ശരീരമാസകലം മർദ്ദനമേറ്റ പാടുകൾ.അമ്മയ്ക്ക് പോലും നിസ്സഹായയായി നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂ.ആ രാത്രിയിലാണവൾ

ഇസബെല്ലയുടെ ഗോസ്റ്റ് റൈറ്റർ

(രചന: Nisha Pillai)

 

ശാന്തമായി ഒഴുകി കൊണ്ടിരിക്കുന്ന സെയിൻ നദി.അതിന് കുറുകെ കെട്ടിയിരുന്ന പുതിയ പാലത്തിന്റെ കൈവരിയിൽ പിടിച്ചു നിൽക്കുകയാണ് നിരഞ്ജൻ.

 

കേരളത്തിൽ നിന്നും നല്ലൊരു ഭാവി തേടി പോയ ഒരു സാധാ മലയാളി.ചുറ്റുപാടുമുള്ള വെളിച്ചം വെള്ളത്തിൽ തട്ടി പ്രതിഫലിക്കുന്ന മനോഹരമായ കാഴ്ച.

 

അവനങ്ങനെ നോക്കി നിന്നു അതാസ്വദിക്കുകയാണ്.ജീവിതം അവസാനിപ്പിക്കാനാണ് താൻ പാലത്തിൽ കയറിയതെന്ന സത്യം അവൻ ആ നിമിഷത്തിൽ വിസ്മരിച്ചു.

 

അത്ര മനോഹരമാണ് ജലോപരിതലത്തിലെ പ്രകാശത്തിന്റെ പ്രതിഫലനം.അവനെപ്പോലെ ഏതൊരു കലാകാരൻ്റേയും മനസ്സിനെ ആകർഷിപ്പിക്കുന്നത്.

 

പാലത്തിന്റെ മറുകരയിൽ ഒരു പെൺകുട്ടി നിൽക്കുന്നുണ്ടായിരുന്നു.അവളും നദിയിലേക്കു തന്നെ ഉറ്റുനോക്കി കൊണ്ട് നിൽക്കുകയായിരുന്നു .

 

ഒരു പക്ഷെ അവളും തന്നെ പോലെ ജീവിതം അവസാനിപ്പിക്കാൻ വന്നിട്ട് നദിയുടെ മാസ്മരിക സൗന്ദര്യം കണ്ടു ഭ്രമിച്ചു നിൽക്കുകയായിരിക്കും .

 

അവൻ അവളെ നോക്കി .നീളൻ വൂളൻ കോട്ടും ,മഫ്ളറും ക്യാപ്പും അണിഞ്ഞ ഒരു ചെറുപ്പക്കാരി .മുഖം അത്ര വ്യക്തമല്ല .അരണ്ട വെളിച്ചത്തിൽ തെളിഞ്ഞ ലോലമായ രൂപം കാണാം .

 

അവൻ ദൃഷ്ടികൾ അവളിൽ നിന്നും പിൻവലിച്ചു.മനസ്സിനെ ഏകാഗ്രമായി മരണത്തിലേയ്ക്ക് കൊണ്ട് വന്നു .

“മരണം മരണം മരണം” ,അവൻ മൂന്ന് വട്ടം ഉരുവിട്ടു.

 

സാജൻ മാഷിന്റെ ഏക മകന് ,ഫ്രാൻസ് എന്നുമൊരു സ്വപ്നമായിരുന്നു .ഫാഷന്റെ നഗരം .ഇവിടെ വരെ വന്നു പെടാൻ പെട്ട പാട് ചില്ലറയല്ല.

 

അച്ഛനും അമ്മയും അവരുടെ എതിർപ്പുകൾ , മെഡിക്കൽ- എഞ്ചിനീയറിങ് എൻട്രൻസ് ,പരീക്ഷകൾ ,അങ്ങനെ എല്ലാ തടസ്സങ്ങളെയും തരണം ചെയ്ത് മുന്നേറി മുംബൈയിലേക്ക്‌, ഫാഷൻ ഡിസൈനിങ് പഠിക്കാനുള്ള കടമ്പ കടന്നത് രണ്ടാമത്തെ തവണയാണ്.മിടുക്കനായി പഠിച്ചു .

