വയസാം കാലത്തേ അമ്മയുടെ ഓരോ ഇളക്കം. നാട്ടുകാർ ഓരോന്ന് പറഞ്ഞു കേട്ട് തൊലിയുരിഞ്ഞിട്ട് പുറത്തിറങ്ങാൻ വയ്യ ”

ശിവനും റോസിയും

(രചന: Sebin Boss J)

 

”’ ചേച്ചി … ഒരു ചായേം കൂടി കുടിച്ചാലോ ? ആറേകാലിനാ ഇങ്ങോട്ട് ലാസ്റ്റ് ബസ് ”’

 

ഗ്ലാസ്സുകൾ കഴുകി തുടച്ചു അലമാരയിൽ അടുക്കിക്കൊണ്ട് ചായക്കടയുടെ ഉള്ളിലെ ബെഞ്ചിലിരുന്ന് പുറത്തെ ചാറ്റൽ മഴയിലേക്ക് കണ്ണും നട്ടിരിക്കുന്ന സ്ത്രീയോട് ശിവൻ പറഞ്ഞു …

 

അവരുടെ മുഖത്തൊരു പുഞ്ചിരി വിടർന്നു . ബെഞ്ചിന് താഴെ വെച്ചിരിക്കുന്ന കറുത്ത തുകൽ ബാഗിൽ നിന്ന് ഗുളികയുടെ ഒരു സ്ട്രിപ്പ് എടുത്തിട്ട് അതിൽ നിന്നൊരെണ്ണം കയ്യിൽ എടുത്ത് ആ സ്ത്രീ അവനെ നോക്കി .

 

” പ്രഷറും പ്രമേഹവുമൊന്നുമില്ല . ഉറക്കം കുറവാ . അതിനുള്ളതാ .”’

 

”’ ഇപ്പോഴേ കഴിക്കണോ . അര മണിക്കൂറും കഴിഞ്ഞാൽ ലാസ്റ്റ് ബസ് വരും . മോൻ വന്നിട്ട് വീട്ടിൽ പോയി കഴിച്ചാൽ പോരെ മരുന്ന് . ഇപ്പോഴേ കഴിച്ചാൽ ഉറക്കം വരില്ലേ ? ആട്ടെ ..

 

ഇവിടെയാരാ ബന്ധുക്കാരെന്ന് പറഞ്ഞത് ? ഇവിടെ കുറച്ചു വീട്ടുകാരേ കൊണ്ട് മിക്കവാറും എല്ലാരേം ഞാൻ അറിയും കേട്ടോ ”

 

ശിവൻ ഒരു ഗ്ലാസിൽ വെള്ളം എടുത്തവർക്ക് മുന്നിൽ വെച്ചിട്ട് പറഞ്ഞു .

 

”ഇവിടെ അടുത്ത് ലോഡ്‌ജോന്നുമില്ല അല്ലെ ? ഞാനിന്നിവിടെ കിടന്നോട്ടെ . നാളെ രാവിലെ എങ്ങോട്ടെങ്കിലും പൊക്കോളാം ”’ ഗുളിക കഴിച്ചിട്ട് അൽപ സമയം വെറുതെ കണ്ണടച്ചെന്തോ ആലോചിക്കുന്നപോലെ ഇരുന്നിട്ടവർ ചോദിച്ചപ്പോൾ ശിവന്റെ മുഖം വിളറി വെളുത്തു.

 

” ഏഹ് .. മറന്നുവെച്ച ബാഗ് എടുക്കാൻ പോയതല്ലേ മകൻ . . ആറേകാലിന് ആണ് ലാസ്റ്റ് ബസ് ”

 

” വന്നാൽ വരട്ടെ … വരുമെന്നെനിക്ക് തോന്നുന്നില്ല ”

 

”ഏഹ് ?”’ ശിവന്റെ കണ്ണ് മിഴിഞ്ഞു .

 

” എനിക്കിവിടെ ബന്ധുക്കാരൊന്നുമില്ല . ആകെയുള്ളത് ഈ മകനാ . അവന്റെ ചെറുപ്പത്തിലിച്ചായൻ അങ്ങ് പോയി . പിന്നെ ഓരോ പണികൾ ചെയ്തും മറ്റുമാ കുടുംബം നോക്കിയതും മകനെ പഠിപ്പിച്ചതും .

