കെട്ട്യോന് ആണേൽ സംസാരിക്കാനും വയ്യാ’ “ആ ന്തായാലും ഓന് പണിക്ക് വന്നോട്ടെ മുള്ളൊക്കെ വെട്ടിയിട്ടാൽ

ബിരിയാണി

(രചന: Aneesh Anu)

 

“എടി പ്രേമേ നാളെ താലൂക്ക് ആസ്പത്രി പോണം” വേലി കെട്ടുന്നതിനിടയ്ക്ക് തങ്കം പറഞ്ഞു.

 

‘ഇതിപ്പോ ഏഴല്ലേ അപ്പോ സ്കാനിംഗ് ണ്ടാവും ലോ’

 

“മ്മ് ണ്ടാവും നീ വരില്ലേ കൂടെ”

 

‘അതെന്ത് ചോദ്യം ആടി ഞാൻ വരും, മ്മക്ക് ഒന്‍പത് മണി ആവുമ്പോഴേക്കും പോവാം, പാതേൽക്ക് കേറിയാ ബസ് കിട്ടും’

 

“ഓട്ടോക്ക് പോണോ”

 

‘അതൊന്നും വേണ്ട പെണ്ണെ കാശ് ഒത്തിരി ചിലവ് ആവും, ഈ മുള്ള് കുത്തി കിട്ടണത് അല്ലേ വെറുതെ കളയണ്ട’

 

“മ്മ് ചെക്കനെ ന്താ ചെയ്യാന്ന് ആലോയിക്കണേ”

 

‘അനിയന്റെ വീട്ടില് നിക്കോ’

 

“ചോയിച്ചോക്കാം ഏട്ടൻ പണിക്ക് വന്നില്ലേൽ അതിനാവും പിന്നെ വഴക്ക് കേൾക്കാ”

 

‘അതും ശെരിയാ’

 

“അവടെ കൂട്ടം കൂടി നിക്കാണ്ട് പണിയെടുക്ക് പെണ്ണുങ്ങളെ” പുറകിന്ന് കാര്യസ്ഥൻ നായരുടെ ഒച്ച കേട്ടപ്പോ ഇരുവരും പണി തുടർന്നു. വൈകിട്ട് പണിയും കഴിഞ്ഞു കൂലി വാങ്ങാൻ ഉമ്മറത്തേക്ക് ചെന്നു.

 

‘നാളെ ഞങ്ങൾ വരുന്നില്ല നായരേട്ടാ’ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.

 

“അതെന്താപ്പോ അങ്ങനെ”

‘ഓൾക്ക് ഇത്‌ ഏഴാം മാസം ആണ് ആസ്പത്രിയിൽ പോണംന്ന്’ പ്രേമ ഇടയ്ക്ക് കയറി പറഞ്ഞു.

 

“അപ്പോ ഇയ്യും നാളെ ണ്ടാവില്ല, ഓനോ”

 

‘അത് അവളെ എങ്ങനാ ഒറ്റക്ക് വിടാ, കെട്ട്യോന് ആണേൽ സംസാരിക്കാനും വയ്യാ’

 

“ആ ന്തായാലും ഓന് പണിക്ക് വന്നോട്ടെ മുള്ളൊക്കെ വെട്ടിയിട്ടാൽ, പിറ്റേന്ന് ഇങ്ങക്ക് ഉള്ള പണി ആവുംലോ”

 

‘ശരി നായരേട്ടാ’ കൂലിയും വാങ്ങി തങ്കം കെട്ട്യോനും പ്രേമയും തിരികെ പോന്നു.

 

“ഇയ്യ്‌ ചെക്കനെ അപ്പുറത്തേക്ക് ആക്കിട്ട് വന്നാൽ മതി ഞാൻ മില്ലിന്റെ അവടെ ണ്ടാവും ട്ടോ” അതും പറഞ്ഞു പ്രേമ നടന്നു.

 

പട്ടപുരെടെ മുന്നിൽ ഇരിപ്പുണ്ട് ചെക്കൻ രണ്ടാളേം കണ്ടതും ഓടി വന്നു.

 

‘പാപ്പണ്ടോ അച്ഛേ’ ഏട്ടന്റെ മുണ്ടിലെ പൊതിയിലേക്ക് ആണ് അവന്റെ നോട്ടം. വൈകിട്ട് ചായക്ക് കൊടുത്ത എണ്ണകടി എടുത്തു മാറ്റി വെച്ചേക്കാണ് ചെക്കന് കൊടുക്കാൻ.

 

പതിയെ പൊതിയെടുത്തു അവനു കൊടുത്തു വാഴയിലയിൽ ഒരു പഴംപൊരി. അവനു സന്തോഷമായി വേഗം അകത്ത് ഇരിക്കുന്ന കട്ടൻ ചായ എടുക്കാൻ ഓടി.

 

നേരെ പോയി കുളിച്ചു വന്നു വിളക്ക് വെച്ചു, കഞ്ഞിക്കുള്ള അരി കഴുകിയിട്ടു അച്ഛനും മോനും കളിച്ചോണ്ട് ഇരിപ്പുണ്ട് ഉമ്മറത്ത്. അധികം വൈകാതെ കൂരക്ക് അകത്തെ വെളിച്ചം അണഞ്ഞു.