 

ധാരാളം ഫാഷൻ ഷോകൾ കൂട്ടുകാരുമായി ചേർന്ന് നടത്തി.എന്നാലും അവൻ അർഹിച്ച വിജയം കിട്ടിയില്ല.

 

പക്ഷെ തളർന്നില്ല ,പിടിച്ചു നിന്നു.ഈ ഫീൽഡിൽ തലതൊട്ടപ്പന്മാരില്ലാത്തതു വലിയൊരു പരാജയം തന്നെയാണെന്ന് മനസിലാക്കിയത് വൈകിയാണ്.

 

എല്ലാ എതിർപ്പുകളും മറി കടന്നാണ് ക്ലാസ്മേറ്റായ ,അവൻ്റെ പ്രണയ ഭാജനമായ അഞ്ജലിയെയും കൂട്ടി ഈ നഗരത്തിലെത്തുന്നത് .

 

പലരുടെയും കാല് പിടിച്ച് കുറെ ഷോകൾ സംഘടിപ്പിച്ചു .വളരെ അധികം ആവശ്യക്കാർ അവരുടെ ഡിസൈനുകൾക്ക് ഉണ്ടായി .അതിന്റെ എല്ലാം മാനേജർ ആയി അഞ്ജലിയെ ആണ് അവൻ നിയമിച്ചിരുന്നത് .

 

ഒരു സുപ്രഭാതത്തിൽ തന്റെ എല്ലാ കോണ്ടാക്ടുകളും പണവും തന്റെ ആത്മാർത്ഥമായ പ്രണയവുമൊക്കെ അപഹരിച്ചു കൊണ്ട് അഞ്ജലി ഒരു ഇറ്റലിക്കാരന്റെ കൂടെ കടന്നു കളഞ്ഞു .

 

താൻ നെയ്ത സ്വപ്‌നങ്ങൾ ആർക്കു വേണ്ടിയായിരുന്നോ, എന്തിന് വേണ്ടിയായിരുന്നോ അതൊക്കെ ഒരു നിമിഷം കൊണ്ട് താറുമാറാക്കി കൊണ്ടു അവൾ പോയപ്പോൾ മരിക്കുക എന്ന വഴിയാണ് തോന്നിയത് . ഓർത്തപ്പോൾ അവന്റെ കണ്ണുകൾ ഈറനണിഞ്ഞു .

 

പെട്ടെന്നായിരുന്നു നദിയിൽ എന്തോ വീഴുന്ന ഒച്ച കേട്ടത് .അവൻ ചുറ്റും നോക്കി . മറുവശത്ത് നിന്ന യുവതിയെ കാണാനില്ല .അവളാണോ ചാടിയത് .

 

വെള്ളത്തിൽ നിന്നും ആരോ മുങ്ങി പൊങ്ങി .ഒരു ചാക്ക് കെട്ട് പോലെ തോന്നിച്ചു.അതാ പെൺകുട്ടിയല്ലേ.അവനും കൂടെ ചാടി.അവളുടെ അഴിഞ്ഞുലഞ്ഞ തലമുടിയിൽ ചുറ്റി പിടിച്ചു അവളെ കരയ്ക്കെത്തിച്ചു.

 

ധാരാളം വെള്ളം കുടിച്ചിരുന്നു.അവനവളുടെ വയറ്റിൽ കൈ കൊണ്ട് മെല്ലെ അമർത്തി വെള്ളം പുറത്ത് കളഞ്ഞു.നനഞ്ഞ വസ്ത്രങ്ങൾ ധരിച്ചത് കൊണ്ട് അവൾ വിറയ്ക്കുന്നുണ്ടായിരുന്നു.