 

എന്റെ നിറവും സൗന്ദര്യവുമാ മോന് കിട്ടിയെന്നെല്ലാരും പറയും . അത് അന്നെനിക്ക് അഭിമാനമായിരുന്നു .. പക്ഷെ ഇന്ന് …. ” അവരൊന്ന് നിർത്തി .

 

ഓറഞ്ച് ബ്ലൗസും സെറ്റ് സാരിയും ധരിച്ച അവർക്ക് നാൽപതോ നാൽപ്പത്തിയഞ്ചോ വയസുണ്ടാകും . സ്വർണ ഫ്രയിമുള്ള വട്ടക്കണ്ണട , കഴുത്തിൽ കനമുള്ള സ്വർണമാല . കയ്യിലുമുണ്ട് നല്ല തൂക്കം വരുന്നൊരു ബ്രെസ്‌ലെറ്റ് .മെന്ന് ശിവന് തോന്നി .

 

കണ്ണിലെ തിളക്കം അൽപം മങ്ങിയതൊഴിച്ചാൽ അവരുടെ മുഖം പ്രസന്നമായിരുന്നു .

 

” അവന്റെ പഠിപ്പും സൗന്ദര്യവും കണ്ടിട്ടാവും നല്ല കുടുംബത്തിലെ ഒരു പെണ്ണുമായി സ്നേഹത്തിലായി . എനിക്കെന്താണ് ആലോചിക്കാൻ …ആകെയുള്ളതൊരു മകൻ ..

 

അവനുവേണ്ടിയല്ലേ ഞാൻ ജീവിക്കുന്നത് തന്നെ. അവനും അവളും വിദേശത്ത് . മക്കള് മൂന്നായി അവന് . ഞാനൊന്ന് കണ്ടിട്ട് പോലുമില്ല കൊച്ചുമക്കളെ . കല്യാണം കഴിഞ്ഞവളേം ”

 

” ഇപ്പൊ വന്നല്ലോ മോൻ … ഇനി ചേച്ചിക്ക് പേടിക്കാനില്ലല്ലോ ..സന്തോഷമായില്ലേ ?”’

 

”’ഹ്മ്മ് …സന്തോഷം … ” അവരുടെ മുഖത്ത് നിർവികാരഭാവമായിരുന്നു

 

” കൊട്ടാരം പോലോരുവീടുണ്ടാക്കിയിട്ടുണ്ട് . എനിക്ക് കൂട്ടിനൊരു വേലക്കാരിയും ഒരു പണിയുമെന്നെക്കൊണ്ട് ചെയ്യാൻ സമ്മതിക്കില്ല . രാവിലെ എണീറ്റ് കുളിച്ചു കാപ്പി കുടിച്ചു ടിവിയും കണ്ടിരിക്കാം . സമയാസമയത്തിന് ആഹാരം .

 

അയൽവക്കത്തൊന്നും പോകാൻ പാടില്ല . വേലക്കാരിയോട് പോലും മിണ്ടാൻ പാടില്ല . പഴയ കഷ്ടപ്പാടിന്റെ കഥകൾ ഞാൻ പറഞ്ഞറിഞ്ഞാൽ അവർക്ക് കുറച്ചിലാകുമെന്ന് കരുതിയാകും .

 

മുറ്റത്തിറങ്ങിയാൽ പോലും ഒരുങ്ങിയിറങ്ങിക്കോണം . സമ്പത്തിന്റെ പെരുമ കാണിക്കാൻ ”’ തന്റെ കയ്യിൽ കിടക്കുന്ന ആഭരണങ്ങളിലേക്ക് നോക്കി അവരൊന്ന് ചിരിച്ചു …മങ്ങിയ ചിരി .

 

” പിന്നെയെന്താ ഇവിടെ ? മോൻ ലീവിന് വന്നപ്പോൾ കറങ്ങാൻ ഇറങ്ങിയതാണോ ?”

 

” പണ്ടൊരിക്കൽ ഞാൻ ഇവിടെ വന്നിട്ടുണ്ട് …” മഴ മാറിയപ്പോൾ ചായക്കടയിൽ നിന്ന് കാണാവുന്ന താഴ്വാരത്തിലെ പച്ചപ്പിലേക്ക് കണ്ണുംനട്ട് അവർ ശിവനോട് പറഞ്ഞു .

 

”’ സ്‌കൂളിൽ നിന്നുള്ള ടൂറിനും മറ്റും മോനെ വിടാൻ എന്നെ കൊണ്ട് ആവതില്ലായിരുന്നു . ഓരോ വർഷവും കൂട്ടുകാർ ടൂർ പോയ വിശേഷങ്ങൾ പറയുമ്പോൾ മോന്റെ കണ്ണ് നിറയുന്നത് ഞാൻ കണ്ടില്ലെന്ന് നടിച്ചു .

