” ഗുഡ് മോർണിംഗ്.. എല്ലാർക്കും സുഖല്ലേ. ”
എൽ പി സ്കൂൾ അധ്യാപികയായി. ജോലിക്ക് കയറിയ ദിവസം ആദ്യം വിദ്യ എത്തിയത് നാലാം ക്ലാസിൽ ആയിരുന്നു.
” ഗുഡ് മോർണിംഗ് ടീച്ചർ. ”
കുട്ടികളും വളരെ സന്തോഷത്തോടെ തന്നെ അവളെ വരവേറ്റു. ആദ്യ ദിവസം ആയതിനാൽ തന്നെ പഠന വിഷയത്തിലേക്ക് കടക്കാതെ കുട്ടികളെയൊക്കെ പരിചയപ്പെട്ട് അവരോട് ഒരു അടുപ്പം ഉണ്ടാക്കാനൊക്കെ പ്ലാൻ ചെയ്താണ് വിദ്യ ക്ലാസ്സിൽ എത്തിയത്. അതുകൊണ്ട് തന്നെ അവൾ ഓരോരോ കുട്ടികളെയായി പരിചയപെട്ടു. ശേഷം അവരുമൊത്ത് തമാശയൊക്കെ പറഞ്ഞിരുന്നു കുറച്ചു നേരം.
” അപ്പോൾ അതൊക്കെ പോട്ടെ.. ഇനി ടീച്ചർ ഒരു കാര്യം ചോദിക്കാം.. നിങ്ങൾ ഓരോരുത്തരായി മറുപടി പറയണം കേട്ടോ… വലുതാകുമ്പോൾ നിങ്ങൾക്ക് ആരാകാൻ ആണ് ആഗ്രഹം ”
ആ ചോദ്യം കുട്ടികൾക്ക് എല്ലാവർക്കും ഇഷ്ടമായി. ആദ്യ ബെഞ്ചിൽ നിന്നും തന്നെ മറുപടി വന്നു തുടങ്ങി.
” എനിക്ക്. ഡോക്ടർ.. എനിക്ക് ബസ് ഡ്രൈവർ… എനിക്ക് ടീച്ചർ.. അങ്ങിനെ കുട്ടികൾ ഓരോരുത്തരും അവരവരുടെ ആഗ്രഹങ്ങൾ പറഞ്ഞു. അങ്ങിനെ മൂന്നാം ബെഞ്ചിലേക്കെത്തിയപ്പോൾ ആദ്യമിരുന്ന പെൺകുട്ടി പതിയെ എഴുന്നേറ്റു
” ആ മീനു.. പറയ് മോൾക്ക് ആരാകാൻ ആണ് ആഗ്രഹം.. ”
മുന്നേ പേര് ചോദിച്ചു പരിചയപെട്ടിരുന്നത് ദിവ്യയുടെ ഓർമയിൽ ഉണ്ടായിരുന്നു.
” എനിക്ക്… എനിക്ക്.. ”
മീനുവിന് പെട്ടെന്ന് ഒരു മറുപടി പറയുവാൻ കഴിഞ്ഞില്ല..
” ടീച്ചറെ.. അവൾക്ക് അവളുടെ അച്ഛനെ പോലെ കള്ളൻ ആകാൻ ആകും ഇഷ്ടം.. ”
” കള്ളൻ അല്ലടാ കള്ളി ”
ആൺകുട്ടികളുടെ വശത്തു പിൻ ബഞ്ചിൽ ഇരുന്ന രണ്ട് വിദ്യാർത്ഥികൾ ഉച്ചത്തിൽ വിളിച്ചു പറയുമ്പോൾ മറ്റു കുട്ടികളും അത് കേട്ട് പൊട്ടിച്ചിരിച്ചു. എന്നാൽ ദിവ്യ ഒരു നിമിഷം ചെറിയൊരു നടുക്കത്തോടെ അവർക്ക് നേരെ തിരിഞ്ഞു.