 

പക്ഷേ അവളുടെ കോട്ട് ഊരി മാറ്റാൻ അവന് ധൈര്യം വന്നില്ല.ഇവിടുത്തെ നിയമങ്ങൾ ശക്തമാണ്.ഒരു പക്ഷേ അവൾ അവനെ സപ്പോർട്ട് ചെയ്തു പറഞ്ഞില്ലെങ്കിൽ അവൻ അഴിക്കുള്ളിലാകും.

 

അതിനാൽ അവൾക്ക് ബോധം വരട്ടെ.അവളുടെ നനഞ്ഞ് കൈകാലുകൾ അവൻ തൻ്റെ കൈത്തലം കൊണ്ട് ഉരച്ച് ചൂട് പിടിപ്പിച്ചു.അവൾ മെല്ലെ കണ്ണ് തുറന്നു.

 

“പേരെന്താണ്.”

 

“ഇസബെല്ല ബ്രൂക്ക്.”

 

“നിങ്ങൾക്ക് എവിടേയ്ക്കാണ് പോകേണ്ടത്.നിങ്ങളെ യാത്രയാക്കിയിട്ട് വേണം എനിയ്ക്ക് പോകാൻ.”

 

അവൾ മെല്ലെ എഴുന്നേറ്റിരുന്നു.

 

“എന്നെക്കാൾ മുൻപെ നിങ്ങൾ നദിയിൽ ചാടാൻ നിന്നതല്ലേ.കാത്ത് നിന്ന് ക്ഷമ നശിച്ചപ്പോളാണ് ഞാൻ….ചാടിയത്.”

 

“അങ്ങനെയല്ല, ഞാൻ എൻ്റെ തീരുമാനം മാറ്റിയിരുന്നു.”

 

“ഞാൻ പോയാൽ നിങ്ങൾ ചാടാൻ ശ്രമിയ്ക്കില്ലേ.നിങ്ങളുടെ പേരെന്താണ് രക്ഷകാ.”

 

“നിരഞ്ജൻ, പരാജയപ്പെട്ട ഫാഷൻ ഡിസൈനർ.”

 

“നിങ്ങളെന്നെ രക്ഷപ്പെടുത്തി.ആദ്യമെനിക്ക് ദേഷ്യമാണ് തോന്നിയത്.ഇപ്പോൾ സന്തോഷവും.നമ്മൾ രണ്ടു പേരും മരിക്കാൻ തെരഞ്ഞെടുത്ത സമയം കൊള്ളാം.പൊരുതി ജയിക്കുന്നവർക്കുള്ളതാണ് ജീവിതം.നമുക്കെന്ത് കൊണ്ട് പരസ്പരം തുണയായിക്കൂടാ.”

 

“എങ്ങനെ? ”

 

“അതൊക്കെ പറയാം.ആദ്യം നമുക്കിവിടെ നിന്നും പോകാം.”

 

അവന് സന്തോഷം തോന്നി.ടാക്സി കാബ് വിളിക്കാൻ അവൾ സമ്മതിച്ചില്ല.ഇരുട്ടിൻ്റെ മറ പറ്റി രണ്ടു പേരും അവൻ്റെ വാസസ്ഥലത്ത് എത്തി ചേർന്നു.

 

ഒരു കിടപ്പ് മുറി മാത്രമുള്ള ചെറിയ അപാർട്ട്മെന്റ്.ഒരു കപ്പ് കാപ്പിയും ഒരു ജോഡി വസ്ത്രങ്ങളും തൻ്റെ കിടപ്പ് മുറിയും അവൾക്ക് നൽകി കൊണ്ട് അവൻ ടിവിയുടെ മുന്നിൽ വന്നിരുന്നു.ടി വി യിലെ ഫ്ലാഷ് ന്യൂസ് കണ്ടാണ് ഞെട്ടലുണ്ടായി.