 

ടൂറിന് വിടാമോയെന്ന് അവനും എന്നോട് ചോദിക്കില്ലായിരുന്നു കേട്ടോ ആയിടക്ക് താഴെയുള്ള ഒരു ഏലത്തോട്ടത്തിൽ പണിക്ക് വന്നപ്പോഴാണ് ഇവിടുത്തെ വെള്ളച്ചാട്ടത്തെ പറ്റി അറിഞ്ഞത്. പിറ്റേ അവധിക്ക് മോനെയും കൊണ്ട് ഞാനിവിടെ വന്നു .

 

അന്ന് ഈ ചായക്കട നിങ്ങളല്ല കേട്ടോ .. ഒരു ചേച്ചിയും രണ്ട് പെമ്പിള്ളേരും ആയിരുന്നു . അടുത്തെവിടെയോ ആണ് വീടെന്നവർ പറഞ്ഞതെനിക്ക് ഓർമയുണ്ട്”

 

”എന്റെ അമ്മയും സഹോദരങ്ങളുമാ ”

 

” ഹ്മ്മ് … അന്നെന്നോട് അവർ വിശേഷങ്ങളൊക്കെ ചോദിച്ചിരുന്നു . ബസ് അന്നുമിന്നും ഇങ്ങോട്ടേക്ക് കുറവാണല്ലോ . ചായേടെ പൈസയുമെന്നോട് വാങ്ങിയില്ല . ”

 

” അന്ന് മോൻ എന്നോട് പറഞ്ഞു … പഠിച്ചു ജോലിയൊക്കെ കിട്ടി നമുക്കിവിടെ സ്ഥലം വാങ്ങി ഒരു വീട് വെക്കണോന്ന് … അത്രക്കിഷ്ടപ്പെട്ട് പോയിരുന്നു മോനിവിടം. വീടും സ്‌കൂളും വിട്ടെങ്ങോട്ടും പോയിട്ടില്ലാത്തത് കൊണ്ടുമാകും ”

 

” ആഹാ …അതാണ് ഞങ്ങളുടെയീ നാട് . മോനിപ്പോ പണക്കാരനായില്ലേ ? അമ്മയോട് പണ്ട് പറഞ്ഞ വാക്ക് പാലിക്കാനാവും മോൻ ചേച്ചിയേം കൂട്ടിയിങ്ങോട്ട് വന്നത് ”

 

ശിവൻ അവരെ ആശ്വസിപ്പിക്കാനെന്നപോലെ പറഞ്ഞു .

 

”’ആഹ് … ബസ് വരുന്നുണ്ടല്ലോ ”’

 

കയറ്റം കേറി ആൽമരത്തിന്റെ സമീപം ആളെയിറക്കുന്ന ബസിലേക്ക് ശിവൻ ആകാംഷയോടെ നോക്കി .

 

പക്ഷെ ആ സ്ത്രീ ബസിലേക്ക് നോക്കിയതേയില്ല .

 

” ഡാ …ശിവാ . ചോറിങ്ങെടുത്തേക്ക് ” കണ്ടക്റ്റർ ചാറ്റൽമഴയിലൂടെ ഓടി വന്നു പറഞ്ഞതും കെട്ടി വെച്ചിരുന്ന പൊതിച്ചോറ് ശിവൻ എടുത്തു കൊടുത്തു .

 

” ഗംഗേട്ടാ … ടൗണീന്ന് പാന്റും ഷർട്ടുമിട്ട ആരേലും കേറിയാരുന്നോ ? ”

 

” പാന്റും ഷർട്ടുമിട്ടെന്ന് പറഞ്ഞാൽ ഇക്കാലത്തു ആരാടാ പാന്റിടാത്തത് ? നീ കാര്യം പറയ് ?”’ കണ്ടക്റ്റർ ഗംഗാധരൻ ശിവനെ കളിയാക്കി ചിരിച്ചു

 

ശിവൻ ആ റോസിയെ ഒന്ന് നോക്കി, ഗംഗാധരനെ കണ്ണ് കാണിച്ചിട്ട് ചായക്കടയുടെ തിണ്ണയിലേക്കിറങ്ങി

 