” കള്ളനോ.. എന്താ മക്കളെ നിങ്ങൾ പറയുന്നേ ചുമ്മാ അങ്ങിനെ ആരേം കളിയാക്കരുത് കേട്ടോ.. ”
ആ വാക്കുകളിൽ ചെറിയൊരു ശകാരത്തിന്റെ സ്വരം നിഴലിച്ചപ്പോൾ കുട്ടികൾ പെട്ടെന്ന് ശാന്തരായി. അത് കണ്ട് വീണ്ടും മീനുവിന് നേരെ തിരിഞ്ഞു ദിവ്യ.
” മോള് അത് കാര്യമാക്കേണ്ട കേട്ടോ അവര് ചുമ്മാ പറഞ്ഞതാ.. ”
സ്നേഹത്തോടെ അവളെ ഒന്ന് തലോടി . എന്നാൽ മീനു അപ്പോൾ പുഞ്ചിരിക്കുകയായിരുന്നു
” അത് സാരമില്ല. ടീച്ചറെ.. എന്റെ അച്ഛൻ കള്ളനാ ഇപ്പോ ജയിലിലാ.. അതാ അവര് അങ്ങിനെ പറഞ്ഞെ.. എനിക്ക് അത് കേട്ടിട്ട് വിഷമം ഒന്നുല്ല ”
വളരെ സൗമ്യമായ ആ മറുപടി ദിവ്യയെ വല്ലാതെ നടുക്കി
“ങേ.. ജയിലിലോ.. ”
അവൾ സംശയത്തോടെ നോക്കി നിൽക്കേ പെട്ടെന്ന് ഉച്ചഭക്ഷണത്തിനായുള്ള മണി മുഴങ്ങി. അതോടെ വിദ്യാർത്ഥികൾ ഒന്നടങ്കം എഴുന്നേറ്റു.
” ടീച്ചറെ.. ബെല്ലടിച്ചു. ”
പക്ഷെ അപ്പോഴും ദിവ്യയുടെ നോട്ടം മീനുവിൽ തന്നെയായിരുന്നു. ഒരു കൂസലും ഇല്ലാതെ ആ കുട്ടി വളരെ സൗമ്യയായി നിന്നിരുന്നു.
പിന്നെ അധികനേരം ക്ലാസ്സിൽ നിന്നില്ല അവൾ.. തിരികെ സ്റ്റാഫ് മുറിയിലേക്ക് നടക്കുമ്പോഴും അവളുടെ ഉള്ളിൽ മീനുവിന്റെ മുഖമായിരുന്നു.
‘എന്ത് സിമ്പിളായാണ് ആ കുട്ടി തന്റെ അച്ഛൻ കള്ളനാണെന്നും ജയിലിൽ ആണെന്നുമൊക്കെ പറഞ്ഞത്..’
അവളുടെ മനസിലെ ചിന്ത അതായിരുന്നു.
” ആ ദിവ്യ ടീച്ചറെ.. എങ്ങനുണ്ടായിരുന്നു ആദ്യത്തെ ക്ലാസ്സ്.. പിള്ളേരെ ഒക്കെ മണി അടിച്ചു വശത്താക്കിയോ.. ”
സ്റ്റാഫ് മുറിയിൽ എത്തുമ്പോൾ തന്നെ സഹ അദ്ധ്യാപകരുടെ ചോദ്യം വന്നു
” ആ കുഴപ്പമില്ലായിരുന്നു. കുട്ടികൾ ഒക്കെ നല്ല കമ്പനി ആണ്.. ”
മറുപടി പറഞ്ഞു കൊണ്ട് തന്റെ ടേബിളിന് മുന്നിലെ ചെയറിൽ ഇരുന്നു ദിവ്യ..
” ഒരുപാട് അങ്ങട് തലേൽ കേറ്റി വയ്‌ക്കേണ്ട കേട്ടോ ടീച്ചറെ.. സർക്കാർ സ്കൂൾ ആയോണ്ട് പിള്ളേരൊക്കെ ഒരു കണക്കാണ്.. നമ്മൾ ഇച്ചിരി കടും പിടുത്തം പിടിച്ചാലെ വരുതിയിൽ നിൽക്കുള്ളു.. ”
അടുത്തിരുന്ന ഇന്ദു ടീച്ചർ അടക്കം പറയവേ ഒന്ന് പുഞ്ചിരിച്ചു അവൾ ശേഷം അവർക്ക് നേരെ തിരിഞ്ഞു.