 

“പ്രശസ്തയായ ഇറ്റാലിയൻ നടി ഇസബെല്ല ബ്രൂക്കിനെ കാണാതായി.അവധിക്കാലം ചെലവിടാനായി അവർ ഒരു മാസക്കാലമായി സെയിൻ നദീതീരത്തുള്ള അവധിക്കാല വസതിയിലായിരുന്നു താമസം.

 

പ്രശസ്തരെ തട്ടിക്കൊണ്ട് പോയി വിലപേശുന്ന ഇറ്റാലിയൻ മാഫിയ ആണിതിന് പിന്നിൽ.”

 

ഇതിപ്പോൾ വള്ളിക്കെട്ടായല്ലോ .സമാധാനമായിട്ടു മരിക്കാനും പറ്റിയില്ല ,ഇപ്പോളിത് പോലീസ് കേസാകുകയും ചെയ്യും .

 

ഇനി ഏതെങ്കിലും ക്യാമറ തപ്പിപിടിച്ചു പൊലീസ് ഇവിടെ എത്തുകയും ചെയ്യും .ഇനിയിവളെങ്ങാനും ഞാൻ തട്ടി കൊണ്ട് പോയതാണെന്ന് പറഞ്ഞാൽ ആജീവനാന്തം ഇവിടത്തെ ജയിലിലാകും .

 

പുറത്തു വാഹനങ്ങൾ വന്നു നിൽക്കുന്ന ശബ്ദം കേട്ട് .ഇസബെല്ലാ മുറിക്കുള്ളിലാണ് .അവൻ മുറിയുടെ കർട്ടൻ മാറ്റി നോക്കി .മുറ്റത്തു രണ്ടോ മൂന്നോ പോലീസ് കാറുകൾ നിരന്നു .

 

അതിൽ നിന്നും പോലീസുകാർ ചാടിയിറങ്ങുന്നു .ഇപ്പോൾ വാതിൽ മുട്ടും .താൻ പിടിക്കപ്പെടും .ഇനി ഒരു രക്ഷയുമില്ല .വരുന്നിടത്തു വച്ച് കാണാം .

 

വാതിലിൽ ശക്തമായ മുട്ട് കേട്ട് അവൻ വാതിൽ തുറന്നു .മൂന്ന് പോലീസുകാർ അകത്തു കയറി .മുറി മൊത്തം വീക്ഷിച്ചു .

 

“ഇസബെല്ലാ ? ”

 

അവൻ മുറി കാണിച്ചു കൊടുത്തു .അവർ റൂമിന്റെ വാതിലിൽ മുട്ടി.

 

ഇസബെല്ലാ വാതിൽ തുറന്നു . മനഃപൂർവമാണോയെന്തോ , അവൾ ഷർട്ടിന്റെ ബട്ടണുകൾ അലങ്കോലമാക്കി ,പാതി തുറന്ന നിലയിലാണ് വന്നത്.അവൾ പോലീസുകാരനെ നോക്കി ചിരിച്ചു .

 

“ഹായ് ഓഫീസർ ,എന്നെ തിരക്കി ബുദ്ധിമുട്ടിയോ .ഇതെന്റെ ഫാഷൻ ഡിസൈനർ നിരഞ്ജൻ .അദ്ദേഹവുമായി ഒരു ഡിസ്കഷൻ നടത്താനായി വന്നതാണ് .ഫോൺ എടുക്കാൻ മറന്നു .സീക്രട്ട് ആയതു കൊണ്ട് മാനേജരോട് പോലും ഞാൻ ഒന്നും പറഞ്ഞിരുന്നില്ല .”

 

“നിങ്ങൾ മിസ്സിംഗ് ആണെന്ന് ഒരു പരാതി കിട്ടിയിരുന്നു .”

 

“എനിക്കും പരാതിയുണ്ട് .എന്റെയും നിരഞ്ജന്റെയും ജീവൻ അപകടത്തിലാണ് .”

 

അവനെ നോക്കി പറഞ്ഞു .