” ഒരു ബന്ധുവീട്ടിൽ വന്നതാണ്, താഴ്വാരത്തെ ഏതോ ഹോട്ടലിൽ വെച്ച് ബാഗു മറന്ന് പോയി, എടുത്തിട്ട് വരാമെന്ന് പറഞ്ഞു പോയതാണ് ആ ചേച്ചീടെ മകൻ . ഇവിടെ ബന്ധുക്കാരൊന്നുമില്ലന്ന് ഇപ്പോളാ ചേച്ചി പറയുന്നു ”

 

”അപ്പൊ ഉപേക്ഷിച്ചു പോയതാവാനാ ചാൻസ് ” ഗംഗാധരൻ ആ സ്ത്രീയെ നോക്കിക്കൊണ്ട് ശിവനോട് പറഞ്ഞു .

 

”’ ഈശ്വരാ …കുരിശാകുമോ ? ” ശിവന്റെ മുഖം വല്ലാതായി .

 

” ഡ്രൈവറും കിളിയും ബസിലാടാ കിടക്കുന്നെ … അവളെ എന്റെ കൂടെ വിട്ടേക്ക് . നാളെ കാലത്തേ ടൗണിൽ ഇറക്കിവിട്ടെക്കാം . ” ഗംഗാധരൻ അവരുടെ ശരീരത്തുനിന്നും കണ്ണ് പറിക്കാതെ ശിവനോട് പറഞ്ഞു

 

” ഗംഗേട്ടാ … ” ശിവൻ അവിശ്വസനീയതയോടെ അയാളെ നോക്കി .

 

” നിനക്ക് പൊല്ലാപ്പാകണ്ടല്ലോയെന്നോർത്താ ”

 

” ഗംഗേട്ടാ …ഒരു ബഹുമാനം ഞാൻ തന്നിട്ടുണ്ട് …അത് കളയാതെ ഇവിടുന്നിറങ്ങിക്കോണം ഇപ്പൊ ?” ശിവന്റെ മുഖം വലിഞ്ഞുമുറുകി

 

” ഓഹ് … നീയൊരു പുണ്യാളൻ . തന്നെ അനുഭവിക്കാൻ ആരിക്കും ”’

 

” ച്ചി … ഇറങ്ങടോ ഇവിടുന്ന് ”’ ശിവൻ അയാളുടെ കഴുത്തിന് പിടിച്ചു തള്ളി .

 

”’ ഓഹോ …എന്റെ വണ്ടീലെ ആളേം കൊണ്ടാ നീ ജീവിക്കുന്നേന്ന് ഓർത്തോ ? എല്ലറ്റിനേം ഞാൻ താഴ്വാരത്തെ ഹോട്ടലിൽ കേറ്റിയിട്ടേ വരൂ …

 

ഈ ഓണംകേറാമൂലയിൽ ഞങ്ങടെ സഹായമില്ലാതെ നീ കച്ചവടം ചെയ്യുന്നതൊന്ന് കാണണം ” ഗംഗാധരൻ ഭീഷണിയെന്നോണം പറഞ്ഞപ്പോൾ ശിവന്റെ നെഞ്ചം തകർന്നു .

 

” അല്ല ചേച്ചീ … മോന്റെ ഫോൺ നമ്പറെന്തെലും ? പേര് പോലും ചോദിച്ചില്ല ഞാൻ ഇത്രേം നേരമായിട്ടും ”’ വിളറിയ മുഖം പരമാവധി സാധാരണ നിലയിലാക്കി ശിവൻ ചായക്കടയുടെ ഉള്ളിൽ കയറി അവരുടെ അടുത്ത ബെഞ്ചിലിരുന്നു

 

” റോസി …. മോന്റെ പേര് ജോൺസൺ . ഫോൺ നമ്പറൊന്നും കാണാതറിയില്ല ശിവാ മൊബൈൽ മറന്നുവെച്ച ബാഗിലാണ് . ബാഗ് മറന്നതൊന്നുമല്ല .

 

ശെരിയാണ് ….ബാഗ് അല്ല ….അവൻ എന്നെയാണ് .മറന്നുവെച്ചത് . ഹമ് … അതിന് മറന്നു വെക്കുകയെന്നല്ലല്ലോ പറയുന്നതല്ലേ ? ഉപേക്ഷിക്കുകയെന്നല്ലേ ”

 

റോസിയുടെ കണ്ഠം തെല്ലൊന്ന് ഇടറി. ശിവൻ അവരെ എങ്ങനെ ആശ്വസിപ്പിക്കുമെന്നറിയാതെ കുഴങ്ങി .