” ടീച്ചറെ.. ആ ക്ലാസ്സിലെ ഒരു മോള്… പേര് മീനു.. ടീച്ചറിന് അടുപ്പം ഉണ്ടോ ആ കുട്ടിയോട്.. ”
ആ ചോദ്യം കേൾക്കെ ഇന്ദു ടീച്ചറുടെ മുഖം വിടർന്നു.
“പിന്നില്ലാതെ.. മീനു മോള് ഇവിടുത്തെ ടോപ്പർ അല്ലെ മാത്രല്ല കലോത്സവത്തിനൊക്കെ പോയി ഡാൻസ് പാട്ട് എല്ലാത്തിനും ട്രോഫി ഒക്കെ വാങ്ങിയ മിടുക്കി കുട്ടിയാണ് ”
അവരുടെ മറുപടിയിൽ നിന്നും മീനു അവർക്ക് എത്രത്തോളം പ്രിയപ്പെട്ടവൾ ആണെന്ന് മനസിലാക്കി ദിവ്യ.
” ടീച്ചറെ ആ കുട്ടിയുടെ അച്ഛൻ.. ജയിലിലോ മറ്റോ ആണോ.. പിള്ളേര് എന്തോ കളിയാക്കുന്നത് കേട്ടു ”
തന്റെ സംശയം പതിയെ ചോദിച്ചു അവൾ.. എന്നാൽ ഇന്ദുവിന്റെ പുഞ്ചിരിച്ച മുഖം പെട്ടെന്ന് വാടി.
” അതേ ടീച്ചറെ അതൊരു ട്രാജഡി. ആള് ജയിലിൽ ആണ് ഒരു വർഷത്തേക്കോ മറ്റോ ശിക്ഷ കിട്ടി. ”
അടുത്ത ചോദ്യം ചോദിക്കാൻ അല്പം മടി തോന്നി ദിവ്യയ്ക്ക്
” അത്.. ടീ.. ടീച്ചറെ മോഷണ കുറ്റത്തിനൊ മറ്റോ ആണോ.. കള്ളനാണെന്നൊക്കെ പിള്ളേര് പറയുന്നത് കേട്ടു ”
” ഉവ്വ്.. അത് സത്യമാ ആള് ഇവിടെ അടുത്തുള്ള ഒരു വീട്ടിൽ രാത്രി കക്കാൻ കയറിയതാ.. വീട്ടുകാര് ബഹളം വച്ച് നാട്ടുകാര് കൂടി ഓടിച്ചിട്ട് പിടിച്ചു തല്ലി ചതച്ചു പോലീസിൽ ഏൽപ്പിച്ചു. ഇച്ചിരി പിടിപാട് ഒക്കെ ഉള്ള കൂട്ടരായിരുന്നു. അതുകൊണ്ട് കേസ് വന്നപ്പോ കളവ് മാത്രം അല്ല വീട്ടിലെ സ്ത്രീകളെ ഉപദ്രവിക്കാൻ ചെന്നു അവർക്ക് മുന്നിൽ നഗ്നത കാട്ടി ന്ന് ഒക്കെ ചേർത്ത് ആണ് വാദിച്ചത്. അങ്ങിനെ ശിക്ഷയും കിട്ടി.. ഇപ്പോ ആറു മാസത്തോളം ആകുന്നു. ”
ആ മറുപടി കേട്ട് അല്പസമയം മൗനമായി ഇരുന്നു ദിവ്യ..
‘അച്ഛൻ കള്ളനാണെന്ന് പറയുമ്പോൾ മീനുവിന് ഒരു നാണക്കേടും തോന്നിയില്ല മാത്രമല്ല ചെറിയൊരു അഭിമാനവും അവളുടെ മുഖത്ത് കണ്ടു. ഇതെന്താ ഈ കുട്ടി ഇങ്ങനെ പെരുമാറിയെ.. ‘
ആ ഒരു സംശയം മാത്രം ദിവ്യയിൽ ബാക്കി നിന്നു.