 

പിറ്റേന്ന് പുലച്ചക്ക് എണീറ്റ് ചോറും കറിയും ഒരുക്കി, കെട്ട്യോന് എട്ടര ആവുമ്പോഴേക്കും പണിക്ക് പോണം. കുളികഴിഞ്ഞു വന്നു സാരി ഉടുക്കുമ്പോഴാണ് ചെക്കന് കാര്യം മനസിലായെ.

 

‘അമ്മ എവിടെക്കാ പോണേ’

 

“അമ്മ ആസ്പത്രി പോവാ, ഉണ്ണിക്ക് മരുന്ന് വാങ്ങാൻ” വയറുതടവി കൊണ്ട് അവനെ നോക്കി പറഞ്ഞു.

 

‘നിക്ക് പാപ്പം കൊണ്ട് തരോ’

 

“കൊണ്ട് തരാട്ടോ അമ്മേടെ കുട്ടി ഇവിടെ ഒതുങ്ങി ഇരിക്കോ, ചെറിയമ്മേടെ അടുത്ത് ആക്കണോ”

 

‘ഞാൻ ഇവിടെ കളിച്ചോളാം അവര് ന്നേ തല്ലും’ ചെക്കൻ കണ്ണിൽ വെള്ളം നിറച്ചു. കഴിഞ്ഞ തവണ അവനെ അവടെ ആക്കി പോയിട്ടു വന്നപ്പോ കാലിൽ കണ്ട പാടുകൾ ഓർമ്മയിൽ വന്നു.

 

“ന്നാ അമ്മ വല്യമ്മേടെ അടുത്ത് ആക്കിട്ട് പോവാം”

 

‘ആ അത്‌ മതി’ അപ്പുറത്തെ വല്യ തറവാട്ടുകാരാണ് പണിക്ക് പോവുമ്പോ മോനെ അവിടെത്തെ അടുക്കളപ്പുറത്താണ് ആക്കാറുള്ളത്.

 

അവനും അതിഷ്ടം ആണ് അവനെ വേഗം അവടെ കൊണ്ടാക്കി തിരികെ വന്നു.

 

സമയം ഒൻപത് കഴിഞ്ഞു ചുമരിൽ ആണിയടിച്ചു തൂക്കിയ കവറിൽ നിന്ന് പഴയ കടലാസ് തിരഞ്ഞു എടുത്തു. ഒരു കവറിൽ അതും ചുരുട്ടി പിടിച്ച കുറച്ചു നോട്ടുകളും എടുത്തു പതിയെ പുറത്തേക്ക് നടന്നു.

 

പ്രേമ കാത്തുനിൽപ്പുണ്ടായിരുന്നു അവളേം കൂട്ടി പാതയിലേക്ക് നടന്നു. ഈ വഴിക്ക് ബസ് ഓടി തുടങ്ങിയിട്ടില്ല രണ്ട് കിലോമീറ്റർ നടന്നാൽ പാതക്ക് എത്തും അവിടെന്ന് ബസ് കിട്ടും.

 

“ടി അച്ഛനല്ലേ ആ വരുന്നേ”

 

‘അയ്യോ അതേലോ ചീത്ത കേട്ടത് തന്നേ’

 

“നീ പറഞ്ഞിട്ടില്ല അല്ലേ”

 

‘എത്രയാന്ന് കരുതിയാ ബുദ്ധിമുട്ടിക്കാ’

 

“നീ എന്താടി ആസ്പത്രി പോണ കാര്യം പറയാതിരുന്നേ, ആ നായർ പറഞ്ഞാ ഞാൻ അറിഞ്ഞേ”

 

‘അത്‌ പിന്നെ അച്ഛാ’

 

“ചെക്കന്മാരെ ആരെങ്കിലും കൂട്ടിന് വിട്ടേനല്ലോ ഞാൻ”

 

‘സാരമില്ലച്ഛാ’

 

“ഇത്‌ കയ്യി വെച്ചോ ന്തേലും ആവശ്യം വരും” കുറച്ച് നോട്ടുകൾ നേരെ നീട്ടികൊണ്ടാണ് പറഞ്ഞത്.

 

‘കയ്യിൽ ഉണ്ട് അത്‌ മതി’

 

“ഇതുടെ ഇരിക്കട്ടെ ഞാൻ വൈകിട്ട് വരാം അങ്ങട്” അതും പറഞ്ഞു അച്ഛൻ മുന്നോട്ട് നടന്നു പറയാത്തതിന്റെ നീരസംണ്ട്.

 

എന്നാലും എത്രയാന്ന് കരുതിയാണ് ബുദ്ധിമുട്ടിക്കുന്നത് താനടക്കം ഏഴ് മക്കൾ ഓരോയിടത്തും ആ കൈ തന്നേ എത്തണ്ടേ.