 

ഇരുട്ടിന്റെ കാഠിന്യമേറിക്കൊണ്ടിരുന്നു .

 

” കഴിക്കാം ചേച്ചി .. വല്യ കറിയൊന്നുമില്ല . ബസുകാർക്ക് സ്ഥിരമായി മൂന്നൂണ് വേണം . ഉണക്കമീനോ മറ്റോ കാണും . ഒരു ചാറും തോരനും .

 

അളവൊന്നുമറിയത്തില്ല. അമ്മയായിരുന്നു പലഹാരമുണ്ടാക്കലും ഒക്കെ . ഞാൻ അന്ന് കൂപ്പില് പണിയാ . ഒരു ചേച്ചിയുടെ കല്യാണം കഴിഞ്ഞതേയുള്ളൂ . അമ്മക്ക് പെട്ടന്നൊരു നെഞ്ചു വേദന .

 

ടൗണിൽ കൊണ്ട് പോകാൻ അൽപം താമസിച്ചു . താഴ്വാരത്തു അച്ചനെ ജീപ്പുള്ളൂ . അനിയത്തി പാതിരാത്രി ഓടിച്ചെന്ന് അച്ചനെയും കൊണ്ട് വന്നപ്പോഴേക്കും അമ്മ പോയി ”’

 

ശിവൻ ചൂട് കഞ്ഞിയും പയറും പപ്പടവും ഒരു പരിപ്പുവടയും മുന്നിലേക്ക് വെച്ച് കൊണ്ട് പറഞ്ഞു .

 

”’പിന്നെ അനിയത്തീടെ കൂടെനിന്ന് പലഹാരമുണ്ടാക്കാനും മറ്റും പഠിച്ചു . വെള്ളച്ചാട്ടത്തിന്റെ സീസണിലെ കച്ചവടമുള്ളൂ . അതും ബസുകാർക്ക് ഫ്രീയായിട്ട് ഊണ് കൊടുക്കുന്നതിനാൽ കൊണ്ട് അവർ താഴ്വാരത്തെ ഹോട്ടലിൽ നിർത്തുന്നില്ലാത്തത് കൊണ്ട് .”’

 

” ബസുകാരുടെ കച്ചവടവും പോയി അല്ലെ ?”

 

ഗംഗാധരനുമായുള്ള സംസാരം റോസി കേട്ടന്നറിഞ്ഞപ്പോൾ ശിവന് ജാള്യത തോന്നി . പക്ഷെ അവരുടെ മുഖത്ത് നിർവികാരതയായിരുന്നു .

 

” ഇവിടെ ഒത്തിരി ഇഷ്ടമായെന്ന് പറഞ്ഞില്ലേ അന്ന് മകൻ . ഒരു പക്ഷെ ഇവിടെ സ്ഥലം നോക്കാൻ വന്നതാണെങ്കിലോ ?”’ ശിവൻ അവരുടെ ചിന്ത മാറ്റിവിടാനെന്ന പോലെ ചോദിച്ചു

 

” ഇവിടെയൊക്കെ സ്ഥലത്തിനെന്തു വിലയുണ്ട് ?”

 

” ഇവിടുന്നെല്ലാരും കിട്ടുന്ന വിലക്ക് വിറ്റ് ഒഴിയുവാ . പട്ടയമില്ലല്ലോ .

 

കാലങ്ങളോളം കിടക്കാം . പരിസ്ഥിതി ലോല പ്രദേശമെന്ന് പറഞ്ഞു നല്ലൊരു വീട് പോലും വെക്കാനാവില്ല . അല്ലെങ്കിൽ ‘എന്നേ നല്ല ഹോട്ടലുകളും റിസോർട്ടുകളുമൊക്കെ വന്നേനെ . ”’ ശിവൻ കഞ്ഞിവെള്ളം മൊത്തിക്കുടിച്ചിട്ട് തുടർന്നു

 

”ഞാനും പോകണമെന്ന് കരുതിയതാ . അനിയത്തി ഇവിടെ ഒരു ചെറുക്കനുമായി ഇഷ്ടത്തിലായി . അവനിപ്പോൾ ഒരു രോഗിയാ .അതുകൊണ്ടവൾ അവന്റെയടുക്കൽ നിന്ന് മാറത്തുമില്ല . ഉള്ളറിഞ്ഞു സ്നേഹിക്കുന്നോർ അങ്ങനെയാണല്ലോ .