അപ്പോഴേക്കും പഠന കാര്യവുമായി ബന്ധപ്പെട്ടു ഒരു ടീച്ചറെ കാണാനായി മീനു സ്റ്റാഫ് മുറിയിലേക്കെത്തി. വളരെ സന്തോഷത്തോടെയാണ് ആ കുട്ടി ടീച്ചറെ കണ്ടതും സംസാരിച്ചതും എല്ലാം. ഒക്കെയും കണ്ട് നിന്ന ദിവ്യ അതിശയിച്ചു. പോകാൻ തിരിയവേ പതിയെ ദിവ്യയെ കണ്ടിട്ട് അരികിലേക്ക് ചെന്നു മീനു
” ടീച്ചറെ.. എന്റെ ആഗ്രഹം പറഞ്ഞില്ലാലോ ഞാൻ.. എനിക്ക് കഷ്ടപ്പെട്ട് പഠിച്ചു നല്ലൊരു ജോലി നേടി വലുതാകുമ്പോൾ വലിയ കാശുകാരി ആകണം.. എന്നിട്ട് നമ്മളെയൊക്കെ പോലുള്ള പാവങ്ങൾക്ക് ഒരുപാട് സഹായങ്ങൾ ചെയ്യണം.. ”
” ആഹാ അത് കൊള്ളാലോ.. അടിപൊളി ആഗ്രഹം ആണല്ലോ.. ഇത് എന്തായാലും നടക്കും കേട്ടോ മോളെ….. ”
ഇന്ദു ടീച്ചർ ആണ് മീനുവിന് മറുപടി കൊടുത്തത്. അതോടെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ആ കുട്ടി ക്ലാസ്സിലേക്ക് പോയി.
” ടീച്ചറേ.. അച്ഛൻ ജയിലിൽ ആണെന്നൊക്കെ പറയാൻ ഈ മോൾക്ക് ഒരു നാണക്കേടും ഇല്ലാലോ.. അതെന്താ അങ്ങിനെ.. ”
അടുത്ത സംശയവുമായി വീണ്ടും ഇന്ദുവിനു നേരെ തിരിഞ്ഞു ദിവ്യ..
” അത് ടീച്ചറേ ആള് കുട്ടി ആണേലും അവൾക്ക് വ്യക്തമായി അറിയാം അവളുടെ അച്ഛൻ കക്കാൻ തീരുമാനിച്ചത് അത്രത്തോളം ഗതികെട്ടിട്ട് ആണെന്ന്.”
ആ മറുപടി കേട്ട് ഒന്നും മനസിലാകാതെ ദിവ്യ നോക്കി ഇരിക്കുമ്പോൾ തുടർന്നു ഇന്ദു
” ഈ മീനുവിന്റെ അച്ഛന് ഇവിടെ എസ്റ്റേറ്റിൽ റബ്ബർ വെട്ടായിരുന്നു ജോലി. ഇവളുടെ അമ്മയാണേൽ പാവം ഒരു കിഡ്‌നിക്ക് പ്രശ്നമൊക്കെ ആയി ആകെ തളർന്ന അവസ്ഥയിൽ ആയിരുന്നു. ആഴ്ചയിൽ ഡയാലിസിസ് ചെയ്യാൻ തന്നെ നല്ലൊരു തുക വേണം.. അതിനിടയിൽ കിഡ്നി മാറ്റി വയ്ക്കൽ സർജറി ചെയ്യണേൽ ഇരുപത്തഞ്ചു ലക്ഷം രൂപ വേണമെന്ന് ഹോസ്പിറ്റലിന്നും പറഞ്ഞു. സീസൺ കഴിഞ്ഞപ്പോ ഇവളുടെ അച്ഛന് റബ്ബർ വെട്ടും ഇല്ലാണ്ടായി… നാട്ടുകാരൊക്കെ പിരിവെടുത്ത് സഹായിച്ചു കുറച്ച് പക്ഷെ അതൊക്കെ കൊണ്ട് എവിടെ എത്താൻ. അങ്ങിനെ ആകെ ഗതി മുട്ടിയ അവസ്ഥയിൽ മറ്റൊരു വഴിയും ഇല്ലാതെ മീനുവിന്റെ അമ്മയ്ക്ക് സർജറിയ്ക്കായുള്ള കാശ് ഉണ്ടാക്കാൻ വേണ്ടി ചെയ്തതാ അയാൾ. താൻ പിടിക്കപ്പെട്ടാലും സാരമില്ല സർജറി ചെയ്യാൻ ഉള്ള കാശ് കിട്ടണം എന്നായിരുന്നു പാവത്തിന്റെ ആഗ്രഹം പക്ഷെ പിടിക്കപ്പെട്ടു.. കാശും കിട്ടിയില്ല. ”
അത് പറഞ്ഞു നിർത്തുമ്പോൾ ഇന്ദുവിന്റെ ശബ്ദത്തിൽ നോവ് പടർന്നിരുന്നു. ഒക്കെയും കേട്ടിരുന്ന ദിവ്യയും വല്ലാത്ത വിഷമത്തിലായി.