 

ആലോചിച്ചു നിന്നപ്പോഴേക്കും ബസ് വന്നു, ആസ്പത്രിയിൽ ചെന്നു ഡോക്ടറെ കണ്ട ശേഷം സ്കാനിംഗ് റൂമിലേക്ക് കൊണ്ട് പോയി. കുറെ സമയം കഴിഞ്ഞു റിപ്പോർട്ട് വാങ്ങി വീണ്ടും ഡോക്ടറെ കാണിച്ചു.

 

“കുഴപ്പമൊന്നുല്ലാട്ടോ ഇനിപ്പോ ഒൻപതാം മാസം വന്നാൽ മതി.”

 

‘ശരി ഡോക്ടർ’

 

അവിടെന്ന് മരുന്നും വാങ്ങി പുറത്തേക്ക് ഇറങ്ങി, പെട്ടെന്ന് ആണ് നല്ല മസാലയുടെ മണം നാവിൽ കൊതിയൂറി.

 

“ന്താടി പ്രേമേ ഒരു മണം”

 

‘അത്‌ ബിരിയാണി ആണ് ടി’

 

“അതെന്താ ടി” ആകാംഷ നിറഞ്ഞു.

 

‘അത്‌ മസാലയും ഇറച്ചി ഒക്കെ ഇട്ട് വെറേയൊരു തരം അരി കൊണ്ട് ഉണ്ടാക്കുന്നതാ പുഴുങ്ങിയ മുട്ടയോക്കെ ഉണ്ടാവും’

 

“ഇറച്ചി ഇടാതെ കിട്ടോ” പച്ചക്കറി മാത്രം തിന്നുവൾക്ക് എന്ത് ഇറച്ചി.

 

‘കിട്ടും നിനക്ക് വേണോ’

 

“ആ വേണം”

 

‘ന്നാ വാ’ ആസ്പത്രിയുടെ തൊട്ടടുത്ത ചായക്കടയിൽ നിന്നാണ് ആ മണം വന്നത്. അവടെ കേറി ബിരിയാണി കഴിച്ചു ആദ്യമായിട്ടാണ് ഇങ്ങനെ ഒന്ന് കഴിക്കുന്നേ നല്ല സ്വാദ്‌ണ്ട്.

 

“പൊതിഞ്ഞു തരോ ആവോ ലെ”

 

‘ചെക്കന് വാങ്ങാനോ’

 

“ആ ഏട്ടനും കഴിച്ചു കാണില്ല”

 

‘വാങ്ങിക്കാം ഞാൻ പറയാം അയാളോട്’ രണ്ടുബിരിയാണി പൊതിഞ്ഞു വാങ്ങി തിരികെ മടങ്ങി. വീട്ടിലെത്തിയപ്പോഴേക്കും ഏട്ടൻ വന്നു കഴിച്ചു പോയിരുന്നു.

 

നേരെ പോയി ആദ്യം ചെക്കനെ കൊണ്ട് വന്നു ന്തോ കൊണ്ട് വന്നിട്ടുണ്ട് എന്ന് അവനു. മനസിലായി. സാധാരണ പരിപ്പ് വടയോ പഴംപൊരിയോ ഒക്കെയാണ് പതിവ്.

 

“ന്താ മ്മേ നല്ല മണം വരുന്നേ”

 

‘അതൊക്കെ ണ്ട് അമ്മേടെ കുട്ടി വേഗം കിണ്ണം എടുത്തു വന്നേ’ പൊതിയഴിച്ചു കുറച്ച് എടുത്തു അവനു കൊടുത്തു.

 

“യ്യോ എറച്ചി മുട്ടയും ണ്ടല്ലോ”

 

‘കുട്ടി കഴിച്ചോട്ടോ’

 

“ഇതെന്താ അമ്മേ”കുഞ്ഞി പല്ല് കാണിച്ചോണ്ട് അവൻ ചോദിച്ചു.

 

‘ഇതാണ് ബിരിയാണി’ അവനത് കഴിച്ചു തീരുന്നത് വരെ അങ്ങനെ നോക്കിയിരുന്നു.

 

“ടാ ചെക്കാ എന്താ ആലോചിക്കണെ,ധാ പാർസൽ മൂന്ന് ബിരിയാണി ഒരു വെജ് ബിരിയാണി അല്ലേ”

 

‘ആ അതേ ബാലേട്ടാ ‘

 

“ഞാൻ പലപ്പോഴായി ചോയ്ക്കണം ആർക്കടാ ഈ വെജ് ബിരിയാണി കൊണ്ട് പോണേ”

 

‘അത്‌ അമ്മക്കാ ബാലേട്ടാ, അമ്മ ഇറച്ചിയും മീനും ഒന്നും കഴിക്കില്ല.’ അതും പറഞ്ഞു പൈസയും കൊടുത്തു തിരികെ പോന്നു.

 

ഓരോ തവണ ഇത്തരം പൊതികളുമായി ഞാൻ വീട്ടിലെത്തുമ്പോഴും എനിക്കാ പഴയ നാല് വയസ്സുകാരനെ ഓർമ്മ വരും.

Leave a Reply

Your email address will not be published. Required fields are marked *