 

അന്ന് അമ്മ മരിച്ചതോർത്ത് വിളിപ്പാടകലെ നിന്ന് എന്നെ വിടാനും സമ്മതിക്കത്തില്ല അവൾ . പിന്നെ ജനിച്ചുവളർന്ന നാട് അല്ലെ ? അമ്മയുടെ ഓർമകളും . അതുകൊണ്ടെനിക്കും എങ്ങോട്ടും പോകാൻ തോന്നിയില്ല ”

 

”ശിവന്റെ ഭാര്യയും കുട്ടികളും ?”

 

” കല്യാണം കഴിച്ചിട്ടില്ല . പ്രാരാബ്ധതകൾ ഒക്കെയൊഴിഞ്ഞ് ആലോചന തുടങ്ങിയപ്പോൾ മുപ്പത് കഴിഞ്ഞു .ഈ പട്ടിക്കാട്ടിലേക്ക് കെട്ടിക്കയറി വരാനാർക്കും ഇഷ്ടമല്ല .

 

ഇതിനു പുറകിൽ മൂന്നേക്കറോളം സ്ഥലമുണ്ട് ഞങ്ങൾക്ക് . പട്ടയമില്ല , പക്ഷെ കൃഷി ചെയ്യാം . അത് മൂന്നായി ഭാഗിച്ചിട്ട് രണ്ട് പെങ്ങന്മാർക്കും അതിൽ നിന്നുള്ള ആദായം കൊടുക്കും . കൃഷി ഞാൻ തന്നെ . ”’

 

” പെങ്ങന്മാരൊക്കെ ?”

 

” പഴയ വീട്ടിൽ അനിയത്തിയും ഭർത്താവുമുണ്ട് . ചേച്ചി താഴ്വാരത്താ കെട്ടിച്ചുവിട്ടെ . ഒരു കടയിൽ ജോലിക്ക് പോകുന്നുണ്ട് രണ്ടാളും ”’

 

”ഹ്മ്മ് …. ഇവിടെ സ്ഥലത്തിനെന്ത് വിലയുണ്ടെന്നാ പറഞ്ഞെ ? ഇതുകൊണ്ട് വാങ്ങാൻ പറ്റുമോ ?”’

 

റോസി കഴുത്തിലെയും കയ്യിലേയും ആഭരണങ്ങൾ കാണിച്ചു ചോദിച്ചു ”

 

”ചേച്ചീ …. ”’ ശിവൻ അമ്പരപ്പോടെ അവരെ നോക്കി .

 

”’ അടച്ചുറപ്പുള്ള ഒരു വീടിന് ഇതുമതിയാകുമോ ?”’ റോസി ഉറച്ച ശബ്ദത്തിൽ ആവർത്തിച്ചു .

 

”’ മതിയാകും ചേച്ചി .. പട്ടയമില്ലാത്ത സ്ഥലത്തിന് വിലയില്ലല്ലോ . പുതിയത് പണിയാനും പറ്റില്ല . അതുകൊണ്ട് ഇവിടെയുള്ള ആരേലും വിൽക്കുന്നതുവരെ കാത്തിരിക്കണം ”

 

” മറ്റൊരുവഴിയും എനിക്കറിയില്ല . വല്ല ഓർഫനേജിലോ മറ്റോ പോകണമെങ്കിൽ അറുപത് കഴിയണമെന്ന് തോന്നുന്നു . അല്ലെങ്കിൽ അവശരായിരിക്കണം ”

 

”’ ഒരു വഴി തെളിയുന്നത് വരെ ചേച്ചിക്കിവിടെ താമസിക്കാം ..ആരുമിറക്കി വിടില്ല . ചേച്ചീടെ അനുവാദമില്ലാതെ”’

 

ശിവൻ പറഞ്ഞതും റോസിയുടെ മുഖത്ത് പ്രകാശം പരന്നു . ..ആറി തുടങ്ങിയ കഞ്ഞിയിലേക്ക് പരിപ്പുവട പൊട്ടിച്ചിട്ട് അവൾ കഞ്ഞി ആസ്വദിച്ച് കുടിക്കാൻ തുടങ്ങി .