 

“നിരഞ്ജൻ ഞാൻ ഇവരുടെ കൂടെ പോകുന്നു .നാളെ കാണാം ”

 

പിറ്റേ ദിവസം ഉച്ച കഴിഞ്ഞാണ് അവൻ ഉറക്കം ഉണർന്നത് .കിടക്കയിൽ ഇസബെല്ലയുടെ മണം .ഒരു ഇറ്റാലിയൻ നടി കിടന്ന കട്ടിലിലാണ് താൻ കിടക്കുന്നതെന്നു ഓർത്തപ്പോൾ അവനു ആശ്ചര്യം തോന്നി.അവളുടെ നീളൻ കോട്ടും ജീൻസും അവൾ ഹാങ്ങറിൽ തൂക്കിയിട്ടിരുന്നു .

 

പകരം തന്റെ വാർഡ്രോബിൽ നിന്നും തന്റെ ജീൻസും ഷർട്ടും അവൾ ഇട്ടോണ്ട് പോയിട്ടുണ്ട് .അവളുടെ കോട്ട് എടുക്കാൻ അവളിനി വരാതെയിരുന്നെങ്കിൽ ,അവൻ ആ കോട്ടിൽ തലോടി .നല്ല വിലകൂടിയ തുണിത്തരം .നല്ല ഡിസൈൻ .

 

പെട്ടെന്ന് അവന്റെ ഫോൺ ശബ്ദിച്ചു.അതവളായിരുന്നു ,ഇസബെല്ലാ ബ്രൂക്ക് .

 

“നിരഞ്ജൻ എനിക്ക് നിങ്ങളെ ഒന്ന് അത്യാവശ്യമായി കാണണം .”

 

“ഓക്കേ മാഡം ,ഇങ്ങോട്ടു വരാമല്ലോ .”

 

“വേണ്ട നിരഞ്ജൻ നിങ്ങൾ നിരീക്ഷണത്തിലാണ് ,എന്റെ ഡിസൈനർ എന്ന ന്യൂസ് ലീക്ക് ആയിട്ടുണ്ട് .ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കുക .

 

നിങ്ങൾ നീല കളർ ഷർട്ട് ഇട്ടു കൊണ്ട് അപ്പാർട്മെന്റിൽ നിന്നിറങ്ങുക .പാർക്ക് റോഡിലുള്ള ആഞ്ജലീന കഫേയിൽ കയറുക .അവിടെ വലതു വശത്തുള്ള വാതിൽ വഴി പുറത്തിറങ്ങുക .

 

അവിടെ നിന്നും നിങ്ങളെ ഒരു വെളുത്ത കാർ പിക്ക് ചെയ്യും അതിൽ കയറി ലൂസിയാനോ ബെനിറ്റന്റെ ഡിസൈനർ ഷോപ്പിൽ ഇറങ്ങുക .അതിന്റെ മുൻവശത്തു ഇരിക്കുന്ന റിസപ്ഷനിസ്റ്റിനോട് കാർലോ കാഫിറിനിയുടെ സീക്രട്ട് കോഡ് ചോദിക്കുക .

 

അവൾ തരുന്ന ഫോട്ടോയിൽ നിന്നും വ്യത്യസ്തമായ ജനാല കണ്ടു പിടിക്കുക .അവിടെ എന്നെ തേടി എത്തുക .ഫോൺ സ്വിച്ച് ഓഫ് ആക്കുക .”

 

അവനു ദേഷ്യം വന്നു ഇതെന്താ പദപ്രശ്നമാണോ ? ഇത്ര റിസ്ക് എടുത്തു താൻ എന്തിനു അവളെ പോയി കാണണം . ആലോചിച്ചപ്പോൾ ഇന്ന് രാത്രി താൻ ഒരിക്കൽ കൂടി മരിക്കാൻ തീരുമാനിച്ചിട്ടുള്ളതാണ് .