” ഇവളുടെ അച്ഛനെ അറസ്റ്റു ചെയ്ത് രണ്ടാം ദിവസം അമ്മയും മരിച്ചു. പാവം മീനു ഒറ്റയ്ക്ക് ആയി. ഇപ്പോ അച്ഛമ്മയുടെ ഒപ്പം ആണവൾ. ”
ഒരു നോവായി ആ കഥ അവിടെ അവസാനിച്ചു. ഒക്കെയും കേൾക്കെ ദിവ്യയുടെ ഉള്ളിൽ ഒരു നീറ്റൽ മാത്രം അവശേഷിച്ചു.
‘ഇത്രയൊക്കെ വിഷമങ്ങൾ ഉള്ളൊരു കുട്ടിയാണോ വളരെ കൂൾ ആയി പെരുമാറുന്നെ..’
മീനു അവൾക്ക് ഒരു അതിശയം തന്നെയായിരുന്നു.
ഉച്ചയ്ക്ക് ശേഷം അടുത്ത ക്ലാസ്സിൽ കയറിയെങ്കിലും ദിവ്യയുടെ ഉള്ള് നിറയെ ഇന്ദു ടീച്ചർ പറഞ്ഞ കാര്യങ്ങൾ ആയിരുന്നു. അന്ന് ക്ലാസ്സ് കഴിഞ്ഞു വൈകുന്നേരം വീട്ടിലേക്ക് പോകാൻ ഇറങ്ങവേയാണ് മീനുവിനെ വീണ്ടും അവൾ കാണുന്നത്.
” ടീച്ചറിന്റെ വീട് എവിടെയാ.. ”
നിഷ്കളങ്കമായ ആ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു ദിവ്യ.
” ഇവിടെ അടുത്ത് ഒരു വാടക വീടാ മോളെ.. ഞാനും അമ്മയും മാത്രേ ഉള്ളു.. ഇവിടുന്ന് നേരെ ചെല്ലുമ്പോൾ ഉള്ള ആൽ മരമില്ലേ അതിനടുത്ത് തന്നെ.. ”
” ആഹാ ഞാനും ആ വഴിക്കാ എന്റെ വീട് അവിടുന്ന് കുറച്ചൂടെ പോണം.. അപ്പോ നമുക്ക് ഒരുമിച്ചു പോകാം ല്ലേ.. ”
മീനു ഹാപ്പിയായിരുന്നു.
” പോവാലോ.. ”
മറുപടി പറഞ്ഞു കൊണ്ട് അവളുടെ നെറുകയിൽ ഒന്ന് തലോടി ദിവ്യ.
നടന്നു പോകുമ്പോൾ എന്തൊക്കെയോ ചറ പറാ സംസാരിച്ചു മീനു. ഒക്കെയും കേട്ടു പുഞ്ചിരിയോടെ ഒപ്പം നടന്നു ദിവ്യ.
” മോളെ… ടീച്ചർ ഒരു കാര്യം ചോദിക്കട്ടെ.. വിഷമം ആകോ.. ”
മുഖവുര കേട്ട് പുഞ്ചിരിയോടെ തിരിഞ്ഞു മീനു.
“ഇല്ലല്ലോ.. ടീച്ചർ ചോദിക്ക്.. ”
” അത്.. മോള് അച്ഛനെ കാണാൻ പോയില്ലേ പിന്നെ.. ”
ആ ചോദ്യം ചിലപ്പോൾ മീനുവിനെ വിഷമിപ്പിച്ചേക്കുമോ എന്നൊന്ന് ഭയന്നിരുന്നു ദിവ്യ. എന്നാൽ അങ്ങിനെയൊന്നും ഉണ്ടായില്ല.
