്നാമ്പുറം ഉണ്ടായാൽ ചിലപ്പോൾ മുട്ടുമെന്നായിരുന്നു അവന്റെ പ്രതികരണം. കേട്ടവരുടെ കണ്ണുകളെല്ലാം എന്റെ നിതംബത്തിൽ തറച്ചു.
ആദ്യമായിട്ടാണ് അങ്ങനെയൊരു ദുഃരനുഭവം ഉണ്ടാകുന്നത്. ബസ് ഇറങ്ങി നടക്കുമ്പോഴേക്കും കരഞ്ഞ് തുടങ്ങിയിരുന്നു. എന്തുപറ്റിയെന്ന് അച്ഛൻ ചോദിച്ചിട്ടും ഞാൻ ഒന്നും പറഞ്ഞില്ല. ഓരോ ജീവനിലും ബാഹ്യമായ വ്യതാസങ്ങൾ ഉൾക്കൊള്ളുന്ന പ്രകൃതിയിൽ പരസ്പരം ബഹുമാനിക്കാൻ മനുഷ്യർക്ക് പറ്റുന്നില്ല. കളിയാക്കലുകളുടെ കൂടെ ലൈംഗീക ചേഷ്ട്ടകൾക്കും ഇരയാകേണ്ടി വന്നതിൽ ഞാൻ അതീവ ദുഃഖിതയായി.
പ്രീഡിഗ്രി കഴിഞ്ഞപ്പോൾ ഇനി പഠിക്കാനൊന്നും പോകുന്നില്ലായെന്ന് അച്ഛനോട് പറഞ്ഞതാണ്. ആരോഗ്യപരമായ യാതൊരു കുഴപ്പവുമില്ലാത്ത നീ എന്തിനാണ് നിന്റെ ആകൃതിയിൽ ആകുലതപ്പെടുന്നതെന്ന് അച്ഛൻ ചോദിച്ചു. എനിക്ക് ഉത്തരം ഉണ്ടായിരുന്നില്ല. മനുഷ്യർ തരം തിരിച്ച് വെച്ച കുറവുകളിൽ പെടുന്ന ഒരാളാണ് ഞാനെന്ന ബോധം വല്ലാതെ പിടികൂടിയിരിക്കുന്നു. കൂടുതൽ അന്തർമുഖയായി ജീവിതം പിന്നേയും സഞ്ചരിച്ചു.
ആയിടക്കാണ് നിന്നെ പെണ്ണുകാണാൻ ഒരുകൂട്ടർ വരുമെന്ന് അമ്മ പറഞ്ഞത്. ആർക്കാണ് എന്നെ ഇഷ്ടപ്പെടുകയെന്ന ചോദ്യവും കൊണ്ട് ഞാൻ ഒരുങ്ങി. പറഞ്ഞ നേരത്ത് അവർ വന്നു. ചെറുക്കന്റെ കൂടെ ഉണ്ടായിരുന്നവർ എന്നെ തലങ്ങും വിലങ്ങും അളന്നു. പ്രതീക്ഷച്ചത് പോലെ വന്നവർക്ക് എന്നെ ഇഷ്ട്ടപ്പെട്ടില്ല. ജീവിതത്തിൽ വിവാഹം വേണ്ടെന്ന് വളരേ ഉറപ്പോടെ തന്നെ എനിക്കന്ന് പ്രഖ്യാപിക്കേണ്ടി വന്നു. ഒറ്റമോളുടെ മാനസികാവസ്ഥയിൽ അമ്മയ്ക്കും അച്ഛനും മുഖത്തോട്ട് മുഖം നോക്കി മൗനം വിഴുങ്ങാനേ സാധിച്ചുള്ളൂ…
പിന്നീടുള്ള എന്റെ സന്തോഷ പ്രകടനം അവർക്ക് വേണ്ടിയായിരുന്നു. ഈ വീട്ടിൽ ജീവിതം ആനന്ദത്തിൽ തന്നെയാണെന്ന് രണ്ടുപേരേയും ഞാൻ തെറ്റിദ്ധരിപ്പിച്ചു. ചിറികൾ മനപ്പൂർവ്വം ജന്മം തന്നവർക്ക് വേണ്ടി വെറുതേ ചിരിച്ച് കൊണ്ടേയിരുന്നു..
ഞങ്ങളുടെ കാലം കഴിഞ്ഞാൽ നീ തീർത്തും ഒറ്റപ്പെട്ടുപോകും മോളേയെന്ന് അച്ഛൻ ഇടക്ക് പറയാറുണ്ട്. അവരുടെ കാലം കഴിഞ്ഞപ്പോഴാണ് എല്ലാ അർത്ഥത്തിലും എനിക്കത് ബോധ്യമായത്. തലയിൽ നര തൊടാൻ പോകുന്നുവെന്ന് കാലം പറയുന്ന വേളയിൽ എന്തൊരു വിഡ്ഢിയായിരുന്നു ഞാനെന്ന് തോന്നി പോകുകയാണ്…
ലോകം എന്താണെന്ന് കുറച്ചുകൂടി ബോധ്യമായപ്പോൾ പാഴാക്കി കളഞ്ഞ നല്ല പ്രായത്തെ ഓർത്ത് ഞാൻ കരഞ്ഞു. കരയാനും കൂടിയുള്ളതാണ് ജീവിതമെന്ന് അറിഞ്ഞപ്പോൾ ചിരിക്കാൻ തോന്നി. ആ ചിരി എന്റെ മാനസികതലങ്ങളിൽ തട്ടി അട്ടഹാസമാകാൻ ഏറെ വൈകിയില്ല.
ഇതുവഴി പോകുന്നവർ എന്റെ വീട് ചൂണ്ടി അവിടെയൊരു ഭ്രാന്തി തനിച്ച് താമസിക്കുന്നുണ്ടെന്ന് പറഞ്ഞു. അത് അറിഞ്ഞിട്ടും ഉയർന്ന ചിരികളെ ഞാൻ നിർത്തിയില്ല. ചിരിയും മുറുക്കെ പിടിച്ച് പുറത്തേക്ക് നടന്നു. മറ്റുള്ളവരെ കളിയാക്കിയും ഉപദ്രവിച്ചും രസം കണ്ടെത്തുന്ന ലോകത്തിന്റെ പരിഹാസങ്ങളൊന്നും ഞാൻ കേൾക്കുന്നില്ലായിരുന്നു. കേട്ടത് എന്റെ ചിരി മാത്രം… ശ്രദ്ധിച്ചാൽ, നിങ്ങൾക്കുമത് കേൾക്കാം…!!!
ശ്രീജിത്ത് ഇരവിൽ