 

റിസ്ക് എടുക്കുന്നതിൽ എന്ത് കുഴപ്പം ഉണ്ടാകാനാണ് എന്ന് തോന്നി .അവൾ പറഞ്ഞത് പോലെ നീല ഷർട്ട് ഇട്ടുകൊണ്ട് ആഞ്ജലീന കഫേയിൽ കയറി വലതു വശത്തെ വാതിൽ വഴി പുറത്തിറങ്ങി .അവിടെ ഒരു വെള്ള കാർ ഡ്രൈവർ മാത്രമായി പാർക്ക് ചെയ്തിരുന്നു .

 

അതിൽ കയറി ഡോർ അടച്ചപ്പോൾ കാർ മുന്നോട്ട് ചലിച്ചു തുടങ്ങി .പ്രശസ്ത ഡിസൈനറായ ലൂസിയാനോ ബെനിറ്റന്റെ ഷോപ്പിന്റെ മുന്നിൽ കാർ നിർത്തി .കാറിൽ നിന്നിറങ്ങി നേരെ റിസപ്ഷനിലേയ്ക്ക് നടന്നു.

 

അവിടെയിരുന്ന പെൺകുട്ടിയോട് കാർലോയുടെ സീക്രട്ട് കോഡ് ചോദിച്ചു .അവളൊരു ഫോട്ടോ നൽകി.ഒരു കെട്ടിടത്തിന്റെ ഫോട്ടോ . .അതുമായി അവൻ പിൻവാതിലിലൂടെ പുറത്തിറങ്ങി .

 

ഇറ്റലിയിലെ പിസയിലെ ലുങ്കാർണിയിലെ കൊട്ടാരങ്ങളും കെട്ടിടങ്ങളും ഒരു രഹസ്യ ഭാഷ സംസാരിക്കുന്നതായി തോന്നുന്ന .വാതിലുകളും ജനലുകളും വിചിത്രമായ തടി ഫ്രെയിമുകൾ കൊണ്ട് അലങ്കരിച്ചിരുന്നു, അടയാളങ്ങളുടെയും ചിഹ്നങ്ങളുടെയും നിഗൂഢമായ കോഡ്…”

 

ബിയാഞ്ചെറി’ എന്ന് വിളിക്കപ്പെടുന്ന നൂറുകണക്കിന് വെള്ള തടി ഫ്രെയിമുകൾ വീടുകളുടെ ജനലുകളിലും വാതിലുകളിലും തൂക്കിയിട്ടിരിന്നു.

 

യഥാർത്ഥത്തിൽ ഈ ഫ്രെയിമുകൾ വീടുകളുടെ ഘടനയെ ഹൈലൈറ്റ് ചെയ്യണം, വാതിലുകളുടെയും ജനലുകളുടെയും രൂപങ്ങൾ കൃത്യമായി പിന്തുടരുന്നു, എന്നാൽ ഇന്ന് അവ ലളിതവും എന്നാൽ കൂടുതൽ കൗതുകകരവും ക്രിയാത്മകവുമായ രൂപങ്ങൾ ഉപയോഗിച്ച് മാറ്റിസ്ഥാപിച്ചു.

 

അവൻ ആ ഫോട്ടോ നോക്കി മുന്നിലുള്ള കെട്ടിടത്തിന്റെ മൂന്നാം നിലയിലേയ്ക്ക് പോയി .അവിടെ തുറന്നു കിടന്ന വാതിലിലൂടെ അവൻ സഞ്ചരിച്ചു .

 

ഒരു മുറിയിലെത്തിയപ്പോൾ വിളക്കുകൾ അണയുകയും ,നീല വെളിച്ചം മാത്രം തെളിയുകയും ചെയ്തു . മുന്നിൽ അവളുണ്ടായിരുന്നു ഇസബെല്ല.

 

സിനിമയിലൊക്കെ കാണുന്ന അധോലോക നായികയെപ്പോലെ ഉയർന്ന കസേരയിൽ, അരണ്ട നീല വെളിച്ചത്തിൽ സൗന്ദര്യത്തിന്റെ തലയെടുപ്പോടെ അവളിരുന്നു. അവനെ കണ്ടപ്പോൾ യജമാനനെ കണ്ട പൂച്ചക്കുട്ടിയെപ്പോലെ അവനടുത്തേയ്ക്ക് അവൾ ഓടി വന്നു.