 

” നല്ല പരിപ്പുവട .. നിനക്ക് അമ്മയുടെ കൈപ്പുണ്യം കിട്ടിയിട്ടുണ്ട് . പണ്ടത്തെ രുചി ഇന്നും നാവിലുണ്ട് ”

 

” പലഹാരങ്ങൾ ഉണ്ടാക്കും . ചോറും വെക്കും കറികൾ ആണ് വെക്കാനറിയില്ലാത്തത് ”

 

”’ ഞാൻ ഉണ്ടാക്കാം ..നല്ല ഫുഡ് ആണെങ്കിൽ ആളുകളെത്തും . ബസുകാർ സഹകരിച്ചില്ലങ്കിലും ”

 

” ചേച്ചി ഇവിടെ തന്നെ കൂടാനുള്ള പരിപാടിയാണോ ?” ശിവൻ ചിരിയോടെ ചോദിച്ചു .

 

”നീയല്ലേ പറഞ്ഞത് ഞാൻ പറയാതെ ആര് വന്നാലും ഇറക്കി വിടില്ല എന്ന് ”

 

”അത് ഒക്കെ പറഞ്ഞത് തന്നെയാ . ദേ .. ചായ്പ്പിൽ ഒരു കട്ടിലുണ്ട് . ചേച്ചിയവിടെ കിടന്നോ. ഞാൻ ഈ ബെഞ്ചിലെങ്ങാനും കിടന്നോളാം ”

 

അടുക്കളയോട് ചേർന്നുള്ള ചെറിയ ചായ്പ്പ് കാണിച്ചു ശിവൻ പറഞ്ഞു .

 

” കുടിക്കാൻ വെള്ളം വേണോ ? എന്തെങ്കിലും ഉണ്ടെങ്കിൽ എന്നെ വിളിക്കണെ ”’

 

ചായ്പ്പിൽ നിന്ന് അടുക്കളയിലേക്കുള്ള ജനാലയിലൂടെ ശിവൻ റോസിയോട് പറഞ്ഞു .

 

” മാറാൻ ഉള്ള ഡ്രെസ്സൊന്നുമില്ല അല്ലെ .. കട്ടിലിനടിയിൽ ഒരു ട്രങ്ക് പെട്ടിയുണ്ട്. അതിലെന്തെങ്കിലും കാണും . ഇവിടെ തുണിക്കടകളൊന്നുമില്ല . ആകെയുള്ളത് ഒരു പലചരക്ക് കടയാ . താഴ്വാരത്താരേലും പോകുമ്പോൾ പറഞ്ഞുവിടാം ”’

 

ശിവൻ പിറ്റന്നത്തേക്കുള്ള മാവ് അരച്ചുവെക്കുവായിരുന്നു .

 

” മാറ് … ഞാൻ ചെയ്യാം ”

 

പഴയ ഒരു കൈലിയും ബ്ലൗസും ധരിച്ചുവന്ന റോസിയെ ശിവൻ ഒരു നിമിഷം നോക്കി നിന്നു പോയി .

 

”’ ശിവാ … നിനക്കെന്നെ വിവാഹം കഴിക്കാമോ ?”’

 

ഓർക്കാപുറത്തുള്ള ചോദ്യം കേട്ടപ്പോൾ ശിവൻ ഞെട്ടിപ്പോയി . അവൻ പെട്ടന്ന് അവളിൽ നിന്നും നോട്ടം മാറ്റി കഴുകിത്തുടച്ച പ്ളേറ്റ് വീണ്ടും തുണിയെടുത്തു തുടക്കാൻ തുടങ്ങി .

 

” ചേ ..ചേച്ചി …ഞാൻ ..ഞാൻ പെട്ടന്ന് വേറെ എന്തോ ആലോചിച്ചു പോയപ്പോൾ . ഞാൻ ..ഞാനിനി ആവർത്തിക്കില്ല . ചേച്ചിക്ക് ധൈര്യമായി ഇവിടെ കഴിയാം . പേടിക്കണ്ട .അകത്തു നിന്നും കുറ്റിയിട്ടോ”

 

ശിവൻ ആകപ്പാടെ വിഷമത്തിൽ പുറത്തേക്ക് നടന്നു .

 

” പേടിയോ ? എനിക്ക് നിന്നെ ഒരിക്കലും പേടിയില്ല . പേടി ഈ സമൂഹത്തെയാണ് . ഒരാണും പെണ്ണും പ്രത്യേകിച്ച് വ്യത്യസ്ത മതക്കാർ ..