” അച്ഛനെ കഴിഞ്ഞ ആഴ്ച പോയി കണ്ടല്ലോ ഞാനും അച്ഛമ്മയും. ആറു മാസങ്ങൾ കൂടി കഴിഞ്ഞാൽ അച്ഛൻ തിരിച്ചു വരും. എന്നിട്ട് ഞങ്ങൾ ഈ നാടൊക്കെ വിട്ട് വേറെ ഏതേലും സ്ഥലത്തു പോകും ന്നാ അച്ഛൻ പറഞ്ഞെ. ഇവിടെ എല്ലാരും അച്ഛനെ ഇനി കള്ളൻ ന്ന് അല്ലെ വിളിക്കുള്ളൂ.. ”
പുഞ്ചിരിയോടെ തന്നെ അവൾ അതിനും മറുപടി പറഞ്ഞു.
‘ എല്ലാം എന്ത് സിമ്പിൾ. ആയാണ് ഈ കുട്ടി കാണുന്നത് മാത്രമല്ല വളരെ പക്വതയാർന്ന പെരുമാറ്റവും. ‘
അവളുടെ പെരുമാറ്റത്തിൽ വല്ലാത്ത അതിശയം തോന്നി ദിവ്യയ്ക്ക്.
” മോൾക്ക് അച്ഛനോട് ദേഷ്യം ഒന്നും ഇല്ലേ ”
” എന്തിനാ ദേഷ്യം .. അച്ഛൻ ന്റെ അമ്മയ്ക്ക് വേണ്ടിയാ അത് ചെയ്തെ.. വേദന വന്നിട്ട് അമ്മ അത്രയ്ക്ക് കരച്ചിൽ ആയിരുന്നു. അന്നൊക്കെ എനിക്കും വല്യ വിഷമം ആയിരുന്നു. അച്ഛന്റെൽ കാശില്ലാരുന്നു അമ്മയെ ചികിൽസിക്കാൻ.. അതുകൊണ്ടാ.. ”
ആ ഒരു നിമിഷം മാത്രം മീനുവിന്റെ വാക്കുകളിലെ ആ പ്രസരിപ്പ് മാഞ്ഞു. ഉള്ളിൽ എവിടെയോ ഉള്ള സങ്കടം ചെറുതായൊന്നു അണ പൊട്ടി. അത് തിരിച്ചറിയവേ പെട്ടെന്ന് വിഷയം മാറ്റി ദിവ്യ.
” മോള് അടുത്ത് ആണേൽ അപ്പോ ഇനി എന്നും എനിക്ക് സ്കൂളിൽ പോകാനും വരാനും കൂട്ട് ആയല്ലോ.. ”
“ആം.. ഇനി എന്നും നമുക്ക് ഒന്നിച്ചു വരാം കേട്ടോ.. ”
ക്ഷണനേരം കൊണ്ട് അവളിൽ വീണ്ടും ആ പ്രസരിപ്പ് തിരിച്ചെത്തി. പിന്നെയും കുറച്ചു ദൂരം കൂടി കളിയും ചിരിയുമായി അവർ മുന്നിലേക്ക് നടന്നു. ഒടുവിൽ മീനുവിനോട് യാത്ര പറഞ്ഞു വീട്ടിലേക്ക് കയറുമ്പോൾ ഉള്ളിൽ ആ കുട്ടിയോട് വല്ലാത്ത കൗതുകമായിരുന്നു ദിവ്യയ്ക്ക്. പ്രായത്തിനതീതമായ പക്വതയുള്ള ഒരു പാവം കുട്ടി. ഒരുമിച്ച് ഉള്ളിടത്തോളം കാലം അവളെ ചേർത്തു നിർത്തണം എന്ന് മനസ്സിൽ. ഉറച്ചു കൊണ്ടാണ് ദിവ്യ ഗേറ്റ് കടന്നു വീടിനുള്ളിലേക്ക് കയറിയത്. ആ സമയം ഏറെ സന്തോഷവതിയായി തന്നെ മീനുവും നടന്നകന്നു
(ശുഭം )
പ്രജിത്ത് സുരേന്ദ്രബാബു.