 

“എന്നെ സഹായിക്കണം നിരഞ്ജൻ. ഔദ്യോഗികമായി ഞാനെന്റെ ഡിസൈനറായി നിരഞ്ജനെ നിയമിക്കുകയാണ്. ഞാൻ നിരഞ്ജൻ്റെ ആൽബം അനുവാദമില്ലാതെ എടുത്ത് നോക്കിയിരുന്നു.

 

നല്ല ഡിസൈൻസ്, എനിക്കിഷ്ടമായി. അതിനേക്കാൾ എനിക്കിഷ്ടപ്പെട്ടത് നിങ്ങളുടെ എഴുത്ത്.ഞാൻ നിങ്ങളുടെ ഡയറി വായിച്ചിരുന്നു.”

 

അവളവൻ്റെ തോളിൽ കയ്യിട്ടു.അവനവളെ അൽഭുതത്തോടെ,ആരാധനയോടെ നോക്കി.

 

“ഞാൻ മരിക്കുന്നതിന് മുൻപ് എൻ്റെ കഥ ലോകം അറിയണം.എൻ്റെ ആത്മകഥ എന്ന പേരിൽ നിങ്ങളൊരു ബുക്കെഴുതണം.

 

ഏൻ്റെ ഗോസ്റ്റ് റൈറ്ററാകണം.ഞാൻ പറയുന്ന കാര്യങ്ങൾ സത്യസന്ധമായി എഴുതിയാൽ മതി.കോപ്പിറൈറ്റ് ഞാൻ നിരഞ്ജന് തരുന്നു.

 

ഞാൻ നടിയായ കഥ,ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യങ്ങൾ, ജീവിതത്തിലേയ്ക്കുള്ള തിരിച്ചു വരവ്.അങ്ങനെയെല്ലാം, മസാലകളില്ലാതെ തുറന്നെഴുത്ത്.”

 

“പക്ഷേ എഴുത്തെൻ്റെ മേഖലയല്ല.എന്നാലും ശ്രമിയ്ക്കാം.”

 

“അത് മതി.പ്രൊഫഷണൽ എഴുത്ത്കാരെയും കൂലിയെഴുത്ത് കാരേയും വേണ്ട.”

 

ഭർത്താവ് ഉപേക്ഷിച്ച ബാലെ നർത്തകി ഒറ്റയ്ക്ക് തൻ്റെ മകളെ വളർത്തിയതും അമ്മയുടെ തൻ്റേടവും ആത്മവിശ്വാസവും മകൾക്ക് തുണയായതും മകൾ പ്രശസ്തയായ താരമായി വളർന്ന് വന്നതും.

 

മകളുടെ താര വളർച്ച അമ്മയുടെ ജീവിതത്തിലേയ്ക്കും പ്രശസ്തി കൊണ്ട് വന്നു.അമ്മ രണ്ടാമത് വിവാഹം ചെയ്തു.

 

അവളുടെ സ്വത്തും സമ്പാദ്യവും രണ്ടാനച്ഛൻ കൈകാര്യം ചെയ്യാൻ തുടങ്ങി.സ്വന്തം കാര്യം നോക്കാൻ അവളൊരു മാനേജറെ നിയമിച്ചു, മാർട്ടിൻ.അയാളുടെ കാര്യപ്രാപ്തിയും സാമർത്ഥ്യവും അവളിൽ ആരാധനയുണ്ടാക്കി.അവർ പ്രണയത്തിലായി.

 

വിവാഹം തീരുമാനിച്ചപ്പോളാണ് അവൾ ആ സത്യം മനസ്സിലാക്കിയത്.മാർട്ടിനെ നിയമിച്ചത് രണ്ടാനച്ഛൻ ആണെന്നും മാർട്ടിൻ രണ്ടാനച്ഛന്റെ അനന്തരവൻ ആണെന്നും.അവൾ വിവാഹത്തിൽ നിന്നും പിൻമാറി.അവളെ അവർ ഭീഷണി പെടുത്തി.