 

അതും നിന്നെക്കാൾ പത്തു പന്ത്രണ്ട് വയസിന് മൂത്തവൾ ..ഒരുമിച്ചു താമസിച്ചാൽ ഈ സമൂഹം വെറുതെവിടുമോ ? അവരുടെ സാഹചര്യം പോലും നോക്കാതെ കഥകൾ മെനഞ്ഞു ചെളി വാരി പൂശുകയെ ഉള്ളൂ …. ”’

 

” ഇവിടെയാരു വരാനാ ചേച്ചി . ?”’ ശിവൻ അവരെ ആശ്വസിപ്പിക്കാനെന്ന പോലെ വെറുതെ പറഞ്ഞു .

 

”’ കുറ്റം കണ്ടു പിടിക്കാൻ എവിടെയെന്നൊന്നുമില്ല ശിവാ .

 

നമ്മുടെ പ്രശ്നങ്ങളെക്കാൾ അയലത്തെ പ്രശ്ങ്ങളിൽ ഹരം കൊള്ളുന്നവരാണ് നമ്മൾ, അവരുടെ സ്വകാര്യതകളിൽ എത്തിനോക്കി പരിഹസിക്കുന്നവരാണ് കൂടുതലും. ‘ഞാൻ എങ്ങനെയാണ് ഇവിടെയെത്തിയതെന്ന് നിനക്കറിയാമോ ?.

 

മോന്റെ ഒരു ഫ്രണ്ടും വൈഫും അവിടെ കോളേജിൽ മാറ്റം കിട്ടി വന്നപ്പോൾ എനിക്കൊരു കൂട്ടാകുമെന്ന് പറഞ്ഞു മുകളിലെ നിലയിൽ താമസിക്കാൻ തുടങ്ങി . . അവർ വന്നതിന് ശേഷമാണ് ഞാൻ പുറത്തൊക്കെ പോകാൻ തുടങ്ങിയത് തന്നെ .

 

ടീച്ചർ രണ്ടാമത്തെ പ്രസവത്തിനായി വീട്ടിൽ പോയ സമയം എപ്പോഴത്തെയും പോലെ ഞാൻ സാറിന്റെ കൂടെ സൂപ്പർമാർക്കറ്റിൽ പോയതാണ്.അത് ആരോ മോന്റെ ചെവിയിൽ …”’

 

ശിവനൊന്നും പറയുവാനുണ്ടായിരുന്നില്ല .

 

” ഈ പ്രായത്തിൽ എനിക്ക് മോഹങ്ങളൊന്നുമില്ല ശിവാ , വികാരവിചാരങ്ങളും . ദാമ്പത്യമോഹമാണെങ്കിൽ എന്നേയാകാമായിരുന്നു .

 

നിന്റെ ജീവിതത്തെ തുലച്ചുകളയാൻ ഞാൻ നിൽക്കത്തുമില്ല . എനിക്കൊരു അഭയം കിട്ടുന്നവരെയോ നിന്റെ വിവാഹം വരെയോ ”’

 

” അനുവാദം ചോദിയ്ക്കാൻ അടുത്തൊരു അനിയത്തി മാത്രമേയുള്ളൂ . ദാമ്പത്യം തുടരുന്നതിന് മുൻപേ രോഗിയായ ഭർത്താവിനെ ഉപേക്ഷിക്കാത്ത അവൾ ഈ ബന്ധവും അംഗീകരിക്കും …

 

നേരത്തെ പറയുന്നത് ഒരിക്കൽ കൂടി ഉറപ്പിച്ചു പറയുന്നു …. ചേച്ചി പറയാതെ …..സോറി റോസി പറയാതെ ഇവിടുന്നാരും കൊണ്ട് പോകില്ല ”

 

ശിവൻ ആശ്ലേഷിച്ചപ്പോൾ റോസി നനഞ്ഞ കണ്ണുകളോടെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു .

 

– സെബിൻ ബോസ്

 

രണ്ട് മാസങ്ങൾക്കപ്പുറം

 

”’വയസാം കാലത്തേ അമ്മയുടെ ഓരോ ഇളക്കം. നാട്ടുകാർ ഓരോന്ന് പറഞ്ഞു കേട്ട് തൊലിയുരിഞ്ഞിട്ട് പുറത്തിറങ്ങാൻ വയ്യ ”

 

ഭാര്യയുടെ പിറുപിറുക്കലും ശാപവചനങ്ങളും സഹികെട്ടപ്പോൾ റോസിയുടെ മകൻ ജോൺസൺ നാട്ടിലേക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റിന്റെ കുറഞ്ഞ നിരക്ക്

നെറ്റിൽ പരതുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *