“അമ്മാ ഞാൻ എന്ത് ചെയ്യാനാ…..എന്റെകയ്യിൽ ഒന്നുല്ല അതുകൊണ്ടാ….”
കരഞ്ഞുകൊണ്ട് തന്റെ മുന്നിൽ നിൽക്കുന്ന അമ്മയ്ക്ക് നേരെ വാതിൽ വലിച്ചടച്ചുകൊണ്ടവൾ നിറഞ്ഞകണ്ണുകൾ അമർത്തിതുടച്ചുകൊണ്ട് ബെഡ്ഡിൽ വച്ചിരുന്ന ഫോണെടുത്ത് അർജുൻ എന്ന് സേവ് ചെയ്തനമ്പറിലേക്ക് ഡയൽചെയിതു.
“എന്താഡി പുല്ലേ… മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലേ നീ….”
“പിന്നേ… സമയം ഇപ്പതന്നെ പത്ത് കഴിഞ്ഞു അപ്പഴാ അവന്റ ഉറക്കം എണീറ്റ് പോടാ… പുല്ലേ….”
ഫോൺ ചെവിയിൽ നിന്ന് മാറ്റി അതിന്റെ സ്ക്രീനിലേക്ക് നോക്കിയശേഷം അവൾ പറഞ്ഞത് സത്യമാണെന്ന് ഉറപ്പിച്ചു കൊണ്ടവൻ ഒന്ന് പുഞ്ചിരിച്ചു.
“ഹാവൂ…..ജീവിതത്തിൽ ആദ്യമായിട്ട് സമയത്തിന്റെ കാര്യത്തിൽ നീ സത്യം പറഞ്ഞു.
അല്ലാതെ ദിവസവും ആറ് മണിക്ക് വിളിച്ചിട്ട് മണി എട്ട് ആയെന്ന് പറയുന്നവളാ നീ….”
“ഒന്ന് പോടാ….. ”
അവൻ പറഞ്ഞത് കേട്ട് ചിരി വന്നെങ്കിലും അത് മറച്ചുവച്ചുകൊണ്ടവൾ അവനേ പുച്ഛിച്ചുകൊണ്ട് മുഖം കോട്ടി.
” ഡീ.. ഡീ…. നീ വല്ലാതെ മുഖം കോട്ടണ്ട ഇത് നോർമ്മൽ കോളാണ് എനിക്ക് നിന്റെ എക്സ്പ്രഷൻ ഒന്നും കാണാൻ പറ്റൂല ”
തന്നെ കളിയാക്കി പൊട്ടിച്ചിരിക്കുന്നവന്റെ ശബ്ദം കേട്ടവൾ ദീർഘമായൊന്നു നിശ്വസിച്ചു.
താൻ ഇങ്ങനെയൊന്ന് പൊട്ടിചിരിച്ചിട്ട് എത്രകാലമായെന്നവൾ ഓർത്തു.
“ഡീ… അനു… നീ ഓക്കേ അല്ലേ പ്രശ്നങ്ങൾ ഒന്നുമില്ലല്ലോ…”
“ഒന്നുല്ലെടാ…. ഞാൻ ഓക്കേ ആണ് ”
“ഹാ… അതൊക്കെ അവിടെ നിക്കട്ടെ എന്തായാലും നീയിപ്പോ എന്നെ ചുമ്മാ വിളിക്കാൻ ചാൻസ്സില്ലല്ലോ കാര്യം പറമോളെ….”
“ഡാ…. അത്…. അത്പിന്നേ
എനിക്ക്…..”
“നിന്ന് പരുങ്ങണ്ട എത്രരൂപയാ വേണ്ടത്?”
“അതെങ്ങനെ നിനക്ക് മനസ്സിലായി…”
അവൻ ഒട്ടും സംശയമില്ലാതെ ചോദിക്കുന്നത് കേട്ടവൾ ഞെട്ടലോടെ ഫോൺ ചെവിയിൽ നിന്ന് മാറ്റി അതിലേക്ക് ഉറ്റുനോക്കി
“അതൊക്കെ എനിക്കറിയാം നാല്അഞ്ചു വർഷം ആയില്ലേ മോളേ നിന്നെ കാണാൻ തുടങ്ങിയിട്ട് നിന്റെ സൗണ്ട് ഒന്ന് മാറിയാൽ എനിക്ക് മനസ്സിലാവും.
അല്ലെങ്കിലും നീ ഈയിടെ കാശ് കടം ചോദിക്കാൻ മാത്രമല്ലേ എന്നെ വിളിക്കാറുള്ളൂ ”
“സോറി… ഡാ…
നിനക്കറിയാലോ എനിക്ക് ആകെ നീയും അമ്മുവും ആണ് കൂട്ടെന്ന് അതുകൊണ്ടാ ഞാൻ നിന്നോട്….”
“ഒന്ന് നിർത്തെന്റെ പെണ്ണേ…നിനക്ക് ഇപ്പോ എത്രയാ വേണ്ടത്?”
“മൂവായിരം ”
മടിച്ചുമടിച്ചാണെങ്കിലും അവൾ ഒരുവിധം അവനോട് പറഞ്ഞു.
“ഞാൻ അയച്ചേക്കാം… ഇതും അമ്മക്ക് വേണ്ടിയാവും അല്ലേ…”
“ഉം….”
“എനിക്ക് തോന്നി…
നിനക്ക് ജോലിയുണ്ട് പക്ഷേ ഒരു രൂപ പോലും എടുക്കാൻ കാണില്ല.
അമ്മക്ക് അതിന്റെ കാശ് അനിയത്തിക്ക് ഇതിന്റെ കാശ്എന്നൊക്കെ പറഞ്ഞോണ്ട് എത്ര രൂപയാ നീ.. കടം വാങ്ങിക്കുന്നത് എന്നറിയാവോ….നിന്റെ ഒരു മാസത്തെ സാലറിയെക്കാൾ കൂടുതലാണത്.
അവർക്ക് കൊടുക്കണ്ട എന്നല്ല പക്ഷേ നിന്റെ കാര്യം പലപ്പോഴും നീ മറന്നു പോകുന്നുണ്ട് ”
“ഡാ… ഞാൻ…”
“നിന്നെ കുറ്റം പറഞ്ഞതല്ല.
നിന്റെ അവസ്ഥയും കഷ്ടപ്പാടും എല്ലാം എനിക്കറിയാം.
എന്നാലും പറയുവാ സ്വന്തം കാര്യങ്ങൾ കൂടെ നീ നോക്കണം.
എന്തായാലും നീ ടെൻഷൻ ആവണ്ട
ഇത് ഞാൻ അയച്ചേക്കാം ”
മറ്റൊന്നും പറയാതെ അവൻ കോൾ കട്ട് ചെയിതുകൊണ്ട് കാശ് ട്രാൻസ്ഫർ ചെയ്തശേഷം വീണ്ടും പുതച്ചു മൂടി കിടന്നു.
ആ സമയം അവളുടെ മനസ്സ് വല്ലാതെ നോവുന്നുണ്ടായിരുന്നു.
നന്നായി പൊയ്ക്കൊണ്ടിരുന്ന തന്റെ കുടുംബത്തിന്റെ സാമ്പത്തികനില പാടെ തകർന്നു വീണത് അച്ഛന്റെ അസുഖത്തോട്കൂടെയായിരുന്നു.
ചെറിയ ഒരു അറ്റാക്കിന്റെ രൂപത്തിലായിരുന്നു എല്ലാത്തിന്റെയും തുടക്കം.
വലിയ കാശ്കാരൊന്നും അല്ലെങ്കിലും ആരുടേയും കയ്യിൽനിന്ന് ഒരു രൂപപോലും കടമായിവാങ്ങിക്കേണ്ടഅവസ്ഥ അവർക്ക് ഉണ്ടായിരുന്നില്ല.
അല്ലെങ്കിലും അങ്ങനെ ചെയ്യാതിരിക്കാൻ അച്ഛൻ നന്നായി കഷ്ടപ്പെട്ടിരുന്നു.
അതുകൊണ്ടാവും കൈകഴപ്പും കടച്ചിലും കിതപ്പും ഒന്നും അദ്ദേഹം ശ്രദ്ധിക്കാതിരുന്നത്.
പക്ഷേ ആ അശ്രദ്ധ ഏത് അവസ്ഥ വരാതിരിക്കാനാണോ അദ്ദേഹം ആഗ്രഹിച്ചത് ആ.. അവസ്ഥയിൽ തന്നെ ഞങ്ങളെ കൊണ്ട് എത്തിച്ചു.
തങ്ങളുടെ അവസ്ഥ ആലോചിച്ചുകൊണ്ടവൾ മുറിയിൽ വച്ചിരുന്ന ദൈവങ്ങളുടെ ഫോട്ടോയിലേക്ക് നോക്കി.
“ആരും തുണയില്ലെങ്കിലും ദൈവം കൂടെകാണും…. ”
എന്ന് മനസ്സിൽ പറഞ്ഞുകൊണ്ടവൾ
കണ്ണടച്ചു മലർന്നു കിടന്നു.
കാശ് അമ്മയുടെ കയ്യിൽ വച്ചുകൊടുത്തവൾ അവർക്കായ് ഒരു വാടിയ പുഞ്ചിരിസമ്മാനിച്ചശേഷം അവിടെ നിന്ന് നടന്നകന്നു.
അവളുടെ അവസ്ഥ കണ്ടവർനിറഞ്ഞ കണ്ണുകളോടെ അവൾ പോയ ദിക്കിലേക്കും തന്റെ കയ്യിലെ കാശിലേക്കും മാറി മാറി നോക്കി.
തളർന്നു കിടന്ന തന്റെ നെറ്റിയിൽ നേർത്ത തണുപ്പറിഞ്ഞവൾ പതിയേ കണ്ണുകൾ തുറന്നു.
സ്കൂൾയൂണിഫോമിൽ തനിക്കരികിൽ ഇരിക്കുന്ന അനിയത്തിയെ കണ്ടവൾ പുഞ്ചിരിച്ചുകൊണ്ട് അവളുടെ മടിയിലേക്ക് തലവച്ച ശേഷം കണ്ണടച്ചുകിടന്നു.
അനുവിന്റെ ഉള്ളറിഞ്ഞെന്ന പോലെ അനിയത്തിയും അവളോട് ചേർന്ന് തന്നെ ഇരുന്നു കൊണ്ട് പതിയേ നെറ്റിയിൽ മസാജ് ചെയിതുകൊടുത്തു.
“അനു… ഇന്ന് അച്ഛനെ ഹോസ്പിറ്റലിൽ കാണിക്കേണ്ട ദിവസാണ്…”
ജോലിക്ക് ഇറങ്ങാൻ നിൽക്കുന്ന തിരക്കിൽ അമ്മ അവളേ ഓർമ്മിപ്പിച്ചു.
“അമ്മക്ക് ഇത് ഇന്നലെ പറഞ്ഞൂടായിരുന്നോ ചേച്ചി ഇപ്പോ ജോലിക്ക് പോകാൻ ഇറങ്ങിയതല്ലേ….”
“ആഹാ…. അച്ഛന്റെ കാര്യങ്ങൾ അവൾ ഓർക്കേണ്ടതല്ലേ അല്ലാതെ ഞാൻ ഓർമ്മിപ്പിക്കേണ്ട കാര്യംഎന്താ….?”
“നിങ്ങളൊരു അമ്മതന്നെ ആണോ? ”
“ഭാമേ…”
ദേഷ്യത്തോടെ അവളേ നോക്കുന്ന അമ്മയെ കണ്ടഅനു അനിയത്തിയെ ശാസനയോടെ അല്പം ഉച്ചത്തിൽ വിളിച്ചു.
” ചേച്ചി മിണ്ടരുത് നീയാ അമ്മക്ക് ഇങ്ങനെ വളം വച്ചു കൊടുക്കുന്നത്.
നീ ഉണ്ടോ… ഉറങ്ങിയോ… നിന്റെ ആരോഗ്യം ഓക്കേ ആണോ എന്നൊക്കെ ഒരു ദിവസമെങ്കിലും അമ്മനിന്നോട് ചോദിച്ചിട്ടുണ്ടോ….
ഇല്ലല്ലോ…”
“ഭാമേ… മോളേ നീ ഇങ്ങനൊന്നും പറയരുത് ഇത് നമ്മുടെ അമ്മയ”
“അമ്മ ആയതുകൊണ്ടാ ഞാൻ ഇതൊക്കെ പറയുന്നത്.
അമ്മ ഇന്നലെ നിന്നോട് കാശ് ചോദിച്ചില്ലേ… അത് എന്തിനാണെന്ന് നിനക്കറിയാവോ?”
“അത് അമ്മക്ക് എന്തെങ്കിലും ആവശ്യം കാണും മോളേ..”
“എന്നാ കേട്ടോ അമ്മ വല്യമ്മക്ക് നീയറിയാതെ ഒരുലക്ഷംരൂപ ലോൺ എടുത്തുകൊടുത്തിട്ടുണ്ട് അതിന്റ അടവിനു വല്യമ്മയെ സഹായിക്കാനാ നിന്നോട് കാശ് വാങ്ങിച്ചത്.
നിനക്ക് തന്നെ അറിയാലോ അത് ഒപ്പിച്ചുകൊടുക്കാൻ നീ എത്രമാത്രം കഷ്ടപ്പെട്ടു എന്ന്.”
കേട്ടത് വിശ്വസിക്കാൻ കഴിയാതെ അവൾ അമ്മയെ തുറിച്ചു നോക്കി അവരുടെ നിൽപ്പ് കണ്ടതും കേട്ടത് സത്യമാണെന്നുമനസ്സിലായവൾ സങ്കടത്തോടെ അനിയത്തിയെ നോക്കിക്കൊണ്ട് വീടിനു പുറത്തേക്ക് നടന്നു.
” ഈ.. വീടിന്റെ രണ്ട് അറ്റവും കൂട്ടി മുട്ടിക്കാൻ അവൾ എന്ത് മാത്രം സങ്കടപെടുന്നുണ്ട് എന്ന് നിങ്ങക്ക് ഊഹിക്കാൻ കഴിയുന്നതല്ലേ ഉള്ളു.
അമ്മേ അവളും ഒരു മനുഷ്യൻ തന്നെയാ അല്ലാതെ റോബോർട് ഒന്നുമല്ല.
വല്യമ്മയെ സഹായിക്കാൻ അവിടെ അവരുടെ ഭർത്താവും മക്കളും ഒക്കെയുണ്ട് നമുക്ക് സഹായത്തിനു മറ്റാരും ഇല്ല.
അവളുടെ പേര് മാത്രമാണ് അനുഗ്രഹ എന്നത് അല്ലാതെ ദൈവം മുഴുവൻ അനുഗ്രഹവും അവൾക്ക് നൽകിയിട്ടൊന്നും ഇല്ല അത് ഇനിയെങ്കിലും നിങ്ങളൊന്നുമനസ്സിലാക്കി പെരുമാറാൻ നോക്ക്.
എനിക്കറിയാം ഇന്നലെ അവള് തന്ന കാശ് വല്യമ്മക്ക് കൊടുത്തിട്ടില്ലെന്ന് അതെടുത്തോണ്ട് ഇന്ന് അച്ഛനെ ഹോസ്പിറ്റലിൽ കാണിച്ചിട്ട് വാ… ”
എന്ന് പറഞ്ഞുകൊണ്ടവൾ കാലിൽ ഇരുന്ന ചെരുപ്പ് മാറ്റി ഷൂ ഇട്ടുകൊണ്ട് പുറത്തേക്ക് നടന്നു.
എങ്ങോനോക്കിക്കൊണ്ട് ബസ്സ്റ്റോപ്പിൽ ഇരിക്കുന്നവളെ കണ്ട് ഭാമ പെട്ടന്ന് അവൾക്കരികിലേക്ക് നടന്നു.
അപ്പഴേക്കും തങ്ങൾക്ക് പോകേണ്ട ബസ്സ് വന്നതും ഇരുവരും അതിൽ കയറി ഇരുന്നു.
സ്കൂൾ വിട്ട് വന്ന ഭാമ അനു ഇനിയും എത്തിയിട്ടില്ലെന്ന് കണ്ട് അവളുടെ ഫോണിലേക്ക് വിളിച്ചു.
എന്നാൽ റിങ്ചെയ്ത് കട്ടാവുകയല്ലാതെ ആരും കോൾഅറ്റൻഡ് ചെയ്യുന്നില്ലെന്ന് കണ്ട് ഭയത്തോടെ ക്ലോക്കിലേക്ക് നോക്കി.
സമയം ഏഴുകഴിഞ്ഞെന്ന് കണ്ടവൾ ഡ്രസ്സ് മാറ്റി ഫോണും എടുത്തുമുറ്റത്തേക്ക് ഇറങ്ങി.
അതേസമയം ഗെയ്റ്റ് കടന്നുവന്ന അനുവിനെകണ്ടവൾ ഓടിച്ചെന്ന് കെട്ടിപിടിച്ചു.
“ചേച്ചി എന്താ ഇത്ര വൈകിയത്?”
“ഒന്ന് രണ്ട് സ്ഥലങ്ങളിൽ പോകാൻ ഉണ്ടായിരുന്നു മോളേ…അതാ…”
കയ്യിലിരുന്ന പലഹാരത്തിന്റെ പൊതി അവൾക്ക് നൽകിക്കൊണ്ടവൾ പെട്ടന്ന് അകത്തേക്ക് നടന്നു.
നെറ്റിയിൽ കൈ ചേർത്തുകൊണ്ട് കുനിഞ്ഞിരിക്കുന്നവൾക്ക് മുന്നിലേക്ക് നീണ്ടുവന്ന ഒരു ഗ്ലാസ്സ് ചൂട് ചായ കണ്ടവൾ തലഉയർത്തി നോക്കി.
മുന്നിൽ നിൽക്കുന്ന അമ്മയെ കണ്ടവൾ പുഞ്ചിരിച്ചു കൊണ്ട് അത് വാങ്ങി ഒരിറക്ക് കുടിച്ചു.
“മോളേ…. ഞാൻ ചെയ്തത്…”
“ഒന്നും പറയണ്ട വല്യമ്മക്ക് ചേച്ചിയുടെ ഫീസ് അടക്കാൻ കാശില്ലാതെ വന്നപ്പോ അമ്മ ലോൺ എടുത്തു കൊടുത്തു.
ഈ മാസം വല്യമ്മ കാശ് അയച്ചില്ല അതല്ലേ പറയാൻ വന്നത്.”
“ഉം….”
“സാരല്ല… ഇതൊക്കെ സാധാരണയല്ലേ ”
പുഞ്ചിരിയോടെ അമ്മയെ ആശ്വസിപ്പിച്ചുകൊണ്ടവൾ അമ്മയെ ചേർത്തു പിടിച്ചു.
അത് കണ്ട് റൂമിലേക്ക് കയറിവന്ന ഭാമയും ഓടിവന്ന് അമ്മയോട് മാപ്പ് പറഞ്ഞുകൊണ്ട് ഇരുവരേയും കെട്ടിപിടിച്ചു.
“ഹാ…ഞാൻ മറന്നു നാളെയല്ലേ നിന്റെ ട്യൂഷൻ ഫീസ് അടക്കേണ്ടത് ”
എന്ന് ചോദിച്ചുകൊണ്ടവൾ ബാഗിൽ നിന്ന് എഴുന്നൂറ് രൂപയെടുത്ത് അവൾക്ക് നേരെ നീട്ടി.
“വേണ്ട ചേച്ചീ… ഞാനിനി ട്യൂഷന് പോകുന്നില്ല.”
“അത് പറ്റില്ല നീ നന്നായിട്ട് പഠിക്കണം ട്യൂഷൻ നിർത്താൻ ഞാൻ സമ്മതിക്കില്ല.
പിന്നേ നാളെ മുതൽ ഞാൻ ഒൻപതുകഴിയും വരാൻ വൈകുന്നേരം ആറ് മുതൽ ഞാൻ ടൗണിൽ ഒരു മെഡിക്കൽ ഷോപ്പിൽ കൂടെ ജോലിക്ക് കയറിയിട്ടുണ്ട് അതിന്റെ ആവശ്യത്തിനാ ഇന്ന് പോയത് ”
“ചേച്ചീ… നീ..”
“രണ്ടാളും ഒന്നും പറയണ്ട നമ്മുടെ കഷ്ടപ്പാട് തീർക്കണം അത്രേ എനിക്ക് ഉള്ളു അതുകൊണ്ട് രണ്ടാളും ഒന്നും പറയണ്ട ”
പുഞ്ചിരിയോടെ തങ്ങളെ നോക്കി പറയുന്നഅനുവിനെ കണ്ട രണ്ടുപേരും പൊട്ടി കരഞ്ഞുകൊണ്ട് അവളേ കെട്ടിപിടിച്ചു.
എല്ലാം ശെരിയാവും എന്നുള്ള അർത്ഥത്തിൽ അവൾ രണ്ടുപേരെയുംതന്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു.