 

ശരീരമാസകലം മർദ്ദനമേറ്റ പാടുകൾ.അമ്മയ്ക്ക് പോലും നിസ്സഹായയായി നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂ.ആ രാത്രിയിലാണവൾ ആത്മഹത്യയ്ക്ക് മുതിർന്നത്.

 

നിരഞ്ജൻ അവളെ രക്ഷപ്പെടുത്തി.ആ രാത്രിയിൽ അവൾ പോലീസിൽ പരാതിപ്പെട്ടു.സ്വകാര്യ സുരക്ഷാ ഏജൻസി വഴി അവളുടെ ജീവൻ്റെ സംരക്ഷണം ഉറപ്പാക്കി.

 

അവർ പറഞ്ഞ പ്രകാരം നിരഞ്ജൻ അവളെ കാണാൻ എത്തിയത് അവളുടെ സുരക്ഷയ്ക്ക് വേണ്ടിയിയിരുന്നു. അവളുടെ ആത്മകഥ പ്രസിദ്ധീകരിക്കുന്നത് വരെ അ രഹസ്യ സങ്കേതത്തിൽ അവൾ തുടരും

 

ഇസബെല്ല ബ്രൂക്കിൻ്റെ ആത്മകഥ പ്രസിദ്ധീകരീക്കുന്ന ദിവസം,യവന സുന്ദരികളുടെ വേഷഭൂഷകളോടെ അതിസുന്ദരിയായ ഇസബെല്ല വേദിയിൽ തിളങ്ങി നിന്നു.

 

ബുക്ക് പ്രകാശനം ചെയ്തത് അവളുടെ എല്ലാമായിരുന്ന അമ്മയായിരുന്നു. അവളുടെ ആത്മകഥയെ ആരാധകർ കൈയടികളോടെ സ്വീകരിച്ചു. ആദ്യ ദിവസം തന്നെ കോപ്പിറൈറ്റിലൂടെ നല്ലൊരു തുക നിരഞ്ജന് ലഭിച്ചു.

 

ചുറ്റും കൂടി നിന്ന മാധ്യമങ്ങളുടെ മൈക്കുകളേയും ക്യാമറകളേയും അഭിമുഖീകരിച്ച് നിൽക്കുമ്പോൾ അവൾ നിരഞ്ജനെ അടുത്തേയ്ക്ക് ക്ഷണിച്ചു.

 

“ഇതാരാണെന്നറിയാമോ?”

 

“നിങ്ങളുടെ ഫാഷൻ ഡിസൈനർ”

 

“അല്ല ഗോസ്റ്റ് റൈറ്റർ.” ചുറ്റും കൂടി നിൽക്കുന്നവർ കോറസ് പാടി.ഇസബെല്ല നിരഞ്ജനോട് ചേർന്ന് നിന്നു.

 

“ഇദ്ദേഹമെൻ്റെ ഭാവി വരനും എൻ്റെ മാനേജറും കൂടിയാണ്.”

 

ക്യാമറകൾ പലപ്രാവശ്യം കണ്ണുകൾ ചിമ്മി .രണ്ട് പേരുടേയും പടങ്ങൾ ക്യാമറകൾ പകർത്തിയപ്പോൾ നിരഞ്ജൻ അഭിമാനത്തോടെ ഇസബെല്ലയെ ചേർന്ന് നിന്നു.

 

ജീവിതം തോൽപ്പിക്കാൻ മാത്രമല്ല ശ്രമിയ്ക്കാറ്, ജയിക്കാനുമുള്ള അവസരങ്ങൾ ധാരാളം തരാറുണ്ടെന്ന് അവൻ മനസ്സിലാക്കി .

Leave a Reply

Your email address will not be published. Required fields are marked *